Mar 8 • 10M

പ്രതിബന്ധങ്ങള്‍ക്കും വിശേഷണങ്ങള്‍ക്കുമപ്പുറം യഥാർത്ഥ ഷീറോകള്‍!

സമൂഹം കല്‍പ്പിച്ച് നല്‍കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്ത്രീകള്‍ക്ക് നിഷിദ്ധം എന്ന് പറയപ്പെട്ട തൊഴിലുകളില്‍ തിളങ്ങിയ ചില പെണ്‍ പോരാളികളെ ഷി ഈസ് ഈക്വലിലൂടെ പരിചയപ്പെടുത്തുകയാണ്

Teena Joy
Comment
Share
 
1.0×
0:00
-10:28
Open in playerListen on);
Episode details
Comments

വനിതാ ദിനത്തില്‍ സ്ത്രീകളെ പ്രകീര്‍ത്തിച്ചു കൊണ്ടും, സ്ത്രീയായിരിക്കുന്നതിന്റെ മഹത്വം വര്‍ണ്ണിച്ചുകൊണ്ടും ധാരാളം പ്രസ്താവനകള്‍ നമുക്ക് ചുറ്റും പ്രചരിക്കാറുണ്ട്. സ്ത്രീ ദേവിയാണ്, വീടിന്റെ വിളക്കാണ് തുടങ്ങിയ വിശേഷണങ്ങള്‍ ഇന്നും പ്രചാരത്തിലുണ്ടെങ്കിലും അത്തരം വിശേഷണങ്ങളെ തള്ളികളയുന്നൊരു സ്ഥിതി വിശേഷം നിലവില്‍ ഉണ്ടെന്നത് ആശ്വാസകരമാണ്. ഈ വിശേഷണങ്ങളാല്‍ കുറുക്കി സ്ത്രീകളെ വീടിനുള്ളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നതിനെ പരസ്യമായി തന്നെ എതിര്‍ത്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നത് സാമൂഹിക പരിഷ്‌കരണമായി തന്നെ കാണണം.

സ്ത്രീകൾ എന്ത് ചെയ്യണം? എങ്ങനെ ജീവിക്കണം? എന്ത് തൊഴിൽ സ്വീകരിക്കണം എന്നൊക്കെയുള്ള തീരുമാനം സ്ത്രീകളുടേത് മാത്രമാകണം. ഒരു വിഭാഗം സമൂഹത്തിന്റെ ഇടുങ്ങിയ വീക്ഷണങ്ങൾക്ക് അവിടെ സ്ഥാനമുണ്ടാകരുത്. ഇത്തരത്തിൽ സമൂഹം സ്ത്രീകള്‍ക്ക് നേരേ പ്രയോഗിക്കുന്ന ലിംഗപരവും, പ്രായപരവും, തൊഴില്‍പരവുമായ വെല്ലുവിളികള്‍ക്കും ബാരിക്കേടുകള്‍ക്കും അപ്പുറത്തേക്ക് ചാടി കടന്ന, മറ്റൊരാളുടേയും തീരുമാനങ്ങളാല്‍ തളയ്ക്കപ്പെടാത്ത, മറ്റുള്ളവരുടെ മാര്‍ഗ്ഗരേഖകളില്‍ സഞ്ചരിക്കാത്ത ഒരു പറ്റം സ്ത്രീകളെ ഈ വനിതാ ദിനത്തില്‍ ഷി ഈസ് ഈക്വല്‍ ഫീച്ചര്‍ ചെയ്യുന്നു. സമൂഹം കല്‍പ്പിച്ച് നല്‍കിയ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്ത്രീകള്‍ക്ക് നിഷിദ്ധം എന്ന് പറയപ്പെട്ട തൊഴിലുകളില്‍ തിളങ്ങിയ ചില പെണ്‍ പോരാളികളുടെ വിശേഷങ്ങളിലേക്ക്...

ടാങ്കർ ലോറിയുടെ വളയം പിടിക്കുന്ന ഡെലിഷ

ഡ്രൈവ് ചെയ്യുന്ന സ്ത്രീകളെ പുച്ഛത്തോടെ നോക്കുന്ന, വണ്ടി ഓടിക്കുന്നത് പെണ്ണാണെങ്കില്‍ 'വെറുതെ വിടുന്ന' ചേട്ടന്മാരാല്‍ നമ്മുടെ നിരത്തുകള്‍ നിറഞ്ഞിരിക്കുകയാണ്. അത്തരത്തില്‍ ഡ്രൈവിംഗ് പണി പെണ്ണുങ്ങള്‍ക്കുള്ളതല്ല എന്ന് കരുതുന്നവര്‍ക്കുള്ള ഉഗ്രന്‍ മറുപടിയാണ് തൃശ്ശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ഡെലിഷ ഡേവിസ്. ടാങ്കര്‍ ലോറി ഡ്രൈവര്‍ എന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ച ഡെലിഷയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല.

ഇന്ത്യയില്‍ നിലവില്‍ ഹസാര്‍ഡസ് ലൈസന്‍സ് ഉള്ള ഏക വനിതയായ ഡെലിഷ ഡേവിസ് മലയാളികള്‍ക്കിന്ന് ഏറെ സുപരിചിതയാണ്. എറണാകുളത്തെ ഇരുമ്പനത്തുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധനശാലയില്‍ നിന്ന് പെട്രോളും ഡീസലുമെടുത്ത് മലപ്പുറത്തുള്ള തിരൂരിലേയ്ക്ക് എത്തിക്കുന്നതാണ് ഡെലിഷയുടെ പ്രയാണം.

ഈ ജോലി തിരഞ്ഞെടുത്തതിനുള്ള കാരണം എന്താണ് എന്ന ചോദ്യത്തിന് വണ്ടിയോടും ഡ്രൈവിങ്ങിനോടും ഉള്ള ഇഷ്ടമാണ് ഈ മേഖലയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് ഡെലിഷ പറയുന്നത്. അച്ഛനാണ് ഡെലിഷയെ ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. ചെറുപ്പത്തില്‍ അച്ഛന്‍ വണ്ടിയില്‍ കൊണ്ടുപോകുമ്പോള്‍ വണ്ടിയോടുള്ള താത്പര്യത്തിന്റെ പുറത്ത് തനിക്കുണ്ടായിരുന്ന സംശയങ്ങള്‍ ഡെലിഷ ചോദിക്കുമായിരുന്നു. അപ്പോള്‍ മുതല്‍ തനിക്ക് വണ്ടിയോടും ഡ്രൈവിങ്ങിനോടും താത്പര്യമുള്ളതായി അച്ഛന് മനസ്സിലായിരുന്നെന്ന് ഡെലിഷ പറയുന്നു. ആദ്യം വീട്ടിലുണ്ടായിരുന്ന കാറില്‍ ഡ്രൈവിങ്ങ് പഠിച്ച ശേഷമാണ് ലോറിയിലേക്ക് കടന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡെലിഷ ടാങ്കര്‍ ലോറി ഓടിക്കുന്നു. നിലവില്‍ ടു വീലര്‍, ഫോര്‍ വീലര്‍, ബസ്, ലോറി, ഹസാര്‍ഡസ് ലൈസന്‍സ് എന്നിവയുണ്ട്. ഇന്ത്യയില്‍ ഹസാര്‍ഡസ് ലൈസന്‍സ് എടുത്ത സ്ത്രീകളില്‍ അത് പുതുക്കി കൊണ്ടിരിക്കുന്നത് ഡെലിഷ മാത്രമാണ്. താത്പര്യം ഡ്രൈവിങ്ങ് ആണെങ്കിലും പഠനം മുടക്കുന്നില്ല ഡെലിഷ. നിലവില്‍ എം.കോം ബിരുദ്ധധാരിയാണ്. അടുത്തതായി വോള്‍വോ ബസ് ലൈസന്‍സ് സ്വന്തമാക്കണമെന്നാണ് ഡെലിഷയുടെ ആഗ്രഹം. ഈ പ്രയത്‌നങ്ങള്‍ക്ക് പിന്നില്‍ ഒരുപ്പാട് പേരുടെ പ്രോത്സാഹനമുണ്ടെന്നും ഡെലിഷ പറയുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും അംഗീകാരങ്ങളോടൊപ്പം തന്നെ പരിഹാസങ്ങളും ഡെലിഷക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഏതൊരു ജോലിയുടേയും മാനദണ്ഡം ജന്‍ഡര്‍ അല്ല നമ്മുടെ താത്പര്യമാണ് എന്ന് വ്യക്തമാക്കികൊണ്ട് അത്തരം പരിഹാസങ്ങളിലൊന്നും തളരാതെ ഡെലിഷ മിന്നലായി കുതിക്കുകയാണ്.

ടെക്ക് ലോകം കീഴടക്കി സുകന്യ കൃഷ്ണ

സമൂഹത്തിന്റെ ക്രൂരതകളില്‍ കുടുങ്ങി ജീവിതം ക്ലേശകരമായി തീര്‍ന്ന ഒട്ടനേകം കമ്മ്യൂണിറ്റികളില്‍ ഒന്നാണ് ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി. ഇന്നും ട്രാന്‍സ്മനുഷ്യരെ ഒരു ജന്‍ഡര്‍ ആയി അംഗീകരിക്കാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആഗ്രഹമുണ്ടെങ്കില്‍ പോലും ദുരിതത്തില്‍ നിന്ന് കരക്കേറാന്‍ പലര്‍ക്കും സാധിക്കാറില്ല. പലവിധമായ ചൂഷണങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വിധേയമായെങ്കിലും അതില്‍ നിന്നെല്ലാം മുക്തി നേടി ജീവിതം ആഘോഷമാക്കണമെന്ന ആഗ്രഹത്തിന്റെയും നിശ്ചയധാര്‍ഢ്യത്തിന്റെയും പേരാണ് സുകന്യ കൃഷ്ണ. വെബ് ഡെവലപ്പര്‍, അഭിനേതാവ്, എഴുത്തുക്കാരി എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച സുകന്യ ഇന്ന് സേവാഭാരതിയുടെ ഐ ടി മേധാവിയാണ്. ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ ആപ്തവാക്യം 'സുസ്ഥിരമായ നാളേക്കായി ലിംഗസമത്വം ഇന്ന്' എന്നതുമായി ബന്ധപ്പെട്ട് സുകന്യയുടെ അഭിപ്രായം ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി, നമ്മുടെ സമൂഹം ഒന്നിരുത്തി ചിന്തിക്കേണ്ടതായി തോന്നി.

'ജന്‍ഡര്‍ ഇക്വാലിറ്റി അഥവാ ലിംഗസമത്വം എന്താണെന്ന് ഇന്നും പലര്‍ക്കും വ്യക്തമല്ല, ബൈനറി ജന്‍ഡര്‍ എന്ന ഐഡിയയില്‍ നിന്ന് കൊണ്ടാണ് ഇന്നും പലരും ജന്‍ഡര്‍ ഇക്വാലിറ്റിയെ പറ്റി സംസാരിക്കുന്നത്. സ്ത്രീകള്‍ പോലും നിലവില്‍ ജന്‍ഡര്‍ ഇക്വാലിറ്റി എന്ന സ്റ്റാറ്റസിലേക്ക് എത്തിയിട്ടില്ല, അപ്പോളാണ് ന്യൂനപക്ഷമായ ട്രാന്‍സ്ജന്‍ഡര്‍ കമ്മ്യൂണിറ്റി ജന്‍ഡര്‍ ഇക്വാലിറ്റിക്ക് വേണ്ടി ഈ സമൂഹത്തിന് മുന്നില്‍ പൊരുതേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുന്നത്. അത് ഭീകരമാണ്' സുകന്യ പറയുന്നു.

നിലവില്‍ ഐ ഐ ടി യില്‍ ബി എസ് സി ഡേറ്റ സയന്‍സ് ആന്റ് മെഷിന്‍ ലേണിംഗ് വിദ്യാര്‍ത്ഥിനിയാണ് സുകന്യ. ഏറെ പൊരുതി നേടിയതാണ് ഈ അവസരമെന്നും നമ്മള്‍ നമുക്ക് വേണ്ടി നിലകൊണ്ടില്ലെങ്കില്‍ മറ്റാരും അതിന് മുതിരാത്തതില്‍ വിഷമിക്കരുതെന്നും സുകന്യ പറയുന്നു.

സുകന്യ എപ്രകാരമാണ് ശക്തയായത് എന്ന ചോദ്യത്തിന്, 'നമ്മളെന്നും നമ്മുടെ കഴിഞ്ഞ കാലത്തില്‍ ജീവിക്കരുത്, ട്രാന്‍സ് മനുഷ്യര്‍ വിഷമങ്ങളെ പറ്റി മാത്രം സംസാരിക്കുകയാണ് ചെയ്യാറുള്ളത് എന്നാല്‍ മറിച്ച്, ഒരു ദുരിത ജീവിതം ഉണ്ടായിരുന്നു, ഞാന്‍ അതിനെ തരണം ചെയ്തു എന്ന് പറയാന്‍ കഴിയണം, അവിടെയാണ് ശാക്തീകരണം സാധ്യമാകുന്നത്' എന്നായിരുന്നു സുകന്യയുടെ മറുപടി.

12 വ്യത്യസ്ത വനിതകള്‍ എഴുതി, നിധി കുര്യന്‍ എഡിറ്റ് ചെയ്ത 'ആകാശത്തിന്റെ ചിറകുകള്‍' എന്ന സമാഹാരത്തിലൂടെ എഴുത്തുക്കാരിയായ സുകന്യ സ്വന്തമായി എഴുതിയ പുസ്തകം നിലവില്‍ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു. സുകന്യയുടെ ജീവിതം കഥയാകുന്ന ഒരു സിനിമയും വരാനിരിക്കുന്നുണ്ട്. സമൂഹം തീരുമാനിക്കുന്നതിനപ്പുറമാണ് ജീവിതം എന്ന് സുകന്യ തന്റെ ജീവിതത്തിലൂടെ മനസ്സിലാക്കി തരുന്നുണ്ട്.

ചുടലക്കാട്ടിൽ പെണ്ണിനെന്താണ് കാര്യം ?

'സമൂഹത്തിന് മറുപടി കൊടുക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ല നമ്മള്‍ ചെയ്യുന്നത് ഒരു ജോലിയാണ്, അതിനെ അങ്ങനെ കണ്ടാല്‍ മതി' എന്നാണ് ഇരിങ്ങാലകുട സ്വദേശി സുബീന റഹ്‌മാന്‍ നമ്മോട് പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരിങ്ങാലകുട എസ് എന്‍ ബി എസ് സമാജം മുക്തിസ്ഥാന്‍ പൊതു ശ്മശാനത്തില്‍ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലി ചെയ്യുകയാണ് സുബീന. അനുജത്തിക്ക് സംഭവിച്ച അപകടമാണ് ഒരു തൊഴില്‍ അന്വേഷിച്ചിറങ്ങാന്‍ സുബീനയെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് എസ് എന്‍ ബി എസ് ശ്മശാനത്തെ കുറിച്ച് കേള്‍ക്കുന്നതും അവിടെ ജോലി തേടിയെത്തുന്നതും. സ്വന്തം താത്പര്യപ്രകാരമാണ് ഈ ജോലി തിരഞ്ഞെടുത്തതെങ്കിലും ശവസംസ്‌കാരം നടത്തേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്ന് സുബിന പറയുന്നു.

''രാവിലെ 7 മണിക്ക് ക്രിമേറ്റോറിയത്തില്‍ എത്തിയാല്‍ 9 മണിയോടെ ശവസംസ്‌കാരം തുടങ്ങും. അസ്ഥിയും ചാരവും കൊണ്ട് പോകാന്‍ ബന്ധുക്കള്‍ എത്തുമ്പോള്‍ അവ കൈമാറും. വൈകുന്നേരം 6 മണി വരെയാണ് ജോലിയുള്ളത്. നാട്ടുക്കാര്‍ ഈ ജോലിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും അത്തരം ചോദ്യങ്ങളെ ഞാൻ വകവയ്ക്കാറില്ല, അതെല്ലാം വക വയ്ക്കാന്‍ തുടങ്ങിയാല്‍ കുടുംബം മുന്നോട്ട് പോകില്ല'' സുബിനയുടെ വാക്കുകളിൽ മനസുറപ്പിന്റെ തിളക്കം.

ആരേയും വഞ്ചിക്കാതേയും ആരുടേയും സ്വത്ത് എടുക്കാതേയുമുള്ള എന്ത് ജോലിയും ചെയ്യാം അതില്‍ ബുദ്ധിമുട്ട് വിചാരിക്കേണ്ട കാര്യമില്ല. ആരുടെ മുന്നിലും കൈനീട്ടാതെ ആത്മാഭിമാനത്തോടെ ജീവിക്കണം എന്നതാണ് തന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നതെന്ന് സുബീന പറയുന്നു. ഈ ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ വീട്ടിലുള്ളവര്‍ക്ക് മാത്രമേ സുബിനയുടെ ജോലിയെ കുറിച്ച് അറിയുമായിരുന്നുള്ളൂ. ശേഷം പലരും അറിഞ്ഞപ്പോള്‍ അവര്‍ക്കൊന്നും ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.

'ഇത്രയും ബോള്‍ഡ് ആയി ആരും എന്നെ കണ്ടിരുന്നില്ല. എന്റെ സാഹചര്യങ്ങളും പ്രാരാബ്ദങ്ങളുമാണ് എന്നെ ബോള്‍ഡ് ആക്കിയത്. ഇന്ന് ക്രമറ്റോറിയം ജീവനക്കാരി എന്നറിയപ്പെടുന്നതില്‍ ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. വിദ്യാഭ്യാസമില്ല എന്നത് ജോലി ചെയ്യുന്നതില്‍ നിന്നോ നമ്മുടെ കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നേടുന്നതില്‍ നിന്നോ നമ്മെ വിലക്കുന്ന ഒന്നാകരുത്. ഈ ജോലി ചെയ്യുന്നത് വഴി എന്റെ ആഗ്രഹങ്ങള്‍ പലതും സാധിക്കാന്‍ പറ്റിയിട്ടുണ്ട്. ഈ ജോലി എന്നെ സ്വതന്ത്രയാക്കുകയും മറ്റൊരാളെ ആശ്രയിക്കാതെ എന്റെ കുടുംബം നോക്കാന്‍ എന്നെ പ്രാപ്തയാക്കുകയും ചെയ്തു' സുബിന പറഞ്ഞു. തന്റെ ജീവിതം തന്നെ സന്ദേശമായി നല്‍കുകയാണ് സുബിന ചെയ്യുന്നത്.

തൊണ്ണൂറ്റിമൂന്നാം വയസ്സിലും സാമ്പത്തിക സ്വാതന്ത്ര്യത്തോടെ കത്രീന

'64 കൊല്ലം ആയിട്ട് പണിയെടുക്കണതാണ്, എന്നാലും എന്റെ പല്ലു കൊഴിയേ മുടി വെളുക്കേ ചെയ്തിട്ടില്ല' തൊണ്ണൂറ്റിമൂന്നാം വയസ്സിലും തളരാത്ത ശബ്ദത്തില്‍ കത്രീന ചേട്ടത്തി പറഞ്ഞു. ജോലിക്ക് ലിംഗഭേദമോ പ്രായഭേദമോ മാനദണ്ഡമേയല്ലെന്നാണ് തൃശ്ശൂരിന്റെ സ്വന്തം കത്രീന ചേട്ടത്തി നമുക്ക് കാണിച്ചു തരുന്നത്. കുടുംബം പോറ്റാന്‍ മേസ്തിരി പണിക്കിറങ്ങിയ ചേട്ടത്തിയുടെ കഥ കാലങ്ങളായി നമുക്കറിയാവുന്നതുമാണ്. ഇന്നും കെട്ടിട നിര്‍മ്മാണത്തിന് ചേട്ടത്തി തന്നെ വരണം എന്ന് നിര്‍ബന്ധം ഉള്ളവരും ഉണ്ട്. ഓരോ വനിതാ ദിനത്തിലും എണ്ണിയാലൊതുങ്ങാത്തത്ര ആശംസകളും പ്രശംസകളും കത്രീന ചേടത്തിയെ തേടി എത്തുന്നുണ്ട്.

കത്രീന ചേട്ടത്തിയുടെ പ്രായത്തിനും ലിംഗത്തിനും അപ്പുറം കെട്ടടങ്ങാത്ത പോരാട്ട വീര്യവും വഴക്കവുമാണ് ചേട്ടത്തിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ജീവിതം സങ്കടങ്ങള്‍ നിറഞ്ഞതാണെങ്കില്‍ കൂടി ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കിനില്‍ക്കാന്‍ തയ്യാറല്ലാത്ത ചേട്ടത്തി ഏതൊരു തലമുറക്കും എക്കാലത്തും മാതൃകയാണ്. സ്ത്രീ അബലയാണെന്ന് കരുതുന്നവര്‍ ഇവരെയൊന്ന് പരിചയപ്പെടണം.

പല്ലും മുടിയും മാത്രമല്ല, മനോബലവും കൊഴിഞ്ഞിട്ടില്ല എന്ന് മനസ്സിലാകും. ചേട്ടത്തിക്ക് നിലവില്‍ മറ്റ് ആഗ്രഹങ്ങളൊന്നുമില്ല മമ്മൂട്ടിയെ ഒന്ന് കാണണം, പറ്റുന്നത്ര കാലം ജീവിക്കണം. നിലവില്‍ ചേട്ടത്തി തിരക്കിലാണ്, വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി പരുപാടികളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ഒരു കൂട്ട് ആവശ്യമാണ് എന്ന് കരുതുന്നവര്‍ക്കിടയില്‍ കൂടെയുള്ളവര്‍ക്ക് വാര്‍ദ്ധക്യത്തിലും സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും കരുത്താകുകയാണ് കത്രീന ചേടത്തി.

പലപ്പോഴും വ്യാഖ്യാനിക്കാവുന്നതിനും അപ്പുറമാണ് ഓരോ സ്ത്രീകളും അവരുടെ ജീവിതവും. ഏതൊരു വ്യക്തികളേയും പോലെ സ്ത്രീകളുടെ ജീവിതവും ആഘോഷമാകേണ്ടതുണ്ട്. അതിന് വനിതാ ദിനം കാരണമാകുന്നുണ്ടെങ്കിലും അത് ഈ ഒരു ദിനത്തിലേക്ക് ഒതുങ്ങി പോകാതിരിക്കട്ടെ. ഈ വനിതാ ദിനത്തിലും ശേഷവും നമ്മുടെ വീടിനകത്തേക്കും ചുറ്റുപ്പാടുകളിലേക്കും നോക്കൂ, എണ്ണമില്ലാത്തത്ര ഷീറോകളെ കാണാന്‍.

A guest post by
Script Writer: She_is_equal , Historica
Subscribe to Teena