Nov 17, 2021 • 9M

സാരി ഉടുത്തില്ലെങ്കിൽ പെണ്ണ് പെണ്ണാകില്ലേ? വസ്ത്രം നോക്കി വിധിയെഴുതണ്ട!

എപ്പോൾ മുതലാണ് സാരി സ്ത്രീത്വത്തിന്റെ പര്യായമായി മാറിയത് ? മറ്റേതൊരു വസ്ത്രം പോലെയും ഒരു വസ്ത്രം മാത്രമായ സാരിക്ക് മലയാളി നൽകുന്ന ഗ്ലോറിഫിക്കേഷന്റെ പിന്നിലെന്താണ് ?

Anagha Jayan E
Comment
Share
 
1.0×
0:00
-9:23
Open in playerListen on);
Episode details
Comments

ഓഫീസിലെ ഓണാഘോഷ പരിപാടിക്ക് എല്ലാവരും പരമ്പരാഗത വസ്ത്രത്തിൽ വരണമെന്ന അലിഖിത നിയമം നിലനിൽക്കേ, ചുരിദാർ ധരിച്ചു വന്ന എന്നെ സഹപ്രവർത്തകർ ചോദ്യം ചെയ്തു. ചോദ്യം ചെയ്തവരോടെല്ലാം എനിക്ക് സാരിയുടുക്കാൻ അറിയില്ലെന്ന് ഞാൻ മറുപടിയും പറഞ്ഞു. എന്നാൽ കൂട്ടത്തിൽ എന്നെ ഞെട്ടിച്ചത് എന്റെ സഹപ്രവർത്തകയുടെ ചോദ്യമായിരുന്നു.''സത്യമായും നിനക്ക് സാരിയുടുക്കാൻ അറിയില്ലേ? ഒന്നുമില്ലെങ്കിലും നീ ഇത്രയും പ്രായമുള്ള ഒരു പെണ്ണല്ലേ?'' !

സാരിയുടുക്കാൻ അറിയില്ലെന്ന എന്റെ തുറന്നു പറച്ചിൽ വിശ്വസിക്കാനാവാതെയുള്ള ആ ചോദ്യം ചെയ്യലിനേക്കാൾ ഏറെ എന്നെ ഞെട്ടിച്ചത് ചോദിച്ചത് ഒരു സ്ത്രീയാണ് എന്നതായിരുന്നു. എപ്പോൾ മുതലാണ് സാരി സ്ത്രീത്വത്തിന്റെ പര്യായമായി മാറിയത് ? മറ്റേതൊരു വസ്ത്രം പോലെയും ഒരു വസ്ത്രം മാത്രമായ സാരിക്ക് മലയാളി നൽകുന്ന ഗ്ലോറിഫിക്കേഷന്റെ പിന്നിലെന്താണ് ?

മലയാളത്തനിമയുടെ മുഖമുദ്ര ആയാണ് സാരീ എന്ന 'എത്നിക്' വേഷത്തെ കേരളസമൂഹം കാണുന്നത്. സാരി ഞൊറിഞ്ഞുടുത്ത സ്ത്രീകളെ സ്വഭാവശുദ്ധിയുടെ പ്രതിരൂപങ്ങളായി കാണുന്നത് കൊണ്ടാകാം, അധ്യാപനം, പൊതുപ്രവർത്തനം, സാഹിത്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ സാരിയുടുത്ത് മാത്രം വിഭാവനം ചെയ്യുന്നത്. സാരി ഉടുക്കാൻ അറിയാത്ത ന്യൂ-ജൻ സ്ത്രീകളെ കളിയാക്കിയും എത്ര മോഡേൺ ആയാലും അഴകിൽ സാരി ഉടുക്കുന്നവരെ പ്രശംസിച്ചും ശീലിച്ച മലയാളികളുടെ പൊതുബോധത്തിന് മുന്നിൽ ഒരു ചോദ്യം. ഒരൊറ്റ ചോദ്യം: സാരി ഉടുത്തില്ലെങ്കിൽ പെണ്ണ് പെണ്ണാകില്ലേ?

ഫാഷൻ ഇൻഡസ്ട്രിയുടെ അടിസ്ഥാനനിയമങ്ങൾ പ്രകാരം തീരെ ശാസ്ത്രീയമല്ലാത്തൊരു വേഷമാണ് ഇന്ന് കേരളത്തിൽ പ്രചാരത്തിലുള്ള സാരിയുടെ വകഭേദം

പുരുഷകേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തിന് പുറകിലും 'മെയിൽ ഗെയ്‌സ്' അഥവാ പുരുഷദൃഷ്ടിയുടെ നിയന്ത്രണം ഉണ്ടെന്നതിന്റെ തെളിവാണ് മലയാളികളുടെ സാരി ഭ്രമം. മറ്റ് ഏതൊരു വസ്ത്രത്തിനും നൽകുന്ന പ്രാധാന്യത്തിൽ അപ്പുറം ഒരു മഹത്വവത്കരണം സാരി അർഹിക്കുന്നുണ്ടോ? സാരി നിങ്ങൾ കരുതുന്ന പോലൊരു ശാസ്ത്രീയമായ എത്നിക് വേഷമാണോ? സാരിയും സ്ത്രീത്വവും തമ്മിൽ ഇന്ന് കാണുന്ന അഭേദ്യമായ ബന്ധം ആരുടെ താത്പര്യങ്ങളെയാണ് സംരക്ഷിക്കുന്നത് - സ്ത്രീകളുടെയോ അതോ പുരുഷന്മാരുടെയോ? സംശയമില്ല, പുരുഷന്മാരുടേത് തന്നെ!

വസ്ത്രധാരണം കണ്ണിന് വേണ്ടിയോ മനസ്സിന് വേണ്ടിയോ?

സാധാരണയിൽ കവിഞ്ഞ് മെയ്ക്കപ്പ് ധരിച്ച് വരുന്ന സ്ത്രീകൾ സ്ഥിരം നേരിടുന്ന ഒരു ചോദ്യമുണ്ട്: "ആരെ കാണിക്കാനാണ് ഈ വേഷംകെട്ടൽ? ആണുങ്ങൾക്ക് ഈ മെയ്ക്കപ്പ് കാണുന്നതേ അലർജിയാണ്!" സ്ത്രീകൾ ആരെ ബോധിപ്പിക്കാനാണ് ഒരുങ്ങുന്നത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ: സ്വന്തം മനസ്സാക്ഷിയെ ബോധിപ്പിക്കാൻ. ആണിന്റെ കണ്ണിന് വേണ്ടി പെണ്ണ് ഒരുങ്ങിയിരുന്ന കാലത്ത് നിന്നും സമൂഹം ഏറെ മുന്നോട്ട് പോയി എന്നതിന് ഉത്തരമാണ് സാരിയെ കുറിച്ച് സമൂഹത്തിന്റെ പല തുറകളിൽ പ്രവർത്തിക്കുന്ന ഈ നാല് സ്ത്രീകളുടെ വാക്കുകൾ ശ്രദ്ധിക്കാം.

വസ്ത്രധാരണത്തിൽ മാനിക്കപ്പെടേണ്ടത് ആത്മവിശ്വാസമാണ് - ഭവ്യ എം.കെ

"എന്നെ സാരി ഉടുത്ത് കാണാൻ എനിക്ക് ഇഷ്ടമാണ്. മറ്റ് വേഷങ്ങളെ അപേക്ഷിച്ച് വല്ലാത്തൊരു ഗ്രെയ്സ് സാരി എന്റെ രൂപത്തിന് നൽകുന്നുണ്ട്. പക്ഷെ ഒന്ന് ഉടുത്ത് കിട്ടണമെങ്കിൽ സഹായത്തിന് ഒരാളും ഒപ്പം പത്തിരുപത് സൂചികളും വേണമെന്ന് മാത്രം!" - വനിതാക്ഷേമം വിഷയമാക്കി മുംബൈ ടാറ്റ ഇൻസ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷണം നടത്തുന്ന ഭവ്യ എം.കെ.യുടെ വാക്കുകളാണ്.

"സാമൂഹ്യപ്രവർത്തകയായാൽ സാരി ഉടുക്കണം എന്ന അലിഖിത നിയമത്തിൽ എനിക്ക് വിയോജിപ്പ് ഉണ്ട്" - ഭവ്യ പറയുന്നു - "മറ്റേത് വേഷത്തിന്റെയും നിലവാരം തന്നെയേ സാരിക്കുമുള്ളൂ. സാരിയുടുത്തത് കൊണ്ട് മാത്രം ലഭിക്കുന്ന നിലവാരം ഇന്ത്യൻ സ്ത്രീകൾ വേണ്ടെന്ന് വയ്ക്കേണ്ടതാണ്. ഒരു വേഷത്തിന് ഒരു തുണിക്കഷണത്തിന്റെ വില തന്നെയേ ഉള്ളൂ. മാനിക്കപ്പെടേണ്ടത് നിങ്ങളുടെ ആത്മവിശ്വാസമാണ്."

സാരി ഉടുക്കാൻ അറിയാത്തത് എങ്ങനെ കുറവാകും ? - മീര ടി വേണുഗോപാലൻ

''സാരി ഉടുത്തത് കൊണ്ട് മാത്രം കല്പിച്ചു കിട്ടുന്ന സ്ത്രീത്വം വലിച്ചെറിയാൻ വെമ്പുന്ന സ്ത്രീകളുടെ നാടായി കേരളം മാറിത്തുടങ്ങുന്നു എന്നതിൽ തന്നെ ആ വേഷത്തിന്റെ അശാസ്ത്രീയത ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരു വ്യക്തിക്ക് ഒരു പ്രത്യേക വേഷം ധരിക്കാൻ അറിയുമോ ഇല്ലയോ എന്നത് അവരുടെ സാമൂഹ്യ അംഗീകാരത്തെ ബാധിക്കും എന്നത് എന്ത് പ്രഹസനമാണ്!" - ഈ വിഷയം സംസാരിക്കുമ്പോൾ കൊച്ചിയിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്ന മീര ടി വേണുഗോപാലൻ രോഷം കൊള്ളും.

"എനിക്ക് സാരി ഉടുക്കാൻ അറിയില്ല. അതൊരു കുറവായി ഞാൻ കണ്ടിട്ടുമില്ല. എനിക്ക് ചേരുന്ന വസ്ത്രങ്ങൾ എന്റെ സൗകര്യത്തിന് അനുസരിച്ച് ധരിക്കാൻ ഇഷ്ടപ്പെടുന്നു എന്നത് അഹങ്കാരമാണെങ്കിൽ അതിൽ എനിക്ക് അഭിമാനമാണ്" - അവർ കൂട്ടിച്ചേർത്തു.

ശരിയാണ്, ബാഹ്യമായ ഒരു തുണിക്കഷണമോ അത് ചുമക്കുന്ന കൾച്ചറൽ ക്യാപിറ്റലോ അല്ല ഒരു സ്ത്രീയുടെ വ്യക്തിത്വം നിർണ്ണയിക്കുന്നത്. പിന്നെ ആർക്കാണ് സ്ത്രീ സാരിയുടുക്കണം എന്ന നിർബന്ധം?

''എനിക്ക് സാരി ഉടുക്കാൻ അറിയില്ല. അതൊരു കുറവായി ഞാൻ കണ്ടിട്ടുമില്ല. എനിക്ക് ചേരുന്ന വസ്ത്രങ്ങൾ എന്റെ സൗകര്യത്തിന് അനുസരിച്ച് ധരിക്കാൻ ഇഷ്ടപ്പെടുന്നു എന്നത് അഹങ്കാരമാണെങ്കിൽ അതിൽ എനിക്ക് അഭിമാനമാണ്'' - ഭവ്യ എം.കെ

''ഒരു ചുരിദാർ ധരിച്ച് ഷോൾ ഇട്ടാൽ സ്ത്രീശരീരം മറയ്ക്കപ്പെടുന്ന അത്ര ഒരു സാരി ഉടുത്താൽ മറയുന്നുണ്ടോ? ആ അർത്ഥത്തിൽ സാരി മാന്യമായ വേഷം എന്നതിലുപരി ഒരു സെക്സി വേഷമാണ്. അപ്പോൾ വ്യക്തമാണ് - കൃത്യമായും പുരുഷകേന്ദ്രീകൃതമായ ഒരു വസ്ത്രസങ്കല്പത്തിൽ ആണ് സാരി പിറന്നത്. അത് സ്ത്രീകളുടെ സൗകര്യമോ, സുഖമോ സംരക്ഷിക്കുന്നുമില്ല''... മീര ടി വേണുഗോപാലൻ പറയുന്നു

സെലിബ്രിറ്റി ആയാൽ സാരി ഉടുക്കണമെന്ന് ആർക്കാണ് നിർബന്ധം! -ഫറാ ഷിബ്ല

കക്ഷി അമ്മിണിപ്പിള്ള എന്ന വിജയചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ഫറാ ഷിബ്ല. സാരിയെ കുറിച്ച് ചോദ്യം ഉയർന്നപ്പോഴേ ഷിബ്ല പറഞ്ഞു: "ഉടുക്കാനൊക്കെ ഇഷ്ടമാണ്; പക്ഷെ ഉടുത്ത് കഴിഞ്ഞാൽ പിന്നെ മേലനങ്ങി ഒന്നും ചെയ്യാൻ കോൺഫിഡൻസ് ഇല്ല." ഒരു വിവാഹ സൽക്കാരത്തിനോ ഫോട്ടോഷൂട്ടിങോ സിനിമയ്ക്കോ വേണ്ടി സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി നിൽക്കാൻ താരം ഇഷ്ടപ്പെടുന്നു.

പക്ഷെ നിത്യജീവിതത്തിൽ ഒരിക്കലും ധരിക്കാൻ ഇഷ്ടപ്പെടാത്ത വേഷം തന്നെയാണ് സാരീ.പക്ഷെ സാരിക്ക് ഇന്ന് ഈ കാണുന്ന ഹൈപ്പ് ഒന്നും ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതൊരു വേഷത്തെയും പോലെ സാധാരണമായ മറ്റൊരു വേഷം. അത്രതന്നെ. സ്ത്രീകൾ അത് ധരിക്കുന്നതോ ധരിക്കാതിരിക്കുന്നതോ അവരുടെ വ്യക്തിത്വത്തെയോ സാമൂഹ്യബോധത്തെയോ ഒരു തരത്തിലും ബാധിക്കുന്നില്ല," - ഷിബ്ല പറയുന്നു.

അഞ്ചര മീറ്റർ നീളമുള്ള തുണി കൊണ്ട് രണ്ട് വശത്ത് ഞൊറിഞ്ഞുകുത്തി വടിവ് മായാതെ ദിനം മുഴുവൻ ടെൻഷനടിച്ച് നടക്കുന്നതിലും സോഫ്റ്റ്വെയർ എഞ്ചിനിയർ ശ്രീലക്ഷ്മിക്ക് പ്രിയം സെറ്റ് മുണ്ടിനോടാണ്.

"സെറ്റ് മുണ്ടാകുമ്പോൾ ഉടുക്കാനും ഉടുത്ത് നടക്കാനും എളുപ്പമാണ്. അധികം ഞൊറിയണ്ട, ദേഹം മുഴുവൻ സൂചികുത്തി നടക്കേണ്ട.."

സാരിയുടുക്കാനുള്ള മൂഡും സൗകര്യവും സമയവും എല്ലാം ഒത്തുകിട്ടുന്ന സ്ത്രീകൾ ഈ തലമുറയിൽ കുറവാണ് എന്ന് തന്നെയാണ് ഈ ഉത്തരങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും സാരി സമൂഹത്തിൽ നിന്നും അന്യം നിന്ന് പോകുന്നില്ല എന്ന് മാത്രമല്ല, പൂർവാധികം ശക്തമായി ഇവിടെ നിലയുറപ്പിക്കുകയുമാണ്. അതിനർത്ഥം പുരോഗമന സമൂഹത്തിന്റെ പ്രയോറിറ്റി സ്ത്രീയുടെ സൗകര്യത്തിന് ഉപരി പുരുഷന്റെ ദൃഷ്ടി തന്നെയാണ് എന്നുള്ളതാണ്.

അത് എളുപ്പം മനസ്സിലാക്കാൻ പുരുഷന്റെ എത്നിക് വേഷങ്ങൾ വിലയിരുത്തണം. എളുപ്പത്തിൽ മടക്കി കുത്താവുന്ന, ഭാരമില്ലാത്ത മുണ്ട്, ശരീരത്തിന്റെ മുകൾ ഭാഗത്തെ ബന്ധിക്കാത്ത ഡിസൈൻ. കാൽ അകത്തി നടക്കാനോ ഓടാനോ ചാടാനോ സൗകര്യം ചെയ്യുന്ന പാന്റുകൾ, ട്രൗസറുകൾ. മുണ്ടുടുക്കാൻ അറിയില്ലെങ്കിൽ പുരുഷനാകില്ല എന്നൊരു അലിഖിത നിയമം ഈ നാട്ടിൽ സ്ത്രീകൾ വച്ചാൽ ഒരു ദിവസം പോലും അത് വിലപ്പോകില്ല എന്നതിൽ തന്നെ വസ്ത്ര സങ്കൽപ്പങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.

പെണ്ണിനെ നിത്യജീവിതത്തിൽ പോലും പുരുഷന് ആസ്വദിക്കാനുള്ള കാഴ്ചവസ്തുവായി നിലനിർത്താനുള്ള പാട്രിയാർക്കൽ മാസ്റ്റർമൈൻഡ് തന്നെയാണ് സാരിയെ സ്ത്രീത്വത്തിന്റെ പ്രതീകമാക്കിയത്. ഇന്ന് തലമുറകളായി സ്ത്രീകൾ സാരിയിൽ സൗകര്യം കണ്ടെത്തുന്നുണ്ടെങ്കിൽ അത് കണ്ടീഷനിങ്, ഹാബിറ്റ് അഥവാ ശീലം ഒന്ന് കൊണ്ട് മാത്രമാണ്. സാരിയേക്കാൾ കൂടുതൽ ശരീരഭാഗങ്ങൾ മൂടുന്ന ചുരിദാറിനെ 'മോഡേൺ' വേഷമാക്കി പ്രതിഷ്ഠിച്ചതും, ഒന്ന് ഉലഞ്ഞാൽ വയറും മാറും എന്ന് വേണ്ട, ശരീരത്തിന്റെ പകുതി ഭാഗവും വെളിച്ചത്ത് ആക്കുന്ന സാരി സൽവാർ കമീസിനെ അപേക്ഷിച്ച് 'മാന്യമായ' വേഷമായതും ഇതേ പൊതുബോധത്തിന്റെ പുറത്ത് തന്നെയാണ്.

ഫാഷൻ ഇൻഡസ്ട്രിയുടെ അടിസ്ഥാനനിയമങ്ങൾ പ്രകാരം തീരെ ശാസ്ത്രീയമല്ലാത്തൊരു വേഷമാണ് ഇന്ന് കേരളത്തിൽ പ്രചാരത്തിലുള്ള സാരിയുടെ വകഭേദം. ദേഹത്ത് ചുറ്റിവച്ച ശേഷം പുതയ്ക്കാനോ അരയ്ക്ക് ചുറ്റും ചുറ്റാണോ ഉപകരിക്കാത്ത തരത്തിലുള്ള പല്ലു അഥവാ മുന്താണി ആണ് അതിന് കാരണം. എവിടെയെങ്കിലും തടഞ്ഞിരിക്കാനോ, കൊളുത്തിവലിക്കാനോ മാത്രം ഉപകരിക്കുന്ന മുന്താണിയോടെയുള്ള ഈ വകഭേദം ഇന്ത്യയിൽ എന്നല്ല, ലോകത്ത് മറ്റൊരിടത്തും അംഗീകരിക്കപ്പെടില്ല.