
സ്ത്രീ സുരക്ഷാ നിയമങ്ങൾ കാറ്റിൽ പറത്തിയ കേരളത്തിലെ തൊഴിലിടങ്ങൾ - അനുഭവങ്ങൾ
അമിതമായി അധികനേരം ജോലി ചെയ്യിക്കുക, ഓവര്‍ ടൈം സാലറി കൊടുക്കാതിരിക്കുക, അനാവശ്യമായി കയര്‍ത്ത് സംസാരിക്കുക, അസഭ്യം പറയുക തുടങ്ങി സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്
തൊഴില്‍ സംബന്ധമായി സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മറ്റ് മാനദണ്ഡങ്ങള്‍ ഒന്നുമില്ല. അസംഘടിതരോ സംഘടിതരോ, മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരോ, കൂലിവേല ചെയ്യുന്നവരോ, സര്‍ക്കാര്‍ ജോലിക്കാരോ, സിനിമ ദൃശ്യമാധ്യമങ്ങള്‍ എന്നീ മേഖലകളില്‍ ജോലി ചെയ്യുന്നവരോ എന്ന വേര്തിരിവേതുമില്ലാതെ സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലകള്‍, ഇടങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം തന്നെ അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ട്. സ്ത്രീകള്‍ പുരുഷന്മാര്ക്ക് താഴെ ആണെന്ന് കരുതുന്ന, പുറത്ത് സ്ത്രീ പക്ഷം പറയുന്നവര്‍, തങ്ങള്‍ എന്ത് പറഞ്ഞാലും മറുത്തൊരു അക്ഷരം പറയാന്‍ സ്ത്രീകള്‍ മുതിരില്ല എന്ന ചിന്തയില്‍, മുതലെടുപ്പ് തുടരുന്നു. അമിതമായി അധികനേരം ജോലി ചെയ്യിക്കുക, ഓവര്‍ ടൈം സാലറി കൊടുക്കാതിരിക്കുക, അനാവശ്യമായി കയര്‍ത്ത് സംസാരിക്കുക, അസഭ്യം പറയുക തുടങ്ങി സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
ഷോപ്പിലെ മാനേജര്‍ അവിടെയുള്ള പെണ്‍കുട്ടികളോട് അവരെ അസ്വസ്ഥരാക്കും വിധം സംസാരിച്ചിരുന്നു. പെണ്‍കുട്ടികളെ അവരുടെ നിറത്തിന്റെ പേരില്‍, ശരീരഘടനയുടെ അടിസ്ഥാനത്തില്‍, ശബ്ദത്തിന്റെ പേരില്‍ എല്ലാം ഇയാള്‍ കളിയാക്കിയിരുന്നു
ഇന്ത്യയിലുടനീളം പടര്‍ന്ന് കിടക്കുന്ന ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുവതി തന്റെ തൊഴില്‍ അനുഭവങ്ങള്‍ ഷി ഈസ് ഈക്വലിനോട് പങ്ക് വയ്ക്കുകയുണ്ടായി. യുവതി പേര് വെളിപ്പെടുത്താന്‍ താത്പര്യപ്പെടുന്നില്ല. ഷോപ്പിലെ മാനേജര്‍ അവിടെയുള്ള പെണ്‍കുട്ടികളോട് അവരെ അസ്വസ്ഥരാക്കും വിധം സംസാരിച്ചിരുന്നു. പെണ്‍കുട്ടികളെ അവരുടെ നിറത്തിന്റെ പേരില്‍, ശരീരഘടനയുടെ അടിസ്ഥാനത്തില്‍, ശബ്ദത്തിന്റെ പേരില്‍ എല്ലാം ഇയാള്‍ കളിയാക്കിയിരുന്നു. ഷോപ്പില്‍ ഇയാളെക്കാള്‍ താഴ്ന്ന ജോലി ചെയ്യുന്നവര്‍ എന്ന ചിന്തയുടെ പുറത്തും കൂടാതെ സ്ത്രീകള്‍ ആയതിനാലുമാണ് ഇപ്രകാരം മോശം പെരുമാറ്റം ഉണ്ടായതെന്ന് പെണ്‍കുട്ടി പറഞ്ഞു. കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകയോട് 'കണ്ടാല്‍ ഭിക്ഷയെടുക്കാന്‍ വന്നതാണെന്ന് തോന്നുമല്ലോ' എന്നും, നിലത്തിരുന്ന് ജോലി ചെയ്യുകയായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയോട്, 'പായയിട്ടാല് കിടക്കുമോ' എന്ന് ചോദിച്ചതായും യുവതി പറഞ്ഞു. അവിടെ നടക്കുന്ന കാര്യങ്ങളില്‍ പലതും പുറത്ത് പറയാന്‍ കൊള്ളാത്തതാണ്, അശ്ലീലവും അങ്ങേയറ്റം അസഭ്യമായുമാണ് അവര്‍ പെരുമാറുന്നത്. ഗതികേട് കൊണ്ടാണ് പലരും അവിടെ ജോലിക്ക് പോകുന്നത്. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് നിലവാരവും സൗകര്യവും തോന്നുമെങ്കിലും പുറം മോടി മാത്രമേ ഒള്ളൂ എന്നും നിലവാരമില്ലാത്ത സംസാരമാണ് പലപ്പോളും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ പ്രതികാരനടപടി പോലെ ബുദ്ധിമുട്ടിക്കുകയും അതികൃതരോട് പരാതിപ്പെട്ടപ്പോള്‍ ഇവരുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. സ്ത്രീകള്‍ക്ക് നേരെ തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എന്ന രീതിയില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമായിരുന്നു. പ്രമാണങ്ങളില്‍ അല്ലാതെ പ്രവര്‍ത്തിയില്‍ സ്ത്രീ സുരക്ഷ ഇല്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളും അപമാനങ്ങളും ബന്ധപ്പെട്ട അധികാരികളോട് തുറന്ന് പറഞ്ഞപ്പോള്‍ അവരെ ഒറ്റപ്പെടുത്തുകയും, ആര്‍ക്ക് എതിരായാണോ പരാതിപ്പെട്ടത് അവര്‍ക്ക് പരാതിക്കാരുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു. ശേഷം അയാളുടെ മാനസ്സിക പീഡനം സഹിക്കാതെ ജോലി നിര്‍ത്തി പോയവര്‍ ഉണ്ട്. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പലരും അത്തരം പ്രവര്‍ത്തികള്‍ സഹിച്ച് അവിടെ തുടരുകയാണെങ്കില്‍ അവരെ സ്ഥലം മാറ്റും, മാറ്റപ്പെട്ടിടത്തേക്ക് എത്തിപ്പെടാനുള്ള സാമാന്യ സമയം പോലും ലഭ്യമാക്കാതെ അവര്‍ എത്തിപ്പെടാന്‍ വൈകിയെന്നും ഒളിവിലാണ് എന്നും പറഞ്ഞ് പുറത്താകും. ഇനി എത്തിച്ചേര്‍ന്നാല്‍ തന്നെ, പുതിയ സ്ഥലത്തും ഒറ്റപ്പെടുത്തല്‍, മാസം തോറുമുള്ള സ്ഥലം മാറ്റല്‍ എന്നിവ നേരിടേണ്ടി വരും. അവസാനം മടുത്ത് അവര്‍ ജോലി രാജി വയ്ക്കുന്നത് വരെ ഇത്തരത്തില്‍ പീഡിപ്പിക്കും. അതിക്രമങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ പുറത്താക്കാന്‍ പറ്റില്ലല്ലോ, പകരം നമ്മളെ കൊണ്ട് രാജി വയ്പ്പിക്കും. ഇത്തരത്തില്‍ പ്രതികരിച്ചവര്‍ പുറത്തായെങ്കിലും, മാനേജര്‍ക്ക് രണ്ട് ആഴ്ച്ച സസ്പെന്ഷന് എന്ന പേരില്‍ സാലറിയോടെയുള്ള ലീവും കൊടുത്ത് ഇന്നും അയാള്‍ അവിടെ തുടരുന്നുണ്ട്.
കടലാസ് നിയമങ്ങൾ മാത്രമായി സ്ത്രീ സുരക്ഷ
പലയിടത്തും പേപ്പറുകളില്‍ മാത്രമേ സ്ത്രീ സുരക്ഷ നിയമങ്ങളും മറ്റും കാണാന്‍ സാധിക്കുകയുള്ളൂ. നിയമങ്ങള്‍ ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, അത് ശരിയായ രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന് കൂടെ ഉറപ്പ് വരുത്തണം. അതിനുള്ള സംവിധാനങ്ങളും ഫലപ്രദമല്ല എന്നതാണ് സത്യം. അധികാരികള്‍ക്ക് നിയമങ്ങള്‍ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാനുള്ള ഉപകരണങ്ങളാണ്. സ്ത്രീകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ കൂടി അവര്‍ക്കെതിരായി തീര്‍ച്ചയായും അധികാരികള്‍ അത് ഉപയോഗിക്കാറുണ്ട്. സ്ത്രീകള്‍ തൊഴിലെടുക്കുന്ന പലയിടത്തും ശുചിമുറികള്‍ ഇല്ലാത്ത അവസ്ഥ ഉണ്ട്. എല്ലാവര്ക്കും അറിയുന്ന കാര്യമാണെങ്കില്‍ പോലും ബന്ധപ്പെട്ടവരോ അധികാരികളോ അത് കാര്യമാക്കാറില്ല. പെണ്ണുങ്ങളല്ലേ സഹിച്ചോളും എന്ന മനോഭാവമാണ് പലര്‍ക്കും. അടിസ്ഥാനപരമായി രണ്ട് പ്രശ്നങ്ങള്‍ ആണുള്ളത്. ഒന്ന് ഇതൊരു തൊഴിലാളി പ്രശ്നമാണ്. രണ്ട് ഇത് ഒരു ജന്ഡറിനോടുള്ള ചൂഷണവും അടിച്ചമര്‍ത്തലുമാണ്.
ചെയ്യുന്നത് ഒരേ ജോലി ആണെന്നിരിക്കെ താന്‍ എന്തോ കഴിവില്ലാത്തവളാണ് എന്ന തരത്തിലുള്ള പെരുമാറ്റവും താഴ്ത്തികെട്ടലും ആണ് അസഹ്യം. അഭിപ്രായങ്ങള്‍ പറയാന്‍ അനുവദിക്കാതെ തന്നെ കളിയാക്കാറുമുണ്ട്
ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു യുവതിക്ക് പറയാനുള്ളത്, സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങളെ പറ്റിയാണ്. ചെയ്യുന്നത് ഒരേ ജോലി ആണെന്നിരിക്കെ താന്‍ എന്തോ കഴിവില്ലാത്തവളാണ് എന്ന തരത്തിലുള്ള പെരുമാറ്റവും താഴ്ത്തികെട്ടലും ആണ് അസഹ്യം. അഭിപ്രായങ്ങള്‍ പറയാന്‍ അനുവദിക്കാതെ തന്നെ കളിയാക്കാറുമുണ്ട്. സ്വതവേ ശാന്തസ്വഭാവത്തിലുള്ള വ്യക്തിയായതിനാല്‍ തന്നെ താന്‍ തിരിച്ചൊന്നും പറയില്ല എന്ന ധാരണയുടെ പുറത്ത് മറ്റുള്ളവരുടെ മുന്നില്‍ തന്നെ കുറച്ച് കാണിക്കുകയും ചെയ്യാറുണ്ട്. എന്തിന്റെ പുറത്താണെങ്കിലും ഒരാളെ താഴ്ത്തി കെട്ടുന്നത് ശരിയല്ല. ശാന്തസ്വഭാവം ഉള്ള ആളാണെന്നുള്ളത് തന്റെ ബലഹീനതയല്ല. തൊഴിലിടങ്ങളില്‍ സമാധാനം ഇല്ലെങ്കില്‍ എങ്ങനെയാണ് ജോലി ചെയ്യാന്‍ പറ്റുന്നത്. ഒരു തൊഴിലിടത്ത് ആവശ്യം വേണ്ടത് പരസ്പര ബഹുമാനമാണ്, അതില്ലാത്തൊരിടം ഇടുങ്ങിയതാണ്.
തൊഴിലിടങ്ങള്‍ ഏതുമാകട്ടെ ഒരു പുരുഷാധിപത്യ വ്യവസ്ഥയില്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ തുറന്ന് പറയുന്നതും പ്രതികരിക്കുന്നതും കരിയറും ജീവിതവും തന്നെ താറുമാറാകാന്‍ കെല്‍പ്പുള്ളതാണ് എന്നതിന്റെ തെളിവാണ് നടിയെ ആക്രമിച്ച സംഭവം. അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒരു സ്ത്രീ ആയത് കൊണ്ട് സംഭവിച്ചതാണ്. ഇത്തരം അനുഭവങ്ങള്‍ അവരുടെ ജീവിതം തകര്‍ക്കും അവരെ നശിപ്പിക്കും എന്നെല്ലാമുള്ള മുന്‍ധാരണകള്‍ ആകാം കുറ്റാരോപിതര്‍ക്ക് ഉണ്ടായിരുന്നത്. തങ്ങളുടെ അധികാരവും പ്രിവിലേജും ഒരു സ്ത്രീയെ കരുതി കൂട്ടി തകര്‍ക്കാന്‍ ഉപയോഗിക്കുന്നത് ഇപ്രകാരമാണ്. എന്നാല്‍ താന്‍ ഒരു ഇരയല്ല, അതിജീവിതയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചത് വഴി, മുഴുവന്‍ സ്ത്രീകള്‍ക്കും നീതിക്ക് വേണ്ടിയും സത്യത്തിന് വേണ്ടിയും പോരാടാനുള്ള ആഹ്വാനവും മാതൃകയും ആകുകയായിരുന്നു അവര്‍. കരിയര്‍ അവസാനിച്ചു എന്ന് ചിന്തിച്ചവരോട്, അവര്‍ വിചാരിക്കാതെ അവരുടെ കരിയര്‍ തകരാറിലാവില്ല എന്ന് കാണിച്ച് കൊണ്ട്, ജീവിതത്തിലേക്കും കരിയറിലേക്കും അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണവര്. സ്ത്രീകളുടെ തിരിച്ച് വരവ് പലപ്പോളും ശക്തമായ പോരാട്ടങ്ങള്‍ നടത്തിയാണ്, ഒരു സമൂഹത്തില്‍ മാന്യമായ ജീവിതം നയിക്കാന്‍ നിരന്തരം പൊരുതേണ്ടി വരുന്നത് ഗതികേട് ആണ്.
തൊഴിലിടങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിയമങ്ങള്‍ ഉണ്ടായിട്ടും അവസ്ഥ മെച്ചപ്പെടാത്തതിന്റെ പ്രധാന കാരണം, അത് നടപ്പിലാക്കാന്‍ അധികാരമുള്ളവരുടെ മനോഭാവമാണ്. നിയമങ്ങള്‍ തോറ്റ് പോകുന്നത് അത് നടപ്പിലാക്കേണ്ടവര്‍ തോല്‍ക്കുമ്പോള്‍ ആണ്. ഇവിടെ അനുഭവം പങ്ക് വച്ചവരുടേയോ സ്ഥാപനത്തിന്റേയോ പേര് വിവരങ്ങള്‍ കൊടുത്തിട്ടില്ലാത്തതിന്റെ കാരണം ചില പേടികളാണ്. തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഇല്ലാതാകുന്ന ജോലിയെ പറ്റി, നേരിടേണ്ടി വരുന്ന ചോദ്യങ്ങളെയോര്ത്ത് ഇന്നും സ്വന്തം പേര് പുറത്ത് പറയാന്‍ സാധിക്കാത്ത വിധം പ്രിവിലേജ് ഇല്ലാത്തവര്‍ ആണ് പലരും. തുറന്ന് പറയാമെന്ന് വിചാരിച്ചാല്‍ തന്നെ പിന്നാലെ ഉണ്ടാകാന്‍ ഇടയുള്ള വിക്ടിം ബ്ലേയ്മിംഗ്, വിക്ടിം ഷേമിംഗ് എന്നിവയില്ലാതാക്കാന്‍ സാധിക്കില്ലല്ലോ. ഈ സംഭവങ്ങള്‍ നടന്ന സമയത്ത് പ്രതികരിക്കാതിരുന്നവര്‍ അല്ല ഇവര്‍, പ്രതികരിച്ചിട്ടും പരാതിപ്പെട്ടിട്ടും നീതി നിഷേധിക്കപ്പെട്ടവര്‍ ആണ്. പലതരം നിയമങ്ങള്‍ നിലവിലുള്ള നാടാണിത്. സ്ത്രീ സുരക്ഷ നിയമങ്ങള്‍ പ്രവര്‍ത്തനരഹിതമാണെങ്കിലും സ്ഥാപനത്തിന്റേ പേര് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ പരാതിക്കാരെ കുടുക്കാന്‍ പ്രവര്‍ത്തനക്ഷമമായ നിയമങ്ങള്‍ക്ക് സാധുത ഏറെയാണ്.
തൊഴിലിടങ്ങള്‍ ഏതുമാകട്ടെ ഒരു പുരുഷാധിപത്യ വ്യവസ്ഥയില്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ തുറന്ന് പറയുന്നതും പ്രതികരിക്കുന്നതും കരിയറും ജീവിതവും തന്നെ താറുമാറാകാന്‍ കെല്‍പ്പുള്ളതാണ് എന്നതിന്റെ തെളിവാണ് നടിയെ ആക്രമിച്ച സംഭവം. അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒരു സ്ത്രീ ആയത് കൊണ്ട് സംഭവിച്ചതാണ്
തൊഴിലിടങ്ങളില്‍ മറ്റൊരാള്‍ക്ക് കീഴില്‍ തൊഴിലെടുക്കേണ്ടി വരുന്നതില്‍ നിന്ന് മാറ്റം ഉള്‍ക്കൊണ്ട് ഇന്ന് പലരും സ്വയം തൊഴില്‍ സ്വീകരിക്കുന്നുണ്ട്. തന്റെ ബോസ് താന്‍ ആകുന്നതോടെ ചൂഷണത്തിനും സമ്മർദ്ദത്തിനും ഉള്ള സാധ്യത ഇല്ലാതാകുന്നു എന്നാണ് അവരുടെ അഭിപ്രായം. യൂട്യൂബ്, ഫേസ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ വഴി സംരംഭകരായും ഇന്‍ഫ്ലുവന്‍സേഴ്സ് ആയും ഒരുപ്പാട് പേര് സ്വയം തൊഴില്‍ ചെയ്ത് ഇന്ന് വരുമാനം ഉണ്ടാക്കുന്നുണ്ട്. വരുമാനത്തിനപ്പുറം തങ്ങള്‍ അര്‍ഹിക്കുന്ന മര്യാദ അവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുന്നുണ്ട്. മറ്റു സ്ത്രീകള്‍ക്ക് പ്രചോദനം ആകാന്‍ സാധിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകാരങ്ങള്‍ അവരെ തേടിയെത്തുണ്ട്. നിങ്ങള്‍ തളര്‍ത്താന്‍ ശ്രമിക്കൂ, ഉയരാന്‍ ഒന്നല്ലെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം ഞങ്ങള്‍ തേടി പിടിക്കും എന്ന ഉറപ്പോടെ സ്ത്രീകള്‍ മുന്നോട്ട് കുതിക്കുന്ന കാലഘട്ടത്തിലാണ് നമ്മള് ഇന്ന്.