Mar 22 • 10M

ആരെ കാണിക്കാനാ സ്ത്രീകൾ ഇങ്ങനെ ചായം തേയ്ക്കുന്നത്? ഉത്തരം കേട്ടോളൂ..

മെയ്ക്കപ്പ് ധരിക്കുന്ന സ്ത്രീകൾ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ചോദ്യം ആണ് ഇത് - ആരെ കാണിക്കാനാണീ ചായം തേപ്പ്?

Anagha Jayan E
Comment
Share
 
1.0×
0:00
-10:06
Open in playerListen on);
Episode details
Comments

മെയ്ക്കപ്പ് ധരിക്കുന്ന സ്ത്രീകൾ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള ചോദ്യം ആണ് ഇത് - ആരെ കാണിക്കാനാണീ ചായം തേപ്പ്? ഒരു ലൗഡ് ഷെയ്ഡ് ഉള്ള ലിപ്പ്സ്റ്റിക്ക് ഇട്ടാൽ, കൺതടങ്ങളിലെ കറുപ്പ് കൺസീൽ ചെയ്‌താൽ, കണ്ണിമകളിൽ ഗ്ലിറ്റർ പടർത്തിയാൽ, ബ്ലഷ് ഇട്ടാൽ.. എല്ലാം കാഴ്ചക്കാരിൽ പലരും യാതൊരു സങ്കോചവും കൂടാതെ ചോദിക്കുന്ന ചോദ്യം. ഭൂരിഭാഗം സ്ത്രീകളും ഈ ചോദ്യം ചിരിച്ച് തള്ളും. ചിലർ വായിൽ തികട്ടി വന്ന ഉത്തരം കടിച്ചമർത്തി സാമൂഹ്യ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കും. മറ്റ് ചിലർ 'നിങ്ങൾക്ക് എന്താണ്, ഇതെന്റെ ശരീരം അല്ലേ?' എന്ന് മറുത്ത് ചോദിക്കും. എന്തായാലും ഈ ചോദ്യത്തിന്റെ ശരിയായ ഉത്തരം ചോദിക്കുന്നവരുടെ മുഖത്ത് നോക്കി ആരും പറയാറില്ല എന്നതാണ് സത്യം. ശരിക്കും എന്തിനാണ് സ്ത്രീകൾ മെയ്ക്കപ്പ് ധരിക്കുന്നത്?

പ്രശസ്ത അമേരിക്കൻ വെൽനെസ് മാഗസിൻ നടത്തിയ സർവേ പ്രകാരം നാല് കാരണങ്ങൾ ആണ് പല വിഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ മെയ്ക്കപ്പ് ധരിക്കുന്നതിനായി ചൂണ്ടി കാട്ടിയത്. ഒന്ന്, ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ. നഗ്നമായ ശരീരം പോലെ പ്രൈവറ്റ് ആണ് നഗ്നം ആയ മുഖവും എന്ന് പുതിയ കാലത്തെ പല സ്ത്രീകളും തുറന്ന് സമ്മതിക്കുന്നു.

മെയ്ക്കപ്പ് ധരിക്കാനായി സ്ത്രീകൾ കണ്ടെത്തിയ രണ്ടാമത്തെ കാരണം - ഓരോ വ്യക്തിയും സമൂഹം അവരെ എങ്ങനെ നോക്കി കാണണം എന്നതിനെ കുറിച്ച് മനസ്സിൽ ഓരോ സങ്കൽപം പുലർത്തുന്നുണ്ട്. അതിനോട് നീതി പുലർത്തുന്ന വസ്ത്രങ്ങളാണ് ആ വ്യക്തി നിത്യവും ധരിക്കുക. ചിലർക്ക് ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്, മറ്റ് ചിലർക്ക് വസ്ത്രങ്ങൾക്ക് സ്ലീവ് ഉണ്ടാകുന്നതേ ഇഷ്ടമല്ല. ചിലർക്ക് പൊതുജനം തന്റെ വയറോ പിറകുവശമോ കാണുന്നത് ഓർക്കാൻ പോലും കഴിയില്ല, മറ്റ് ചിലർക്ക് സാരി ധരിക്കാൻ ആണ് ഇഷ്ടം. അതുപോലെ തന്നെ, കൂടുതൽ പക്വത തോന്നിക്കാൻ, നിഷ്കളങ്കതയും കുട്ടിത്തവും തോന്നിക്കാൻ, ചുളിവുകൾ മറയ്ക്കാൻ, പാടുകൾ മറ്റുള്ളവർ കാണാതിരിക്കാൻ, വസ്ത്ര സ്വാതന്ത്ര്യം പോലെ മനുഷ്യർ സ്വയം തെരഞ്ഞെടുക്കുന്ന അവതരണ ശൈലി ആണ് മേക്കപ്പും.

മൂന്നാമത്തെ കാരണം ലളിതമാണ് - തങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള സൗന്ദര്യ സങ്കല്പത്തിനോട് ഏറ്റവും അടുത്ത് നിൽക്കാൻ. ഓരോ വ്യക്തിയുടെയും മനസ്സിൽ ഒരു ഐഡിയൽ രൂപം ഉണ്ടാകും. അതിനോട് ഏറ്റവും അടുത്ത് നിൽക്കാൻ വേണ്ടിയാണ് അവർ മെയ്ക്കപ്പ് ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം സ്ത്രീകൾ പറയുന്നത്. മനസ്സിലെ സൗന്ദര്യ സങ്കല്പത്തോട് എത്രകണ്ട് അടുത്ത് തന്റെ രൂപം നിൽക്കുന്നുവോ, അത്രകണ്ട് ആ വ്യക്തിയുടെ ആത്മവിശ്വാസം കൂടുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.

അടുത്ത കാരണമാണ് ഏറെ പ്രസക്തം - മെയ്ക്കപ്പ് ധരിക്കുന്നത് സ്വയം ലാളിക്കൽ ആണ് എന്നത്. ഒരു വ്യക്തി അവനവന് വേണ്ടി ഒരു ദിവസം എത്ര സമയം ചെലവഴിക്കുന്നു എന്നത് അയാളുടെ ചിന്തകളെയും ജീവിത നിലവാരത്തെയും ആത്മവിശ്വാസത്തെ തന്നെയും ബാധിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ദിവസം മുഴുവൻ പല ജോലികളിൽ മുഴുകി ജീവിതം തള്ളി നീക്കുന്ന സ്ത്രീകൾക്ക് അവനവന് വേണ്ടി ചെലവഴിക്കാൻ ആകെ ലഭിക്കുന്ന സമയം മെയ്ക്കപ്പ് ചെയ്യുന്ന നിമിഷങ്ങൾ ആണ് എന്ന് സ്ത്രീകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

'മെയ്ക്കപ്പ് ധരിക്കുന്ന, അഥവാ പുട്ടി അടിക്കുന്ന സ്ത്രീകളെ ആണുങ്ങൾക്ക് ഇഷ്ടമല്ല' എന്ന് പല പുരുഷന്മാരും യാതൊരു മടിയും ഇല്ലാതെ തുറന്ന് പറയാറുണ്ട്. അതിന് ആരാണ് പറഞ്ഞത് ആണുങ്ങളെ ഇഷ്ടപ്പെടുത്താൻ ആണ് സ്ത്രീകൾ ഒരുങ്ങുന്നത് എന്ന്? 'നിങ്ങൾ സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി, ആസ്വദിച്ചാൽ മതി


മേല്പറഞ്ഞ നാല് കാരണങ്ങളിൽ വച്ച് ശരി ഏത് തന്നെ ആയാലും ഒരു കാര്യം ഇതിൽ നിന്നെല്ലാം വ്യക്തമാണ് - സ്ത്രീകൾ മെയ്ക്കപ്പ് ധരിക്കുന്നത് മറ്റാർക്കും വേണ്ടിയല്ല; അവനവന് വേണ്ടി തന്നെയാണ്. ഈ ചിന്തയിൽ കൂടുതൽ ക്ലാരിറ്റി ലഭിക്കാനായി 'സ്റ്റോറിയോ ഷീ ഈസ് ഈക്വൽ' പല മേഖലകളിൽ നിന്നുള്ള അഞ്ച് സ്ത്രീകളോട് ഒരൊറ്റ ചോദ്യം ചോദിച്ചു: "നിങ്ങൾ മെയ്ക്കപ്പ് ചെയ്യുന്നത് ആരെ കാണിക്കാനാണ്?" അവരുടെ ഉത്തരങ്ങളിൽ നിന്ന് തന്നെ സദാചാര സമൂഹത്തിന് ഇക്കാര്യത്തിൽ മുഖമടച്ച മറുപടി ലഭിക്കും.

സമൂഹം തന്നെ സ്ത്രീകളിൽ അപകർഷതാ ബോധം സൃഷ്ടിക്കും..

തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ഒരു പ്രശസ്ത സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് കമ്പനിയിൽ എഞ്ചിനിയർ ആണ് മിന്നു റോസ്. വിവാഹിതയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയും ആയ മിന്നു തന്റെ വസ്ത്രധാരണത്തെയും സൗന്ദര്യവത്കരണത്തെയും കുറിച്ച് പറയുന്നത് ഇങ്ങനെ: "ഞാൻ പൊതുവേ മെയ്ക്കപ്പ് ഒന്നും ചെയ്യാറില്ല. കണ്ണെഴുതും, പൊട്ട് തോടും, മുടി മെടഞ്ഞ് ഇടും. അത്ര തന്നെ. ഞാൻ എന്റെ ലുക്ക്സിൽ വളരെ കോൺഫിഡന്റ് ആയിരുന്നു. പക്ഷെ രണ്ട് പ്രസവം കഴിഞ്ഞതോടെ തടി വല്ലാതെ കൂടി. അതിന് പുറമെ കോവിഡ് 19 മൂലം രണ്ട് വർഷത്തോളം ആയി വർക്ക് ഫ്രം ഹോമും. കുട്ടികളെ നോക്കലും, വീട്ടുജോലികളും ഓഫീസിലെ പ്രെഷറും എല്ലാം കൂടി ആയപ്പോൾ എനിക്ക് ഉറങ്ങാൻ തന്നെ സമയം തികയാതെ ആയി. പിന്നെ അല്ലെ വണ്ണം കുറയ്ക്കൽ.. ഞാൻ സ്ഥിരമായി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ പോലും എനിക്ക് ചേരാതെ ആയി. മുൻപേ ഒരുങ്ങിയിരുന്ന പോലെ ഒരുങ്ങി എങ്ങോട്ടെങ്കിലും പോയാൽ 'എന്തൊരു തടിയാണ് ഇവൾക്ക്.. ആരെ കാണിക്കാനാണീ വേഷം കെട്ടുന്നത്' എന്ന ചോദ്യം ഒളിഞ്ഞും തെളിഞ്ഞും കേൾക്കാൻ തുടങ്ങി. വലിയ നിരാശ ആയിരുന്നു അന്നൊക്കെ. കാണുന്നവർ മുഴുവൻ വണ്ണം കുറയ്ക്കാൻ ഉള്ള വഴികൾ പറഞ്ഞ് തരാൻ തുടങ്ങി. എനിക്ക് അല്പം മനസ്സമാധാനവും ഉറക്കവും ആണ് വേണ്ടത് എന്ന് അവരോട് പറയാൻ പറ്റില്ലല്ലോ.. ഞാൻ വണ്ണം കുറയ്ക്കാനും എന്റെ പുതിയ രൂപത്തിന് ചേരുന്ന രീതിയിൽ സ്വയം ക്യാരി ചെയ്യാനും സ്റ്റൈലുകൾ മാറി മാറി പരീക്ഷിച്ചു. ഒന്നും എനിക്ക് തൃപ്തി ആകുന്നില്ല. അവസാനം പഴയ ശൈലിയിലേക്ക് തന്നെ തിരിച്ച് വന്നു. ഇപ്പോഴും ആളുകൾ അടക്കം പറയുന്നുണ്ട്. പക്ഷെ എനിക്ക് വല്ലാത്ത ആത്മവിശ്വാസം ആണ്. എനിക്ക് കണ്ണാടിയിൽ നോക്കുമ്പോൾ ഇവർ ഈ പറയുന്ന അപാകത ഒന്നും തോന്നുന്നില്ല. എന്തോക്കെ കാര്യങ്ങളാണ് ഞാൻ ഓരോ ദിവസവും ചെയുന്നത്. ഇതിന്റെ പകുതി എങ്കിലും ചെയ്ത് കാണിച്ചിട്ട് ഇവർ സംസാരിക്കട്ടെ. പ്രശ്നം എന്റെ വണ്ണമല്ല, അതിനെ ഉൾക്കൊള്ളാൻ ഉള്ള വ്യാപ്തി സമൂഹത്തിന്റെ മനസ്സിന് ഇല്ലാത്തതാണ്."

തുറിച്ചുനോട്ടം എനിക്കൊരു ഹരമാണ് - ശാലിമ അബി

കൊച്ചി ഇൻഫോപാർക്കിലെ ഒരു സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആണ് ശാലിമ. ഒരേ സമയം പല നിറങ്ങൾ ചാർത്തിയ മുടിയിഴകൾ കോതിയൊതുക്കി ആത്മവിശ്വാസത്തോടെ ശാലിമ ചിരിക്കുമ്പോൾ ചുറ്റും പലരും തുറിച്ചുനോക്കാറുണ്ട്, പക്ഷെ ആ നോട്ടങ്ങൾ ഇപ്പോൾ ശാലിമയ്ക്ക് ഒരു ഹരമാണ്. അതിന്റെ കാരണം അവർ തന്നെ പറയുന്നു: "ലെഗ്ഗിങ്‌സ് പോലും ധരിക്കാൻ അനുവാദം ഇല്ലാതിരുന്ന ഒരു പതിനേഴ്കാരിയിൽ നിന്നാണ് ഈ അൾട്രാ മോഡേൺ സെല്ഫ് ഞാൻ ഉണ്ടാക്കി എടുത്തത്.

ഇപ്പോൾ മൾട്ടികളർ ചെയ്ത എന്റെ മുടി കണ്ട് ഓഫീസിൽ ഉള്ളവർ ചിലപ്പോൾ അടക്കം പറയാറുണ്ട്. എനിക്ക് അത് വലിയ ഹരമാണ്. അവർ പറയട്ടെ

ഒരു ലൗഡ് ഷെയ്ഡ് ലിപ്പ്സ്റ്റിക്ക് ധരിച്ചാൽ ആങ്ങളമാരും സ്വന്തം അമ്മയും വരെ എന്നെ വഴക്ക് പറയുമായിരുന്നു. സ്വന്തമായി പഠിച്ച് ജോലി നേടി, വിവാഹവും കഴിഞ്ഞ ശേഷമാണ് ഞാൻ ഇന്ന് നിങ്ങൾ കാണുന്ന പോലെ ആയത്. ചുറ്റും ഉള്ളവർ വിലക്കിയത് എല്ലാം ഞാൻ ഓരോന്നായി ചെയ്തു - മുടി വെട്ടി, സ്ട്രെയ്റ്റൻ ചെയ്തു, കളർ ചെയ്തു, മോഡേൺ വസ്ത്രങ്ങൾ ഉപയോഗിക്കാൻ തുടങ്ങി.. ഇപ്പോൾ മൾട്ടികളർ ചെയ്ത എന്റെ മുടി കണ്ട് ഓഫീസിൽ ഉള്ളവർ ചിലപ്പോൾ അടക്കം പറയാറുണ്ട്. എനിക്ക് അത് വലിയ ഹരമാണ്. അവർ പറയട്ടെ, എന്റെ ഇഷ്ടങ്ങൾ നേടി എടുക്കുമ്പോൾ ലഭിക്കുന്ന തൃപ്തിയാണ് എനിക്ക് വലുത്. എനിക്ക് എന്നെ മാത്രമേ ലോകത്ത് തൃപ്തിപ്പെടുത്താൻ ഉള്ളൂ.."

കോളേജ് പ്രഫസർ ആയ നയന ഹരികൃഷ്ണനും ഇതേ അഭിപ്രായമാണ് പറയാനുള്ളത്. "എന്നോട് പലരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ മുടി ചീകുന്നത് എനിക്ക് ചേരില്ല, ആ വസ്ത്രം എനിക്ക് ഭംഗിയില്ല എന്നൊക്കെ. പക്ഷെ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ എനിക്ക് സംതൃപ്തി ഉണ്ടെങ്കിൽ ഞാൻ ആ സ്റ്റൈൽ വീണ്ടും വീണ്ടും സ്വീകരിക്കും. ഞാൻ എന്നെ തന്നെ സന്തോഷിപ്പിക്കാൻ ആണ് ഒരുങ്ങുന്നത്."

പത്രപ്രവർത്തകയായ ഷിജിന കണ്ണൻ ദാസിന്റെ വാക്കുകൾ ഇങ്ങനെ: "ഞാൻ എനിക്ക് സൗകര്യപ്രദം ആയ രീതിയിലേ ഒരുങ്ങാറുള്ളൂ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ കംഫർട്ട് വിട്ട് മറ്റൊരു സ്റ്റൈൽ ഞാൻ സ്വീകരിക്കില്ല. ആദ്യമെല്ലാം മറ്റുള്ളവരോട് ഞാൻ അഭിപ്രായം പറയുമായിരുന്നു. എന്റെ മകൾ വളർന്ന് വരുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്, ഓരോരുത്തരുടെയും മെയ്ക്കപ്പ്, വസ്ത്രം.. അതെല്ലാം അവരുടെ പ്രൈവസി മാത്രമാണ് എന്ന്."

കോർപ്പറേറ്റ് ജീവനക്കാരിയായ അനുപമ വി എം പറയുന്നത് ഇങ്ങനെ: "അമ്മ തീരുമാനിക്കുന്നത് ആയിരുന്നു ഒരു പ്രായം വരെ എന്റെ സ്റ്റൈൽ. വിവാഹശേഷം ആണ് ആദ്യമായി മുടി വെട്ടിയത്. അതിന് ഞാൻ കുടുംബത്തിൽ നിന്ന് മാത്രമല്ല, അയൽക്കാരിൽ നിന്ന് പോലും വഴക്ക് കേട്ടു. മുടി ഇനി വളരുകയില്ല എന്ന് പോലും ആളുകൾ പറഞ്ഞ് പേടിപ്പിച്ചു. പക്ഷെ ആ ഒരു സംഭവം എനിക്ക് പകർന്ന ധൈര്യം വളരെ വലുതാണ്. പിന്നീട് ഞാൻ ആരെയും ബോധിപ്പിക്കാനായി ഒരുങ്ങാറില്ല. എനിക്ക് ഇഷ്ടമുള്ള പോലെ, സൗകര്യമുള്ള പോലെ ഒരുങ്ങാനുള്ള ഊർജ്ജം ഇന്നെനിക്ക് ഉണ്ട്. അത് തന്നെ ഞാൻ എന്റെ മകൾക്കും പകർന്ന് നൽകും."

മെയ്ക്കപ്പ് ധരിക്കുന്നത് യഥാർത്ഥ മുഖം മറയ്ക്കാൻ ആണോ?

ഒരിക്കലും അല്ല. ഏതൊരു ശരാശരി മനുഷ്യനും എളുപ്പം മനസ്സിലാകുന്ന കാര്യമാണ് ഒരു സ്ത്രീക്ക് പർപ്പിൾ നിറത്തിലുള്ള ചുണ്ടും സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന കൺപോളയും ഉണ്ടാകില്ല എന്ന്. നാച്ചുറൽ ലുക്കിന് വേണ്ടി മാത്രമല്ല മനുഷ്യർ മെയ്ക്കപ്പ് ധരിക്കുന്നത്. ആദ്യ നോട്ടത്തിൽ തന്നെ മെയ്ക്കപ്പ് ധരിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയാവുന്ന വിധത്തിൽ ലൗഡ് ആയി തന്നെ കോസ്മെറ്റിക്സ് ഉപയോഗിക്കുന്നത് ബോധപൂർവ്വമാണ്. അതുകൊണ്ട് 'എടീ, ഈ ലിപ്സ്റ്റിക്ക്/ബ്ലഷ്/ ഐഷാഡോ എടുത്ത് കാണിക്കുന്നു. ലേശം തുടച്ച് കള!' എന്ന അടക്കം പറച്ചിൽ ഇനി വേണ്ട. സ്ത്രീകൾ മെയ്ക്കപ്പ് ധരിച്ചും ധരിക്കാതെയും പുറത്തിറങ്ങും. അപ്പോൾ എങ്ങനെ സ്വയം ക്യാരി ചെയ്യാൻ തോന്നുന്നുവോ അതുപോലെ ചെയ്യാനുള്ള പ്രൈവസി മാത്രം അവർക്ക് നിങ്ങൾ നൽകിയാൽ മതി.

"ഇങ്ങനെ പുട്ടി അടിക്കുന്നത് ആണുങ്ങൾക്ക് ഇഷ്ടമല്ല"

'മെയ്ക്കപ്പ് ധരിക്കുന്ന, അഥവാ പുട്ടി അടിക്കുന്ന സ്ത്രീകളെ ആണുങ്ങൾക്ക് ഇഷ്ടമല്ല' എന്ന് പല പുരുഷന്മാരും യാതൊരു മടിയും ഇല്ലാതെ തുറന്ന് പറയാറുണ്ട്. അതിന് ആരാണ് പറഞ്ഞത് ആണുങ്ങളെ ഇഷ്ടപ്പെടുത്താൻ ആണ് സ്ത്രീകൾ ഒരുങ്ങുന്നത് എന്ന്? 'നിങ്ങൾ സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി, ആസ്വദിച്ചാൽ മതി. എനിക്ക് എന്നെ മാത്രമേ തൃപ്തിപ്പെടുത്താൻ ഉള്ളൂ' എന്ന് ഓരോ സ്ത്രീയും ഉറക്കെ പറയുന്നിടത്തേ മെയ്ക്കപ്പിനെ ചുറ്റിപ്പറ്റിയുള്ള ഈ ടാബൂ മാറുകയുള്ളൂ. മെയ്ക്കപ്പ് ധരിക്കുന്ന സ്ത്രീയെയും അത് ധരിക്കാത്ത സ്ത്രീയെയും യാതൊരു വ്യത്യാസവും ഇല്ലാതെ, തുല്യ വ്യക്തികൾ ആയി കാണാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ സാമൂഹ്യ കാഴ്ചപ്പാട് തീർത്തും വികലമാണ്.