Mar 23 • 9M

തൊഴില്‍ നിയമങ്ങള്‍ തോല്‍ക്കും തൊഴിലിടങ്ങള്‍; പുറത്തറിയാതെ പോകുന്ന സ്ത്രീ പീഡനങ്ങൾ

തൊഴിലിടങ്ങളില്‍ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. സ്ത്രീക്കും പുരുഷനും ലഭിക്കുന്ന വേതനത്തില്‍ തുടങ്ങി വേര്‍ത്തിരിവ് പ്രകടമാണ്

Teena Joy
Comment
Share
 
1.0×
0:00
-9:29
Open in playerListen on);
Episode details
Comments

ലോകത്താകമാനം, സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുകയും സ്വയം ഉയരുന്നതോടൊപ്പം കൂടെയുള്ളവരെ ഉയര്‍ത്തികൊണ്ട് വരികയും ചെയ്യുന്നൊരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്. പുരുഷന്മാരെ പോലെ തന്നെ തങ്ങള്‍ക്കും അവകാശങ്ങളുണ്ട്, അത് തങ്ങള്‍ക്ക് വേണം എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ട് കാലങ്ങളായി സ്ത്രീകളെ കെട്ടിയിട്ടിരുന്ന, ഇന്നും കെട്ടിയിടപ്പെടുന്ന അദൃശ്യമായ ചങ്ങലകളെ പിഴുതെറിഞ്ഞ് കൊണ്ട് സ്ത്രീകള്‍ മുന്നോട്ട് കടന്ന് വരുന്നുണ്ട്. ഈ പോരാട്ടവും അതിജീവനവും എളുപ്പമല്ല. അത്ര വേഗത്തില്‍ അവസാനിക്കുന്നതുമല്ല. സ്ത്രീകള്‍ക്ക് ഈ ഭൂമിയില്‍ എവിടേയും ഒരിടമില്ല, സമാധാനത്തോടെ ആരെയും പേടിക്കാതെ പുറത്തേക്കിറങ്ങാന്‍ സാധിക്കുന്നില്ല.

സ്വന്തം വീട്ടിലോ, മുറിയിലോ പോലും അതിക്രമങ്ങളേ പേടിച്ച് ജീവിക്കേണ്ട അവസ്ഥയാണുള്ളത്. അതിനെയെല്ലാം എതിര്‍ത്ത് സധൈര്യം മുന്നോട്ട് പോകുന്ന സ്ത്രീകളെ താറടിക്കാന്‍ അവകാശം ഉള്ളത് പോലെയാണ് സമൂഹത്തിന്റെ പ്രവൃത്തികള്‍. ജോലിക്ക് പോകണോ വേണ്ടയോ, ഏത് ജോലിക്ക് പോകണം തുടങ്ങി ഒരു സ്ത്രീയുടെ വ്യക്തി ജീവിതത്തില്‍ പ്രധാനമായ തീരുമാനങ്ങളൊന്നും തന്നെ എടുക്കാനുള്ള സാഹചര്യം ഇന്നും ഭൂരിഭാഗം സ്ത്രീകള്‍ക്കുമില്ല. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്കും കൂടി ജോലിയുണ്ടെങ്കിലെ കുടുംബം മുന്നോട്ട് പോകുകയുള്ളൂ എന്ന് പറയുന്ന തരത്തിലേക്ക് സമൂഹത്തിന് മാറ്റം ഉണ്ടായിട്ടുണ്ടെങ്കില്‍, അത് സ്ത്രീകള്‍ സ്വതന്ത്രരായിരിക്കണം എന്ന മനസ്ഥിതിയോടെയുള്ളതാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്.

ജോലി ചെയ്യാന്‍ 'അനുവദിക്കുന്നത്' തന്നെ സ്ത്രീകള്‍ക്ക് സ്വാതന്ത്രം കൊടുക്കല്‍ ആണെന്ന് വിശ്വസിക്കുന്നൊരു വിഭാഗം ആളുകള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. ജോലി ചെയ്ത് തുടങ്ങിയാല്‍ സ്വാതന്ത്രം കിട്ടിയെന്ന് ചിന്തിക്കുന്നതിലും അര്‍ത്ഥമില്ല. സ്വന്തം ആവശ്യങ്ങള്‍ക്ക് മറ്റൊരാളുടെ മുന്നില്‍ കൈനീട്ടാതിരിക്കുക എന്ന ലക്ഷ്യമാണ് ഭൂരിഭാഗം സ്ത്രികളേയും വീടിനപ്പുറമുള്ള തൊഴിലുകളിലേക്ക് നയിക്കുന്നത്. ആദ്യമാദ്യം സമ്പാദിച്ച് കൊണ്ട് വരുന്ന വരുമാനം അച്ഛന്റേയോ ഭര്‍ത്താവിന്റേയോ കൈകളില്‍ ഏല്‍പ്പിക്കുന്ന രീതി നിലവിലുണ്ടായിരുന്നു.

ഇന്നും ജോലിക്ക് പോകുന്ന ഭൂരിഭാഗം സ്ത്രീകള്‍ക്കും എന്താണ് സാമ്പത്തിക സ്വാതന്ത്രം എന്ന് അറിയില്ല. ജോലിക്ക് പോകുന്നത് കൊണ്ട് മാത്രം ഒരു സ്ത്രീയും സ്വതന്ത്ര ആകുന്നില്ല എന്നുള്ളതിനുള്ള ഉദാഹരണങ്ങള്‍ ചുറ്റുപാടും കണ്ണോടിച്ചാല്‍ കാണാവുന്നതാണ്

ഇന്നും ജോലിക്ക് പോകുന്ന ഭൂരിഭാഗം സ്ത്രീകള്‍ക്കും എന്താണ് സാമ്പത്തിക സ്വാതന്ത്രം എന്ന് അറിയില്ല. ജോലിക്ക് പോകുന്നത് കൊണ്ട് മാത്രം ഒരു സ്ത്രീയും സ്വതന്ത്ര ആകുന്നില്ല എന്നുള്ളതിനുള്ള ഉദാഹരണങ്ങള്‍ ചുറ്റുപാടും കണ്ണോടിച്ചാല്‍ കാണാവുന്നതാണ്. സ്വന്തമായി വരുമാനം ഉണ്ടാക്കാനും, ആ പണം ചെലവഴിക്കാനും, തന്റേതായ ആവശ്യങ്ങള്‍ നിറവേറ്റാനും സാധിക്കുമ്പോളാണ് ഒരു സ്ത്രീ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നത്.

തൊഴിലിടങ്ങളില്‍ ശാരീരികമായും മാനസികമായും പീഡനങ്ങള്‍ സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ഒരേ സ്ഥാനത്ത് ജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ലഭിക്കുന്ന വേതനത്തില്‍ തുടങ്ങി പെരുമാറ്റങ്ങളിലും പരിഗണനകളിലും വരെ വേര്‍ത്തിരിവ് പ്രകടമാണ്. സ്ത്രീകളുടെ ശാരീരിക അവസ്ഥകളെ പരിഗണിക്കുന്നു എന്ന് വരുത്തി മാന്യത കാണിക്കുന്നവര്‍ സ്ത്രീകളോട് പെരുമാറുമ്പോള്‍ ചെലുത്തേണ്ട മര്യാദകള്‍ പാലിക്കാറുണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്. സ്ത്രീകളെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍, തങ്ങള്‍ എന്തോ കുറഞ്ഞവര്‍ ആണെന്ന രീതിയില്‍ സംസാരിക്കല്‍, ഒരേ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീകളോട് ദേഷ്യത്തില്‍ പെരുമാറുന്നത്, ശാരീരിക ഘടന പറഞ്ഞ് കളിയാക്കുന്നത് തുടങ്ങി പലതരത്തില്‍ മാനസ്സികമായ പീഡനങ്ങള്‍ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ നേരിടേണ്ടി വരുന്നുണ്ട്.

കല്ല്യാണം കഴിഞ്ഞ സ്ത്രീകളെ മാത്രമേ അവിടെ ജോലിക്ക് എടുക്കുകയുള്ളൂ, കാരണമായി അവര്‍ പറഞ്ഞത്, അത്തരം സ്ത്രീകള്‍ എന്ത് ഉണ്ടായാലും അടങ്ങി നിന്നോളുമല്ലോ എന്നാണ്. അവിടെ ജോലി ചെയ്യുന്ന, സഹപ്രവര്‍ത്തകരായ ഒരു ആണിനേയും പെണ്ണിനേയും രണ്ട് വ്യക്തികളായി കാണാന്‍ അവര്‍ക്ക് സാധിക്കാറില്ല

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഈ അടുത്ത് പുറത്തിറങ്ങിയ 'ഫ്രീഡം ഫൈറ്റ്' എന്ന ആന്തോളജി സിനിമയിലെ, കുഞ്ഞില മാസില്ലാമണി സംവിധാനം ചെയ്ത 'അസംഘടിതര്‍' എന്ന ഭാഗത്തില്‍ ഒരു പറ്റം സ്ത്രീ തൊഴിലാളികള്‍ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. തൊഴിലിടങ്ങള്‍ സമ്മാനിക്കുന്ന ദുരിതങ്ങളെ യാതൊരു വിട്ടു വീഴ്ചയും വരുത്താതെ തന്നെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയില്ലാത്ത, ക്യാമറ ആംഗിളിലൂടെ കാണുന്ന അത്ര ഭംഗിയില്ലാത്ത ഒരുപാട് ഫ്രയിമുകള്‍ നമുക്ക് ചുറ്റുപാടും ഉണ്ട്. അത്തരക്കാരെ കാണാന്‍ നമുക്ക് ചുറ്റിലേക്കും ഒന്ന് കണ്ണെറിഞ്ഞാല്‍ മതിയാകും.

അനുഭവങ്ങളല്ല, ദുരനുഭവങ്ങളാണ്

തൃശൂരിലെ പ്രധാനപ്പെട്ട, അതിപ്രശസ്തമായ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന യുവതി, പങ്ക് വെച്ചത് അവര്‍ കടന്ന് പോയ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ അനുഭവങ്ങളുടെ നേര്‍ സാക്ഷ്യമാണ്. ''ഒരു മാസം മാത്രമേ ഞാന്‍ അവിടെ ജോലി ചെയ്തുള്ളൂ. എന്‍ഡ്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കാനായി ഒരു കൊല്ലം ബ്രേക്ക് എടുത്തപ്പോള്‍, പാര്‍ട്ട് ടൈം ആയാണ് അവിടെ ജോലി ചെയ്തിരുന്നത്. അങ്ങേയറ്റം സ്ത്രീ വിരുദ്ധരും സംസ്‌കാരശൂന്യരുമാണ് അവിടുത്തെ മാനേജര്‍മാര്‍. അശ്ലീല ചുവയോടെയുള്ള സംസാരവും അനാവശ്യ നോട്ടങ്ങളും കൊണ്ടായിരുന്നു തുടക്കം. ഇത് വരെ ആരും കേള്‍ക്കാത്ത കാര്യങ്ങള്‍ ഒന്നുമല്ല ഞാന്‍ അവിടെ കേട്ടത്, ആരും മുന്നേ പറയാത്ത കാര്യങ്ങളുമല്ല അവര്‍ പറഞ്ഞത്. പല സന്ദര്‍ഭങ്ങളിലും പലരില്‍ നിന്നും കേട്ട് പരിചയമുള്ള പ്രസ്താവനകളാണ് അവര്‍ പറഞ്ഞിരുന്നത്. പക്ഷെ ഒരുപാട് തവണ കേട്ടതാണെന്ന് വെച്ച് അസഭ്യം, അസഭ്യമല്ലാതാകുന്നില്ലല്ലോ.

കല്ല്യാണം കഴിഞ്ഞ സ്ത്രീകളെ മാത്രമേ അവിടെ ജോലിക്ക് എടുക്കുകയുള്ളൂ, കാരണമായി അവര്‍ പറഞ്ഞത്, അത്തരം സ്ത്രീകള്‍ എന്ത് ഉണ്ടായാലും അടങ്ങി നിന്നോളുമല്ലോ എന്നാണ്. അവിടെ ജോലി ചെയ്യുന്ന, സഹപ്രവര്‍ത്തകരായ ഒരു ആണിനേയും പെണ്ണിനേയും രണ്ട് വ്യക്തികളായി കാണാന്‍ അവര്‍ക്ക് സാധിക്കാറില്ല. അവിടെ ജോലി ചെയ്തിരുന്ന ഒരു ആണ്‍കുട്ടിയേ ചൂണ്ടി, 'നിങ്ങള്‍ തമ്മില്‍ എന്താണ് ബന്ധം' എന്ന് ചോദിച്ചതോര്‍മയുണ്ട്. അവിടെ ജോലി നോക്കിയിരുന്ന മറ്റൊരു പെണ്‍കുട്ടിയോടും ഇതേ ചോദ്യം ഇവര്‍ ചോദിച്ചിട്ടുണ്ട്'.

'നേരത്തെ പറഞ്ഞിരുന്നല്ലോ, ഒരു മാസമേ ഞാന്‍ അവിടെ ജോലി ചെയ്തിട്ടുള്ളൂ. അത് കൊണ്ട് തന്നെ യൂണിഫോം കിട്ടിയിരുന്നില്ല. യൂണിഫോം ഇല്ലാത്തവര്‍ ചുരിദാര്‍ ധരിക്കണം എന്നാണ്. ചുരിദാര്‍ ധരിച്ച് ചെന്നാലും നമ്മുടെ ശരീരത്തില്‍ നിന്ന് ഇവരുടെ കണ്ണ് മാറില്ല. ഷാള്‍ ഉലയുന്നതും മാറി കിടക്കുന്നതും നോക്കുന്നതിനാണോ അവര്‍ ശമ്പളം മേടിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. പലപ്പോളും ഞാന്‍ ചിന്തിച്ചിട്ടുണ്ട്, ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍, അതും അത്യാവശ്യം പേരുള്ള ഒരു സ്ഥാപനത്തില്‍, പാലിക്കേണ്ട മിനിമം മര്യാദ പോലും ഇല്ലാത്തവരെ എന്ത് അടിസ്ഥാനത്തില്‍ ആണ് അവിടെ തുടരാന്‍ അനുവധിക്കുന്നതെന്ന്. പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ തുടങ്ങി.

പരാതിപ്പെട്ടപ്പോള്‍ ഇതൊക്കെ പ്രശ്‌നമാക്കാനുണ്ടോ, അവര്‍ പഴയ ആളുകള്‍ അല്ലേ എന്നാണ് ഈ സ്ഥാപനത്തിന്റെ ഓണര്‍ പറഞ്ഞത്. ഒതുങ്ങി നിന്നാല്‍ മതി, ഇതില്‍ എന്താണ് പ്രശ്‌നം എന്ന നിലക്കാണ് മറ്റുള്ളവര്‍ പ്രതികരിച്ചത്. അതേ, സ്ത്രീകളുടെ അഭിമാനം, മനസമാധാനം, വേവലാധികള്‍, അവര്‍ക്ക് നേരേ ഉണ്ടാകുന്ന നിരവധിയായ അതിക്രമങ്ങള്‍ എല്ലാം അടങ്ങി ഒതുങ്ങി നില്‍ക്കാത്തത് കൊണ്ടാണല്ലോ.., സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഒക്കെ ഒരു പ്രശ്‌നമാണോ, അല്ലേ? ഈ പറഞ്ഞതൊന്നും അവര്‍ക്കൊരു പ്രശ്‌നമായി തോന്നില്ല, കാരണം അവര്‍ തൊഴിലാളികള്‍ അല്ല, സ്ത്രീകളുമല്ല'. യുവതി പറഞ്ഞു.

ഇന്നും പല സ്ത്രീകളും അവിടെ ഒന്നിരിക്കാന്‍ പറ്റാതെ, വൃത്തിയുള്ള ശുചിമുറിയില്ലാതെ, ഇത്തരം ആളുകളുടെ പീഡനങ്ങള്‍ സഹിച്ച് അവിടെ തുടരുന്നുണ്ടാകണം. പ്രിവിലേജുകളില്ലാത്ത, ഗതികേടില്‍ കഴിയുന്ന പല സ്ത്രീകള്‍ക്കും പ്രതികരിക്കാന്‍ കഴിയാതെ പോകുന്നത്, അവരെ പറഞ്ഞ് പഠിപ്പിച്ച ചില ബോധ്യങ്ങളില്‍ പെട്ട് കിടക്കുന്നത് കൊണ്ടാകണം. സഹിക്കണം, ക്ഷമിക്കണം, ഒതുങ്ങണം തുടങ്ങിയ ശിക്ഷണങ്ങള്‍ക്കൊപ്പം പ്രതികരിച്ചാല്‍, പുറത്ത് പറഞ്ഞാല്‍ ജോലി പോകും, പട്ടിണിയാകും എന്ന ചിന്തകള്‍ കൂടിയാകുമ്പോള്‍ ഇത്തരത്തില്‍ ദുരിതജീവിതം നയിക്കാന്‍ വിധിക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഊഹിക്കാന്‍ പറ്റുമോ?

അസംഘടിത മേഖലയുടെ മാത്രം പ്രശ്നമല്ല

സൗഹൃദത്തിന്റെ മേമ്പൊടി ചേർത്താണ് സംഘടിതമേഖലയിൽ സ്ത്രീകൾക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾ ഉണ്ടാകുന്നത്. അത് പലപ്പോഴും മാനസികവും ശാരീരികവുമായ ചൂഷണങ്ങളാകാം. ബോഡി ഷേമിങ് മുതൽ അമിതമായ ജോലികൾ നൽകി പേഴ്‌സണൽ ലൈഫ് ഇല്ലാതാക്കുന്നത് വരെയുള്ള നടപടികൾ സഹപ്രവർത്തകരിൽ നിന്നും ഉണ്ടാകാറുണ്ട്.

കൊച്ചിയിൽ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി നോക്കുന്ന അമൃത പറയുന്നത് ഇങ്ങനെയാണ്.... ''ഞാൻ പഠിച്ചിറങ്ങുമ്പോൾ മികച്ച വരുമാനം ലഭിക്കുന്ന സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ അവസരങ്ങൾ കുറവായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ജോലി കണ്ടെത്തിയത്. വീട്ടിൽ നല്ല പ്രാരാബ്ദമുണ്ട്. അതിനാൽ ജോലി അത്യാവശ്യമാണ്. എന്റെ ജോലിയിൽ ഞാൻ മിടുക്കിയാണ്. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം ഓഫീസ് എന്ന് ഓർത്താൽ എനിക്ക് ബിപി കൂടും. കാരണം സഹപ്രവർത്തകരായ പുരുഷന്മാരുടെ ബോഡി ഷേമിങ് കമന്റുകൾ. അല്പം വണ്ണമുള്ള പ്രകൃതമാണ് എനിക്ക്.

ദിവസവും എന്റെ ശരീരത്തെയും വണ്ണത്തെയും പറ്റിയാണ് സംസാരം. ഒരു ഗ്ളാസ് വെള്ളം കുടിച്ചാൽ, ഒരു ബിസ്കറ്റ് കഴിച്ചാൽ എല്ലാം വണ്ണത്തോട് ചേർത്ത് വായിക്കും. മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ല അവരിൽ നിന്നും . പക്ഷെ ഈ ഒരൊറ്റ കാരണം കൊണ്ട് ജോലി മതിയാക്കി പോരാൻ തോന്നിയിട്ടുണ്ട്

ദിവസവും എന്റെ ശരീരത്തെയും വണ്ണത്തെയും പറ്റിയാണ് സംസാരം. ഒരു ഗ്ളാസ് വെള്ളം കുടിച്ചാൽ, ഒരു ബിസ്കറ്റ് കഴിച്ചാൽ എല്ലാം വണ്ണത്തോട് ചേർത്ത് വായിക്കും. മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമില്ല അവരിൽ നിന്നും . പക്ഷെ ഈ ഒരൊറ്റ കാരണം കൊണ്ട് ജോലി മതിയാക്കി പോരാൻ തോന്നിയിട്ടുണ്ട്. ഇത്തരം അവസ്ഥയുണ്ടാക്കിയ സമ്മർദ്ദം എന്റെ കരിയറിനെയും ആത്മവിശ്വാസത്തെയും വരെ ബാധിച്ചു. എന്ത് സന്തോഷമാണ് ഇതിൽ നിന്നെല്ലാം അവർക്ക് ലഭിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല''

അമൃതയുടെ വിവരണം ഒറ്റപ്പെട്ടതല്ല. ഓഫീസ് അകങ്ങളിൽ നിശബ്ദരായി കളിയാക്കലുകൾ ഏറ്റുവാങ്ങുന്ന മറ്റനേകം അമൃതമാരുടെ പ്രതിനിധിയാണ് ഈ അമൃത. അസംഘടിത മേഖല നേരിടുന്ന പ്രശ്നനങ്ങളിൽ നിന്നും തീർത്തും വിഭിന്നമാണ്‌ സംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നമെന്ന് ഇതിൽ നിന്നും മനസിലാക്കാം

A guest post by
Script Writer: She_is_equal , Historica
Subscribe to Teena