Mar 29 • 7M

പെണ്ണിന്റെ പേഴ്സിൽ പുരുഷന്റെ മാനമുണ്ടോ? സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്താവണം ?

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 സുന്ദര വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ദൗർഭാഗ്യകരമെന്ന് പറയട്ടെ, 'ഭാരതസ്ത്രീകൾ' ഇന്നും എക്കണോമിക് ഫ്രീഡം എന്ന രാഷ്ട്രീയ ശരിയിലേക്ക് എത്തിയിട്ട് പോലുമില്ല

Anagha Jayan E
Comment
Share
 
1.0×
0:00
-6:58
Open in playerListen on);
Episode details
Comments

ഇരുപത്തിയഞ്ചാം വയസ്സിലാണ് ശാരി വിവാഹം കഴിഞ്ഞ് പ്രദീപിന്റെ വീട്ടിൽ എത്തുന്നത്. ചെറുപ്രായത്തിലേ ഗവണ്മെന്റ് ജോലി, 'ഭാര്യക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന' ഭർത്താവ്, പ്രദീപ് സ്വന്തമായി പണിത വീട്ടിലേക്ക് ഗൃഹപ്രവേശം. ഒരു ശരാശരി ഇന്ത്യൻ വിവാഹിതയുടെ സ്വപ്നജീവിതം. സ്വന്തമായി അദ്ധ്വാനിച്ച് പണമുണ്ടാക്കാനും അതിൽ നിന്നൊരു വിഹിതം സ്വന്തം വീട്ടിലേക്ക് കൃത്യമായി അയക്കാനും സാധിക്കുന്നുണ്ടെങ്കിൽ ഒരു പെണ്ണിന് മറ്റെന്ത് വേണ്ടൂ! Financial freedom - അഥവാ 'സാമ്പത്തിക സ്വാതന്ത്ര്യ'ത്തിന്റെ സമൂഹം അംഗീകരിച്ച പരിധിയാണ് ഇത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 സുന്ദര വർഷങ്ങൾ ആഘോഷിക്കുമ്പോൾ, ദൗർഭാഗ്യകരമെന്ന് പറയട്ടെ, 'ഭാരതസ്ത്രീകൾ' ഇന്നും എക്കണോമിക് ഫ്രീഡം എന്ന രാഷ്ട്രീയ ശരിയിലേക്ക് എത്തിയിട്ട് പോലുമില്ല.

അമ്മയ്ക്ക് എന്താ തലച്ചോറില്ലേ?!

എന്താണ് എക്കണോമിക് ഫ്രീഡം? താൻ ഉൾക്കൊള്ളുന്ന സാമ്പത്തിക വ്യവസ്ഥിതി - അത് രാജ്യമാകട്ടെ, ഒരു സ്ഥാപനമാകട്ടെ, കൂട്ടുകുടുംബമാകട്ടെ, അണുകുടുംബമാകട്ടെ - അതിന്റെ സ്ഥിതിയും ലാഭനഷ്ട സൂചികകളും മനസ്സിലാക്കി, അതിനെ പുഷ്ടിപ്പെടുത്താൻ തക്ക രീതിയിൽ തന്റെ കഴിവിനെ, റിസോഴ്‌സിനെ, യുക്തിഭദ്രമായി ഉപയോഗപ്പെടുത്താനുള്ള സ്വാതന്ത്ര്യം. ലളിതമായി പറഞ്ഞാൽ വെറും 'ധനസമ്പാദനം' എന്നതിൽ ഉപരി താൻ ഉൾപ്പെടുന്ന ബജറ്റിനെ കുറിച്ച് വ്യക്തമായ അവബോധത്തോടെ അതിന്റെ പ്ലാനിങ്ങിന്റെ ഭാഗമാക്കുക. ആണും പെണ്ണും ഉൾപ്പെടുന്ന ഒരു കുടുംബത്തിൽ സാമ്പത്തികതീരുമാനങ്ങൾ എടുക്കാവുന്ന പൊസിഷനിലേക്ക് എത്ര വിദ്യാസമ്പന്നരായ സ്ത്രീകൾ തന്നെയും എത്തിച്ചേർന്നിട്ടില്ല എന്നത് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്നു!

സ്ത്രീ തീരുമാനമെടുക്കുക എന്നത് മോശപ്പെട്ട, തരം താഴ്ന്ന ഒരു കുടുംബാന്തരീക്ഷത്തിന്റെ അടയാളമായി ആ ക്ലാസിലെ കുട്ടികളുടെ എല്ലാം മനസ്സിൽ രേഖപ്പെടുത്താൻ ടീച്ചറുടെ ഈ ഒരൊറ്റ ചോദ്യം മതിയായി എന്നത് എടുത്ത് പറയേണ്ടത് ഇല്ലല്ലോ

കോവിഡ്-കാല ലോക്ക് ഡൗണിന്റെ ഭാഗമായി നാലാം ക്ലാസ്സുകാരുടെ ഓൺലൈൻ ക്ലാസ്സിൽ സോഷ്യൽ സയൻസ് ടീച്ചർ ചോദിച്ചു: "കുട്ടികളേ, നമ്മുടെ വീടുകളിൽ തീരുമാനങ്ങൾ എടുക്കുന്നത് ആരാണ്? അതുപോലെ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ആരാണ്?" സംശയം ഏതുമില്ലാതെ ആദ്യത്തെ കുട്ടി മുതൽ പറഞ്ഞു: "തീരുമാനങ്ങൾ എടുക്കുന്നത് അച്ഛൻ. അത് നടപ്പിലാക്കുന്നത് അമ്മ." അഞ്ചാമതോ ആറാമതോ ഉത്തരം പറയാൻ ഊഴം ലഭിച്ച കുട്ടി പറഞ്ഞു: "തീരുമാനങ്ങൾ എടുക്കുന്നത് അമ്മയാണ്. അത് നടപ്പിലാക്കുന്നത് ഞങ്ങൾ എല്ലാവരും ചേർന്നാണ്." ആദ്യ വരി കേട്ടപ്പോഴേ ക്ലാസ് കൂട്ടത്തോടെ ചിരിയായി. ടീച്ചർ ചിരിച്ചുകൊണ്ട് ചോദിച്ചു: "അപ്പോൾ കുട്ടിയുടെ അച്ഛൻ എവിടെയാണ്?"

സ്ത്രീ തീരുമാനമെടുക്കുക എന്നത് മോശപ്പെട്ട, തരം താഴ്ന്ന ഒരു കുടുംബാന്തരീക്ഷത്തിന്റെ അടയാളമായി ആ ക്ലാസിലെ കുട്ടികളുടെ എല്ലാം മനസ്സിൽ രേഖപ്പെടുത്താൻ ടീച്ചറുടെ ഈ ഒരൊറ്റ ചോദ്യം മതിയായി എന്നത് എടുത്ത് പറയേണ്ടത് ഇല്ലല്ലോ.

സ്വന്തം വീട്ടിലോ വിവാഹം കഴിഞ്ഞെത്തുന്ന വീട്ടിലോ മാസവരുമാനം എത്രയാണ്, അത് ആരാണ് വിനിയോഗം ചെയ്യുന്നത്, അതെങ്ങനെ മെച്ചപ്പെടുത്താം എന്നെല്ലാം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയ ഇന്ത്യൻ സ്ത്രീകൾ വളരെ ചുരുക്കമാണെന്ന് നിസ്സംശയം പറയാം. അങ്ങനെ ചോദിച്ചവർക്കൊന്നും അത്ര നല്ല പ്രതികരണമല്ല ലഭിച്ചിട്ടുണ്ടാകുക എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഭർത്താവിന്റെ മാനം പെണ്ണിന്റെ പേഴ്സിൽ!

സ്ഥിരവരുമാനം ഇല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സതി രഘുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രൈവറ്റ് സ്ഥാപനത്തിലെ അക്കൗണ്ടിങ് ജോലിയിൽ നിന്ന് അവൾക്ക് കിട്ടുന്ന രണ്ടായിരത്തി അഞ്ഞൂറ് രൂപയും കൊണ്ട് എല്ലാ മാസവും ഒന്നാം തിയതി നേരത്തെ ചോദിച്ചിറങ്ങി ഒരു നെട്ടോട്ടമുണ്ട് - രഘുവിന്റെ പോക്കറ്റ് വീർപ്പിക്കാൻ. വീട്ടുസാധനങ്ങൾ പണം കൊടുത്ത് വാങ്ങുന്ന ഭർത്താവിനെ നോക്കി ഗമയോടെ നിൽക്കാൻ. "നമ്മുടെ പണം നമ്മുടെ ഭർത്താവിന് അവകാശപ്പെട്ടതല്ലേ.. അതല്ലേ അതിന്റെ ശരി" - നോക്കൂ, എത്ര നിഷ്കളങ്കമായാണ് വ്യവസ്ഥിതി സ്നേഹത്തെ മുതലെടുത്ത് നിലനിൽക്കുന്നതെന്ന്!

ഇങ്ങനെ ഭർത്താവിന്റെ അഭിമാനം പേഴ്‌സിലാക്കി നെട്ടോട്ടം ഓടുന്ന സ്ത്രീകളാണ് താഴെക്കിടയിൽ സമൂഹത്തിന്റെ നെടുംതൂണുകളെ താങ്ങിനിർത്തുന്നത്. കുറി വച്ചും ചിട്ടി പിടിച്ചും അവർ ഉണ്ടാക്കുന്ന പൈസ കൊണ്ടാണ് അടുത്ത തലമുറയുടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നത്.

ഒരു ചെറിയ തെറ്റിനെ പോലും പർവതീകരിച്ച് പരിഹസിക്കുമോ എന്ന് ഭയന്നും സ്വന്തം കഴിവിൽ വിശ്വാസമില്ലാതെയും സാമ്പത്തിക ഉത്തരവാദിത്വങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കുന്ന സ്ത്രീകൾ നമുക്ക് ചുറ്റും ഏറെയുണ്ട്

ഉത്തരവാദിത്വം, തുറിച്ചുനോട്ടം, വെല്ലുവിളി

അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽ പോലും സ്ത്രീകളെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് മുൻവിധികളും വെല്ലുവിളികളുമാണ്. ഒരു ചെറിയ തെറ്റിനെ പോലും പർവതീകരിച്ച് പരിഹസിക്കുമോ എന്ന് ഭയന്നും സ്വന്തം കഴിവിൽ വിശ്വാസമില്ലാതെയും സാമ്പത്തിക ഉത്തരവാദിത്വങ്ങളിൽ നിന്ന് സ്വയം ഒഴിഞ്ഞുനിൽക്കുന്ന സ്ത്രീകൾ നമുക്ക് ചുറ്റും ഏറെയുണ്ട്. ചുമതലകൾ ഏറ്റെടുക്കാനും, ഏറ്റെടുത്ത ചുമതലകൾ എന്ത് പ്രതിസന്ധി നേരിട്ടും മുഴുമിപ്പിക്കാനും, അത് പറ്റാതെ വന്നാൽ തലയുയർത്തി തന്റെ തെറ്റിനെ അംഗീകരിച്ച് സമൂഹത്തെ നേരിടാനും ഉള്ള തന്റേടം സമൂഹം പുരുഷന്മാർക്ക് മാത്രം കല്പിച്ചുകൊടുത്ത പ്രിവിലജ് തന്നെയാണ്. അതിന്റെ പാതയിൽ ഒരു സ്ത്രീ പിച്ചവച്ചാൽ 'എത്രയായാലും അവളൊരു പെണ്ണല്ലേ' എന്ന ആക്ഷേപം സഹിക്കേണ്ടി വരുമെന്നതിൽ സംശയമില്ല.

നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ നിർവചിക്കുക

നിങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തെ ലളിതമായി അളക്കാം. താഴെ കാണുന്ന ചോദ്യങ്ങളിൽ എത്ര പോസിറ്റിവ് ഉത്തരങ്ങൾ ലഭിക്കുന്നു എന്ന് മാത്രം ശ്രദ്ധിച്ച് സ്വയം വിലയിരുത്തൽ നടത്തൂ..

1. നിങ്ങൾ സ്വന്തമായി തൊഴിൽ ചെയ്ത് പണം സമ്പാദിക്കുന്നുണ്ടോ?

2. നിങ്ങൾ സമ്പാദിക്കുന്ന പണത്തിന്റെ കണക്ക് സ്വകാര്യമായി സൂക്ഷിക്കുന്നുണ്ടോ?

3. നിങ്ങളുടെ വരുമാനത്തിന് വ്യക്തമായ അലോക്കേഷൻ നിങ്ങൾ നിശ്ചയിച്ചിട്ടുണ്ടോ?

4. നിങ്ങൾ സമ്പാദിക്കുന്ന പണം മാനേജ് ചെയ്യാൻ മറ്റൊരാളെയും - പങ്കാളിയെ പോലും - നിങ്ങൾ അനുവദിക്കാതിരിക്കുന്നുണ്ടോ?

5. നിങ്ങളുടെ കുടുംബത്തിന്റെ വരുമാനം, അതിന്റെ സ്രോതസ്സ് എന്നിവയെ കുറിച്ച് വ്യക്തമായ ബോധ്യം നിങ്ങൾക്ക് ഉണ്ടോ?

6. നിങ്ങളുടെ പണം കുടുംബത്തിൽ മറ്റൊരാൾക്ക് കൈമാറുന്നതിന് മുൻപ് അതിന്റെ ഉപയോഗം, തിരിച്ച് ലഭിക്കാനുള്ള സാധ്യത എന്നിവയെ കുറിച്ച് നിങ്ങൾ അന്വേഷിക്കാറുണ്ടോ?

7. നിങ്ങളുടെ പങ്കാളിയുടെ വരുമാനത്തെ കുറിച്ചും അതിന്റെ വിനിയോഗത്തെ കുറിച്ചും നിങ്ങൾ ബോധവതിയാണോ?

8. നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചോദ്യങ്ങളോ കുറ്റബോധമോ നേരിടാതെ ഇഷ്ടമുള്ള തുക ഉപയോഗിക്കാൻ സാധിക്കാറുണ്ടോ?

9. നിങ്ങൾക്ക് ദീർഘകാല നിക്ഷേപങ്ങൾ ഉണ്ടോ?

10. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സുതാര്യവും ജനകീയവുമായ ചർച്ച വീട്ടിൽ നടക്കാറുണ്ടോ?

ഇവയിൽ എല്ലാത്തിനും വേണ്ട, ഏതെങ്കിലും ഒന്നിന് നിങ്ങൾക്ക് നെഗറ്റിവ് ഉത്തരം ലഭിച്ചു എങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ കുറിച്ച് പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചു എന്നുവേണം പറയാൻ.