Dec 10, 2021 • 10M

വല്ല കുടുംബത്തിലേക്കും പോകേണ്ടവൾ', 'കെട്ടിക്കയറി വന്നവൾ' എവിടെയാണ് സ്ത്രീയുടെ അസ്തിത്വം ?

ജനിച്ച നാൾ മുതൽ ഒരു പെൺകുട്ടിയെ വീട്ടുകാർ ചട്ടം പഠിപ്പിക്കുന്നത് 'വല്ല വീട്ടിലും കയറി ചെല്ലേണ്ട പെണ്ണ്' എന്ന ലേബൽ കൊണ്ടാണ്. വിവാഹശേഷം 'കയറിവന്ന പെണ്ണ്' എന്നപേരിൽ നിർത്തപ്പെടുകയും ചെയ്യും

Anagha Jayan E
Comment
Share
 
1.0×
0:00
-10:26
Open in playerListen on);
Episode details
Comments

സ്ത്രീ സമത്വത്തിനായി ലിംഗഭേദമെന്യേ മനുഷ്യർ ഘോരഘോരം പ്രസംഗിക്കുന്ന കാലത്തും സ്ത്രീ സ്വന്തം കുടുംബത്തിൽ പോലും രണ്ടാം തരക്കാരി ആണോ? താമസിക്കുന്ന വീടിന് നിയമപരമായ അവകാശം ഇല്ലാതെ, സ്നേഹബന്ധങ്ങളുടെ പേരിൽ മാത്രം ജീവിതം തള്ളിനീക്കുന്നവരാണ് ഈ നാട്ടിലെ സ്ത്രീകളിൽ ഏറിയ പങ്കും. പിറന്നുവീഴുന്ന നാൾ മുതൽ ഒരു പെൺകുട്ടിയെ വീട്ടുകാർ ചട്ടം പഠിപ്പിക്കുന്നത് 'വല്ല വീട്ടിലും കയറി ചെല്ലേണ്ട പെണ്ണ്' എന്ന ലേബൽ ഒട്ടിച്ചുകൊണ്ടാണ്. വിവാഹശേഷം 'കയറിവന്ന പെണ്ണ്' എന്ന പേരിൽ പ്രധാന കാര്യങ്ങളിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെടുകയും ചെയ്യും. ഈ രീതിയിൽ വിവേചനം നേരിടേണ്ടവരാണോ സ്ത്രീകൾ? സ്ത്രീകൾ തന്നെ അതിനുത്തരം പറയുന്നു.

'വല്ല കുടുംബത്തിലേക്കും കയറിച്ചെല്ലേണ്ടവൾ'

സംരംഭകയും 'ഇമ്പ്രസ' എന്ന സാമൂഹ്യസംരംഭകത്വ പ്രോജക്ടിന്റെ സിഇഓ-യുമായ അഞ്ജലി ചന്ദ്രൻ ഈ വിഷയത്തിൽ അഭിപ്രായപ്പെടുന്നത് ഇങ്ങനെ:

"സ്ത്രീ നിന്ദിക്കപ്പെടേണ്ടവളാണ്, രണ്ടാംതരക്കാരിയാണ് തുടങ്ങിയ രണ്ടാം കിട നിലപാടുകൾ സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്നതും പലപ്പോഴും സ്ത്രീകൾ തന്നെയാകും. അത് സ്വന്തം വീട്ടിൽ ആണെങ്കിലും വിവാഹം കഴിഞ്ഞെത്തുന്ന വീട്ടിൽ ആണെങ്കിലും. പെൺകുട്ടിയെ വിവാഹക്കമ്പോളത്തിലേക്ക് ഉള്ള ചരക്കായിട്ട് ആണ് വളർത്തിയെടുക്കുക തന്നെ. ഭാഗ്യവശാൽ രണ്ട് സഹോദരന്മാർ ഉണ്ടായിട്ടും എനിക്ക് അത്തരം തിക്താനുഭവങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ല. അതുപോലെ പുരോഗമനപരമായ നിലപാടുകൾ സ്വീകരിക്കുന്ന കുടുംബങ്ങൾ കേരളത്തിൽ ഉണ്ട് എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നു.

സ്വന്തം പെൺകുട്ടിയുടെ സ്ഥാനം സുരക്ഷിതം ആക്കാൻ വേണ്ടി വന്നു കയറിവൾ എന്ന ലേബലിട്ട് മരുമകളുടെ സമാധാനം നശിപ്പിക്കുന്ന സ്ത്രീകളനവധിയാണ്. നല്ല ഭക്ഷണം പോലും നൽകാതെ ജോലിക്കാരിയായി വീട്ടിൽ വിവാഹം കഴിഞ്ഞെത്തിയ വീട്ടിൽ ജീവിക്കേണ്ടി വരുന്ന ഉന്നത ഉദ്യോഗസ്ഥർ ആയ സ്ത്രീകൾ പോലും ഒട്ടനവധി ഉണ്ട്. വിദ്യാഭ്യാസമോ സാമ്പത്തിക സുരക്ഷയോ ഉണ്ടായിട്ടും സ്ത്രീയായതു കൊണ്ട് സ്വന്തം അഭിപ്രായം തുറന്നു പറയാനും തീരുമാനം നടപ്പിലാക്കാനും പറ്റാത്തവരാണ് ഭൂരിഭാഗവും."

സമൂഹത്തിൽ സ്ത്രീകൾ രണ്ടാംതരക്കാർ ആണെങ്കിലും നിയമത്തിന് മുന്നിൽ എന്നും ഒന്നാംതരക്കാർ ആണ് സ്ത്രീകൾ. ആ സത്യം പല സ്ത്രീകൾക്കും അറിയില്ല. അറിഞ്ഞാലും അത് ഉപയോഗിക്കുകയുമില്ല. പക്ഷെ മാറിയ കാലത്ത് പുത്തൻ തലമുറയിലെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നത് ആശാവഹമായ മാറ്റമാണ്

പഠിക്കാൻ എത്ര തന്നെ മിടുക്കിയാണെങ്കിലും 'ഇറങ്ങി പോകേണ്ടവൾ' എന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കപ്പെടുന്ന അവസ്ഥ എന്ത് ഭീകരമാണ്! തമാശ രൂപേണ എങ്കിലും പെണ്മക്കളോട് ഇത് പറയാത്ത അച്ഛനമ്മമാർ ഈ നാട്ടിൽ കുറവാണ്.

വിവാഹം കഴിഞ്ഞാൽ സ്ത്രീ പുരുഷനൊപ്പം അയാളുടെ വീട്ടിൽ കഴിയണം എന്നത്പുരുഷ കേന്ദ്രീകൃത വ്യവസ്ഥയുടെ ഒരു പരിണിത ഫലം മാത്രമാണ്. ഇന്നും ചോദ്യം ചെയ്യപ്പെടാതെ മുന്നോട്ട് പോകുന്ന ഒരു അനാചാരം കൂടിയാണ് ഇത്. പഠിച്ച് ജോലി വാങ്ങി സ്വന്തം വരുമാനത്തിൽ ജീവിക്കുന്ന ഒരു സ്ത്രീ, അതേ സ്റ്റാറ്റസിൽ പെട്ട ഒരു പുരുഷനെ വിവാഹം ചെയ്‌താൽ അയാളുടെ കുടുംബത്തിലേക്ക് പറിച്ച് നടപ്പെടണം എന്നത് ചോദ്യം ചെയ്യപ്പെടേണ്ട ഒരു വ്യവസ്ഥിതി തന്നെയാണ്.

വിവാഹിതരായ രണ്ടുപേർ തങ്ങളുടെ സ്വകാര്യ വസതിയിൽ താമസമാക്കുക എന്ന സമ്പ്രദായം ഇന്നും ഈ നാട്ടിൽ ആർഭാടമാണ്. അതുകൊണ്ട് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നത് എന്നും സ്ത്രീ തന്നെയും.

'കെട്ടി കയറി വന്നവൾ'

സ്ത്രീകൾ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളെ കുറിച്ച് മുംബൈ ടാറ്റ ഇൻസ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ റിസർച് ചെയ്യുന്ന സാമൂഹ്യ പ്രവർത്തക ഭവ്യ എം. കെ പറയുന്നത് ഇങ്ങനെ:

ഭർതൃഗൃഹത്തിൽ സ്ത്രീ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം വിവരിക്കാവുന്നതിൽ അധികമാണ്. പുതിയ അന്തരീക്ഷത്തോട് പൊരുത്തപ്പെട്ടും വിട്ടുവീഴ്ചകൾ ചെയ്തുമുള്ള ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങൾ വേറെ. കുടുംബകാര്യങ്ങളിൽ ഗൗരവതരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ വരെ 'വന്ന് കയറിയവർ അഭിപ്രായം പറയണ്ട' എന്ന് തെളിഞ്ഞും മറഞ്ഞും പറയുന്ന കുടുംബങ്ങൾ നിരവധിയാണ്.

മറ്റ് കുടുംബാംഗങ്ങളെ പോലെ, താൻ കുടുംബത്തിന്റെ ഉന്നമനത്തിനായി ശാരീരികമായും മാനസികമായും സാമ്പത്തികമായും കഷ്ടപ്പെടുമ്പോഴും ജീവിക്കുന്ന മണ്ണിൽ പോലും തനിക്ക് അവകാശമില്ല എന്ന ഉത്തമബോധ്യം സ്ത്രീകൾക്ക് ഉണ്ട്. അച്ഛന്റെയോ സഹോദരന്റെയോ ഭർത്താവിന്റെയോ അയാളുടെ അച്ഛന്റെയോ പേരിലുള്ള വീട്ടിൽ ആയിരിക്കും ഈ നാട്ടിലെ ഭൂരിഭാഗം സ്ത്രീകളും ജീവിക്കുന്നത്. താൻ താമസിക്കുന്ന വീടിന്റെ നിയമപരമായ അവകാശത്തിൽ തനിക്കും ഒരു അംശം വേണമെന്ന് ഒരു സ്ത്രീ പറഞ്ഞാൽ അവളോളം അഹങ്കാരി ആ നാട്ടിൽ വേറെ ഇല്ലെന്ന് മുദ്ര കുത്തപ്പെടും!

ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും ഉണ്ടെങ്കിൽ സ്ത്രീകളുടെ സാമൂഹ്യസുരക്ഷ വർദ്ധിക്കും എന്നാണ് പൊതുവിൽ ഉള്ള വിശ്വാസം. എന്നാൽ ഈ പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ അതൊരു അന്ധവിശ്വാസം മാത്രമാണ് എന്ന് പറയേണ്ടി വരും. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിട്ടാൽ വരെ "അതൊക്കെ നിന്റെ വീട്ടിൽ പോയി പറ. ഇതെന്റെ വീടാണ്. ഇവിടെ ഇതൊന്നും നടക്കില്ല" എന്നുപറയുന്ന പുരുഷന്മാരാണ് അധികവും. ആ ഒരൊറ്റ വാചകം സ്ത്രീക്ക് സമ്മാനിക്കുന്ന അന്യതാബോധം ചെറുതല്ല. നിർണ്ണായകമായ വിഷയങ്ങളിൽ സ്ത്രീകളുടെ അഭിപ്രായം പോലും ആരായാത്ത കുടുംബങ്ങൾ ആണ് നാട്ടിൽ കൂടുതലും.

പെൺമക്കൾക്ക് കുടുംബസ്വത്തിന്റെ ഓഹരി കുറച്ച് നൽകുന്ന കുടുംബങ്ങൾ ഇന്നും ഈ നാട്ടിൽ ഒട്ടനവധിയാണ്. ആൺമക്കൾ ഉള്ള പുരുഷന്മാർക്ക് കൂടിയ പങ്കും പെണ്മക്കൾ ഉള്ള പുരുഷന്മാർക്ക് കുറഞ്ഞ പങ്കും നൽകുന്ന കരണവർമാർ വരെ ജീവിച്ചിരിക്കുന്നു

വീട് എന്നത് ഒരു വ്യക്തി മാനസികമായും ശാരീരികമായും ഏറ്റവും സുരക്ഷിതമായി, സുഖകരമായി ഇരിക്കേണ്ട സ്ഥലമാണ്. 'I am imperfect at my home' എന്നതാണല്ലോ ഈ ദിവസങ്ങളിലെ ഏറ്റവും ട്രെൻഡിങ് ആയ വാചകം തന്നെ. അത് പുരുഷന്മാർക്ക് മാത്രം പറയാൻ സാധിക്കുന്ന ഒന്നാണ്. സ്ത്രീകൾ imperfect ആയാൽ നഷ്ടപ്പെടുക പുരുഷന്മാരുടെ കംഫർട്ട് സോണുകൾ ആണ്. ജനിച്ച് വീഴുന്ന നാൾ മുതൽ ഇത് നിന്റെ വീടല്ല, നീ പടിയിറങ്ങേണ്ടവൾ ആണ് എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സ്ത്രീകൾക്ക് എവിടെയാണ് സ്വന്തമായി ഒരു വീട്?

സ്ത്രീകൾ വിദ്യാഭ്യാസപരമായോ സാമൂഹികമായോ എത്ര ഉയർന്നാലും 'അവൾ നല്ലവണ്ണം കുടുംബം നോക്കുമോ, വല്ലതും വച്ചുണ്ടാക്കുമോ' തുടങ്ങിയ ചോദ്യം കൊണ്ടേ സമൂഹം അളക്കൂ. അതിനായി ചെറുപ്പം മുതലേ അമ്മയുടെ കൈയാൾ ആയി പെൺകുട്ടികളെ അടുക്കളയിൽ പ്രതിഷ്ഠിക്കും. ഉത്തരേന്ത്യയിൽ സ്ത്രീയുടെ വീട് എന്ന് പറയാൻ ഒരു വാക്ക് പോലുമില്ല. ഒന്നുകിൽ 'മായിക്കാ' / മാ കി ഘർ അഥവാ അമ്മയുടെ വീട്. അല്ലെങ്കിൽ സസുരാൽ അഥവാ ഭർതൃഗൃഹം. കൃത്യമായും പുരുഷാധിപത്യം അടിച്ചേൽപ്പിക്കുന്ന ഭാഷകൾ പോലുമാണ് നമുക്കുള്ളത്."

''എന്ത് പ്രശ്നം വന്നാലും ആണുങ്ങൾ നോക്കിക്കൊള്ളും!''

തൃശ്ശൂർ സ്വദേശിനിയാണ് ഉഷ. ഉന്നത ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ ഭാര്യ. രണ്ട് മക്കൾ - രണ്ടുപേരും എൻജിനീയർമാർ. ടൗണിലെ ഇരുനില വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ജീവിതം. പക്ഷെ ഒരു ചോദ്യത്തിന് മുന്നിൽ അവർക്ക് ഉത്തരം മുട്ടി: 'നിങ്ങളുടെ പേരിലുള്ള വസ്തുക്കൾ എണ്ണമിട്ട് പറയാമോ?' ശരി, വസ്തുക്കൾ വേണ്ട, വീട്ടിലെ കേബിൾ കണക്ഷൻ, ഉപയോഗിക്കുന്ന സിം കാർഡ്.. അങ്ങനെ എന്തെങ്കിലും? ഒന്നുമില്ല! 30 വർഷത്തെ ദാമ്പത്യ ജീവിതത്തിന് പുറമെ യാതൊന്നും അവർ സമ്പാദിച്ചിട്ടില്ല.

ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉഷ പറഞ്ഞത് ഇങ്ങനെയാണ്: "അതിപ്പൊ എല്ലാ വീട്ടിലും അങ്ങനെ അല്ലെ.. അവർ അല്ലെ പണം സമ്പാദിക്കുന്നത്.. അപ്പൊ കാര്യങ്ങൾ ഒക്കെ അവരുടെ പേരിൽ അല്ലേ ആകേണ്ടത്.. ഇനി നമ്മൾ സമ്പാദിച്ചാലും ആണുങ്ങളുടെ പേരിലാണ് കടലാസുകൾ എങ്കിൽ കാര്യങ്ങൾക്ക് ഒരു ഉറപ്പുണ്ടല്ലോ. പിന്നെ നമുക്ക് ഇതിന്റെ കാര്യങ്ങൾക്ക് പോയി ഒപ്പിടാനും ഒന്നും മെനക്കെടണ്ടല്ലോ.. എന്തെങ്കിലും പ്രശ്നം വന്നാലും അവർ നോക്കിക്കോളും."

സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം പോലും പണയം വച്ച് കുടുംബബന്ധങ്ങൾ നിലനിർത്തുന്ന നാട്ടിൽ ഏറ്റവും കൂടുതൽ നിയമങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി ആണെന്നതാണ് വൈരുധ്യം

നോക്കൂ.. എത്ര കൃത്യമായിട്ടാണ് പുരുഷകേന്ദ്രീകൃത സമൂഹം സ്ത്രീകളുടെ മനസ്സിനെ പാകപ്പെടുത്തി വച്ചിരിക്കുന്നത്!! ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പോലും ഭയക്കുന്ന ഒരു മൃദുല സമൂഹമായി നമ്മുടെ പെണ്ണുങ്ങളെ മാറ്റിയത് ഈ വ്യവസ്ഥിതി തന്നെയാണ്.

ഒന്ന് ഓർത്ത് നോക്കിയാൽ നമ്മുടെ ഓരോരുത്തരുടേയും വീട്ടിൽ സ്ത്രീകളുടെ അവസ്ഥ ഇതൊക്കെ തന്നെയല്ലേ? വീട്, വീട്ടിലെ ഗ്യാസ് കണക്ഷൻ, സിം കാർഡ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങി വാഹനം വരെ പുരുഷന്മാരുടെ പേരിൽ ആയിരിക്കും. ജോലിയും വരുമാനവും ഉള്ള സ്ത്രീകളുടെ വീടുകളിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ അത് ഇല്ലാത്തവരുടെ കാര്യം എടുത്ത് പറയണോ?!

വലിയ വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്ന ഒരു വീട്ടമ്മയോട് ചോദിച്ചാൽ അവരുടെ പേരിൽ ഒരു കച്ചിത്തുരുമ്പ് പോലും ആ വീട്ടിൽ ഇല്ലെന്ന് കാണാം. താമസിക്കുന്ന വീടും സഞ്ചരിക്കുന്ന വാഹനവും മുതൽ ഇന്റർനെറ്റ് കണക്ഷൻ വരെ ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ ആയിരിക്കും. ആകെ സ്വന്തമായി ഉണ്ടാകുക സ്വന്തം വീട്ടിൽ നിന്ന് ഭാഗമായി ലഭിച്ച വസ്തുവാണ്. അത് പോലും സ്വന്തം ഇഷ്ടപ്രകാരം ക്രയവിക്രയം ചെയ്യാൻ സ്ത്രീകൾക്ക് അനുവാദം കാണില്ല.

നിയമം കൈത്താങ്ങ് ആയുണ്ട്

സ്ത്രീകൾ തങ്ങളുടെ വ്യക്തിത്വം പോലും പണയം വച്ച് കുടുംബബന്ധങ്ങൾ നിലനിർത്തുന്ന നാട്ടിൽ ഏറ്റവും കൂടുതൽ നിയമങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത് സ്ത്രീകളുടെ സുരക്ഷയെ മുൻനിർത്തി ആണെന്നതാണ് വൈരുധ്യം. എറണാകുളം ഹൈകോടതിയിലെ അഭിഭാഷകനായ ശ്രീവത്സകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ:

"സമൂഹത്തിൽ സ്ത്രീകൾ രണ്ടാംതരക്കാർ ആണെങ്കിലും നിയമത്തിന് മുന്നിൽ എന്നും ഒന്നാംതരക്കാർ ആണ് സ്ത്രീകൾ. ആ സത്യം പല സ്ത്രീകൾക്കും അറിയില്ല. അറിഞ്ഞാലും അത് ഉപയോഗിക്കുകയുമില്ല. പക്ഷെ മാറിയ കാലത്ത് പുത്തൻ തലമുറയിലെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ ഉപയോഗപ്പെടുത്തുന്നു എന്നത് ആശാവഹമായ മാറ്റമാണ്.

പെൺകുട്ടികളെ എങ്ങനെ വളർത്തുന്നു എന്നത് തന്നെയാണ് ഒരു തരത്തിൽ പറഞ്ഞാൽ പിന്നീടുള്ള അവരുടെ ജീവിതം തീരുമാനിക്കുന്നത്. അവകാശങ്ങളും നിയമ പരിരക്ഷയും എല്ലാം ബോധ്യപ്പെടുത്തി ലിംഗവിവേചനം ചെലുത്താതെ കരുത്തുറ്റ പൗരന്മാർ ആക്കി വേണം അവരെ വളർത്താൻ. ഇറങ്ങി പോകേണ്ടവർ എന്ന് പറഞ്ഞ് പഠിപ്പിച്ചുകൊണ്ടല്ല. ഈ ചിന്താഗതിയിൽ ചെറിയ മാറ്റമെങ്കിലും ഇക്കാലത്ത് വരുന്നുണ്ട്.സ്ത്രീകൾ തങ്ങൾക്ക് അവകാശപ്പെട്ട സ്വത്ത് സ്നേഹബന്ധങ്ങൾ തകരുമെന്ന ഭയത്താൽ ചോദിച്ച് വാങ്ങുന്നില്ല എന്നത് ഒരു പരിധി വരെ ശരിയാണ്. പക്ഷെ നിയമങ്ങൾ ദുർവിനിയോഗം ചെയ്ത് രണ്ട്‍ കുടുംബങ്ങൾക്കും വലിയ വിനാശം വരുത്തി വയ്ക്കുന്ന സ്ഥിതിവിശേഷവും ഇക്കാലത്ത് കണ്ടുവരുന്നുണ്ട്."

പെൺമക്കൾക്ക് കുടുംബസ്വത്തിന്റെ ഓഹരി കുറച്ച് നൽകുന്ന കുടുംബങ്ങൾ ഇന്നും ഈ നാട്ടിൽ ഒട്ടനവധിയാണ്. ആൺമക്കൾ ഉള്ള പുരുഷന്മാർക്ക് കൂടിയ പങ്കും പെണ്മക്കൾ ഉള്ള പുരുഷന്മാർക്ക് കുറഞ്ഞ പങ്കും നൽകുന്ന കരണവർമാർ വരെ ജീവിച്ചിരിക്കുന്നു! ലിംഗവിവേചനം പ്രാണവായു പോലെ, നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നതിലും ആഴത്തിൽ ഈ സമൂഹത്തിൽ വേരുറച്ചിരിക്കുകയാണ്.

ഇക്കാണുന്നതെല്ലാം ഇന്നത്തെ സമൂഹം സ്ത്രീകളോട് കാണിക്കുന്ന രണ്ടാം തരം സമീപനത്തിന്റെ നേർചിത്രമാണ്. മറിച്ച്, സ്വന്തം പേരിൽ വസ്തുവകകൾ സമ്പാദിക്കുന്ന സ്ത്രീകളുണ്ടെങ്കിൽ അതിനെ ഭാഗ്യമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. മാറ്റം ആരംഭിക്കേണ്ടത് നമ്മൾ ഓരോരുത്തരിലും നിന്നുമാണ്.