Mar 3 • 10M

സമത്വം , സംരംഭകത്വം, സാഹോദര്യം - ആഫ്രിക്കയുടെ ഭാവി ഇനി സ്ത്രീകളുടെ കൈകളിൽ..

ഏറ്റവും കൂടുതൽ സ്ത്രീ സംരംഭകർ ഉള്ള പ്രദേശമാണ് ഉപസഹാറൻ ആഫ്രിക്ക. സ്വയം തൊഴിൽ എന്താണ്, അതിന്റെ ആവശ്യകത എന്താണ് എന്നൊന്നും ആഫ്രിക്കയിലെ സ്ത്രീകളെ പഠിപ്പിക്കേണ്ട കാര്യമില്ല

Anagha Jayan E
Comment
Share
 
1.0×
0:00
-9:42
Open in playerListen on);
Episode details
Comments

ലോകത്ത് ഏറ്റവും കൂടുതൽ സംരംഭകർ ഉള്ള നാട്! കൃഷിക്ക് പുറമെ 42 ശതമാനം ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്തിയ രാജ്യം.. എന്നിട്ടും ആഫ്രിക്കയെ വികസനത്തിന്റെ പാതയിൽ പുറകോട്ട് വലിക്കുന്നത് എന്താണ്? എന്തുകൊണ്ട് ആണ് ഇത്രയേറെ സംരംഭകർ ഉണ്ടായിട്ടും രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടാത്തത്?!

ഈ ചോദ്യത്തിനുള്ള ഉത്തരം മൂന്ന് 'സ'കളിൽ ആണ് - സമത്വം, സംരംഭകത്വം, സാഹോദര്യം. ലിംഗ, വർഗ്ഗ, സാമൂഹ്യ സമത്വങ്ങളിൽ അടിയുറച്ച സംരംഭങ്ങൾക്ക് സഹോദര്യത്തോടെ വർത്തിക്കാവുന്ന ഒരു നാട് എന്ന നിലയിലേക്ക് ആഫ്രിക്ക ഉയരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലേക്കുള്ള ആദ്യ പടി ആണ് 'പ്രോഫിറ്റിങ് ഫ്രം പാരിറ്റി' അഥവാ 'ആദായം സമത്വത്തിൽ നിന്നും' എന്ന പേരിൽ ഉള്ള വേൾഡ് ബാങ്ക് പഠന റിപ്പോർട്ട്.

സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതും

സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്ന ജോലികൾ ഉപസഹാറൻ ആഫ്രിക്കയിൽ നന്നേ കുറവാണ്. അതുകൊണ്ടാണ് സ്ത്രീ പുരുഷ ഭേദമെന്യേ ജനങ്ങൾ സ്വയംതൊഴിൽ കണ്ടെത്താൻ ഇറങ്ങി തിരിക്കുന്നതും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്ത്രീ സംരംഭകർ കൂടുതൽ ഉള്ള മേഖല ആണിത്. കഴിവോ തൊഴിൽ വൈദഗ്ധ്യമോ ഉണ്ടായിട്ടല്ല, മറിച്ച് വരുമാനമാർഗ്ഗം തേടിയും കുടുംബത്തെ പിന്തുണയ്ക്കാൻ വേണ്ടിയും ആണ് സ്ത്രീകൾ സംരംഭങ്ങൾ തുടങ്ങുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഒരു നഗരത്തിനപ്പുറം, ആ സംരംഭങ്ങൾ വളരാറുമില്ല.

കുടുംബം, സാമൂഹ്യ സുരക്ഷ, ശിശു പരിപാലനം എന്നിവ മുൻനിർത്തി ഒരു പരിധിക്ക് അപ്പുറം തങ്ങളുടെ സംരംഭങ്ങൾ വളർത്താൻ സ്ത്രീകൾ ശ്രമിക്കാറില്ല എന്നത് മറ്റൊരു യാഥാർഥ്യം. ഈ വസ്തുതകൾ എല്ലാം ആഫ്രിക്കയിലെ ഏതൊരു മാർക്കറ്റ് കണ്ടാലും എളുപ്പം മനസ്സിലാകും. വ്യാപാര സ്ഥാപനങ്ങൾ കൈകാര്യം ചെയുന്നത് മുതൽ ചന്തയിൽ കച്ചവടം ചെയ്യുന്നതിൽ വരെ സ്ത്രീകൾ ആണ് മുൻപന്തിയിൽ. പുരുഷന്മാരുടെ തൊഴിലുകളെയും സംരംഭങ്ങളെയും അപേക്ഷിച്ച് സ്ത്രീകളുടെ സംരംഭങ്ങൾ ആണ് സമൂഹത്തിൽ സുസ്ഥിരമായി നിലനിൽക്കുകയും ജനങ്ങൾക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നത് താനും. എന്തുകൊണ്ട് ആണ് ഇത്തരം ഒരു വ്യത്യാസം?

ആഫ്രിക്കയിലെ വനിതകളെ സംരംഭകത്വത്തിൽ പുറകോട്ട് വലിക്കുന്ന പ്രധാന കാരണങ്ങൾ ആയി വേൾഡ് ബാങ്ക് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നവ കൂടുതലും സാമൂഹ്യവും ലിംഗാധിഷ്ഠിതവും ആണ്. പല ആഫ്രിക്കൻ രാജ്യങ്ങളിലും സ്ത്രീകൾക്ക് വ്യാപാര ഉടമ്പടികൾ ഒപ്പ് വയ്ക്കാനോ വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം കൈവശപ്പെടാനോ, എന്തിന്- ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ വരെ നിയമം അനുവദിക്കുന്നില്ല.

പരമ്പരാഗത സ്വത്ത് അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലും നില നിൽക്കുന്നത്

പരമ്പരാഗത സ്വത്ത് അവകാശം പോലും സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് പല ആഫ്രിക്കൻ രാജ്യങ്ങളിലും നില നിൽക്കുന്നത്. ഭരണഘടന ഉറപ്പ് വരുത്തുന്ന 'തുല്യ അവസരങ്ങൾ' തുല്യ സാമ്പത്തിക അവസരങ്ങൾ എന്ന് തിരുത്തി വായിക്കണം എങ്കിൽ ഈ ഭരണഘടന തന്നെ മാറ്റി എഴുതേണ്ട അവസ്ഥയാണ്. ഔദ്യോഗിക വിവരങ്ങൾ പരിശോധിച്ചാൽ ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ വെറും മൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ് ലിംഗ വിവേചനം തടയാനുള്ള നിയമങ്ങൾ പോലും നിലവിൽ ഉള്ളത് എന്ന് മനസ്സിലാക്കാം.

സ്ത്രീകൾക്ക് മേലുള്ള അതിക്രമങ്ങൾ ഇന്നും പല ആഫ്രിക്കൻ രാജ്യങ്ങളിലും നിയന്ത്രണാതീതം ആണ്. സാമ്പത്തിക സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ സാമൂഹ്യ സമത്വം എന്ന അടിസ്ഥാനപരം ആയ കടമ്പ മറന്നു കൂടാ. മത്സരാധിഷ്ഠിതം ആയ വ്യാപാര സാഹചര്യത്തിൽ പൊരുതി നിൽക്കുന്നതിൽ നിന്ന് സ്ത്രീകളെ പിന്നോട്ട് വലിക്കുന്ന പ്രധാന വിഷയം ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തന്നെയാണ്. ഗാർഹിക പീഡനങ്ങൾ, സാമൂഹ്യ കീഴ്വഴക്കങ്ങൾ തുടങ്ങിയവ സ്ത്രീകളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യത്തെ പ്രതികൂലം ആയി ബാധിക്കുന്നു.

കുടുംബത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള എന്തിനെ കുറിച്ചും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും പോലും പെണ്ണിന് ആർഭാടമാണ് എന്ന തരത്തിൽ സാമൂഹ്യ കെട്ടുപാടുകൾ അവരെ വരിഞ്ഞ് മുറുക്കുന്നു. മലാവിയിൽ പതിനാല് ശതമാനം സ്ത്രീ സംരംഭകർ ആണ് നിലവിൽ ശാരീരികവും മാനസികവും ആയ അതിക്രമങ്ങൾ നേരിട്ടിട്ടുള്ളത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ കുറയുമ്പോൾ സ്ത്രീകൾ സംരംഭകത്വത്തിൽ നിന്ന് പിറകോട്ട് വലിയുന്നു.

സ്ത്രീകൾക്ക് എവിടെയാണ് ബിസിനസിന് സമയം?!

ഇരുപത്തിനാല് മണിക്കൂറിൽ വീട് നോക്കലും കുടുംബാംഗങ്ങളുടെ ഭക്ഷണം, ആരോഗ്യം, ദിനചര്യ എന്നിവ നോക്കലും അതിനൊപ്പം പുരുഷന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾ, മതപരമായ ആചാരങ്ങൾ എന്നിവ പരിപാലിക്കലും എല്ലാം കഴിഞ്ഞ് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനും അത് നടത്തി കൊണ്ട് പോകാനും സ്ത്രീകൾക്ക് സമയമില്ല എന്നതാണ് ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രധാന വസ്തുത. ഉഗാണ്ട, മലാവി, ടോഗോ തുടങ്ങിയ രാജ്യങ്ങളിൽ വേൾഡ് ബാങ്ക് നടത്തിയ പഠനങ്ങൾ പ്രകാരം സംരംഭകർ ആയ സ്ത്രീകളിൽ ഭൂരിഭാഗവും കുടുംബത്തെ പരിപാലിക്കാൻ കൂടി സമയം കണ്ടെത്തേണ്ടുന്ന അവസ്ഥയിലാണ്.

വിവാഹം എന്ന സാമൂഹ്യ സ്ഥാപനം ലിംഗാധിഷ്ഠിത വിവേചനങ്ങൾ ഇരട്ടി ആക്കുന്നു എന്നാണ് കണ്ടെത്തൽ. വിവാഹം കഴിയുന്നതോടെ സ്ത്രീകൾ കുടുംബപരം ആയ ഉത്തരവാദിത്വങ്ങളിലും ഗർഭധാരണത്തിലും ശിശു പരിപാലനത്തിലും മറ്റും മുഴുകി തങ്ങളുടെ സംരംഭകത്വ സ്വപ്‌നങ്ങൾ മാറ്റി വയ്ക്കുന്നതായി വേൾഡ് ബാങ്ക് നിരീക്ഷിക്കുന്നു

വിവാഹം എന്ന സാമൂഹ്യ സ്ഥാപനം ലിംഗാധിഷ്ഠിത വിവേചനങ്ങൾ ഇരട്ടി ആക്കുന്നു എന്നാണ് കണ്ടെത്തൽ. വിവാഹം കഴിയുന്നതോടെ സ്ത്രീകൾ കുടുംബപരം ആയ ഉത്തരവാദിത്വങ്ങളിലും ഗർഭധാരണത്തിലും ശിശു പരിപാലനത്തിലും മറ്റും മുഴുകി തങ്ങളുടെ സംരംഭകത്വ സ്വപ്‌നങ്ങൾ മാറ്റി വയ്ക്കുന്നതായി വേൾഡ് ബാങ്ക് നിരീക്ഷിക്കുന്നു.

ആരാണ് ലിംഗവിവേചനം മനസ്സിൽ കുത്തി വയ്ക്കുന്നത്? പുരുഷകേന്ദ്രീകൃതം ആയ സമൂഹത്തിൽ ലിംഗ വിവേചനം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് കൈമാറുന്നതിൽ സ്ത്രീകളും പുരുഷന്മാരും തുല്യ പങ്ക് വഹിക്കുന്നുണ്ട്. പുരുഷനെയും അവന്റെ കുടുംബത്തെയും സേവിക്കുന്നത് ആണ് സ്ത്രീയുടെ പ്രഥമം ആയ ഉത്തരവാദിത്വം എന്ന് അടുത്ത തലമുറയിലെ സ്ത്രീകളെ പഠിപ്പിക്കുന്നതിൽ ഒരു പരിധി വരെ സ്ത്രീകളും വലിയ പങ്ക് വഹിക്കുന്നു. എന്നാൽ ഉയർച്ചയുടെ ഗോവണിയിൽ സ്ത്രീകൾ മറ്റ് സ്ത്രീകളെ ചേർത്ത് നിർത്തുന്നു എന്നതാണ് ആഫ്രിക്കൻ സംരംഭക വ്യവസ്ഥയിലെ പ്രധാന സവിശേഷത.

സ്ത്രീകൾ നടത്തുന്ന സംരംഭങ്ങളിൽ ജോലിക്കാർ മുതൽ ഏജന്റുമാർ വരെ സ്ത്രീകളാണ് കൂടുതലും. സാമൂഹ്യ സുരക്ഷയും സൗകര്യവും പരിചയവും നോക്കിയാണ് ഈ നിയമനം നടക്കുന്നത് എങ്കിലും സ്ത്രീ ശാക്തീകരണത്തിൽ ഈ നീക്കം വലിയ പങ്ക് വഹിക്കുന്നു. എന്നാൽ നഗരത്തിന്റെ പരിധി വിട്ട് ദേശീയവും അന്താരാഷ്ട്രവും ആയ തലത്തിലേക്ക് വികസിക്കുന്നത് പലപ്പോഴും പുരുഷന്മാർ നേതൃത്വം വഹിക്കുന്ന സംരംഭങ്ങൾ തന്നെയാണ്. അതിന് അപവാദമായി ചില വിരലിൽ എണ്ണാവുന്ന സംരംഭങ്ങൾ ഉണ്ടെന്ന് മാത്രം.

സ്ത്രീ സംരംഭകരെ മുന്നോട്ട് നയിക്കാൻ എന്താണ് മാർഗ്ഗം?

ആഫ്രിക്കൻ സംരംഭകത്വ മേഖലയിൽ സ്ത്രീ പ്രാതിനിധ്യം എങ്ങനെ ഉറപ്പ് വരുത്താം എന്ന വിഷയത്തിൽ ലോകോത്തര തലത്തിൽ നിരവധി പഠനങ്ങൾ ആണ് നടന്നിട്ടുള്ളത്. സ്ത്രീ ശാക്തീകരണ യജ്ഞങ്ങളും പരിശീലന പരിപാടികളും സ്ത്രീകൾക്ക് മാത്രം അല്ലാതെ കുടുംബങ്ങൾക്കും പുരുഷന്മാർ അടങ്ങുന്ന കമ്യൂണിറ്റികൾക്കും നൽകുക എന്നതാണ് പഠനങ്ങളുടെ പ്രധാന നിർദ്ദേശം.

നിയമ സംവിധാനം സ്ത്രീകൾക്ക് കൂടി ഗുണം ലഭിക്കാവുന്ന രീതിയിൽ മാറ്റിയെടുക്കുക എന്നതും ഒരു പ്രധാന കടമ്പയാണ്. അതിൽ എല്ലാം ഉപരി സ്ത്രീകൾക്ക് സമത്വത്തോടും സമാധാനത്തോടും കൂടെ തങ്ങളുടെ സംരംഭകത്വ സ്വപ്നങ്ങൾക്ക് ചിറക് വിരിപ്പിക്കാവുന്ന ഒരു സാമൂഹ്യ, സാമ്പത്തിക അന്തരീക്ഷം സൃഷ്ടിക്കുക. എങ്കിൽ മാത്രമേ പുരുഷന്മാർക്ക് ഒപ്പം സ്ത്രീകൾക്കും ലോകോത്തര നിലവാരത്തിൽ ഉള്ള സംരംഭകർ ആകാൻ കഴിയൂ.

എന്തുകൊണ്ട് ആഫ്രിക്ക, എന്തുകൊണ്ട് സംരംഭകത്വം?

തുടക്കത്തിൽ പറഞ്ഞ് വച്ച പോലെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്ത്രീ സംരംഭകർ ഉള്ള പ്രദേശമാണ് ഉപസഹാറൻ ആഫ്രിക്ക. സ്വയം തൊഴിൽ എന്താണ്, അതിന്റെ ആവശ്യകത എന്താണ് എന്നൊന്നും ആഫ്രിക്കയിലെ സ്ത്രീകളെ പഠിപ്പിക്കേണ്ട കാര്യമില്ല. സ്വന്തമായി അദ്ധ്വാനിക്കാനും സ്വന്തം കാലിൽ നിൽക്കാനും പുരുഷന്മാരേക്കാൾ വൈദഗ്ധ്യം ഉള്ള വിഭാഗമാണ് ആഫ്രിക്കൻ സ്ത്രീകൾ. ഒരു തരത്തിൽ പറഞ്ഞാൽ സമ്പദ് വ്യവസ്ഥയുടെ തന്നെ അടിത്തറ പാവുന്നവർ. എന്നിട്ടും വിഭാഗീയമായ സാമൂഹ്യ അന്തരീക്ഷം സ്ത്രീകളെ വളർച്ചയുടെ പടവുകളിൽ പുറകോട്ട് വലിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ആഫ്രിക്കൻ സംരംഭകത്വ മേഖലയിൽ നിലനിൽക്കുന്ന ആണ്കോയ്മ. അതിനെ ഇല്ലായ്മ ചെയ്യേണ്ടത് സാമൂഹ്യ നീതി ഉറപ്പ് വരുത്തുന്നതിലേക്ക് ഉള്ള സുപ്രധാന ചവിട്ടുപടി തന്നെയാണ്.

വിവാഹം, ഗർഭധാരണം, പ്രസവം, കുടുംബ ജീവിതം തുടങ്ങിയവ സ്ത്രീകളെ തളച്ചിടാൻ ഉള്ള കാരണങ്ങൾ ആകരുത്, പകരം അവരുടെ കഴിവുകൾ പ്രകാശിപ്പിക്കാനും അവർക്ക് പിന്തുണ ഏകാനും ഉള്ള പുത്തൻ സപ്പോർട്ട് സിസ്റ്റങ്ങൾ ആയി മാറുന്ന ഒരു കാലമാണ് ആഫ്രിക്കയ്ക്കും അതുപോലെ ലോകജനതയ്ക്ക് മുഴുവനും ആവശ്യം

സ്ത്രീകൾക്ക് സ്വത്ത് അവകാശവും പാരമ്പര്യ അവകാശങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുന്നതോട് ഒപ്പം പുരുഷന്മാരെ കുടുംബ പരിപാലത്തിലും പാരന്റിങ്ങിലും മറ്റും ഉൾപ്പെടുത്തുക എന്നത് കൂടി അത്യാവശ്യം ആണ്. ആഫ്രിക്കൻ സ്ത്രീകളെ സംരംഭകത്വ/ സ്വയം തൊഴിൽ മേഖലകളിൽ മുന്നോട്ട് കൊണ്ട് വരാൻ പ്രദേശ കേന്ദ്രീകൃത പഠനങ്ങളും നയങ്ങളും ആവശ്യമായി വരും. അന്താരാഷ്ട്ര തലത്തിൽ സ്ത്രീ സംരംഭങ്ങൾക്ക് മുൻഗണനയും പ്രചോദനവും ലഭിക്കുന്ന ഒരു സ്ഥിതിയിൽ മാത്രമേ പുരുഷകേന്ദ്രീകൃതം ആയ ഏതൊരു സമൂഹത്തേയും സ്ത്രീ തങ്ങളുടെ കഴിവുകൾ ശോഭിപ്പിക്കൂ.

വിവാഹം, ഗർഭധാരണം, പ്രസവം, കുടുംബ ജീവിതം തുടങ്ങിയവ സ്ത്രീകളെ തളച്ചിടാൻ ഉള്ള കാരണങ്ങൾ ആകരുത്, പകരം അവരുടെ കഴിവുകൾ പ്രകാശിപ്പിക്കാനും അവർക്ക് പിന്തുണ ഏകാനും ഉള്ള പുത്തൻ സപ്പോർട്ട് സിസ്റ്റങ്ങൾ ആയി മാറുന്ന ഒരു കാലമാണ് ആഫ്രിക്കയ്ക്കും അതുപോലെ ലോകജനതയ്ക്ക് മുഴുവനും ആവശ്യം. അതിലേക്ക് ഉള്ള കൂട്ടായ പരിശ്രമം ലോകം ഒട്ടാകെ തുടങ്ങി കഴിഞ്ഞു എന്നത് സൂചിപ്പിക്കുന്ന പ്രതീക്ഷാ നാളം തന്നെയാണ് വേൾഡ് ബാങ്ക് മുൻകൈ എടുത്ത് നടത്തുന്ന സാമ്പത്തിക പഠനങ്ങളും അപഗ്രഥനങ്ങളും..