നിങ്ങള്‍ക്ക് പരിചിതനായൊരാള്‍ നിങ്ങളുടെ അടുത്ത് വന്ന് എനിക്ക് താങ്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ട്, സമ്മതമാണോ എന്ന് ചോദിച്ചാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം. നിങ്ങള്‍ 'മാന്യമായി' നോ പറയുമോ അതോ നിശബ്ദയായിരിക്കുമോ അതുമല്ലെങ്കില്‍ ദേഷ്യപ്പെട്ട് കായികമായി നേരിടുകയാണോ ചെയ്യുക. ഈ വ്യക്തി പരിചിതന്‍ അല്ലെങ്കില്‍ നിങ്ങളുടെ പ്രതികരണം വ്യത്യാസപ്പെടുമോ? താത്പര്യമില്ലെങ്കില്‍ മാന്യമായി നോ പറയണം എന്ന് അദ്ദേഹം കൂട്ടിചേര്ത്താല് നിങ്ങളെന്തായിരിക്കും ചെയ്യുക. ഇതെല്ലാം, നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്താണ് സംഭവിക്കുന്നതെങ്കിലോ?
ഈ അടുത്ത് റിലീസ് ആയ ഒരു ചിത്രത്തിന്റെ പ്രമോഷനിടയില്‍ നടന് എന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനായ ഡ്യൂഡ്, വിനായകന് നടത്തിയ പ്രസ്താവന ചെറുതല്ലാത്ത കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. പുരോഗമനത്തിന്റെ മേമ്പൊടി ചേര്‍ത്ത് വെര്‍ബല്‍ അബ്യൂസ് ചെയ്താല്‍, ഞാന്‍ ഇങ്ങനെയാണ് എന്ന ധാര്‍ഷ്ഠ്യത്തോടെ സംസാരിച്ചാല്‍, തിരിച്ച് ചോദ്യം ചോദിച്ച് ഇവരെ കൊണ്ട് ഉത്തരം പറയിക്കും എന്ന് തഗ് അടിച്ചാല്‍ കൂള്‍ ആയി ആളുകള്‍ ഏറ്റെടുക്കും എന്ന് തോന്നുന്നുണ്ടെങ്കില്‍ ഒരു പുനര്ചിന്തക്ക് വിധേയമാകുന്നതാകും നല്ലത്. കണ്‍സന്റ് ചോദിക്കുക എന്നാല്‍ എന്ത് വിടുവായ്ത്തരവും മുഖത്ത് നോക്കി ചോദിക്കുക എന്നല്ല അര്‍ത്ഥം.
വിനായകന് എന്താണ് ചെയ്തത്, വിനായകന് ചോദിച്ചതില്‍ എന്താണ് തെറ്റ്?
സ്വന്തം സെക്സ് ലൈഫ് മീഡിയയുടെ മുന്നില്‍ തുറന്ന് പറയാന്‍ വിനായകന് സാധിക്കുന്നത് പോലെയാകും ബാക്കിയുള്ളവരുടെ കാര്യവും എന്ന് കരുതി, വളരെ പേഴ്സണലായ ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുകയും, ഒരു മാധ്യമ പ്രവര്‍ത്തകക്ക് നേരേ വിരല്‍ ചൂണ്ടി തനിക്കിപ്പോള്‍ ഈ പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ താനത് ചോദിക്കും അതിലെന്താണ് തെറ്റ് എന്ന് വാദിക്കുകയും, താത്പര്യമില്ലെങ്കില്‍ 'മാന്യമായി' നോ പറയണം എന്ന് പറയുകയുമാണ് വിനായകന് ചെയ്തത്. കണ്‍സന്റ് എന്ന കോണ്‍സപ്റ്റിനെ വെര്‍ബല്‍ അബ്യൂസിങ്ങിന് ഉപയോഗിക്കുകയാണ് വിനായകന് ചെയ്തിരിക്കുന്നത്. ജോലി ചെയ്ത് കൊണ്ടിരുന്ന ഒരു മാധ്യമപ്രവര്‍ത്തകയോട് മീഡിയയുടെ മുന്നില്‍ വച്ച് അത്തരം ചോദ്യം ഉന്നയിച്ചത് കണ്‍സന്റിന്റെ പരിധിയില്‍ പെടുന്നതല്ല മറിച്ച് ഹരാസ്മെന്റ് ആണ്. പോരാത്തതിന്, തന്റെ ചോദ്യത്തിനോട് ഒരു സ്ത്രീ എങ്ങനെ പ്രതികരിക്കണം എന്ന് കൂടി വിനായകന് പറഞ്ഞ് വയ്ക്കുന്നുണ്ട്.
ഒരു സ്ത്രീയെ സെക്ഷ്വല്‍ ഒബ്ജക്റ്റ് മാത്രമായി കണ്ട്, തന്റെ മൂഡ് അനുസരിച്ച് സെക്സിന് തയ്യാറാണോ എന്ന് വിനായകന് ചോദിക്കാമെങ്കില്‍, അത് കേള്‍ക്കുന്ന സ്ത്രീക്ക് അതൊരു സെക്ഷ്വല്‍ അബ്യൂസായി കണ്ട്, തന്റെ സാഹചര്യവും മാനസികാവസ്ഥയും കണക്കിലെടുത്ത് സ്വയ രക്ഷാര്‍ത്ഥം എങ്ങനെ വേണമെങ്കിലും പ്രതികരിക്കാം. അത് മാന്യമായി ആകണം എന്നില്ല. അവര്‍ എങ്ങനെ പ്രതികരിക്കണം എന്ന് പറയാനുള്ള ഒരു യോഗ്യതയും വിനായകന് ഇല്ല. വിനായകന് അത്തരത്തില്‍ ഒരു പ്രസ്താവന മുന്നോട്ട് വെച്ചത് വഴി, തന്റെ താത്പര്യത്തിനനുസരിച്ച് ചോദിച്ച ചോദ്യത്തിന്, തന്റെ താത്പര്യപ്രകാരമുള്ള മറുപടി ആണ് ഉചിതം എന്ന് പറഞ്ഞ് വയ്ക്കുകയും, പ്രതികരിക്കാനുള്ള സ്ത്രീയുടെ ഏജന്‍സിയെ റദ്ദാക്കുകയുമാണ് ചെയ്തിരിക്കുന്നത്.
ഉദാഹരണത്തിന്, റോഡിലൂടെ നടന്ന് പോകുന്നൊരു പെണ്‍കുട്ടിയോട് എനിക്ക് നിന്നോടൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കൊള്ളാമെന്നുണ്ട് എന്ന് ഒരാള്‍ വന്ന് പറഞ്ഞാല്‍, രണ്ട് ആള് പറഞ്ഞാല്‍, മൂന്നാള് പറഞ്ഞാല്‍ അതിനെ എങ്ങനെ നോക്കി കാണണം എന്നാണ് താങ്കള്‍ കരുതുന്നത്. അവരോടെല്ലാം 'മാന്യമായി' നോ എന്ന് പറയണം എന്നാണോ? ഇത് സ്ത്രീകളുടെ നേര്‍ക്കുള്ള ലൈംഗിക ആക്രമണവും നിരുത്സാഹപ്പെടുത്തേണ്ട പ്രവര്‍ത്തിയുമാണ്. ഇത്തരമൊരു പ്രസ്താവന ഇറക്കുന്നത് വഴി ഇത്തരം ആക്രമണങ്ങളെ നോര്‍മലൈസ് ചെയ്യുകയാണ് വിനായകന് ചെയ്തത്. ഇതയാളുടെ സ്വ അഭിപ്രായമാണെന്ന് കണ്ട് വിട്ട് കളയാന്‍ സാധിക്കുന്ന ഒന്നല്ല. നാളെ ഇയാളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് മറ്റുള്ളവര്‍ യാതൊരു ഉളുപ്പും ഇല്ലാതെ ഇത് ചെയ്യാന്‍ തുടങ്ങിയാലോ. സ്ത്രീ എന്നാല്‍ പുരുഷന് ഭോഗിക്കാന്‍ ഉള്ളതാണ് എന്ന തെറ്റായ ബോധ്യത്തില്‍ നിന്നുണ്ടാകുന്നതാണ് ഈ ചിന്ത.
എന്താണ് മീ ടൂ എന്ന് മാത്രമല്ല, എന്താണ് കണ്‍സന്റ് എന്നും വിനായകന് അറിയാത്ത സ്ഥിതിക്ക് അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പായി അതിനെ കുറിച്ച് അറിയാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും
ഒരു പുരുഷന് ആയിരുന്നു കൊണ്ട്, സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ വരെ പേടി തോന്നുന്നൊരു പുരുഷാധിപത്യ സമൂഹത്തില്‍ ഇരുന്ന് കൊണ്ട്, ദിനം പ്രതി സ്ത്രീകള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ ലൈംഗിക ചൂഷണങ്ങളെ പറ്റി യാതൊരു ബോധവും ഇല്ലാത്ത ഒരു പെര്വേര്ട്ടിന്റെ വാക്കുകള്‍ ആയി മാത്രമേ ഇതിനെ കാണാന്‍ സാധിക്കുകയുള്ളൂ. അത്തരം അനുഭവങ്ങളിലൂടെ കടന്ന് പോകുന്ന സ്ത്രീകള്‍ എല്ലാം ഒരേ മാനസികാവസ്ഥയുള്ളവരാകണം എന്നില്ല. ചിലര്‍ പ്രതികരിച്ചേക്കും, കായികമായി നേരിട്ടെന്നിരിക്കും, പ്രതികരിച്ചില്ലെന്നും വരും എല്ലാം അവരുടെ മാനസികാവസ്ഥയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. അതെങ്ങനെ വേണമെന്നതിനെ പറ്റി ഒരു പെര്വേര്ട്ടില് നിന്ന് ഉപദേശം തേടേണ്ട കാര്യം സ്ത്രീകള്‍ക്കില്ല. മാത്രമല്ല, സ്വതവേ ഇത്തരം പീഡനങ്ങള്‍ അനുഭവിച്ച തുറന്ന് പറച്ചില് നടത്തുന്ന സ്ത്രീകളോട് എന്ത് കൊണ്ട് നേരത്തേ പറഞ്ഞില്ല എന്ന് ചോദിക്കുന്നത് എത്രത്തോളം വ്യര്‍ത്ഥമാണോ അത്രത്തോളം തന്നെ പുച്ഛത്തോട് കൂടി ഇത്തരക്കാരോട് എങ്ങനെ പെരുമാറണം എന്ന മാന്സ്പ്ലെയിനിങ്ങിനേയും തള്ളി കളയുന്നു.
എന്താണ് മീ ടൂ എന്ന് മാത്രമല്ല, എന്താണ് കണ്‍സന്റ് എന്നും വിനായകന് അറിയാത്ത സ്ഥിതിക്ക് അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പായി അതിനെ കുറിച്ച് അറിയാന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും.
എന്താണ് മീ ടൂ?
സ്ത്രീകള്‍, തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമത്തെ പറ്റി പൊതു സമൂഹത്തോട് തുറന്ന് പറയുന്നതിനെയാണ് മീ ടൂ എന്ന് പറയുന്നത്. ലൈംഗിക ആക്രമണത്തിനേയും അത് ചെയ്ത വ്യക്തിയേയും തുറന്ന് കാണിക്കുന്നത് വഴി സ്ത്രീകള്‍ നിശബ്ദരായിരിക്കേണ്ടവര് ആണ് എന്ന പൊതു ബോധത്തെ തകര്‍ക്കുന്നതാണ് ഈ സോഷ്യല്‍ മൂവ്മെന്റിന്റെ രീതി. മീ ടൂ ആളുകള്‍ ഏറ്റെടുക്കുന്നത് വഴി സര്‍വൈവറിന് താന്‍ ഒറ്റക്കല്ല എന്ന് തോന്നാനും സര്‍വൈവറോട് നിങ്ങള്‍ ഒറ്റക്കല്ല എന്ന് പറയാനുമുള്ള വേദി കൂടിയാകുന്നുണ്ട് ഈ മൂവ്മെന്റ്. സമൂഹത്തില്‍ അതിക്രമം നേരിട്ട വ്യക്തിക്ക് ലഭിക്കാത്ത ഒരു പരിഗണനയും ഒരു റേപ്പിസ്റ്റും ഒരു അബ്യൂസറും അര്‍ഹിക്കുന്നില്ല എന്ന ബോധ്യത്തോടെ സ്ത്രീകളെ തങ്ങളുടെ നിശബ്ദത ഭേദിക്കാന്‍ സഹായിക്കുകയാണ് മീ ടൂ. അതിനാല്‍ തന്നെ റേപ്പിസ്റ്റുകള്‍ക്കും അബ്യൂസറിനും മീ ടൂ എന്താണെന്ന് അറിയാന്‍ സാധ്യതയും ഇല്ല, താത്പര്യവും കാണില്ല.
കണ്ണില്‍ പെടുന്ന ഏതൊരു സ്ത്രീയോടും ലൈംഗിക ബന്ധത്തിന് താത്പര്യം തോന്നുന്ന മുറയ്ക്ക് പോയി ചോദിക്കുന്നതിന്റെ പേര് കണ്‍സന്റ് എന്നല്ല, ഹരാസ്മെന്റ് എന്നാണ്
എന്താണ് കണ്‍സന്റ്?
മറ്റൊരാളുടെ ഇച്ഛക്കും താത്പര്യങ്ങള്‍ക്കും ഒരു വ്യക്തി സ്വമേധയാ അനുവാദം നല്കുമ്പോള് ആണ് കണ്‍സെന്റ് ഉണ്ടാകുന്നത്. സാഹചര്യങ്ങള്‍ മാറുന്നതനുസരിച്ച് സന്ദര്ഭോജിതമായാണ് കണ്‍സന്റിന് അര്‍ത്ഥം വരുന്നത്. അതായത് കണ്ണില്‍ പെടുന്ന ഏതൊരു സ്ത്രീയോടും ലൈംഗിക ബന്ധത്തിന് താത്പര്യം തോന്നുന്ന മുറയ്ക്ക് പോയി ചോദിക്കുന്നതിന്റെ പേര് കണ്‍സന്റ് എന്നല്ല, ഹരാസ്മെന്റ് എന്നാണ്. സെക്സ്, കണ്‍സന്റ് എന്നിവ ചോദിക്കുമ്പോള്‍ കിട്ടുന്നതല്ല, മറിച്ച് ഒരാള്‍ സ്വമേധയാ നല്‍കുന്നതാണ്. സമയ വ്യത്യാസമില്ലാതെ, ചാറ്റ് ബോക്സുകളിലും ഇടവഴികളിലും വന്ന് കിട്ടുമോ, തരുമോ എന്നെല്ലാം ചോദിക്കുന്നതിനെ കണ്‍സന്റ് എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് വിനായകന് ചെയ്തത്.
ഈയൊരു സാഹചര്യം ഉണ്ടായപ്പോള്‍ ഉത്തരം മുട്ടി പോയ മാധ്യമപ്രവര്‍ത്തകരേയും സ്ത്രീ പക്ഷ സിനിമ പ്രവര്‍ത്തകരേയും പോലെ അല്ലാത്ത പല സ്ത്രീകളും തങ്ങളുടെ ബോധ്യങ്ങളില്‍ നിന്ന് കൊണ്ട് പ്രതികരിക്കാനും, വിനായകന്റെ വികലമായ കാഴ്ച്ചപ്പാടിലെ പ്രശ്നങ്ങള്‍ ചൂണ്ടി കാണിക്കാനും മുന്നോട്ട് വന്നത് സന്തോഷം നല്‍കുന്നതാണ്. ഇതിലെ പ്രശ്നം മനസ്സിലാക്കാന്‍ പൊളിറ്റിക്കലി കറക്റ്റ് ആകണം എന്നില്ല, പൊളിറ്റിക്കല്‍ കറക്റ്റ്നസ് എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന അത്ര ബുദ്ധിമുട്ടൊന്നും ഇല്ല, ഇത് മനസിലാക്കാന്‍ ശ്രമിക്കുന്നതിന്.
ആദ്യ പ്രതികരണം സംരംഭകയായ സിന്‍സി അനിലിന്റേതാണ്.
മാധ്യമപ്രവര്‍ത്തകക്ക് നേരേ കൈ ചൂണ്ടി 'എനിക്ക് ആ സ്ത്രീയുമായി സെക്സ് ചെയ്യാന്‍ തോന്നിയാല്‍ ഞാന്‍ അവരോട് പോയി ചോദിക്കും' എന്ന് വിനായകന് പറഞ്ഞു വച്ചത് മറ്റൊന്നും കൊണ്ടല്ല, സ്ത്രീയെന്നാല്‍ തനിക്കും തന്റെ പുരുഷ വര്‍ഗ്ഗത്തിനും ഭോഗിക്കാന്‍ മാത്രമുള്ളതാണ് എന്ന സംസ്കാരമില്ലായ്മയില് നിന്ന് വരുന്നതാണത്.
കണ്‍സന്റ് എന്ന വാക്കിനെ വിനായകന് സമ്മതം എന്ന ഒറ്റൊരു അര്‍ത്ഥത്തില്‍ മനസിലാക്കിയതിന്റെ പ്രശ്നമാണ് ഇത്. സമ്മതത്തിന്റെ കൂടെ ഏത് സമയത്ത് ഏത് സന്ദര്‍ഭത്തില്‍ ആരോട് എങ്ങനെ ചോദിക്കുന്നു എന്നതും പ്രധാനമാണ്
അയാളുടെ ചിന്ത ഇവിടുത്തെ ഭൂരിഭാഗം പുരുഷന്മാരിലും കുറച്ചു ശതമാനം സ്ത്രീകളിലും കാണപ്പെടുന്ന ഒന്ന് തന്നെയാണ്. സെക്സ് എന്നത് വിനായകന് പറഞ്ഞത് പോലെ ചോദിച്ചു വാങ്ങേണ്ട ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം. ചിലരുടെ വിചാരം അവര്‍ ചോദിക്കുമ്പോഴേക്കും സ്ത്രീകള്‍ സെക്സ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ് എന്നാണ്. ആ മനോഭാവം മാറണം. സ്ത്രീകളെ ശരീരങ്ങള്‍ ആയി മാത്രം കാണാതെ സ്വതന്ത്ര വ്യക്തികള്‍ ആയി കാണാന്‍ സാധിക്കണം, സിന്‍സി പറഞ്ഞു.
ഈ വിഷയത്തോട് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് കോര്‍ഡിനേറ്റര്‍ ദിവ്യ ഗീത് പ്രതികരിക്കുന്നത് ഇപ്രകാരമാണ്,
‘‘കണ്‍സന്റ് എന്ന വാക്കിനെ വിനായകന് സമ്മതം എന്ന ഒറ്റൊരു അര്‍ത്ഥത്തില്‍ മനസിലാക്കിയതിന്റെ പ്രശ്നമാണ് ഇത്. സമ്മതത്തിന്റെ കൂടെ ഏത് സമയത്ത് ഏത് സന്ദര്‍ഭത്തില്‍ ആരോട് എങ്ങനെ ചോദിക്കുന്നു എന്നതും പ്രധാനമാണ്. മരണ വീട്ടില്‍ പോയി ചിക്കന്‍ ബിരിയാണി ആരും ചോദിക്കില്ലല്ലോ, അതോരു കോമണ്‍ സെന്‍സ് ആണ്. അതേ സെന്‍സ് നമ്മള് ലൈഫില്‍ ഇത്തരം കാര്യങ്ങളില്‍ നിര്‍ബന്ധമായും പാലിക്കണം. വിനായകന് മാധ്യമപ്രവര്‍ത്തകയോട് ഉദാഹരണത്തിനാണെങ്കില് പോലും അപ്രകാരം ചോദിച്ചത് വളരേ തെറ്റാണ്. കാരണം ആ സ്ത്രീ അവരുടെ ജോലി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിലാണ് ഇത് കേള്‍ക്കുന്നത്, അവര്‍ക്ക് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കില്‍ വിശാഖ ഗൈഡ്ലൈന്‍സ് പ്രകാരം അയാള്‍ക്കെതിരെ കേസ് എടുക്കാന്‍ വരെ സാധിക്കും. അതാണ് ആദ്യം ചെയ്യേണ്ടത്.’’
എഴുത്തുകാരിയും സംരംഭകയുമായ ദീപ സെയ്റക്ക് ചൂണ്ടി കാണിക്കാനുള്ളത്, ഇത്തരം ചോദ്യങ്ങള്‍ നേരിടുന്നവരുടെ മാനസികാവസ്ഥയെ പറ്റിയാണ്. താനുമായി യാതൊരു ബന്ധവും ഇല്ലാത്തൊരാള് വന്ന് തന്റെ ശരീരം ആവശ്യപ്പെടുമ്പോള്‍ താന്‍ ഒരു വസ്തുവാണോ തന്നോട് ഇങ്ങനെ ചോദിക്കുവാന്‍ എന്നാണ് സ്ത്രീകള്‍ ചിന്തിക്കുന്നുണ്ടാകുക. ആ അവസ്ഥയിലേക്കാണ് ഇത്തരം മനോഭാവങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അവരെ നയിക്കുക. വിനായകനെ പോലുള്ളവര്‍ ഇതിനെ പറ്റി ചിന്തിക്കുന്നില്ല. അവിടെയാണ് എല്ലാ തെറ്റുകളും സംഭവിക്കുന്നത്. ഇവരുടെ മാനസികാവസ്ഥയില്‍ നിന്നാണ് ഇവര്‍ സ്ത്രീകളെ അളക്കുന്നത്. അത്തരം ചിന്തകള്‍, ഇയാളെ പിന്നീടൊരിക്കലും കണ്ടിലെങ്കില്‍ പോലും മനസ്സില്‍ കിടന്ന് ഉരുകും. ഇതൊന്നും മനസ്സിലാക്കാന്‍ ഭൂരിഭാഗം ആണുങ്ങള്‍ക്കും സാധിക്കുന്നില്ല ഇനി ഒരിക്കലും സാധിക്കുകയുമില്ല എന്നാണ് മനസ്സിലാകുന്നത്. ഇതൊന്നും പച്ചയായ മനുഷ്യന്റെ രീതികള്‍ ആയല്ല, മറിച്ച് വിവരകേടായാണ് കാണേണ്ടത്, ദീപ പറഞ്ഞു.
ഒരാള്‍ രൂപപ്പെടുന്നത് അയാളുടെ ചുറ്റുപാടുകളെ അടിസ്ഥാനപ്പെട്ടാണ് എന്നതില്‍ സംശയമില്ല. എന്നാല്‍, ഏതൊരു സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണെങ്കിലും വികലമായ കാഴ്ച്ചപാടുകളെ ന്യായീകരിക്കാനുള്ള കാരണമായി മാററുത് അവരുടെ സാഹചര്യങ്ങള്‍
ഒരാള്‍ രൂപപ്പെടുന്നത് അയാളുടെ ചുറ്റുപാടുകളെ അടിസ്ഥാനപ്പെട്ടാണ് എന്നതില്‍ സംശയമില്ല. എന്നാല്‍, ഏതൊരു സാഹചര്യത്തില്‍ ജനിച്ച് വളര്‍ന്ന വ്യക്തിയാണെങ്കിലും വികലമായ കാഴ്ച്ചപാടുകളെ ന്യായീകരിക്കാനുള്ള കാരണമായി മാററുത് അവരുടെ സാഹചര്യങ്ങള്‍. സാഹചര്യങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷന് വേദിയില്‍ ഇരുന്ന് കൊണ്ട് ഇത്തരം പ്രസ്താവനകള്‍ പറയുമ്പോള്‍ കൂടെ ഉണ്ടായവരുടെ പ്രതികരണങ്ങള്‍ അങ്ങേയറ്റം അപലപനീയമായിരുന്നു എന്ന് പറയാതെ വയ്യ. തങ്ങളുടെ സഹപ്രവര്‍ത്തകയെ അവഹേളിച്ചപ്പോള്‍ മാധ്യപ്രവര്‍ത്തകര്‍ അടക്കം ഉള്ളവര്‍ ചിരിച്ച് തള്ളുകയാണുണ്ടായത്. അത് വിനായകന് കൊടുത്ത ആത്മവിശ്വാസം ചെറുതൊന്നുമായിരിക്കില്ല. മാധ്യമപ്രവര്‍ത്തകര്‍ കുറച്ച് ഉത്തരവാദിത്തത്തോടെ ഇത്തരം സന്ദര്‍ഭങ്ങളെ നോക്കി കാണേണ്ടതുണ്ട്. കണ്‍സന്റ് ജനാധിപത്യ മര്യാദകള്‍ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട്, വ്യക്തികള്‍ക്ക് നേരായുണ്ടാകുന്ന റേപ്പ് മൊളസ്റ്റേഷന്‍ തുടങ്ങിയ അതിക്രമങ്ങള്‍ തടയുന്നതിനായുള്ള ഒരു ആശയമാണ്. അതിനെ വളച്ചൊടിക്കുന്നത് ആ ആശയത്തെ ഒന്നടങ്കം ഇല്ലാതാക്കുന്നതിന് തുല്ല്യമാണ്.