
സ്വന്തം നഷ്ടത്തിൽ നിന്ന് മറ്റുള്ളവർക്ക് താങ്ങായി മാറിയ ഉമ പ്രേമൻ. സ്നേഹമാണ് ഉമ!
" നിങ്ങളുടെ മകനാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങളിത് സമ്മതിക്കുമായിരുന്നോ..? " എന്ന് സുചിതിന്റെ അമ്മ ചോദിച്ചപ്പോൾ ഉമ തകർന്നു പോയി.സാമൂഹിക പ്രവർത്തക ഉമാ പ്രേമന്റെ ജീവിത കഥ
1999 കാലഘട്ടം. സലീൽ എന്ന ഒരു കുട്ടിക്ക് കിഡ്നി സംബന്ധമായ അസുഖം പിടിപെടുന്നു. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കിഡ്നി മാറ്റി വയ്ക്കുക എന്നതല്ലാതെ ജീവൻ രക്ഷിക്കാൻ വേറെ ഒരു വഴിയും ഇല്ലെന്ന് മനസിലാക്കുന്നു. 1999ൽ കിഡ്നി മാറ്റി വയ്ക്കലിനെ പറ്റി യാതൊരു അറിവും ഇല്ലാതിരുന്ന കാലം.
അപ്പോഴാണ് ഒരു മാലാഖയെപ്പോലെ ഉമാ പ്രേമൻ എന്ന സാമൂഹിക പ്രവർത്തക വൃക്ക ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ഉമാ പ്രേമന്റെ ജീവിത കഥയാണ് ഈ തവണ ഷീ ഈസ് ഇക്വലിൽ.
മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്
മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം മരിക്കുന്നത്. മെഡിക്കൽ നെഗ്ലിജിൻസിന് ഉപരി മെഡിക്കൽ ആവേർനസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ഉമ വിശ്വസിക്കുന്നത്. തങ്ങളുടെ ഭർത്താവിനെ ചികിൽസിക്കുന്ന ഡോക്ടറുമായി കൃത്യമായ ആശയവിനിമയം പോലും ഉണ്ടായിട്ടില്ലെന്ന് ഉമ പറയുന്നു. രോഗത്തെ കുറിച്ച് യാതൊന്നും ഡോക്ടർ അവരോട് സംസാരിച്ചിരുന്നില്ല. അതോടെ മെഡിക്കൽ അവേർനസിന്റെ പ്രാധാന്യം ഉമ മനസിലാക്കുകയായിരുന്നു.
അങ്ങനെ 1997 ഓഗസ്റ്റ് 24 ന് ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന് അവർ രൂപം നൽകുന്നു. വിവിധതരം അസുഖങ്ങളുമായി ബന്ധപ്പെട്ട് വരുന്നവരെയെല്ലാം കൃത്യമായി ഗൈഡ് ചെയ്യാൻ ഈ ഫൗണ്ടേഷന് കഴിഞ്ഞു. അപ്പോഴാണ് വരുന്ന രോഗികളിൽ നിരവധി കിഡ്നി പേഷ്യന്റ്സിനെ കണ്ടു വന്നത്. അന്ന് കിഡ്നി മാറ്റി വച്ച ഒരാളെയെ ഉമയ്ക്ക് പരിചയമുണ്ടായിരുന്നുള്ളു സാക്ഷാൽ MGR. എന്ത് കൊണ്ട് മറ്റുള്ളവർക്കും ഈ വഴി പിന്തുടർന്ന് കൂടാ? അവിടെ നിന്നാണ് ഉമയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത്.
ആ സമയത്താണ് വിഷുവിന്റെ തലേന്ന് ഏപ്രിൽ 12 ന് ബ്രെയിൻഡെത്ത് സംഭവിച്ച ഒരു കുട്ടിയുടെ മാതാപിതാക്കൾ അവരെ സമീപിക്കുന്നത്. മാവിന്റെ മുകളിൽ നിന്നും താഴെ വീണ കുട്ടിയെ തൃശൂരിലെ ഒരു ഹോസ്പിറ്റലിലാണ് ചികിത്സിക്കാൻ കൊണ്ട് പോയത്. വിഷുവിന്റെ തലേന്ന് ആയതിനാൽ ഡോക്ടർമാരും നഴ്സുമാരും ഇല്ലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയാൽ മാത്രമേ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു.
പതിനെട്ട് വയസ്സുള്ള ആ കുട്ടിയെയും കൂട്ടി കോയമ്പത്തൂരിലേക്ക് മരണപാച്ചിലായിരുന്നു. അവിടെ എത്തിയപ്പോഴാണ് ബ്രെയിൻ ഡെത്ത് സ്ഥിരീകരിക്കുന്നത്. ആ സമയം അവിടെത്തെ ഡോക്ടറാണ് ഈ കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യുകയാണെങ്കിൽ മററ്റ് നാല് ജീവനുകൾ കൂടി രക്ഷിക്കാമെന്ന് പറയുന്നത്. എന്ത് കൊണ്ടാണ് ഈ ഡോക്ടർ ഇത് എന്നോട് പറയുന്നത് എന്ന് ഉമ ചോദിച്ചു...
ഡോക്ടർ പറയുമ്പോൾ അത് ബിസിനസ് ആയിട്ടേ ആ കുട്ടിയുടെ വീട്ടുകാർ കാണുകയുള്ളൂ. അതേ സമയം ഉമാ ഈ കാര്യം സൂചിപ്പിക്കുകയാണെങ്കിൽ അതൊരു സോഷ്യൽ വർക്ക് ആയി മാറും. ആ കുട്ടി കാരണം നാല് പേരുടെ വരെ ജീവൻ രക്ഷിക്കാനാവുമായിരുന്നു. ആ ജീവനുകൾ രക്ഷിക്കാനുള്ള ഉദ്യമത്തിൽ ഉമ പങ്കാളിയാവുകയായിരുന്നു. അത് വരെ അവയവ ദാനത്തെ പറ്റി യാതൊരു ധാരണ പോലും ഇല്ലാതെയിരുന്ന ആ കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചു സമ്മതം വാങ്ങിച്ചു. അങ്ങനെ സുചിത് എന്ന പതിനെട്ടുകാരൻ നാല് ജീവനുകളുടെ രക്ഷകാനായി മാറി. ആ പേര് ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് ഉമാ പറയുന്നത്.
നന്മ തിരിച്ചടിയാകുന്നു
അതിനു ശേഷം അഭിനന്ദനങ്ങൾക്ക് പകരം സംഭവിച്ചത് മറ്റൊന്നായിരുന്നു. ബ്രെയിൻ ഡെത്തിനെ കുറിച്ചും അവയവദാനത്തെ കുറിച്ചും യാതൊരു അറിവും ഇല്ലാതിരുന്ന ആ സമൂഹം ഉമയെ അവയവ വിൽപനക്കാരിയായി ചിത്രീകരിച്ചു. അതോടെ സുചിതിന്റെ മാതാപിതാക്കൾ ഉമയുടെ നേരെ തിരിഞ്ഞു. " നിങ്ങളുടെ മകനാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങളിത് സമ്മതിക്കുമായിരുന്നോ..? " എന്ന് സുചിതിന്റെ അമ്മ ചോദിച്ചപ്പോൾ ഉമ തകർന്നു പോയി.
" നിങ്ങളുടെ മകനാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നിങ്ങളിത് സമ്മതിക്കുമായിരുന്നോ..? " എന്ന് സുചിതിന്റെ അമ്മ ചോദിച്ചപ്പോൾ ഉമ തകർന്നു പോയി.
വിഷമം കൊണ്ടാണ് അവർ പറഞ്ഞതെങ്കിലും ആ വാക്കുകൾ ഒരു ശക്തിയായി മാറ്റാനാണ് ഉമ ശ്രമിച്ചത്. ഇതോടെ കൂടുതൽ ആളുകളെ അതായത് ഇത്തരം രോഗമായി വരുന്നവരെ അവയവ ട്രാൻസ്പ്ലാന്റ് ചെയ്യാനും ജനങ്ങളെ ഇതിനെ പറ്റി ബോധവൽകരിക്കാനും തുടങ്ങി. അവിടുന്ന് കൃത്യം ഒരു വർഷത്തിന് ശേഷം 1998 ൽ ഉമ തന്റെ കിഡ്നി അന്ന് വരെ കാണാത്ത ഒരു വ്യക്തിക്ക് ദാനം നൽകി. യാതൊരു ബന്ധവും ഇല്ലാത്ത ഒരാൾക്ക് വേണ്ടി എന്തിനാണ് ഇത് ചെയ്തത് എന്ന് പലരും ഉമയോട് ചോദിച്ചു.
" പറഞ്ഞു കൊടുക്കുന്ന ആൾ തന്നെ ചെയ്തു കാണിക്കണ്ടേ അല്ലെങ്കിൽ എന്ത് കാര്യം ? റോൾ മോഡൽ ആവേണ്ടത് ഞാൻ തന്നെയല്ലേ , എങ്കിൽ മാത്രമേ ആളുകൾ ധൈര്യത്തോടെ മുന്നോട്ട് വരൂ. മാത്രമല്ല, എനിക്കൊരു സഹോദരനെയും കിട്ടിയില്ലേ, ഇന്നിപ്പോ വേറെ ഏത് വഴിയാ എനിക്കൊരു സഹോദരനെ കിട്ടുക " വളരെ സന്തോഷത്തോടെയാണ് ഉമ അത് പറഞ്ഞത്. അങ്ങനെ സ്വന്തം കിഡ്നി നൽകി ഉമ മാതൃകയായി മാറി.
ഇതിന് ശേഷം ഗുരുവായൂരിലുള്ള ഉമയുടെ ഓഫീസിലേക്ക് കിഡ്നിയും ചോദിച്ചു നൂറോളം ആളുകളാണ് വിളിച്ചത്. ചിലർ ചോദിച്ചത് നിങ്ങൾക്ക് രണ്ട് കിഡ്നിയില്ലേ, ഒരെണ്ണം കൊടുത്തു. ബാക്കിയുള്ള ഒന്ന് ഞങ്ങൾക്ക് തന്നൂടെ എന്നായിരുന്നു. കിഡ്നി ദാനം ചെയ്യുന്നത് ബ്ലഡ് ഡോണഷൻ പോലെയാണെന്നാണ് പലരും കരുതിയിരിക്കുന്നത്. അതിനാൽ തന്നെ ഇതിനെ കുറിച്ചുള്ള ബോധവത്കരണം കൂടുതൽ ഉർജിതമാക്കണമെന്ന് ഉമയ്ക്ക് മനസ്സിലായി. ചിലർക്ക് കിഡ്നി നൽകാൻ ഭയമായിരുന്നു. അത് കൊണ്ട് അവർക്ക് മുന്നിൽ ഉമയും മറ്റും ഓടിയും ചാടിയും വരെ കാണിച്ചു. തങ്ങൾക്ക് ഒരു കുഴപ്പവുമില്ല എന്നു കാണിക്കുകയായിരുന്നു ലക്ഷ്യം. ജീവിച്ചിരിക്കുന്ന ഉദാഹരണത്തിന് മുന്നിൽ പലരും സമ്മതം മൂളി.
കിഡ്നി ദാനം ചെയ്യുന്നതിൽ മുൻപന്തിയിൽ സ്ത്രീകൾ, പിന്നിൽ വേദനിപ്പിക്കുന്ന കാരണമുണ്ട് !
കിഡ്നി ദാനം ചെയ്യുന്നതിൽ ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു എന്നതാണ് മറ്റൊരു സത്യം. അതിന്റെ കാരണമാണ് ഏറെ രസകരം, ഒരു പക്ഷെ കിഡ്നി കൊടുത്തതിനു ശേഷം പുരുഷന് എന്തെങ്കിലും സംഭവിച്ചാൽ കുടുംബമെങ്ങനെ നോക്കുമെന്നതായിരുന്നു പ്രധാന പ്രശ്നം.
" അതെന്താ പെണ്ണിന് കുടുംബം നോക്കിയാൽ..? കിഡ്നി കൊടുക്കാൻ ധൈര്യം കാണിക്കുന്ന സ്ത്രീകൾക്ക് കുടുംബം നോക്കുന്നത് വളരെ നിസ്സാരമാണ്. മറ്റു ചിലർ കിഡ്നി ദാനം ചെയ്ത സ്ത്രീകളെ അകറ്റി നിർത്തുകയും ചെയ്യാറുണ്ട്. അവർക്ക് എന്തോ നഷ്ട്ടപെട്ടു ഇനിയവരെ ഒന്നിനും കൊള്ളില്ലാന്ന് പറഞ്ഞിട്ട് വേറെ സ്ത്രീകളെ നോക്കി പോകുന്നവരും ഉണ്ട്. ഇതേ സ്ത്രീയുടെ കിഡ്നി പേറി നടക്കുന്നവരാണ് ഇവർ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം." ഉമ സ്ത്രീകളുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും കുറിച്ചു പറയുന്നു.
"പലരും ഇപ്പോൾ ചാരിറ്റി എന്ന പേരിൽ 40ഉം 50ഉം ലക്ഷമൊക്കെ പിരിക്കുന്നുണ്ട്. എന്തിന് വേണ്ടിയാണതെന്ന് മനസിലാവുന്നില്ല. പല ചികിത്സയ്ക്കും അതിന്റെ പകുതി ചിലവ് പോലും ഉണ്ടാവാറില്ല’’
ഇപ്പോഴത്തെ പലരുടെയും ചാരിറ്റി പ്രവർത്തനങ്ങളെ പറ്റിയും ഉമയ്ക്ക് പറയാനുണ്ട്. "പലരും ഇപ്പോൾ ചാരിറ്റി എന്ന പേരിൽ 40ഉം 50ഉം ലക്ഷമൊക്കെ പിരിക്കുന്നുണ്ട്. എന്തിന് വേണ്ടിയാണതെന്ന് മനസിലാവുന്നില്ല. പല ചികിത്സയ്ക്കും അതിന്റെ പകുതി ചിലവ് പോലും ഉണ്ടാവാറില്ല. ഞാൻ കിഡ്നി രോഗികൾക്കായി പണം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതൊക്കെ അവരവരുടെ നാട്ടുകാരുടെ സഹായത്തോടെയാണ്.
അവർ പണം തന്നിട്ട് തിരിഞ്ഞു നടക്കുന്നവരല്ല. രോഗിയുടെ കൂടെ എല്ലാ കാര്യത്തിനും ഉണ്ടാവും. ആ രോഗിക്ക് ചികിത്സ കഴിഞ്ഞു തിരിച്ചെത്തുന്നതിന് മുൻപ് വൃത്തിയുള്ള ടോയിലറ്റ് വേണമെന്നുള്ളതിനാൽ അത് പണിത് കൊടുക്കാൻ വരെ നിന്നവരുണ്ട്. "അതൊന്നും ഞാൻ പറഞ്ഞിട്ടല്ല. അതൊന്നും ചാരിറ്റിയുമല്ല, സ്നേഹമാണ്." ഉമാ പറയുന്നു.
അട്ടപ്പാടിയുടെ വെളിച്ചമായി ഉമ
നടൻ സുരേഷ് ഗോപിയുടെ നിർബന്ധപ്രകാരം പിന്നീട് ഉമ പ്രേമൻ സാമൂഹ്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് അട്ടപ്പാടിയിലേക്ക് മാറുകയായിരുന്നു. ഒരുപാട് പേർക്ക് വെളിച്ചം കാണിച്ച് കൊടുത്ത ഉമ അട്ടപ്പാടിക്കാർക്കും താങ്ങായി. സ്കൂളുകളുടെ ഉയർച്ചക്കും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും ടോയ്ലറ്റ് സംവിധാനം ഉണ്ടാക്കുന്നതിനും വേണ്ടി അവർ പ്രവർത്തിച്ചു. പിന്നീട് അട്ടപ്പാടിയിൽ ഒരു ഇന്റർനാഷണൽ റെസിഡന്റ്സ് ട്രൈബൽ സ്കൂളിനും അവർ തുടക്കം കുറിച്ചു. വിദ്യാഭ്യാസം മാത്രം പോരാ ഗുണമേന്മയുള്ള വിദ്യാഭ്യാസം വേണമെന്നുള്ള ആഗ്രഹമാണ് ഉമയ്ക്ക് പ്രചോദനമായത്.
ഇനി ഉമയുടെ ലക്ഷ്യം ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെല്ലാം ഓർഗൻ ട്രാൻസ്പ്ലാനറ്റേഷൻ യൂണിറ്റുകൾ നിർമിക്കുന്ന എന്നതാണ്. സ്വകാര്യ ഹോസ്പിറ്റലുകളുടെ ഭീമമായ തുക ഇതിലൂടെ ഉപയോഗിക്കാൻ സാധിക്കും
"അട്ടപ്പടിയിലെ പ്രവർത്തനങ്ങൾക്ക് ശേഷം ഒരൊട്ടമായിരുന്നു. നാഗലാന്റിലും അരുണചൽ പ്രാദേശിലും മറ്റുമൊക്കെ കുറഞ്ഞ ചിലവിൽ അംഗനവാടികളും ഹെൽത്ത് സെന്ററുകളും മറ്റുമൊക്കെ നിർമ്മിക്കാനായിരുന്നു എന്നെ ഏൽപ്പിച്ചത്. ഫ്ലഡിന് ശേഷം അട്ടപ്പാടിയിൽ പ്രൈം ഫാബ്രിക്കേറ്റഡ് മെറ്റീരിയൽ ഉപയോഗിച്ച് ഏഴ് ദിവസം കൊണ്ട് ഒരു വീട് നിർമിച്ചു. അത് പത്രങ്ങളിലൊക്കെ വന്നതിന് ശേഷമാണ് ഈ ഓട്ടം. ഇപ്പോൾ തെലുങ്കാനയിൽ വന്ന് നിൽക്കുന്നു."പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചു ഉമ വാചലയായി.
ഇനി ഉമയുടെ ലക്ഷ്യം ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിലെല്ലാം ഓർഗൻ ട്രാൻസ്പ്ലാനറ്റേഷൻ യൂണിറ്റുകൾ നിർമിക്കുന്ന എന്നതാണ്. സ്വകാര്യ ഹോസ്പിറ്റലുകളുടെ ഭീമമായ തുക ഇതിലൂടെ ഉപയോഗിക്കാൻ സാധിക്കും. തെലുങ്കാനയിൽ നിന്ന് വന്നാലുടൻ ഈ ആവശ്യം സർക്കാരിനെ അറിയിക്കുമെന്നും ഉമാ ഉറപ്പിച്ചു പറയുന്നു.
സ്നേഹമാണ് ഉമ. ഒരു ചിരിയോടെ എല്ലാവരോടും സംസാരിക്കുന്ന ഉമയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഒരുപാട് പേരുടെ ചിരിയ്ക്ക് കാരണമാവേണ്ടതുണ്ട്!