Dec 17, 2021 • 5M

കല്യാണം കഴിഞ്ഞും പഠിക്കാലോ! ഭാവി തുലാസിലാക്കാൻ ഈ ഒരൊറ്റ ചോദ്യം മതി!

ഭർത്തൃഗൃഹങ്ങൾ ഗാർഹികപീഡന തടവറകളാകുമ്പോൾ ' സാമൂഹിക സംരംഭകയായ അഞ്ജലി ചന്ദ്രൻ എഴുതുന്ന പരമ്പര

She's equal
Comment
Share
 
1.0×
0:00
-5:07
Open in playerListen on);
Episode details
Comments

ഗാർഹിക പീഡനങ്ങളുടെ പേരിൽ സ്വന്തം ജീവനും ജീവിതവും ഇല്ലാതാകുന്ന പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ നിരവധിയാണ്. ഉത്രയുടെയും വിസ്മയുടെയും പേരിൽ നാമറിഞ്ഞ ഗാർഹികപീഡന കേസുകൾക്ക് പുറമേ, ഗാർഹികപീഡന തടവറകളിൽ ജീവിതം ഹോമിക്കുന്ന അത്തരം സ്ത്രീകളുടെ ജീവിതം 'ഭർത്തൃഗൃഹങ്ങൾ ഗാർഹികപീഡന തടവറകളാകുമ്പോൾ' എന്ന പരമ്പരയിലൂടെ അവതരിപ്പിക്കുകയാണ് സാമൂഹിക സംരംഭകയായ അഞ്ജലി ചന്ദ്രൻ

എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് പഠിച്ചു കൊണ്ടിരുന്ന സമയത്താണ് അടുത്ത പരിചയത്തിലുള്ള ഒരു പെൺകുട്ടി കല്യാണം കഴിച്ചത് . പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ജാതകത്തിലെ ലസാഗുവും ഉസാഘയും വന്ന് വീട്ടുകാരുടെ ഉറക്കം കെടുത്തിയതു കൊണ്ട് പയ്യന്റെ ജോലി നോക്കി വേഗം വിവാഹം കഴിഞ്ഞു. എല്ലാം വളരെ പെട്ടന്നായിരുന്നു.

ജാതകത്തിലെ പ്രശ്നങ്ങൾക്ക് മുന്നിൽ കരിയർ പ്രശ്നങ്ങൾ ഉന്നയിച്ചാൽ വിജയിക്കില്ലല്ലോ നമ്മുടെ നാട്ടിൽ. അങ്ങനെ വരുമ്പോൾ നമ്മുടെ നാട്ടിലെ സ്ഥിരം ഡയലോഗ് 'കല്യാണം കഴിഞ്ഞും പഠിക്കാലോ ' എന്നാണ്. ഈ ഡയലോഗ് മുറതെറ്റാതെ പെണ്ണുകാണാൻ വന്നപ്പോഴും ഉണ്ടായിരുന്നു എന്നത് പ്രത്യേകം പറയേണ്ടല്ലോ. അവിടെ നിന്നുമാണ് ഈ പെൺകുട്ടിയുടെ ജീവിതം മാറിമറയുന്നത്.

കല്യാണം കഴിഞ്ഞ് ബാംഗ്ലൂർ ജോലിയുള്ള ഭർത്താവ് , ചെന്നെയിൽ പഠിക്കുന്ന പെൺകുട്ടി, കേരളത്തിൽ താമസിക്കുന്ന മാതാപിതാക്കൾ. പ്രശ്നമൊന്നും പ്രത്യക്ഷത്തിലില്ല. പക്ഷേ ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തുന്നവളെ കാത്തിരിക്കുക മകന് ഭക്ഷണം പിടിക്കാത്തതും കല്യാണം കഴിഞ്ഞ് രണ്ട് സ്ഥലത്ത് ജീവിക്കുന്ന മകനെയും ഭാര്യയെയും ഓർത്തുള്ള അമ്മായിഅമ്മയുടെ ആധി വർത്തമാനങ്ങളാണ്.

ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ എത്തുന്നവളെ കാത്തിരിക്കുക മകന് ഭക്ഷണം പിടിക്കാത്തതും കല്യാണം കഴിഞ്ഞ് രണ്ട് സ്ഥലത്ത് ജീവിക്കുന്ന മകനെയും ഭാര്യയെയും ഓർത്തുള്ള അമ്മായിഅമ്മയുടെ ആധി വർത്തമാനങ്ങളാണ്

ചുരുക്കി പറഞ്ഞാൽ ആഴ്ചയ്ക്ക് ബാംഗ്ലൂരെത്തി ഒരാഴ്ചയ്ക്ക് വേണ്ടത് മുഴുവൻ വെച്ചുണ്ടാക്കി ഫ്രിഡ്ജിൽ കയറ്റി തിരികെ വരുന്നത് സ്ഥിരം പരിപാടിയായപ്പോൾ അതുവരെ അത്യാവശ്യം നല്ല മാർക്കുള്ളവൾ തട്ടിമുട്ടി പാസായി.

ക്യാംപസ് സെലക്ഷൻ വഴി എങ്ങനെയെങ്കിലും ജോലി നോക്കാമെന്ന് വിചാരിക്കുമ്പോഴേയ്ക്ക് നാട്ടുകാരുടെയും വീട്ടുകാരുടെയും കുഞ്ഞിക്കാൽ ചോദ്യങ്ങൾ, അതേ സമയത്ത് കല്യാണം കഴിഞ്ഞവരുടെ 'വിശേഷം ' ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു തുടങ്ങി. ഇതെല്ലം പിന്നീട് അവകാശസ്വരത്തിലായി. അപ്പോഴേക്കും വന്നു കുട്ടിയായി കഴിഞ്ഞും ജോലി നോക്കാമല്ലോ എന്ന ചോദ്യം.

ഉത്തമ കുടുംബ ജീവിതത്തിൽ കുട്ടികൾക്കുള്ള സ്ഥാനം , നീ കുഞ്ഞിനെ പ്രസവിച്ചു ഇങ്ങോട്ട് തന്നിട്ട് പിറ്റേന്ന് ജോലിയ്ക്ക് പോയ്ക്കോളൂ എന്നു വരെ വാഗ്ദാനം വന്നപ്പോൾ തൽക്കാലത്തേയ്ക്ക് ജോലി വേണ്ടെന്ന ചിന്ത അവൾക്കും തോന്നി. കുഞ്ഞുണ്ടായി ആറുമാസമായപ്പോഴേയ്ക്ക് സുഹൃത്തുക്കൾ വഴി ബാംഗ്ലൂരിൽ തന്നെ അവളും ജോലി ശരിയാക്കി.

ആറുമാസമായ കുഞ്ഞിനെ നോക്കാൻ അവളുടെ വീട്ടുകാർ ഏർപ്പാടാക്കിയ സഹായിയെയും കൊണ്ട് ജോലിയ്ക്കു കയറി മാസമൊന്നു തികയുന്ന മുൻപ് പേരക്കുട്ടിയെ കാണാൻ ഭർത്താവിന്റെ അച്ഛനുമമ്മയും വന്നു. സഹായി കുഞ്ഞിനെ നോക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് രണ്ടാം മാസം അവരെ പിരിച്ചു വിട്ട് ഞങ്ങളുടെ മോന്റെ കുഞ്ഞിനെ ഞങ്ങൾ നോക്കാം എന്ന ത്യാഗമനസ് അവരു കാണിച്ചു .

പകൽ മാത്രം വരുന്ന ഒരു സഹായിയെ വെച്ചപ്പോൾ സൂത്രത്തിൽ അവരെയും ഒഴിവാക്കി. ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തുന്നവളെ കാത്ത് പിറ്റേന്നത്തേയ്ക്കു വേണ്ട പണികളും കുഞ്ഞും ഒക്കെയുണ്ടാവും. അമ്മയ്ക്ക് പകരം അമ്മ മാത്രം എന്നു പറഞ്ഞ് കുഞ്ഞിനെ നന്നായി നോക്കണം എന്ന ഉപദേശത്തോടൊപ്പം മോളേ രാവിലത്തെ സാമ്പാറിന് ഉപ്പില്ലായിരുന്നു എന്ന ഒരു പരാമർശവും അവളെ തേടിയെത്തും.

പെൺകുട്ടികൾ എല്ലാം ഒറ്റയ്ക്ക് ചെയ്യണം എന്നതിന് ഉദാഹരണം പറഞ്ഞത് ടീച്ചറായ താൻ ഒറ്റമോനെ വീട്ടിലാക്കി രാവിലെ തന്നെ ജോലിയ്ക്ക് പോവുന്ന കഥയായിരുന്നു . അന്ന് വീട്ടിൽ സഹായികളും കൂട്ടുകുടുംബവുമല്ലേ എന്ന ചോദ്യം ചോദിച്ചാൽ ഇന്നത്തെ പോലെ അന്ന് സൗകര്യങ്ങളില്ലായിരുന്നു എന്നു എണ്ണിപ്പറച്ചിൽ തുടങ്ങും.

ഇനി രാത്രിയങ്ങാൻ കുഞ്ഞുറങ്ങാതെ ഇരുന്നാൽ രാവിലെ ജോലിയ്ക്ക് പോവേണ്ട മോനെ ബുദ്ധിമുട്ടിക്കരുത് എന്ന ശാസനയുമായി അമ്മയും അച്ഛനും നേരത്തെ തന്നെ അവരുടെ വാതിൽ കുറ്റിയിടും.

കരിയർ സ്വപ്നങ്ങളുള്ളവർ ഒരിക്കലും അത് കയ്യെത്തിപ്പിടിക്കാതെ വിവാഹം , കുടുംബം എന്നിവയ്ക്ക് പിന്നാലെ പായുന്നതിൽ അർത്ഥമില്ല. പാതിവഴിയിൽ തെറ്റായിപ്പോയി തീരുമാനം എന്ന് തോന്നുമ്പോഴേക്കും പലതും തിരിച്ചുപിടിക്കാനാവാത്ത അകാലത്തിലെത്തിയിട്ടുണ്ടാകും എന്നതാണ് വാസ്തവം

അവളുടെ അമ്മയും അച്ഛനും വന്ന് കുഞ്ഞിനെ നോക്കുമെന്ന ഉറപ്പിൽ ഇത് ഭർത്താവ് അച്ഛനോടും അമ്മയോടും അവതരിപ്പിച്ചപ്പോൾ എന്നാണ് നിനക്ക് ഭാര്യവീട്ടുകാരൊക്കെ ഉണ്ടായത്, അല്ലെങ്കിലും ഞങ്ങൾക്കിത് കിട്ടണം എന്ന മട്ടിലുള്ള സീരിയൽ സീനുകൾ വേറെ. ചുരുക്കി പറഞ്ഞാൽ കുഞ്ഞിന് വയസ്സൊന്നു കഴിയുമ്പോഴേയ്ക്ക് ജോലി രാജി വെച്ചു വീട്ടിലിരിക്കേണ്ടവന്നൾക്ക്. കുഞ്ഞിനെ പ്ലേ ക്ലാസിലാക്കി ഒരു സർട്ടിഫിക്കേഷൻ കോഴ്സ് കഴിയുമ്പോഴേയ്ക്ക് ഒറ്റ മോനായ മകനോടും ഭാര്യയോടും അടുത്ത കുഞ്ഞിന്റെ ആവശ്യകത പറഞ്ഞു അടുത്ത ജോലി സ്വപ്നവും പെട്ടിയിലാക്കി വെച്ചിട്ടുണ്ട്.

Mother's Job എന്ന കോളത്തിൽ Housewife എന്നെഴുതാൻ മകനെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടവൾ. ഉന്നതവിദ്യാഭ്യാസമെന്നത് സ്വന്തം കുഞ്ഞുങ്ങൾക്ക് ഹോം ട്യൂഷൻ കൊടുക്കാൻ മാത്രമെന്ന മട്ടിൽ വിവാഹ ശേഷം പെൺകുട്ടികളുടെ സ്വപ്നങ്ങളില്ലാതാക്കുന്നവരുമുണ്ട് നമുക്ക് ചുറ്റിലും.ഈ ചിന്താഗതി മാറാതെ, മാറ്റിമറിക്കാതെ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് മോചനമുണ്ടാകില്ല.

കരിയർ സ്വപ്നങ്ങളുള്ളവർ ഒരിക്കലും അത് കയ്യെത്തിപ്പിടിക്കാതെ വിവാഹം , കുടുംബം എന്നിവയ്ക്ക് പിന്നാലെ പായുന്നതിൽ അർത്ഥമില്ല. പാതിവഴിയിൽ തെറ്റായിപ്പോയി തീരുമാനം എന്ന് തോന്നുമ്പോഴേക്കും പലതും തിരിച്ചുപിടിക്കാനാവാത്ത അകാലത്തിലെത്തിയിട്ടുണ്ടാകും എന്നതാണ് വാസ്തവം.