Feb 3 • 11M

ആർക്കും ഒരു സുപ്രഭാതത്തിൽ 'സ്ത്രീ ആകാൻ' കഴിയില്ല: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ദയ ഗായത്രി തന്റെ ജീവിതം പറയുന്നു..

കേരളത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം അനുഭവിക്കുന്ന സാമൂഹ്യവും സാമ്പത്തികവും ലൈംഗികവുമായ അരക്ഷിതാവസ്ഥകൾ കൂടി തുറന്ന് കാട്ടുകയാണ് ദയ ഗായത്രി

Anagha Jayan E
Comment
Share
 
1.0×
0:00
-10:45
Open in playerListen on);
Episode details
Comments

സ്ത്രീ ആവുക.' എന്ത് കൃത്രിമത്വം നിറഞ്ഞ പ്രയോഗം ആണല്ലേ? ഒരു സുപ്രഭാതത്തിൽ സ്ത്രീ ആയി മാറിയ മനുഷ്യരെ നിങ്ങൾ കണ്ടിട്ടുണ്ടോ? പോട്ടെ, കാലക്രമത്തിൽ സ്ത്രീ ആയി മാറിയ പുരുഷന്മാരെ നിങ്ങൾക്ക് അറിയാമോ? അങ്ങനെ ഈ ലോകത്ത് ആരുമില്ല, ട്രാൻസ്‌ജെണ്ടറുകൾ പോലും! എല്ലാ മനുഷ്യരുടെയും മനസ്സിൽ ജനനം മുതൽ തന്നെ ലിംഗവും ലൈംഗിക വാസനകളും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതത്തിന്റെ ചില പ്രത്യേക ഘട്ടങ്ങളിൽ അവ പ്രകടം ആകുന്നു എന്ന് മാത്രം.

ഇത് പറയുന്നത് ഞങ്ങളോ നിങ്ങളോ അല്ല, ഇരുപത്തിരണ്ടാം വയസ്സിൽ ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയിലൂടെ തന്റെ ആത്മാവും ശരീരവും ഒന്നാകുന്നത് അനുഭവിച്ച് അറിഞ്ഞ ദയ ഗായത്രി എന്ന പെൺകുട്ടിയാണ്. തന്റെ ജീവിത യാഥാർഥ്യങ്ങൾ സമൂഹത്തിന് മുന്നിൽ തുറന്ന് പറയുന്നതിലൂടെ കേരളത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗം അനുഭവിക്കുന്ന സാമൂഹ്യവും സാമ്പത്തികവും ലൈംഗികവുമായ അരക്ഷിതാവസ്ഥകൾ കൂടി തുറന്ന് കാട്ടുകയാണ് ദയ.

ദയ ഗായത്രിയുടെ പേര് കേരള സമൂഹം ആദ്യമായി കേൾക്കുന്നത് ഒരു പക്ഷെ അത്യന്തം പ്രത്യാശാജനകം ആയ ഒരു പത്രവാർത്തയിലൂടെ ആയിരിക്കും - മഹാരാജാസ് കോളേജിൽ ബിരുദ പഠനത്തിനായി മൂന്ന് ട്രാൻസ്‌ജെണ്ടർ വിദ്യാർത്ഥികൾ ചേർന്നു. മലയാളികൾ തങ്ങളുടെ പ്രബുദ്ധത കൊട്ടി ഘോഷിച്ച ഒരു വാർത്തയാണ് അത്.

പക്ഷെ ആ മൂന്ന് പേരും രണ്ട് വർഷം പോലും കോളേജിൽ തികച്ചില്ല എന്നത് മേൽപറഞ്ഞ പ്രബുദ്ധതയുടെ പൊള്ളത്തരം വിളിച്ച് പറയുന്നു. പഠിക്കാനും ജോലി നേടാനും സമൂഹത്തിൽ ആണിനേയും പെണ്ണിനേയും പോലെ തലയുയർത്തി ജീവിക്കാനും ആഗ്രഹിക്കുന്ന ട്രാൻസ്‌ജെണ്ടറുകൾക്ക് എന്തുകൊണ്ടാണ് കേരള സമൂഹത്തിൽ അത് സാധിക്കാത്തത്? ദയ ഗായത്രിയുടെ ജീവിതാനുഭവങ്ങൾ കേൾക്കാം..

"ഇന്നത്തെ കുട്ടികളെ പോലെ ടീനേജിൽ സെക്‌സും സെക്ഷ്വാലിറ്റിയും തിരിച്ചറിയുന്ന ഒരു തലമുറ ആയിരുന്നില്ല ഞങ്ങളുടേത്. ഇന്റർനെറ്റോ സ്മാർട്ട് ഫോണോ കമ്മ്യൂണിറ്റി കണക്ഷൻസോ ഇല്ലാത്ത കാലം. എനിക്ക് വീട്ടിൽ അപ്പനും അമ്മയും ചേട്ടനും അമ്മൂമ്മയും ആണ് ഉള്ളത്. എനിക്ക് ഓർമ്മ വച്ച കാലം മുതൽ നാട്ടുകാരും ബന്ധുക്കളും സഹപാഠികളും, എന്തിന്, ആദ്യമായി കാണുന്നവർ പോലും പറയുന്ന ഒന്നാണ് ഞാൻ പെണ്ണുങ്ങളെ പോലെ ആണ് എന്നത്.

ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഭയക്കാനും വെറുക്കാനും അല്ലെ സമൂഹം കുട്ടികളെ പോലും പഠിപ്പിച്ചിട്ടുള്ളൂ. അവരെല്ലാം ജന്മനാ എന്തോ ശാരീരിക വൈകല്യം നേരിടുന്നവർ ആണ് എന്നാണ് ഞാനും കരുതിയിരുന്നത്

ആദ്യമെല്ലാം എനിക്ക് അത് കേൾക്കുന്നത് വല്ലാത്ത മോശം ആയിരുന്നു. വീട്ടിലെ ഇളയ കുട്ടി അല്ലെ.. എല്ലാവരും കൊഞ്ചിച്ചിട്ടാകും ഞാൻ ഇങ്ങനെ ആയത് എന്നാണ് കരുതിയിരുന്നത്. ചെറുപ്പം മുതലേ എനിക്ക് പെൺകുട്ടികളോടാണ് കൂട്ട്. അല്ലെങ്കിൽ ഒരു കൂട്ടത്തിലും പെടാതെ മാറി നടക്കും. വലിയ നാണംകുണുങ്ങി ആയിരുന്നു.." - ദയ തന്റെ പഴയ സ്വത്വം ഓർത്തെടുത്തു.

കൗമാര പ്രായത്തിലാണ് അവൾക്ക് ഉള്ളിലെ സ്ത്രീ ചിറക് വിരിയിക്കാൻ തുടങ്ങിയത്. സ്വാഭാവികമായും തനിക്ക് എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന് തന്നെയാണ് ദയ ചിന്തിച്ചത്. ദയ പറയുന്നു: "അന്നൊന്നും ട്രാൻസ്‌ജെൻഡർ എന്താണ് എന്നറിയില്ല. ടിവിയിൽ അത്തരം ആളുകളെ കാണുമ്പോൾ കൗതുകത്തോടെ നോക്കി ഇരിക്കും. പണ്ട് കുടുംബത്തോടൊപ്പം മംഗലാപുരത്ത് പോയപ്പോൾ അവിടെ വച്ച് ഒരു ഹിജഡയെ കണ്ടതായി ഓർക്കുന്നുണ്ട്.

ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഭയക്കാനും വെറുക്കാനും അല്ലെ സമൂഹം കുട്ടികളെ പോലും പഠിപ്പിച്ചിട്ടുള്ളൂ. അവരെല്ലാം ജന്മനാ എന്തോ ശാരീരിക വൈകല്യം നേരിടുന്നവർ ആണ് എന്നാണ് ഞാനും കരുതിയിരുന്നത്. പക്ഷെ അവരോട് എനിക്ക് വല്ലാത്തൊരു ആരാധന തോന്നിയിരുന്നു. ഒന്നുമില്ലെങ്കിലും സമൂഹത്തിന്റെ കുത്തുവാക്കുകൾ ഭയക്കാതെ സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നുണ്ടല്ലോ.."

അങ്ങനെ പത്താം ക്ലാസും പ്ലസ് റ്റൂവും കഴിഞ്ഞു. ദയ ബിരുദ പഠനത്തിനായി എറണാകുളം മഹാരാജാസിൽ ചേർന്നു. നാണംകുണുങ്ങിയായ, ആരോടും മിണ്ടാൻ പോലും ധൈര്യം ഇല്ലാത്ത 'ആ ചെറുക്കനെ' അധികം ആർക്കും പരിചയം പോലും ഇല്ലായിരുന്നു. പക്ഷെ അക്കാലത്താണ് എറണാകുളം കേന്ദ്രമാക്കി ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റികൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ദയ തിരിച്ചറിഞ്ഞത്. വീട്ടുകാർ പോലും അറിയാതെ ആണ് അങ്ങനെ ഒരു സ്ഥാപനവുമായി ദയ ബന്ധപ്പെട്ടത്.

"അവിടെ വച്ച് ഞാൻ എന്നെപ്പോലെ കുറെ മനുഷ്യരെ കണ്ടു. ഒരൊറ്റ വ്യത്യാസമേ ഉള്ളൂ: അവർ സ്വന്തം സ്വത്വം വിളിച്ച് പറയുന്നുണ്ട്. ഞാൻ വിളിച്ച് പറയുന്നില്ല. അന്നെനിക്ക് തോന്നി, ഇങ്ങനെ പോരാ. പുറത്ത് വരണം. പെണ്ണായി ജീവിക്കണം.. ആദ്യമെല്ലാം ഞാൻ കരുതിയത് ഞാൻ ഒരു സ്വവർഗാനുരാഗി ആണ് എന്നായിരുന്നു. പതിയെ പതിയെ ഞാൻ ഒരു സ്ത്രീ തന്നെയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവാണ് എന്റെ ജീവിതത്തിന്റെ യഥാർത്ഥ തുടക്കം," ദയ പുഞ്ചിരിയോടെ പറഞ്ഞു.

പത്തൊൻപത് വയസ്സ് വരെ ആണായി ജീവിച്ച സ്വന്തം മകൻ - അനിയൻ - ഒരു സുപ്രഭാതത്തിൽ താനൊരു പെണ്ണാണ് എന്ന് പ്രഖ്യാപിച്ചാൽ ഏത് കുടുംബമാണ് ഒറ്റ നിമിഷം കൊണ്ട് അംഗീകരിക്കുക?!

പക്ഷെ മുന്നോട്ടുള്ള കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ എളുപ്പം ആയിരുന്നില്ല. പത്തൊൻപത് വയസ്സ് വരെ ആണായി ജീവിച്ച സ്വന്തം മകൻ - അനിയൻ - ഒരു സുപ്രഭാതത്തിൽ താനൊരു പെണ്ണാണ് എന്ന് പ്രഖ്യാപിച്ചാൽ ഏത് കുടുംബമാണ് ഒറ്റ നിമിഷം കൊണ്ട് അംഗീകരിക്കുക?! ദയയുടെ നിശ്ചയദാർഢ്യം തകർക്കാൻ, അവളെ തകർക്കാൻ ആവുന്ന വഴികൾ എല്ലാം കുടുംബം പയറ്റി. "എന്റെ സ്വന്തം ചേട്ടൻ എന്നെ പറഞ്ഞ ശകാര വാക്കുകൾ ഇന്നും എന്റെ കാതിൽ മുഴങ്ങുകയാണ്," ദയ ഓർത്തെടുക്കുന്നു, "അമ്മയും അപ്പനും കരഞ്ഞ് കാലുപിടിച്ചു. മന്ത്രവും തന്ത്രവും കൗണ്സിലിംഗും എല്ലാം പയറ്റി. പക്ഷെ ഒരു കാര്യത്തിൽ ഞാൻ വേറിട്ട് നിന്നു: അവരുടെ ഒരു ശ്രമത്തെയും ഞാൻ ആയിട്ട് എതിർത്തില്ല. ഒരു തരത്തിൽ എനിക്ക് എന്റെ തീരുമാനത്തിന്റെ ശക്തി പരിശോധിക്കാൻ ഉള്ള അവസരങ്ങൾ കൂടി ആയിരുന്നു അത്. അങ്ങനെ ഒരു കറക്റ്റീവ് ട്രീറ്റ്മെന്റിലൂടെ മാറ്റാൻ സാധിക്കുന്നതാണോ എന്റെ സ്വത്വം എന്ന് എനിക്കും അറിയണ്ടേ? സൈക്യാട്രിസ്റ്റിന് അടുത്തേക്ക് വരെ ഞാൻ അവരോടൊപ്പം അനുസരണയുള്ള കുട്ടിയായി പോയി.

ട്രാൻസ്‌ജെണ്ടറുകളെ കുറിച്ചോ ജെണ്ടർ റൈറ്റ്സിനെ കുറിച്ചോ വലിയ വിവരം ഒന്നും ഉള്ള ആളായിരുന്നില്ല ആ ഡോക്ടർ. അയാൾക്ക് പറയാനുള്ളത് എല്ലാം ഞാനും കേട്ടു. ശേഷം എന്റെ മനസ്സിന്റെ ആശങ്കകളും, ഞാൻ കണ്ട ഉദാഹരണങ്ങളും എന്റെ ജീവിത ലക്ഷ്യങ്ങളും എല്ലാം ഞാൻ അയാളോട് തുറന്ന് പറഞ്ഞു. എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് ആ ഡോക്ടർ എന്റെ മാതാപിതാക്കളെ വിളിച്ച് ഉപദേശിച്ചു - 'ഈ കുട്ടി നല്ല നിശ്ചയദാർഢ്യവും ലക്ഷ്യബോധവും ഉള്ള വ്യക്തിയാണ്. അവരുടെ ജീവിതം അവരുടെ തീരുമാനങ്ങൾക്ക് വിടൂ.. നിങ്ങൾക്ക് അവരെ കുറിച്ച് ഓർത്ത് നിരാശ ഉണ്ടാകില്ല, ഞാൻ ഉറപ്പ് തരാം..' അമ്മയ്ക്ക് അത് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല.

ഞാൻ ഡോക്ടർക്ക് എന്തോ കൈവിഷം കൊടുത്തു എന്ന് ചിന്തിക്കാനേ അമ്മയ്ക്ക് കഴിഞ്ഞുള്ളു. ഞാൻ അത് കേട്ട് ഉള്ളിൽ ചിരിച്ചു. പക്ഷെ എനിക്ക് പിന്നീടുള്ള രണ്ട് വർഷങ്ങളിൽ നേരിടേണ്ടി വന്നത് കടുത്ത വെല്ലുവിളികൾ ആയിരുന്നു. എന്റെ സ്വപ്നം പോലെ സുഖമുള്ള ഒരു യാത്ര ആയിരുന്നില്ല അത്.

സ്വന്തം ലൈംഗീകത വിളിച്ച് പറയുന്ന ഘട്ടത്തിൽ ഓരോരുത്തർ കുടുംബത്തിൽ നിന്ന് നേരിടുന്ന ശാരീരികവും മാനസികവും ആയ പീഡനങ്ങൾ അതിഭീകരം ആണ്

ദയയുടെ അഭിപ്രായത്തിൽ കേരളത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തികളിൽ വച്ച് ഏറ്റവും ഭാഗ്യമുള്ള വ്യക്തിയാണ് ദയ. സ്വന്തം ലൈംഗീകത വിളിച്ച് പറയുന്ന ഘട്ടത്തിൽ ഓരോരുത്തർ കുടുംബത്തിൽ നിന്ന് നേരിടുന്ന ശാരീരികവും മാനസികവും ആയ പീഡനങ്ങൾ അതിഭീകരം ആണ്. "ഭക്ഷണം പോലും കൊടുക്കാതെ മുറിയിൽ അടച്ചിടുക, കുടുംബം ഒന്നടങ്കം ആത്മഹത്യാ ഭീഷണി മുഴക്കുക, മർദ്ദിച്ച് അവശമാക്കുക, മന്ത്രവാദികൾക്ക് എറിഞ്ഞ് കൊടുക്കുക, വ്യാജ ഡോക്ടർമാരുടെ വാക്കുകൾ കേട്ട് മനോരോഗികൾക്ക് കൊടുക്കുന്ന മരുന്നുകൾ നൽകുക.. തുടങ്ങി ലൈംഗികത തുറന്ന് പറയുന്ന ഘട്ടത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾ കുടുംബത്തിൽ നിന്ന് നേരിടുന്ന കൊടിയ പീഡനങ്ങൾ ഒന്നും തന്നെ എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല, എന്റെ അമ്മയുടെ മനസ്സ് എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു - അവർക്ക് എന്നെ അംഗീകരിക്കാൻ കുറെയേറെ സമയം വേണ്ടി വന്നു എങ്കിലും," ദയ തുറന്ന് പറയുന്നു.

ട്രാൻസ്‌ജെൻഡർ ആകുക എന്നാൽ ഒരു മനോരോഗമാണ് എന്നതാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും വിഷമയമായ ചിന്ത. ഒരു വ്യക്തി, താൻ ശാരീരികമായി മറ്റൊരു ലിംഗം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാൽ ഉടൻ തന്നെ അയാളെ കൗണ്സിലിങ്ങിന് വിധേയമാക്കുക എന്നതാണ് ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്ന ഒരു നാട്ടുനടപ്പ്.

ശരിയായ ഒരു കൗൺസിലിങ് വിദഗ്ധനെ ആണ് അവർ സമീപിക്കുന്നത് എങ്കിൽ ഈ അവസ്ഥയെ കുറിച്ച് വ്യക്തമായ ബോധം ആ കുടുംബത്തിന് ഉണ്ടാക്കി കൊടുക്കാനും ശസ്ത്രക്രിയ ആഗ്രഹിക്കുന്ന വ്യക്തിയോയുടെ നിശ്ചയദാർഢ്യം പരീക്ഷിച്ച് ഉറപ്പിക്കാനും അത് ഉപകരിക്കും. എന്നാൽ വ്യാജ മനഃശാസ്ത്രജ്ഞർ വീട്ടുകാരുടെ നിസ്സഹായാവസ്ഥ മുതലാക്കി മരുന്നുകൾ പോലും കുറിച്ച് നൽകി പേഷ്യന്റിന്റെ സ്ഥിതി വഷളാക്കുന്നു. ഇത്തരം ഒട്ടേറെ സ്ഥാപനവത്കൃതമായ പീഡനങ്ങളുടെ കഥയാണ് കേരളത്തിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പറയാനുള്ളത്.

എന്തായാലും താനൊരു ട്രാൻസ്‌ജെൻഡർ വ്യക്തിയാണ്, അങ്ങനെ തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് പറയുന്നതോടെ ആ വ്യക്തി കുടുംബത്തിന്റെ പാടി ഇറങ്ങേണ്ടി വരും. കാരണം, അവർ ആഗ്രഹിക്കുന്ന ജീവിതത്തെ പിന്താങ്ങാവുന്ന മാനസിക വ്യാപ്തി കേരളത്തിലെ കുടുംബാന്തരീക്ഷങ്ങൾക്ക് ഇന്നും കൈവന്നിട്ടില്ല. ദയ ഗായത്രിയും ഇരുപതാം വയസ്സിൽ തന്റെ വീടിന്റെ പടി ഇറങ്ങി. കൊച്ചിയിലെ പരിചയങ്ങളിൽ നിന്ന് തനിക്ക് കൂട്ടായി ലഭിച്ച കമ്മ്യൂണിറ്റിയിൽ ഒരാൾ ആയി താൻ ആഗ്രഹിക്കുന്ന പോലെ ഒരുങ്ങി, ശരീരം കൊണ്ടും സ്ത്രീ ആകാൻ കൊതിച്ച് അവൾ പുതുജീവിതം ആരംഭിച്ചു.

"നമ്മുടെ മനസ്സും ബുദ്ധിയും കഴിവുകളും ഒന്നും ആർക്കും വേണ്ട. പക്ഷെ ശരീരം - അത് എല്ലാവർക്കും വേണം’’

അപ്പോഴാണ് അധികം ആർക്കും അറിയാത്ത ചില യാഥാർഥ്യങ്ങൾ അവൾക്ക് മുന്നിൽ തുറന്ന് വരുന്നത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പൊതുസമൂഹത്തിൽ മാന്യമായ ഒരു തൊഴിൽ പോലും മുൻവിധികൾ ഇല്ലാതെ ലഭിക്കുന്നില്ല! മാത്രമല്ല, തനിക്ക് അവകാശപ്പെടാൻ ഒരു ഡിഗ്രി പോലും ഇല്ല താനും. തന്നെ പോലുള്ളവർ ഏർപ്പെടുന്ന തൊഴിലുകൾ കണ്ട് ദയ അക്ഷരാർഥത്തിൽ ഞെട്ടുന്ന ഉണ്ടായത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ വാക്കുകൾ ഇങ്ങനെ:

"നമ്മുടെ മനസ്സും ബുദ്ധിയും കഴിവുകളും ഒന്നും ആർക്കും വേണ്ട. പക്ഷെ ശരീരം - അത് എല്ലാവർക്കും വേണം. കൊച്ചിയിലെ മൂന്നാംകിട ലോഡ്ജുകളിൽ ഞങ്ങൾ ദിവസ വാടകയ്ക്ക് മുറി എടുക്കും. എന്നിട്ട് രാത്രി സെക്സ് വർക്കിന് പോകും. എത്ര നാൾ ജോലി എടുത്താൽ ആണ് ശസ്ത്രക്രിയയ്ക്കും അതിന് ശേഷം വിശ്രമിക്കാനും എല്ലാമുള്ള പണം കിട്ടുക എന്നോ? നിത്യച്ചെലവിന് ഉള്ളത് പോലും സാധാരണ ഗതിയിൽ കിട്ടില്ല.

രാത്രി ഹൈവേയിൽ നിന്നാൽ ലോറി ഡ്രൈവർമാർ ആണ് വരിക. അവർ ഒരു മയവും ഇല്ലാതെ ചവിട്ടി മെതിക്കും. എഴുന്നേറ്റ് നിൽക്കാൻ പോലും ആവതില്ലാതെ ആകും. ഇതൊന്നും നമുക്കും മനസ്സ് ഉണ്ടായിട്ട് കിടന്ന് കൊടുക്കുന്നതല്ല. എനിക്ക് നന്നായി പാചകം ചെയ്യാനും വീട്ടുവേല എടുക്കാനും അറിയാം. കേരളത്തിൽ ഏതെങ്കിലും ഒരു കുടുംബം എനിക്ക് സ്ഥിരജോലി തരുമോ? തരില്ല. പിന്നെ ജീവിക്കണ്ടേ? രാത്രി കിട്ടുന്ന പണം തികയാതെ വന്നാൽ പകൽ ഭിക്ഷാടനത്തിന് ഇറങ്ങും. നമ്മൾ എല്ലാം പട്ടിണി കിടക്കാത്ത കുടുംബങ്ങളിൽ നിന്ന് വരുന്നവർ ആണ്. പക്ഷെ ദാരിദ്ര്യം സഹിക്കാതെ വരുമ്പോൾ ആ വീറോക്കെ പോകും.."

ദയയുടെ ജീവിതം ഇനിയാണ് തുടങ്ങുന്നത്..

തുടരും….