Nov 9, 2021 • 12M

'എല്ലാം സഹിക്കുന്നത് മക്കൾക്ക് വേണ്ടി' നിർത്തണം ഈ പറച്ചിൽ, പറയാം ടോക്സിക് ബന്ധങ്ങൾക്ക് ഗുഡ്ബൈ!

എല്ലാം സഹിക്കുന്നത് മക്കൾക്ക് വേണ്ടിയാണ് എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം മോശമായ ഒരു സ്റ്റേറ്റ്മെന്റ് ആണ്. സ്വയം സ്നേഹിക്കാനാണ് ഓരോ വ്യക്തിയും ആദ്യം ശ്രമിക്കേണ്ടത്

Lakshmi Narayanan
Comment
Share
 
1.0×
0:00
-11:50
Open in playerListen on);
Episode details
Comments

ഒരു സ്ത്രീ ആർക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് ? മാതാപിതാക്കൾക്ക് വേണ്ടിയോ ? ഭർത്താവിന് വേണ്ടിയോ ? അതോ മക്കൾക്ക് വേണ്ടിയോ? ജീവിതകാലമത്രയും വീടിനകത്തും പുറത്തും അധ്വാനിക്കേണ്ടതും സമരസപ്പെട്ട് ജീവിക്കേണ്ടതും ആർക്കുവേണ്ടിയാണ്? ചോദ്യം മുൻതലമുറയിലെ സ്ത്രീകളോടാണെങ്കിൽ ഭർത്താവിനും മക്കൾക്കും വേണ്ടിയാണു ജീവിക്കേണ്ടത് എന്ന് ബഹുഭൂരിപക്ഷം പേരും ഉത്തരം പറയും.

എന്നാൽ ചോദ്യം ഈ തലമുറയിലെ സ്ത്രീകളോടാണെങ്കിൽ കുറച്ചു പേരെങ്കിലും പറയും 'ഒരു സ്ത്രീ ആത്യന്തികമായി ജീവിക്കേണ്ടത് അവൾക്ക് വേണ്ടിയാണെന്ന്'. അതേ, സ്വന്തം സ്വത്വത്തെക്കുറിച്ച് ബോധ്യമുള്ള ചുരുക്കം വരുന്ന ആ സ്ത്രീകളിലാണ് നാളെയുടെ പ്രതീക്ഷ. വർഷങ്ങളോളം തനിക്ക് ചുറ്റും കണ്ടതും അനുഭവിച്ചറിഞ്ഞതുമായ കയ്പ്പേറിയ അനുഭവങ്ങളിൽ നിന്നും പാതിരായിവന്ന ഫെമിനിസ്റ്റിക് ചിന്താഗതി തന്നെയാണ് 'ഒരു സ്ത്രീ ആത്യന്തികമായി ജീവിക്കേണ്ടത് അവൾക്ക് വേണ്ടി തന്നെയാണെന്ന' ചിന്തയ്ക്കാധാരം.

ചുവരുണ്ടങ്കിലേ ചിത്രം വരയ്ക്കാനാകൂ എന്ന് പറയുന്നത് പോലെ തന്നെയാണ് സാമ്പത്തികമായും ചിന്താപരമായും സാമൂഹികപരമായും ശക്തയായ ഒരു സ്ത്രീയുടെ ജീവിതം. സ്വന്തം കാലിൽ നിൽക്കാനും വരുമാനം കണ്ടെത്താനും സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാനും കഴിയുന്ന ഒരു സ്ത്രീക്ക് സ്വന്തം മാതാപിതാക്കളെയും ഭർത്താവിനെയും മക്കളെയും ആവശ്യാനുസരണം സംരക്ഷിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. മറിച്ചാണ് സ്ഥിതിയെങ്കിൽ, സ്ത്രീ ഒരു ആശ്രിത ജനവിഭാഗമായി ഒതുങ്ങിക്കൂടുകയാണെങ്കിൽ പലതും അവൾക്ക് ത്യജിക്കേണ്ടതായി വരും.

സ്വന്തം കാലിൽ നിൽക്കാനും വരുമാനം കണ്ടെത്താനും സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാനും കഴിയുന്ന ഒരു സ്ത്രീക്ക് സ്വന്തം മാതാപിതാക്കളെയും ഭർത്താവിനെയും മക്കളെയും ആവശ്യാനുസരണം സംരക്ഷിക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല

ഉണ്ണുന്ന അന്നമോ, ഉടുക്കുന്ന വസ്ത്രമോ സ്വയം തെരഞ്ഞെടുക്കാൻ പോലും സ്വാതന്ത്യമില്ലാത്ത ഒട്ടനവധി സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങുന്ന ഇത്തരക്കാരുടെ കഥ അസംഖ്യമാണ്. ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വരുന്ന പലവിധ ശാരീരിക മാനസിക പീഡനങ്ങൾക്കും ബദലായി ഇവർ പറയുന്നത് 'എല്ലാം സഹിക്കുന്നത് മക്കൾക്ക് വേണ്ടി' എന്നാണ്. സ്ത്രീ എന്തിനാണ് ഇപ്പോഴും മറ്റൊരാൾക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുന്നത്? ചിന്തിച്ചിട്ടുണ്ടോ?

14 വർഷങ്ങൾ തടവറയ്ക്കുള്ളിൽ

ഇത് പാലക്കാട് എലപ്പുള്ളി സ്വദേശിനിയായ സുനിതയുടെ ജീവിതമാണ്. ജീവിതത്തിൽ ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ കഴിയാത്ത ഒരു വ്യക്തിക്കൊപ്പം 14 വർഷം ജീവിക്കേണ്ടി വന്ന ഒരു പെണ്ണിന്റെ ജീവിതം. എംകോം രണ്ടാം വർഷത്തിന് പഠിക്കുമ്പോഴാണ് സുനിതയുടെ വീട്ടിൽ കല്യാണാലോചനകൾ ശക്തമാകുന്നത്. പഠിച്ച് ജോലി കിട്ടിയിട്ട് മതി കല്യാണം എന്ന് സുനിത ആവത് പറഞ്ഞെങ്കിലും ഇപ്പോൾ തന്നെ വൈകി എന്നും സുനിതയ്ക്ക് താഴെ വിവാഹപ്രായമായ രണ്ട് അനുജത്തിമാരുണ്ടെന്നും പറഞ്ഞുകൊണ്ട് ആദ്യം വന്ന ആലോചനകളിൽ ഒന്ന് ഉറപ്പിക്കുകയായിരുന്നു വീട്ടുകാർ.

അവരെ സംബന്ധിച്ച് മകളെ കെട്ടിച്ചുവിട്ട് 'കടമ' തീർക്കണമായിരുന്നു. വരൻ പ്രൈവറ്റ് കമ്പനിയിൽ സൂപ്പർവൈസർ, കാഴ്ചയിൽ സുന്ദരൻ. ഒറ്റനോട്ടത്തിൽ ഒരു ഇടത്തരം കുടുംബത്തിന് അനുയോജ്യമായ
”””+ ബന്ധം. അങ്ങനെ വിവാഹം കഴിഞ്ഞു. ഒപ്പം സുനിതയുടെ പഠനവും നിന്നു.

എന്നാൽ മധുവിധു കാലം കഴിയും മുൻപേ സുനിതയ്ക്ക് ഒരു കാര്യം മനസിലായി. ഒന്നും പുറമെ കാണുന്ന പോലെയല്ല. ഭർത്താവ് തികഞ്ഞൊരു മദ്യപാനിയാണ്. കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ആരും കാണാതെയായിരുന്നു മദ്യപാനം. പിന്നീട്, സുനിത അത് കണ്ടെത്തിയതോടെ എല്ലാവരും കാൺകെയായി. സുനിത വീട്ടിൽ കാര്യം പറഞ്ഞെങ്കിലും മാതാപിതാക്കളുടെ മറുപടി 'ആണുങ്ങളായാൽ അല്പം കുടിക്കും. നീ അത് കാര്യമാക്കണ്ട' എന്നതായിരുന്നു.

ദിവസവും രാത്രി കുടിച്ചു ബോധമില്ലാതെ വന്നു കയറുന്ന ഭർത്താവിനെ നോക്കി കരഞ്ഞു നേരം വെളുപ്പിച്ചിട്ടുണ്ട് സുനിത. മാതാപിതാക്കളോട് പലകുറി ഇക്കാര്യങ്ങൾ പറഞ്ഞെങ്കിലും 'പെണ്ണാണ് അല്പം സഹിക്കണം, ക്ഷമിക്കണം' തുടങ്ങിയ പതിവ് ഉപദേശങ്ങളിൽ അവർ സുനിതയെ ഭർത്താവിന്റെ വീട്ടിലേക്ക് മടക്കി അയച്ചുകൊണ്ടിരുന്നു.

ജോലിക്ക് കൃത്യമായി പോകാത്ത അവസ്ഥ, പണം ഇല്ലാതായതോടെ സുനിതയുടെ സ്വർണം മുഴുവൻ വിറ്റ് മദ്യപാനം തുടർന്നു. ഒടുവിൽ അതും ഇല്ലാതായപ്പോൾ പണത്തിനായി സുനിതയെ ഉപദ്രവിക്കാൻ തുടങ്ങി. സഹികെട്ട് പലപ്പോഴും സ്വന്തം വീട്ടിൽ നിന്നും പണം വാങ്ങി ഭർത്താവിന് നൽകി. ഒരു വർഷത്തോളം ഈ നില തുടർന്നു. ഇടക്ക് തനിക്ക് തന്റെ വീട്ടിലേക്ക് മടങ്ങി വരണമെന്ന് സുനിത മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ 'നിനക്ക് താഴെയുള്ള അനിയത്തിമാരുടെ ഭാവി ഓർക്കണം' എന്നതായിരുന്നു സുനിതയ്ക്കുള്ള മറുപടി.

ചെറുതോ വലുതോ ആകട്ടെ, ഏതവസ്ഥയിലും വരുമാനം കണ്ടെത്തുന്നതിനുള്ള വക ഓരോ സ്ത്രീയും കണ്ടെത്തണം. സാമ്പത്തികമായ അടിമത്വമാണ് സ്വാതന്ത്ര്യ ചിന്തകൾക്ക്മേൽ കടിഞ്ഞാണിടുന്നത്. അത് സ്ത്രീകളെ കൂട്ടിലടച്ച പക്ഷിയെ പോലെ ദുർബലയാക്കും

പലകുറി ആത്മഹത്യയെ പറ്റി ചിന്തിച്ചു. ഇതിനിടയ്ക്ക് കുഞ്ഞുങ്ങളുണ്ടായാൽ ഭർത്താവിന്റെ ഈ സ്വഭാവത്തിനെല്ലാം മാറ്റമുണ്ടാകുമെന്ന ഉപദേശം സുനിതയിൽ എല്ലാവരും ചേർന്ന് അടിച്ചേൽപ്പിച്ചു. അത് ആ ബന്ധത്തിൽ നിന്നും പുറത്ത് കടക്കാനുള്ള സുനിതയുടെ ആഗ്രഹത്തിന് തടയിടാനുള്ള കുരുക്ക് ആണെന്ന് അവൾ അറിഞ്ഞില്ല.

അങ്ങനെ വിവാഹം കഴിഞ്ഞു രണ്ടാം വർഷം സുനിതക്ക് ഒരു മകൾ ജനിച്ചു. എന്നാൽ എല്ലാവരും പറഞ്ഞത് പോലെ കുഞ്ഞിന്റെ ജനനം കൊണ്ട് ഒന്നും മാറിയില്ല. ഭർത്താവ് കുഞ്ഞിന്റെ മുഖം കാണാൻ പോലും ആശുപത്രിയിലെത്തിയില്ല. മദ്യപാനം അയാളെ അത്രക്ക് അടിമയാക്കിയിരുന്നു. സ്വന്തം ആവശ്യങ്ങൾക്കായി ഭർത്താവിന്റെ വീട്ടുകാരെ ആശ്രയിക്കേണ്ട ഗതിയിലായിരുന്ന സുനിതക്ക് കുഞ്ഞിന്റെ ആവശ്യങ്ങൾക്കും അവരെത്തന്നെ ആശ്രയിക്കേണ്ടി വന്നു.

അത് പിന്നീട് പലവിധ അസ്വാരസ്യങ്ങൾക്കും കാരണമായി. കുഞ്ഞിനെ സ്‌കൂളിൽ ചേർത്തുമ്പോഴും അസുഖം വന്ന് ആശുപത്രിൽ കിടത്തിയപ്പോഴുമൊന്നും സുനിതയ്‌ക്കൊപ്പം ഭർത്താവ് ഉണ്ടായിരുന്നില്ല. മദ്യപിച്ച് വീട്ടിലെത്തുന്ന അയാളിൽ നിന്നും എന്നും തല്ലും വഴക്കും ആയിരുന്നു സുനിത ഏറ്റുവാങ്ങിയത്. ഭർത്താവിന്റെ മർദ്ദനമേൽക്കാത്ത ഒരിടം പോലും സുനിതയുടെ ശരീരത്തിലുണ്ടായിരുന്നില്ല.

ഈ അവസ്ഥ നേരിൽ കണ്ടിട്ടും സുനിതയ്ക്ക് ചുറ്റുമുള്ളവർ പറഞ്ഞത് കുഞ്ഞിന് വേണ്ടി എല്ലാം സഹിക്കാനാണ്. കേട്ട് ,കേട്ട് അത് സുനിതയുടെ മനസിലും പതിഞ്ഞു. അയൽക്കൂട്ടത്തിൽ നിന്നും കുടുംബശ്രീയിൽ നിന്നുമെല്ലാം ലഭിക്കുന്ന ചെറിയ വരുമാനം കൊണ്ട് സുനിത ചെലവുകൾ നടത്തി.

ഇതിനിടയ്ക്ക് പലകുറി ഭർത്താവിന്റെ അടികൊണ്ട് രക്തസ്രാവവുമായി ആശുപത്രിയിൽ കിടക്കേണ്ടി വന്നു. പോലീസിൽ അറിയിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചെങ്കിലും 'കുഞ്ഞിന് അച്ഛനില്ലാതെയാക്കരുത്, നീ ഒരു പെണ്ണാണ് ഒറ്റക്ക് എങ്ങനെ ജീവിക്കും , കുഞ്ഞിന് വേണ്ടി സഹിക്ക്' തുടങ്ങിയ ഉപദേശങ്ങൾ മനസിലേക്ക് തികട്ടി വന്നു. അങ്ങനെ കഴിഞ്ഞ പതിന്നാലു കൊല്ലം കുഞ്ഞിന് വേണ്ടി, കുടുംബത്തിന് വേണ്ടി എന്ന പേരിൽ സുനിത തന്റെ മനസും ആരോഗ്യവും ഇല്ലാതാക്കി ഭർത്താവിന്റെ ക്രൂരതകൾ സഹിച്ചു.

2019 കൊറോണക്കാലത്തെ ഓണം, കയ്യിൽ അരി വാങ്ങാൻ പോലും പണമില്ലാതെ വിഷമിച്ച സുനിതയോട് ഭർത്താവ് മദ്യപിക്കാനായി പണം ചോദിച്ചു. പണമില്ലെന്ന് പറഞ്ഞതിന്റെ പേരിൽ നിരവധി തവണ മർദ്ദനം ഏറ്റു. ഒടുവിൽ പണത്തിനു വേണ്ടി 12 വയസുള്ള മകളുടെ കാതിലെ ഒരുഗ്രാം തൂക്കമുള്ള കമ്മൽ ആ 'അച്ഛൻ' പറിച്ചെടുത്തു. മുറിഞ്ഞു തൂങ്ങിയ ചെവിയുമായി മകൾ സുനിതയെ കെട്ടിപ്പിടിച്ചു കരഞ്ഞ ആ നിമിഷമാണ് സുനിത യാഥാർഥ്യത്തിലേക്ക് ഇറങ്ങി വന്ന് ചിന്തിച്ചു തുടങ്ങിയത്.

മക്കൾക്ക് വേണ്ടി എല്ലാം സഹിക്കുന്നതല്ല, മക്കൾക്ക് മികച്ച ജീവിതവും ആരോഗ്യമുള്ള മനസും നൽകുന്നതാണ് മികച്ച കാര്യമെന്ന് തന്നോട് ചേർന്ന് നിൽക്കുന്ന എല്ലാവരോടും സുനിത പറയുന്നു

താൻ ഇത്രനാൾ ആർക്ക് വേണ്ടിയാണു ജീവിച്ചത് ? മകൾക്ക് വേണ്ടി ഭർത്താവിന്റെ ക്രൂരതകൾ സഹിച്ചിട്ട് ഒടുവിൽ അവൾക്ക് എന്ത് നൽകി? സുനിത സ്വയം ചോദിച്ചു. അമ്മയോടും തന്നോടുമുള്ള അച്ഛന്റെ പെരുമാറ്റം ആ കുട്ടിയിൽ ഉണ്ടാക്കിയ ട്രോമാ വളരെ വലുതായിരുന്നു. വൈകിയെങ്കിലും അത് മനസിലാക്കിയ സുനിത ഇനി ആരെന്ത് പറഞ്ഞാലും തനിക്ക് ഭർത്താവിനോടൊപ്പം ജീവിക്കാൻ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞു.

സ്വന്തം ജീവിതം സ്വയം നെയ്തെടുക്കണം

'എന്തും ഏതും സഹിക്കണം, പൊറുക്കണം , മകളെ ഓർത്ത് സഹിക്കണം' എന്ന് മാത്രം പറയുന്ന തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് സുനിത പോയില്ല. അയൽക്കൂട്ടത്തിൽ നിന്നും ലോൺ എടുത്ത ചെറിയ തുക കൊണ്ട് ഒരു ഒറ്റമുറി വീട് വാടകക്കെടുത്തു. ശേഷിച്ച തുക കൊണ്ട് 50 മുട്ടക്കോഴികളെ വാങ്ങി. വീടിനടുത്തായുള്ള ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേളായി ജോലിക്ക് കയറി.

പതിനാല് വർഷം എല്ലാവരും ചേർന്ന് പെണ്ണ് സഹനത്തിന്റെ പര്യായമാകണം, നീ ഒറ്റക്കാണ് എന്നൊക്കെ പറഞ്ഞു ഒതുക്കി നിർത്തിയ സുനിത ഇന്ന് തന്റെ മകളെ പഠിപ്പിക്കുകയും നല്ല രീതിയിൽ വളർത്തുകയും ചെയ്യുന്നു. മക്കൾക്ക് വേണ്ടി എല്ലാം സഹിക്കുന്നതല്ല, മക്കൾക്ക് മികച്ച ജീവിതവും ആരോഗ്യമുള്ള മനസും നൽകുന്നതാണ് മികച്ച കാര്യമെന്ന് തന്നോട് ചേർന്ന് നിൽക്കുന്ന എല്ലാവരോടും സുനിത പറയുന്നു. സ്വാഭിമാനം ജീവിക്കുന്ന സുനിതയെ ഇന്ന് വീട്ടുകാർ അംഗീകരിക്കുന്നു.

അവനവന് വേണ്ടി ജീവിക്കൂ

ഈ ഒരു തലത്തിലേക്ക് എത്താനും, സ്വന്തം കാലിൽ നിന്നു വരുമാനം കണ്ടെത്താനും അത്കൊണ്ട് ജീവിക്കാനും സുനിതയ്ക്ക് 14 വർഷങ്ങൾ വേണ്ടി വന്നു. ഒരിക്കലും തിരികെ ലഭിക്കാത്ത, നരകയാതന അനുഭവിച്ച 14 വർഷങ്ങൾ. സുനിതയെപോലെ ഇപ്പോഴും മക്കൾക്ക് വേണ്ടി എല്ലാം സഹിക്കുന്ന, പീഡനങ്ങൾക്ക് നേരെ കണ്ണടക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാം സഹിക്കുന്നത് മക്കൾക്ക് വേണ്ടിയാണ് എന്നത് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം മോശമായ ഒരു സ്റ്റേറ്റ്മെന്റ് ആണ്. സ്വയം സ്നേഹിക്കാനും അവനവന് വേണ്ടി ജീവിക്കാനുമാണ് ഓരോ വ്യക്തിയും ആദ്യം ശ്രമിക്കേണ്ടത്. അല്ലാത്ത ഒരമ്മക്ക് മക്കൾക്ക് നല്ലൊരു ജീവിതം നൽകാൻ സാധിക്കില്ല.

ഇത്തരമൊരു മാറ്റത്തിന് ആത്യന്തികമായി വേണ്ടത് സ്ത്രീകൾ സാമ്പത്തികമായി സ്വാതന്ത്രരാകുക എന്നതാണ്. ചെറുതോ വലുതോ ആകട്ടെ, ഏതവസ്ഥയിലും വരുമാനം കണ്ടെത്തുന്നതിനുള്ള വക ഓരോ സ്ത്രീയും കണ്ടെത്തണം. സാമ്പത്തികമായ അടിമത്വമാണ് സ്വാതന്ത്ര്യ ചിന്തകൾക്കുമേൽ കടിഞ്ഞാണിടുന്നത്. അത് സ്ത്രീകളെ കൂട്ടിലടച്ച പക്ഷിയെ പോലെ ദുർബലയാക്കും.

അസ്വസ്ഥമായ ചുറ്റുപാടുകളിൽ നിന്നും കുട്ടികൾ പലതും പഠിച്ചെടുക്കും തെറ്റായ ചിന്തകൾ കൊണ്ട് അവരുടെ മനസ് വികലമാകുകയും ചെയ്യും. അതിനാൽ എല്ലാം സഹിക്കുന്നത് മക്കൾക്ക് വേണ്ടി എന്ന് പറഞ്ഞുകൊണ്ട് ഒരിക്കലും ടോക്സിക് ആയ ബന്ധങ്ങൾക്ക് പച്ചക്കൊടി കാണിക്കരുത്. ഇത്തരം ബന്ധങ്ങൾക്ക് ഫുൾസ്റ്റോപ്പ് ഇടാൻ നിങ്ങൾ കാണിക്കുന്ന മനസായിരിക്കും കുട്ടികളോടും സമൂഹത്തോടും നിങ്ങൾ ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം.