Jan 6 • 8M

കാൽവിരലുകൾ കൈകൾക്ക് സമം; സ്വപ്നച്ചിറക്കുകൾ വിരിച്ച് നിറങ്ങളുടെ ലോകത്ത് സ്വപ്ന

1
 
1.0×
0:00
-8:29
Open in playerListen on);
Episode details
Comments

മനക്കരുത്തുണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും മറികടക്കാം എന്ന് ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളവർ നമുക്ക് ചുറ്റും നിരവധിയാണ്. ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവർ എല്ലാ കാലത്തും സമൂഹത്തിന് പ്രചോദനവുമാണ്.

എന്നാൽ ജനനം മുതൽ പ്രതിസന്ധിയിൽ അകപ്പെട്ടവരോ? ജന്മനാ ഇരുകൈകളും ഇല്ലാത്ത സ്വപ്ന അഗസ്റ്റിൻ എന്ന പ്രശസ്ത ചിത്രകാരിയുടെ ജീവിതം നമുക്ക് കേൾക്കാം. കൈകൾ ഇല്ലാതെ എങ്ങനെ ചിത്രകാരി ആയി എന്നാണോ? കാലുകളാണ് സ്വപ്നയുടെ കൈയും ചിറകും ആകാശവും എല്ലാം..!

"കൈയില്ല, ഇനി മുളയ്ക്കുമായിരിക്കും!"

കൈകൾ ഇല്ലാതെ പിറന്ന് വീണ സ്വപ്നയെ വരാനിരിക്കുന്ന ജീവിതത്തിലെ കഷ്ടതകളെ കുറിച്ച് വീട്ടുകാർ ഒന്നും അറിയിച്ചതേ ഇല്ല. "ഇപ്പോൾ കൈ വന്നിട്ടില്ല. പതിയെ മുളച്ച് വരും" എന്നാണ് കുഞ്ഞ് സ്വപ്ന സ്‌കൂളിൽ കൂട്ടുകാരോട് പറഞ്ഞിരുന്നത്. എറണാകുളം പൈങ്ങോട്ടൂർ സ്വദേശിനിയായ സ്വപ്ന, ഒരു സാധാരണ കർഷക കുടുംബത്തിലെ മൂത്ത കുട്ടിയെയാണ് പിറന്നത്. അമ്മ സോഫിയുടെ വാക്കുകൾ ഇങ്ങനെ: "ഇവൾ പിറന്ന് കുറേ മണിക്കൂറുകൾ എന്നെ കുഞ്ഞിനെ കാണിച്ചില്ല.

കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നു മാത്രം പറഞ്ഞു. നട്ടെല്ലിന് വളവുണ്ടായിരുന്നു. വളർച്ചക്കുറവും. കൈകൾ രണ്ടുമില്ല എന്ന് പിന്നീടാണ് അറിഞ്ഞത്. അക്കാലത്ത് സ്കാനിങ് ഒന്നുമില്ലല്ലോ.. വയറ്റിൽ വളരുന്ന കുഞ്ഞിനെ കുറിച്ച് അറിയാൻ മാർഗ്ഗങ്ങൾ ഒന്നുമില്ല. കുഞ്ഞിനെ കണ്ട പാടെ ഞാൻ ആകെ തകർന്ന് പോയി. കരച്ചിൽ തന്നെ ആയിരുന്നു. പക്ഷെ കുഞ്ഞ് അധികം ബഹളം ഒന്നും ഇല്ലാതെ ശാന്തമായി കിടന്നു."

അഗസ്റ്റിനും സോഫിക്കും അതിന് ശേഷം മൂന്ന് കുഞ്ഞുങ്ങൾ കൂടി പിറന്നു. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത മൂന്ന് സഹോദരങ്ങൾക് ഇടയിൽ സ്നേഹ ലാളനകൾ ഏറ്റാണ് സ്വപ്ന വളർന്നത്. "ചെറുപ്പത്തിൽ ഒന്നും എനിക്ക് യാതൊരു സങ്കടവും ഇല്ലായിരുന്നു.

12 വയസ്സിൽ ആണ് കൈകൾ വളരില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. നാല് വയസ്സ് വരെ അമ്മ എടുത്തുകൊണ്ട് നടന്നാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്. പിന്നെ അക്ഷരം പഠിപ്പിക്കാൻ വന്ന ആശാൻ എന്നെ കാലുകൊണ്ട് പെൻസിൽ പിടിച്ച് എഴുതാൻ പരിശീലിപ്പിച്ചു. അതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്," സ്വപ്ന പറയുന്നു.

12 വയസ്സിൽ ആണ് കൈകൾ വളരില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. നാല് വയസ്സ് വരെ അമ്മ എടുത്തുകൊണ്ട് നടന്നാണ് എല്ലാ കാര്യങ്ങളും ചെയ്തിരുന്നത്

പക്ഷെ കൂടെയുള്ളവരുടെ അത്ര എളുപ്പമായിരുന്നില്ല സ്വപ്നയ്ക്ക് ഒന്നും. കാൽ വേദനിക്കുന്നു, വിരൽ കുഴയുന്നു എന്നെല്ലാം പറഞ്ഞ് കുഞ്ഞ് സ്വപ്ന പഠനത്തിൽ നിന്ന് പിന്മാറാൻ പിന്മാറാൻ ശ്രമിച്ചപ്പോൾ എല്ലാം മാതാപിതാക്കൾ നിർബന്ധിച്ച് പരിശീലനം തുടർന്നു. അങ്ങനെ, പതിയെ പതിയെ, തന്റെ ഒപ്പമുള്ളവർ കൈകൾ കൊണ്ട് ചെയ്യുന്ന എല്ലാം സ്വപ്ന കാലുകൾ കൊണ്ട് ചെയ്യാൻ തുടങ്ങി!

അങ്ങനെ ആറ് വയസ്സിൽ സമാനം ആയ ശാരീരിക സവിശേഷതകൾ ഉള്ള കുട്ടികൾ പഠിച്ച് വളരുന്ന ഒരു കോൺവെന്റിലേക്ക് സ്വപ്നയെ ചേർത്തു. "വീട്ടിൽ നിന്ന് കൊച്ച് പോകുമ്പോൾ ഞങ്ങൾക്ക് വലിയ സങ്കടം ആയിരുന്നു. പക്ഷെ അവൾക്ക് സ്വയം പര്യാപ്തത കിട്ടാൻ അതാണ് ഏറ്റവും നല്ലത്," അമ്മ ഓർത്തു.

കോൺവെന്റിൽ ഒരു കൂട്ടം സുഹൃത്തുക്കളുമായി പരസ്പരം സഹായിച്ചും കളിച്ചും ചിരിച്ചും സ്വപ്ന വളർന്നു. വർഷത്തിൽ മൂന്ന് തവണ വീട്ടിൽ വരുന്നത് ഒഴിച്ചാൽ സ്വപ്നയുടെ ലോകം ആ കോൺവെന്റ് തന്നെയായിരുന്നു. അവിടെ വച്ചാണ് നിറക്കൂട്ടുകളുടെ ലോകത്തേക്ക് സ്വപ്ന പിച്ച വച്ചതും.

പത്താം ക്‌ളാസ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്ക് സ്വപ്ന കാൽ കൊണ്ട് മനോഹരമായി ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയിരുന്നു. അതിനെല്ലാം, തന്റെ കഴിവ് മനസ്സിലാക്കി തനിക്ക് ചാർട്ട് പേപ്പറും കളർ പെൻസിലുകളും വാങ്ങിത്തന്ന സിസ്റ്റർമാരോട് സ്വപ്ന കടപ്പെട്ടിരിക്കുന്നു.

പത്താം ക്‌ളാസ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്ക് സ്വപ്ന കാൽ കൊണ്ട് മനോഹരമായി ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയിരുന്നു

എറണാകുളം സെന്റ് മേരീസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി സ്വപ്ന പുറത്തിറങ്ങിയത്, തന്റെ ആദ്യത്തെ അമച്വർ ചിത്ര പ്രദർശനം നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ്. അക്രിലിക് ഉപയോഗിച്ചുള്ള പെയ്ന്റിങ്ങിൽ ഒരു വർക്ക് ഷോപ്പ് അറ്റൻഡ് ചെയ്ത ശേഷം സ്വപ്ന പ്രഫഷണൽ ആയി മാറി. അപ്പോഴേക്കും എണ്ണിയാൽ ഒടുങ്ങാത്ത പെയ്റ്റിംഗുകൾ സ്വപ്ന വരച്ച് തീർത്തിരുന്നു.

സ്വപ്ന പറയുന്നു - "എന്റെ ഒരു ഫ്രണ്ട് ആണ് എന്നെ മൗത് ആൻഡ് ഫുട് പെയിന്റേഴ്‌സ് അസോസിയേഷനിലേക്ക് ചേർത്തത്. വലിയ പിന്തുണയാണ് അസോസിയേഷനിൽ നിന്നും ലഭിക്കുന്നത്. ആഗോള തലത്തിൽ എന്നെപ്പോലെ ഉള്ളവരുടെ വർക്കുകൾ വിപണിയിൽ എത്തിച്ച് ഞങ്ങൾക്ക് ഒരു ജീവിത മാർഗ്ഗം ഉണ്ടാക്കി തന്നത് അവരാണ്.

പിന്നീട് ഇന്റർനാഷ്ണൽ മൗത് ആൻഡ് ഫുട് പെയിന്റേഴ്‌സ് അസോസിയേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 27 ഇന്ത്യക്കാരിൽ, ഒൻപത് മലയാളികളിൽ ഒരാളായി മാറാൻ എനിക്ക് ഭാഗ്യം ലഭിച്ചു. നമ്മുടെ ആരോഗ്യ സ്ഥിതിയും സാഹചര്യങ്ങളും അറിഞ്ഞ്, എല്ലാ മാസവും നിശ്ചിതമായ ഒരു തുക നമുക്ക് ലഭിക്കാനുള്ള സംവിധാനം അസോസിയേഷൻ ഉണ്ടാക്കിയിട്ടുണ്ട്. അതുവഴിയാണ് ഞാൻ ഇത്ര അറിയപ്പെടുന്ന ചിത്രകാരി ആയി മാറിയത്."

"എന്റെ ശരീരത്തിന്റെ സവിശേഷതകൾ കാരണം ചെറിയ പ്രായത്തിൽ എല്ലാം സാധാരണ ആളുകളോട് ഇടപഴകാൻ എനിക്ക് വലിയ മടിയായിരുന്നു. പക്ഷെ മേഴ്സി ഹോമിൽ ഞങ്ങളെ എല്ലാം അവർ സാധാരണ സ്‌കൂളുകളിൽ ആണ് അയച്ചിരുന്നത്. എന്റെ സാമൂഹ്യ ഇടപെടലുകൾ വർധിപ്പിക്കാനും കോൺഫിഡൻസ് കൂട്ടാനും എല്ലാം അത് വളരെ അധികം സഹായിച്ചു," സ്വപ്ന പറയുന്നു.

സ്വപ്നയുടെ അഭിപ്രായത്തിൽ ശാരീരിക സവിശേഷതകൾ ഉള്ള കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം തന്നെ പഠിപ്പിക്കണം. മുഖ്യധാരാ സമൂഹത്തിന് അവരെയും അവർക്ക് സമൂഹത്തെയും വേഗത്തിൽ ഉൾക്കൊള്ളാൻ ചെറുപ്പം മുതൽ പരസ്പരം കണ്ട് കൂട്ട് കൂടി ശീലിക്കുന്നത് ഉപകരിക്കും. മാത്രമല്ല, ശാരീരികമായി സവിശേഷതകൾ ഉള്ളവർ ഒരിക്കലും മറ്റുള്ളവരിൽ നിന്ന് സിമ്പതി പ്രതീക്ഷിക്കുന്നില്ല.

പൊതുവിടങ്ങളും പൊതു സംവിധാനങ്ങളും അവർക്ക് കൂടി ഉപയോഗിക്കാൻ പാകത്തിന് സജ്ജീകരിക്കുക എന്നത് മാത്രമാണ് അവർ പ്രതീക്ഷിക്കുന്നത്. വിവാഹത്തെ കുറിച്ച് സ്വപ്ന ചിന്തിക്കുന്നത് പോലുമില്ല. "എന്റെ ജീവിതത്തിൽ എനിക്ക് കലാപരമായും തൊഴിൽപരമായും മറ്റും നിരവധി സ്വപ്‌നങ്ങൾ ഉണ്ട്. അവ സാക്ഷാത്കരിക്കണം എന്നതാണ് എന്റെ ജീവിതാഭിലാഷം. അല്ലാതെ വിവാഹമല്ല," അവർ പറയുന്നു.

"അസോസിയേഷനിൽ എത്തിയപ്പോൾ എനിക്ക് എന്നെ കുറിച്ച് ഓർത്ത് വലിയ സമാധാനം ആണ് തോന്നിയത്. എന്നെക്കാൾ ദുർബ്ബലം ആയ ശരീരമുള്ള എത്ര പേർ! ജന്മനാ നല്ല ആരോഗ്യം ഉണ്ടായിരുന്നിട്ടും ആക്സിടെന്റിലും അസുഖങ്ങൾ കൊണ്ടും ശരീരം തളർന്ന് പോയവർ.. പരാശ്രയം ഇല്ലാതെ ഒന്ന് തിരിഞ്ഞ് കിടക്കാൻ പോലും കഴിയാത്തവർ.. അവരെ ഒക്കെ വച്ച് നോക്കുമ്പോൾ ഞാൻ ഭാഗ്യവതി അല്ലെ..?! എന്റെ അനുഗ്രഹം ആയത് കുടുംബം തന്നെയാണ്..

ഇരുകൈകളും ഇല്ലാതെ ഒരു പെൺകുഞ്ഞ് പിറന്നപ്പോൾ അതിനെ ബാധ്യത ആയി കാണാതെ ഭാവി ജീവിതത്തിന് എന്നെ സജ്ജ ആക്കാൻ വേണ്ടി മാനസികമായും പ്രായോഗികമായും ഏറെ ബുദ്ധിമുട്ടിയ എന്റെ മാതാപിതാക്കളും സഹോദരങ്ങളും. അവരുടെ പിന്തുണ ഒന്ന് കൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്," സ്വപ്ന നിറഞ്ഞ ചിരിയോടെ പറയുന്നു.

ഇപ്പോൾ സോഫിക്ക് മകൾ വലിയ അഭിമാനമാണ്. സാമ്പത്തികമായും മാനസികമായും എല്ലാം സ്വപ്ന നൽകുന്ന പിന്തുണ ചെറുതല്ല എന്ന് ഈ അമ്മ തുറന്ന് പറയുന്നു. "ടെക്നോളജി ഒക്കെ മെല്ലെ വികസിച്ചത് നന്നായി. പണ്ട് സ്കാനിങ് കണ്ടു പിടിച്ചിരുന്നെങ്കിൽ എനിക്കിപ്പൊ ഇവളെ കിട്ടുക പോലും ഇല്ലായിരുന്നു.."

ഇപ്പോൾ ആഗോള തലത്തിൽ പ്രസിദ്ധയായ ഈ ചിത്രകാരി, ലൈവ് പെയിന്റിങ് ഡെമോൺസ്ട്രേഷൻസ്, മോട്ടിവേഷണൽ ടോക്ക്സ് തുടങ്ങി ഒട്ടേറെ രീതിയിൽ ലോകത്തിന് പ്രചോദനം ആയിക്കൊണ്ടിരിക്കുകയാണ്. ഇതൊന്നും കൂടാതെ ഒരു പരസ്യ ചിത്രത്തിലും സ്വപ്ന മുഖം കാണിച്ചിട്ടുണ്ട്.

ആരോഗ്യവതി ആയ ഒരു പെൺകുഞ്ഞ് പിറന്നാൽ തന്നെ അതിനെ ജീവിതകാലത്തേക്ക് മുഴുവനും ഉള്ള ബാധ്യത ആയി കണക്കാക്കുന്ന മാതാപിതാക്കൾ ഉള്ള നാട്ടിലാണ് രണ്ട് കൈകളും ഇല്ലാതെ പിറന്ന തങ്ങളുടെ മകളെ മറ്റാരേക്കാളും മികച്ച വ്യക്തിത്വമുള്ള കലാകാരി ആക്കി ഈ മാതാപിതാക്കൾ വളർത്തിയിരുന്നത്. പരിമിതികൾക്ക് അതീതമായി സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രായഭേദമെന്യേ മനുഷ്യർക്ക് പ്രചോദനം തന്നെയാണ് സ്വപ്നയുടെ ജീവിതം.

ആഗോള തലത്തിൽ പ്രസിദ്ധയായ ഈ ചിത്രകാരി, ലൈവ് പെയിന്റിങ് ഡെമോൺസ്ട്രേഷൻസ്, മോട്ടിവേഷണൽ ടോക്ക്സ് തുടങ്ങി ഒട്ടേറെ രീതിയിൽ ലോകത്തിന് പ്രചോദനം ആയിക്കൊണ്ടിരിക്കുകയാണ്

ഇനിയും നിരവധി സ്വപ്‌നങ്ങൾ ബാക്കിയാണ് സ്വപ്നയ്ക്ക്. തന്റെ ചിത്രം വരയ്ക്ക് പ്രചോദനം ലഭിക്കാനായി സ്വിറ്റ്സർലാൻഡ് സന്ദർശിക്കണം എന്നതാണ് സ്വപ്നയുടെ വലിയൊരു സ്വപ്നം. സ്‌പൈനൽ കോർഡിന്റെ വളവ് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ കാൻവാസിലെ നിറങ്ങൾ തന്റെ ജീവിതത്തിലേക്കും പടർത്തി ഓരോ ദിവസവും ആസ്വദിച്ച് ജീവിക്കുകയാണ് ഈ കലാകാരി.