Nov 23, 2021 • 11M

കനൽവഴികൾ താണ്ടി ഒരമ്മ; പഠിച്ച് ഡോക്ടറായി ഈ മകൾ.. ഇത് സ്നേഹപ്രഭയുടെ വിജയം – സോമിനിയുടെയും

വിവാഹബന്ധം വേർപെടുത്തിയ മകൾ അച്ഛനമ്മമാരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമാണ്, ഈ പരിഷ്കൃത സമൂഹത്തിലും. അതുകൊണ്ട് സോമിനിയോട് ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോകാൻ അച്ഛനും അമ്മയും ഏറെ നിർബന്ധിച്ചിരുന്നു

Anagha Jayan E
Comment1
Share
 
1.0×
0:00
-10:54
Open in playerListen on);
Episode details
1 comment

പത്തൊൻപത് വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ എത്തിയ ഒരാൾ തന്റെ ആറ് മാസം ഗർഭിണിയായ ഭാര്യയെ മർദ്ദിച്ച് അവശയാക്കി പാതിരാത്രി വീട്ടിൽ നിന്നും ഇറക്കിവിട്ടു. ശരീരവും മനസ്സും തളർന്ന് ഒരുനിമിഷം അവൾ എല്ലാം അവസാനിപ്പിക്കാമെന്ന് കരുതിയെങ്കിലും തന്റെ ഉള്ളിൽ തുടിക്കുന്ന കുഞ്ഞ് ജീവൻ അവൾക്ക് ജീവിക്കാൻ പ്രചോദനമായി. നേരം പുലർന്ന ശേഷം അവൾ ആദ്യം ചെയ്തത് തിരിച്ച് താലി കെട്ടിയ പുരുഷനെ തേടി ചെല്ലാതെ, ഒറ്റയ്ക്ക് കഴിയാൻ തന്റെ ജോലിസ്ഥലത്തിന് അടുത്ത് ഒരു വാടകവീട് എടുക്കുകയാണ്. പ്ലൈവുഡ് കമ്പനിയിൽ കൂലിപ്പണി ചെയ്തും വീട്ടുജോലികൾ ചെയ്തും വിശ്രമമില്ലാതെ അവൾ ഗർഭകാലം തള്ളിനീക്കി.

വിവാഹബന്ധം വേർപെടുത്തിയ മകൾ അച്ഛനമ്മമാരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമാണ്, ഈ പരിഷ്കൃത സമൂഹത്തിലും. അതുകൊണ്ട് സോമിനിയോട് ഭർത്താവിന്റെ വീട്ടിലേക്ക് തിരികെ പോകാൻ അച്ഛനും അമ്മയും ഏറെ നിർബന്ധിച്ചിരുന്നു. പ്രത്യേകിച്ച് സോമിനിയുടെ അനിയത്തിയുടെ ദാമ്പത്യജീവിതം കൂടെ കണക്കിലെടുത്ത്. പക്ഷെ സോമിനി തന്റെ മകൾക്കായി, തന്റെ തീരുമാനത്തിൽ നിന്നും പിന്മാറാതെ ഉറച്ച് നിന്നു.

പ്രസവം അടുത്തപ്പോൾ എതിർപ്പുകൾക്ക് ഇടയിലും അവളുടെ അച്ഛനമ്മമാർ തുണയേകി. അങ്ങനെ കണ്ണീർക്കടലിൽ ഒരു കച്ചിത്തുരുമ്പ് എന്നപോലെ അവൾക്കൊരു പെൺകുഞ്ഞ് പിറന്നു. തന്റെ മനസ്സിലെ സ്നേഹത്തിന്റെ പാലാഴി കടഞ്ഞ് അവൾ കുഞ്ഞിനൊരു ഓമനപ്പേരിട്ടു - സ്നേഹപ്രഭ.

ഇത് ഒരു കഥയുടെ അവസാനമല്ല; സോമിനി എന്ന പട്ടികവർഗ്ഗക്കാരിയുടെ ജീവിതത്തിന്റെ തുടക്കമാണ് - സ്നേഹപ്രഭയുടെ പോരാട്ടങ്ങളുടെയും. സ്നേഹ പഠിക്കാൻ മിടുമിടുക്കിയായിരുന്നു. ഒന്നാം ക്ലാസ് മുതൽ ക്ലാസ്സിൽ ഒന്നാമത്. തന്നെ ട്യൂഷന് ചേർക്കാൻ അമ്മയ്ക്ക് രണ്ട് വീടുകളിൽ കൂടി പണിക്ക് പോകേണ്ടി വരും എന്നറിയാവുന്ന സ്നേഹ രാപ്പകലില്ലാതെ പഠിച്ചുകൊണ്ടിരുന്നു.

ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെടുന്ന സ്ത്രീകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു വിവാഹബന്ധം വേർപിരിയുമ്പോൾ, ഭർത്താവ് ഉപേക്ഷിച്ച് പോകുമ്പോൾ, ഭർത്താവിനെ ഉപേക്ഷിക്കേണ്ടി വരുമ്പോൾ..ഇഞ്ചിഞ്ചായി കരുപ്പിടിപ്പിച്ച ജീവിതം കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞ് പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങാൻ നിർബന്ധിതരാകുന്നത് മിക്കവാറും സ്ത്രീകൾ മാത്രമാണ്

ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ നിരവധി വീടുകളിൽ രാപ്പകലില്ലാതെ വേല ചെയ്തിരുന്ന സോമിനിയ്ക്ക് കൂട്ടായി പലപ്പോഴും മകളും ഉണ്ടായിരുന്നു. അമ്മയുടെ ജോലികൾ കണ്ടും അതിൽ സഹായിച്ചും സ്നേഹപ്രഭ അമ്മയ്ക്ക് ആശ്വാസമേകി. സ്നേഹ പഠിക്കുന്നത് കണ്ടാൽ സോമിനിക്ക് ആധിയാണ് - 'പഠിക്കാൻ ഇത്ര കഴിവുള്ള കൊച്ചിന്റെ സ്വപ്നങ്ങൾക്ക് കൂട്ട് നിൽക്കാൻ തനിക്ക് കഴിയുമോ?!' ഒരു വഴി കണ്ടിട്ടുണ്ടാകുമെന്ന് സോമിനിയുടെ അച്ഛനമ്മമാർ അവളെ ആശ്വസിപ്പിച്ചു.

പഠിക്കാൻ കൊതി തോന്നിയ സോമിനി പണ്ട് പാതിവഴിയിൽ നിർത്തിയ ഉപരിപഠനം തുടർന്ന് ഹിന്ദി വിദ്വാൻ എഴുതിയെടുത്തു. പക്ഷെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒരു സ്ഥിരജോലി നേടിയെടുക്കാനുള്ള സാമൂഹികബന്ധങ്ങളോ കഴിവോ സാമ്പത്തികചുറ്റുപാടോ അവർക്കുണ്ടായിരുന്നില്ല. "മോൾക്ക് പത്ത് വയസ്സൊക്കെ ആയിക്കാണും. അമ്മയ്ക്കും അച്ഛനും എന്നും വയ്യായ ആയിരുന്നു. വീട്ടുചെലവും മാറുന്നതിനുള്ള കാശും.. ഞാൻ പരീക്ഷിക്കാൻ ഒന്നും നിന്നില്ല. കൂലിപ്പണി തന്നെ ചെയ്ത് പോന്നു." സോമിനി പറയുന്നു.

അമ്മ തന്റെ കരിയർ വരെ മാറ്റിവച്ച് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കാൻ സ്നേഹപ്രഭയ്ക്ക് കഴിഞ്ഞില്ല. അവൾക്ക് പഠിക്കാനുള്ള വാശി ഇരട്ടിച്ചു. അങ്ങനെ നാടിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് നൂറ് ശതമാനം മാർക്കോടെ സ്നേഹപ്രഭ എസ്എസ്എൽസി പാസായി - അതും ട്യൂഷനോ കോച്ചിങ്ങോ ഒന്നുമില്ലാതെ! തന്റെ മകളുടെ വിജയത്തിൽ അളവറ്റ് സന്തോഷിക്കുമ്പോഴും സോമിനിയുടെ മനസ്സിൽ കനലായിരുന്നു. അതിനെ ഊതിപ്പെരുപ്പിച്ചുകൊണ്ട് സ്നേഹപ്രഭ ഒരു പ്രഖ്യാപനം നടത്തി: 'എനിക്ക് ഡോക്ടർ ആകണം!'

"ആരോട് പറയാനാണ്? ആര് പഠിപ്പിക്കാനാണ്?! എനിക്ക് കേട്ടിട്ട് വിറയൽ ആയിരുന്നു.. അവൾ പ്ലസ് 2 സയൻസ് ഗ്രൂപ്പ് എടുത്ത് ഭംഗിയായി പഠിച്ചു. ഒന്നും വേണമെന്ന് വാശി പിടിക്കുകയോ ഇല്ലെങ്കിൽ പഠിക്കാനാകില്ലെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല സ്നേഹ. അവൾ നേടിയത് അവളുടെ കഴിവും ബുദ്ധിയും കൊണ്ട് തന്നെയാണ് " - സോമിനി പറഞ്ഞു.

"അമ്മയ്ക്ക് എന്നെ പഠിപ്പിക്കാനോ എന്റെ കൂടെ ഇരിക്കാനോ ഒന്നും സമയം ഉണ്ടായിരുന്നില്ല. അമ്മ ഒരു സെക്കൻഡ് വെറുതെ ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ഇപ്പോഴും! ടീച്ചർ ആകാത്തതിൽ അമ്മയ്ക്ക് ഇപ്പോഴും സങ്കടമുണ്ട്. എനിക്കറിയാം. എനിക്ക് വേണ്ടിയാണ് അതൊക്കെ വേണ്ടെന്ന് വച്ചത്" - സ്നേഹപ്രഭ ഒരു ചിരിയോടെ പറഞ്ഞു. പക്ഷെ മകളുടെ വിധി പേരക്കുട്ടിക്ക് വരാതിരിക്കാൻ സോമിനിയുടെ അച്ഛൻ സ്നേഹയുടെ സ്വപ്നങ്ങൾക്ക് വളമിട്ടു കൊണ്ടിരുന്നു.

പ്ലസ് ടൂവിലും മിന്നും വിജയം കൈവരിച്ച സ്നേഹ സാമ്പത്തിക ചെലവ് ഭയന്നാണ് കേളി കേട്ട പ്രഫഷണൽ കോഴ്‌സുകൾ ഒന്നും തെരഞ്ഞെടുക്കാഞ്ഞത്. ഒപ്പം ഡോക്ടർ ആകണം എന്ന സ്വപ്നവും. വീണ്ടും, മകൾ യാതൊരു കോച്ചിങ്ങും കൂടാതെ, സ്വയം തയ്യാറെടുത്ത് എഴുതിയ നീറ്റ് പരീക്ഷയുടെ ഫലം വന്നപ്പോൾ സോമിനി ഞെട്ടി - അതാ പട്ടികവർഗ്ഗ വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക്! ദേശീയ തലത്തിൽ അറുപത്തിഏഴാം റാങ്ക്..! ഒരുവട്ടം കൂടി കോതമംഗലത്ത് സ്നേഹപ്രഭയുടെ ചിത്രമുള്ള ഫ്ളക്സ് ബോർഡുകൾ ഉയർന്നു.

"മെറിറ്റിൽ സീറ്റ് കിട്ടി പഠിക്കണം എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. അമ്മയുടെ കഷ്ടപ്പാടുകൾ ഓർത്ത് മാത്രമല്ല; എന്നെപ്പോലെ കഷ്ടപ്പെട്ട്, ആഗ്രഹിച്ച് പഠിക്കാനെത്തുന്ന മറ്റൊരു കുട്ടിയുടെ അവസരം ഞാൻ തട്ടി തെറിപ്പിക്കില്ല. അതെനിക്ക് നിർബന്ധമായിരുന്നു." - സ്നേഹയുടെ വാക്കുകളിൽ ഒരു പത്തൊൻപതുകാരിയുടെ നിഷ്കളങ്കതയല്ല; മറിച്ച് ജീവിതം പൊരുതി നേടുന്ന ഒരു പോരാളിയുടെ നിശ്ചയദാർഢ്യവും പക്വതയുമാണ്.

അങ്ങനെ, ആദ്യ അലോട്ട്മെന്റിൽ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്നേഹപ്രഭയ്ക്ക് എംബിബിഎസ്സിന് സീറ്റ് കിട്ടി. ഇപ്പോൾ സോമിനിയുടെ സ്നേഹനിധിയായ സ്നേഹപ്രഭ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്. ഏതാനും വർഷങ്ങൾ കൊണ്ട്, കോതമംഗലംകാർക്ക് എണ്ണം പറയാവുന്ന ഒരു ഡോക്ടറാണ്. അതിലെല്ലാം ഉപരി, സ്വന്തം അമ്മയുടെ കണ്ണുനീർ കണ്ട് ജീവിതം പടുത്തുയർത്തുന്ന മിടുക്കിയായ മകളാണ്.

ഓങ്കോളജിയാണ് സ്നേഹയുടെ ഇഷ്ടവിഷയം. ബിരുദത്തിന് ശേഷം ഓൺകോളജിയിൽ സ്പെഷ്യലൈസ് ചെയ്യണമെന്നാണ് ആഗ്രഹം. "ഇപ്പോൾ എംബിബിഎസ്‌ പൂർത്തിയാക്കണം എന്ന ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ. അത് കഴിഞ്ഞ് വേണം പിജിയ്ക്ക് ശ്രമിക്കാൻ. അതും മെറിറ്റിൽ നേടണം," സ്നേഹ ഉറച്ച സ്വരത്തിൽ പറഞ്ഞു. സോമിനിയ്ക്ക് സ്വന്തം മകളുടെ നേട്ടങ്ങൾ ഓർത്ത് ഇന്നും തീരാത്ത അഭിമാനമാണ്.

"അവൾ സ്വയം പഠിച്ച് നേടിയതാണ്. ഇന്ന് വരെ പഠിക്കാൻ പറഞ്ഞ് ഞാൻ നിർബന്ധിച്ചിട്ടില്ല. പിന്നെ എന്റെ ജീവിതം അവൾ കാണുന്നതല്ലേ.." - സോമിനി മനസ്സ് നിറഞ്ഞ് പറഞ്ഞു. കൊച്ചുമകളുടെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ കൂടെ നിന്ന അപ്പൂപ്പനും അമ്മൂമ്മയും എല്ലാം ഇന്ന് കൊച്ച് ഡോക്ടറുടെ കാര്യമോർത്ത് സന്തോഷത്തിലാണ്. "പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം, മിടുക്കി!" - അപ്പൂപ്പൻ ഈ പറഞ്ഞത് മകളെ കുറിച്ചോ അതോ കൊച്ചുമകളെ കുറിച്ചോ?!

ഇത് ഒരമ്മയുടെ സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഒരു മകളുടെ നിശ്ചയദാർഢ്യത്തിന്റെയും അളവറ്റ ആത്മവിശ്വാസത്തിന്റെയും കഥയാണ്. അതിലെല്ലാം ഉപരി, ഒരൊറ്റ നിമിഷം കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ട് വഴിയാധാരമായി രണ്ട് സ്ത്രീ ജന്മങ്ങളുടെ സമര ഗാഥയുമാണ്.

അമ്മ തന്റെ കരിയർ വരെ മാറ്റിവച്ച് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കാൻ സ്നേഹപ്രഭയ്ക്ക് കഴിഞ്ഞില്ല. അവൾക്ക് പഠിക്കാനുള്ള വാശി ഇരട്ടിച്ചു. അങ്ങനെ നാടിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് നൂറ് ശതമാനം മാർക്കോടെ സ്നേഹപ്രഭ എസ്എസ്എൽസി പാസായി

തോറ്റുപോകാതെ ജീവിതം ജീവിച്ച് തന്നെ തീരിക്കാൻ സോമിനി തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷെ കേരളത്തിന് നഷ്ടപ്പെടുമായിരുന്നത് മിടുക്കിയായ ഒരു ഡോക്ടറെയും അവളുടെ നേട്ടങ്ങൾക്ക് നെടുംതൂണായ ഒരു അമ്മയേയുമാണ്‌. വരാനിരിക്കുന്ന തലമുറകൾക്ക് കണ്ട് വളരാൻ ഒരു മോഡലിനെയാണ്. അല്ലെങ്കിലും പ്രതിബന്ധങ്ങളെ വളമാക്കി ഉറച്ച മനസ്സോടെ മനുഷ്യർ കെട്ടിപ്പടുത്തതാണല്ലോ ഈ ലോകം തന്നെ!

പോരാളികളുടെ നാട്

ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെടുന്ന സ്ത്രീകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഒരു വിവാഹബന്ധം വേർപിരിയുമ്പോൾ, ഭർത്താവ് ഉപേക്ഷിച്ച് പോകുമ്പോൾ, ഭർത്താവിനെ ഉപേക്ഷിക്കേണ്ടി വരുമ്പോൾ..ഇഞ്ചിഞ്ചായി കരുപ്പിടിപ്പിച്ച ജീവിതം കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞ് പൂജ്യത്തിൽ നിന്ന് വീണ്ടും തുടങ്ങാൻ നിർബന്ധിതരാകുന്നത് മിക്കവാറും സ്ത്രീകൾ മാത്രമാണ്. അങ്ങനെ സ്ത്രീകൾ പൊരുതി നേടിയ ജീവിതങ്ങളാണ് സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ ഹേതു.

ആരോരുമില്ലാത്ത ഒരമ്മയും മകളും ഒറ്റയ്ക്ക് കഴിയേണ്ടി വി വരുമ്പോൾ ഈ സമൂഹത്തിൽ അവർ നേരിടേണ്ടി വരുന്ന സദാചാര ആക്രമണങ്ങൾ, ചൂഷണങ്ങൾ എന്നിവ സാധാരണക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ അരക്ഷിതാവസ്ഥയും മറ്റൊന്നല്ല. പൊരുതി വിജയം നേടുക എല്ലാവർക്കും എളുപ്പം നടക്കുന്ന ഒന്നല്ല. മാനസികമായി ദുർബ്ബലരായവർക്കും ആരെയും ഭയക്കാതെ തങ്ങളുടെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കാവുന്ന സാമൂഹ്യ ചുറ്റുപാടാണ് നമ്മൾ ഉണ്ടാക്കേണ്ടത്.

കേരളസമൂഹത്തിന്റെ ആണധികാരഗർവ്വിന് കടുത്ത മറുപടി തന്നെയാണ് ഈ അമ്മയും മകളും. ഇവരുടെ ജീവിതവിജയം ഇവിടെ ജീവിച്ച് മരിക്കുന്ന ഒരുപാട് സ്ത്രീകളുടെ പോരാട്ടത്തിന്റെ പ്രതീകവുമാണ്

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ സമർത്ഥരായ കുട്ടികളെ തിരിച്ചറിയാനും അല്ലാത്തവർക്ക് വേണ്ടുന്ന പിന്തുണ നൽകാനും സ്‌കൂൾ തലത്തിൽ സംവിധാനം ഉണ്ടാകുക എന്നതാണ് ആദ്യപടി. ഒറ്റ രക്ഷിതാവ് വളർത്തുന്ന കുട്ടികളെ കണ്ടെത്തി അവർക്കും രക്ഷിതാവിനും വേണ്ടുന്ന മാനസിക പിന്തുണ ഉറപ്പുവർത്തൽ ആണ് അടുത്ത പടി. ദാമ്പത്യത്തിൽ അല്ലാതെ, പുരുഷന്റെ തണൽ കൂടാതെ, സ്ത്രീകൾക്ക് തലയുയർത്തി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം നമ്മൾ ഉറപ്പു വരുത്തേണ്ടതുണ്ട്.

"നിങ്ങൾ സ്വപ്നം കാണാനും അത് സാക്ഷാത്കരിക്കാനായി കഠിനാധ്വാനം ചെയ്യാനും തയ്യാറുണ്ടെങ്കിൽ ഈ നാട് നിങ്ങൾക്ക് അവസരങ്ങളുടെ കടൽ തന്നെയാണ്. പഠനത്തിൽ മുന്നേറുക എന്നതിൽ ഉപരി ഒരു ലക്ഷ്യബോധമുണ്ടാകുക, അത് പൂർത്തിയാക്കാനായി പരിശ്രമിക്കുക എന്നതാണ് ശരിയായ പഠനരീതി," - സ്നേഹപ്രഭ തന്റെ വിജയമന്ത്രം പങ്കുവച്ചു.

കേരളസമൂഹത്തിന്റെ ആണധികാരഗർവ്വിന് കടുത്ത മറുപടി തന്നെയാണ് ഈ അമ്മയും മകളും. ഇവരുടെ ജീവിതവിജയം ഇവിടെ ജീവിച്ച് മരിക്കുന്ന ഒരുപാട് സ്ത്രീകളുടെ പോരാട്ടത്തിന്റെ പ്രതീകവുമാണ്.