Nov 30, 2021 • 10M

സവർണ്ണ രാജാക്കന്മാരുടെ പേടിസ്വപ്നം, കേരള ചരിത്രത്തിൽ ഇടം പിടിക്കാത്ത പുലയ രാജ്ഞി കോതറാണി!

ജയിച്ചവരുടേയും പോരാട്ടവീര്യം മുറ്റിനിന്ന പുരുഷകേസരികളുടെയും നാമങ്ങൾ ചരിത്രം സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്തപ്പോൾ ഈ പെൺപോരാളി ആരോരുമറിയാതെ മറവിയുടെ പടവുകൾ കയറി

3
3
 
1.0×
0:00
-10:18
Open in playerListen on);
Episode details
3 comments

കേരളത്തിന്റെ തെക്ക്, തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് തലയുയർത്തി നിൽക്കുന്ന ചരിത്ര സ്മാരകമായ പുലയനാർ കോട്ടയുടെ ചരിത്രം പുലയ രാജവംശത്തിന്റെ പ്രൗഡിയുടേത് മാത്രമല്ല; മറിച്ച്, സ്വാഭിമാനം സംരക്ഷിക്കാനായി തന്റെ പടക്കുതിരയോടൊപ്പം മുതലക്കുളത്തിലേക്ക് ചാടി ജീവനൊടുക്കിയ ആതിരാറാണി എന്ന പുലയ രാജകുമാരിയുടേതുമാണ്!

ജയിച്ചവരുടേയും പോരാട്ടവീര്യം മുറ്റിനിന്ന പുരുഷകേസരികളുടെയും നാമങ്ങൾ ചരിത്രം സ്വർണ്ണ ലിപികളാൽ ആലേഖനം ചെയ്തപ്പോൾ ഈ പെൺപോരാളി ആരോരുമറിയാതെ മറവിയുടെ പടവുകൾ കയറി. രാജകുമാരി ആയിട്ടും ദളിതയായ സ്ത്രീ മാനം രക്ഷിക്കാനായി നടത്തിയ പോരാട്ടമാണ് ഇവിടെ രേഖപ്പെടുത്തുന്നത്..

336 ഏക്കറിൽ പരന്നു കിടക്കുന്ന പുലയനാർ കോട്ട! കേരളത്തിൽ ആകെ നിലനിന്നിരുന്ന ദളിത് രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു അത്. അവിടെ അടക്കി ഭരിച്ചിരുന്നതാകട്ടെ, സവർണ്ണരുടെ പേടിസ്വപ്നമായ, കൊല്ലാനും കൊല്ലിക്കാണും മടിക്കാത്ത എന്തിനും പോന്ന കോതറാണി.

നാടിനും നാട്ടുകാർക്കും പ്രിയങ്കരിയായ കോതയുടെ സാമ്രാജ്യം അട്ടിമറിക്കാൻ സവർണ്ണ രാജാക്കന്മാർ പല ശ്രമങ്ങളും നടത്തിയിരുന്നു. കോതറാണിയുടെ ആത്മാഭിമാനവും താൻപോരിമയും സമകാലീനരായ രാജാക്കന്മാരെ ചൊടിപ്പിക്കുകയും ചെയ്തു. കോതറാണി വാണ നാടിനെ കൊക്കോതമംഗലം എന്ന് വിളിച്ചുപോന്നു. കൊക്കോതമംഗലം കോട്ടയുടെ ചരിത്രാവശിഷ്ടങ്ങൾ നെടുമങ്ങാടിന് അടുത്ത് ഉഴമലയ്ക്കൽ വില്ലേജിൽ ഇന്നും കണ്ടെത്താനാകും.

ഏകദേശം നാല് നൂറ്റാണ്ടുകൾക്ക് മുൻപാണ് കോതറാണി ജീവിച്ചിരുന്നത്. വാണിജ്യത്തിന്റെയും ഈറ്റില്ലമായിരുന്ന കൊക്കോതമംഗലം മഹാരാജ്യത്തിന് റോമാ സാമ്രാജ്യവുമായി വരെ പായ്ക്കപ്പൽ വഴി വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നു എന്നാണ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്.

നെടുമങ്ങാടിന്റെ പൂർവ്വനാമം ഇളവള്ളുവനാട് എന്നാണ്. സംഘകാല കൃതിയായ പുറനാനൂറില്‍ വള്ളുവ ( പുലയ) ഗോത്രക്കാരായ നാഞ്ചിന്‍ വള്ളുവരെന്ന രാജാവിനെ സ്തുതിക്കുന്നുണ്ട്. വള്ളുവന്‍ പുലയരുടെ ഇടയിലെ മറ്റൊരു സ്ഥാനപ്പേരാണെന്ന് ശബ്ദ താരാവലി സൂചിപ്പിക്കുന്നു.

കൊക്കോതമംഗലം തലസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്ന കോതറാണി താമസിച്ചിരുന്ന കൊറ്റാവലക്കുന്ന് വളരെയേറെ യുദ്ധതന്ത്ര പ്രധാനമായ സ്ഥലമായിരുന്നു. റാണിയുടെ കൊട്ടാരമാകട്ടെ, സൈനിക പ്രാധാന്യം ഉള്ളതും. ശത്രു സൈന്യങ്ങളെ മറഞ്ഞിരുന്ന് നിരീക്ഷിക്കാനും അവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും കൊക്കോതമംഗലം കൊട്ടാരത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു എന്നാണ് ഐതിഹ്യം.

പിടിക്കപ്പെട്ടാൽ പിന്നീടുള്ള കാലം ആറ്റിങ്ങൽ രാജാവിന്റെ വെപ്പാട്ടിയായി കഴിയേണ്ടി വരും എന്ന് ഉറപ്പുള്ളതുകൊണ്ടാകാം, തന്റെ കറുത്ത പടക്കുതിരയെ മുതലക്കുളത്തിലേക്ക് തെളിച്ചിറക്കി ആതിര രാജകുമാരി ജീവനൊടുക്കി! തന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ ഗത്യന്തരമില്ലാതെ ആത്മാഹൂതി ചെയ്ത ഈ രാജകുമാരിയുടെ നാമം നാം ചരിത്രത്തിൽ എവിടെയും വായിച്ചിട്ട് പോലുമില്ല എന്നതാണ് കേരള ചരിത്ര പഠനത്തിലെ വൈരുധ്യം

ശത്രുക്കളെ അപായപ്പെടുത്താൻ കിടങ്ങുകളും മുതലക്കുളങ്ങളും കൊട്ടാരത്തിന് ചുറ്റും നിര്‍മ്മിച്ചിരുന്നു. വലിയ കളരിയും കളരിയിൽ തെളിഞ്ഞ യോദ്ധാക്കളും കാട്ടാനകള്‍ കാക്കുന്ന കോട്ട വാതിലുകളും കൊണ്ട് നിറഞ്ഞതായിരുന്നു കോതറാണിയുടെ കൊട്ടാരം.

കോതറാണിയുടെ ഒറ്റപ്പുത്രി ആയിരുന്നു ആതിരാ രാജകുമാരി. അമ്മയുടെ അഴകും പോരാട്ടവീര്യവും അതുപോലെ പകർന്നുകിട്ടിയ പോരാളി. ആതിരാ രാജകുമാരിയെ മോഹിക്കാത്ത രാജാക്കന്മാർ അക്കാലത്ത് ഉണ്ടായിരുന്നില്ല. കുമാരിയുടെ തെരണ്ടുകല്യാണത്തിന് കോതറാണി കരപ്രമാണിക്കാര്‍ക്ക് ഇറക്കിയ തിട്ടൂരം ജസ്റ്റിസ് പി രാമന്‍ തമ്പി തയാറാക്കി 1916ല്‍ സമര്‍പ്പിച്ച കുടിയാന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'രാജകുമാരിയുടെ തെരണ്ടു കല്യാണത്തില്‍ സഹകരിക്കുകയും വേണ്ട ഒത്താശകള്‍ നല്‍കുകയും ചെയ്യണം, അല്ലാത്തപക്ഷം അവരെ പുല്ലോടെ, പുരയോടെ കല്ലോടെ, കരയോടെ ചോദ്യം ചെയ്യുന്നതാണ്!' എന്നതാണ് ആ തിട്ടൂരത്തിന്റെ ഉള്ളടക്കം.

കോതറാണിയെ ഭയന്ന നാടുവാഴികൾ

കോതറാണിയുടെ ആജ്ഞകളും രാജവാഴ്ചയും സവർണ്ണ രാജാക്കന്മാർക്കിടയിൽ അസൂയ ഉളവാക്കി. ചേരരാജവംശത്തിന്റെ പിന്മുറക്കാരനായ ആറ്റിങ്ങൽ രാജാവ് കൊക്കോതമംഗലത്തെ കരപ്രമാണിമാരോട് ചേർന്ന് കോതറാണിയുടെ സാമ്രാജ്യം നിലം പറ്റിക്കാൻ ഗൂഡാലോചന ചെയ്തു. അക്കാലത്തായിരുന്നു ആറ്റിങ്ങൽ നിന്ന് മൺപാത്രങ്ങളും മറ്റുമായി 'കൊശവന്മാർ' എന്ന് വിളിക്കപ്പെട്ടിരുന്ന പാത്രനിർമ്മാണക്കർ കൊക്കോതമംഗലം കൊട്ടാരത്തിൽ എത്തുന്നത്.

അതിഥികളിൽ നിന്ന് പാത്രങ്ങൾ കൈപ്പറ്റിയ ശേഷം അവർക്ക് പ്രതിഫലമായി നെല്ല് അളന്നുകൊടുത്തത് ആതിരാ രാജകുമാരിയായിരുന്നു. തിരികെ ആറ്റിങ്ങലിൽ എത്തി നെല്ല് അളന്നപ്പോൾ അതിൽ ആറടി നീളമുള്ള കരുത്തുറ്റ ഒരു മുടിയിഴ കണ്ടെത്തി എന്നാണ് കേൾവി. ആറടി നീളമുള്ള തലമുടിയിഴയുടെ പ്രശസ്തി രാജകൊട്ടാരത്തിലും എത്തി. അതിൽ അനുരക്തനായ രാജാവ് ആ മുടിയിഴ ഒരു സ്വർണ്ണച്ചെപ്പിൽ സൂക്ഷിച്ചുവത്രെ.

രാജകുമാരിയെ വിവാഹം ചെയ്യാൻ ആഗ്രഹം അറിയിച്ച് ആറ്റിങ്ങൽ രാജാവ് കോതറാണിക്ക് ഒരു ഓല അയച്ചു. ആദ്യദൃഷ്ടിയിൽ തന്നെ വിസമ്മതം അറിയിച്ച് റാണി ഓല തിരിച്ചയച്ചു. ദളിതയായ രാജകുമാരിയെ മുഖം പോലും കാണാതെ സ്വന്തമാക്കാൻ ശ്രമിച്ച സവർണ രാജാവിന് മുഖത്തേറ്റ പ്രഹരമായിരുന്നു റാണിയുടെ നിഷേധം. അവിടെ നിന്നുമായിരുന്നു കൊക്കോതമംഗലത്തിന്റെ തകർച്ചയുടെ തുടക്കം.

'സമ്മതമല്ലെങ്കിൽ ഇനി പോർക്കളത്തിൽ കാണാം' എന്ന് അർഥം വരുന്ന മറ്റൊരു ഓല കോതറാണിയുടെ കൊട്ടാരത്തിൽ എത്തിയതോടെ ഇരുരാജ്യങ്ങളുടെയും അന്തരീക്ഷം മാറിമറിഞ്ഞു. ദളിത ആയതുകൊണ്ടും അവർണ്ണ ആയത് കൊണ്ടും കോതറാണി തങ്ങളുടെ ഇഷ്ടത്തിന് മറുവാക്ക് പറയില്ല എന്ന ആറ്റിങ്ങൽ കോയിത്തമ്പുരാന്റെ അഹങ്കാരമാണ് കോതറാണി തകർത്തെറിഞ്ഞത്.

അധികം വൈകാതെ ആറ്റിങ്ങൽ രാജാവ് കൊക്കോതമംഗലത്തെ ആക്രമിച്ചു. അതിന് മുന്നോടിയായി കോതറാണി തന്റെ രാജ്യം മുഴുവൻ സുരക്ഷ ശക്തമാക്കി സൈന്യത്തെ വിന്യസിച്ചു. കുളങ്ങളിൽ എല്ലാം മുതലകളെ നിറച്ചു. കോട്ടയ്ക്ക് പുറത്ത് മദയാനകളെ വിന്യസിച്ചു. വേട്ടനായ്ക്കളെ സ്വതന്ത്രരാക്കി വിട്ടു.

ദിവസങ്ങളോളം നീണ്ടുനിന്ന യുദ്ധത്തിൽ ഇരുവശത്തും വലിയ നാശം സംഭവിച്ചു. ആളും ആനകളും കുതിരകളും എന്നുവേണ്ട, രാജ്യസമ്പത്ത് ഒട്ടേറെ കൈമോശം വന്നു. കോതറാണിയുടെ യുദ്ധതന്ത്രങ്ങളെ മറികടക്കാൻ നേരായ മാർഗ്ഗമൊന്നും കാണാതെ, ആറ്റിങ്ങൽ രാജാവ് കുതന്ത്രം പ്രയോഗിച്ചു. കരപ്രമാണിമാർ റാണിയെ ഒറ്റപ്പെടുത്തി രാജാവിന്റെ പക്ഷം ചേർന്നു.

ഈ വിവരം അറിഞ്ഞ റാണിയുടെ സഹോദരൻ തങ്ങളുടെ സൈന്യത്തെ ശക്തമാക്കി ആറ്റിങ്ങൽ കൊട്ടാരത്തിന് തീയിട്ടു. പക ഇരട്ടിച്ച ആറ്റിങ്ങൽ രാജാവ്, സൈന്യത്തിന്റെ സഹായത്താൽ ഒളിപ്പോര് നടത്തി, ഒരു വൻമരം മുറിച്ചിട്ട് കോതറാണിയെ കൊലപ്പെടുത്തി എന്നാണ് ചരിത്രം. ശേഷം കൊക്കോതമംഗലത്ത് തലയുയർത്തി നിന്ന കോതറാണിയുടെ കോട്ടയും കത്തിച്ചു.

പോരാട്ട വീര്യം ചോരാതെ ആതിരരാജകുമാരി

അമ്മയുടെ മരണവാർത്ത അറിഞ്ഞ ആതിര രാജകുമാരി രാത്രിക്ക് രാത്രി തന്റെ പടക്കുതിരമേൽ അമ്മാവന്റെ നിയന്ത്രണത്തിലുള്ള പുലയനാർ കോട്ടയിൽ എത്തി. പക്ഷെ കോട്ടവാതിലുകൾ ആറ്റിങ്ങൽ സൈന്യം വളഞ്ഞിരുന്നു. ആതിരയെ ജീവനോടെ പിടിച്ച് ബന്ധിയാക്കി രാജകൊട്ടാരത്തിൽ എത്തിക്കാനുള്ള ആജ്ഞ നടപ്പിലാക്കാൻ വെമ്പി നിൽക്കുകയായിരുന്നു സൈന്യം. പിടിക്കപ്പെട്ടാൽ പിന്നീടുള്ള കാലം ആറ്റിങ്ങൽ രാജാവിന്റെ വെപ്പാട്ടിയായി കഴിയേണ്ടി വരും എന്ന് ഉറപ്പുള്ളതുകൊണ്ടാകാം, തന്റെ കറുത്ത പടക്കുതിരയെ മുതലക്കുളത്തിലേക്ക് തെളിച്ചിറക്കി ആതിര രാജകുമാരി ജീവനൊടുക്കി!

തന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ ഗത്യന്തരമില്ലാതെ ആത്മാഹൂതി ചെയ്ത ഈ രാജകുമാരിയുടെ നാമം നാം ചരിത്രത്തിൽ എവിടെയും വായിച്ചിട്ട് പോലുമില്ല എന്നതാണ് കേരള ചരിത്ര പഠനത്തിലെ വൈരുധ്യം.

1677 മുതല്‍ 1684 വരെയുള്ള കാലത്ത് വേണാട് ഭരിച്ചിരുന്നത് ഉമയമ്മറാണി എന്ന മഹാരാജ്ഞി ആയിരുന്നു. കോയിക്കല്‍ കൊട്ടാരത്തിൽ നിന്നുമാണ് അവർ ഭരണം നിർവഹിച്ചിരുന്നത്. കോതറാണിയുടെ കാലഘട്ടത്തില്‍ ആയിരുന്നു ഉമയമ്മറാണിയും വേണാട് ഭരിച്ചത്. അവരെയും സമാനമായ രീതിയിൽ സമകാലീന രാജാക്കന്മാർ ഭരണ അട്ടിമറി നടത്തി അധികാരത്തിൽ നിന്നൊഴിപ്പിക്കുകയായിരുന്നു.

പുലയനാർക്കോട്ട ഭരിച്ച കാളിപ്പുലയൻ എന്ന മഹാരാജാവിനെ ജാതിവെറി തലയ്ക്ക് പിടിച്ച സവർണ്ണ പ്രമാണിമാർ വധിച്ചതാണെന്ന മറ്റൊരു കേൾവി കൂടി നിലവിലുണ്ട്. രാജാവ് എന്ന നിലയ്ക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കാൻ തനിക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് കാളിപ്പുലയൻ പ്രഖ്യാപിച്ചതിനെ തുടർന്ന് ആയിരുന്നത്രേ കൊല. നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന മഹത്തായ കേരള ചരിത്രത്തിൻെറ ഇരുണ്ട അധ്യായങ്ങളാണ് മേൽപ്പറഞ്ഞ ഓരോ സംഭവവും.

ദളിതയായത് കൊണ്ടും പെണ്ണായത് കൊണ്ടും മാത്രമാണ് കോതറാണിക്ക് നേരെ സവർണ്ണ രാജാക്കന്മാർ അക്രമം അഴിച്ചുവിട്ടത് എന്ന വസ്തുതയിൽ തന്നെ, പുരാതന കാലം മുതൽ കേരളത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തിന്റെയും പുരുഷാധിപത്യത്തിന്റെയും വേരുകൾ നമുക്ക് തിരിച്ചറിയാനാകും.

സ്ത്രീകൾ ഭരിച്ചിരുന്ന രാജവംശങ്ങൾ കേരളത്തിൽ വേറെയുമുണ്ട്. കണ്ണൂർ നിലനിന്നിരുന്ന അറക്കൽ രാജവംശവും അത് അടക്കിവാണിരുന്ന അറക്കൽ ബീവിമാരും മലയാളികളുടെ പരസ്യമായ അഹങ്കാരം തന്നെയാണ്. പക്ഷെ അറക്കൽ രാജവംശത്തിന്റെ അധപധനത്തിലും വർഗ്ഗവെറിയും പുരുഷാധിപത്യവും കളം നിറഞ്ഞ് നിൽക്കുന്നത് കാണാം.

പെണ്ണിന് നീതി നിഷേധമോ ?

ചരിത്രം തിരുത്തി എഴുതിയത് കൊണ്ടോ ഇരുണ്ട താളുകൾ മറച്ച് വച്ച് ചരിത്രത്തെ വെള്ള പൂശിയത് കൊണ്ടോ നാം നൂറ്റാണ്ടുകളായി ചെയ്തുപോരുന്ന തെറ്റുകൾക്ക് പരിഹാരം ആകില്ല. മറിച്ച് പൂർവികർ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ്, തെറ്റിനെ തെറ്റായി വരും തലമുറകൾക്ക് പറഞ്ഞുകൊടുത്താലേ ഇനിയുള്ള കാലമെങ്കിലും ഇത്തരം വിവേചനങ്ങളിൽ നിന്ന് മുക്തമാകൂ.

ചരിത്രം തിരുത്തി എഴുതിയത് കൊണ്ടോ ഇരുണ്ട താളുകൾ മറച്ച് വച്ച് ചരിത്രത്തെ വെള്ള പൂശിയത് കൊണ്ടോ നാം നൂറ്റാണ്ടുകളായി ചെയ്തുപോരുന്ന തെറ്റുകൾക്ക് പരിഹാരം ആകില്ല. മറിച്ച് പൂർവികർ ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ്, തെറ്റിനെ തെറ്റായി വരും തലമുറകൾക്ക് പറഞ്ഞുകൊടുത്താലേ ഇനിയുള്ള കാലമെങ്കിലും ഇത്തരം വിവേചനങ്ങളിൽ നിന്ന് മുക്തമാകൂ

പെണ്ണായത് കൊണ്ട് മാത്രം, പെണ്ണിന് അധികാരം കൈവന്നത് കൊണ്ട് മാത്രം, അധികാരമുള്ള പെണ്ണ് രാജ്യം ഭരിക്കുന്നത് കൊണ്ട് മാത്രം സമാധാനം നഷ്ടപ്പെട്ട സവർണ്ണ രാജാക്കന്മാരുടെ മനോഭാവം വച്ച് പുലർത്തുന്നവർ ഇന്നത്തെ സമൂഹത്തിലും ഒട്ടനവധി ഉണ്ട്. അതുകൊണ്ട് തന്നെയാണ്, ഇത്ര ദാരുണമായൊരു അന്ത്യം വരിച്ചിട്ടും കോതറാണിയുടെയും ആതിര രാജകുമാരിയുടെയും പേരുകൾ ചരിത്ര താളുകളിൽ അധികം എങ്ങും രേഖപ്പെടുത്തപ്പെടാതെ പോയത്.

പറയപ്പെടാതെ പോയ ഒരുപാട് വീര കഥകളും നിഗൂഢതകളും പേറിക്കൊണ്ട് കൊക്കോതമംഗലം കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും നെടുമങ്ങാടിന് അടുത്ത് നിലകൊള്ളുന്നു. ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും ഇത്രയധികം ചർച്ചകൾ നടക്കുന്ന മാറിയ കാലത്തെങ്കിലും കോതറാണിയുടെയും ആതിര രാജകുമാരിയുടെയും ജീവിതം അർഹിക്കുന്ന പ്രാധാന്യത്തോടെ നമുക്ക് കാണാം..