Nov 16, 2021 • 11M

ഭർത്താവ് മരിച്ച സ്ത്രീക്കെന്താ പ്രണയിച്ചുകൂടെ ? ഒറ്റപ്പെടുത്തലുകളും മുൻവിധികളും വേണ്ട !

ലോകോത്തര പ്രണയകാവ്യങ്ങളെ വെല്ലുന്ന മൊയ്‌തീൻ - കാഞ്ചനമാല പ്രണയം തന്നെ എടുത്ത് നോക്കൂ, കാഞ്ചനമാല ഇന്നും മൊയ്തീന്റെ ഓർമ്മകളിൽ ജീവിക്കുന്നത് കൊണ്ടാണ് മലയാളികൾ അവരുടെ പ്രണയത്തെ വാഴ്ത്തുന്നത്

5
2
 
1.0×
0:00
-11:15
Open in playerListen on);
Episode details
2 comments

ഈ കഴിഞ്ഞ ആഗസ്ത് 26-നാണ് ചെങ്ങമനാട് സ്വദേശി വിഷ്ണു സ്വയം ജീവനൊടുക്കിയ വാർത്ത പുറത്ത് വന്നത്. വിഷ്ണുവിന് വെറും 32 വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളൂ. ഭാര്യ 27-കാരിയായ ഗാഥ ഗർഭിണിയായിരിക്കെ കോവിഡ് ബാധിച്ച് മരണമടഞ്ഞതാണ് വിഷ്ണുവിനെ ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. ഹൃദയഭേദകമായ ഈ വാർത്തയെ കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചത് ഏറെ വൈകാരികം ആയാണ്. പ്രമുഖ ന്യൂസ് പോർട്ടലുകളുടെ ആർട്ടിക്കിൾ ലിങ്കുകൾക്ക് താഴെ, മലയാളികൾ കോവിഡ് കാലത്ത് തങ്ങൾ നേരിടുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് തുറന്നെഴുത്ത് നടത്തി.

'ഭാര്യയും കുഞ്ഞും ഒരുമിച്ച് നഷ്ടപ്പെട്ട ആ ചെറുപ്പക്കാരനെ കുറെ കാലത്തേക്ക് ആരും തനിച്ച് ഇരിക്കാൻ അനുവദിക്കരുതായിരുന്നു,' 'ഒരു നിമിഷത്തിന്റെ നിരാശയിൽ മുന്നിൽ നിവർന്നുകിടക്കുന്ന വിശാലമായ ജീവിതം ആ ചെറുപ്പക്കാരൻ കണ്ടില്ലല്ലോ,' 'അവന്റെ ലോകം അവളും കുഞ്ഞും ആയിരുന്നു; അവളെ തിരിച്ചെടുത്ത ദൈവം അവന് അതിജീവിക്കാൻ ശക്തിയും നൽകണമായിരുന്നു' തുടങ്ങിയ അഭിപ്രായങ്ങൾ കമന്റ് സെക്ഷനിൽ പ്രവഹിച്ചു. എന്തൊക്കെ പറഞ്ഞാലും വിഷ്ണു ആത്മഹത്യ ചെയ്യും എന്നത് പ്രതീക്ഷിതം ആണ്, അത് തടയേണ്ടിയിരുന്നത് വീട്ടുകാർ ആണ് എന്നതായിരുന്നു അഭിപ്രായങ്ങളുടെ സംഗ്രഹം. ഇനി, സമാനമായ മറ്റൊരു മരണവാർത്ത നോക്കാം.

22-കാരിയായ മിഥുന ചിറ്റിക്കറ ക്വാറിയിലെ കുളത്തിൽ ചാടി ജീവനൊടുക്കിയ വാർത്ത നമ്മൾ കേട്ടത് സെപ്റ്റംബർ 12-നായിരുന്നു. ഭർത്താവ് സൂരജ്, മുട്ടത്തറ ദേശീയ പാതയിൽ വച്ചുണ്ടായ ഒരു റോഡപകടത്തിൽ പെട്ട് ഒരാഴ്ച മുൻപേ ആയിരുന്നു മരണപ്പെട്ടത്. കടുത്ത ദുഃഖത്തിൽ ആയിരുന്ന മിഥുനയെ വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു കുളത്തിൽ നിന്നും മൃതദേഹം ലഭിച്ചത്. ഇതും ഏറെ ജനശ്രദ്ധ ആകർഷിച്ച വാർത്ത തന്നെയായിരുന്നു.

അതിന് സോഷ്യൽ മീഡിയയിൽ ലഭിച്ച പ്രതികരണങ്ങൾ ഇങ്ങനെ: 'ഇതാണ് ഉത്തമ പ്രണയം. അവർ സ്വർഗ്ഗത്തിൽ എങ്കിലും ഒന്നിക്കട്ടെ!' 'പ്രണയിച്ച പുരുഷനില്ലാതെ ജീവിക്കാൻ വയ്യാത്ത അവസ്ഥ - ഇതാണ് ഉദാത്ത മാതൃക!' 'കെട്ടിയവനെ തേച്ച് മറ്റുള്ളവരുടെ കൂടെ ഒളിച്ചോടുന്ന ഭാര്യമാർ കണ്ട് പഠിക്കട്ടെ ഈ സഹോദരിയെ! 'തെറ്റ് പറയാൻ പറ്റില്ല; അത്രകണ്ട് പ്രണയിച്ചവർ പോയാൽ ആരായാലും ആത്മഹത്യ ചെയ്തുപോകും!

ഒരു പുരുഷനെ മാത്രം പ്രണയിക്കേണ്ടവൾ ആണ് പെണ്ണ് എന്ന ചിന്ത സമൂഹത്തിൽ ആഴത്തിൽ തന്നെ വേരോടിയിരിക്കുന്നു

ഭാര്യയുടെ വിയോഗത്തിൽ മനം നൊന്ത് ജീവനൊടുക്കിയ പുരുഷൻ ചെയ്തത് തടയാമായിരുന്ന അവിവേകം. ഭർത്താവിന്റെ മരണത്തിൽ മനം നൊന്ത് ജീവനൊടുക്കിയ സ്ത്രീ തീർത്തത് ഉത്തമമായ മാതൃക. ഇതിലെ ഇരട്ടത്താപ്പ് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ നിങ്ങളും ഇതേ പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ഇരയാണ്. ഒരു പ്രണയം ഉണ്ടായാൽ, അത് മരണം വരെ കാത്ത് സൂക്ഷിക്കണം എന്ന തീർപ്പ് സ്ത്രീകൾക്ക് മാത്രം വിധിക്കുന്നതിലെ സാമൂഹ്യ അനീതിയാണ് ഇനി നമ്മൾ ചർച്ച ചെയ്യുന്നത്. അതെന്താ, ഒരു പ്രണയത്തിന് അപ്പുറം സ്ത്രീകൾക്ക് ആയുസ്സില്ലേ? അല്ലെങ്കിൽ തന്നെ പ്രണയത്തിൽ മരണത്തിന് എന്താണ് കാര്യം?!

രക്തസാക്ഷിത്വം ബാധ്യത ആകുമ്പോൾ..

ലോക സിനിമാചരിത്രത്തിലെ തന്നെ നാഴികക്കല്ലായ ക്ലാസിക് ഹോളിവുഡ് പ്രണയചിത്രം ടൈറ്റാനിക്കിൽ ജാക്കുമായുള്ള തന്റെ പ്രണയകഥ ഓർത്ത് പറയാൻ റോസ് എത്തുന്നത് തന്റെ പേരക്കിടാവിന് ഒപ്പമാണ്. ജാക്കിന്റെ മരണശേഷം അവന് കൊടുത്ത വാക്ക് പോലെ റോസ് കാൽവെർട്ട് എന്നൊരാളെ വിവാഹം ചെയ്യുകയും അയാളുടെ മൂന്ന് മക്കളെ പ്രസവിച്ച് വളർത്തുകയും ചെയ്തു. ലോകജനതയ്ക്ക് ജാക്കിന്റെയും റോസിന്റെയും അഭൗമമായ പ്രണയത്തെ വാഴ്ത്താൻ അതൊരു തടസ്സമേ ആയിരുന്നില്ല.

എന്നാൽ ഈ കഥ കേരളത്തിൽ ആയിരുന്നെങ്കിലോ?എത്ര തീവ്രമായ പ്രണയം ആണെങ്കിലും മറ്റൊരു വിവാഹം കഴിക്കുന്നത് വരെയേ അതിന് ആയുസ്സുള്ളൂ എന്നാണ് നമ്മുടെ സമൂഹത്തിന്റെ ധാരണ. യഥാർത്ഥ പ്രണയത്തിന് അങ്ങനെ എക്സ്പയറി ഡെയ്റ്റ് ഉണ്ടോ? പ്രണയം സത്യം ആണെന്ന് തെളിയിക്കാൻ ആ പ്രണയം നെഞ്ചിലേറ്റി ജീവിച്ച്, അതോർത്ത് തന്നെ മരിക്കണം എന്ന് നിർബന്ധമുണ്ടോ? പ്രണയത്തിന്റെ രക്തസാക്ഷികൾക്ക് മാത്രം വാഴ്ത്തുപാട്ടുകൾ പാടുന്ന നാടാണ് ഇത്.

സംശയം ഉണ്ടെങ്കിൽ കെവിൻ - നീനു പ്രണയകഥ തന്നെ നോക്കാം. രണ്ട് വ്യത്യസ്ത കൃസ്ത്യൻ സമുദായങ്ങളിൽ തന്നെ പെട്ടവർ ആയിരുന്നിട്ടും സമ്പത്തിന്റെയും സ്റ്റാറ്റസിനെയും ഏറ്റക്കുറച്ചിലുകൾ കാരണം ആഗ്രഹിച്ച ജീവിതം കൈവിട്ടവരാണ് കെവിനും നീനുവും. അഭിമാനത്തിന്റെ പേരിൽ നടന്ന അരുംകൊലയുടെ ഇരയായി കെവിൻ മാറിയപ്പോൾ തന്റെ പ്രണയത്തിന്റെ രക്തസാക്ഷിയായി നീനു ഇന്നും കെവിന്റെ കുടുംബത്തിൽ ജീവിക്കുന്നു.

ഇതുവരെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സംഭവങ്ങൾ തന്നെയാണ്. എന്നാൽ ഇനിയാണ് സമൂഹത്തിന്റെ സാഡിസം പത്തി വിടർത്തുന്നത്. മൂന്നര വർഷങ്ങൾക്ക് ശേഷവും 'കെവിന്റെ നീനു ഇന്ന് എവിടെയാണ്' എന്ന തലക്കെട്ടോട് കൂടിയുള്ള വാർത്തകൾ മലയാളം മാധ്യമങ്ങളിൽ ആറ് മാസത്തിൽ ഒരിക്കൽ എങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു. 'നിനക്ക് ജീവിക്കാൻ അവന്റെ ഓർമ്മകൾ ഊർജ്ജം ഏകട്ടെ,' 'കെവിന്റെ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ട മകന്റെ സ്ഥാനത്ത് ചങ്കുറപ്പുള്ള ഒരു മകൾ ആയി നീ വാഴ്ക' തുടങ്ങി കെവിനിലേക്ക് നീനുവിന്റെ ജീവിതം ചുരുക്കാൻ വെമ്പൽ കൊള്ളുന്ന മലയാളിമനസ്സുകളെ ഇത്തരം വാർത്തകൾക്ക് അടിയിൽ നമുക്ക് കാണാനാകും. നീനു മറ്റൊരു വിവാഹം ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം.

പക്ഷെ കെവിന്റെ ഓർമ്മയിൽ നീറി ജീവിക്കുന്നിടത്തോളം കാലമേ അവളുടെ പ്രണയം വാഴ്ത്തപ്പെടുകയുള്ളൂ എന്നതിന്റെ അടയാളമാണ് ഇത്തരം കമന്റുകൾ. ഇനി നീനു മറ്റൊരു ജീവിതം തെരഞ്ഞെടുത്താൽ തന്നെ, 'എന്തൊക്കെ ആയിരുന്നു.. അവന്റെ വീട്ടിൽ താമസം, അലമുറയിട്ട് കരച്ചിൽ.. അവസാനം അവൾ പൊടിയും തട്ടി പോയി, നമ്മൾ മണ്ടന്മാരും ആയി’ എന്ന് തുറന്നടിച്ച് പറയാൻ പോലും മടിക്കാത്തവരാണ് ഈ സൈബർ കമന്റ് തൊഴിലാളികൾ. സ്ത്രീയുടെ പ്രണയം 'മരണം വരെ' കാത്ത് സൂക്ഷിക്കാൻ തിടുക്കം സ്ത്രീയേക്കാൾ കൂടുതൽ സമൂഹത്തിന് ആണെന്ന വസ്തുത ഇവിടെ വെളിവാകുന്നു.

മൊയ്‌തീൻ - കാഞ്ചനമാല പ്രണയം

ലോകോത്തര പ്രണയകാവ്യങ്ങളെ വെല്ലുന്ന മൊയ്‌തീൻ - കാഞ്ചനമാല പ്രണയം തന്നെ എടുത്ത് നോക്കൂ, കാഞ്ചനമാല ഇന്നും മൊയ്തീന്റെ ഓർമ്മകളിൽ ജീവിക്കുന്നത് കൊണ്ടാണ് മലയാളികൾ അവരുടെ പ്രണയത്തെ വാഴ്ത്തുന്നത്. അതല്ലെങ്കിൽ ആദ്യ പ്രണയം സൗകര്യപൂർവ്വം മറച്ചുവയ്ക്കാൻ സമൂഹം അവരുടെ ഭർത്താവിന് ഒത്താശ ചെയ്തേനെ. കാരണം ഒരു പുരുഷനെ മാത്രം പ്രണയിക്കേണ്ടവൾ ആണ് പെണ്ണ് എന്ന ചിന്ത സമൂഹത്തിൽ ആഴത്തിൽ തന്നെ വേരോടിയിരിക്കുന്നു. അതിമനോഹരമായ ഒരു പ്രണയകഥ ജീവിച്ച ശേഷം പങ്കാളിയുടെ മരണം കൊണ്ടോ ഉഭയ സമ്മത പ്രകാരമുള്ള വേർപിരിയൽ കൊണ്ടോ മറ്റൊരു വിവാഹം തെരഞ്ഞെടുത്ത സ്ത്രീ, മുൻപ് തനിക്കൊരു പ്രണയമേ ഉണ്ടായിരുന്നില്ല എന്ന് നടിച്ച് ജീവിക്കുന്നതും സമൂഹത്തിന്റെ ഈ ചിന്തയെ തൃപ്തിപ്പെടുത്താനാണ്.

ഭർത്താവിന്റെ മുൻകാമുകിയെ അനുകമ്പയോടെ നോക്കിക്കണ്ട ഭാര്യമാർ മലയാള സിനിമയിൽ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. 'സസ്നേഹം സുമിത്ര' മുതൽ 'ബാംഗ്ലൂർ ഡെയ്‌സ്' വരെ നിരവധി ഉദാഹരണങ്ങൾ ഈ ശ്രേണിയിൽ ഉണ്ട്. എന്നാൽ, തന്റെ വധുവിന്റെ മുൻകാമുകനെ യാതൊരു വിദ്വേഷവുമില്ലാതെ സമീപിച്ച നായകന്മാർ വളരെ ചുരുക്കമാണ്.

സ്ത്രീകൾ ജീവിതത്തിൽ ഒന്നിൽ കൂടുതൽ പ്രണയിക്കുന്നതോ, പ്രണയ നഷ്ടത്തിന് ശേഷം പുനർവിവാഹം ചെയ്യുന്നതോ ആദ്യ പ്രണയത്തെ വഞ്ചിക്കുന്നത് ആകുന്നില്ല. പ്രണയത്തിന്റെ ലക്ഷ്യപ്രാപ്തി വിവാഹമോ സംഗമമോ അല്ല; അത് പ്രണയം തന്നെയാണ്

'സമ്മർ ഇൻ ബെത്‌ലഹേ'മിലെ ഡെന്നിസോ, 'പ്രണയ'ത്തിലെ മാത്യൂസോ 'ആർക്കറിയാ'മിലെ റോയ്‌യോ അങ്ങനെ ചുരുക്കം ചിലർ മാത്രമാണ് ഓർമ്മയിൽ പോലും തെളിയുന്നത്. സ്ത്രീകൾക്ക് ഒരു ജീവിതത്തിൽ ഒരൊറ്റ പ്രണയമേ പാടൂ എന്നും മറ്റൊരു വിവാഹം കഴിക്കുന്ന നിമിഷം അവൾ പഴയതെല്ലാം മറന്നു എന്നും ആരാണ്, എവിടെയാണ് എഴുതി വച്ചിട്ടുള്ളത്?!

അവസരങ്ങൾ നഷ്ടപ്പെടുന്ന പെൺകുട്ടികൾ

വർഷങ്ങൾക്ക് മുൻപ് ഗുരുവായൂരിൽ വച്ച് നടന്ന ഒരു വിവാഹത്തിനിടെ, വരൻ കഴുത്തിൽ ചാർത്തിയ താലി ഊരി തിരികെ നൽകി, വധു കതിർമണ്ഡപത്തിന് അടുത്ത് നിന്ന കാമുകന് അടുത്തേക്ക് ഓടിയെത്തിയ സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു. അന്ന് പെൺകുട്ടിയുടെ അഹങ്കാരത്തെ വിമർശിച്ചും, അവളുടെ കുടുംബത്തിന് സംഭവിച്ച അഭിമാനക്ഷതത്തിൽ പരിതപിച്ചും, താലി ചാർത്തിയിട്ടും ഭാര്യ കൈവിട്ടുപോയ വരന് ഐകദാർഢ്യം പ്രഖ്യാപിച്ചും ഒട്ടേറെ പേര് മുന്നോട്ട് വന്നിരുന്നു. പെൺകുട്ടിയുടെയും കാമുകന്റെയും പേരും വിലാസവും എല്ലാം മുഖ്യധാരാ മാധ്യമങ്ങളിൽ പോലും പ്രസിദ്ധീകരിച്ച് വന്നിരുന്നു. ആ പെൺകുട്ടിയുടെ ഭാഗം മാത്രം ആരും ഓർത്തില്ല.

കേരളത്തിലെ ശരാശരി സദാചാര പ്രണയം മാത്രം അനുഭവിച്ച, ഒന്നിച്ചുള്ള ജീവിതവും യാഥാർഥ്യങ്ങളും സങ്കല്പങ്ങളിൽ മാത്രമുള്ള വെറും 22 വയസ്സുള്ള ഒരു പെൺകുട്ടി. കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി ഭയന്ന് കാമുകനെ മറന്നു മറ്റൊരു വിവാഹത്തിന് തയ്യാറായി. ഈ വിവരം വരനും അറിയാമായിരുന്നു. ഭീമമായ സ്ത്രീധന തുകയ്ക്ക് മുന്നിൽ അയാളും കണ്ണടച്ചു. കതിർമണ്ഡപത്തിൽ നിൽക്കുമ്പോൾ ദൂരെ മാറിനിൽക്കുന്ന കാമുകന്റെ മുന്നിൽ വച്ച് മറ്റൊരാളുടെ ഭാര്യ ആകാൻ മനസ്സാക്ഷി അനുവദിക്കാതിരുന്നതിനെ തുടർന്നാണ് ആ പെൺകുട്ടി ഒരൊറ്റ നിമിഷം കൊണ്ട് വിപ്ലവകരമായ ഒരു തീരുമാനം എടുത്തത്. അതുകൊണ്ട് സ്വന്തം കുടുംബത്തിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇനി കാമുകനുമായുള്ള ജീവിതം പ്രതീക്ഷകൾക്ക് അനുസരിച്ചുള്ളത് ആയില്ലെങ്കിലോ? കയറിച്ചെല്ലാൻ സ്വന്തം വീട് പോലുമില്ലാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വരും!

വെറും 22 വയസ്സ് മാത്രമുള്ള, സ്വന്തം സ്വപ്നങ്ങളും ലക്ഷ്യങ്ങളും പ്രണയങ്ങളുമായി പാറിപ്പറന്ന് നടക്കേണ്ട ഒരു പെൺകുട്ടിക്ക് മുന്നിൽ, ഒന്നുകിൽ വീട്ടുകാർ നിശ്ചയിച്ച പുരുഷനെ വിവാഹം ചെയ്യുക, അല്ലെങ്കിൽ കാമുകനെ വിവാഹം ചെയ്യുക എന്നിങ്ങനെ ശുഷ്കിച്ച രണ്ട് ഓപ്‌ഷൻസ് മാത്രമാണ് ഉള്ളത്.

വിവാഹം ചെയ്യുകയല്ലാതെ ജീവിതത്തിൽ വേറെ വഴിയില്ലാതെ ആകുന്ന പെൺകുട്ടികളാണ് കേരളത്തിൽ ഭൂരിഭാഗവും! വിവാഹം ഒരു ചോയ്‌സ് മാത്രമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുക, മാനസികമായി സ്വയം തയ്യാറെടുക്കുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നാണെന്നും സ്ത്രീകളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഈ നാട്ടിൽ ആരുണ്ട്?! ജീവിതത്തിൽ മറ്റെല്ലാ വഴികളും അടഞ്ഞ്, കതിർമണ്ഡപത്തിൽ എത്തിനിൽക്കുന്ന പെൺകുട്ടികളുടെ കണ്ണിൽ നാണമല്ല, ഉത്കണ്ഠ മാത്രമാണ് കാണാനാകുക.

പ്രണയത്തിന് അതിരുകളില്ല എന്ന് ആവർത്തിച്ച് പറഞ്ഞ കവികൾ കുറേയുള്ള നാട്ടിൽ തന്നെയാണ് പ്രണയം പുനർവിവാഹത്തിനാലും അതിജീവനത്തിനാലും ഇല്ലാതാക്കപ്പെടുമെന്ന് പലരും പറയാതെ പറഞ്ഞു വയ്ക്കുന്നത്. സ്ത്രീകൾ ജീവിതത്തിൽ ഒന്നിൽ കൂടുതൽ പ്രണയിക്കുന്നതോ, പ്രണയ നഷ്ടത്തിന് ശേഷം പുനർവിവാഹം ചെയ്യുന്നതോ ആദ്യ പ്രണയത്തെ വഞ്ചിക്കുന്നത് ആകുന്നില്ല. പ്രണയത്തിന്റെ ലക്ഷ്യപ്രാപ്തി വിവാഹമോ സംഗമമോ അല്ല; അത് പ്രണയം തന്നെയാണ്. അത്ര തീവ്രമായ ഒരു പ്രണയം നിങ്ങൾ അനുഭവിച്ചിട്ടുണ്ടെങ്കിൽ, അതിന് ശേഷം എത്രയെത്ര പ്രണയിക്കേണ്ടി വന്നാലും അതിന്റെ ഗ്ലോറി മങ്ങുന്നില്ല.