Nov 4, 2021 • 11M

അമ്മ ജോലിക്ക് പോകട്ടെ, കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാൻ അച്ഛൻ തയ്യാർ

തലമുറകളായി കുടുംബാന്തരീക്ഷത്തിൽ കുട്ടികൾക്ക് അമ്മയോടുള്ള വൈകാരികമായ അടുപ്പവും അച്ഛനോടുള്ള മാനസികമായ അകൽച്ചയും കുറയ്ക്കാൻ 'സ്റ്റേ അറ്റ് ഹോം ഫാദർ' എന്ന പുതിയ സങ്കല്പം സഹായിക്കും

Anagha Jayan E
Comment1
Share
 
1.0×
0:00
-11:13
Open in playerListen on);
Episode details
1 comment

രണ്ട് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ ഒറ്റമകളാണ് ചിന്നു. ആശിച്ച് മോഹിച്ച് ജേണലിസം പഠിച്ച് പ്രതീക്ഷകൾക്കൊത്ത ജോലി സ്വന്തമാക്കിയ മിടുക്കി. ആദ്യവിവാഹത്തിലെ പാളിച്ചകൾ വിവാഹമോചനം വരെ എത്തിയപ്പോൾ സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളെയും സ്വന്തം കുടുംബാംഗങ്ങളുടെ കുത്തുവാക്കുകളെയും അർഹിക്കുന്ന അവഗണനയുടെ തള്ളിക്കളഞ്ഞ് തലയുയർത്തി ജീവിച്ച മിടുക്കി. 28 വയസ്സിലാണ് ചിന്നു വീണ്ടും വിവാഹിതയാകുന്നത്.

തന്റെ മനസ്സറിഞ്ഞ് സ്നേഹിക്കുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥൻ. ഇരുവരും ജീവിതം തുടങ്ങുന്നത് മുതൽ ഒരു കുഞ്ഞിക്കാല് കാണാൻ കാത്തിരുന്നു. പക്ഷെ വിധി അവരെ നാല് വർഷത്തോളം പരീക്ഷിച്ചു. ഏറെ ചികിത്സകൾക്കൊടുവിലാണ് ചിന്നു ഗർഭിണിയായത്. തുടർച്ചയായ ഹോർമോൺ ചികിത്സകൾ സമ്മാനിച്ച മൂഡ് സ്വിങ്സ്, ഒപ്പം മുഴുവൻ സമയ ബെഡ്റെസ്റ്റ്, അതുമൂലം തന്റെ സ്വപ്നജോലിയിൽ സംഭവിച്ച ബ്രേക്ക്, ഇത് എല്ലാം ചിന്നുവിനെ മാനസികമായി തളർത്തി. അതിനെല്ലാം ആക്കം കൂട്ടിക്കൊണ്ട് പ്രസവത്തിന് വെറും ആഴ്ചകൾക്ക് മുൻപേ ഭർത്താവിന്റെ ജോലിയും നഷ്ടപ്പെട്ടു.

ആകസ്മികമായാണ് ചിന്നുവിന്റെ ഭർത്താവ് 'സ്റ്റേ അറ്റ് ഹോം പാരന്റ്' ആകാൻ സ്വയം തീരുമാനിച്ചത്. അതിനെ കുറിച്ച് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ മുഖത്ത് ജാള്യതയല്ല; മറിച്ച് അഭിമാനമാണ്. "ചിന്നുവിന്റെ ജോലി അവളുടെ സ്വപ്നസാക്ഷാത്കാരമാണ്. അവൾ അതിന്റെ ഉയരങ്ങൾ കീഴടക്കട്ടെ. എന്റെ കുഞ്ഞ് എനിക്കും വലിയൊരു സ്വപ്നസാക്ഷാത്കാരമാണ്. ഞാൻ അവളെ പരിപാലിച്ചോളാം!" കേരള സമൂഹത്തിൽ ജനിച്ച് വളർന്ന ഒരാണിന് അത്ര എളുപ്പം പറയാവുന്ന വാക്കുകൾ അല്ല ആ ചെറുപ്പക്കാരൻ പറഞ്ഞത്.

അദ്ധ്വാനിച്ച് കുടുംബം നോക്കുക എന്നത് ആണിന്റെയും മക്കളെ പെറ്റ് പോറ്റുക എന്നത് പെണ്ണിന്റെയും ജീവശാസ്ത്രപരമായ ഉത്തരവാദിത്വമാണ് എന്ന് കണ്ണടച്ച് വിശ്വസിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരമൊരു തീരുമാനം തീർത്തും വ്യക്തിപരമെങ്കിലും വിപ്ലവാത്മകമാണ്. കേരളത്തിൽ 'സ്റ്റേ അറ്റ് ഹോം' അച്ഛന്മാരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ തുറക്കപ്പെടുന്ന, ലിംഗസമത്വത്തിന്റെ പുത്തൻ ആകാശങ്ങളെ കുറിച്ചാണ് ഇനി പറയാനുള്ളത്.

അയ്യേ, നാട്ടുകാർ എന്ത് പറയും?

ഐറ്റി സംരംഭകയായ വീണ സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് കമ്പനി തുടങ്ങുന്നതും ഗർഭിണിയാകുന്നതും ഒരുമിച്ചായിരുന്നു. വീണയുടെ ഭർത്താവ് വിവേക് ആകട്ടെ, ഒരു സ്വതന്ത്ര സാഹിത്യകാരനും. പ്രസവത്തിന് വെറും ആഴ്ചകൾക്ക് ശേഷം തന്നെ വീണ തന്റെ കമ്പനി കാര്യങ്ങൾക്കായി യാത്രകൾ ആരംഭിച്ചു. ആഴ്ചകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ പാലൂട്ടിയും ഡയപ്പർ മാറ്റിയും പാടിയുറക്കിയും വിവേക് പൊന്നുപോലെ നോക്കി. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ വിവേക് പറഞ്ഞത് ഇങ്ങനെ:

"വീണ ഒരു സംരംഭകയാണ്. അവൾക്ക് ആവശ്യത്തിൽ കൂടുതൽ സമ്മർദ്ദം ജോലിസ്ഥലത്ത് തന്നെയുണ്ട്. ഇനി കുഞ്ഞിനെ പരിപാലിക്കൽ കൂടി ഏറ്റെടുത്താൽ അത് അവളുടെ കരിയറിനെ ബാധിക്കും. ഞാൻ ആണെങ്കിൽ ഒരു എഴുത്തുകാരനാണ്. എനിക്ക് പ്രിയം സ്വസ്ഥതയും ഗൃഹാന്തരീക്ഷവുമാണ്. കുഞ്ഞിന്റെ സാമീപ്യം എന്റെ മാനസികാവസ്ഥയെ പരിപോഷിപ്പിക്കുകയാണ്. അതുകൊണ്ട് ഞാൻ കുഞ്ഞിനെ പരിപാലിച്ച് വീട്ടിലിരിക്കാൻ തീരുമാനിച്ചു."

സമൂഹത്തിൽ മാറിവരുന്ന ലിംഗാധിഷ്ഠിത ഉത്തരവാദിത്വങ്ങളുടെ നേർക്കാഴ്ചയാണ് ഇത്. 'നാട്ടുകാർ എന്ത് കരുതും' എന്ന പഴഞ്ചൻ ചിന്തയിൽ കുരുങ്ങി ജീവിതം ത്യജിച്ച സ്ത്രീകളുടെ കാലം കടന്നുപോയി. ദമ്പതിമാർ, സമൂഹത്തിന്റെ കെട്ടുപാടുകളെ മാനിക്കാതെ സ്വന്തം സൗകര്യങ്ങൾക്ക് അനുസരിച്ച് സ്വതന്ത്രമായ തീരുമാനങ്ങളും ജീവിതശൈലിയും തെരഞ്ഞെടുക്കുന്ന ഒരു കാലത്തേക്ക് നമ്മുടെ നാടും എത്തിപ്പെടുകയാണ്.

പ്രതീക്ഷയ്ക്ക് ഏറെ വക തരുന്ന മാറ്റമാണിത്. മുൻപൊക്കെ ഭർത്താവിനേക്കാൾ ശമ്പളം ഭാര്യക്കുണ്ടെങ്കിൽ പോലും കുഞ്ഞുണ്ടായാൽ ജോലി രാജി വയ്ക്കണം എന്നത് അലിഖിതമായ ഒരു നിയമമായിരുന്നു. എന്നാൽ ഇന്ന് ചുരുക്കമെങ്കിലും ചിലർ സാമ്പത്തിക നിലയും കരിയറിലെ ഉയർച്ചയും ഒക്കെ മുൻനിർത്തിച്ചിന്തിച്ചു മാത്രമേ പ്രസവാനന്തരം ജോലി വേണ്ടെന്നു വയ്ക്കുന്നതിനെപ്പറ്റി ചിന്തിക്കൂ.

പെണ്ണിന് ദൈവം കൊടുത്ത കഴിവ്!

നവജാത ശിശുവിനെ പരിപാലിക്കാൻ പ്രസവത്തോടെ അതിന്റെ അമ്മയ്ക്ക് എന്തെങ്കിലും പ്രത്യേക കഴിവ് ലഭിക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. 'നെസ്റ്റിങ് ഇൻസ്റ്റിങ്റ്റ്സ്' എന്ന പേരിൽ ഗർഭാവസ്ഥയിൽ പൊട്ടിമുളയ്ക്കുന്ന പലവിധ വികാരങ്ങളെ ഒന്നിച്ച് വിളിക്കാറുണ്ട്.

കുഞ്ഞിനുള്ള മുറിയും വസ്ത്രങ്ങളും ഒരുക്കുക, കളിക്കോപ്പുകൾ വാങ്ങുക, താനൊരു അമ്മയാണ് എന്ന ചിന്ത വരിക.. തുടങ്ങി ഒരു ചെറിയ ശതമാനം ഗർഭിണിമാരിൽ മാത്രം സ്വാഭാവികമായി സംഭവിക്കുന്ന മനോവികാരങ്ങളാണ് ഇവ. മേല്പറഞ്ഞത് എല്ലാം പ്രസവത്തിന് മുൻപേ ചെയ്യുന്ന അമ്മമാരിൽ ഭൂരിഭാഗവും 'എല്ലാവരും ചെയ്യുന്നു, അതുകൊണ്ട് ഞങ്ങളും ചെയ്യുന്നു' എന്ന മാനസികാവസ്ഥയിൽ ചെയ്യുന്നവരാണ്.

ഇതിനെ കുറിച്ച് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നത് ശ്രദ്ധിക്കാം: പ്രസവം എന്നത് ശാരീരികമായി മാത്രമല്ല, മാനസികമായും ഏറെ കഷ്ടത ഏറിയ ഒരു പ്രോസസ് ആണ്. ചിലർക്ക് സ്വാഭാവിക പ്രസവം സമ്മാനിക്കുക വിട്ടുമാറാത്ത ട്രോമയും വേദനകളും അപകർഷബോധങ്ങളും ഡിപ്രഷനും ഒക്കെയാണ്. അത് ഏതാണ് ഒരു സ്ത്രീക്ക് സംഭവിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയാൻ തന്നെ ചിലപ്പോൾ ആഴ്ചകൾ എടുക്കും.

പ്രസവിച്ച് കിടക്കുന്ന സ്ത്രീകളോട് ഏറ്റവും സിമ്പതി കാണിക്കുക ആ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ലാത്ത പുരുഷന്മാർ ആണ്. സ്ത്രീകൾ, പ്രത്യേകിച്ച് മുതിർന്ന സ്ത്രീകൾ, 'ഇതെല്ലാം നമ്മൾ കുറെ കണ്ടതാണ്' എന്ന മനോഭാവത്തോടെയേ സൂതികയെ സമീപിക്കൂ

അതുകൊണ്ട് നവജാതശിശുവിനെ പരിപാലിക്കാൻ എപ്പോഴും അമ്മയുടെ മനസ്സറിയുന്ന ഒരാൾ കൂടെയുണ്ടാകുന്നത് തന്നെയാണ് നല്ലത്. തന്റെ ജീവിതപങ്കാളിയോളം മനസ്സറിയുക മറ്റാർക്കാണ്? പാശ്ചാത്യരാജ്യങ്ങളിൽ നടന്ന ഒരു അഭിപ്രായശേഖരത്തിന്റെ ഫലം ഇങ്ങനെ പറയുന്നു: പ്രസവിച്ച് കിടക്കുന്ന സ്ത്രീകളോട് ഏറ്റവും സിമ്പതി കാണിക്കുക ആ അവസ്ഥയിലൂടെ കടന്നുപോയിട്ടില്ലാത്ത പുരുഷന്മാർ ആണ്. സ്ത്രീകൾ, പ്രത്യേകിച്ച് മുതിർന്ന സ്ത്രീകൾ, 'ഇതെല്ലാം നമ്മൾ കുറെ കണ്ടതാണ്' എന്ന മനോഭാവത്തോടെയേ സൂതികയെ സമീപിക്കൂ.

ആണായാൽ കൈയിൽ കാശ് വേണ്ടേ?

കുഞ്ഞിനെ നോക്കാനും ഗൃഹഭരണം ഏറ്റെടുക്കാനും തയ്യാറുള്ള പുരുഷന്മാരെ പോലും പുറകോട്ട് വലിക്കുന്ന ഒന്നാണ് സാമ്പത്തികമായ ഭദ്രതക്കുറവ്. ഈ വിഷയത്തെ എങ്ങനെ പരിഹരിക്കാം എന്ന് മേൽപ്പറഞ്ഞ ദമ്പതിമാരോട് തന്നെ ചോദിച്ചറിയാം. പത്രപ്രവർത്തകയായ ചിന്നുവിന്റെ വാക്കുകൾ ഇങ്ങനെ:

"പണം എന്നും ഒരു പ്രശ്നം തന്നെയായിരുന്നു. ചേട്ടന്റെ കൈയിൽ ആവശ്യത്തിനുള്ള പണമില്ല എന്ന തോന്നൽ കുരുത്തു എന്ന് തോന്നിയ നിമിഷം തന്നെ ഞാൻ എന്റെ ആവശ്യങ്ങൾ കഴിച്ചുള്ള പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഇതിൽ സ്ത്രീസമത്വത്തിന് ഒന്നും ചെയ്യാനില്ല. കുഞ്ഞിനെ നോക്കുന്നതും കുടുംബം നോക്കുന്നതും അദ്ദേഹമാണ്. അതുകൊണ്ട് പണം കൈകാര്യം ചെയ്യേണ്ടതും അദ്ദേഹം തന്നെ."

വിവേകിന് പറയാനുള്ളത് മറ്റൊരു കാഴ്ചപ്പാടാണ്: "വീണയുടെ ബാങ്ക് അക്കൗണ്ട് എനിക്കും ഓപ്പൺ ആണ്. ഞങ്ങളുടെ ഇടയിൽ എന്റെ പണം, നിന്റെ പണം എന്നൊന്നില്ല. എനിക്ക് റോയൽറ്റി ലഭിക്കുന്ന പണവും അതേ അക്കൗണ്ടിലേക്കാണ് പോകുന്നത്. അതുകൊണ്ട് ഞങ്ങൾ ഇരുവരും പണത്തെ കുറിച്ച് വേവലാതിപ്പെടാറില്ല."

വാർദ്ധക്യത്തിലെ വില്ലൻ

വാർധക്യത്തിൽ പുരുഷന്മാർ വേഗം രോഗികൾ ആയിത്തീരാൻ കാരണം റിട്ടയര്മെന്റിന് ശേഷം പെട്ടെന്ന് നിത്യജീവിതത്തിൽ ഉണ്ടാകുന്ന ശൂന്യത ആണെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ചാലും സ്ത്രീകൾ ഗൃഹഭരണവും പേരക്കിടാങ്ങളെ പരിപാലിക്കലും പാചകവും ഒക്കെയായി ബിസി ആയിരിക്കും. പക്ഷെ ഇതിൽ ഒന്നിലും തലയിടാതെ വീടും ഓഫീസുമായി ജീവിച്ച പുരുഷന്മാർ പെട്ടെന്ന് ശൂന്യതയിൽ ആകുന്നുവത്രെ.

ഇതിന് പരിഹാരമാണ് രാജൻ - സൗദാമിനി ദമ്പതിമാർ പ്രവർത്തികമാക്കിയത്. ഇരുവരും ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. സ്വാഭാവികമായും ആദ്യം വിരമിച്ചത് രാജനാണ്. വിരമിച്ച പിറ്റേന്ന് മുതൽ രാജൻ പാചകം ഏറ്റെടുത്തു. ജോലിക്ക് പോകുന്ന ഭാര്യയുടെ വസ്ത്രം അലക്കൽ മുതൽ അവരുടെ ചോറ്റുപാത്രം നിറയ്ക്കൽ വരെ അയാളുടെ ജോലിയായി കണ്ട് ചെയ്തുതുടങ്ങി. "വർഷങ്ങളോളം അവൾ എനിക്ക് ചെയ്തുതന്ന കാര്യങ്ങളാണ്. സമയം വന്നപ്പോൾ ഞാൻ തിരിച്ച് ചെയ്ത് കൊടുക്കുന്നു. അതിലെന്താണ്?" ആ സ്നേഹനിധിയായ ഭർത്താവ് ചോദിക്കുന്നു.

അതിലെന്താണ്? അതിൽ ചിന്തിക്കാൻ ഏറെയുണ്ട്. വർഷങ്ങൾക്ക് ശേഷം സൗദാമിനി വിരമിച്ചപ്പോൾ അവരോളം ഐക്യവും പരസ്പര സഹകരണവും ഉള്ള ദമ്പതിമാർ ആ ഗ്രാമത്തിൽ തന്നെ വേറെയില്ലാതെ ആയി. വീടിനുള്ളിലെ ജോലികൾ പെണ്ണിന്, വീടിന് പുറമെയുള്ള ജോലികൾ പുരുഷന്മാർക്ക് എന്ന തരംതിരിവ് സമൂഹത്തിന്റെ നാശത്തിന് തന്നെ വിത്ത് പാകുന്നതിനു മുൻപ് മുൻതലമുറകൾ വരുത്തിവച്ച തെറ്റുകൾ തിരുത്തി തങ്ങളുടെ മക്കൾക്ക് നല്ല മാതൃകകൾ തീർക്കുകയാണ് ഈ ദമ്പതിമാർ. തീർത്തും അനുമോദനാർഹമായ തീരുമാനങ്ങൾ തന്നെ!

ലിംഗസമത്വം വീടിനുള്ളിൽ

സ്വന്തം വീടിനുള്ളിൽ എടുക്കുന്ന തീരുമാനങ്ങൾ പോലും പൊതുസമൂഹത്തിന്റെ മുൻവിധികളെ ഭയന്നുകൊണ്ട് ആയിരുന്ന നാളുകൾ കടന്നുപോകുകയാണ്. പുരുഷന്മാരോടൊപ്പം സ്വപ്നച്ചിറകുകൾ വിരിച്ച് പുതിയ ആകാശങ്ങൾ തേടി സ്ത്രീകളും പറന്ന് ഉയരുകയാണ്. അവരുടെ ഉയർച്ചയിൽ അവർക്ക് ഏറ്റവും വലിയ താങ്ങാവേണ്ടത് പുരുഷന്മാർ തന്നെയാണ്. സ്ത്രീയും പുരുഷനും ഒന്നിച്ച് തീരുമാനങ്ങൾ എടുക്കുന്ന, ഒന്നിച്ച് കുട്ടികളെ വളർത്തുന്ന, ഒന്നിച്ച് വീട്ടുജോലികൾ ചെയ്യുന്ന, ഒന്നിച്ച് അദ്ധ്വാനിക്കുന്ന ഒരു സമത്വസുന്ദര സമൂഹമാണ് പടുത്തുയർത്തേണ്ടത്. അതിനായി മാറ്റങ്ങൾ തുടങ്ങേണ്ടത് നമ്മുടെ വീടിനുള്ളിൽ തന്നെയാണ്.

തലമുറകളായി കുടുംബാന്തരീക്ഷത്തിൽ കുട്ടികൾക്ക് അമ്മയോടുള്ള വൈകാരികമായ അടുപ്പവും അച്ഛനോടുള്ള മാനസികമായ അകൽച്ചയും കുറയ്ക്കാൻ 'സ്റ്റേ അറ്റ് ഹോം ഫാദർ' എന്ന പുതിയ സങ്കല്പം സഹായിക്കും

അമ്മ ചെയ്യുന്ന ജോലികൾ എല്ലാം ഒരു ദിവസം മുഴുവനായി അച്ഛനെ ഏൽപ്പിക്കുകയല്ല അതിനുള്ള പരിഹാരം; മറിച്ച് ഓരോരുത്തരും ചെയ്യുന്ന ജോലികൾ പരസ്പര പങ്കാളിത്തത്തോടെ ചെയ്ത് മുന്നോട്ട് പോകുകയാണ്. ഒരു ജോലിയും കുറഞ്ഞതല്ല, കുറഞ്ഞ ജോലികൾ അമ്മ ചെയ്യേണ്ടതല്ല തുടങ്ങിയ ചിന്തകൾ അടുത്ത തലമുറയുടെ മനസ്സിലേക്ക് നിറയ്ക്കാൻ ഈ സമീപനം സഹായകമാകും.

അമ്മയെ പോലെ അച്ഛനെയും ഇഷ്ടം

തലമുറകളായി കുടുംബാന്തരീക്ഷത്തിൽ കുട്ടികൾക്ക് അമ്മയോടുള്ള വൈകാരികമായ അടുപ്പവും അച്ഛനോടുള്ള മാനസികമായ അകൽച്ചയും കുറയ്ക്കാൻ 'സ്റ്റേ അറ്റ് ഹോം ഫാദർ' എന്ന പുതിയ സങ്കല്പം സഹായിക്കും. അമ്മയെയും അച്ഛനെയും ഒരുപോലെ കാണുന്ന, സ്നേഹിക്കുന്ന മക്കളുടെ തലമുറയെ ആണ് 'സ്റ്റേ അറ്റ് ഹോം' അച്ഛന്മാർ വളർത്തിയെടുക്കുന്നത്.

ഒരു ചെറിയ കാലയളവ് എങ്കിലും മക്കളോടൊപ്പം അവർക്ക് മാത്രമായി സമയം നീക്കി വച്ച് കഴിഞ്ഞിട്ടുള്ള അച്ഛനോട് അവർക്ക് വൈകാരികമായ അടുപ്പം കൂടും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അങ്ങനെയെങ്കിൽ കുടുംബത്തിന്റെ കെട്ടുറപ്പ് അരക്കിട്ടുറപ്പിക്കാൻ ഈ പുതിയ സാമൂഹ്യ മുന്നേറ്റം ഉപകരിക്കും, തീർച്ച.