Mar 16 • 10M

അഞ്ഞൂറ് രൂപ നിക്ഷേപത്തിൽ നിശ്ചയധാർഢ്യം കൊണ്ട് കെട്ടിപ്പടുത്ത സാമ്രാജ്യം. കലവറയുടെയും ശ്രീലക്ഷ്മിയുടെയും വിജയകഥ

ശ്രീലക്ഷ്മിയും 'കലവറ' യും വളർന്ന് വന്നത് നിശ്ചയദാർഢ്യവും ഉറച്ച തീരുമാനങ്ങളും കൊണ്ടാണ്. അത് തന്നെയാണ് വരുകാല സ്ത്രീ സംരംഭകരോടും പറയാനുള്ളത്

Vishnu Prem
Comment
Share
 
1.0×
0:00
-9:35
Open in playerListen on);
Episode details
Comments

ഒന്നുമില്ലായ്മയിൽ തുടങ്ങിയ ഒരു ഹോബി ഒരാളുടെ ജീവിത മാർഗമായി മാറുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അതിനൊരുദാഹരണമാണ് കലവറ ഫുഡ് പ്രൊഡക്ടസും അതിന്റെ സ്ഥാപക ശ്രീലക്ഷ്മിയും. ശ്രീലക്ഷ്മിയ്ക്ക് പാചകം വളരെ ഇഷ്ടമായിരുന്നു. എന്നാൽ അതൊരു ബിസിനസ് ആക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ശ്രീലക്ഷ്മി എങ്ങനെയാണ് ഒരു ഫുഡ് പ്രൊഡക്ഷ്ൻ കമ്പനി ആരംഭിച്ചത്? അതെങ്ങനെ വിജയത്തിലേക്കെത്തിച്ചു? രസകരമാണ് ആ യാത്രയുടെ കഥ

സൈക്കോളജിയിൽ പിജി യും കെമിസ്ട്രിയിൽ ബിഎഡും നേടിയിട്ടുണ്ട് ശ്രീലക്ഷ്മി. തന്റെ പിജിയും ഡബിൾ പിജിയും കഴിഞ്ഞ് അധ്യാപന ജീവിതത്തിലേക്ക് കടക്കണം എന്ന ആഗ്രഹത്തോടെ ഇരിക്കുമ്പോഴാണ് ആ വഴിത്തിരിവുണ്ടാകുന്നത്

സൈക്കോളജിയിൽ പിജി യും കെമിസ്ട്രിയിൽ ബിഎഡും നേടിയിട്ടുണ്ട് ശ്രീലക്ഷ്മി. തന്റെ പിജിയും ഡബിൾ പിജിയും കഴിഞ്ഞ് അധ്യാപന ജീവിതത്തിലേക്ക് കടക്കണം എന്ന ആഗ്രഹത്തോടെ ഇരിക്കുമ്പോഴാണ് ആ വഴിത്തിരിവുണ്ടാകുന്നത്. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ആദ്യമായി ഒരു അച്ചാറിന് ഓർഡർ നൽകുന്നത്. ഓർഡർ എന്നൊന്നും പറയാൻ പറ്റില്ല. സുഹൃത്തിന്റെ പ്രതിശ്രുത വരൻ തിരിച്ചു ഗൾഫിലേക്ക് പോകുമ്പോ കൊടുത്തുവിടാൻ കുറച്ച് നല്ല അച്ചാർ വേണമെന്ന് മാത്രമേ കരുതിയിരുന്നുള്ളു. യൂട്യൂബ് നോക്കിയും ചെറിയ പൊടി വിദ്യകൾ അച്ചാറിൽ പയറ്റിയും ശ്രീലക്ഷ്മി അങ്ങനെ ഒരു കിലോ അച്ചാർ ഉണ്ടാക്കി കൂട്ടുകാരിക്ക് നൽകി.

അത് കടൽ കടന്ന് അങ്ങ് ഗൾഫിലെത്തുകയും ചെയ്തു. എന്നാൽ തന്റെ ആ ഞൊറുങ്ങു വിദ്യ ഫലിക്കുമോ എന്ന ഭയം ശ്രീലക്ഷ്മിക്കുണ്ടായൊരുന്നു. ഏറെ വൈകാതെ തന്നെ ആ വിവരം നാട്ടിലെത്തി. അച്ചാർ സൂപ്പർഹിറ്റ്. അപ്പോ തന്നെ കൂട്ടുകാരി അഞ്ച് കിലോ അച്ചാറിനുള്ള ഓർഡർ കയ്യോടെ കൊടുത്തു. പിന്നീട് കണ്ടും കേട്ടും രുചിച്ചും അറിഞ്ഞവരുടെ വിളിയായിരുന്നു. ശ്രീലക്ഷ്മിക്ക് പിന്നീടൊന്നും ആലോചിക്കേണ്ടി വന്നില്ല നേരെ ബിസിനസിലേക്കിറങ്ങി. കമ്പനിക്ക് ഒരു പേരുമിട്ടു ' കലവറ'.

ഗൾഫിലേക്കുള്ള ഓർഡർ വീണ്ടും ഹിറ്റായി. അങ്ങനെ തൃപ്പുണിത്തുറയിലെ ഒരു ചെറിയ ഫ്ലാറ്റ് അച്ചാർ നിർമാണ ശാലയായി മാറി. അവിടെ മുൻപേ പറഞ്ഞ ഞൊറുങ്ങു വിദ്യകളും ചാലിച്ച് പല തരം അച്ചാറുകൾ ഒരുങ്ങി തുടങ്ങി. ഓർഡർ അങ്ങനെ സുഹൃത്തുക്കളിൽ നിന്നും അപരിചിതരിലേക്കും കടകളിലേക്കും വരെ നീങ്ങി തുടങ്ങി. വെറും അഞ്ഞൂറ് രൂപ മുതൽ മുടക്കിൽ തുടങ്ങിയ 'കലവറ'യെ അങ്ങനെ പതിയെ പതിയെ ജനങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി.

തുടക്കം എളുപ്പമായിരുന്നില്ല..

സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒരു കുടുംബമാണ് ശ്രീലക്ഷ്മിയുടേത്. തനിക്ക് കൈമുതലായുള്ള വിദ്യാഭ്യാസം പോലും ഒരു രൂപ മുതൽ മുടക്കില്ലാതെ മെറിറ്റിൽ മാത്രം പഠിച്ച് നേടിയതാണ്. എന്നാൽ പഠനമെല്ലാം കഴിഞ്ഞപ്പോൾ ഇനി എന്ത് എന്നതായിരുന്നു ചോദ്യം. കെമിസ്ട്രിയിൽ ബിഎഡ് ഉള്ള ശ്രീലക്ഷ്മിക്ക് അധ്യാപന മേഖലയോടായിരുന്നു താല്പര്യം. പക്ഷെ അവിടെയും അവസ്ഥ വളരെ മോശമായിരുന്നു. ഏതെങ്കിലും ഒരു സ്കൂളിൽ അധ്യാപികയായി ജോലി ലഭിക്കണമെങ്കിൽ നാല്പതും അൻപതും ലക്ഷം രൂപഡൊണേഷൻ നൽകണം. ഇതിനെ കുറിച്ച് ശ്രീലക്ഷ്മി പറയുന്നത് ഏറെ രസകരമാണ്, " അല്ല ഈ നാല്പത്തും അൻപതും ലക്ഷം അവർക്ക് കൊടുക്കുന്നതെന്തിനാ.

ആ പൈസ എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ അത് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ട് സുഖമായി കഴിഞ്ഞേനെ. ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ട് ഒരു ജോലി കിട്ടണമെങ്കിൽ പൈസ വേണമെന്ന് പറയുന്നത് എന്തൊരു കഷ്ടമാണ്. പിന്നെ ചിലരുണ്ട് പി എസ് സി പഠിച്ചൂടെ എന്ന് ചോദിക്കുന്നവർ. വർഷങ്ങൾ എടുത്ത് കാത്തിരുന്ന് പഠിച്ചിട്ട് അവസാനം ഒന്നും കിട്ടിയില്ലെങ്കിലോ. അല്ല അത്ര വർഷം ഞാൻ ഇരുന്ന് പഠിക്കുമ്പോൾ ഈ പറയുന്നവർ വന്ന് കുടുംബം നോക്കില്ലല്ലോ. " ശ്രീലക്ഷ്മിയുടെ വാക്കുകൾ ശക്തമാണ്.

അങ്ങനെ അവർ പഠിത്തവും ജോലിയും ഒക്കെ മതിയാക്കി പതിയെ വസ്ത്ര വ്യാപാര രംഗത്തേക്ക് കടന്നു. കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല ഏറെ പെട്ടെന്ന് തന്നെ അത് ഫ്ലോപ്പ്. ഫ്ലോപ്പ് എന്ന് ശ്രീലക്ഷ്മി പറയുന്നുണ്ടെങ്കിലും അതിൽ നിന്ന് പത്ത് പൈസ പോലും കട ബാധ്യത അവർക്കുണ്ടായിട്ടില്ല. പലരും ഈ രംഗത്ത് അവരെ പറ്റിച്ചു. എങ്കിലും മുടക്കിയ പൈസ മുഴുവൻ തിരിച്ചെടുത്ത ശേഷമാണ് അതിൽ നിന്ന് പടിയിറങ്ങിയത്.

മാറി ചിന്തിക്കുന്ന ഏതൊരു സ്ത്രീക്കും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സമൂഹത്തിന്റെ കുത്ത് വാക്ക്. അതിനെ അതിജീവിച്ചു വിജയം കണ്ടെത്തുക എന്നത് നിസാരമല്ല. ശ്രീലക്ഷ്മിയുടെ ഈ വിജയത്തിന് പിന്നിലും എളുപ്പവഴികളില്ല

അപ്പോഴാണ് മുൻപ് പറഞ്ഞ കൂട്ടുകാരിയുടെ വരവ്. പതിയെ അത് ആളുകൾ ഇഷ്ടപെടുന്നുണ്ട് എന്ന് മനസിലായതോടെ തന്റെ ബിസിനസ് ഇനി അച്ചാറ് കച്ചവടമാണെന്ന് അവർ തീരുമാനിച്ചു. തുടക്കത്തിൽ ശ്രീലക്ഷ്മിക്ക് ഒരു കൈത്താങ്ങായത് സഹോദരനാണ്. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അഞ്ഞൂറ് രൂപ വാങ്ങി തുടങ്ങിയ ബിസിനസ്സാണ് ഇന്ന് ഏവർക്കും പ്രിയപ്പെട്ട കലവറ ഫുഡ് പ്രൊഡക്ടസ് ആയി മാറിയത്.

കളിയാക്കലുകൾക്ക് മുന്നിൽ മുട്ടുമടക്കിയില്ല

" അന്ന് കച്ചോടം തുടങ്ങിയപ്പോൾ പലരും കളിയാക്കി. ഇത്രയും പഠിച്ചത് അച്ചാറ് കമ്പനി നടത്താനാണോ എന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തി. എന്നാൽ എനിക്ക് കാര്യങ്ങൾ വ്യക്തമായിരുന്നു. എനിക്ക് ജീവിക്കാൻ പൈസ വേണമായിരുന്നു. അതിന് വേണ്ടി ബിസിനസ് അല്ലാതെ വേറൊരു വഴിയും മുൻപിലുണ്ടായൊരുന്നില്ല. അപ്പോൾ ദൈവം ആയിട്ട് തുറന്ന് തന്ന വഴിയാണ് 'കലവറ'." ശ്രീലക്ഷ്മി തുടക്കകാലത്തെ വെല്ലുവിളികൾ തുറന്ന് പറയുന്നു.

മാറി ചിന്തിക്കുന്ന ഏതൊരു സ്ത്രീക്കും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സമൂഹത്തിന്റെ ഈ കുത്ത് വാക്ക്. അതിനെ അതിജീവിച്ചു വിജയം കണ്ടെത്തുക എന്നത് നിസാരമല്ല. ശ്രീലക്ഷ്മിയുടെ ഈ വിജയത്തിന് പിന്നിലും എളുപ്പവഴികളില്ല. പോരാട്ടം മാത്രമായിരുന്നു. കരയ്ക്കെത്തിക്കുന്നത് വരെയുള്ള പോരാട്ടം.

വിജയത്തിന് എളുപ്പ വഴികളില്ല

കലവറ ഫുഡ് പ്രൊഡക്ട്സിന്റെ വിജയത്തിന് കുറുക്കുവഴികളൊന്നും തന്നെയില്ല എന്നാണ് ശ്രീലക്ഷ്മി പറയുന്നത്. " ഞാൻ തുടങ്ങിയത് ഒന്നുമില്ലായ്മയിൽ നിന്നാണ്. സ്റ്റാഫും സെയിൽസ് പേഴ്സണും ബ്രാൻഡ് അംബാസിഡറും മാർക്കറ്റിങ് ഹെഡും ഒക്കെ ഞാൻ തന്നെ ആയിരുന്നു. ഒരുകണക്കിന് പറഞ്ഞാൽ സന്തോഷ്‌ പണ്ഡിറ്റും ബാലചന്ദ്രമേനോനും കൂടി ചേർന്ന ഒരു പരിപാടി. ഗുണമേന്മയിൽ ഞാൻ ഇന്നേ വരെ കോമ്പർമൈസ് ചെയ്തിട്ടില്ല. അഞ്ച് കിലോ മുളക് വാങ്ങി ഉണക്കും. അപ്പോൾ അതിൽ നിന്ന് ഒരു 200 ഗ്രാം കുറയും. പിന്നെ അത് പൊടിക്കും അപ്പോൾ പിന്നെയും ഒരു ഇരുന്നൂറ് ഗ്രാം കുറയും.

അവസാനം മുളക് പൊടിയുടെ പൂർണ രൂപത്തിലേത്തുമ്പോൾ ഏകദേശം അത് 4 കിലോ 200 ഗ്രാം ആകും. അതിൽ ഞാൻ എന്തെങ്കിലും കൂട്ടി ചേർത്ത് അഞ്ച് കിലോ ആക്കാൻ തയ്യാറല്ല. ഒരാളെങ്കിലും ക്യാൻസർ വന്ന് മരിച്ചാൽ പിന്നെ അതിന് കാരണം ഞാൻ കൂടി അല്ലെ എന്നോർത്ത് ജീവിക്കേണ്ടി വരും. അത് കൊണ്ട് ഗുണമേന്മയ്ക്ക് അനുസരിച്ചുള്ള വില വാങ്ങിക്കും, അത്ര മാത്രം. അതിൽ ഒരു കുറുക്കുവഴികളുമില്ല, കോമ്പർമൈസും ഇല്ല. കലവറ ഇപ്പോഴും നിലനിൽക്കാനുള്ള കാരണവും ഇത് തന്നെയാണ്. " ശ്രീലക്ഷ്മിയുടെ വാക്കുകൾ വ്യക്തമാണ്.

അതെ പോലെ തന്നെ കലവറയുടെ എല്ലാ പോസ്റ്റാറുകളുടെയും മുഖം ശ്രീലക്ഷ്മിയുടെ തന്നെയാണ്. ഇതിനും അവർക്ക് മറുപടിയുണ്ട്, " ഞാൻ ഇപ്പോ കാവ്യാ മാധവന്റെയും മറ്റും ഫോട്ടോ വച്ച് ബ്രാൻഡ് ചെയ്തിട്ട് നാളെ എന്റെ പ്രൊഡക്ട്സിന് എന്തെങ്കിലും കുഴപ്പം വന്നാൽ കസ്റ്റമേഴ്‌സ് കാവ്യാ മാധവന്റെ അടുത്തേക്കല്ലല്ലോ പോവുക. എന്റെ അടുത്തേക്കല്ലേ. അത് കൊണ്ട് ഇതാണ് കൂടുതൽ സുതാര്യം. എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്ക് നേരിട്ട് കിട്ടുമല്ലോ." ഇത് ഒരു സംരംഭകയുടെ കോൺഫിഡൻസാണ്. യാതൊരു തരത്തിലും പൈസ കൊടുത്ത് മാർക്കറ്റ് ചെയ്യാതെ ഗുണമെന്മ കൊണ്ട് മാത്രം വിജയിച്ച ഒരു സംരംഭകയുടെ കോൺഫിഡൻസ്. ഇന്ന് പലതരം അച്ചാറുകളും കറിപ്പൊടികളും ഉൾപ്പെടെ അനേകം ഉൽപ്പന്നങ്ങൾ കലവറ വിപണിയിൽ എത്തിക്കുന്നുണ്ട്.

ചെറിയൊരു സഹായം ചോദിച്ചു വരുന്നവരോട്

"പലരും എന്നെ വിളിക്കാറുണ്ട്. ആ റെസിപ്പി ഒന്ന് പറഞ്ഞ് തരുമോ അല്ലെങ്കിൽ അവരുടെ ലേബലിൽ കുറച്ച് പ്രൊഡക്ടസ് ഉണ്ടാക്കി കൊടുക്കാമോ എന്നൊക്കെ ചോദിച്ച്. അവരോടൊക്കെ ഒന്നേ പറയാനുള്ളു ഞാൻ ഒരു ബിസിനസ്കാരിയാണ്. അപ്പോൾ ബാക്കി ഉള്ളവർ എന്റെ കോമ്പറ്റേറ്റേഴ്‌സ് ആണ്. അത് കൊണ്ട് എളുപ്പത്തിൽ കാര്യങ്ങൾ നേടാം എന്ന ഭാവവുമായി ഇങ്ങോട്ട് വരേണ്ട." പഞ്ചസാര പൊതിയാത്ത ശ്രീലക്ഷ്മിയുടെ വാക്കുകളുടെ മുന കൂടുതൽ തീക്ഷ്ണമായി.

സ്ത്രീ ആണെന്ന് കരുതി നിങ്ങൾക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല എന്നില്ല. തീരുമാനങ്ങൾ സ്വയം എടുക്കുക. മറ്റുള്ളവർ പറയുന്നത് പറയട്ടെ. അതിനൊന്നും ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല

വരുംകാല സ്ത്രീ സംരംഭകരോട്

ശ്രീലക്ഷ്മിയും 'കലവറ' യും വളർന്ന് വന്നത് നിശ്ചയദാർഢ്യവും ഉറച്ച തീരുമാനങ്ങളും കൊണ്ടാണ്. അത് തന്നെയാണ് വരുകാല സ്ത്രീ സംരംഭകരോടും പറയാനുള്ളത്, "നേരത്തെ പറഞ്ഞ പോലെ ഞാൻ അച്ചാറ് കമ്പനി തുടങ്ങിയപ്പോൾ എന്നെ കളിയാക്കാൻ ഒരായിരം പേരുണ്ടായിരുന്നു. എന്നാൽ ഞാൻ അതൊന്നും കേൾക്കാതെ മുന്നോട്ട് പോകുകയായിരുന്നു. സ്ത്രീ ആണെന്ന് കരുതി നിങ്ങൾക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല എന്നില്ല. തീരുമാനങ്ങൾ സ്വയം എടുക്കുക. മറ്റുള്ളവർ പറയുന്നത് പറയട്ടെ. അതിനൊന്നും ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല. നമ്മൾ തെറ്റല്ല ചെയ്യുന്നത് എന്നുറപ്പുണ്ടെങ്കിൽ അതെന്ത് ജോലി ആയാലും അധ്യാപന മേഖല ആണെങ്കിലും അച്ചാറ് കമ്പനി ആണെങ്കിലും നിങ്ങൾ എടുത്ത തീരുമാനത്തിൽ മുന്നോട്ട് പോകുക. ആരുടേയും പാത പിന്തുടരാതെ സ്വന്തം വഴികൾ കണ്ടെത്തി സഞ്ചരിക്കുക. " അവർ പറഞ്ഞ് നിർത്തി.

ഈ വാക്കുകളോടൊപ്പം തന്റെ ജീവിതത്തിൽ എന്നും ഒപ്പം നിന്ന സഹോദരനെയും ഭർത്താവിനെയും ശ്രീലക്ഷ്മി മറക്കുന്നില്ല. തന്റെ കല്യാണം ഉറപ്പിക്കാൻ കാരണം തന്നെ ഭർത്താവിന്റെ ഉറച്ച വാക്കുകൾ കൊണ്ട് മാത്രമാണ്. ഇല്ലെങ്കിൽ ഒറ്റയ്ക്ക് മുന്നോട്ട് പോകാൻ അവർ ഒരുക്കമായിരുന്നു. ഭർത്താവ് അന്ന് പറഞ്ഞത് തനിക്ക് ഈ അച്ചാറ് കമ്പനിക്കരിയെ മതി എന്നാണ്. അന്ന് ഒന്നിച്ച ജീവിതം ഇന്നും സന്തോഷകരമായി മുന്നോട്ട് പോകുന്നു. അതോടൊപ്പം കലർപ്പില്ലാത്ത 'കലവറ ഫുഡ് പ്രൊഡക്ട്സും കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങുന്നു.

A guest post by
Content Writer, Podcast Programme Producer
Subscribe to Vishnu