Jan 17 • 9M

സിംഗിൾ മദർ ആകാൻ ഒരു സ്ത്രീ തയ്യാറെടുത്താൽ സമൂഹത്തിന് മുട്ട് വിറയ്ക്കുന്നത് എന്തിന്?

തന്റെ മനസ്സിന് ഇഷ്ടപ്പെട്ട പങ്കാളിയോട് ഒപ്പം ജീവിക്കാനും അയാളിൽ നിന്ന് ഗർഭം ധരിക്കാനും തങ്ങളുടെ കുഞ്ഞിനെ നിരുപാധികം പെറ്റ് പോറ്റാനും സ്ത്രീകൾക്ക് ആരുടെ സമ്മതപത്രമാണ് വേണ്ടത്?

Anagha Jayan E
Comment
Share
 
1.0×
0:00
-9:12
Open in playerListen on);
Episode details
Comments

സ്വന്തം കുഞ്ഞിനെ തേടി അനുപമ എന്ന അമ്മ കേരള ജനതയ്ക്ക് മുന്നിൽ സമരം ചെയ്യുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ആഴ്ചകൾ ആയി നമ്മൾ കണ്ടത്. ഇപ്പോൾ പ്രതിസന്ധികളെ മറികടന്ന ആ 'അമ്മ തന്റെ കുഞ്ഞിനെ സ്വന്തമാക്കുകയും കാമുകനായ അജിത്തും അനുപമയും വിവാഹിതരാകുകയും ചെയ്തു. എന്നാൽ തന്റെ കുഞ്ഞിനുവേണ്ടി പോരാടിയ അനുപമയ്‌ക്കൊപ്പം കേരളത്തിലെ സ്ത്രീകളിലിൽ നല്ലൊരുപങ്കും നിന്നില്ല.

കാരണം, അനുപമയ്ക്കും അജിത്തും കുഞ്ഞു ജനിക്കുമ്പോൾ വിവാഹിതരല്ലായിരുന്നു എന്നത് തന്നെ. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട പങ്കാളിയോട് ഒപ്പം ജീവിക്കാനും അയാളിൽ നിന്ന് ഗർഭം ധരിക്കാനും തങ്ങളുടെ കുഞ്ഞിനെ നിരുപാധികം പെറ്റ് പോറ്റാനും കേരളത്തിലെ സ്ത്രീകൾക്ക് ആരുടെ സമ്മതപത്രമാണ് വേണ്ടത്? ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകാൻ ആഗ്രഹിക്കുന്നു എങ്കിൽ അത് തടയാൻ ആർക്കാണ് അവകാശം?!

കുടുംബത്തിന്റെയും സമൂഹത്തിന്റെയും സദാചാര ആക്രമണങ്ങൾ ഭയന്ന് സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച എത്ര സ്ത്രീകളും പുരുഷന്മാരും ഈ സമൂഹത്തിൽ കാണും

കുടുംബത്തിന്റെയും സമൂഹത്തിന്റെയും സദാചാര ആക്രമണങ്ങൾ ഭയന്ന് സ്വന്തം ഇഷ്ടങ്ങൾ ത്യജിച്ച എത്ര സ്ത്രീകളും പുരുഷന്മാരും ഈ സമൂഹത്തിൽ കാണും! അങ്ങനെ ആഗ്രഹങ്ങൾ ത്യജിച്ച് നില നിർത്തേണ്ടതാണോ കുടുംബം? ആരെയും ഉപദ്രവിക്കാതെ സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ഒരു സ്ത്രീ ജീവിച്ചാൽ തകർന്ന് വീഴുന്നതാണ് 'കുടുംബത്തിന്റെ അഭിമാനം' എങ്കിൽ അതിന്റെ നിലനിൽപ്പിനെ തന്നെ സംശയിക്കേണ്ടതാണ്.

ഒരു കുഞ്ഞിനൊപ്പം സിംഗിൾ മദർ പിറക്കുമ്പോൾ എന്തിനാണ് സമൂഹത്തിന് മുട്ട് വിറയ്ക്കുന്നത്? തന്റെ കുഞ്ഞിന് അച്ഛനും അമ്മയുമായി ഒരു സ്ത്രീ ജീവിക്കാൻ തീരുമാനിച്ചാൽ അവളെ ഒറ്റപ്പെടുത്താനും പുനർവിവാഹം ചെയ്യിക്കാനും അവളുടെ മനസ്സിൽ അരക്ഷിതത്വം കുത്തി നിറയ്ക്കാനും വെമ്പൽ കൂട്ടുന്ന സമൂഹത്തിന്റെ നേർക്കാഴ്ച ആണ് ഇനി നമ്മൾ കേൾക്കാൻ പോകുന്നത്.

പെട്ടെന്ന് ഒരു നാൾ ആരും ഇല്ലാതായപ്പോൾ..

എം. എയ്ക്ക് പഠിക്കുമ്പോൾ പ്രണയിച്ച് വിവാഹം കഴിച്ചതാണ് റാണിയും റെജിയും. സാമൂഹികമായും സാമ്പത്തികമായും ഉയർന്ന കുടുംബത്തിൽ ജനിച്ചു വളർന്ന റാണിയ്ക്ക്, സമൂഹത്തിന്റെ താഴെക്കിടയിൽ നിന്ന് വരുന്ന റെജിയെ വിവാഹം കഴിച്ചതോടെ കുടുംബത്തിന്റെ പിന്തുണ പൂർണ്ണമായും നഷ്ടപ്പെട്ടു. മധുവിധു അവസാനിക്കും മുൻപേ റാണി ഗർഭിണിയും ആയി. റെജിയോടൊപ്പം റാണി കഴിഞ്ഞത് വെറും ആറ് വർഷമാണ്.

കൊടിയ ഗാർഹിക പീഡനവും കുത്തുവാക്കുകളും സഹിച്ച് റാണി അയാളുടെ വീട്ടിൽ പിടിച്ചു നിന്നത് മകളെ ഓർത്ത് മാത്രം ആയിരുന്നു. മകൻ തന്നിഷ്ടത്തിന് കയറ്റി കൊണ്ടുവന്ന പെണ്ണ് എന്ന ലേബൽ റെജിയുടെ കുടുംബത്തിൽ റാണിയെ അന്യയാക്കി മാറ്റി. അതേ വിവേചനം അവർ കുഞ്ഞിനോടും കാണിച്ചു. ആശ്രയിക്കാൻ മറ്റാരും ഇല്ലാതെ റാണി പലപ്പോഴും അയാളുടെ വീട്ടു വരാന്തയിൽ അന്തിയുറങ്ങി. അതിനൊപ്പം റെജി മദ്യപാനവും തുടങ്ങിയതോടെ ഗത്യന്തരം ഇല്ലാതെയാണ് റാണി ആ വീട് ഉപേക്ഷിച്ച് ഇറങ്ങിയത്.

"എനിക്ക് മൂന്ന് ചേച്ചിമാരും ഒരു ആങ്ങളയും ഉണ്ട്. അതിൽ ഒരു ചേച്ചി മാത്രം വിളിക്കുമായിരുന്നു. അവളും ആദ്യമൊക്കെ എന്നെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തിരുന്നത്. എങ്കിലും സംസാരിക്കാൻ ഒരു ബന്ധു ഉണ്ടല്ലോ എന്നാണു ഞാൻ കരുതിയത്. ഒരു ഒറ്റമുറി വീട് വാടകയ്ക്ക് എടുത്ത് വീട്ടിൽ കുപ്പായം തുന്നി കൊടുക്കാൻ തുടങ്ങി. മെല്ലെ അടുത്തുള്ള അംഗൻവാടിയിൽ ടീച്ചർ ആയി താത്കാലിക ജോലിക്ക് കയറി.

ആ സമ്പാദ്യം കൊണ്ടാണ് മകളെ പഠിപ്പിച്ചത്. പക്ഷെ കേൾക്കുന്ന പോലെ സുഖമുള്ളത് ആയിരുന്നില്ല ആ യാത്ര. മോൾക്ക് ഒരു പനി വന്നാൽ പോലും പേടിയാണ്. എനിക്ക് എങ്ങാനും അസുഖം വന്നാൽ അതിലും പേടിയാണ്. ഒന്ന് വിശ്രമിക്കാൻ പോലും പറ്റാതെയാണ് എന്റെ ജീവിതത്തിലെ ഇത്രയും വർഷങ്ങൾ കടന്നുപോയത്. അവളെ നാട്ടിലെ ഏറ്റവും നല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പഠിപ്പിച്ചു. പക്ഷെ നാട്ടുകാരും പരിചയക്കാരും എല്ലാം എന്നെ കുറ്റപ്പെടുത്തിയിരുന്നു. "എന്തിനാണ് ഇങ്ങനെ തുണയില്ലാതെ ജീവിക്കുന്നത്? വേറെ ഒരു വിവാഹം കഴിച്ച് കൂടെ? ഒന്ന് തെറ്റും മാപ്പും പറഞ്ഞ് സ്വന്തം കുടുംബത്തിലേക്ക് ചെന്നാൽ അവർ സ്വീകരിക്കുമല്ലോ.

സന്തോഷത്തോടെ, പരസ്പര ബഹുമാനത്തോടെ മനുഷ്യർ ഒന്നിച്ച് കഴിയേണ്ട ഒരിടം ആണ് കുടുംബം. അല്ലാതെ ചിലരുടെ സാമൂഹ്യ നിലനിൽപ്പിന് വേണ്ടി മറ്റ് ചിലർ ത്യാഗങ്ങൾ സഹിച്ച് കണ്ണീർ ഒഴുക്കി കഴിയുന്ന നരകം അല്ല

പെണ്ണുങ്ങൾ ആയാൽ കുറച്ച് ഒക്കെ താഴണം. അതെങ്ങനെയാ, ഒന്ന് താഴ്ന്ന് കൊടുത്തിരുന്നെങ്കിൽ ഇപ്പോൾ കെട്ടിയോന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോരേണ്ടി വരുമായിരുന്നോ?! അല്ലെങ്കിൽ തന്നെ ഈ പെങ്കൊച്ചിനെ ഒറ്റയ്ക്ക് വളർത്തിക്കൊണ്ട് വരൻ ഒരു തള്ളയ്ക്ക് പറ്റുമോ?!" - ഇതെല്ലാം ഞാൻ കേട്ടിട്ടുള്ള ശകാരങ്ങളിൽ ആയിരത്തിൽ ഒരു പങ്ക് മാത്രമാണ്.

ഒന്ന് തളർന്ന് ഇരുന്നാൽ വരെ അത് തഞ്ചമാക്കി കുറ്റപ്പെടുത്താൻ വരുന്നവർ ആയിരുന്നു ചുറ്റും. പക്ഷെ വാക്ക് കൊണ്ടെങ്കിലും പിന്തുണയ്ക്കാൻ വിരലിൽ എണ്ണാവുന്ന കുറച്ച് പേര് ഉണ്ടായിരുന്നു. പിന്നെ എന്റെ മോളും. അതുകൊണ്ടാണ് പിടിച്ച് നിന്നത്," - റാണി പറയുന്നു.

എന്തായാലും റാണിയുടെ മകൾ പ്രതീക്ഷകൾക്ക് അപ്പുറം മിടുക്കിയായി വളർന്നു. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഗവേഷണ വിദ്യാർത്ഥിനിയായി - അതും മെറിറ്റ് അടിസ്ഥാനത്തിൽ. അതിലും കുറ്റം കണ്ടെത്താനും കുറ്റപ്പെടുത്താനും ബന്ധുക്കളും നാട്ടുകാരും മറന്നില്ല. "തള്ളയ്ക്കോ ഒരു കുടുംബമില്ല. പത്ത്-പതിനെട്ട് വയസ്സ് തികയുമ്പോൾ ആ പെങ്കൊച്ചിനെ പിടിച്ച് കെട്ടിക്കാൻ നോക്കാതെ പഠിക്കാൻ വിട്ടിരിക്കുന്നു. സ്വന്തം നില മറന്ന് വളരാൻ വിടരുത്. പെട്ടെന്ന് ആ തള്ളയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ പെണ്ണിന് ആരുണ്ട്?!" - റാണിയ്ക്ക് ഇല്ലാത്ത ആധിയാണ് മകളുടെ കാര്യത്തിൽ നാട്ടുകാർക്ക്.

അവരോട് റാണിയ്ക്ക് ഒറ്റ ഉത്തരമേ പറയാനുള്ളൂ - "എന്റെ മകളുടെ കാര്യം നോക്കാൻ അവൾക്ക് അറിയാം. ഈ സമൂഹത്തിൽ പിടിച്ച് നിൽക്കാൻ ഉള്ള പ്രാപ്തി ഞാൻ സഹായിക്കാതെ തന്നെ അവൾ സ്വന്തം ജീവിതത്തിൽ നിന്ന് സ്വായത്തം ആക്കിയിട്ടുണ്ട്. അവളെ വിവാഹം ചെയ്യിക്കാൻ എനിക്ക് ഒരു തിരക്കും ഇല്ല. അവൾക്ക് തോന്നുമ്പോൾ, മനസ്സിന് ഇഷ്ടപ്പെട്ട ആളെ അവൾ തന്നെ തെരഞ്ഞെടുക്കട്ടെ. അതാണ് എന്റെ തീരുമാനം."

പക്ഷെ റാണിയുടെ മകൾക്ക് പറയാനുള്ളത് സദാചാര ആക്രമണങ്ങളുടെ പുത്തൻ വേർഷൻ ആണ്. സ്വന്തമായി ജോലിയെടുത്തും പഠിച്ച് സ്‌കോളർഷിപ്പ് നേടിയും ജീവിതവും പഠനവും മുന്നോട്ട് കൊണ്ടുപോകുന്ന ആ കുട്ടിയോട് അയൽക്കാർ വരെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്: "നീ എന്തിനാണ് കൊച്ചെ ഇങ്ങനെ പെടാപ്പാട് പെടുന്നത്? നല്ല പ്രായത്തിൽ നല്ല കാശുളള വീട്ടിലെ ഒരു ചെക്കനെ കെട്ടിയാൽ നിനക്കും അമ്മയ്ക്കും സുഖമായി കഴിയാമല്ലോ.

"എന്റെ മകളുടെ കാര്യം നോക്കാൻ അവൾക്ക് അറിയാം. ഈ സമൂഹത്തിൽ പിടിച്ച് നിൽക്കാൻ ഉള്ള പ്രാപ്തി ഞാൻ സഹായിക്കാതെ തന്നെ അവൾ സ്വന്തം ജീവിതത്തിൽ നിന്ന് സ്വായത്തം ആക്കിയിട്ടുണ്ട്. അവളെ വിവാഹം ചെയ്യിക്കാൻ എനിക്ക് ഒരു തിരക്കും ഇല്ല. അവൾക്ക് തോന്നുമ്പോൾ, മനസ്സിന് ഇഷ്ടപ്പെട്ട ആളെ അവൾ തന്നെ തെരഞ്ഞെടുക്കട്ടെ. അതാണ് എന്റെ തീരുമാനം."

നിനക്ക് പിന്നെ ഇഷ്ടം പോലെ പഠിക്കുകയോ ജോലി നോക്കുകയോ എന്ത് വേണമെങ്കിലും ചെയ്യാം!" സാമ്പത്തിക ഭദ്രതയ്ക്കായി സമൂഹം സജസ്റ്റ് ചെയ്യുന്ന ഒറ്റമൂലി എന്തായാലും കൊള്ളാം - വിവാഹം! എന്തായാലും അതിൽ ഒന്നും തളരാതെ റാണിയും മകളും സമൂഹത്തോട് പൊരുതി ഇന്നും ജീവിക്കുകയാണ്.

പ്രണയത്തിന്റെ ഇര

ആത്മാർത്ഥ പ്രണയത്തിൽ മരണം വില്ലൻ ആയി എത്തിയപ്പോൾ തകർന്ന ജീവിതം ആണ് സ്മിതയുടേത്. തിരുവനന്തപുരം സ്വദേശിനിയാണ് സ്മിത അലക്സ്. രണ്ട് വ്യത്യസ്ത മതങ്ങളിൽ പെട്ട സ്മിതയും അലക്‌സും പത്ത് വർഷത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. രണ്ട് കുടുംബങ്ങളുടെയും എതിർപ്പുകൾ അവഗണിച്ച് രെജിസ്റ്റർ ഓഫീസിൽ വച്ചാണ് ഇരുവരും വിവാഹിതർ ആയത്.

സ്വപ്ന സാക്ഷാത്കാരം പോലെ അവർക്ക് ഒരു മകളും ജനിച്ചു. എന്നാൽ കുഞ്ഞിന് വെറുംരണ്ട് മാസം പ്രായം ഉള്ളപ്പോഴാണ് മരണം ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അലക്സിനെ തട്ടിയെടുക്കുന്നത്. സഹതാപത്തിന്റെ പേരിൽ കുറച്ച് നാൾ സ്മിതയും കുഞ്ഞും അലക്സിന്റെ വീട്ടിൽ കഴിഞ്ഞു. എന്നാൽ സ്മിതയും കുഞ്ഞും കാരണമാണ് അലക്സിനെ കുടുംബത്തിന് നഷ്ടപ്പെട്ടത് എന്ന കുറ്റപ്പെടുത്തൽ സ്ഥിരം ആയപ്പോൾ അവർ വീട് വിട്ടിറങ്ങി.

ഈ വട്ടം സ്മിതയുടെ കുടുംബം ഇരുവരെയും സ്വീകരിച്ചു. സ്വന്തം മാതാപിതാക്കൾ കുഞ്ഞിന്റെ കാര്യവും വീട്ടുകാര്യങ്ങളും നോക്കുന്നത് കണ്ട് ആശ്വാസത്തോടെ സ്മിത ജോലിക്ക് പോകാനും തുടങ്ങി. പക്ഷെ കുത്തുവാക്കുകൾ അധികം വൈകാതെ തന്നെ തുടങ്ങി. കുടുംബത്തിന്റെ ഇഷ്ടപ്രകാരം ജാതക ചേർച്ച നോക്കി ഒരു വിവാഹം കഴിച്ചിരുന്നെങ്കിൽ ചെറുപ്രായത്തിൽ വിധവ ആകേണ്ടി വരില്ലായിരുന്നു എന്നതാണ് പ്രധാന ആരോപണം.

അതിനൊപ്പം ഒരു പുനർവിവാഹം ആലോചിക്കാൻ കുഞ്ഞും കുഞ്ഞിന്റെ മതവും ഒരു തടസ്സം ആകുമെന്നും. കഴിഞ്ഞ രണ്ട് വർഷമായി വേറെ വഴി ഒന്നുമില്ലാതെ സ്മിത ഈ ആരോപണങ്ങൾ സഹിച്ച് കഴിയുകയാണ്. എന്ത് സഹിച്ചും കുഞ്ഞിനെ വളർത്തണം. അലക്സിന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ച് ജീവിക്കണം. അതിന് ജീവിതത്തിലെ സന്തോഷങ്ങൾ മുഴുവനും ഹോമിക്കേണ്ടി വന്നാലും...

ഈ രണ്ട് അനുഭവക്കുറിപ്പുകളിലും വില്ലൻ സമൂഹം തന്നെയാണ്. ഒരു സ്ത്രീ സ്വന്തം ഇഷ്ട പ്രകാരമോ, വിധി കൊണ്ടോ സിംഗിൾ മദർ ആയാൽ അതിൽ കുടുംബത്തിനും സമൂഹത്തിനും സ്വസ്ഥത നശിക്കേണ്ട കാര്യം ഉണ്ടോ? ഒരു സ്ത്രീ തനിക്ക് ഇഷ്ടപ്പെടുന്ന പുരുഷനിൽ നിന്ന് ഒരു കുഞ്ഞിന് ജന്മം നൽകി അതിനെ വളർത്താൻ തയ്യാർ എടുത്താൽ അവളെ പൂർണ്ണമായ മനസ്സോടെ അംഗീകരിക്കുന്ന എത്ര പേര് ഇന്നും ഈ സമൂഹത്തിൽ ഉണ്ട്?

വിരലിൽ എണ്ണാവുന്നവർ മാത്രം! എന്തുകൊണ്ടാണ് സ്വന്തം ശരീരത്തിനും ഗർഭപാത്രത്തിനും മേൽ സ്ത്രീകൾക്ക് ഇന്നും അവകാശം ഇല്ലാത്തത്? സ്വന്തം ഇഷ്ടപ്രകാരം പങ്കാളിയെയും ജീവിതവും തെരഞ്ഞെടുക്കുന്ന മനുഷ്യർ എങ്ങനെയാണ് കുടുംബത്തിന്റെ അന്തസ്സിന് മങ്ങൽ വരുത്തുന്നത്?

സന്തോഷത്തോടെ, പരസ്പര ബഹുമാനത്തോടെ മനുഷ്യർ ഒന്നിച്ച് കഴിയേണ്ട ഒരിടം ആണ് കുടുംബം. അല്ലാതെ ചിലരുടെ സാമൂഹ്യ നിലനിൽപ്പിന് വേണ്ടി മറ്റ് ചിലർ ത്യാഗങ്ങൾ സഹിച്ച് കണ്ണീർ ഒഴുക്കി കഴിയുന്ന നരകം അല്ല. സിംഗിൾ മദേഴ്‌സിന് അംഗീകാരം നൽകാനും അവരുടെ സ്വഭാവത്തെയും അവരുടെ പങ്കാളിയുടെ ബന്ധങ്ങളെയും ചോദ്യം ചെയ്യാതിരിക്കാനും വേണ്ടുന്ന പക്വതയിലേക്ക് നമ്മുടെ സമൂഹം ഇന്നും എത്തിയിട്ടില്ല എന്ന് വേണം കരുതാൻ.