Dec 27, 2021 • 9M

'ഈ മീശ എന്റെ കിരീടമാണ്; വ്യക്തിത്വത്തിന്റെ ഭാഗമാണ്'- മീശക്കാരി മനസ്സ് തുറക്കുന്നു

She's equal
Comment
Share
 
1.0×
0:00
-9:08
Open in playerListen on);
Episode details
Comments

മീശ അഴകാണ്, വീര്യം ആണ്, പൗരുഷത്തിന്റെ ലക്ഷണം ആണ് എന്നൊക്കെ ആണല്ലോ നമ്മുടെ സമൂഹത്തിലെ സൗന്ദര്യ സങ്കൽപ്പങ്ങൾ പറഞ്ഞ് വയ്ക്കുന്നത്. കട്ടി മീശ പിരിച്ച നായകന്മാർ സ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുമ്പോൾ കയ്യടിക്കുന്ന മലയാളികൾ ഇന്നും കുറവല്ല. എന്നാൽ ഈ മീശ ഒരു സ്ത്രീക്ക് ആണെങ്കിലോ? തന്റെ കട്ടി മീശ പിരിച്ച് വച്ച്, ആത്മവിശ്വാസത്തോടെ ഒരു സ്ത്രീ നിങ്ങളെ നോക്കി ചിരിക്കുന്ന രംഗം ഒന്ന് ഓർത്ത് നോക്കൂ.. അതെ, 'മീശക്കാരി' എന്ന് സ്വയം അഭിമാനത്തോടെ വിളിക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റി ഷൈജയെ കുറിച്ച് തന്നെയാണ് പറയുന്നത്.

ഒരു വ്യക്തിയുടെ സൗന്ദര്യം അയാളുടെ ശാരീരിക സവിശേഷതകളിൽ അല്ല, മറിച്ച് തന്റെ ശരീരത്തെ കുറിച്ച് അയാൾക്കുള്ള അഭിമാനത്തിൽ ആണ് എന്ന് ഊന്നി പറയുകയാണ് കണ്ണൂർക്കാരി ഷൈജ. കാലം ഇത്ര മാറിയിട്ടും മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാനുള്ള ലേസർ ചികിത്സകളും പുത്തൻ സാങ്കേതിക വിദ്യകളും നിലവിൽ വന്നിട്ടും തന്റെ മീശ ഒരു കിരീടം പോലെ കൊണ്ട് നടക്കുന്ന ഈ വീട്ടമ്മ മലയാളികൾക്ക് ഒട്ടാകെ ഒരു മാതൃകയാണ്. ഷൈജയുടെ ജീവിതവും കാഴ്ചപ്പാടുകളും നമുക്ക് അടുത്തറിയാം..

'മീശ'യോടൊപ്പം വളർന്ന ആത്മവിശ്വാസം

കണ്ണൂരിലെ കോളയാട് ഗ്രാമത്തിലാണ് ഷൈജ ജനിച്ചത്. കൃഷിക്കാരായ അച്ഛനും അമ്മയും. ഒരു സഹോദരൻ ഉണ്ട്. പഠനത്തിൽ ഇടത്തരക്കാരി ആയിരുന്ന ഷൈജയ്ക്ക് സ്വന്തം പേര് തീരെ ഇഷ്ടം അല്ലായിരുന്നു. അത്ര അടുപ്പം ഉള്ളവർ അത് ചുരുക്കി 'ഷൈ..' എന്ന് വിളിക്കും. കൗമാര പ്രായത്തിൽ ഷൈജയ്ക്ക് പൊടിമീശ മുളച്ചു. ആദ്യം കണ്ടവർ കണ്ടവർ തുറിച്ചുനോക്കി. പക്ഷെ മീശ ശ്രദ്ധിക്കാൻ ഒന്നുമുള്ള പരിതസ്ഥിതി ആയിരുന്നില്ല വീട്ടിൽ. ഷൈജയുടെ വാക്കുകൾ ഇങ്ങനെ:

"വീട്ടിൽ ബുദ്ധിമുട്ട് ആയിരുന്നു. അതുകൊണ്ടാണ് ഞാൻ പഠിത്തം ഉപേക്ഷിച്ച് പാലക്കാട് ഒരു ചെറിയ ജോലിക്ക് പോയത്. അവിടെ വച്ച് തമിഴ്നാട്ടുകാരൻ ആയ രാജേട്ടൻ എന്നോട് ഇഷ്ടം പറഞ്ഞു. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിച്ച് ഉറപ്പിച്ച് വിവാഹം നടത്തി. പതിനേഴ് വയസ്സിൽ ഞാൻ വിവാഹിതയായി. അന്ന് രാജേട്ടന് വയസ്സ് 27.

ഒരു വ്യക്തിയുടെ സൗന്ദര്യം അയാളുടെ ശാരീരിക സവിശേഷതകളിൽ അല്ല, മറിച്ച് തന്റെ ശരീരത്തെ കുറിച്ച് അയാൾക്കുള്ള അഭിമാനത്തിൽ ആണ് എന്ന് ഊന്നി പറയുകയാണ് കണ്ണൂർക്കാരി ഷൈജ

അന്നൊന്നും ഇത്ര കട്ടിയിൽ മീശയില്ല. മേൽച്ചുണ്ടിൽ അല്പം എടുത്ത് കാണുന്ന രീതിയിൽ രോമവളർച്ച ഉണ്ട്, അത്ര തന്നെ. കുടുംബത്തിൽ ആരും അതൊരു കുറവായി കണ്ടതുമില്ല. പക്ഷെ പ്രസവം കഴിഞ്ഞ് ഹോർമോൺ വ്യതിയാനങ്ങൾ സംഭവിച്ചപ്പോൾ മീശയ്ക്ക് അല്പം കട്ടി കൂടി വരുന്നതായി ശ്രദ്ധിച്ചു. പക്ഷെ വീട്ടുജോലികൾ, കുഞ്ഞിനെ നോക്കൽ.. അങ്ങനെ നിരവധി പ്രാരാബ്ധങ്ങൾക്ക് ഇടയിൽ മീശ നോക്കാൻ എവിടെ സമയം. രാജേട്ടന് വയറിങ് ജോലിയാണ്. പത്ത് വയസ്സിന്റെ വ്യത്യാസം ഉള്ളതുകൊണ്ട് ഏട്ടന് ഞാൻ ഒരു കൊച്ച് കുട്ടിയെ പോലെയാണ്. ഏട്ടനും അത് കാര്യമാക്കിയില്ല.

അങ്ങനെ ഇരിക്കുമ്പോൾ ആണ് ചില അപ്രതീക്ഷിത അസുഖങ്ങളെ തുടർന്ന് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നത്. ഗുരുതരമായ മറ്റൊരു ശസ്ത്രക്രിയക്കും വിധേയയായി. അതോടെ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ രൂക്ഷമായി. ഞാൻ അമിതമായി വണ്ണം വച്ചു. ശരീരത്തിൽ കറുത്ത പാടുകൾ വന്നു. മീശ കട്ടി വച്ച് അസ്സൽ കൊമ്പൻ മീശ ആയി മാറി!" ഷൈജ പറയുന്നു

അക്കാലത്ത് പലരും ഷൈജയോട് മീശ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഷൈജയെ പലരും തുറിച്ചുനോക്കി. 'ഇത് എന്തൊരു വൃത്തികേട് ആണ് മുഖത്ത്' എന്ന് ദയ കൂടാതെ പറഞ്ഞു. ശാരീരിക അവശതകൾ മാറി തിരികെ എത്തിയപ്പോഴേക്ക് ഒരു മീശയുടെ പേരിൽ കേൾക്കേണ്ടത് എല്ലാം ഷൈജ കേട്ട് കഴിഞ്ഞിരുന്നു. അങ്ങനെ അവർ ധീരം ആയ ഒരു തീരുമാനം എടുത്തു: ഈ കൊമ്പൻ മീശ ഇനി വടിക്കുന്നില്ല!!

"എന്തിനാണ് ഞാൻ ഇനി മീശ വടിച്ചിട്ട്? എന്നെ അറിയാവുന്നവർ എല്ലാം ഈ മീശ കണ്ട് കഴിഞ്ഞു. ഓർമ്മ വച്ച കാലം മുതൽ എനിക്ക് പൊടിമീശ ഉണ്ട് താനും. ഞാൻ വളർന്നപ്പോൾ അതും വളർന്നു. ഒന്നും ഇല്ലെങ്കിലും എത്ര വിഷമ ഘട്ടങ്ങളിലും എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന ചങ്ങാതി അല്ലെ എന്റെ മീശ? 'ആ മീശയുള്ള പെണ്ണ്' എന്ന് പറഞ്ഞാൽ ആണ് എന്നെ ആളുകൾ തിരിച്ചറിയുക പോലും. എന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ ഈ മീശ ഞാൻ കളയുന്നത് എന്തിനാണ്? ഈ ചോദ്യം ഞാൻ രാജേട്ടനോട് ചോദിച്ചു.

അത്യന്തം രസകരമായ മറുചോദ്യം ആണ് രാജേട്ടൻ ചോദിച്ചത്: "ഞാൻ മീശ വെട്ടുന്നത് നിന്നോട് ചോദിച്ചിട്ടാണോ? പിന്നെ നീ എന്തിനാണ് ഇതൊക്കെ എന്നോട് ചോദിക്കുന്നത്?! നിന്റെ ശരീരത്തിന്റെ ഒരു ഭാഗമാണ് അത്. നിനക്ക് വേണമെങ്കിൽ വടിക്കാം, വേണമെങ്കിൽ നില നിർത്താം. മുഖത്ത് മുളച്ച നാല് രോമത്തെ ചുറ്റിപ്പറ്റി അല്ല എനിക്ക് നിന്നോടുള്ള ഇഷ്ടം നില നിൽക്കുന്നത്," രാജേട്ടൻ പറഞ്ഞു. അതോടെ ഞാൻ ഉറപ്പിച്ചു: "ഞാൻ ഉള്ള കാലം വരെ എന്റെ മുഖത്ത് ഈ മീശയും ഉണ്ടാകും."

വൈറൽ മീശ വേറെ ലെവൽ

ഫെയ്‌സ്ബുക്ക് പോപ്പുലർ ആയ കാലത്ത് ഷൈജക്കും ഒരു അക്കൗണ്ട് തുടങ്ങണം എന്ന മോഹം തോന്നി. എന്നാൽ തന്റെ പേര് ഇഷ്ടമല്ലാത്തത് കൊണ്ട് ആ പേരിൽ ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങാൻ താത്പര്യവും തോന്നിയില്ല. അപ്പോഴാണ് ഷൈജ തന്റെ ഇരട്ടപ്പേരിനെ കുറിച്ച് ഓർത്തത്. 'മീശക്കാരി' എന്ന് പറഞ്ഞാലേ ആളുകൾക്ക് തന്നെ അറിയൂ. സുഹൃത്തുക്കൾ പലരും 'എടി മീശേ' എന്നാണ് വിളിക്കുക. അപ്പോൾ പിന്നെ ഫെയ്‌സ്ബുക്കിലും ആ പേര് പോരേ?! അങ്ങനെ 'മീശക്കാരി' എന്ന പ്രൊഫൈൽ ഉടലെടുത്തു. എന്നാൽ ഷൈജയുടെ മീശ വൈറൽ ആകാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല.

"വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ ഞാൻ ഒരു ഇൻട്രോ പോസ്റ്റ് ഇട്ടു. എന്റെ ഫോട്ടോയും ആ പോസ്റ്റിനൊപ്പം കൊടുത്തിരുന്നു. ചിലർ വളരെ നല്ല പ്രതികരണം ആണ് തന്നത്. ആദ്യം നല്ലത് പറഞ്ഞവരെ അല്ലെ ഓർക്കേണ്ടത്. എന്റെ ആത്മവിശ്വാസത്തെ അവർ പ്രശംസിച്ചു. പക്ഷെ ഭൂരിഭാഗം കമന്റുകളും തീർത്തും മോശമായിരുന്നു. തെറി വിളിച്ചും കേട്ടാൽ അറയ്ക്കുന്ന ചോദ്യങ്ങൾ ചോദിച്ചും പല പേരുകൾ വിളിച്ചും അവർ എന്നെ ആക്ഷേപിച്ചു.

"എന്തിനാണ് ഞാൻ ഇനി മീശ വടിച്ചിട്ട്? എന്നെ അറിയാവുന്നവർ എല്ലാം ഈ മീശ കണ്ട് കഴിഞ്ഞു. ഓർമ്മ വച്ച കാലം മുതൽ എനിക്ക് പൊടിമീശ ഉണ്ട് താനും. ഞാൻ വളർന്നപ്പോൾ അതും വളർന്നു. ഒന്നും ഇല്ലെങ്കിലും എത്ര വിഷമ ഘട്ടങ്ങളിലും എനിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന ചങ്ങാതി അല്ലെ എന്റെ മീശ? '

മീശ കളയാത്തത് എനിക്ക് അറ്റൻഷൻ കിട്ടാൻ വേണ്ടി ആണെന്നും വൈറൽ ആകാൻ വേണ്ടി വരച്ച് വച്ച മീശ ആണിത് എന്നും മറ്റും വായിൽ തോന്നിയത് ആളുകൾ വിളിച്ച് പറഞ്ഞു. ഞാൻ ആർക്കും മറുപടി കൊടുത്തില്ല. ഇന്നത്തെ കാലത്ത് വൈറൽ ആകാൻ ഒരു മീശ വേണോ? വേറെ എന്തൊക്കെ മാർഗ്ഗങ്ങൾ ഉണ്ട്? മോശം കമന്റുകൾ പറഞ്ഞവർക്ക് മറുപടി ആയി പുഞ്ചിരിക്കുന്ന ഇമോജി മാത്രം ഇട്ടു. അതിൽ എനിക്ക് അവരോട് പറയാൻ ഉള്ളതെല്ലാം ഉണ്ട്. ഈ മീശയും ഈ ചിരിയും ആർക്കും കളയാൻ സാധിക്കില്ല. കാരണം അതെന്റെ ജന്മസ്വത്ത് ആണ്." - ഷൈജ പറയുന്നു.

മീശക്കാരിയുടെ മകൾ..

ഷൈജയ്ക്ക് ഒരു മകളാണ് ഉള്ളത്. നന്ദു. എട്ടാം ക്ലാസ് കാരിയായ നന്ദുവിന് ഇപ്പോഴേ ചെറിയ പൊടിമീശയുണ്ട്. പക്ഷെ അമ്മയെപ്പോലെ അല്ല മകൾ - ഒരു പ്രായം എത്തിയാൽ മീശ നീക്കം ചെയ്യും എന്ന് ഇപ്പോഴേ പ്രഖ്യാപിച്ച് കഴിഞ്ഞു. ഷൈജയ്ക്ക് മകളെ കുറിച്ച് ഓർത്ത് അതിയായ സന്തോഷമുണ്ട്. "തന്റെ രൂപത്തെ കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടാകുക, അതിൽ അഭിമാനിക്കാൻ പഠിക്കുക എന്നതാണ് ആത്മവിശ്വാസത്തിലേക്ക് ഉള്ള ആദ്യപടി.

അത് ഉണ്ടായാൽ പിന്നെ ആര് നിങ്ങളെ തുറിച്ച് നോക്കിയാലും അവരെ അതിലും രൂക്ഷമായി തിരികെ നോക്കാൻ നിങ്ങൾക്ക് പറ്റും. മീശ നിലനിർത്തുക എന്നത് എന്റെ ചോയ്‌സ് ആണ്. അതുപോലെ കളയുക എന്നത് മകളുടെ ചോയ്‌സും ആണ്. അതിൽ പരസ്പരം കൈകടത്താൻ ഞങ്ങൾ ശ്രമിക്കില്ല," ഷൈജ പറഞ്ഞു.

സമൂഹം കല്പിച്ച് വച്ചിരിക്കുന്ന സൗന്ദര്യ സങ്കല്പങ്ങളോട് തികഞ്ഞ പുച്ഛമാണ് ഷൈജയ്ക്ക്. "ആരാണ് പറഞ്ഞത് വെളുപ്പാണ് ഭംഗി എന്ന്? കറുപ്പിന് ഭംഗി ഇല്ലെന്ന് ആരാണ് പറഞ്ഞത്? പെണ്ണിന് മുഖത്ത് രോമം ഉണ്ടെങ്കിൽ സൗന്ദര്യം നശിക്കുമോ? ഇനി ആണിന് മുഖത്ത് രോമം കുറഞ്ഞാൽ അയാൾ ഭംഗി ഇല്ലാത്തവൻ ആകുമോ? ശുദ്ധ അസംബന്ധമാണ് ഇതെല്ലാം. എന്നെ സംബന്ധിച്ച് സൗന്ദര്യം എന്നാൽ ഒരാൾ അയാളുടെ രൂപത്തെ, വ്യക്തിത്വത്തെ അംഗീകരിച്ച ശേഷം അയാളിൽ ഉണ്ടാകുന്ന ആത്മവിശ്വാസം ആണ്. അതിന് ഇന്ന രൂപം എന്നില്ല, ഏത് രൂപം ആയാലും അത് സാധിക്കും. ഒരിക്കലും സൗന്ദര്യവത്കരണം മോശം ആണെന്ന് ഞാൻ പറയില്ല.

നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ നിങ്ങൾ ശരീരത്തെ ആക്കിക്കോളൂ, അതിന്റെ എല്ലാം ഒടുക്കം നിങ്ങൾ കണ്ണാടി നോക്കുമ്പോൾ നിങ്ങളുടെ മുഖത്ത് ഒരു ചിരി വിടരില്ലേ? ആ ചിരിയിൽ ആണ് സൗന്ദര്യം. സിനിമാനടിമാർ മേക്കോവർ നടത്തി വരുമ്പോൾ നിങ്ങൾ അവരുടെ ശരീരവും ചർമ്മവും ഒക്കെ നോക്കും. ഞാൻ നോക്കുക അവരുടെ ചിരിയാണ്.. അതിൽ വെളിവാകുന്ന അവരുടെ നിറഞ്ഞ മനസ്സ് ആണ്. സ്വന്തം ശരീരത്തിൽ അവർ തൃപ്തർ ആയിരിക്കുന്നു. അതാണ് സൗന്ദര്യം. എനിക്ക് അത് യാതൊരു ട്രീറ്റ്മെന്റും നടത്താതെ തന്നെയുണ്ട്. ഈ മീശയോടെ.. ഈ വണ്ണത്തോടെ.." - ഷൈജ പറഞ്ഞ് നിർത്തി. ഈ മുപ്പത്തിനാല് കാരിയുടെ വാക്കുകളിൽ ജീവിതം കണ്ട് തഴകിയ പക്വമതിയുടെ സ്ഥൈര്യം കാണാം..