Nov 10, 2021 • 11M

'ഒരു സ്ത്രീ ജീവിതത്തിൽ തനിച്ചാകുമ്പോൾ ചുറ്റും കാമറക്കണ്ണുകൾ പിറക്കുന്നു' ഷിൽന സുധാകരൻ പറയുന്നു

ഒരു സ്ത്രീ ഒറ്റയ്ക്ക് ആകുമ്പോൾ, അവൾ ഒഴികെയുള്ള മുഴുവൻ മനുഷ്യരും മറുപക്ഷമാകുന്നു. പിന്നെ, അവർ വാഴ്ത്തിയ ആ സഹനസമരം അവളുടെ മാത്രം ഉത്തരവാദിത്വമാകുന്നു

Anagha Jayan E
Comment
Share
 
1.0×
0:00
-11:11
Open in playerListen on);
Episode details
Comments

ഷിൽന സുധാകരൻ - ഈ പേര് കേൾക്കാത്ത മലയാളികൾ ഇന്നുണ്ടാകില്ല. മരണത്തിന് പോലും വേർപെടുത്താൻ കഴിയാത്ത പ്രണയത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകമായ കണ്ണൂർക്കാരി. സുധാകരൻ മാഷുടെ പ്രിയപത്നി. സർവ്വോപരി, കുഞ്ചുവിന്റെയും അമ്മുലുവിന്റെയും അമ്മ. മരണമടഞ്ഞ ഭർത്താവിന്റെ ബീജത്തിൽ നിന്ന് അയാളുടെ സ്വപ്നം പോലെ ഇരട്ടക്കണ്മണികളെ ഗർഭം ധരിച്ച് പ്രസവിച്ച ഷിൽന നാല് വർഷങ്ങൾക്ക് മുൻപ് ദേശീയ മാധ്യമങ്ങളിൽ വരെ നിറഞ്ഞ് നിന്നിരുന്നു. പ്രണയത്തിന്റെ പ്രതിരൂപമായും മാതൃത്വത്തിന്റെ മുഖമായും ഷിൽനയെ മലയാളികൾ വാഴ്ത്തിപ്പാടി.

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. ഏതൊരു അമ്മയെയും പോലെ മക്കളുടെ പരിപാലനവും ഉത്തരവാദിത്വമേറിയ ബാങ്ക് ജോലിയും ഗൃഹഭരണവുമായി ഷിൽന തിരക്കിലുമായി. ജീവിത യാഥാർഥ്യങ്ങളോട് അടുക്കുമ്പോൾ ഒറ്റയാൾപട്ടാളമായി ഒരു കുടുംബത്തിന്റെ ഭാരം ചുമലിൽ വഹിക്കുന്ന ഷിൽന സമൂഹത്തെ എങ്ങനെ നോക്കിക്കാണുന്നു? നമുക്ക് ഷിൽനയുടെ വാക്കുകൾ കേൾക്കാം..

തനിച്ചായിപ്പോയ സ്ത്രീ. അതൊരു സമ്മർദ്ദം നിറഞ്ഞ അവസ്ഥയാണ്. പ്രത്യേകിച്ച് സ്വന്തം തീരുമാനങ്ങളെ കൊണ്ട് ജീവിതത്തിൽ തനിച്ചായിപ്പോയാൽ. ഏതൊരു തീരുമാനവും എടുക്കാനും നടപ്പിലാക്കാനും കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ സമൂഹത്തിൽ നമ്മൾ സുരക്ഷിതരാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്

സിനിമയെ വെല്ലുന്ന പ്രണയഗാഥ

കണ്ണൂർ പേരാവൂരിലെ ഒരു സാധാരണ കുടുംബത്തിൽ മൂത്ത മകൾ ആയിട്ട് ആയിരുന്നു ഷിൽനയുടെ ജനനം. അച്ഛൻ പവിത്രൻ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ. അമ്മ പുഷ്പവല്ലി വീട്ടമ്മ. ഷിൽനയ്ക്ക് താഴെ അനിയത്തി ഷിജിന, അനിയൻ ഷിജിൽ. ചെറുപ്രായം മുതലേ സാഹിത്യത്തോട് വല്ലാത്ത കമ്പമാണ് മൂന്ന് പേർക്കും. അങ്ങനെയാണ് ഒരു പ്രമുഖ മലയാളം വാരികയിൽ അച്ചടിച്ച് വന്ന ഒരു കവിത ഷിൽനയുടെ മനസ്സിൽ ഉടക്കിയത്.

"ഞാൻ അന്ന് എട്ടാംക്ലാസ്സിലായിരുന്നു," ഷിൽന ഓർത്തെടുക്കുന്നു, "യൂണിവേഴ്‌സിറ്റി കലോത്സവത്തിന് സമ്മാനം ലഭിച്ച ആ കവിത എന്നെ വല്ലാതെ സ്പർശിച്ചു. ദിവസങ്ങളോളം എന്റെ മനസ്സിൽ നിന്നും അത് മാഞ്ഞുപോയില്ല. എന്തായാലും ആ കവിക്ക് ഞാൻ സ്വന്തം കൈപ്പടയിൽ ഒരു അനുമോദനം എഴുതി അയക്കാൻ തീരുമാനിച്ചു. കവിയുടെ പേര് സുധാകരൻ."

ഷിൽനയുടെ കത്ത് കിട്ടിയ സുധാകരൻ അതിനൊരു മറുപടിയും എഴുതിയിരുന്നു. പക്ഷെ വീണ്ടും കത്തെഴുതാൻ ഷിൽന മുതിർന്നില്ല. ആ ബന്ധം അവിടെ തീർന്നു എന്നവർ കരുതി. പക്ഷെ കാലം കാത്ത് വച്ചത് മറ്റൊന്നായിരുന്നു. നാല് വർഷം കഴിഞ്ഞ് പ്രീഡിഗ്രിക്ക് പഠിക്കുന്ന ഷിൽന ഒരിക്കൽ പത്രം വായിച്ചപ്പോൾ ബൈലൈനിൽ അതേ നാമം - സുധാകരൻ! "പേര് കണ്ടപ്പോഴേ എനിക്ക് ഉറപ്പായിരുന്നു ഇത് ആ പഴയ സുധാകരൻ തന്നെയാണെന്ന്. ഞാൻ വീണ്ടും കത്തെഴുതി. അഞ്ച് വർഷക്കാലം ഞങ്ങൾ കത്തുകളിലൂടെ മനസ്സും ഹൃദയവും കൈമാറി. അങ്ങനെ 2006-ൽ ഞങ്ങൾ ഇരുകുടുംബങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ വിവാഹിതരായി," ഷിൽന പറയുന്നു.

നാളുകൾ കടന്നുപോയി. പഴയ പ്രീഡിഗ്രിക്കാരി ബാങ്ക് ഉദ്യോഗസ്ഥയായി. സുധാകരൻ പത്രപ്രവർത്തനം മതിയാക്കി തലശ്ശേരി ബ്രണ്ണൻ കോളേജിൽ മലയാളം അധ്യാപകനായി. പക്ഷെ മാറാത്ത ഒന്ന് അപ്പോഴും അവർക്കിടയിൽ ഉണ്ടായിരുന്നു - സ്വന്തം രക്തത്തിൽ ഇരട്ടപ്പെൺകുട്ടികൾ വേണമെന്ന സ്വപ്നം!

"മാഷ്ക്ക് ആഗ്രഹത്തെക്കാൾ ഏറെ ഉറപ്പായിരുന്നു - ഉണ്ടാകുകയാണെങ്കിൽ അത് ഇരട്ടപെൺകുട്ടികൾ ആകുമെന്ന്. സ്വകാര്യനിമിഷങ്ങളിൽ എല്ലാം ഞങ്ങൾ ഞങ്ങളുടെ കുഞ്ഞുമാലാഖാമാർക്ക് പേരുകൾ ആലോചിച്ചു." - ഷിൽന ഓർത്തെടുത്തു. പക്ഷെ ആ സ്വപ്നത്തിന്റെ സാക്ഷാത്കാരം അവർ സങ്കല്പിച്ചത് പോലെ അത്ര സുഖകരമായത് ആയിരുന്നില്ല.

വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും സ്വാഭാവികമായി ഗർഭധാരണം നടക്കാത്തതിനാൽ ഷിൽനയും സുധാകരനും വന്ധ്യതാചികിത്സ ആരംഭിച്ചു. ചികിത്സയ്ക്കായി അവർ തിമിരിയിലെ തറവാട്ടുവീട് വിട്ട് കണ്ണൂർ നഗരത്തിൽ ഒരു ഫ്ലാറ്റ് എടുത്ത് താമസമായി. ഹോർമോൺ ചികിത്സ മുതൽ ഐവിഎഫ് വരെ സാധ്യമായ സകലവിധം ചികിത്സകളും ഇരുവരും ചെയ്തുനോക്കി. വർഷങ്ങൾ കടന്നുപോയി.

പതിനൊന്ന് വർഷക്കാലം അതിരറ്റ പ്രണയവും കുട്ടികളില്ലാത്ത ദുഖവും പങ്കിട്ട് ഇരുവരും ജീവിച്ചു. സുഖവും ദുഖവും പങ്കിട്ടുള്ള ആ യാത്രയുടെ അന്ത്യം 2017 ആഗസ്ത് 15-നായിരുന്നു. തീർത്തും അപ്രതീക്ഷിതമായി വിധി ഒരു റോഡപകടത്തിന്റെ രൂപത്തിൽ സുധാകരന്റെ ജീവൻ തട്ടിയെടുത്തു.

ഒരു സ്ത്രീ ഒറ്റയ്ക്ക് ആകുമ്പോൾ, അവൾ ഒഴികെയുള്ള മുഴുവൻ മനുഷ്യരും മറുപക്ഷമാകുന്നു. പിന്നെ, അവർ വാഴ്ത്തിയ ആ സഹനസമരം അവളുടെ മാത്രം ഉത്തരവാദിത്വമാകുന്നു!

"തിമിരി ഒരു ഉൾഗ്രാമമാണ്," ഷിൽന പറയുന്നു, "മാഷാണ് ആ നാട്ടിലെ ആദ്യ ഗസറ്റഡ് ഓഫീസർ. നാടിനോടും നാട്ടുകാരോടും വീടിനോടും സ്വന്തം അമ്മയോടുമെല്ലാം വല്ലാത്ത ഒരു അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് മാഷ്. ചികിത്സയുടെ ആവശ്യത്തിനായി ഞങ്ങൾ കണ്ണൂർ നഗരത്തിലേക്ക് മാറുമ്പോഴും മാഷുടെ മനസ്സ് തിമിരിയിൽ തന്നെയായിരുന്നു.

അക്കാലം ഓർക്കാൻ തന്നെ എനിക്ക് വിഷമമാണ്. ഒരു കുഞ്ഞിക്കാൽ കാണാൻ കൊതിച്ച് കാത്തിരുന്ന് ഓരോ വട്ടവും നെഗറ്റിവ് റിസൾട്ട് വരുമ്പോൾ ഞങ്ങളുടെ മനസ്സിന്റെ നിയന്ത്രണം തന്നെ വിട്ടുപോയിരുന്ന നാളുകൾ. ഞാൻ ആളുകളെ അഭിമുഖീകരിക്കാൻ മടിച്ച് ഒരു വിവാഹത്തിന് പോലും പോകാറില്ല. ഞങ്ങൾക്കിടയിൽ അളവറ്റ ദുഃഖം തളം കെട്ടി കിടന്നിരുന്നു. ഒരുപക്ഷെ ആ ദുഖമാണ് ഞങ്ങളുടെ മനസ്സുകളെ അത്രമേൽ അടുപ്പിച്ചത്.." - ഷിൽനയുടെ വാക്കുകൾ.

സുധാകരന്റെ ഒരു സുഹൃത്ത് മുഖേനയാണ് കോഴിക്കോട് എആർഎംസി എന്ന വന്ധ്യതാചികിത്സാ കേന്ദ്രത്തിൽ ഇരുവരും ചികിത്സ ആരംഭിച്ചത്. ഐവിഎഫ് ചികിത്സയ്ക്കായി ഇരുവരുടെയും ബീജവും അണ്ഡവും കൃത്രിമ അന്തരീക്ഷത്തിൽ സംയോജിപ്പിച്ച് ആറ് ഭ്രൂണങ്ങളെ സൃഷ്ടിച്ചെടുത്തു. ഓരോ വട്ടവും ഈരണ്ട് ഭ്രൂണങ്ങളെ വീതം ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ ആയിരുന്നു പദ്ധതി. ആദ്യ രണ്ട് വട്ടവും പരീക്ഷണം പരാജയമായിരുന്നു. അവസാന ശ്രമമായ മൂന്നാം വട്ടം ഐവിഎഫ് ചെയ്യാനുള്ള യാത്രയ്ക്കിടെ ആയിരുന്നു സുധാകരനെ മരണം തട്ടിയെടുത്തത്.

ഷിൽന ആ ഇരുണ്ട ദിവസം ഓർത്തെടുക്കുന്നു: "മാഷ്ക്ക് കോഴിക്കോട് സർവ്വകലാശാലയിൽ നടന്ന ടീച്ചേഴ്സ് റിഫ്രഷർ കോഴ്സിൽ പങ്കെടുക്കേണ്ടത് കൊണ്ട് മാഷ് തലേന്ന് തന്നെ കോഴിക്കോട്ടേക്ക് പോയി. ഞാൻ അന്ന് കണ്ണൂർ നിന്ന് ട്രെയിൻ മാർഗ്ഗമാണ് കോഴിക്കോട്ടേക്ക് യാത്ര ചെയ്തത്. പത്ത് മണിക്ക് മാഷ് എന്നെ ഫോണിൽ വിളിച്ചു. "മോങ്ങത്ത് എത്തി. വൈകീട്ട് കോഴിക്കോട് എത്തും," ഇതായിരുന്നു അവസാന വാക്കുകൾ. എന്റെ ഫോണിന് ഡിസ്പ്ളേ പ്രശ്നം ഉള്ളതുകൊണ്ട് എപ്പോഴും ഞാനത് നോക്കാറുമില്ല.

കുറച്ച് കഴിഞ്ഞപ്പോൾ അച്ഛന്റെ ഫോൺ വന്നു - ഉടനെ വീട്ടിലേക്ക് തിരിക്കണമെന്ന്. മാഷ്ക്ക് റോഡപകടം സംഭവിച്ചു എന്ന്. എനിക്ക് എന്തോ അസ്വാഭാവികത മണത്തു. വടകര സ്റ്റേഷനിൽ എന്നെ കാത്ത് എന്റെ അമ്മാവൻ നിന്നിരുന്നു. അവിടെ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ എന്റെ ഫോണിൽ ഞാനാ വാർത്ത കണ്ടു: ബ്രണ്ണൻ കോളേജ് അധ്യാപകൻ വാഹനാപകടത്തിൽ..' അത്രയേ ഓർമ്മയുള്ളൂ. കണ്ണിൽ ഇരുട്ട് കയറി.."

ലോകത്തിന് മാതൃകയായ തീരുമാനം

"23 വർഷത്തെ പ്രണയം ഞങ്ങൾക്കിടയിൽ അദൃശ്യമായ ഒരു ബന്ധം തീർത്തിരുന്നു. മാഷുടെ മൃതദേഹത്തിന് അരികിൽ കരയാൻ പോലും കഴിയാതെ ഞാൻ തളർന്നിരുന്നു. സംസ്കാരച്ചടങ്ങുകൾക്ക് മുൻപ്, അവസാനചുംബനം നൽകുന്ന വികാരതീവ്ര നിമിഷത്തിലാണ് എനിക്ക് ഓർമ്മ വന്നത് - ആശുപത്രിയിൽ ഞങ്ങളെ കാത്ത് രണ്ട് ഭ്രൂണങ്ങൾ കൂടി ബാക്കി ഇരിപ്പുണ്ട്! മാഷുടെ രക്തത്തിൽ പിറന്ന ആ മക്കളെ എനിക്ക് വേണം!"

ഷിൽനയുടെ വാക്കുകൾ വികാരത്തിന്റെ തള്ളിച്ച ആയെ മാതാപിതാക്കൾ ആദ്യം കണ്ടുള്ളൂ. പക്ഷെ സുധാകരന്റെ അമ്മ മാത്രം ഷിൽനയുടെ തീരുമാനത്തിന് പിന്തുണയേകി. അങ്ങനെ സുധാകരന്റെ മരണശേഷം ഷിൽന വീണ്ടും ഐവിഎഫ് ചികിത്സ തേടി. അത്ഭുതമെന്ന് പറയട്ടെ, 2018 സെപ്റ്റംബറിൽ സുധാകരന്റെ സ്വപ്ന സാക്ഷാത്കാരം പോലെ ഷിൽനയ്ക്ക് ഇരട്ടപ്പെൺകുട്ടികൾ പിറന്നു. സുധാകരൻ പണ്ടേ നിർദേശിച്ച പേരുകൾ ഷിൽന അവർക്ക് നൽകി - നിമ മിത്ര , നിയ മാൻവി.

അച്ഛനും അമ്മയുമായി നാല് വർഷങ്ങൾ

ഇനിയാണ് ഷിൽനയുടെ ജീവിതവും പോരാട്ടവും തുടങ്ങുന്നത്. ഉത്തമ പ്രണയിനിയായും ത്യാഗവതിയായ അമ്മയായും മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഷിൽനയ്ക്ക് താൻ നേരിടുന്ന ജീവിത യാഥാർഥ്യങ്ങളെ കുറിച്ച് തീർത്തും വ്യത്യസ്തമായ അനുഭവമാണ് പങ്കിടാനുള്ളത്.

"തനിച്ചായിപ്പോയ സ്ത്രീ. അതൊരു സമ്മർദ്ദം നിറഞ്ഞ അവസ്ഥയാണ്. പ്രത്യേകിച്ച് സ്വന്തം തീരുമാനങ്ങളെ കൊണ്ട് ജീവിതത്തിൽ തനിച്ചായിപ്പോയാൽ. ഏതൊരു തീരുമാനവും എടുക്കാനും നടപ്പിലാക്കാനും കൂട്ടിന് ഒരാൾ ഉണ്ടെങ്കിൽ സമൂഹത്തിൽ നമ്മൾ സുരക്ഷിതരാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒറ്റയ്ക്ക് എടുക്കുന്ന തീരുമാനങ്ങളെ സമൂഹം ഇപ്പോഴും ചോദ്യം ചെയ്തുകൊണ്ടേ ഇരിക്കും. പ്രത്യേകിച്ച് ഒരു സ്ത്രീയുടെ തീരുമാനങ്ങളെ," - ഷിൽനയുടെ വാക്കുകളിൽ ജീവിതം കണ്ട ഒരു പക്വമതിയുടെ മനസ്സുറപ്പുണ്ട്.

"നമ്മൾ എന്ത് ചെയ്യുമ്പോഴും, ചെയ്യാതിരിക്കുമ്പോഴും എല്ലാം നമുക്ക് ചുറ്റും നിരീക്ഷണക്കണ്ണുകൾ ഉണ്ട്. അത് നമുക്ക് അനുഭവപ്പെടും. അതിൽ ഏറെക്കുറെ സ്നേഹം കൊണ്ടുള്ളതാകാം. മറ്റ് കുറേ എണ്ണം സംശയങ്ങൾ കൊണ്ടുള്ളതും. രണ്ടും നമുക്ക് വേർതിരിച്ച് അറിയാൻ സാധിക്കും. ആദ്യമെല്ലാം വലിയ സമ്മർദ്ദമാണ് ഈ നോട്ടങ്ങൾ എനിക്ക് സമ്മാനിച്ചിരുന്നത്. ഇപ്പോൾ അവയെ അവഗണിക്കാൻ ഞാൻ പഠിച്ച് കഴിഞ്ഞു," - ഷിൽന പറയുന്നു.

താൻ താണ്ടിയ സങ്കടക്കടലിന്റെ എല്ലാം അക്കരെ പൊരുത്തപ്പെടലിന്റെയും ഉൾക്കരുത്തിന്റെയും പച്ചപ്പ് ആസ്വദിക്കുകയാണ് ഇന്ന് ഈ വനിത. "നമ്മൾ ഭയം കൂടാതെ, ആത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കുമ്പോഴും, ആളുകളുടെ ചോദ്യം ചെയ്യലുകൾ മറികടന്ന് അതിൽ ഉറച്ച് നിൽക്കുമ്പോഴും നമുക്ക് കിട്ടുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല," ഷിൽന പുഞ്ചിരിയോടെ പറയുന്നു.

ഒരു തീരുമാനത്തിന്റെ ശരിതെറ്റുകൾ അതിന്റെ പരിണിത ഫലത്തെ ആശ്രയിച്ച് ഇരിക്കും. സമൂഹത്തിന്റെ അലിഖിത നിയമങ്ങൾ മറികടന്ന് ഷിൽന എടുത്ത ഉറച്ച തീരുമാനത്തിന്റെ ഫലമായ ആ രണ്ട് പൊന്നോമനകളെ കാണുമ്പോൾ ജീവിതം വിസ്മയം തന്നെ എന്ന് തോന്നിപ്പോകും.

ഒരു സ്ത്രീ ഒറ്റയ്ക്ക് ആകുമ്പോൾ..

ഒരു സ്ത്രീ ജീവിതത്തിൽ തനിച്ചാകുമ്പോൾ ആ സ്ത്രീയുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി സ്വസ്ഥത നശിക്കുന്നു. സമൂഹത്തിന്റെ സദാചാരബോധങ്ങൾക്ക് അകത്ത് നിന്നുകൊണ്ട് അവൾ തീർക്കുന്ന അത്ഭുതങ്ങൾ സമൂഹം വാഴ്ത്തുക തന്നെ ചെയ്യും. കുടുംബത്തിനും പ്രണയിതാവിനും മറ്റും വേണ്ടി ത്യാഗങ്ങൾ ചെയ്യുന്ന സ്ത്രീ എന്നും സമൂഹത്തിന്റെ കണ്ണിൽ പുണ്യവതിയാണ്. പക്ഷെ ഈ മഹത്വവത്കരണങ്ങൾക്ക് ഒപ്പം സൽപ്പേര് നിലനിർത്തുക എന്ന വലിയൊരു ഭാരം കൂടെ സമൂഹം അവളുടെ തലയിലേക്ക് വച്ച് കൊടുക്കുന്നുണ്ട്.

ഒരു സ്ത്രീ ജീവിതത്തിൽ തനിച്ചാകുമ്പോൾ ആ സ്ത്രീയുടെ മാത്രമല്ല, സമൂഹത്തിന്റെ കൂടി സ്വസ്ഥത നശിക്കുന്നു. സമൂഹത്തിന്റെ സദാചാരബോധങ്ങൾക്ക് അകത്ത് നിന്നുകൊണ്ട് അവൾ തീർക്കുന്ന അത്ഭുതങ്ങൾ സമൂഹം വാഴ്ത്തുക തന്നെ ചെയ്യും

അവൾ ഉണ്ടാക്കിയ മേൽവിലാസം കളയാതെ, കുടുംബത്തിൽ ഉറച്ച് അവൾ ജീവിക്കുന്നു എന്ന് ഉറപ്പുവരുത്താൻ നിത്യം അവൾക്ക് ചുറ്റും കാമറകണ്ണുകൾ ഘടിപ്പിച്ചിരിക്കും. അവൾ സമൂഹത്തോട് നിത്യം ഉത്തരം പറയേണ്ടവളും ആകും. ഒരു സ്ത്രീ ഒറ്റയ്ക്ക് ആകുമ്പോൾ, അവൾ ഒഴികെയുള്ള മുഴുവൻ മനുഷ്യരും മറുപക്ഷമാകുന്നു. പിന്നെ, അവർ വാഴ്ത്തിയ ആ സഹനസമരം അവളുടെ മാത്രം ഉത്തരവാദിത്വമാകുന്നു!