Feb 1 • 9M

'അച്ഛനുണ്ടാക്കിയ ആ പായസത്തിന്റെ രുചി മറക്കാനാവില്ല' കേൾക്കണ്ടേ ഇങ്ങനൊരു വാചകം ?

ആഘോഷങ്ങൾ നടക്കുമ്പോൾ വീട്ടിലെ സ്ത്രീകളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർ ഏറിയ പങ്കും അടുക്കളകളിൽ ആയിരിക്കും. ആ അടുക്കള പങ്കിടാൻ പങ്കാളികൾ കൂടി തയ്യാറായാൽ ബന്ധങ്ങൾ കൂടുതൽ അടുക്കുന്നു

Anagha Jayan E
Comment
Share
 
1.0×
0:00
-8:57
Open in playerListen on);
Episode details
Comments

ഓണം ആകട്ടെ, വിഷു ആകട്ടെ, തിരുവാതിര ആകട്ടെ, ജാതി-മത ഭേദമെന്യേ ഏത് ആഘോഷങ്ങളുമാകട്ടെ. സദ്യയും വിരുന്നും ഇല്ലാതെ മലയാളിക്ക് ആഘോഷമില്ല. രാവിലെ കുളിച്ച് കുറി തൊട്ട് പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ്, ബന്ധുക്കളോട് സൊറ പറഞ്ഞോ ടിവിയിൽ വരുന്ന പ്രീമിയർ ചിത്രങ്ങൾ കണ്ടോ കുഞ്ഞുങ്ങളോടൊപ്പം കളിച്ചോ ചെലവഴിക്കുന്ന വിശേഷ ദിവസങ്ങൾ പിന്നെ ഒരു വർഷത്തേക്കുള്ള മായാത്ത ഓർമ്മകൾ ആണ്.

ഓണം ആണെങ്കിൽ പൂക്കളം ഇട്ടും മറ്റ് വിശേഷ ദിവസങ്ങൾ ആണെങ്കിൽ ദേവാലയം സന്ദർശിച്ചും മറ്റും നമ്മൾ ദിവസം സ്പെഷ്യൽ ആക്കും. മാറിയ കാലത്ത് കുടുംബത്തോടൊപ്പം ഒരു സെൽഫിയും അനിവാര്യമായിട്ടുണ്ട്. ആഹാ, എന്ത് മനോഹരം ആയ ചിത്രം! ഇനി ഉച്ചക്ക് ഒന്നിച്ചിരുന്ന് സദ്യ ഉണ്ണൽ കൂടി ആയാൽ കേമമായി. എന്നാൽ വിശേഷ ദിവസങ്ങളെ കുറിച്ച് ചില വീട്ടമ്മമാർക്ക് പറയാനുള്ള 'മധുരിക്കും ഓർമ്മകൾ' കേൾക്കാം.

‘‘പായസത്തിന് നാളികേരപ്പാൽ പിഴിഞ്ഞ് തരാനോ തേങ്ങാ ചിരവി തരാനോ ഒക്കെ കുറെ വിളിച്ചാൽ ഹസ്ബൻഡ് അടുക്കളയിൽ വരും. പക്ഷെ ആളുടെ അമ്മയ്ക്ക് അതും താത്പര്യമില്ല. ആണുങ്ങളെ മെനക്കെടുത്തേണ്ട കാര്യമുണ്ടോ, നമ്മൾ പെണ്ണുങ്ങൾ തന്നെ അങ്ങോട്ട് ചെയ്‌താൽ പോരേ? എന്നാണു ചോദ്യം’’

"ഓണം കഴിയുമ്പോഴേക്ക് നടു ഓടിയും. ഇഞ്ചിത്തൈര് മുതൽ പായസം വരെ ഒരു പത്ത് വിഭവം എങ്കിലും ഉണ്ടാക്കണം. അടുക്കളയിൽ ഞാനും ഹസ്ബന്റിന്റെ അമ്മയും മാത്രമാണ് ഉണ്ടാകുക. ഹസ്ബന്റും അച്ഛനും ആളുടെ ബ്രദറും രാവിലെ തന്നെ കുളിച്ചൊരുങ്ങി ബന്ധുക്കളെ ഫോൺ ചെയ്ത് വിഷ് ചെയ്യും. പിന്നെ പ്രാതൽ കഴിക്കും. പ്രാതലിന് ഉള്ള അട തലേന്ന് രാത്രി തന്നെ ഞങ്ങൾ അണിഞ്ഞ് വയ്ക്കും. കായ ഉപ്പേരിയും ശർക്കര വരട്ടിയും അത്തം മുതൽ തന്നെ ഉണ്ടാക്കി വയ്ക്കും. പഴം പുഴുങ്ങിയതും പപ്പടവും ആണ് ഓണത്തിന് പ്രാതൽ. നേരത്തെ എഴുന്നേൽക്കുന്നത് കൊണ്ട് ഓണത്തിന് എല്ലാവര്ക്കും നേരത്തെ പ്രാതൽ വേണം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് ഞങ്ങൾ പെണ്ണുങ്ങൾ അങ്കം തുടങ്ങണം. പായസത്തിന് നാളികേരപ്പാൽ പിഴിഞ്ഞ് തരാനോ തേങ്ങാ ചിരവി തരാനോ ഒക്കെ കുറെ വിളിച്ചാൽ ഹസ്ബൻഡ് അടുക്കളയിൽ വരും. പക്ഷെ ആളുടെ അമ്മയ്ക്ക് അതും താത്പര്യമില്ല. ആണുങ്ങളെ മെനക്കെടുത്തേണ്ട കാര്യമുണ്ടോ, നമ്മൾ പെണ്ണുങ്ങൾ തന്നെ അങ്ങോട്ട് ചെയ്‌താൽ പോരേ? എന്നാണു ചോദ്യം. ഉച്ചക്ക് ഒന്നര മണി വരെ ഞങ്ങൾ അടുക്കളയിലാണ്. ഒന്നിച്ചിരുന്ന് ഉണ്ണാൻ സദ്യ വിളമ്പി കഴിയുമ്പോഴേക്ക് എനിക്ക് വയ്യാതെ ആകും. എവിടെയെങ്കിലും ഒന്ന് നടു നിവർത്തിയാൽ മതി എന്നാകും.

ഈ ഓണത്തിനും വിഷുവിനും ടിവിയിൽ വരുന്ന പുത്തൻ പടങ്ങൾ ഒന്നും ഞങ്ങൾക്ക് കാണാൻ പറ്റാറില്ല. സദ്യ വിളമ്പിയാൽ തീരുമോ പണി? കുഞ്ഞുങ്ങളെ ഊട്ടണം, എല്ലാവരുടെയും ഇല എടുത്ത് കളഞ്ഞ് നിലം തുടയ്ക്കണം, ബാക്കിയുള്ള സാധനങ്ങൾ പകർത്തി എടുത്ത് വയ്ക്കണം, പാത്രം കഴുകണം, അടുക്കള തുടയ്ക്കണം.. സത്യം പറഞ്ഞാൽ വിവാഹത്തിന് ശേഷം എനിക്ക് ഈ വിശേഷ ദിവസം എന്ന് കേൾക്കുന്നത് തന്നെ ദേഷ്യമാണ്," കൊടുങ്ങല്ലൂർ സ്വദേശിനി ഉഷയുടെ വാക്കുകൾ ആണ് ഇത്.

ഇനി പാലക്കാട് സ്വദേശിനിയായ ഹസീന പറയുന്നത് കേൾക്കാം. "നോമ്പ് നോൽക്കുന്നത് ഒരു വീട്ടിൽ എല്ലാവരും ചേർന്നാണ്, പക്ഷെ നോമ്പ് തുറയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത് പെണ്ണുങ്ങൾ മാത്രമാണ്. സാധാരണ ദിവസങ്ങളിൽ പട്ടിണി കിടന്ന് ശീലമില്ലാത്ത സ്ത്രീകൾ വൈകുന്നേരം വരെ ഭക്ഷണത്തിന്റെ മണമടിച്ച് അടുക്കളയിൽ തന്നെ നിൽക്കുന്ന അവസ്ഥ ഭീകരമാണ്. രാവിലെ കുറച്ച് വിശപ്പ് ഒക്കെ തോന്നും. പതിയെ ഗ്യാസ് കേറും.

പിന്നെ വിശപ്പൊന്നും തോന്നില്ല. വൈകീട്ട് ഒരു മൂന്ന് മണിക്ക് തലവേദന പോലെയൊക്കെ തോന്നും. പിന്നെ ഈ എണ്ണപ്പലഹാരങ്ങളുടെ മണം കൂടിയാകുമ്പോൾ പറയണ്ട! നോമ്പ് തുറക്കുന്ന സമയത്തേക്ക് തല കറക്കവും മനംപുരട്ടലും എല്ലാം കൂടെ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ആയിട്ടുണ്ടാകും. എന്റെ അഭിപ്രായത്തിൽ വെറുതെയാണ് നോമ്പ് തുറയ്ക്ക് എന്നും ഇത്രയേറെ വിഭവങ്ങൾ ഒരുക്കുന്നത്. മനസ്സും വയറും നിറഞ്ഞ് കഴിക്കാൻ നമുക്ക് കഴിയില്ല.."

തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിൽ നിന്നുള്ള ജിസ്മിയാണ് ഇനി സംസാരിക്കുന്നത് - "പള്ളിയിൽ പെരുന്നാൾ തുടങ്ങിയാൽ വീട്ടിൽ തിരക്ക് തുടങ്ങും. പിന്നെ ബന്ധുക്കൾ ആയി, ആളുകൾ ആയി. നമുക്ക് അടുക്കളയിൽ നിന്ന് ഇറങ്ങാൻ നേരവും ഇല്ലാതെ ആയി. ഇപ്പോൾ ചില വീടുകളിൽ എല്ലാരും കൂടുന്ന ദിവസം ഭക്ഷണം കാറ്ററിങ്ങുകാരെ ഏൽപ്പിക്കുന്നുണ്ട്. പക്ഷെ നമ്മുടെ വീട്ടിൽ അതും നടക്കില്ല. വിരുന്നുകാർക്ക് സ്വന്തം അടുക്കളയിൽ തന്നെ വച്ച് വിളമ്പണം എന്നാണു അമ്മായിയച്ഛന്റെ നിർബന്ധം.

ഈ പറയുന്ന ആൾ അടുക്കളയുടെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കില്ല കേട്ടോ.. പിന്നെ ഉള്ളത് ഹസ്ബൻഡ് ആണ്. പുള്ളിക്കാരൻ അളിയന്മാർ വന്നാൽ പിന്നെ വേറെ ലോകത്ത് ആണ്. പിന്നെ ഏതെങ്കിലും ഒരു ദിവസം ചിക്കനോ ബീഫോ ഒക്കെ വയ്ക്കാൻ അടുക്കള കൈയേറും. നമുക്ക് ഇരട്ടി പണിയാണ്. കറി വയ്ക്കാനുള്ളത് എല്ലാം നമ്മൾ ഒരുക്കി കൊടുക്കണം. ഉള്ളിയുടെ തൊലി മുതൽ കറിവേപ്പില തണ്ട് വരെ അടുക്കളയിൽ അങ്ങിങ്ങ് കിടക്കും. നമ്മൾ പത്ത് കറി വയ്ക്കാൻ എടുക്കുന്നത്ര പാത്രങ്ങൾ അങ്ങേരുടെ ഒരൊറ്റ ഇറച്ചിക്കറിക്ക് പോകും. പിന്നെ അതെല്ലാം ഞാൻ വേണം വൃത്തിയാക്കാൻ. സ്വീകരണം ആണെങ്കിലോ, ആണുങ്ങൾ ഒരു കറി വച്ചാൽ നമ്മൾ ജീവിതകാലം മുഴുവൻ അടുക്കളയിൽ നിന്ന് തിരിയുന്നതിന് കിട്ടുന്നതിന്റെ നൂറിരട്ടി അഭിനന്ദനം ആണ്. മടുത്ത് പോകും..!!"

ശരിക്കും ആർക്ക് വേണ്ടിയാണ് ഈ ആഘോഷങ്ങൾ?

പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ആഘോഷങ്ങൾ പുരുഷന്മാരുടെ സന്തോഷങ്ങളെ കേന്ദ്രീകരിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് സാമൂഹ്യനിരീക്ഷകർ അഭിപ്രായപ്പെടുന്നു. വീട്ടിലെ ആഘോഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ 'ഞാൻ ഭാര്യയെ സഹായിക്കാൻ അടുക്കള വരെയൊന്ന് പോയി' എന്ന് വലിയ അഭിമാനത്തോടെ പറയുന്ന പുരുഷന്മാർ നമ്മുടെ വീടുകളിൽ തന്നെയുണ്ട്. അവർ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്: ഭക്ഷണം കഴിക്കുന്നത് എല്ലാവരും ചേർന്ന് ആണെങ്കിൽ അത് പാകം ചെയ്യേണ്ടതും എല്ലാവരുടെയും ചേർന്നുള്ള ഉത്തരവാദിത്വമാണ്.

പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ ആഘോഷങ്ങൾ പുരുഷന്മാരുടെ സന്തോഷങ്ങളെ കേന്ദ്രീകരിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്ന് സാമൂഹ്യനിരീക്ഷകർ അഭിപ്രായപ്പെടുന്നു

ഭാര്യയുടെയോ അമ്മയുടേയോ കടമയല്ല വീട്ടിലെ പാചകം; അതുകൊണ്ട് 'സഹായിച്ചു' എന്ന പ്രയോഗം തന്നെ തെറ്റാണ്. നിങ്ങളുടെ കർത്തവ്യത്തിൽ വളരെ കുറഞ്ഞ ഒരു പ്രവൃത്തി മാത്രം നിങ്ങൾ ചെയ്തു എന്ന് വേണമെങ്കിൽ പറയാം. ഓണത്തിന് ഒരു കുടുംബത്തിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ചേർന്ന് സദ്യ ഒരുക്കി അവർ ഒന്നിച്ചിരുന്ന് അത് കഴിക്കുന്ന ഒരു ദൃശ്യം നിങ്ങൾ സങ്കല്പിച്ച് നോക്കൂ.. അതിലും മനോഹരമായ ഒരു ഒത്തൊരുമ വേറെയില്ല. അല്ലാതെ അടുക്കളപ്പണി മുഴുവൻ സ്ത്രീകളുടെ തലയിലേക്ക് നിഷ്കരുണം ഇട്ടു കൊടുത്ത ശേഷം 'അമ്മയുടെ കൈപ്പുണ്യം,' 'ഭാര്യയുടെ കൈ തൊട്ടാൽ കറി പൊന്നാണ്' തുടങ്ങിയ ചൂഷണ വാചകങ്ങൾ അത്ര നിഷ്കളങ്കമാണെന്ന് കരുതാൻ വയ്യ.

നൊയമ്പുകളും വ്രതങ്ങളും ആർക്ക് വേണ്ടി?

വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ ദീർഘായുസ്സിന് വേണ്ടിയും വിവാഹം കഴിയാത്ത പെൺകുട്ടികൾ ഉത്തമനായ ഭർത്താവിനെ ലഭിക്കാൻ വേണ്ടിയും തിങ്കളാഴ്ച വ്രതം നോൽക്കുന്നു. കുടുംബത്തിന്റെ അഭിവൃദ്ധിക്കും ഒത്തൊരുമയ്ക്കും വേണ്ടി ശനിയാഴ്ചകളിലും മറ്റും വീട്ടമ്മമാർ വ്രതം നോൽക്കുന്നു. മക്കളുടെ ഉന്നമനത്തിന് വേണ്ടി അമ്മമാർ ഷഷ്ടി നോൽക്കുന്നു.

ഇതിന് പുറമെ ഏകാദശി, സംക്രാന്തി, തിരുവാതിര തുടങ്ങി ഒട്ടേറെ വ്രതങ്ങൾ വേറെ. വടക്കേ ഇന്ത്യയിൽ ഭർത്താവിന് വേണ്ടി 'കർവാ ചൗത്ത്' എന്ന പേരിൽ ഒരു ദിവസം മുഴുവൻ പട്ടിണി കിടന്ന ശേഷം അരിപ്പയിലൂടെ പൂർണ്ണ ചന്ദ്രനെ നോക്കി, ശേഷം ഭർത്താവിന്റെ മുഖം ദർശിക്കുന്നു. ഇനി ചോദ്യം ഇതാണ്, സ്ത്രീകളുടെ ദീർഘായുസ്സിന് വേണ്ടി പുരുഷന്മാർ നോൽക്കുന്ന ഏതെങ്കിലും വ്രതം നിങ്ങൾക്ക് അറിയാമോ? ഇതിനുത്തരം നിങ്ങൾ തെരഞ്ഞ് കണ്ടുപിടിച്ച് കൊണ്ടുവന്നാൽ തന്നെ, അത് നോൽക്കുന്ന എത്ര പേരെ നിങ്ങൾക്ക് അറിയാം? അതെന്താ കുടുംബത്തിനും ഭാര്യയ്ക്കും പെണ്മക്കൾക്കും വേണ്ടി പുരുഷന്മാർ പട്ടിണി കിടന്നാൽ ദൈവങ്ങൾ സ്വീകരിക്കില്ലേ?

ഓണത്തിന് സദ്യ വാങ്ങിക്കുകയോ? ശിവ ശിവ!!

സോഷ്യൽ മീഡിയയിൽ സാംസ്‌കാരിക മൂല്യച്യുതിയുടെ മുഖമുദ്ര ആയി ഉയർത്തി കാണിക്കപ്പെടുന്ന ഒന്നാണ് പ്ലാസ്റ്റിക്ക് വാഴയിലകളിൽ വിളമ്പുന്ന ഹോട്ടൽ സദ്യ. വിഭവ സമൃദ്ധമായ ഊണാണ് ലക്‌ഷ്യം എങ്കിൽ അത് പുറമെ നിന്ന് ഓർഡർ ചെയ്ത് വരുത്തിയാലും കാര്യം നടക്കും. പക്ഷെ വീട്ടിലെ സ്ത്രീകൾ തന്നെ വിരുന്ന് ഒരുക്കണം എന്ന് വാശി പിടിക്കുന്നത് സാഡിസം തന്നെയാണ്.

"മാറേണ്ടത് നാട്ടുനടപ്പാണ്"

അടുക്കളയിൽ ആഘോഷങ്ങൾ ത്യജിച്ച് കുടുംബത്തെ ഊട്ടുന്ന സ്ത്രീകളെ കുറിച്ച് കൗൺസിലിങ് വിദഗ്ധ നീതു ടോണി പറയുന്നത് ഇങ്ങനെ: "മാറേണ്ടത് നാട്ടുനടപ്പാണ്. ഒരു വീട്ടിലെ എല്ലാ ജോലികളും അവിടുത്തെ അംഗങ്ങളുടെ ആരോഗ്യസ്ഥിതിയും പക്വതയും കണക്കിലെടുത്ത് വീതിച്ചു കൊടുക്കേണ്ടതാണ്. ഇന്നലെ വരെ അമ്മയെ അടുക്കളയിൽ സഹായിക്കാത്ത മകൻ വിവാഹശേഷം ഭാര്യയെ സഹായിക്കുന്നത് അമ്മ കണ്ടാൽ വിഷമം ആകുമോ എന്ന ഭയം കൊണ്ടൊക്കെ പുരുഷന്മാർ അടുക്കള ഭാഗത്തേക്കുള്ള പോക്ക് ഒഴിവാക്കാറുണ്ട്.

സ്ത്രീകൾ തന്നെയാണ് സ്ത്രീവിരുദ്ധമായ കുടുംബവ്യവസ്ഥകൾ തുടർന്ന് കൊണ്ടുപോകുന്നത്. ആൺമക്കളെ പ്രത്യേക പരിഗണന കൊടുത്ത് വളർത്താതിരിക്കുക എന്നതാണ് ആദ്യം വേണ്ടത്. തങ്ങളുടെ മാതാപിതാക്കൾ ചെയ്തത് അതുപോലെ പകർത്തൽ അല്ല യഥാർത്ഥ പാരന്റിങ്, അതിലെ തെറ്റുകൾ ഉൾക്കൊണ്ട് കുറച്ചുകൂടി നല്ല ജീവിത സാഹചര്യം സ്വന്തം മക്കൾക്ക് ഒരുക്കൽ ആണ്."

തന്റെ വീട്ടിലെ സ്ത്രീകളോട് അനുകമ്പയും സ്നേഹവും ഉള്ള ഒരു പുരുഷനും വിശേഷ ദിവസങ്ങളിൽ അടുക്കളയിൽ സ്ത്രീയെ തനിച്ചാക്കി ഉമ്മറത്തോ ടെലിവിഷന് മുന്നിലോ അടയിരിക്കുകയില്ല എന്ന് നിസ്സംശയം പറയാം..