Dec 9, 2021 • 9M

ലൈംഗികത, വിദ്യാഭ്യാസം, കുട്ടികൾ: എന്തിനാണ് ഇതെല്ലാം തമ്മിൽ ബന്ധിപ്പിക്കുന്നത്?

ലൈംഗിക വിദ്യാഭ്യാസം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എന്തൊക്കെ അർത്ഥമാണ് അതിന് ആളുകൾ കാണുന്നത്! ലൈംഗിക വിദ്യാഭ്യാസം എന്നൊന്ന് ഇവിടെയില്ല എന്നതിന് അതിൽ കൂടുതൽ ഒരു തെളിവ് ആവശ്യമുണ്ടോ?

Anagha Jayan E
Comment1
Share
 
1.0×
0:00
-9:03
Open in playerListen on);
Episode details
1 comment

സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റ അഡ്വ. പി സതീദേവിയുടെ പ്രസ്താവന സംസ്ഥാനത്ത് കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്. 'സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണ്. ലിംഗനീതി സംബന്ധമായ ബോധവത്കരണം കുട്ടികൾക്ക് നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് കലാലയങ്ങളിൽ നടപ്പിലാക്കണം.

' പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിഥിന എന്ന പെൺകുട്ടിയുടെ വീട് സന്ദർശിച്ചുകൊണ്ടാണ് പി സതീദേവി മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ദീർഘവീക്ഷണവും കാലിക പ്രസക്തിയും നിറഞ്ഞ വാചകങ്ങൾ. പക്ഷെ അത് ഉൾകൊള്ളുന്ന സാമൂഹ്യ പ്രസക്തിയോടെയല്ല 'പ്രബുദ്ധർ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികൾ ഈ പ്രസ്താവനയോട് പ്രതികരിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിൽ ഈ വാർത്ത പങ്കിട്ട മാധ്യമങ്ങളുടെ ലിങ്കുകൾക്ക് താഴെ ലൈംഗിക ചുവ നിറഞ്ഞ കമന്റുകൾ ഒഴുകി. 'പ്രാക്റ്റിക്കൽ ഉണ്ടെങ്കിൽ ഒരുവട്ടം കൂടി പഠിക്കാൻ ഒരുക്കം ആണെ'ന്ന് ചിലർ. പഠിപ്പിക്കുന്ന ടീച്ചർ കൊള്ളാമെങ്കിൽ വരാമെന്ന് മറ്റ് ചിലർ. സ്വയം ടീച്ചർമാർ ആകാൻ തയ്യാറായി വേറെ ചിലർ.

കാലാകാലങ്ങളായി കുടുംബത്തിനകത്ത് തുറന്ന ചർച്ചകൾക്ക് പോലും സ്ഥാനമില്ലാത്ത പദമാണ് ലൈംഗികത. എന്നാൽ കുടുംബത്തെ താങ്ങി നിർത്തുന്നത് തന്നെ ലൈംഗികത ആണെന്നുള്ളതാണ് അതിലെ വൈരുധ്യം. കുടുംബസദസ്സുകളിൽ ലൈംഗികതയ്ക്ക് സ്ഥാനമുണ്ടോ? ലൈംഗിക വിദ്യാഭ്യാസം എങ്ങനെയാണ് കുടുംബത്തിന് അകത്ത് ആരംഭിക്കുക?

വിദ്യാർത്ഥികളുടെ മുന്നിൽ സ്വന്തം ലൈംഗിക താത്പര്യങ്ങൾ പൂർത്തീകരിക്കാനുള്ള ഒരു ജനക്കൂട്ടത്തിന്റെ വെമ്പൽ ആണ് ഈ കാണുന്നതെല്ലാം! ഈ അവസരത്തിലാണ് എന്തുകൊണ്ട് സ്‌കൂൾ തലത്തിൽ ലൈംഗിക വിദ്യാഭ്യാസം എന്ന ചോദ്യം പ്രസക്തമാകുന്നത്. സ്ത്രീ സമത്വം, ലിംഗ സമത്വം, ലൈംഗിക സുരക്ഷ തുടങ്ങിയ മേഖലകളിൽ തീർത്തും അജ്ഞരായ ഒരു ജനതയെ സൃഷ്ടിച്ച് എടുക്കാനെ ഇത്ര നാൾ നിലനിന്ന വിദ്യാഭ്യാസ സമ്പ്രദായം ഉപകരിച്ചുള്ളൂ എന്ന തിരിച്ചറിവാണ് ഈ വർത്തയോടുള്ള പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

എത്ര വയസ്സിലാണ് ലൈംഗിക വാസനകൾ ഉടലെടുക്കുക?

ഈ ചോദ്യത്തിന് ഉത്തരം തേടാൻ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മിസ്റ്റർ കേരള ആയ പ്രവീൺ നാഥിന്റെ അനുഭവം സഹായിക്കും.

"ഒരു സാധാരണ പെൺകുട്ടി ആയാണ് ഞാൻ വളർന്ന് വന്നത്. പഠിക്കുന്ന കാലത്ത് ഒന്നും ക്വിയർ ഐഡന്റിറ്റി എന്നാൽ എന്താണെന്നോ, ആണിനും പെണ്ണിനും അപ്പുറം മറ്റ് ജെണ്ടർ ഐഡന്റിറ്റികൾ ഉണ്ടെന്നോ എണ്ണിയാൽ ഒടുങ്ങാത്തത്ര ലൈംഗിക വാസനകൾ ലോകത്ത് ഉണ്ടെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. മനസ്സ് കൊണ്ട് പണ്ടേ ഞാനൊരു ആൺകുട്ടി ആയിരുന്നു.

പെൺകുട്ടികളുടെ മനസികാവസ്ഥകളോടോ, ശാരീരിക സവിശേഷതകളോടോ എനിക്ക് യാതൊരു മമതയും തോന്നിയിരുന്നില്ല. തുറന്ന് പറയാൻ പേടിയായിരുന്നു. തീർച്ചയായും ഞാൻ ഒരു മനോരോഗി ആണെന്നാണ് സ്വയം കരുതിയിരുന്നത്. എന്നെ പോലെ ഞാൻ മാത്രമേ ഉള്ളൂ എന്ന തോന്നൽ എന്നെ വല്ലാതെ അലട്ടി. സ്‌കൂൾ കാലഘട്ടത്തിൽ ഒന്നും എന്റെ ലൈംഗിക വ്യക്തിത്വം തിരിച്ചറിയാനോ തുറന്നു പറയാനോ പോന്നൊരു ഭൂമിക എനിക്ക് ലഭിച്ചിട്ടില്ല എന്നത് തന്നെയാണ് എന്റെ അനുഭവത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പോരായ്മ.

ബൈനറികൾ മാറ്റി വച്ച്, എല്ലാ ലിംഗങ്ങളെയും ലൈംഗികതകളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഒരു സമ്പൂർണ്ണമായ വിദ്യാഭ്യാസ സമ്പ്രദായം നാം വികസിപ്പിച്ച് എടുക്കേണ്ടതുണ്ട്.

ലൈംഗിക വിദ്യാഭ്യാസം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ എന്തൊക്കെ അർത്ഥമാണ് അതിന് ആളുകൾ കാണുന്നത്! ലൈംഗിക വിദ്യാഭ്യാസം എന്നൊന്ന് ഇവിടെയില്ല എന്നതിന് അതിൽ കൂടുതൽ ഒരു തെളിവ് ആവശ്യമുണ്ടോ?! പരസ്പര ബഹുമാനത്തോടെ രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ ബന്ധം സ്ഥാപിക്കുന്നതും പരസ്പര സമ്മതത്തോടെയും സഹകരണത്തോടെയും അവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുമാണ് അടിസ്ഥാനപരമായി ലൈംഗിക ബന്ധങ്ങളുടെ കാതൽ.

കൗൺസിലിംഗിനായി വരുന്ന പല പെൺകുട്ടികൾക്കും സ്വന്തം ശരീരഭാഗങ്ങൾ കുറിച്ച് പോലും ശരിയായ ധാരണ ഇല്ല എന്ന വസ്തുത എന്നെ ഞെട്ടിക്കാറുണ്ട്

ആണും പെണ്ണും തമ്മിൽ മാത്രമല്ല, ആണും ആണും തമ്മിലും, പെണ്ണും പെണ്ണും തമ്മിലും,ക്വിയർ/ ട്രാൻസ് ഐഡന്റിറ്റികളിൽ പെട്ട മനുഷ്യർക്ക് എല്ലാം ഇടയിലും ആരോഗ്യകരമായ ലൈംഗിക ബന്ധങ്ങൾ നിലനിൽക്കുന്നു എന്ന വസ്തുത കൂടി ഇതിൽ ഉൾപ്പെടുത്തണം." - പ്രവീൺ പറയുന്നു.

ലൈംഗികത മനോരോഗമല്ല

കൗമാരത്തിന്റെ തുടക്കത്തിലാണ് ഇന്നത്തെ മുൻനിര ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ആയ ദയ ഗായത്രി തന്റെ ലൈംഗികത തിരിച്ചറിയുന്നത്. "സ്‌കൂളിൽ എന്നെ എല്ലാവരും കളിയാക്കിയിരുന്നു. മറ്റ് ആൺകുട്ടികളെ പോലെ ആയിരുന്നില്ല ഞാൻ. എനിക്ക് കൂടുതൽ കംഫർട്ടബിൾ ആയി തോന്നിയത് പെൺകുട്ടികളുടെ കൂട്ടത്തിലാണ്. അവരെ പോലെ ആയെങ്കിൽ എത്ര നന്നായേനെ എന്ന തോന്നലാണ് എന്റെ ലൈംഗിക തിരിച്ചറിവിന്റെ തുടക്കം.

എന്നാൽ മനുഷ്യർ തന്റെ ലിംഗവും ലൈംഗികതയും തിരിച്ചറിയുന്ന ഹൈസ്‌കൂൾ കാലഘട്ടത്തിൽ നമ്മൾ അത് വല്ലതും പഠിക്കുന്നുണ്ടോ? എനിക്ക് എന്തോ പ്രശ്നമുണ്ട് എന്നും ഇങ്ങനെ പോയാൽ ഞാൻ എല്ലാ സ്ഥലത്തും ഒറ്റപ്പെടും എന്നുമുള്ള തോന്നലുകൾ എന്റെ പഠനത്തെ വരെ ബാധിച്ചു. ഏറെ നാളുകൾക്ക് ശേഷം എന്റെ ഉള്ളിൽ ഒരു പെൺകുട്ടി ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോഴും അത് നോർമൽ ആണെന്നോ എന്നെപ്പോലെ ആയിരക്കണക്കിന് ആളുകൾ ഈ ലോകത്ത് ഉണ്ടെന്നോ പറഞ്ഞ് തരാൻ ആരും ഉണ്ടായിരുന്നില്ല. നോക്കൂ, ഈ ആശയക്കുഴപ്പത്തിലും ആകാംക്ഷയിലും പെട്ട് എന്റെ എത്ര മനോഹരമായ വര്ഷങ്ങളാണ് നഷ്ടപ്പെട്ടത്!

ഇനിയുള്ള തലമുറകൾക്ക് എങ്കിലും ഇതുപോലെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പറയുന്നത്, ലൈംഗിക വിദ്യാഭ്യാസം തീർച്ചയായും നിർബന്ധമാക്കണം, സ്‌കൂൾ തലത്തിൽ തന്നെ. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായ കുട്ടികളെ പരിഹസിക്കാതിരിക്കുക എന്നത് ടീച്ചർമാർ മുതൽ സഹപാഠികൾ വരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

സിസ്ജെണ്ടർ വ്യക്തികളെ പോലെ തന്നെ നോർമൽ മനുഷ്യരാണ് ട്രാൻസ് ജെണ്ടർ വ്യക്തികളും. അതുപോലെ തന്നെ ക്വിയർ വ്യക്തികളും. എല്ലാ മനുഷ്യർക്കും അവരവരുടെ വ്യക്തിത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, അവരവരുടെ ലിംഗങ്ങളും ലൈംഗികതകളും മുറുകെപ്പിടിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കേണ്ടത് ഉണ്ട്. ഞാൻ അനുഭവിച്ച പരിഹാസങ്ങളിൽ നിന്നുമാണ് എനിക്ക് ഈ അഭിപ്രായം രൂപപ്പെട്ടത്.

സ്വന്തം ലൈംഗിക അവയവങ്ങളും അവയുടെ ഉപയോഗവും നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പൂർണ്ണമായി തിരിച്ചറിയുന്നത് ഒരുപക്ഷെ ഡിഗ്രി - പോസ്റ്റ് ഗ്രാജുവേഷൻ കാലഘട്ടത്തിലാണ്. സ്വന്തം ലൈംഗികത എന്താണെന്ന് പോലും തിരിച്ചറിയാതെ വിവാഹം കഴിഞ്ഞ് ഗർഭം ധരിക്കുന്ന സ്ത്രീകൾ ഉള്ള നാടാണ് ഇത്

പുരുഷൻ ഒന്നാം ലിംഗം, സ്ത്രീ രണ്ടാം ലിംഗം, ട്രാൻസ് ജെണ്ടർ വ്യക്തികൾ മൂന്നാം ലിംഗം എന്നിങ്ങളെ ഒരു ചട്ടക്കൂടാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആരാണ് ഈ റാങ്കിങ് ഏർപ്പെടുത്തിയത്? പുരുഷൻ തന്നെ, അല്ലാതാര്?! വരേണ്യമായ, ശ്രേഷ്ഠമായ ലിംഗം പുരുഷലിംഗം ആണെന്ന് പറയാതെ പറഞ്ഞ് വച്ചിരിക്കുകയാണ് ഇവിടെ. സ്ത്രീകൾ തന്നെ 'വെറും പെണ്ണ്' എന്നുപറഞ്ഞ് പരിഹസിക്കപ്പെടുന്ന ഈ സമൂഹത്തിൽ ക്വിയർ വ്യക്തികളുടെ അവസ്ഥ പറയാനുണ്ടോ?" - ദയ ഗായത്രി ചോദിക്കുന്നു.

കുടുംബവും ലൈംഗികതയും

കാലാകാലങ്ങളായി കുടുംബത്തിനകത്ത് തുറന്ന ചർച്ചകൾക്ക് പോലും സ്ഥാനമില്ലാത്ത പദമാണ് ലൈംഗികത. എന്നാൽ കുടുംബത്തെ താങ്ങി നിർത്തുന്നത് തന്നെ ലൈംഗികത ആണെന്നുള്ളതാണ് അതിലെ വൈരുധ്യം. കുടുംബസദസ്സുകളിൽ ലൈംഗികതയ്ക്ക് സ്ഥാനമുണ്ടോ? ലൈംഗിക വിദ്യാഭ്യാസം എങ്ങനെയാണ് കുടുംബത്തിന് അകത്ത് ആരംഭിക്കുക? കൗൺസിലിംഗ് സൈക്കോളജിസ്റ്റ് നീതു പോളിയുടെ വാക്കുകൾ ഇങ്ങനെ:

"ശരിയായ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ അത് കുടുംബത്തിന്റെ കെട്ടുറപ്പിനെ തന്നെ ശക്തിപ്പെടുത്തും. സമൂഹത്തിൽ ഏതൊക്കെ ലിംഗങ്ങൾ ആണുള്ളത്, പ്രണയം എന്നാൽ എന്താണ്, വിവാഹം എന്താണ് തുടങ്ങിയ അടിസ്ഥാനപരമായ കാര്യങ്ങൾ കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിന് അകത്ത് നിന്ന് തന്നെയാണ്. ആണും പെണ്ണും തമ്മിൽ എങ്ങനെയാണ് ഇടപഴകേണ്ടത് എന്ന് കുട്ടികൾക്ക് മാതൃക കാണിക്കേണ്ടത് അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിലൂടെ തന്നെയാണ്.

ശരിയായ സ്നേഹം, പരസ്പര ബഹുമാനം തുടങ്ങി വ്യക്തിബന്ധങ്ങളുടെ ബാലപാഠങ്ങൾ കുട്ടികൾ കുടുംബത്തിൽ നിന്ന് പഠിക്കുന്നു.വളർന്ന് വരുന്ന തലമുറയുടെ അക്രമവാസനയെയും അധിനിവേശ സ്വഭാവത്തെയും നിയന്ത്രിക്കാൻ ശരിയായ പ്രായത്തിൽ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് കൊണ്ട് സാധിക്കും. എന്തിനേറെ, ഡിവോഴ്‌സുകൾ കുറയ്ക്കാൻ പോലും സ്‌കൂൾ തലത്തിലെ ഫലപ്രദമായ സെക്സ് എജുക്കേഷൻ കൊണ്ട് കഴിയും.

എനിക്ക് മുന്നിൽ കൗൺസിലിംഗിനായി വരുന്ന പല പെൺകുട്ടികൾക്കും സ്വന്തം ശരീരഭാഗങ്ങൾ കുറിച്ച് പോലും ശരിയായ ധാരണ ഇല്ല എന്ന വസ്തുത എന്നെ ഞെട്ടിക്കാറുണ്ട്. സ്വന്തം ലൈംഗിക അവയവങ്ങളും അവയുടെ ഉപയോഗവും നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പൂർണ്ണമായി തിരിച്ചറിയുന്നത് ഒരുപക്ഷെ ഡിഗ്രി - പോസ്റ്റ് ഗ്രാജുവേഷൻ കാലഘട്ടത്തിലാണ്.

സ്വന്തം ലൈംഗികത എന്താണെന്ന് പോലും തിരിച്ചറിയാതെ വിവാഹം കഴിഞ്ഞ് ഗർഭം ധരിക്കുന്ന സ്ത്രീകൾ ഉള്ള നാടാണ് ഇത്. അതുകൊണ്ട് മനുഷ്യ ശരീരത്തെ കുറിച്ചും ലൈംഗിക സവിശേഷതകളെ കുറിച്ചുമെല്ലാം വ്യക്തമായ അവബോധം കുട്ടികളിൽ ഉണ്ടാക്കേണ്ടതുണ്ട്. ലൈംഗിക വൈകൃതങ്ങളും അതിക്രമങ്ങളും മറ്റും കണ്ടെത്തി തടയാനും കൃത്യമായ മുൻകരുതലുകൾ എടുക്കാനും സ്‌കൂൾ കാലഘട്ടത്തിലെ സെക്സ് എജുക്കേഷൻ ഉപകരിക്കുന്നു."

ബയോളജി ടെക്സ്റ്റിലെ പഠിക്കാത്ത പാഠങ്ങൾ

ലൈംഗിക മൂല്യച്യുതി സംഭവിച്ച സമൂഹമാണ് നമ്മുടേത് - പറയുന്നത് ' സ്ത്രീകളുടെ സാമൂഹ്യ പുരോഗതി' എന്ന വിഷയത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ ഗവേഷണം നടത്തുന്ന ഭവ്യ എം കെ ആണ്. "ഏറ്റവും നിർണ്ണായകമായ പ്രായത്തിൽ ബയോളജി ടെക്സ്റ്റ് ബുക്കിലെ ഏറ്റവും നിർണ്ണായകമായ പാഠഭാഗം പഠിപ്പിക്കാതെ വിടുന്ന ടീച്ചർമാർ ആണ് സമൂഹത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണം.

ലൈംഗികത എന്നാൽ ശാരീരികബന്ധം മാത്രമല്ല എന്നും അത് വ്യക്തിത്വത്തിന്റെ ഭാഗം ആണെന്നുമെല്ലാം എന്നാണു ഇനി നമ്മൾ കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങുക?! ഇപ്പോൾ തന്നെ ഒട്ടേറെ വൈകിപ്പോയി. കൗമാര പ്രായത്തിൽ നേരിട്ട 'ബാഡ് ടച്ച്' ഒരു തരത്തിലുള്ള ലൈംഗിക അതിക്രമം ആണെന്ന് നമ്മൾ തിരിച്ചറിഞ്ഞത് എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്! ഇത്തരം ദുരവസ്ഥകൾ ഇനിയൊരു തലമുറയ്ക്കും വരാതിരിക്കട്ടെ"