
ബിസി സ്ട്രീറ്റ് ഫുഡ് കോർണർ - കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട സ്ത്രീകളുടെ ചെറുത്തുനിൽപ്പ്..
സെല്ഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) എന്ന സംഘടനയുടെ നേതൃത്വത്തിൽ, അന്നം നിഷേധിക്കപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങ് ആകാൻ അവർ തന്നെ വികസിപ്പിച്ച് എടുത്ത സംരംഭം ആണ് 'പ്രോജക്റ്റ് അന്നം.'
തിരുവനന്തപുരത്തെ വൈകുന്നേരങ്ങൾ ഇപ്പോൾ മോമോസും കപ്പ കട്ട്ലറ്റും ബീഫ് - ചിക്കൻ മസാല സ്നാക്സും ഒന്നുമില്ലാതെ അപൂർണ്ണമാണ്. പ്രായഭേദമെന്യേ തലസ്ഥാന നിവാസികൾ കാത്തിരിക്കുന്നത് ഫ്യൂഷൻ രുചിഭേദങ്ങളുടെ വിസ്മയ കലവറ അവർക്ക് മുന്നിൽ തുറന്ന 'സേവാ സ്റ്റാൾ' തുറക്കാൻ ആണ്! തിരുവനന്തപുരം കവടിയാർ റൂട്ടിൽ വൈകുന്നേരങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർ ആരും 'സേവ അന്നം' പ്രവർത്തകരുടെ സ്റ്റാൾ കാണാതിരിക്കാൻ ഇടയില്ല.
കട തുറക്കുന്ന സമയം മുതൽ രാത്രി സ്റ്റോക്ക് മുഴുവൻ തീർന്ന് അടയ്ക്കുന്നത് വരെ അവിടെ നഗരവാസികളുടെ തിരക്കാണ്. അതിൽ ജോലി കഴിഞ്ഞ് പോകുന്ന സാധാരണക്കാർ മുതൽ തിരക്കിനിടെ ഇഷ്ടപ്പെട്ട സ്നാക്ക് തേടി ഓടിയെത്തുന്ന മന്ത്രിമാരും രാഷ്ട്രീയക്കാരും വരെ കാണും. മുൻ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക് സേവാ സ്റ്റാളിലെ മോമോസിനെ കുറിച്ചിട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ ആയിരുന്നു. പല നാടുകളിൽ നിന്നുള്ള വിഭവങ്ങൾ കേരളത്തിൻെറ തനത് രുചി കലർത്തി തലസ്ഥാന നഗരിക്ക് വിളമ്പുന്ന ഈ സംരംഭത്തിന് പിന്നിൽ മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട ഒരുപറ്റം സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട് എന്നത് അധികം ആർക്കും അറിയില്ല.
അസംഘടിത മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ, രാജ്യത്തെ തന്നെ ഏറ്റവും വലിയ ട്രേയ്ഡ് യൂണിയൻ ആണ് സേവ
'സെല്ഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ (സേവ) എന്ന സംഘടനയുടെ നേതൃത്വത്തിൽ, അന്നം നിഷേധിക്കപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾക്ക് കൈത്താങ്ങ് ആകാൻ അവർ തന്നെ വികസിപ്പിച്ച് എടുത്ത സംരംഭം ആണ് 'പ്രോജക്റ്റ് അന്നം.'
അരണ്യ എന്ന ഇരുപത്തിയെട്ടുകാരി ആണ് സേവാ അന്നം സ്റ്റാളിന്റെ ഓൾറൗണ്ടർ. വെളുക്കുമ്പോൾ മുതൽ രാത്രി മെഗാ കിച്ചൺ പൂട്ടുന്നത് വരെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചുകൊണ്ട് ഓടിനടക്കുന്ന ആരണ്യ ഒരു ബിരുദാനന്തര ബിരുദധാരി ആണ്. ആരണ്യയുടെ വാക്കുകൾ ഇങ്ങനെ: "മലയാളത്തിൽ പിജി കഴിഞ്ഞതാണ്. കുറെ സ്ഥലത്ത് ജോലി അന്വേഷിച്ചു. ടീച്ചർ ആയി കയറാൻ അങ്ങോട്ട് പണം കൊടുക്കണം. വീട്ടിലെ സാഹചര്യങ്ങളും വളരെ മോശം ആയിരുന്നു.
വിവാഹം കഴിഞ്ഞു. ഒരു കുഞ്ഞുണ്ട്. കോവിഡ് കാലത്ത് ഒരു ജോലി അത്യാവശ്യം ആയി വന്നു. എങ്ങനെയെങ്കിലും പിടിച്ച് നിൽക്കണം എന്ന ചിന്തയിൽ ആണ് സേവയിൽ ചേർന്നത്. പാചകം ചെയ്യാൻ എനിക്ക് പണ്ടേ ഇഷ്ടമാണ്. വിശക്കുന്നവരെ ഊട്ടാനും. ഇപ്പോൾ വലിയ ആത്മസംതൃപ്തി ആണ് കിട്ടുന്നത്," അരണ്യ പറയുന്നു.
ആരണ്യയെ പോലെ നൂറ്റിയമ്പതോളം സ്ത്രീകൾ ആണ് സേവയുടെ തിരുവനന്തപുരം യൂണിറ്റിൽ ഉള്ളത്. വൈകുന്നേരത്തെ സ്നാക്സിന് പുറമെ ബ്രെയ്ക്ഫാസ്റ്റ് ഉത്പന്നങ്ങൾ, ഗൃഹാതുരത്വം ഉണർത്തുന്ന പൊതിച്ചോറ് തുടങ്ങി നിരവധി വിഭവങ്ങൾ സേവ ജനങ്ങൾക്കായി ഒരുക്കുന്നുണ്ട്.
മഹാമാരിയിൽ ഉപജീവനമാർഗ്ഗം നഷ്ടമായ ഒരു പറ്റം സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെ, നിശ്ചയദാർഢ്യത്തിന്റെ കൈയൊപ്പ് ആണ് ഈ ഭക്ഷണത്തിന്റെ ട്രേയ്ഡ് സീക്രട്ട്!
അസംഘടിത മേഖലകളിലെ സ്ത്രീ തൊഴിലാളികളുടെ, രാജ്യത്തെ തന്നെ ഏറ്റവും വലിയ ട്രേയ്ഡ് യൂണിയൻ ആണ് സേവ. 1983-ൽ ആണ് കേരളത്തിൽ സേവ നിലവിൽ വരുന്നത്. സംസ്ഥാനം ഒട്ടാകെ അമ്പതിനായിരത്തോളം അംഗങ്ങളാണ് സേവയ്ക്ക് ഉള്ളത്. ഒൻപത് ജില്ലകളിൽ ആയി പരന്ന് കിടക്കുന്ന സേവ യൂണിറ്റുകൾ ഇതുപോലെ ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് കാഴ്ച വച്ച് വരുന്നത്. ആരോഗ്യകരമായ, അതേ സമായാൽ വ്യത്യസ്തം ആയ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് 'അന്നം' എന്ന സംരംഭത്തിന് സേവ തുടക്കം ഇടുന്നത്.
പല ഇടങ്ങളിൽ ആയി കാന്റീനുകളും കാറ്ററിങ് യൂണിറ്റുകളും നടത്തിക്കൊണ്ടിരുന്ന സേവ പ്രവർത്തകർ കോവിഡ് ലോക്ക്ഡൗൺ കാലത്ത് ഓഫീസുകളും വിദ്യാഭ്യാസ സ്ഥാനങ്ങളും അടച്ചതോടെ അശരണാർ ആയി. പ്രതിസന്ധികൾക്ക് മുന്നിൽ പകച്ച് നിൽക്കാതെ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് അവയെ തരണം ചെയ്യാൻ ആണ് സേവ അന്നം ടീം തിരുവനന്തപുരത്തേത് പോലുള്ള ഔട്ട്ലെറ്റുകളും സ്റ്റാളുകളും ആരംഭിച്ചത്.
സേവാ അന്നം പ്രോജക്ടിന്റെ കോർഡിനേറ്റർ ആയ ഷീന ബഷീറിന്റെ വാക്കുകൾ ഇങ്ങനെ: "ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് നിശ്ചിതമായ വേതനം ഉറപ്പ് വരുത്തിക്കൊണ്ട് തന്നെയാണ് അന്നം പ്രോജക്ടിന്റെ പ്രവർത്തനം. എന്നിട്ടും സബ്സിഡൈസ്ഡ് റേറ്റുകളിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നുണ്ട് എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്.
സർക്കാർ സ്ഥാപനങ്ങൾ മുതൽ പ്രൈവറ്റ് തൊഴിലിടങ്ങൾ വരെ നിരവധി സ്ഥലങ്ങളിൽ സേവാ കാന്റീനുകൾ പ്രവർത്തിച്ചിരുന്നു. പക്ഷെ കോവിഡ് വന്നതോടെ അതിൽ പലതും പൂട്ടേണ്ടി വന്നു. നില നിൽക്കുന്ന ക്യാന്റീനുകളിൽ തന്നെ തൊഴിലാളികളെ കുറയ്ക്കേണ്ടി വന്നു. അങ്ങനെ തൊഴിൽ നഷ്ടപ്പെട്ട സ്ത്രീകളെ കൈവിടാതെ, അവർക്ക് സമാന്തരമായ ഒരു തൊഴിൽ പദ്ധതി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആണ് ഈ സംരംഭം ആരംഭിച്ചത്."
ഭക്ഷ്യവസ്തുക്കളുടെ വിപണന രംഗത്ത് കൂടി സജീവം ആയതോടെ വ്യത്യസ്തമായ, തനത് രുചികളിൽ ഉള്ള നിരവധി വിഭവങ്ങൾ ആണ് സേവ ജനങ്ങൾക്ക് മുന്നിൽ എത്തിച്ചത്. ചമ്മന്തിപ്പൊടി, അച്ചാറുകൾ, ദോശ/ഇഡലി മാവ് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങൾ എല്ലാം സേവ വിപണിയിൽ എത്തിക്കുന്നുണ്ട്. 2020-ലാണ് സേവാ സ്ട്രീറ്റ് ഫുഡ് ഔട്ട്ലെറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നത്. തലസ്ഥാനത്തെ തിരക്കേറിയ കുറവങ്കോണം - മരപ്പാലം റോഡിലെ ഷവർമ, ചാട്ട്, തട്ടുദോശ കടകളോടെല്ലാം മല്ലിട്ട് ഒന്നര വർഷം കഴിഞ്ഞും സേവാ അന്നം സ്റ്റാൾ പിടിച്ച് നിൽക്കുന്നു എന്ന വസ്തുതയിൽ തന്നെ ഇവർ വിളമ്പുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും വ്യക്തം ആണല്ലോ.
നോൺ വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്കും വെജിറ്റേറിയൻ ശീലം ആക്കിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രുചി വൈവിധ്യം ഈ സ്റ്റാളിൽ ഉണ്ട്. "ചാട്ട് ആണ് നിങ്ങൾക്ക് ഇഷ്ടം എങ്കിൽ കോൺ ചാട്ട്, സൂഖാപൂരി ചാട്ട്, ആലൂ ടിക്കി ചാറ്റ്, പാപ്ഡി ചാട്ട് അങ്ങനെ ഒരുപിടി നോർത്ത് ഇന്ത്യൻ ചാട്ടുകൾ സ്റ്റാളിൽ ലഭ്യമാണ്.
‘‘വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ എത്തുന്ന വെജിറ്റേറിയൻ പ്രേമികൾക്ക് വാഴക്കൂമ്പ് കൊണ്ട് ഒരു വെറൈറ്റി ഐറ്റം ഞങ്ങൾ ഒരുക്കുന്നുണ്ട്. അതുകൂടാതെ കപ്പ - ചട്ട്ണി, കട്ട്ലറ്റ് പോലുള്ള നാടൻ വിഭവങ്ങളും ഉണ്ട്’’
വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ എത്തുന്ന വെജിറ്റേറിയൻ പ്രേമികൾക്ക് വാഴക്കൂമ്പ് കൊണ്ട് ഒരു വെറൈറ്റി ഐറ്റം ഞങ്ങൾ ഒരുക്കുന്നുണ്ട്. അതുകൂടാതെ കപ്പ - ചട്ട്ണി, കട്ട്ലറ്റ് പോലുള്ള നാടൻ വിഭവങ്ങളും ഉണ്ട്. ഇനി നോൺ വെജിറ്റേറിയൻ കാരുടെ കാര്യം പറയണ്ട! ഞങ്ങളുടെ ബീഫ് കട്ട്ലറ്റും ചിക്കൻ മസാലയും ചിക്കൻ-കപ്പ ഫ്യൂഷൻ കട്ട്ലറ്റും എല്ലാം ഹിറ്റാണ്," അരണ്യ ആവേശത്തോടെ പറയുന്നു.
കുന്നുംപുറത്ത് ഉള്ള ക്ലൗഡ് കിച്ചണിൽ ആണ് ഈ വിഭവങ്ങൾ എല്ലാം ഒരുങ്ങുന്നത്. രാത്രി എട്ടരയ്ക്ക് സ്റ്റാൾ അടയ്ക്കുമ്പോൾ ഒന്നൊഴിയാതെ എല്ലാ വിഭവങ്ങളും വിറ്റഴിഞ്ഞിട്ടുണ്ടാകും. സേവാ സ്റ്റാളിന്റെ മറ്റൊരു പ്രത്യേകത സ്ത്രീകളും പെൺകുട്ടികളും കൂടുതലായി സ്ട്രീറ്റ് ഫുഡ് ആസ്വദിക്കാൻ ഇവിടെ എത്തുന്നു എന്നതാണ്. "മറ്റ് വഴിയോര ഭക്ഷണ കേന്ദ്രങ്ങളിൽ പുരുഷന്മാരാണ് കൂടുതലായി കഴിക്കാൻ എത്താറുള്ളത്. പ്രത്യേകിച്ച് സന്ധ്യ സമയത്തും രാത്രികളിലും. എന്നാൽ ഇവിടെ ഞങ്ങൾ സ്ത്രീകൾ തന്നെ നടത്തുന്നത് കൊണ്ട് സ്ത്രീകൾ ധൈര്യത്തോടെ കയറിവന്ന് സ്ട്രീറ്റ് ഫുഡ് ആസ്വദിക്കുന്നു," സ്റ്റാളിലെ ഒരു പ്രവർത്തക പറയുന്നു.
നിലവിൽ ഇവരുടെ ഹിറ്റ് ഐറ്റങ്ങൾ ആയ മഷ്റൂം കട്ട്ലെറ്റ്, കപ്പ കട്ട്ലെറ്റ് എന്നിവയ്ക്ക് ഒപ്പം പുതുപുത്തൻ രുചിഭേദങ്ങളിൽ ഉള്ള ഒരു പുതിയ കട്ട്ലെറ്റ് സീരീസ് ലോഞ്ച് ചെയ്യാൻ ആണ് ടീം സേവ പദ്ധതി ഇടുന്നത്. വീട്ടുജോലികൾക്കും പാചകത്തിനും മറ്റും സ്ഥിരമായി പൊയ്ക്കൊണ്ടിരുന്ന ഒരു കൂട്ടം സ്ത്രീകൾ ആണ് ഇപ്പോൾ വിദഗ്ധ ട്രെയ്നിങ് നേടി വെറൈറ്റി വിഭവങ്ങൾ ഒരുക്കി നഗരവാസികൾക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നത്. ഒരു സ്ത്രീക്ക് ഉപജീവന മാർഗ്ഗം നൽകിയാൽ ഒരു കുടുംബം കര കയറും എന്നാണല്ലോ ചൊല്ല്. അങ്ങനെ നോക്കിയാൽ നൂറ്റിയമ്പതോളം കുടുംബങ്ങളുടെ വിശപ്പടങ്ങിയ ചിരിയാണ് സേവാ അന്നം സ്റ്റാളുകളിലെ ഭക്ഷണത്തിന്റെ രുചിയുടെ രഹസ്യം.
ഇനിയും ഇതുപോലുള്ള വെറൈറ്റി ഭക്ഷ്യ വിഭവങ്ങളുമായി സേവ കൂടുതൽ ഇടങ്ങളിൽ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങാൻ പദ്ധതി ഇടുന്നു. മഹാമാരിയിൽ ഉപജീവനമാർഗ്ഗം നഷ്ടമായ ഒരു പറ്റം സ്ത്രീകളുടെ ചെറുത്തുനിൽപ്പിന്റെ, നിശ്ചയദാർഢ്യത്തിന്റെ കൈയൊപ്പ് ആണ് ഈ ഭക്ഷണത്തിന്റെ ട്രേയ്ഡ് സീക്രട്ട്!