ഒരു വ്യക്തിയുടെ പരിമിതി ആരാണ് നിശ്ചയിക്കുന്നത്? ശരീരഭാരം, ഉയരം, തൊലിയുടെ നിറം തുടങ്ങി വളരെ വ്യത്യസ്തവും സ്വാഭികവുമായ ഫീച്ചറുകളെ പരിമിതികളായി കാണുന്നതിലെ യുക്തി എന്താണ്? മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ കളിയാക്കലുകള്‍ക്ക് വിധേയരായവര്‍ ആകും നമ്മള്. പലപ്പോഴും അത്തരം കളിയാക്കലുകളെ നമ്മള് കളിയായി കണ്ടിട്ടുമുണ്ടാകും. ഇന്നും സ്നേഹം, തമാശ എന്നും പറഞ്ഞ് അത്തരം വികലമായ ചിന്തകള്‍ ഒളിച്ചു കടത്തുന്നവരോട്, അത്ര കൂള്‍ ആയ കാര്യമല്ല അതെന്ന് പറയേണ്ടതുണ്ട്.
ക്രമാധീതമായി ശരീരം ഭാരം കുറയുന്ന രോഗാവസ്ഥയായിരുന്നു സന്ധ്യക്ക്. അതിനാൽ തന്നെ മെലിഞ്ഞിരിക്കുന്നു എന്ന കാരണത്താൽ ബോഡി ഷേമിംഗിലൂടേയും അതുണ്ടാക്കിയ ട്രോമയിലൂടേയും ഡിപ്രഷനിലൂടേയും കടന്ന് പോയി
അത്തരം വികലമായ കാഴ്ച്ചപ്പാടുകള്‍ അത് അനുഭവിക്കേണ്ടി വരുന്ന വ്യക്തികളില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു ഭൂമികുലുക്കത്തോളം കേടുപാടുകള്‍ ഉണ്ടാക്കാനുള്ള ശക്തികാണും എന്ന് അവരെ അറിയിക്കേണ്ടതുണ്ട്. മറ്റൊരു വ്യക്തിയുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപ്പെടുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല, അത്തരം ഇടപ്പെടലുകള്‍ കൊണ്ടുണ്ടാകുന്ന ട്രോമക്ക് അപ്പുറത്തേക്ക് ജീവിതം കെട്ടിപടുക്കുന്നത്.
ക്രമാധീതമായി ശരീരം ഭാരം കുറയുന്ന രോഗാവസ്ഥയായിരുന്നു സന്ധ്യക്ക്. അതിനാൽ തന്നെ മെലിഞ്ഞിരിക്കുന്നു എന്ന കാരണത്താൽ ബോഡി ഷേമിംഗിലൂടേയും അതുണ്ടാക്കിയ ട്രോമയിലൂടേയും ഡിപ്രഷനിലൂടേയും കടന്ന് പോയി, തന്നെ ബോഡി ഷേമിംഗ് ചെയ്യുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കാനായി ചെയ്യുന്ന കാര്യങ്ങളിലെല്ലാം മിടുക്ക് കാണിച്ച് തുടങ്ങി, ഇന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്ട്സും ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്ട്സും സ്വന്തമാക്കി ദേശീയ തലത്തില്‍ അംഗീകാരങ്ങള്‍ക്ക് പാത്രമായ വ്യക്തിയാണ് സന്ധ്യ രാധാകൃഷ്ണന്.
ഓവിയം ഫാഷന്‍ ക്വീന്‍ മിസ്സിസ്സ് കേരള റണ്ണര്‍ അപ്പ്, എംബ്രോയ്ടറി പോര്‍ട്രൈറ്റ് ആര്‍ട്ടിസ്റ്റ്, സംരംഭക എന്നീ നിലകളില്‍ തിളങ്ങിയ സന്ധ്യ ഇന്ത്യക്കകത്തും പുറത്തുമായി തന്റെ കരിയര്‍ രൂപപ്പെടുത്തിയതിന്റേയും മറ്റുള്ളവര്‍ ചാര്‍ത്തി തന്ന 'പരിമിതികള്‍', ഉയരങ്ങള്‍ നടന്ന് കേറാനുള്ള പരവതാനിയാക്കി മാറ്റിയതിന്റേയും കഥകള്‍ ഷീ ഈസ് ഈക്വലിനോട് പങ്ക് വയ്ക്കുന്നു. നേട്ടങ്ങള്‍ പെട്ടന്നൊരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നും പോരാട്ടങ്ങളാണ് നേട്ടങ്ങളിലേക്ക് നയിക്കുന്നതെന്നും തെളിയിച്ച സന്ധ്യയുടെ ജീവിതത്തിലേക്ക്...സന്ധ്യയുടെ വാക്കുകളിലേക്ക്...
തന്നോടൊപ്പം വളര്‍ന്ന ബോഡി ഷേമിംഗ് അനുഭവങ്ങള്‍:
വ്യക്തികളെ അവരുടെ ശരീരഘടനയുടെ പേരില്‍ താരതമ്യം ചെയ്യുന്നത് ഒരു നല്ല പ്രവണത അല്ല. കുട്ടികാലം മുതലേ പലരും എന്റെ സഹോദരിയെ വച്ച് തന്നെ താരതമ്യം ചെയ്തിരുന്നു. ആ കളിയാക്കല്‍ മൂലം ഉണ്ടായ വിഷമത്തില്‍ നിന്നാണ് മറ്റുള്ളവരെ കൊണ്ട് മിടുക്കി എന്ന് പറയിപ്പിക്കണം എന്ന തോന്നല്‍ ഉണ്ടായത്. മറ്റുള്ളവര്‍ എന്റെ ഉള്ളില്‍ ഉണ്ടാക്കിയ അപകര്‍ഷതാബോധം എന്തിലും സഹോദരിയോട് മത്സരബുദ്ധി കാണിക്കാന്‍ കാരണമായി. അന്ന് അത്തരത്തില്‍ തന്റെ മനസ്സ് പരുവപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഈ അപകര്‍ഷതാ ബോധം എങ്ങനെ മറിക്കടക്കാം എന്ന് ചിന്തിച്ചപ്പോളാണ് എന്റെ ശരീരത്തിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ പോകരുത് പകരം കഴിവുകളിലൂടെ വേണം അവര്‍ തന്നെ തിരിച്ചറിയാന്‍ എന്ന ചിന്ത ഉണ്ടാകുന്നത്.
അത് കൊണ്ട് തന്നെ പഠിക്കുന്ന കാര്യത്തിലാണെങ്കിലും ജോലി നേടുന്ന കാര്യത്തിലാണെങ്കിലും മറ്റുള്ളവരെ കൊണ്ട് മിടുക്കി എന്ന് പറയിക്കാന്‍ ശ്രമിച്ചു. പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് ലഭിച്ചതാണ് ആദ്യമായി തന്നില്‍ ആത്മവിശ്വാസം ഉണ്ടാക്കിയതെന്നും കോളേജ് കാലത്തെ എംബ്രോയ്ഡറി പഠനം ചെറിയതെങ്കിലും ഒരു വരുമാനം ഉണ്ടാക്കി തന്നതാണ് തന്റെ കോണ്ഫിഡന്സ്കൂട്ടിയത്.
രോഗാവസ്ഥയിലാണ് സ്വയം തിരിച്ചറിഞ്ഞത്:
ആദ്യത്തെ ജോലി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ആയിരുന്നു, ജോലി ചെയ്യുന്നതോടൊപ്പം തന്നെ എം ബി എ യും ചെയ്തിരുന്നു. എങ്കിലും കളിയാക്കലുകള്‍ പലരുടെ ഭാഗത്ത് നിന്നും തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒപ്പം വിവാഹം, ഭാവി ജീവിതം എന്ന വിഷയങ്ങളിലും വണ്ണമില്ലായ്മ പ്രശ്നമാകാന്‍ തുടങ്ങി. അപ്പോളാണ് എന്ത് കൊണ്ടാണ് തനിക്കിങ്ങനെ വണ്ണം ഇല്ലാത്തത്, ശാരീരികമായ രോഗാവസ്ഥയാണോ ഇതിന് കാരണം എന്ന് അന്വേഷിക്കുന്നത്. വര്‍ഷങ്ങളായി ശരീരഭാരം 36ല്‍ കൂടുന്നില്ല. അങ്ങനെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തപ്പോളാണ് എനിക്ക് 'അള്‍സറേറ്റിവ് കൊളൈറ്റിസ്' എന്ന രോഗമാണെന്ന് അറിയുന്നത്. ഈ അസുഖത്തിന്റെ കാര്യം അറിഞ്ഞതിന് ശേഷമാണ് ഞാൻ സ്വയം സ്നേഹിക്കാനും മനസ്സിലാക്കാനും തുടങ്ങിയത്.
പലപ്പോളും നമ്മള് മറ്റുള്ളവരെ കളിയാക്കാന്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ നമുക്ക് അറിയാത്ത പല കാരണങ്ങളും ഉണ്ടാകാം. നമുക്ക് അത് നേരം പോക്കോ തമാശയോ ആകാം, അത് കേള്‍ക്കുന്ന വ്യക്തിക്ക് അങ്ങനെയാവണമെന്നില്ല എന്നതിന് സന്ധ്യ ഉദാഹരണമാണ്
രോഗാവസ്ഥ മനസിലാക്കിയ ശേഷമാണ് വിവാഹം കഴിയുന്നതും ഗര്‍ഭിണിയാകുന്നതും. അപ്പോളും മനസ്സിനെ അലട്ടിയിരുന്ന കാര്യമായിരുന്നു, മെലിഞ്ഞിരിക്കുന്നവര്‍ക്ക് സുഖപ്രസവം ആയിരിക്കില്ല എന്ന് പറഞ്ഞ് കേട്ടത്. ആദ്യത്തെ നാല് മാസം ഡിപ്രഷന് കാരണം ആശുപത്രിയില്‍ ആയിരുന്നു. എന്നാല്‍ ഡിപ്രഷന് ശേഷം വളരെ ശക്തയായാണ് തിരിച്ച് വന്നത്. ആരോഗ്യ കാര്യത്തില്‍ വിട്ട് വീഴ്ച്ച ചെയ്യാതിരുന്നതിനാലും എക്സര്‍സൈസ് ചെയ്തിരുന്നതിനാലും നോര്‍മല്‍ ഡെലിവറി ആയിരുന്നു.
പലപ്പോളും നമ്മള് മറ്റുള്ളവരെ കളിയാക്കാന്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ക്ക് പിന്നില്‍ നമുക്ക് അറിയാത്ത പല കാരണങ്ങളും ഉണ്ടാകാം. നമുക്ക് അത് നേരം പോക്കോ തമാശയോ ആകാം, അത് കേള്‍ക്കുന്ന വ്യക്തിക്ക് അങ്ങനെയാവണമെന്നില്ല എന്നതിന് സന്ധ്യ ഉദാഹരണമാണ്. ഇനിയിപ്പൊ കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കില്‍ കൂടി മറ്റൊരാളെ ശാരീരികഘടന പറഞ്ഞ് കളിയാക്കേണ്ട കാര്യം ഇല്ല.
സന്ധ്യയില്‍ നിന്ന് സംരംഭകയിലേക്ക്:
ഞാൻ സ്വന്തമായി സംരംഭം ചെയ്യാന്‍ തുടങ്ങിയത് കൊറോണ കാലത്താണ്. മറ്റൊരാളേയും ആശ്രയിക്കാതെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് യൂട്യൂബില്‍ നിന്നും എംബ്രോയ്ഡറി പഠിച്ചത്. ആളുകളുടെ ചിത്രങ്ങള്‍ നൂലില്‍ തുന്നി എടുക്കാന്‍ തുടങ്ങി, അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്ട്സും ഏഷ്യ ബുക്ക് ഓഫ് റെക്കോര്ട്സും ലഭിച്ചത്. തനിക്കുണ്ടായ അനുഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രേക്ക് ദി സ്റ്റീരിയോടൈപ് ആശയങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കാന്‍ തുടങ്ങിയത്.
ഓവിയം ഫാഷന്‍ ക്വീന്‍ മിസ്സിസ്സ് കേരള മത്സരത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ എന്റെ ആശയങ്ങള്‍ കുറേയധികം പേരിലേക്ക് എത്തിക്കാനുള്ള വേദിയായി അവസരത്തെ കണ്ടു. അതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യ നടത്തിയ 'ഗോ ഗ്ലോറിയസ്' എന്ന ഇവന്റില്‍ അവസാന 16ല്‍ എത്താന്‍ കഴിഞ്ഞു. ഫിലിം, മോഡലിംഗ് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. ഇന്ന് ആളുകള്‍ തന്നെ തിരിച്ചറിയുന്നത് എന്റെ കഴിവിന്റേയും നേട്ടങ്ങളുടേയും പേരില്‍ ആണ്.
സന്ധ്യയുടെ ബിസ്സിനസ്സ് ജീവിതം:
നിലവില്‍ എല്ലാ സംവിധാനങ്ങളും ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഉള്ളതായതിനാല്‍, രാജ്യാന്തരതലത്തില്‍, എംബ്രോയ്ഡറി ഓണ്‍ലൈന്‍ ക്ലാസ്സുകളായും, ഓണ്‍ലൈന്‍ മെറ്റീരിയല്‍ ഷോപ്പുമായും തിരക്കിലാണ് ഞാൻ. ഏറ്റവും പുതിയ വിശേഷം ക്വീന്‍സ് ബിസ്സിനസ്സ് ഗ്ലോബല്‍ എന്ന സംരഭമാണ്. സ്ത്രീ സംരംഭകര്‍ക്ക്, അവരുടെ പ്രൊഡക്റ്റ്സ് വില്‍ക്കാനും ബിസിനസ്സ് മുന്നോട്ട് കൊണ്ട് പോകാനും സഹായകമാകുന്ന വേദിയാണ് ക്വീന്‍സ് ബിസ്സിനസ്സ് ഗ്ലോബല്‍.
മാന്യമായ നിരക്കില്‍ ക്വാളിറ്റിയുള്ള വസ്തുക്കള്‍ ലഭ്യമാക്കുക, നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ നമ്മുടെ കൂട്ടത്തിലുള്ളവരുടെ കയ്യില്‍ നിന്ന് വാങ്ങുക അങ്ങനെ പരസ്പരം സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് മുന്നോട്ട് പോകുന്ന ഫോട്ടോഗ്രാഫേര്‍സ്, കണ്ടന്റ് റൈറ്റേഴ്സ്, ലീഗല്‍ കണ്‍സള്‍ട്ടന്‍സ്, ഡോക്ടേര്‍സ്, ബ്രാന്‍ഡ്സ് എന്നിവര്‍ അടങ്ങുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പാണ് ഇത്. പബ്ലിക്കിന് ഒരു സേവനം ആവശ്യമായി വരുമ്പോള്‍ ആദ്യം സ്ത്രീ സംരംഭകരെ പരിഗണിക്കുക എന്നൊരു ഉദ്ദേശമാണ് ഈ സംരംഭത്തിനുള്ളത്. ഞാൻ ആസ്വദിക്കുന്ന ഫിനാന്‍ഷ്യല്‍ ഫ്രീഡം പ്രിവിലേജ് എന്നിവ അത് ഇല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും നേടിയെടുക്കാന്‍ സഹായിക്കുന്ന ഒരു വേദി ഉണ്ടാക്കുകയാണ് ഈ സംരംഭത്തിന് പിന്നിലെ ലക്ഷ്യം.
ഒറ്റക്കുള്ളപ്പോഴോ ആള്കൂട്ടത്തിനിടയിലോ ഒരാളെ നിറത്തിന്റേയോ ശരീരഘടനയുടേയോ പേരില്‍ പരിഹസിക്കുന്നതോ ആ വ്യക്തിക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ സംസാരിക്കുന്നതോ തമാശയോ സ്നേഹമോ ആയി കാണാന്‍ സാധിക്കില്ല
ഫിനാന്‍ഷ്യല്‍ ഫ്രീഡം എന്നത് സ്വന്തമായി അദ്ധ്വാനിച്ച് പണം സമ്പാദിക്കുന്നത് മാത്രം അല്ല, ആ പണം ചിലവഴിക്കാനും ഉപയോഗിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കുക എന്നതുമാണ്. പണ്ട് സ്ത്രീകള്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം ഭര്‍ത്താവിനോ അച്ഛനോ കൈമാറാറുണ്ടായിരുന്നു. ഇന്ന് അതില്‍ മാറ്റം വന്നിട്ടുണ്ട്. സ്ത്രീകള്‍ തങ്ങള്‍ക്ക് വേണ്ടി ഇന്‍വസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. നിലവില്‍ ഭൂരിഭാഗം സ്ത്രീകള്‍ക്കും താമസിക്കാന്‍ സ്വന്തമായൊരു സ്ഥലമില്ലാത്ത അവസ്ഥയാണ്, മറ്റൊരാളില്‍ ആശ്രയിക്കാതെ ഒറ്റക്ക് ജീവിക്കാനുള്ള മാര്‍ഗ്ഗം സ്ത്രീകള്‍ക്ക് ഉണ്ടാവണം.
ബോഡി ഷേമിംഗും ട്രോമയും തമാശയല്ല
ഒറ്റക്കുള്ളപ്പോഴോ ആള്കൂട്ടത്തിനിടയിലോ ഒരാളെ നിറത്തിന്റേയോ ശരീരഘടനയുടേയോ പേരില്‍ പരിഹസിക്കുന്നതോ ആ വ്യക്തിക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ സംസാരിക്കുന്നതോ തമാശയോ സ്നേഹമോ ആയി കാണാന്‍ സാധിക്കില്ല. നിങ്ങളുടെ ഒരു നിമിഷത്തെ നേരംപോക്ക് ഒരാള്‍ക്ക് ആയുഷ്കാലം മുഴുവന്‍ താങ്ങാനുള്ള ചുമടായി മാറാം. ചിലര്‍ക്ക് ബോഡി ഷൈമിംഗ് നമ്മളെ തോല്‍പ്പിക്കാന്‍ ഉള്ള ആയുധമാണ്. യാതൊന്നും പറഞ്ഞ് നമ്മെ തകര്‍ക്കാന്‍ പറ്റില്ല എന്ന് തോന്നുമ്പോള്‍ നമുക്ക് നേരേ എടുത്തുപയോഗിക്കാനുള്ള അസ്ത്രം ആണ് നമ്മുടെ കുറവുകള്‍ എന്ന് മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍. നമ്മള് നമ്മളെ അംഗീകരിക്കുന്നതോടെ ഈ പരിമിതികള്‍ എന്ന് പറയുന്നവ കുറയും. പിന്നെ ആര്‍ക്കും നമ്മെ തകര്‍ക്കാന്‍ കഴിയാതാകും.
സമൂഹത്തിനോട് ഷീ ഈസ് ഈക്വലിന് പറയാനുള്ളത്:
ബോഡി ഷേമിംഗില്‍ നിന്ന് പുറത്ത് കടക്കുന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ പോലും, സര്‍വൈവറോട് എംപത്തറ്റിക്ക് ആയിട്ടുളള്ള ഒരു സമൂഹമല്ല നമ്മുടേത്. സര്‍വൈവറോട്, അഡ്ജസ്റ്റ് ചെയ്യണം എന്നതില്‍ നിന്ന് പ്രതികരിക്കണം എന്ന് പറയാനുള്ള ശ്രമങ്ങള്‍ സ്വീകരിച്ച് വരുന്നുണ്ടെങ്കില്‍ കൂടി ഇന്നും ഒരു മാറ്റത്തിനായി നമ്മള് നിര്‍ബന്ധിക്കുന്നത് സര്വൈവറെയാണ്.
നമ്മുടെ വീട്ടിലെ വിശ്രമവേളകളിലോ ആഘോഷങ്ങള്‍ക്കിടയിലോ ഉണ്ടാകുന്ന ഭീകര തമാശകളാല്‍ വേദനിക്കുന്ന മനുഷ്യരോട് സാരമില്ല പോട്ടേ, നീ അത് വിട്ട് കള, നീ ശക്തയാകൂ അപ്പോള്‍ ഇതൊന്നും നിന്നെ ബാധിക്കില്ല തുടങ്ങിയ സ്ഥിരം പല്ലവികള്‍ ആവര്‍ത്തിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി അത്തരം കളിയാക്കലുകള്‍ പടച്ച് വിടുന്നവരോട് നിങ്ങള്‍ പറഞ്ഞത് ശരിയായില്ല, അത് ഇന്‍സള്‍ട്ട് ആണ്, എന്നും പറഞ്ഞ് വേദനിക്കുന്ന വ്യക്തിയുടെ കൂടെ നില്‍ക്കാറുണ്ടോ നമ്മള്? പ്രതികരിക്കുന്നവരോട് വെറുതെ പ്രശ്നം ഉണ്ടാക്കരുത് എന്ന് പറയുന്നതല്ലാതെ നമ്മള് അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാറുണ്ടോ?
ബോഡി ഷൈമിംഗ് പലര്‍ക്കും ഒരു ശീലമാണ്, അത് മനപൂര്‍വ്വം ചെയ്യുന്നതാകണമെന്നില്ല. തമാശ, സ്നേഹം എന്നെല്ലാം പറഞ്ഞ് നിസ്സാരവത്കരിക്കുമ്പോള്‍ അനവധി പേര് അത് മൂലം ബാധിക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ സാധിക്കണം
പ്രതികരിക്കൂ എന്ന് പറയുമ്പോള്‍ എല്ലാവരും അതിനുള്ള മാനസികാവസ്ഥ ഉള്ളവരാകണം എന്നില്ല. പ്രതികരിക്കൂ എന്ന് പറയുന്നത് മാത്രമല്ല പ്രതികരിച്ച് കാണിക്കുന്നതും, അബ്യൂസറിനെ ചോദ്യം ചെയ്യുന്നതും ബോഡി ഷൈമിംഗിനെ എതിര്‍ക്കുന്നതിന് സഹായകമാകും. അതിലുപരി സര്‍വൈവറോട് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും എംപത്തറ്റിക്ക് ആയിട്ടുള്ള കാര്യമാണ് അത്. സര്‍വൈവറോട് മാറാന്‍ പറയുന്നതിനോളം പ്രധാനമാണ് അബ്യൂസറിനോട് തെറ്റ് ചൂണ്ടി കാണിക്കുന്നതും. കാരണം സര്‍വൈവര്‍ ശക്തയാകുമ്പോള്‍ ഇല്ലാതാക്കുന്നത് അവരുടെ മാത്രം പ്രശ്നമാണ് എന്നാല്‍ ഒരു അബ്യൂസര്‍ സ്വയം തിരുത്തുമ്പോള്‍ അനേകം പേര് അബ്യൂസിന് ഇരയാകാതിരിക്കും. കാഴ്ച്ചപ്പാട് മാറേണ്ടത് അബ്യൂസറിന്റേതാണ്, അതിനാല്‍ തന്നെ ബോഡി ഷൈമിംഗ് ഇല്ലാതാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും അവരുടേതാണ്.
ബോഡി ഷൈമിംഗ് പലര്‍ക്കും ഒരു ശീലമാണ്, അത് മനപൂര്‍വ്വം ചെയ്യുന്നതാകണമെന്നില്ല. തമാശ, സ്നേഹം എന്നെല്ലാം പറഞ്ഞ് നിസ്സാരവത്കരിക്കുമ്പോള്‍ അനവധി പേര് അത് മൂലം ബാധിക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ സാധിക്കണം. പൊളിറ്റിക്കലി കറക്റ്റ് ആകുക എന്ന ഉദ്ദേശത്തിലുപരി മറ്റുള്ളവരെ കൂടി പരിഗണിക്കുക, മാനുഷികമായി പെരുമാറുക, അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപ്പെടാതെ അവരുടെ ഇടം കയ്യേറാതിരിക്കുക എന്നുള്ളതിനുള്ള ശ്രമം നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുകയാണെങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാവുന്നതാണ്.