Jan 5 • 9M

ആരാണ് പറഞ്ഞത് ആണുങ്ങൾക്ക് സാരി ചേരില്ലെന്ന്? ഇതാ, അതിസുന്ദരനായ ഒരു സാരിക്കാരൻ!

താൻ നേരിട്ട സദാചാര ആക്രമണത്തിന് തന്റെ പ്രവൃത്തി കൊണ്ട് തന്നെ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ഒരു ചുണക്കുട്ടനെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത് ആർജെ എന്ന നിലയിൽ പ്രശസ്തനായ അരവിന്ദിനെ

2
1
 
1.0×
0:00
-8:53
Open in playerListen on);
Episode details
1 comment

ഒരൊറ്റ നോട്ടം.. ഒരു ചോദ്യം.. ഇതൊക്കെ മതി നമ്മുടെ മനസ്സിൽ ആഴത്തിൽ ചില മുറിവുകൾ ഉണ്ടാക്കാൻ, അല്ലേ? നമ്മുടെ ഇഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും മേൽ നിഴൽ വീഴ്‌ത്തുന്ന സംശയത്തിന്റെ, ആക്ഷേപത്തിന്റെ, കുറ്റപ്പെടുത്തലിന്റെ എല്ലാം ചോദ്യങ്ങളെ നാം എങ്ങനെ മറി കടക്കുന്നു എന്നത് ഒരു പക്ഷെ ഭാവിയെ തന്നെ മാറ്റി മറിച്ചേക്കും.

ശരീരത്തിന്റെയും വസ്ത്രധാരണത്തിന്റെയും പെരുമാറ്റത്തിന്റെയും കൂട്ടുകെട്ടിന്റെയും എല്ലാം പേരിൽ ഈ നാട്ടിൽ മനുഷ്യർ നേരിടുന്ന സദാചാര ആക്രമണത്തിന്റെ ആഴം ചിന്തിച്ചിട്ടുണ്ടോ? സംശയ കണ്ണുകളെയും പരിഹാസത്തെയും നേരിടാതെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കാൻ ഈ നാട്ടിൽ ഇന്നേ വരെ ആർക്കും സാധിച്ചിട്ടില്ല എന്ന് തോന്നി പോകും. എന്നാൽ, താൻ നേരിട്ട സദാചാര ആക്രമണത്തിന് തന്റെ പ്രവൃത്തി കൊണ്ട് തന്നെ കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത ഒരു ചുണക്കുട്ടനെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

തുറിച്ച നോട്ടം, തറച്ച ചോദ്യം

ആർ ജെ അരവിന്ദ് - കേരളത്തിലെ സോഷ്യൽ മീഡിയയിൽ തരംഗം ആയ ഒരു പിടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട മോഡൽ എന്ന നിലയിലാണ് അരവിന്ദ് ഇന്ന് അറിയപ്പെടുന്നത്. മയിൽ‌പ്പീലി നീല നിറത്തിലുള്ള പട്ട് സാരി ഉടുത്ത് അതിസുന്ദരൻ ആയി അണിഞ്ഞ് ഒരുങ്ങി പോസ് ചെയ്ത അരവിന്ദ് വമ്പിച്ച പ്രതികരണങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റുവാങ്ങിയത്.

ഫോട്ടോസ് നിമിഷങ്ങൾ കൊണ്ട് നിരവധി പേർ കണ്ടു, ഷെയർ ചെയ്തു. എന്നാൽ, വെറുതെ ഒരു പുരുഷൻ സാരി ഉടുത്തു എന്നത് മാത്രം ആയിരുന്നില്ല ഈ ചിത്രങ്ങൾക്ക് നൽകാനുള്ള സന്ദേശം. അത് അരവിന്ദിന്റെ അനുഭവത്തിൽ നിന്ന് കുരുത്ത സാമൂഹ്യ സന്ദേശങ്ങളാണ്.

ഒരു ജെൻഡറിനും, ഒരു സെക്ഷ്വാലിറ്റിക്കും സ്വന്തമായി വസ്ത്രമോ പെരുമാറ്റ രീതികളോ ഇഷ്ടങ്ങളോ ഇല്ല. ഇവയെല്ലാം ഓരോ മനുഷ്യർക്കും ആണ് ഉള്ളത്

തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന എറണാകുളം സ്വദേശി അരവിന്ദ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായ ഒരു അനുഭവം നേരിട്ട്. അരവിന്ദിന്റെ വാക്കുകൾ ഇങ്ങനെ:

"എനിക്ക് ജീൻസിനേക്കാൾ പ്രിയം ലൂസ് ആയ ഹറം പാന്റുകൾ ആണ്. കോട്ടൺ തുണി കൊണ്ടുള്ള കനം കുറഞ്ഞ ഈ പാന്റുകൾ ധരിക്കാൻ വളരെ സൗകര്യവുമാണ്. ഓഫീസിലേക്കും ഇതേ പാന്റ്സ് ആണ് ഞാൻ ധരിക്കാറ്. കഴിഞ്ഞ മാസം ജോലി കഴിഞ്ഞ് ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അവിടെ ജോലി ചെയ്യുന്ന ഒരാൾ എന്നെ ചൂണ്ടി കാട്ടി, ഞാൻ കേൾക്കെ മറ്റാരോടോ പറഞ്ഞു - 'കണ്ടില്ലേ, ആണുങ്ങൾ പെണ്ണുങ്ങളെ പോലെ വേഷം കെട്ടി നടക്കുന്നത്. ഇവർക്ക് ഒന്നും ചോദിക്കാനും പറയാനും ആരുമില്ലേ?' അയാളുടെ ആ കമന്റിൽ അടങ്ങിയിട്ടുള്ള കപട സദാചാര ബോധം എനിക്ക് നല്ലവണ്ണം മനസ്സിലായി. ബസ്സിൽ കയറിയ ശേഷവും ഈ കമന്റ് എന്റെ മനസ്സിൽ കിടന്ന് നീറി.

ആണുങ്ങൾ ചില വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ, ചില വസ്ത്രങ്ങൾ സ്ത്രീകൾക്ക് മാത്രം ഉള്ളതാണ്, ചില പ്രത്യേക രീതിയിൽ പെരുമാറിയാൽ ട്രാൻസ്‌ജെൻഡർ ആണെന്ന് സംശയിക്കപ്പെടും, ഇതിൽ ഏതെങ്കിലും തെറ്റിച്ചാൽ സെക്ഷ്വാലിറ്റി വരെ ചോദ്യം ചെയ്യപ്പെടും.. അങ്ങനെ നൂറ് റിയാലിറ്റികൾ ആണ് അയാളുടെ പരിഹാസത്തിന് കാരണം. അതിന് എനിക്ക് ചുറ്റും ഉള്ളവർക്ക് മുഴുവൻ മനസ്സിലാകുന്ന രീതിയിൽ എങ്ങനെയാണ് ഒരു മറുപടി കൊടുക്കുക? ഈ ചിന്തയിൽ നിന്നാണ് ഒരു സാരി ഫോട്ടോഷൂട്ട് ഞാൻ പ്ലാൻ ചെയ്തത്."

അരവിന്ദ് തന്റെ അനുഭവവും ഫോട്ടോഷൂട്ടിന്റെ പ്ലാനും ആദ്യം പറഞ്ഞത് തന്റെ ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾ ആയ രേഷ്മയോടും അമലിനോടും ആണ്. അവർ കേട്ട മാത്രയിൽ തന്നെ ഐഡിയയെ സ്വാഗതം ചെയ്തു. പക്ഷെ ജനം പല രീതിയിൽ പ്രതികരിച്ചെന്നിരിക്കും. എല്ലാം നേരിടാൻ തയ്യാർ ആയിരിക്കണം - അവർ അരവിന്ദിനെ ഓർമ്മപ്പെടുത്തി. അരവിന്ദ് തന്റെ പ്ലാൻ പൂർത്തിയാക്കാൻ ഏത് അറ്റം വരെയും പോകാൻ തയ്യാർ ആയിരുന്നു.

സാരി ഷോപ്പിങ്, വീണ്ടും ജഡ്ജ്‌മെന്റ്

തനിക്ക് ഇണങ്ങിയ നിറത്തിലും ഡിസൈനിലും ഉള്ള സാരി തെരഞ്ഞെടുക്കാൻ അരവിന്ദും സുഹൃത്തുക്കളും എത്തിയത് തൃപ്പൂണിത്തുറ ചാരുത സിൽക്സിൽ ആയിരുന്നു. അരവിന്ദ് സെയിൽസ് മാനോട് കാര്യം പറഞ്ഞു. അയാൾ തെല്ല് സംശയത്തോടെ സാരി സെക്ഷനിലേക്ക് അവരെ കൂട്ടിക്കൊണ്ട് പോയി. തനിക്ക് വേണ്ടി ആദ്യമായി സാരി വാങ്ങുന്നതിന്റെ ത്രില്ലിൽ ആയിരുന്നു അരവിന്ദ്. അത് കണ്ടപ്പോൾ സെയിൽസ് മാൻ അരവിന്ദിന്റെ പെൺ സുഹൃത്തിനെ മാറ്റിയ നിർത്തി ചോദിച്ചു - 'അല്ല, ഈ ചേട്ടൻ പെണ്ണ് ആകാൻ പോകുകയാണോ?!'

ആണുങ്ങൾ ചില വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ, ചില വസ്ത്രങ്ങൾ സ്ത്രീകൾക്ക് മാത്രം ഉള്ളതാണ്, ചില പ്രത്യേക രീതിയിൽ പെരുമാറിയാൽ ട്രാൻസ്‌ജെൻഡർ ആണെന്ന് സംശയിക്കപ്പെടും, ഇതിൽ ഏതെങ്കിലും തെറ്റിച്ചാൽ സെക്ഷ്വാലിറ്റി വരെ ചോദ്യം ചെയ്യപ്പെടും

"എനിക്ക് ഉത്തരം ഒന്നും പറയാൻ കിട്ടിയില്ല. കാര്യം ആദ്യമേ പറഞ്ഞിട്ട് കൂടി മനുഷ്യരുടെ മനസ്സിൽ ആഴതിൽ പതിഞ്ഞിരിക്കുന്ന മുൻവിധികൾ ആണ് പ്രവർത്തിക്കുന്നത്. അവരോട് ഞാൻ എന്ത് പറയാനാണ്? ഏറ്റവും ഇഷ്ടമായ ഒരു പട്ടുസാരി വാങ്ങി ഞങ്ങൾ ഉടൻ തന്നെ കടയിൽ നിന്ന് ഇറങ്ങി," അരവിന്ദ് പറയുന്നു.

അടുത്ത ഘട്ടം സ്വന്തം കുടുംബത്തോട് കാര്യം അവതരിപ്പിക്കൽ ആയിരുന്നു. വെറും ഒരു ഫോട്ടോഷൂട്ട് അല്ല, പ്ലാൻ ചെയ്തപ്പോൾ തന്നെ ഇത്ര ചോദ്യങ്ങൾ നേരിട്ടു എങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇട്ടാൽ അത് ഇരട്ടി ആകും. അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആയ അരവിന്ദ് കാര്യം പറഞ്ഞപ്പോൾ ആദ്യം അച്ഛനും അമ്മയും 'നാട്ടുകാർ എന്ത് പറയും' എന്ന് ചിന്തിച്ചെങ്കിലും പിന്നീട് അംഗീകരിച്ചു. അമ്മയ്ക്ക് ഒരൊറ്റ ഡിമാൻഡേ ഉണ്ടായിരുന്നുള്ളൂ: ഉപയോഗം കഴിഞ്ഞാൽ സാരി അമ്മയ്ക്ക് വേണം!

ഫോട്ടോഷൂട്ട്, സാരി - ഡേ

സലൂണിൽ നിന്ന് ഭംഗിയിൽ സാരി ഉടുത്ത്, മെയ്ക്കപ്പ് ഇട്ട് ഒരുങ്ങി അരവിന്ദ് കാറിൽ കയറി. പിന്നീടുള്ള അനുഭവങ്ങൾ അരവിന്ദ് തന്നെ പറയുന്നു:

"കാറിൽ കയറിയത് തന്നെ ഒരു വഴിക്കാണ്. ഷൂട്ടിന്റെ ലൊക്കേഷൻ എത്തി കാറിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് മനസ്സിലായത്, ഉടുത്ത പോലെ ഒന്നുമല്ല സാരിയുടെ അവസ്ഥ. വീണ്ടും സാരി ശരിയാക്കാൻ സമയം എടുത്തു. ആ ദിവസം എത്ര സമയം ഞാൻ സാരി ഉടുത്ത് ചെലവഴിച്ചു എന്ന് ഓർമ്മയില്ല. പക്ഷെ അത് കഴിഞ്ഞപ്പോൾ ഒരു കാര്യം ബോധ്യം ആയി - ഈ നാട്ടിലെ സ്ത്രീകളെ സമ്മതിക്കണം! ശീലം കൊണ്ട് മാത്രമാണ് സാരി ഉടുത്ത് ദൈനംദിന ജീവിതത്തിൽ അനായാസം സാരി ഉടുത്ത് പെരുമാറാൻ സ്ത്രീകൾക്ക് സാധിക്കുന്നത്. ഞാൻ ധരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അൺകംഫർട്ടബിൾ ആയ വേഷം ആണ് സാരി. അത് ഉടുത്ത് വേഗത്തിൽ നടക്കാനോ മൂത്രം ഒഴിക്കാനോ കുനിഞ്ഞ് നിവർന്ന് കാര്യങ്ങൾ ചെയ്യാനോ ഒന്നും അനായാസം സാധിക്കില്ല. സ്ത്രീകളുടെ ചലന സ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ വേണ്ടി പറഞ്ഞ് ഉണ്ടാക്കിയ വേഷം പോലെ ഉണ്ട് ഇത്! പുരുഷന്മാരുടെ വേഷങ്ങൾ എല്ലാം എത്രയോ സൗകര്യപ്രദം ആണ്.."

അരവിന്ദിന്റെ സാരി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി. നിരവധി പേര് ആശയത്തെ പിന്തുണച്ച് മുന്നോട്ട് വന്നു. അതേ സമയം ഇൻബോക്സിൽ വന്ന മെസേജുകൾ കണ്ടാൽ അറച്ച് പോകും എന്നാണ് അരവിന്ദ് പറയുന്നത്.

"ഒരു ആണായ ഞാൻ സാരി ഉടുത്ത് നാല് പടം പോസ്റ്റ് ചെയ്തപ്പോൾ ഇത്ര ലൈംഗിക ചുവ കലർന്ന സന്ദേശങ്ങൾ എനിക്ക് വന്നെങ്കിൽ ഒരു പെൺകുട്ടി ഓരോ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും സ്വീകരിക്കുന്ന മെസേജുകൾ എത്ര മോശം ആയിരിക്കും?!" - അരവിന്ദ് അതിശയിച്ച് പോയി.

ഞാൻ ധരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അൺകംഫർട്ടബിൾ ആയ വേഷം ആണ് സാരി. അത് ഉടുത്ത് വേഗത്തിൽ നടക്കാനോ മൂത്രം ഒഴിക്കാനോ കുനിഞ്ഞ് നിവർന്ന് കാര്യങ്ങൾ ചെയ്യാനോ ഒന്നും അനായാസം സാധിക്കില്ല

ക്രോസ് ഡ്രസിങ് - ഒരു രാഷ്ട്രീയ കാഴ്ചപ്പാട്

ആഗോള തലത്തിൽ തന്നെ ക്രോസ് ഡ്രസിങ് ഒരു മൂവ്മെന്റ് ആയി ഉരുത്തിരിഞ്ഞ കാലഘട്ടത്തിൽ ആണ് അരവിന്ദിന്റെ ഫോട്ടോഷൂട്ടിന്റെ പ്രസക്തി. മറ്റൊരു ജെന്ഡറിന്റെ ദൈനംദിന ജീവിതത്തിലെ അനുഭവങ്ങൾ നേരിട്ട് അറിയാൻ അവരുടെ വസ്ത്രം ധരിച്ചു നോക്കുക എന്നത് ലോകത്ത് എന്നല്ല, ഇന്ത്യയിൽ തന്നെ പല ഭാഗങ്ങളിലും ഒരു സമര മുറ ആയി തന്നെ അംഗീകരിക്കപ്പെട്ട് കഴിഞ്ഞു. ഈ വിഷയത്തിൽ അരവിന്ദിന്റെ നിലപാട് ഇങ്ങനെ:

"ഒരു ജെൻഡറിനും, ഒരു സെക്ഷ്വാലിറ്റിക്കും സ്വന്തമായി വസ്ത്രമോ പെരുമാറ്റ രീതികളോ ഇഷ്ടങ്ങളോ ഇല്ല. ഇവയെല്ലാം ഓരോ മനുഷ്യർക്കും ആണ് ഉള്ളത്. വസ്ത്രവും ബാഹ്യമായ രീതികളും നോക്കി മനുഷ്യരുടെ ജെൻഡറും സെക്ഷ്വാലിറ്റിയും ചോദ്യം ചെയ്യുന്നത് അത്യന്തം മോശമായ പ്രവണത ആണ്. എന്നോട് നിരവധി പേര് ഞാൻ ബൈസെക്ഷ്വൽ ആണോ, ട്രാൻസ്‌ജെൻഡർ ആണോ, ഗേ ആണോ എന്നെല്ലാം ചോദിച്ചു.

ഞാൻ സ്ട്രെയ്റ്റ് സെക്ഷ്വാലിറ്റി ഉള്ള ഒരു പുരുഷനാണ്. എനിക്ക് ഇത് വ്യക്തം ആക്കേണ്ടി വരുന്നത് തന്നെ ഗതികേടാണ്. വസ്ത്രങ്ങൾക്ക് ലിംഗമില്ല. ഇഷ്ടമുള്ള വസ്ത്രം ലിംഗഭേദമെന്യേ ധരിക്കാനുള്ള അവകാശം നമുക്കുണ്ട്. ഇല്ലാത്തത് സാമൂഹ്യ അംഗീകാരം ആണ്. അത് ലഭിക്കുന്നത് വരെ നമ്മൾ പൊരുതുക തന്നെ വേണം. സ്ഥിരമായി സ്ത്രീകൾ ധരിക്കുന്ന വേഷങ്ങൾ പുരുഷന്മാർ ധരിക്കാൻ തുടങ്ങിയാൽ അറിയാം, സ്ത്രീകളുടെ ഓരോ ദിവസത്തെയും വിഷമവും കഷ്ടപ്പാടും."

'മോഡൽ' എന്ന വാക്കിനോട് ബന്ധപ്പെട്ട സൗന്ദര്യ സങ്കല്പങ്ങളെയും ഈ ഫോട്ടോഷൂട്ടിലൂടെ അരവിന്ദ് തകർക്കാൻ ശ്രമിക്കുന്നുണ്ട്. തന്റെ ശരീരം, അതിന്റെ വണ്ണത്തോടും വയറോടും കൂടെ, യാതൊരു മടിയും കൂടാതെ ഫോട്ടോസിൽ ഒപ്പി എടുത്തിരിക്കുകയാണ് അരവിന്ദ്. ഏതായാലും ഇനിയും ഇതുപോലെ സാമൂഹ്യ പ്രസക്തമായ ആശയങ്ങൾ ഉൾപ്പെടുത്തിയ ഫോട്ടോഷൂട്ടുകൾ തന്നിൽ നിന്ന് പ്രതീക്ഷിക്കാം എന്ന് അരവിന്ദ് ഉറപ്പ് തരുന്നു.