Jan 19 • 11M

'ഇത്ര വേഗം കുഞ്ഞ് ജനിക്കണ്ടായിരുന്നു' കുറ്റബോധത്തോടെയുള്ള മാതൃത്വം എന്ത് കൊണ്ട്?

അബദ്ധത്തിലോ, സ്വന്തം താത്പര്യങ്ങൾക്ക് എതിരായോ അമ്മയാകേണ്ടി വന്ന സ്ത്രീകളിൽ ആണ് ഇത് കൂടുതലായും കണ്ട് വരുന്നത്

Anagha Jayan E
Comment
Share
 
1.0×
0:00
-11:12
Open in playerListen on);
Episode details
Comments

തുറന്ന് പറയാൻ മടിക്കുന്ന ഒട്ടേറെ വികാരങ്ങൾ മനുഷ്യ മനസ്സുകളിൽ കുഴിച്ച് മൂടപ്പെട്ടിട്ടുണ്ട്. കാഴ്ചകൾ ഒന്നും അശ്ലീലം അല്ലെന്നും കാണുന്ന കണ്ണുകൾക്കാണ് ശരിതെറ്റുകൾ ഉള്ളതെന്നും ഗ്രീക്ക് പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ടല്ലോ. മനുഷ്യർ തീരുമാനങ്ങൾ എടുക്കുന്നത് പിന്നീട് അതോർത്ത് വിഷമിക്കാൻ ആണെന്നും ഇതേ പണ്ഡിതർ തന്നെയാണ് പറഞ്ഞിട്ടുള്ളത്. ആരും അവരെടുത്ത ഒരു തീരുമാനത്തിലും ഇന്നേവരെ പൂർണ്ണമായി തൃപ്തരായിട്ടില്ല എന്നത് വസ്തുതയുമാണ്.

പക്ഷെ ജീവിതത്തിലെ നിർണ്ണായകമായ ചില തീരുമാനങ്ങൾ സമൂഹത്തിന്റെ സദാചാര ബോധങ്ങൾക്ക് വഴങ്ങി എടുക്കേണ്ടി വരുന്ന അവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതെ, ഈ നാട്ടിലെ സ്ത്രീകളെ കുറിച്ച് തന്നെയാണ് പറയുന്നത്. ഇരുപതുകളുടെ ആരംഭത്തിൽ തന്നെ വിവാഹം, അതോടെ ഭർതൃഗൃഹത്തിലേക്ക് പറിച്ചുനടൽ, അത് കഴിഞ്ഞാൽ ആദ്യ ഗർഭധാരണം, അധികം വൈകാതെ രണ്ടാമത്തേത്.. സ്വന്തമായി തീരുമാനങ്ങൾ പോലും എടുക്കാൻ കഴിയാത്തവർക്ക് എന്ത് കുറ്റബോധം, അല്ലെ?

വിദ്യാഭ്യാസത്തിന്റെയും ഉദ്യോഗത്തിന്റെയും കാര്യത്തിൽ ഒട്ടും പുറകിൽ അല്ല ഇന്നത്തെ സ്ത്രീകൾ. അതിരില്ലാത്ത ഭൂമിയും ആകാശവും അവർക്ക് മുന്നിൽ നിവർന്ന് കിടക്കുകയാണ്. ലോകപരിജ്ഞാനവും തീരെ കുറവല്ല. എന്നിട്ടും വിവാഹത്തിന്റെയും ഗർഭധാരണത്തിന്റെയും പേരിൽ തനിക്ക് മുന്നിലുള്ള വാതിലുകൾ കൊട്ടി അടയ്ക്കപ്പെടുമ്പോൾ ഏതൊരു വ്യക്തിക്കും നിരാശ തോന്നിയാൽ അത് തെറ്റല്ല.

പക്ഷെ അത് കടുത്ത മാനസിക അനാരോഗ്യത്തിലേക്കോ നിത്യജീവിതത്തിലെ അസംതൃപ്തിയിലേക്കോ നയിച്ചാലോ? ഒരമ്മയും തുറന്ന് പറയാൻ പോലും ആഗ്രഹിക്കാത്ത ഗുരുതരമായ ഒരു മാനസികാവസ്ഥയെ കുറിച്ചാണ് നാം സംസാരിക്കുന്നത് - റിഗ്രെറ്റ്ഫുൾ മദർഹുഡ്. അഥവാ കുറ്റബോധത്തോടെയുള്ള മാതൃത്വം.

'ഇത്ര വേഗം വേണ്ടായിരുന്നു..'

തൃശ്ശൂർ സ്വദേശിനിയാണ് ഗായത്രി. പഠിക്കാൻ മിടുക്കിയായിരുന്നു. കാണാനും അതിസുന്ദരി. പ്ലസ്-ടൂവിന് പഠിക്കുമ്പോഴാണ് ഗായത്രിക്ക് ആദ്യത്തെ വിവാഹാലോചന വന്നത്. ഡിഗ്രി കഴിയാതെ വിവാഹം കഴിക്കില്ലെന്ന് അവൾ ഉറപ്പിച്ച് പറഞ്ഞു. അങ്ങനെ ബി.കോം പൂർത്തിയാക്കിയ ഉടനെ അതേ ആലോചന വീണ്ടും വന്നു. ഇത്തവണ വീട്ടുകാർ ആലോചനയുമായി മുന്നോട്ട് പോയി. വരൻ വിഷ്ണു ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനായിരുന്നു. ഇനി കാത്തിരുന്നിട്ട് ഇതുപോലൊരു 'കേസ്' വന്നില്ലെങ്കിലോ? ഗായത്രി പറയുന്നു:

"മൂന്ന് വർഷത്തോളം എനിക്ക് വേണ്ടി കാത്തിരുന്ന ആൾ എന്നൊക്കെ പറഞ്ഞ് കേട്ടപ്പോൾ എനിക്കും താത്പര്യമായി. പിന്നെ പത്തിരുപത് വയസ്സല്ലേ ഉള്ളൂ.. പ്രണയം ഒക്കെ തുളുമ്പി നിൽക്കുന്ന സമയമല്ലേ.. പ്രതീക്ഷകൾക്ക് ഒത്ത കുടുംബജീവിതം തന്നെയാണ് ലഭിച്ചത്.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ അമ്മയായി. ഇപ്പോൾ എനിക്ക് വയസ്സ് 28. മോള് രണ്ടാം ക്ലാസ്സിൽ ആയി. ഞാൻ രണ്ടാമത് ഗർഭിണിയാണ്. വീട്ടിൽ എല്ലാവരും വലിയ സന്തോഷത്തിലാണ്. പുറമേക്ക് ഞാനും. പക്ഷെ മനസ്സിന് ഉള്ളിൽ എന്തോ ഒരു വിഷമം.. ഇതിപ്പൊ എന്താ ജീവിതം കൊണ്ട് ഉണ്ടായത്? ഇനി മക്കളെ വളർത്തി ജീവിക്കാം. കൂടിപ്പോയാൽ നാലഞ്ച് വർഷം കഴിഞ്ഞ് വീടിനടുത്ത് എവിടെയെങ്കിലും ചെറിയ ജോലിക്ക് പോവാം. ഒന്നാലോചിച്ചാൽ ഈ നാട്ടിൽ ഭൂരിഭാഗം സ്ത്രീകളും ഇങ്ങനെ ഒക്കെ തന്നെയാണ്. പക്ഷെ എനിക്ക് രാത്രിയായാൽ സങ്കടം വരും.

യാഥാർത്ഥജീവിതത്തിൽ മാതൃത്വം ഒരു ആർജ്ജിച്ചെടുത്ത കഴിവ് മാത്രമാണ്. കുഞ്ഞിനെ സ്നേഹിക്കുകയും, കുഞ്ഞിന്റെ വളർച്ചയിൽ സന്തോഷിക്കുകയും, തന്റെ ജീവിതത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ മാത്രം സംഭവിക്കുന്ന ഒരു 'കോഇൻസിഡൻസ്' മാത്രമാണ് മാതൃത്വം

ചിലപ്പോൾ നിർത്താതെ കരയും. എനിക്ക് തിരിച്ച് കോളേജിൽ പഠിക്കുന്ന പ്രായത്തിലേക്ക് പോകണം. അവിടെ നിന്ന് വീണ്ടും തുടങ്ങണം. ഇത്ര വേഗം വിവാഹം കഴിക്കണ്ട. അമ്മയാവണ്ട. എനിക്ക് സ്വന്തമായി ഒരു കരിയറും ഭാവിയും കെട്ടിപ്പടുക്കണം..! അങ്ങനെ കുറേ കരഞ്ഞ് ഞാൻ ഉറങ്ങിപ്പോവും. ഇതൊക്കെ ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് തോന്നുന്നത് ആണെന്ന് പറഞ്ഞ് വിഷ്ണുവേട്ടനും ആശ്വസിപ്പിക്കും. അതിലപ്പുറം ആരും ഒന്നും ചിന്തിക്കുന്നു പോലുമില്ല!!"

അബദ്ധത്തിലോ, സ്വന്തം താത്പര്യങ്ങൾക്ക് എതിരായോ അമ്മയാകേണ്ടി വന്ന സ്ത്രീകളിൽ ആണ് ഇത് കൂടുതലായും കണ്ട് വരുന്നത്. പക്ഷെ അപ്രതീക്ഷിതമായി അമ്മയായ പല സ്ത്രീകളും പ്ലാൻഡ് മദേഴ്‌സിനെ വെല്ലുന്നത്ര 'പെർഫെക്റ്റ്' അമ്മമാർ ആകുന്ന കാഴ്ചയും നാം കാണുന്നുണ്ട്

ആഗോള തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു തീവ്രമായ നൈരാശ്യത്തിന്റെ വകഭേദമാണ് ഗായത്രിയിൽ കാണാൻ കഴിയുന്നത് - റിഗ്രറ്റ്ഫുൾ മദർഹുഡ് അഥവാ കുറ്റബോധത്തോടെയുള്ള മാതൃത്വം. അബദ്ധത്തിലോ, സ്വന്തം താത്പര്യങ്ങൾക്ക് എതിരായോ അമ്മയാകേണ്ടി വന്ന സ്ത്രീകളിൽ ആണ് ഇത് കൂടുതലായും കണ്ട് വരുന്നത്. പക്ഷെ അപ്രതീക്ഷിതമായി അമ്മയായ പല സ്ത്രീകളും പ്ലാൻഡ് മദേഴ്‌സിനെ വെല്ലുന്നത്ര 'പെർഫെക്റ്റ്' അമ്മമാർ ആകുന്ന കാഴ്ചയും നാം കാണുന്നുണ്ട്.

അതേ സമയം ആഗ്രഹിച്ച് മോഹിച്ച് അമ്മയായ പലരും കുഞ്ഞ് ഉണ്ടായ ശേഷം വേണ്ടായിരുന്നു എന്ന് ചിന്തിച്ച് നിരാശപ്പെടുകയും ചെയ്യുന്നു. കേവലം നിരാശ എന്നതിൽ ഉപരിയായ പ്രത്യാഖാതങ്ങൾ ഈ അവസ്ഥയ്ക്ക് ഉണ്ട്. അമ്മയുടെ മാനസികാവസ്ഥയെയും അമ്മയും കുഞ്ഞുമായുള്ള ബന്ധത്തെയും, എന്തിനേറെ, കുഞ്ഞിന്റെ മാനസികാവസ്ഥയെ തന്നെയും ഇത് ബാധിച്ചേക്കാം. 'ക്വാളിറ്റി ഓഫ് പാരന്റിങ്' എന്ന വിഷയത്തിൽ ലോകത്ത് ആകമാനം നടക്കുന്ന ചർച്ചകളിലെ പ്രധാന വിഷയമാണ് ഇന്ന് അമ്മമാരുടെ കുറ്റബോധവും നൈരാശ്യവും.

പാശ്ചാത്യ ലോകത്ത് ഏറെ സാമൂഹ്യ ശാസ്ത്രജ്ഞരെ പ്രകോപിപ്പിച്ച ഒരു പഠന റിപ്പോർട്ട് ആണ് ഈ വിഷയം പൊതുജന ശ്രദ്ധയിലേക്ക് എത്തിച്ചത്. ഓർണ ഡോണത് എന്ന ഗവേഷക അതിനെ 'റിഗ്രറ്റിങ് മദർഹുഡ്' എന്ന ഒരു പുസ്തകമാക്കി അവതരിപ്പിച്ചു. മക്കൾ ഉണ്ടായതിൽ ഖേദിക്കുന്ന, അവരില്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അമ്മമാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ഈ പുസ്തകത്തിന് ആധാരം. അവയെ അടിസ്ഥാനപ്പെടുത്തിയുള്ള അവലോകങ്ങളും പഠനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞ് അമ്മയുടെ മാത്രം ബാധ്യത ആകുമ്പോൾ..

അമ്മയാകുന്നതോടെ സ്വന്തം കുഞ്ഞിനെ കൈകാര്യം ചെയ്യാനുള്ള മാന്ത്രിക സിദ്ധിയും ദൈവം സ്ത്രീകൾക്ക് നൽകുന്നു എന്ന് മുത്തശ്ശിമാർ പറയും. പക്ഷെ യാഥാർത്ഥജീവിതത്തിൽ മാതൃത്വം ഒരു ആർജ്ജിച്ചെടുത്ത കഴിവ് മാത്രമാണ്. കുഞ്ഞിനെ സ്നേഹിക്കുകയും, കുഞ്ഞിന്റെ വളർച്ചയിൽ സന്തോഷിക്കുകയും, തന്റെ ജീവിതത്തിൽ വന്നിട്ടുള്ള മാറ്റങ്ങളെ തിരിച്ചറിഞ്ഞ് ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ മാത്രം സംഭവിക്കുന്ന ഒരു 'കോഇൻസിഡൻസ്' മാത്രമാണ് മാതൃത്വം. ഇത് ചുറ്റും ഉള്ളവരുടെ മനോഭാവത്തെ വരെ അടിസ്ഥാനപ്പെടുത്തി ഇരിക്കുന്നു.

തന്റെ സ്വകാര്യലോകത്തേക്ക് പുതുതായി കടന്നുവന്ന അതിഥിയെ മനസ്സ് കൊണ്ട് സ്വീകരിക്കാനുള്ള സാവകാശം പോലും നമ്മുടെ സമൂഹം അമ്മമാർക്ക് കൊടുക്കുന്നില്ല എന്നതാണ് സത്യം

കൈക്കുഞ്ഞിനെ പരിപാലിക്കുന്നതിൽ ഒരമ്മയ്ക്ക് മാത്രം ചെയ്യാവുന്ന ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് മുലയൂട്ടൽ തന്നെയാണ്. അമ്മയുടെ ശരീരത്തിന്റെ ചൂട് കുഞ്ഞിന് പകർന്നു നൽകുന്നത് കുഞ്ഞിന്റെ സുരക്ഷാബോധം വർദ്ധിപ്പിക്കും എന്നും പറയപ്പെടുന്നു. അതിൽ കവിഞ്ഞ ഏത് കാര്യവും മറ്റ് കുടുംബാംഗങ്ങൾക്ക് ചെയ്യാവുന്നതാണ്. കുഞ്ഞിനെ കുളിപ്പിക്കൽ, ഭക്ഷണം നൽകൽ, ഉറക്കൽ തുടങ്ങി മറ്റേത് ജോലിയും ചെയ്യാൻ കുടുംബാങ്ങങ്ങൾ - പ്രത്യേകിച്ച് കുഞ്ഞിന്റെ അച്ഛൻ - സന്നദ്ധത കാട്ടേണ്ടതുണ്ട്. അവർ ഒഴിഞ്ഞുമാറുന്ന പക്ഷം കുഞ്ഞ് അമ്മയുടെ മാത്രം ബാധ്യതയാകുന്നു.

തന്റെ സ്വകാര്യലോകത്തേക്ക് പുതുതായി കടന്നുവന്ന അതിഥിയെ മനസ്സ് കൊണ്ട് സ്വീകരിക്കാനുള്ള സാവകാശം പോലും നമ്മുടെ സമൂഹം അമ്മമാർക്ക് കൊടുക്കുന്നില്ല എന്നതാണ് സത്യം. തന്റെ ജീവിതത്തിലും ശരീരത്തിലും വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ തന്നെ കഴിയാത്ത ഒരു സ്ത്രീ എങ്ങനെ സ്വന്തം കുഞ്ഞിനെ പൂർണ്ണ മനസ്സോടെ സ്നേഹിക്കാനാണ്? എങ്കിലും തന്റെ ഉറക്കവും സ്വപ്നങ്ങളും സ്വാതന്ത്ര്യവും മാറ്റിവച്ച് ഒരമ്മ സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നു. അതിനെ മാതൃസ്നേഹം എന്നും മഹത്തായ ത്യാഗം എന്നും വാഴ്ത്തി സമൂഹം ചില്ലിട്ട് പൂജിക്കുന്നു. അടുത്ത തലമുറയിലെ സ്ത്രീകളും ഇത് തന്നെ ചെയ്യും എന്ന് ഉറപ്പ് വരുത്തണമല്ലോ..

അമേരിക്കൻ പൗരയായ എമിലി ഒരിക്കൽ സാമൂഹ്യ മാധ്യമങ്ങളിലെ ഒരു മദേഴ്‌സ് ഫോറത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

"എന്റെ മകൾക്ക് 6 വയസ്സ് പ്രായമുണ്ട്. അവൾ മിടുക്കിയാണ്. എനിക്കവളെ വളരെ ഇഷ്ടമാണ്. ആര് ചോദിച്ചാലും പപ്പയേക്കാൾ ഇഷ്ടം മമ്മയെ ആണെന്ന് അവൾ കണ്ണടച്ച് പറയും. പക്ഷെ അവൾ ജനിച്ച ശേഷം ഓരോ ദിവസവും ഇത്ര വേഗം ഒരു കുഞ്ഞ് വേണ്ടായിരുന്നു എന്ന തോന്നലാണ് ഈ അമ്മയുടെ മനസ്സിൽ എന്ന് ഒരിക്കൽ അവൾ അറിഞ്ഞാൽ എന്താകും സ്ഥിതി?

സത്യമാണ്, കുഞ്ഞ് ഉണ്ടാകുക എന്ന പ്രക്രിയയെ കുറിച്ച് എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ചിത്രമല്ല ഞാൻ അനുഭവിച്ചത്. പാരന്റിങ് ഏറെ ശ്രമകരമായ ഒരു ജോലിയാണ്. മനസ്സും ശരീരവും സാഹചര്യവും എല്ലാം ഒരുപോലെ ഒത്ത് വരേണ്ട ഒന്ന്. എന്റെ മകൾ ജനിച്ചില്ലായിരുന്നെങ്കിൽ എനിക്ക് മുന്നിൽ കെട്ടുപാടുകൾ ഇല്ലാത്ത, സ്വതന്ത്രമായ ഒരു ലോകം തന്നെ ഉണ്ടായിരുന്നേനെ. ഇപ്പോൾ ഭർത്താവിനോട് വഴക്ക് കൂടുമ്പോൾ വരെ മകൾ അടുത്തുണ്ട് എന്ന ചിന്ത മനസ്സിൽ വരും. സ്വസ്ഥമായി ഒന്നുറങ്ങിയിട്ട്, സ്വന്തം ഇഷ്ടപ്രകാരം ആഹാരം കഴിച്ചിട്ട് എത്ര വർഷങ്ങൾ ആയെന്നോ?!"

അമേരിക്കയിൽ യാതൊരു കേടുപാടുകളും ഇല്ലാത്ത ഒരു സമൂഹത്തിൽ ജീവിക്കുന്ന എമിലിയുടെ മനസ്സിൽ ഇങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ നമ്മുടെ നാട്ടിലെ സ്ത്രീകളുടെ മനസ്സ് എങ്ങനെയായിരിക്കും? സമൂഹത്തെ ഭയന്ന്, സ്വന്തം മനസ്സാക്ഷിയെ ഭയന്ന് ആരും പുറത്ത് പറയാൻ തയ്യാറാകാത്ത നൈരാശ്യമാണ് ഇത്.

വിദഗ്ധർ പറയുന്നത്..

മനസ്സിലെ ചിന്തകൾ വിദഗ്ധരുടെ മുന്നിൽ തുറന്ന് പറയുക തന്നെ വേണം എന്നാണു ഡോക്ടർമാർ ഈ വിഷയത്തിൽ അഭിപ്രായപ്പെടുന്നത്. കുടുംബപ്രശ്നങ്ങളുടെ പേരിൽ കുഞ്ഞുങ്ങളുടെ ജീവൻ ബലി നൽകി ജീവനൊടുക്കുന്ന സ്ത്രീകളുടെ മാനസികാവസ്ഥ ഇതേ ബാധ്യതയിൽ ഊന്നിയാണ്. കുഞ്ഞുങ്ങൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമല്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ഒപ്പം, സ്വന്തം വ്യക്തിസ്വാതന്ത്ര്യവും ഉദ്യോഗവും പോലെ തന്നെ ഭാര്യയുടെ ഭാവിയും പ്രധാനമാണ് എന്ന ചിന്ത പുരുഷന്മാരും പുലർത്തേണ്ടതാണ്.

കുറച്ച് സമയം കുട്ടികളോടൊപ്പം ഇരുന്നാൽ 'ഇനി നീ നോക്കിക്കോ, എനിക്ക് വേറെ പണിയുണ്ട്' എന്നു ഭാര്യയോട് പറഞ്ഞ് ഭർത്താവ് എഴുന്നേറ്റ് പോകുന്നുണ്ടെങ്കിൽ അത് ചെയ്യാനുള്ള സ്വാതന്ത്ര്യം ഭാര്യക്കും ഉണ്ടെന്ന് അവർ തിരിച്ചറിയണം. കുട്ടികളുടെ സുരക്ഷ, പരിപാലനം എന്നിവ പൂർണ്ണമായും ദമ്പതിമാരുടെ കൂട്ടുത്തരവാദിത്വമാണ്. ഇരുകുടുംബങ്ങളുടെയും പിന്തുണ ഈ വിഷയത്തിൽ സ്ത്രീകൾക്ക് ആവശ്യമാണ്.

അതേ സമയം സ്വന്തം ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്യാൻ ദമ്പതിമാർ തയ്യാറെടുക്കുന്ന സമയം തന്നെ അവർക്ക് വേണ്ടുന്ന കൗൺസിലിംഗ് ലഭ്യമാക്കേണ്ടതും ആവശ്യമാണ്. തങ്ങൾക്ക് കുഞ്ഞ് വേണമോ വേണ്ടയോ, അതിലും പ്രധാനമായ സ്വപ്‌നങ്ങൾ ഇരുവർക്കും ഉണ്ടോ തുടങ്ങിയ വിഷയങ്ങളിൽ തുറന്ന ചർച്ച ദമ്പതിമാർക്ക് ഇടയിൽ ഉണ്ടാവേണ്ടതാണ്.

പ്രധാനമായി, ബന്ധുക്കളുടെ വാക്കുകളും സമൂഹത്തിന്റെ സദാചാരപരമായ ചോദ്യങ്ങളും ഭയന്ന് ഗർഭം ധരിക്കാതിരിക്കുക. കാരണം, അങ്ങനെ ചെയ്താൽ നിങ്ങൾ സ്വന്തം ജീവിതത്തിനൊപ്പം കുഞ്ഞിന്റെ ജീവിതം കൂടിയാണ് നരകമാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ കുഞ്ഞുങ്ങളുടെ നേർക്ക് മാതാപിതാക്കൾ അഴിച്ചുവിടുന്ന അക്രമങ്ങൾ പെരുകി വരുന്നതിന്റെ പ്രധാന കാരണം ഇത്തരം പ്ലാനിങ്ങോടെ അല്ലാത്ത ഗർഭധാരണം ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിവാഹം, ഗർഭധാരണം തുടങ്ങി, ജീവിതത്തെ സംബന്ധിക്കുന്ന സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീയുടെ മേൽ സമ്മർദ്ദം ചെലുത്താൻ കുടുംബത്തിനോ പങ്കാളിക്കോ യാതൊരു അവകാശവും ഇല്ലെന്ന തിരിച്ചറിവ് ഈ നാട്ടിലെ പെൺകുട്ടികൾക്ക് ഉണ്ടാവേണ്ടതാണ്.