Jan 27 • 9M

നമ്മുടെ നാടും മാറി: ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഡോക്ടറെ ചേർത്ത് പിടിച്ച് തൃശ്ശൂർ..

Anagha Jayan E
Comment
Share
 
1.0×
0:00
-8:39
Open in playerListen on);
Episode details
Comments

തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഉള്ള സീതാറാം ഹോസ്പിറ്റലിൽ നിറഞ്ഞ ചിരിയുമായി അതിഥികളെ കാത്തിരിക്കുന്ന ഒരു മുഖമുണ്ട് - ഡോക്ടർ വി.എസ് പ്രിയയുടേത്. ഒരിക്കൽ കണ്ട് പോയ രോഗികൾ വീണ്ടും അന്വേഷിച്ച് എത്തുന്ന ഈ ഡോക്ടറുടെ പ്രസരിപ്പ് ആർന്ന ചിരിക്ക് പിന്നിൽ കേരളം ഒരിക്കൽ ആഘോഷം ആക്കിയ ഒരു കഥ ഉണ്ട്. ഡോക്ടറുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ, 'ചിരിക്കാൻ പോലും അറിയാതിരുന്ന ഒരു കുട്ടിക്ക് ഏറെ വൈകി കിട്ടിയ അംഗീകാരം.'

സ്വന്തം ലൈംഗികത തിരിച്ചറിയൽ, അതിനെ അംഗീകരിക്കൽ, ചുറ്റും ഉള്ളവരുടെ വാക്കുകളെയും നോക്കുകളെയും ചെറുക്കൽ തുടങ്ങി ലിംഗ മാറ്റ ശസ്ത്രക്രിയ വരെ എത്തി നിൽക്കുന്ന യാത്രയ്ക്ക് ഇടയിൽ ഈ മിടുക്കി പഠിച്ച് നേടിയത് തന്റെ സ്വപ്ന ജോലി കൂടിയാണ്. അടുത്തറിയാം, ഡോക്ടർ പ്രിയ വി.എസ്സിനെ..

ഇന്ത്യയിലെ ആദ്യ പ്രഖ്യാപിത ട്രാൻസ്‌ജെൻഡർ ഡോക്ടർ ആണ് തൃശ്ശൂർ സ്വദേശിനി പ്രിയ വി. എസ്. സ്വന്തം ലിംഗമാറ്റം ചുറ്റും ഉള്ളവരുടെ മനസ്സിന്റെ പരിണാമം കൂടി ആക്കാൻ പ്രിയ കാട്ടിയ ക്ഷമയും പരിശ്രമവും സ്തുത്യർഹം ആണ്. ചെറുപ്പം മുതൽ തന്നെ പ്രിയയുടെ ശീലങ്ങൾ ചേട്ടനിൽ നിന്നും വ്യത്യസ്തമാണ്. "ഞാൻ അമ്മയോട് വളരെ അറ്റാച്ഡ് ആണ്. ഇപ്പോഴും അമ്മയുടെ ഒപ്പം ഉണ്ടാകും. സ്‌കൂളിൽ എത്തിയാൽ പെൺകുട്ടികളോടാണ് കൂട്ട്.

ചെറുപ്പത്തിൽ എനിക്ക് പാവാടയും ബ്ലൗസും വേണം എന്ന് പറഞ്ഞ് വാശി പിടിച്ചിട്ടുണ്ട്. രണ്ട് ആൺമക്കളെ പ്രസവിച്ച അമ്മ മോഹം തീർക്കാൻ എനിക്ക് അത് വാങ്ങി തന്നിട്ടും ഉണ്ട്. പക്ഷെ സാധാരണ വിട്ട് ഞാൻ അതിനായി വാശി പിടിച്ച് തുടങ്ങിയപ്പോൾ വീട്ടിൽ ചീറിയ രീതിയിൽ അസ്വസ്ഥതകൾ തുടങ്ങി.." - പ്രിയ ഓർത്തെടുക്കുന്നു.

ആദ്യമായി പ്രിയ 'കമിങ് ഔട്ട്' നടത്തിയത് എൽ. പി സ്‌കൂളിൽ പഠിക്കുമ്പോൾ ആണ്! ഒരു സുപ്രഭാതത്തിൽ സ്‌കൂളിൽ എത്തിയ കുഞ്ഞ് പ്രിയ കൂട്ടുകാരോട് പറഞ്ഞു: 'നിങ്ങൾ ഇനി എന്നെ ഒരു പെൺകുട്ടി ആയി കണ്ടാൽ മതി. ഇത് നിങ്ങൾക്ക് അറിയാവുന്നവരോടും പറഞ്ഞോളൂ. യഥാർത്ഥത്തിൽ ഞാനൊരു പെണ്ണാണ്.' ഈ പ്രസ്താവന വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. കുട്ടികൾ ടീച്ചർമാരോടും രക്ഷിതാക്കളോടും എല്ലാം കാര്യം പറഞ്ഞു.

അവർ തമ്മിൽ വിളിയായി, പറച്ചിലായി, ആകെ പൊല്ലാപ്പായി. പിറ്റേന്ന് വീട്ടിൽ ഒരു മിനി ലോകയുദ്ധം തന്നെ അരങ്ങേറി. "ഇതൊക്കെ ഈ പ്രായത്തിൽ വരുന്ന ഓരോ ചിന്തകൾ ആണ്, അതൊന്നും കാര്യം ആക്കാതെ നീ പഠിക്കണം' എന്നാണ് അച്ഛൻ ഉപദേശിച്ചത്. കുടുംബത്തിന് മോശപ്പേര് ഉണ്ടാക്കരുത് എന്നും കട്ടായം പറഞ്ഞു. അമ്മയും ചേട്ടനും എല്ലാം അന്ന് വഴക്ക് പറഞ്ഞു. പക്ഷെ എന്നുവച്ച് എനിക്ക് ചുമ്മാതിരിക്കാൻ പറ്റുമോ? ഞാൻ എന്റെ രീതികളും ആയി മുന്നോട്ട് പോയി," പ്രിയ പറയുന്നു.

"എന്നെ ഒരു കല്യാണത്തിന് കൊണ്ട് പോകാൻ പോലും വീട്ടുകാർക്ക് ടെൻഷൻ ആയിരുന്നു. എന്റെ രീതികൾ കണ്ട് ബന്ധുക്കൾ വല്ലതും പറഞ്ഞാലോ എന്ന്. അതൊക്കെ ഓർക്കുമ്പോൾ അന്നത്തെ എന്നോട് വല്ലാതെ പാവം തോന്നും’’

പക്ഷെ വലിയ ചൈൽഡ്ഹുഡ് ട്രോമകൾ ആണ് പ്രിയയെ പിന്നീട് കാത്തിരുന്നത്. സംസാരവും രീതികളും കണ്ട് എല്ലാവരും പ്രിയയെ മാറ്റി നിർത്തി. ഉറ്റ സുഹൃത്തുക്കൾ ഇല്ലാതെ ആയി. ല്ലാ സ്ഥലങ്ങളിലും ഒറ്റപ്പെട്ടു. "എന്നെ ഒരു കല്യാണത്തിന് കൊണ്ട് പോകാൻ പോലും വീട്ടുകാർക്ക് ടെൻഷൻ ആയിരുന്നു. എന്റെ രീതികൾ കണ്ട് ബന്ധുക്കൾ വല്ലതും പറഞ്ഞാലോ എന്ന്. അതൊക്കെ ഓർക്കുമ്പോൾ അന്നത്തെ എന്നോട് വല്ലാതെ പാവം തോന്നും. അന്നൊന്നും ഞാൻ മനസ്സ് നിറഞ്ഞ് ചിരിക്കാറേ ഇല്ല," പ്രിയ ഓർക്കുന്നു.

അതുകൊണ്ട് സ്‌കൂൾ കാലഘട്ടം കഴിഞ്ഞ് എൻട്രൻസ് കോച്ചിങ് തുടങ്ങിയപ്പോൾ പ്രിയ ഒരു തീരുമാനം എടുത്തു: കോളേജ് ലൈഫ് എന്ത് വില കൊടുത്തും അടിച്ച് പൊളിക്കണം. അതിന് വേണ്ടി, ഒരു മുഖം മൂടി എടുത്ത് അണിഞ്ഞത് പോലെ, തന്റെ ഉള്ളിലെ സ്ത്രീത്വം മറച്ച് വച്ച് ഒരു യുവാവ് മാത്രമായി മെഡിസിൻ പഠനം നടത്തി.

"യാതൊരു മുൻവിധികളും കൂടാതെ ആളുകൾ എന്നോട് കൂട്ട് കൂടുന്നത്, എന്നെ ചേർത്ത് നിർത്തുന്നത് എല്ലാം എനിക്ക് എന്തൊരു സന്തോഷം ആയിരുന്നു എന്നോ.. ഞാൻ എന്റെ സംസാര രീതികളും ശരീര ഭാഷയും എല്ലാം മറച്ച് വച്ച് ഒരു കംപ്ലീറ്റ് മാൻ ആയി അഭിനയിച്ചു. എനിക്ക് നിറയെ സൗഹൃദങ്ങൾ ഉണ്ടായിരുന്നു. അത്ര ആസ്വദിച്ച ഒരു കാലഘട്ടം വേറെയില്ല. അത് കഴിഞ്ഞ് പി.ജി ചെയ്തതും അങ്ങനെ തന്നെ.."

അതിനെല്ലാം ശേഷം തൃശ്ശൂരിൽ - സ്വന്തം നാട്ടിൽ - ഡോക്ടർ ആയി ജോലി സമ്പാദിച്ചതിന് ശേഷം ആണ് പ്രിയ തന്റെയും ചുറ്റും ഉള്ളവരുടെയും ജീവിതത്തെ ഒട്ടാകെ മാറ്റി മരിച്ച ആ തീരുമാനം എടുത്തത്. "എന്നെ സ്നേഹിക്കുന്നവരുടെ പൂർണ്ണ പിന്തുണയോടെ വേണം എന്റെ ശാരീരിക പരിണാമം എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അവർ എന്ത് ചോദിച്ചാലും എനിക്ക് ഉത്തരം ഉണ്ടായിരിക്കണം. അതിനായി ഞാൻ ഗഹനമായി ഇതിനെ കുറിച്ച് പഠിച്ചു. അതിന് ശേഷം വീട്ടിൽ നിന്ന് ബോധവത്കരണം തുടങ്ങി. ആദ്യം അച്ഛൻ തീരെ അടുത്തില്ല.

പിന്തുണയോടെ 'അമ്മ

പരമ്പരാഗതമായി സമൂഹത്തിന് ട്രാൻസ്‌ജെൻഡർ വ്യക്തികളോട് ഉള്ള മുൻവിധി തന്നെയാണ് എന്റെ അച്ഛനും ഉണ്ടായിരുന്നത്. അതുകൊണ്ട് ഞാൻ എന്റെ യാത്ര തുടങ്ങാൻ പോകുകയാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു. അമ്മയ്ക്ക് എന്റെ മനസ്സ് അറിയാമായിരുന്നു. അതുകൊണ്ട് അധികം എതിര് നിന്നില്ല. പക്ഷെ ലിംഗമാറ്റ ശസ്ത്രക്രിയ എന്നാൽ എന്താണ് എന്നും അതിന്റെ നല്ലതും ചീത്തയും ആയ വശങ്ങൾ എന്തൊക്കെ എന്നും ഞാൻ അമ്മയെ പറഞ്ഞ് മനസ്സിലാക്കി. ചേട്ടന് ആദ്യം എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും പിന്നീട് ശരിയായി. ഒന്നുമില്ലെങ്കിലും ചേട്ടനും ഒരു ഡോക്ടർ അല്ലെ.." - പ്രിയ പ്രതീക്ഷ കൈവിടാതെ പറഞ്ഞു.

അതിനെല്ലാം ശേഷമാണ് ജോലി ചെയുന്ന ആശുപത്രിയിൽ പ്രിയ കാര്യം അവതരിപ്പിച്ചത്. പ്രതീക്ഷിച്ചതിലും വളരെ വലിയ കടമ്പ ആയിരുന്നു അത്. "ആശുപത്രിയുടെ മാനേജർ വിനീത എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ്. ഞാൻ എന്റെ ലിംഗമാറ്റ ചികിത്സ തുടങ്ങാൻ പോകുന്നു എന്ന് ആദ്യം പറഞ്ഞത് അവരോടാണ്. അവരുടെ പൂർണ്ണ പിന്തുണ എനിക്ക് ഉണ്ടായിരുന്നു.

ഞങ്ങൾ ഇരുവരും ചേർന്നാണ് എം.ഡി.യെ കണ്ട് കാര്യം പറഞ്ഞത്. അദ്ദേഹം കുറച്ച് കൺഫ്യൂസ്ഡ് ആയിരുന്നെങ്കിലും ഒരാളുടെ ജീവിതത്തെ സംബന്ധിച്ച തീരുമാനം ആയതിനാൽ മുന്നും പിന്നും നോക്കാതെ സമ്മതം മൂളി. അങ്ങനെ ഞാൻ ഹോർമോൺ ചികിത്സ തുടങ്ങി. അപ്പോഴാണ് അത്ര നാൾ ഞാൻ ചിന്തിക്കാതിരുന്ന മറ്റൊരു പ്രതിസന്ധി വന്നത്.

അറുപതോളം സ്റ്റാഫ് മെമ്പേഴ്‌സ് ഉണ്ട് ആശുപത്രിയിൽ. എന്റെ ശരീരത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയപ്പോൾ നേഴ്‌സുമാർ മുതൽ വൃത്തിയാക്കാൻ വരുന്നവർ വരെ നെറ്റി ചുളിക്കാൻ തുടങ്ങി. ഇനി ഒരു സ്ഥലത്ത് കൂടി ഒറ്റപ്പെട്ട് ജീവിക്കാൻ എനിക്ക് കഴിയില്ല അതുകൊണ്ട് ഞാൻ അവരിൽ ഓരോരുത്തരെയും വിളിച്ച് വ്യക്തിപരമായി സംസാരിക്കാൻ തുടങ്ങി. ട്രാൻസ്‌ജെൻഡർ / ക്വിയർ ഐഡന്റിറ്റികളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന ചോദ്യത്തിൽ നിന്നുമാണ് ഞാൻ ഓരോരുത്തരോടും ഉള്ള സംസാരം തുടങ്ങിയത്. ഒരു സർവേക്ക് വേണ്ടിയാണ് എന്നും മുഖവുര കൊടുത്തു.

ദോഷം പറയരുതല്ലോ, ഒന്ന് ഒഴിയാതെ എല്ലാ സ്റ്റാഫുകൾക്കും വളരെ മോശം അഭിപ്രായം ആയിരുന്നു! എനിക്ക് അത് വല്ലാത്ത ഷോക്കാർ ആയി. നാളെ എന്നെ ചേർത്ത് നിർത്താൻ എന്റെ തൊഴിലിടത്ത് ആരും തന്നെ ഉണ്ടായിരിക്കില്ല എന്നല്ലേ അതിന് അർഥം? ഞാൻ ഈ വൺ -ഓൺ -വൺ ബോധവത്കരണം പിന്നീടുള്ള ഒരു വർഷക്കാലം തുടർന്നു. അങ്ങനെ എന്റെ തൊഴിലിടത്ത് ട്രാൻസ്‌ജെൻഡർ / ക്വിയർ വിഭാഗങ്ങളെ കുറിച്ച് മികച്ച ബോധ്യം നിലവിൽ വന്നു. അതിന് ശേഷം ആയിരുന്നു എന്റെ ശസ്ത്രക്രിയകൾ നടന്നത്.." പ്രിയ അഭിമാനത്തോടെ പറയുന്നു.

ഇപ്പോൾ പ്രിയ സന്തോഷവതിയാണ്. താൻ ആഗ്രഹിച്ച് കിട്ടിയ സ്വത്വം ആസ്വദിക്കുകയാണ് ഈ ഡോക്ടർ ഇപ്പോൾ. ശരീരവും മനസ്സും ഒന്നായ പോലെ, ആഗ്രഹ സാഫല്യത്തിന്റെ നിറവിൽ ആണ് പ്രിയ. തന്റെ മുന്നിൽ എത്തുന്ന രോഗികളുടെ കാര്യം പറയാൻ പ്രിയക്ക് നൂറ് നാവാണ്. "ജിനു ഡോക്ടറെ തന്നെ കാണണം എന്ന് വാശി പിടിച്ച് എന്റെ പഴയ പേഷ്യന്റ്സ് വരും. റൂമിൽ എന്നെ കാണുമ്പോൾ സോറി പറഞ്ഞ് പോകും. രണ്ട് മിനിറ്റ് കഴിഞ്ഞ് എന്നോട് തന്നെ ചോദിക്കും ജിനു ഡോക്ടർ എവിടെപ്പോയി എന്ന്.

എല്ലാവരും ഒരു ട്രാൻസ്‌ജെൻഡർ ആയ ഡോക്ടറെ സാധാരണയായി കണ്ട് അംഗീകരിക്കുന്നുണ്ട്. നമ്മുടെ തൃശ്ശൂരും പുരോഗമിച്ചു എന്ന് അറിയുന്നത് തന്നെ ഒരു സുഖമല്ലേ?"

ഞാൻ തന്നെയാണ് നിങ്ങൾ അന്വേഷിക്കുന്ന ജിനു ഡോക്ടർ എന്ന് പറയുമ്പോൾ അവർ അന്തം വിട്ട് നിൽക്കും. പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ച ഒരു കാര്യം ഇതാണ്, ഒരാൾ പോലും - അത് സ്റ്റാഫ്‌സോ രോഗികളോ ആയിക്കോട്ടെ - ഒരൊറ്റ വ്യക്തി പോലും എന്നെ ഒറ്റപ്പെടുത്തിയിട്ടില്ല. എല്ലാവരും ഒരു ട്രാൻസ്‌ജെൻഡർ ആയ ഡോക്ടറെ സാധാരണയായി കണ്ട് അംഗീകരിക്കുന്നുണ്ട്. നമ്മുടെ തൃശ്ശൂരും പുരോഗമിച്ചു എന്ന് അറിയുന്നത് തന്നെ ഒരു സുഖമല്ലേ?" ഡോക്ടർ ചോദിക്കുന്നു.

സ്ത്രീത്വം എന്നാൽ സ്വാതന്ത്ര്യം

പ്രിയക്ക് സ്ത്രീത്വം എന്നാൽ സ്വാതന്ത്ര്യം ആണ്. സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന ദുരിതങ്ങൾ എല്ലാം അറിഞ്ഞുകൊണ്ടാണ് പ്രിയ സ്ത്രീത്വത്തെ സ്വീകരിച്ചിരിക്കുന്നത്. "ഇപ്പോഴും ചിലർ ചോദിക്കും, ഈ തീരുമാനത്തിൽ കുറ്റബോധമില്ലേ എന്ന്. സ്ത്രീകൾ പുരുഷന്മാർ ആകാൻ ആഗ്രഹിക്കുന്ന കാലത്ത് ആരെങ്കിലും തിരിഞ്ഞ് നടക്കുമോ എന്ന്. സ്ത്രീകൾ തന്നെ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് കേൾക്കുമ്പോൾ സങ്കടം തോന്നും," പ്രിയ പറയുന്നു. എന്തായാലും അമ്മയ്ക്ക് ഒരു മകളെ കിട്ടിയ, ചേട്ടന് ഒരു അനിയതിക്കുട്ടിയെ കിട്ടിയ സന്തോഷമാണ് വീട്ടിൽ. നാട്ടിൽ ആകട്ടെ, ഇപ്പോഴും മുഖത്ത് നിറഞ്ഞ ചിരിയുമായി ഇരിക്കുന്ന ചുണക്കുട്ടിയായ ഡോക്ടറെ കിട്ടിയ സന്തോഷവും