Nov 11, 2021 • 12M

'പെറ്റ പെണ്ണ്' നേരിടുന്ന വെല്ലുവിളികൾ..ബോഡി ഷെയിമിങ്ങും ബോസി നഴ്സിംഗും നാട്ടുനടപ്പോ?

''ഇതെന്താ പെണ്ണേ നിന്റെ പൊക്കിൾ കുഴിയാഞ്ഞത്? ഈ വയർ താഴുന്ന ലക്ഷണം ഒന്നുമില്ല. ഒന്ന് പെറ്റാൽ തന്നെ ഇന്നത്തെ പെണ്ണുങ്ങൾ തള്ളയെ പോലെ ആകും. വെറുതെയാണോ ആണുങ്ങൾ വേറെ പെണ്ണിനെ തപ്പി പോകുന്നത്?''

3
 
1.0×
0:00
-11:31
Open in playerListen on);
Episode details
Comments

"തള്ള നല്ല തടിച്ച് ഉരുണ്ട് ഇരിപ്പുണ്ട്; പറഞ്ഞിട്ടെന്താ, കൊച്ചിന് പാലില്ല! കൊച്ചിന്റെ തലയിൽ ഒരൊറ്റ മുടി പോലുമില്ല.. എന്തൊരു മെലിഞ്ഞ കൊച്ചാണ്! മുല വായിൽ തിരുകിയിട്ട് കാര്യമുണ്ടോ.. പാല് വേണ്ടേ! പെറ്റ പെണ്ണ് കാലിന്മേൽ കാലും കയറ്റി വച്ച് ഫോൺ കുത്തി ഇരിക്കുന്നത് ലോകത്ത് ആദ്യമാണ്. എങ്ങോട്ടാ ധൃതി പിടിച്ച്? പെറ്റ പെണ്ണിനെ കെട്ടിയവൻ കണ്ടുകൂടാ.."

ടെലിവിഷൻ സീരിയലിലെ ദുഷ്ടയായ അമ്മായിയമ്മയുടെ ജല്പനങ്ങൾ അല്ല ഇത്. ഇന്നും നമ്മുടെ പ്രബുദ്ധ കേരളത്തിൽ പ്രസവിച്ച് കിടക്കുന്ന സ്ത്രീകൾ കേൾക്കേണ്ടി വരുന്ന പിന്തിരിപ്പൻ ഡയലോഗുകളിൽ ചിലത് മാത്രമാണ്. ഒരു സ്ത്രീ മാനസികമായും ശാരീരികമായും ഏറ്റവും തളർന്ന് ഇരിക്കുന്ന സമയം പ്രസവാനന്തര നാളുകൾ ആയിരിക്കും. വാക്ക് കൊണ്ടും നോക്ക് കൊണ്ടും ചെയ്ത്ത് കൊണ്ടും ഏറ്റവും മൃദുലമായി കൈകാര്യം ചെയ്യേണ്ട രണ്ട് വ്യക്തികളാണ് നവജാത ശിശുവും പുതുമ മറാത്ത അമ്മയും.

പക്ഷെ മലയാളി വീട്ടകങ്ങളിൽ സ്ത്രീകൾ ഏറ്റവും കൂടുതൽ പീഡനം നേരിടുന്ന അവസരം കൂടിയാണ് ഇത്. മൂന്ന് സ്ത്രീകളുടെ അനുഭവങ്ങളിലൂടെ പ്രസവാനന്തര കാലത്തെ ജീവിതത്തിന്റെ നേർക്കാഴ്ച നമുക്ക് കേട്ടറിയാം..

ബോഡി ഷെയ്‌മിങ്, ബോസി നേഴ്‌സിങ്

ആതുരശുശ്രൂഷകരിൽ ഏറ്റവും ഡിമാൻഡ് ഉള്ളവർ പ്രസവശുശ്രൂഷ ചെയ്യുന്നവരാണ്. നാട്ടിൻപുറങ്ങളിൽ ഇന്നും 'പേറ് നോക്കാനും കുളിപ്പിക്കാനും' പരമ്പരാഗത പരിശീലനം നേടിയ സ്ത്രീകൾ ഉണ്ട്. നഗരപ്രദേശങ്ങളിൽ ഈ സേവനം വശമുള്ളവർ ഭീമമായ തുക ഈടാക്കുകയും ചെയ്യും. പ്രസവത്തിന്റെയും ശിശുപരിപാലനത്തിന്റെയും കാര്യം അല്ലേ എന്നുകരുതി മിക്ക വീട്ടുകാരും അതിൽ ഉപേക്ഷ കാണിക്കുകയുമില്ല. തൃശ്ശൂർ സ്വദേശിനി ശ്രീലക്ഷ്മിയുടെ അനുഭവം ഇങ്ങനെ:

"എന്റെ വീട്ടിൽ ഏറ്റവും ഇളയ കുട്ടി ഞാനാണ്. കഴിഞ്ഞ 26 വർഷങ്ങൾക്ക് ഇടയിൽ ഞാനോ എന്റെ വീട്ടുകാരോ മറ്റൊരു കുട്ടിയെ കൈകാര്യം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ പ്രസവം അടുക്കാറായപ്പോൾ ഞങ്ങളുടെ ഗ്രാമത്തിൽ സ്ഥിരമായി പ്രസവശുശ്രൂഷ ചെയ്യുന്ന ലൂസി എന്ന സ്ത്രീയെ എന്നെയും കുഞ്ഞിനേയും നോക്കാൻ ഏർപ്പെടുത്തി. അവർ വന്നപ്പോൾ പക്ഷെ കാര്യങ്ങൾ ഞങ്ങൾ സങ്കല്പിച്ച പോലെ ഒന്നും അല്ലായിരുന്നു. എന്നെ നഗ്നയായി കുളിമുറിയിൽ നിർത്തി ചുറ്റും നടന്ന് ശരീരം അളന്നു.

'ഇടിഞ്ഞ് തൂങ്ങിയ മാറ്.. ഇനി പാല് നിറഞ്ഞാൽ എന്താവും?! വടക്കേതിലെ അമ്മുവിൻറെ മാറ് ഉണ്ടല്ലോ.. അതൊക്കെയാണ് നെഞ്ചുറപ്പ്! ഇതെന്താ പെണ്ണേ നിന്റെ പൊക്കിൾ കുഴിയാഞ്ഞത്? ഈ വയർ താഴുന്ന ലക്ഷണം ഒന്നുമില്ല. ഒന്ന് പെറ്റാൽ തന്നെ ഇന്നത്തെ പെണ്ണുങ്ങൾ തള്ളയെ പോലെ ആകും. വെറുതെയാണോ ആണുങ്ങൾ വേറെ പെണ്ണിനെ തപ്പി പോകുന്നത്?!' ഇതുപോലെ അനിയന്ത്രിതമായ ബോഡി ഷെയ്മിങ് ആയിരുന്നു അവർ അഴിച്ചുവിട്ടത്. പ്രസവക്കുളിയെ പറ്റി ഒന്നും അറിയാതിരുന്ന എന്നെ അവർ, പ്രസവത്തിന്റെ നാലാം നാൾ മുതൽ കുളിമുറിയിൽ ഒരു മണിക്കൂറോളം നിർത്തി കുഴമ്പിട്ട് വലിച്ച് ഉഴിഞ്ഞ്, തിളച്ച വെള്ളം അടിച്ച് ഒഴിച്ച്, മഞ്ഞൾ തേച്ച് ഉരച്ച് കുളിപ്പിച്ചു.

എനിക്ക് ദിവസങ്ങളോളം മേലുവേദനയും ക്ഷീണവും ആയിരുന്നു. അത് കൂടാതെ ഒരു പ്രസവത്തോടെ ശരീരം ഇങ്ങനെ ഒക്കെ ആയതിൽ ഉള്ള സങ്കടവും അപകർഷതാ ബോധവും. സ്വാഭാവിക പ്രസവം കഴിഞ്ഞ് വജൈനയിൽ ഇട്ട സ്റ്റിച്ച് വേഗം വിട്ടുപോരാൻ എന്ന് പറഞ്ഞ് അവർ തിളച്ച വെള്ളം വാടകയിൽ നിറച്ച് അതിൽ എന്നെ ഇരുത്തുകയും പതിവായിരുന്നു. ഇതൊന്നും കൂടാതെ കുഞ്ഞിനെ കാണാൻ വരുന്ന ബന്ധുക്കളോട് എനിക്ക് പാൽ കുറവാണ് എന്നും നാവ് കൂടുതൽ ആണെന്നും ഉള്ള പരാതികളും! കാത്ത് കാത്തിരുന്ന പ്രസവകാലം എനിക്ക് ഒരിക്കലും മറക്കാത്ത ദുരിതകാലം ആയിരുന്നു."

ശ്രീലക്ഷ്മിയുടെ മാത്രമല്ല, കേരളത്തിലെ ഒട്ടുമിക്ക ഗർഭിണികളുടെയും പ്രസവാനന്തര കാലം ഇങ്ങനെയൊക്കെ തന്നെയാണ്. ആയുർവേദം എന്ന പേരിൽ പേറ്റുകുളിക്കാർ പറയുന്ന എന്തും അനുസരിച്ച്, അവരുടെ ഭരണവും അഹങ്കാരവും സഹിച്ച്, അവരെ മാനസികമായും ശാരീരികമായും ആശ്രയിച്ച് കഴിയുക. ഒരു പുരുഷന് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ദുരിതകാലം തന്നെയാണ് അത്.

സി-സെക്ഷനും പ്രസവം തന്നെയാണ്!

"ഓ.. സിസേറിയൻ ആണോ. എങ്കിൽ എന്ത് ക്ഷീണം? മേലനങ്ങി പ്രസവിച്ചവർക്ക് അല്ലെ വേദനയും ക്ഷീണവും?!" സി-സെക്ഷൻ കഴിഞ്ഞിരിക്കുന്ന ഒരു ശരാശരി 'അമ്മ കേട്ടിരിക്കാൻ നൂറ് ശതമാനം സാധ്യതയുള്ള വാചകമാണ് ഇത്. ശസ്ത്രക്രിയയുടെ സമയത്ത് അനസ്തേഷ്യ നൽകും എന്നതിനാൽ പ്രസവത്തോട് ബന്ധപ്പെട്ട മരണവേദന ഒരു പ്രശ്നമേ അല്ല എന്ന കാഴ്ചപ്പാടാണ് നാട്ടുകാർക്ക്!

എന്നാൽ സിസേറിയൻ കഴിഞ്ഞ് രണ്ടാം ദിവസം സ്വന്തം കുഞ്ഞിനെ കൈയിൽ താങ്ങി പിടിക്കാൻ പോലും കഴിയാതെ, കുഞ്ഞിന്റെ വിശപ്പ് മാറ്റാൻ ആവശ്യത്തിന് പാലില്ലാതെ, അടിവയറ്റിലെ ഭീകരമായ വേദന ഭയന്ന് തുമ്മാൻ പോലും പേടിച്ച് കഴിയുന്ന അമ്മമാരുടെ അവസ്ഥ ഈ പരദൂഷണക്കാർക്ക് ഉണ്ടോ അറിയുന്നു!! പത്തനംതിട്ട സ്വദേശിനി വിനീതയുടെ അനുഭവം ഏറെ വ്യത്യസ്തമാണ്.

സി-സെക്ഷൻ ഡെലിവറി കഴിഞ്ഞാൽ മുലപ്പാൽ വരാൻ വൈകുന്നത് അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹം തോന്നാത്തത് കൊണ്ടാണ്, ദേഹം അനങ്ങി പ്രസവിച്ചില്ലെങ്കിൽ അതിന്റെ ദോഷം പിന്നീടുള്ള കാലം മുഴുവൻ തള്ളയും കുഞ്ഞും അനുഭവിക്കും തുടങ്ങി സി-സെക്ഷൻ അമ്മമാർ കേൾക്കുന്ന പരിഹാസങ്ങൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്

"ഇന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങൾ ആണ് പ്രസവവും അതിനെ തുടർന്നുള്ള നാളുകളും. സ്വാഭാവിക പ്രസവത്തിന്റെ വേദന പകുതിയോളം സഹിച്ച ശേഷമാണ് കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾകൊടി ചുറ്റി വരിഞ്ഞു എന്നുപറഞ്ഞ് സിസേറിയൻ ചെയ്യുന്നത്. രണ്ട് തരം പ്രസവത്തിന്റെയും വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്. വളരെ സങ്കീർണ്ണമായ സി-സെക്ഷൻ ശസ്ത്രക്രിയ പലർക്കും പല രീതിയിൽ ആണ് ഫലം സൃഷ്ടിക്കുക. എനിക്ക് പിന്നീട് രണ്ട് ആഴ്ചയോളം സ്വയം എഴുന്നേറ്റ് നടക്കാൻ പോലും കഴിയില്ലായിരുന്നു.

ചുമ വന്നാൽ പോലും ഭയന്ന് കണ്ണുനിറയും. സഹിക്കാനാകാത്ത വേദന മൂലം കരയാൻ പോലും സാധിക്കാതെ തളർന്ന് ഇരുന്നിട്ടുണ്ട്. പക്ഷെ ചുറ്റുമുള്ളവരുടെ നിസ്സഹകരണം ആയിരുന്നു എന്നെ ഏറ്റവും നിരാശപ്പെടുത്തിയത്. നെല്ല് കുത്തുമ്പോൾ പ്രസവിച്ച കഥകളുമായി അയൽക്കാരും ബന്ധുക്കളും എന്നും വിരുന്ന് വന്നു. 'ഇപ്പോഴത്തെ പിള്ളേർക്ക് വേദന സഹിക്കാൻ തീരെ കഴിവില്ല! വേദന ഇല്ലാതെ പ്രസവിച്ചതും പോരാ, അതിന് ശേഷമുള്ള വേദന പോലും അനുഭവിക്കാൻ വയ്യ.. ഇങ്ങനെയുള്ളവർ എന്തിനാണ് ഈ പണിക്ക് പോയത്?' എന്ന് തുടങ്ങിയ ദയയില്ലാത്ത ചോദ്യങ്ങൾ ആയിരുന്നു ചുറ്റിലും. എന്റെ വീട്ടിലേക്ക് ഉള്ള ദൂരക്കൂടുതൽ കാരണം പ്രസവം ഭർത്താവിന്റെ വീട്ടിൽ ആക്കിയത് ആണ് ഞാൻ ജീവിതത്തിൽ എടുത്ത ഏറ്റവും മോശം തീരുമാനം" - വിനീത പറയുന്നു.

സി-സെക്ഷൻ ഡെലിവറി കഴിഞ്ഞാൽ മുലപ്പാൽ വരാൻ വൈകുന്നത് അമ്മയ്ക്ക് കുഞ്ഞിനോട് സ്നേഹം തോന്നാത്തത് കൊണ്ടാണ്, ദേഹം അനങ്ങി പ്രസവിച്ചില്ലെങ്കിൽ അതിന്റെ ദോഷം പിന്നീടുള്ള കാലം മുഴുവൻ തള്ളയും കുഞ്ഞും അനുഭവിക്കും, പ്രസവക്കുളി നടന്നില്ലെങ്കിൽ ശരീരം അമിതഭാരം വച്ച് നാശമാകും, വയറ് വലിച്ച് കിട്ടിയില്ലെങ്കിൽ കുടവയർ വരും തുടങ്ങി സി-സെക്ഷൻ അമ്മമാർ കേൾക്കുന്ന ഭയാനകമായ പരിഹാസങ്ങൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്.

ലേബർ റൂം ഒരു ഭാർഗവീനിലയം

സ്ത്രീകൾ മരണവേദനയിൽ പുളഞ്ഞ് മണിക്കൂറുകൾ തള്ളിനീക്കുന്ന ലേബർ റൂം ആശുപത്രികളിലെ ഏറ്റവും കംഫർട്ടബിൾ ആയ ഒരിടം ആകണം എന്നാണ് സങ്കല്പം. എന്നാൽ കേരളത്തിലെ പല ആശുപത്രികളിലെയും ലേബർ റൂമിലും മോശമായ ഒരിടം മറ്റൊന്ന് ഉണ്ടാകില്ല. എറണാകുളം സ്വദേശിനി ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ:

"പ്രസവ ദിവസം ആയിട്ടും വേദന തുടങ്ങാത്തതിനാൽ ആണ് എന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ലേബർ റൂം ഞാൻ വിചാരിച്ചത് പോലെയേ ആയിരുന്നില്ല. പത്തോ പതിനഞ്ചോ ബെഡുകൾ.. അവ ഓരോന്നും തമ്മിൽ കർട്ടൻ ഇട്ട് മറച്ചിരിക്കുന്നു. അതിൽ ഒന്നിൽ എന്നെയും കിടത്തി. ആദ്യമൊന്നും വേദന ഉണ്ടായിരുന്നില്ല. ഡ്രിപ്പ് ഇട്ട് കുറച്ച് കഴിഞ്ഞപ്പോൾ വേദന തുടങ്ങി. സ്വാഭാവികമായും ഞാൻ കരയാൻ തുടങ്ങി. പക്ഷെ നേഴ്‌സുമാരുടെ പ്രതികരണം എന്നെ ഒറ്റപ്പെടുത്തി കളഞ്ഞു.

സ്ത്രീകൾ മരണവേദനയിൽ പുളഞ്ഞ് മണിക്കൂറുകൾ തള്ളിനീക്കുന്ന ലേബർ റൂം ആശുപത്രികളിലെ ഏറ്റവും കംഫർട്ടബിൾ ആയ ഒരിടം ആകണം എന്നാണ് സങ്കല്പം. എന്നാൽ കേരളത്തിലെ പല ആശുപത്രികളിലെയും ലേബർ റൂമിലും മോശമായ ഒരിടം മറ്റൊന്ന് ഉണ്ടാകില്ല

'ഇതിന് പുറപ്പെടുമ്പോൾ അറിയില്ലായിരുന്നോ വേദനിക്കുമെന്ന്? കൂടെ കിടക്കുമ്പോൾ ഉള്ള സുഖം പെറുമ്പോൾ കിട്ടുമോ..? മിണ്ടാതെ കിടക്ക് പെണ്ണെ.. ഇവിടെ വേറെയും ഗർഭിണികൾ ഉണ്ട്' തുടങ്ങിയ ആക്ഷേപങ്ങൾ ആയിരുന്നു. കടുത്ത നടുവേദനയിൽ ഒന്ന് ഉഴിഞ്ഞ് തരാൻ ആവശ്യപ്പെട്ടപ്പോൾ 'പിന്നെ.. ആദ്യമായിട്ടല്ലേ ഒരു പെണ്ണ് പ്രസവിക്കുന്നത്.. മിണ്ടാതെ കിടന്ന് പ്രസവിക്കാൻ നോക്ക്!' എന്നായിരുന്നു പ്രതികരണം.

പത്ത് സെന്റീമീറ്റർ വിസ്തീർണ്ണം വന്ന വജൈന വച്ച് അടുത്ത മുറിയിലേക്ക് നടത്തി കൊണ്ടുപോയി, ചവിട്ടുപടികൾ നടത്തിക്കയറ്റിയാണ് എന്നെ പ്രസവ ടേബിളിൽ കിടത്തിയത്. പ്രസവം കഴിഞ്ഞ ഉടനെ ഇത്രയും വഴി വീണ്ടും നടത്തിച്ചു. കുഞ്ഞിന്റെ ശരീരം മുഴുവൻ പുറത്ത് എത്തിയ സുഖത്തിൽ ഭഗവാനെ വിളിച്ചപ്പോൾ 'ഇതൊക്കെ പഴയ ഫാഷനാണ് പെണ്ണേ' എന്നുപറഞ്ഞ നേഴ്‌സിന്റെ മുഖം ഞാൻ ഇന്നും മറന്നിട്ടില്ല."

വിദഗ്ധർ പറയുന്നു

എങ്ങനെയാകണം യഥാർത്ഥ പ്രസവരക്ഷ? ഈ വിഷയത്തിൽ, ആയുർവേദ ഡോക്ടർ ആയ ലക്ഷ്മി സുജിത്ത് ഇങ്ങനെ പറയുന്നു: "അമ്മയെയും കുഞ്ഞിനേയും ഒരുപോലെ വേണം പ്രസവാനന്തര നാളുകളിൽ പരിപാലിക്കാൻ. രണ്ട് പേരുടെയും മനസ്സും ശരീരവും ഒരുപോലെ മൃദുവായിരിക്കും. ആയുർവ്വേദ വിധിപ്രകാരം ഉള്ള പ്രസവരക്ഷ ആയുർവേദ ആശുപത്രികളിലും അംഗീകൃത കേന്ദ്രങ്ങളിലും വിധിയാംവണ്ണം ലഭ്യമാണ്.

പരമ്പരാഗത രീതികളും നാട്ടുനടപ്പും ഇത്തരം കാര്യങ്ങളിൽ ഒരു കാരണവശാലും അനുശാസിക്കരുത്. നിങ്ങൾ ആയുർവേദ വിധി പ്രകാരമാണ് പ്രസവാനന്തര ശുശ്രൂഷ ചെയ്യാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഗർഭകാലം തുടങ്ങുമ്പോൾ മുതൽ സ്വീകരിക്കേണ്ട മുൻകരുതലുകളും കഴിക്കേണ്ട മരുന്നുകളും അംഗീകൃത ആയുർവേദ ചികിത്സകനെ കണ്ട് സ്വീകരിക്കേണ്ടതാണ്. പ്രസവാനന്തരം അതേ വൈദ്യന്റെ നിർദ്ദേശപ്രകാരം ആശുപത്രിയിലോ ചികിത്സാകേന്ദ്രത്തിലോ പ്രസവരക്ഷയും ചെയ്യുന്നതാണ്."

ഡോക്ടറുടെ അഭിപ്രായത്തിൽ ഒരു കാരണവശാലും ഒരു സൂതികയോട് - പ്രസവിച്ച് കിടക്കുന്ന സ്ത്രീയോട് - ചെയ്യരുതാത്ത രണ്ട് കാര്യങ്ങളാണ് താരതമ്യവും ശാരീരിക പരിഹാസങ്ങളും. പ്രസവശേഷം ശരീരം മുഴുവൻ കറുത്ത പിഗ്മെന്റ് നിറഞ്ഞ് കരുവാളിച്ച് പോകുന്നവർ ഉണ്ട്. അമിതമായി വണ്ണം വയ്ക്കുന്നവർ ഉണ്ട്.

ആഴ്ചകളോളം മുലപ്പാൽ വരാത്തവർ ഉണ്ട്. മുടി മുഴുവൻ കൊഴിഞ്ഞുപോകുന്നവരും മുഖത്ത് കുരുക്കളും പാടുകളും നിറയുന്നവരും ഉണ്ട്. അവരെയെല്ലാം വേണ്ടുന്ന പരിഗണനയോടെ 'ഈ സമയവും കടന്നുപോകും' എന്ന ആശ്വാസവാക്കുകളോടെ വേണം ഉറ്റവർ സമീപിക്കാൻ.

പോസ്റ്റ് പാർട്ടം ഡിപ്രഷൻ - കുട്ടിക്കളിയല്ല

പ്രസവശേഷം കടുത്ത നൈരാശ്യത്തിലേക്ക് വീഴുന്ന സ്ത്രീകൾ നിരവധിയാണ്. കുഞ്ഞിനോടൊപ്പമുള്ള സമയങ്ങളിൽ സന്തോഷിക്കാൻ സാധിക്കാതെ വരിക, അകാരണമായി കരയുക, സാധാരണയിൽ നിന്ന് വ്യത്യസ്തമായി പിടിവാശിയും അറ്റന്ഷൻ സീക്കിങ്ങും നടത്തുക...കുഞ്ഞിനോട് അകൽച്ച കാണിക്കുക.. അങ്ങനെ പോസ്റ്റ് പാർട്ടം ഡിപ്രഷൻ പല രീതികളിലും സ്ത്രീകളിൽ പത്തി വിടർത്താറുണ്ട്. പക്ഷെ ഇതിനോട് ഇക്കാലത്തും പലരുടെയും കാഴ്ചപ്പാട് 'പിന്നെ! ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണല്ലേ ഇത്' എന്നാണ്.

ഈ കാഴ്ചപ്പാട് വച്ച് പുലർത്തുന്നവരിൽ ഭൂരിഭാഗവും സ്ത്രീകൾ തന്നെ ആയിരിക്കും എന്നതാണ് വൈരുധ്യം. തങ്ങൾക്ക് ലഭിക്കാതെ പോയ സൗഭാഗ്യങ്ങൾ പിൻതലമുറ അനുഭവിക്കുന്നത് കണ്ടുനിൽക്കാൻ ഉള്ള അസൂയ പലപ്പോഴും ഒരു അമ്മയുടെയും കുഞ്ഞിന്റെയും പരസ്പര ബന്ധത്തെ തന്നെ ബാധിക്കും. അതുകൊണ്ട് നൂറ്റാണ്ടുകൾ നിർത്താതെ ഓടി തേഞ്ഞ നെല്ല് കുത്താൻ പോയ കഥ മാറ്റിവച്ച് കാലത്തിനൊപ്പം ചിന്തിച്ച് പ്രസവിച്ച് കിടക്കുന്ന സ്ത്രീകൾക്ക് ആശ്വാസം പകരൂ, നല്ല ഭാവിയ്ക്കായി.