Nov 22, 2021 • 10M

പ്രസവമുറിയിലെ അലറിക്കരച്ചിലുകളും ചോരയും "പുഷ്" നിലവിളിയും എന്റെ തല പെരുപ്പിച്ചു!

''പ്രസവം പെണ്ണിന്റെ ചുമതലയായിരിക്കാം, എന്നാൽ പ്രസവത്തെ ഭയക്കുന്ന, ആ പേടി മൂലം ജീവിതം വഴിമുട്ടിയ സ്ത്രീകളുണ്ട്, '' ദീപ സെയ്‌റ എഴുതുന്നു...

She's equal
Comment1
Share
 
1.0×
0:00
-9:38
Open in playerListen on);
Episode details
1 comment

ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രവും അതിന്റെ ഇതിവൃത്തവും അതേപ്പറ്റിയുണ്ടായ ചർച്ചകളും വിവാദങ്ങളും സമൂഹത്തിന്റെ യഥാർത്ഥ മുഖം വെളിച്ചപ്പെടുത്തി എന്നതാണ് സത്യം. ഒരു സ്ത്രീ അമ്മയാകണമോ, വേണ്ടയോ എന്നത് അവളുടെ മാത്രം തീരുമാനമായിരിക്കണം എന്ന സാറാസ് മുന്നോട്ട് വയ്ക്കുന്ന സത്യത്തോട് യോജിക്കാൻ നല്ലൊരുവിഭാഗം വരുന്ന സമൂഹത്തിനും സാധിക്കുന്നില്ല.

എന്നാൽ ഒരു പരിധിവരെ അമ്മയായവർക്കും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കും ആത്മപരിശോധന നടത്താൻ ഈ ചിത്രം സഹായകമായി. അതിനാൽ തന്നെ ഈ ചിത്രത്തിൻറെ പ്രതിപാദ്യം എന്നും പ്രസക്തിയാർഹിക്കുന്നു.

സാറായിൽ ഞാൻ എന്നെത്തന്നെ കണ്ടു എന്നു പറഞ്ഞാൽ എന്റെ വീട്ടുകാർ ഞെട്ടും.!! കാരണം സാറയെപ്പോലെ പലപ്പോഴും തുറന്നുപറച്ചിലുകൾ എനിക്ക് സാധ്യമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ 'മാനസികവ്യാപാരങ്ങൾ' അവരാരും അറിഞ്ഞിട്ടുമില്ല

ഞാൻ പറഞ്ഞു വരുന്നത് സാറയിൽ ഞാൻ എന്നെ തന്നെ കണ്ടതിനെപ്പറ്റിയാണ്. ഒപ്പം സാറാസിന്റെ ചർച്ചകളിൽ മുന്നിട്ട് നിന്ന അബോർഷൻ ലീഗൽ ആണോ,കൂടെ ആള് വേണോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയുമുണ്ട്. സാറായിൽ ഞാൻ എന്നെത്തന്നെ കണ്ടു എന്നു പറഞ്ഞാൽ എന്റെ വീട്ടുകാർ ഞെട്ടും.!! കാരണം സാറയെപ്പോലെ പലപ്പോഴും തുറന്നുപറച്ചിലുകൾ എനിക്ക് സാധ്യമായിരുന്നില്ല.

അതുകൊണ്ട് തന്നെ എന്റെ 'മാനസികവ്യാപാരങ്ങൾ' അവരാരും അറിഞ്ഞിട്ടുമില്ല. അറിഞ്ഞിരുന്നെങ്കിൽ മെല്ലെ മെല്ലെ എല്ലാവരും ചേർന്ന് ,എന്റെ ഫോബിയകളുടെ ഡികണ്ടീഷനിങ്ങും, എന്റെ കണ്ടീഷനിങ്ങും അങ്ങു നടത്തിയേനെ.

സാറയ്ക്ക് മുന്നിൽ കരിയറും ,കുട്ടികളെ കൈകാര്യം ചെയ്യാനുള്ള താത്പര്യമില്ലായ്മയും ആയിരുന്നു പ്രശ്നമെങ്കിൽ എനിക്ക് മുന്നിലുണ്ടായിരുന്നത് ഗർഭധാരണത്തോടുള്ള പേടിയായിരുന്നു.ക്ലിനിക്കൽ പോസ്റ്റിങ്ങുകൾക്കിടയിലെ ലേബർ റൂം പോസ്റ്റിങ്ങുകൾ തന്ന സമ്മാനം!

കോഴിക്കോട് ബീച്ച് ആശുപ്രതിയിൽ ഒരു പെണ്ണ് പ്രസവിക്കുമ്പോൾ അവിടെ കേൾക്കുന്ന അലറിക്കരച്ചിലുകളും ചോരയും "പുഷ്" എന്നുള്ള നിലവിളിയും കൂടി എന്റെ തല പെരുപ്പിച്ചിരുന്നു.കല്യാണത്തിന് മുൻപ് പലപ്പോഴും ഞാൻ എന്നെ വിവാഹം കഴിക്കാൻ പോകുന്നവനോടും എന്റെ അമ്മയോടും കൂട്ടുകാരോടുമൊക്കെ പറയുമായിരുന്നു "എനിക്ക് പേടിയാണ് പ്രസവിക്കാൻ എന്ന്"..

സാറയ്ക്ക് മുന്നിൽ കരിയറും ,കുട്ടികളെ കൈകാര്യം ചെയ്യാനുള്ള താത്പര്യമില്ലായ്മയും ആയിരുന്നു പ്രശ്നമെങ്കിൽ എനിക്ക് മുന്നിലുണ്ടായിരുന്നത് ഗർഭധാരണത്തോടുള്ള പേടിയായിരുന്നു

പക്ഷെ അന്നത്തെ സദാചാരബോധത്തിന്റെ ഭാഗമായി വളരെ ഒച്ച താഴ്ത്തിയും പലപ്പോഴും തമാശരൂപേണയുമായിരുന്നു ആ പറച്ചിൽ എന്നതുകൊണ്ട് തന്നെ കേട്ടവരാരും ഞെട്ടിയില്ല. വലിയ കരിയർ സ്വപ്നങ്ങൾ ഉണ്ടായിരുന്ന എനിക്ക് പിള്ളേരുണ്ടായാൽ കരിയർ ഉണ്ടാവില്ല എന്ന തോന്നൽ ഇല്ലായിരുന്നു. മക്കളെ വെച്ചുകൊണ്ട് തന്നെ പഠനവും ജോലിയും ചെയ്യും എന്ന നല്ല ഉറച്ച തീരുമാനവുമായി ആണ് കെട്ടിയത്. പക്ഷെ പ്രഗ്നൻസി എന്ന പേടി ഒരിക്കലും മനസിൽ നിന്ന് മാറിയില്ല.

കല്യാണം കഴിഞ്ഞ് ആദ്യത്തെ മാസം കഴിഞ്ഞപ്പോൾ തന്നെ എല്ലായിടത്തെയും പോലെ വിശേഷം ചോദിച്ചു തുടങ്ങി. പിന്നെ വലിയ പ്ലാനിങ് ഒന്നുമില്ലാതെ ഗർഭിണിയായി. സത്യത്തിൽ തീയതി അടുക്കുംതോറുമുള്ള ചങ്കിടിപ്പ് വല്ലപ്പോഴുമെങ്കിലും അമ്മയോട് മാത്രമാണ് പറഞ്ഞിരുന്നത്. അപ്പോഴൊക്കെ " രണ്ടു പ്രസവിച്ച്, കുരുത്തംകെട്ട നിങ്ങളെയും വെച്ച് ബാങ്കിലെ ബെസ്റ്റ് പെർഫോർമിങ്ങ് മാനേജർ അവാർഡൊക്കെ മേടിച്ച എന്നോടൊ ബാലാ"' എന്ന മട്ടിലെ അമ്മയുടെ നോട്ടം കൊണ്ട് 'അമ്മ എന്നെ തോൽപ്പിച്ചു. അങ്ങനെ ആദ്യത്തെ മോനുണ്ടായി... പ്രസവത്തോടുള്ള എന്റെ പേടിപോയി, അല്ല ഇവരെല്ലാം കൂടെ അതങ്ങു കളഞ്ഞു.

അപ്പോഴാണ് പുതിയ പേടിയുടെ വരവ് ഞാൻ അറിയുന്നത്. മുഴുവൻ സമയവും കൊച്ചിനെന്തെങ്കിലും അസുഖമുണ്ടോ എന്നു നോക്കിയിരിക്കുന്ന, അസുഖം വന്നാൽ എന്തോ വലുതാണെന്നും പറഞ്ഞ് രാത്രി മുഴുവൻ ഉറങ്ങാതിരിക്കുന്ന ഒരമ്മയായി ഞാൻ മാറിയത് എന്റെ വീട്ടുകാരും ഭർത്താവും വളരെ വൈകിയാണ് അറിഞ്ഞത്.

കൊച്ചിന് അസുഖം വന്നാൽ വീട്ടിലെ മനുഷ്യരുടെ മുഴുവൻ ഉറക്കം കെടുത്തുന്ന ഒരമ്മയായി ഞാൻ മാറി. അതേ, ഞാൻ മനസിലാക്കിയത് ശരിയാണ്..'അമ്മ എന്ന ആ വലിയ ഉത്തരവാദിത്തമെടുക്കാനുള്ള ധൈര്യമെന്ന പരേന്റിങ് സ്‌കിൽ എനിക്ക് കുറവാണ്.. അതിനോട് അടുക്കുംതോറും എനിക്ക് ഭയമാണ്.

അമ്മയോട് പറഞ്ഞിട്ട് രക്ഷയില്ലെന്ന് കണ്ട് ഇടയ്ക്ക് വീട്ടിൽ മാറി മാറി വരുന്ന മെയ്ഡ് ചേച്ചിമാരോട് ഞാൻ എന്റെ ഭയം പങ്കുവയ്ക്കാൻ തുടങ്ങി. അതിലൊരു ചേച്ചി ചെറിയ പനിയുള്ള കുഞ്ഞിനെയും പിടിച്ചു വിറച്ചിരിക്കുന്ന എന്നെ നോക്കി തലയിൽ കൈവെച്ചു പറഞ്ഞു " എന്റെ മോളെ ഇങ്ങനെ പേടിക്കല്ലേ, മക്കളെയൊക്കെ ദൈവം വളർത്തിതന്നോളും..." പിന്നെ....ദൈവത്തിനിപ്പോ അതാണല്ലോ അസൈൻമെന്റ്!! അവസാനം ഞാൻ ഉറക്കെ പ്രഖ്യാപിച്ചു " എനിക്കീ ഒരു കൊച്ച് മതി" .കേൾക്കുമ്പോൾ നിസ്സാരമാണെങ്കിലും ആരുമറിയാതെ ഞാൻ കൗണ്സിലിംഗിന് വരെ പോകേണ്ടി വന്നു എന്നതാണ് യാഥാർഥ്യം.

എന്നാൽ, രണ്ടോ അതിൽ കൂടുതലോ മക്കളുള്ള ആരെക്കാണുമ്പോഴും എന്റെ അപ്പനും അമ്മയും " കണ്ടോ , അവർ ആ പണിയൊക്കെ തീർത്തു, ഫ്രീ ആയി"എന്ന അതിഭയങ്കരമായ കോമഡി പറയാൻ തുടങ്ങി!! 'ഒറ്റക്കുട്ടിയുള്ളവർക്ക് മാത്രം പ്രവേശനം' എന്നൊരു ബോർഡ് വീടിനു മുന്നിൽ എഴുതിവെച്ചാലോ എന്നു വരെ ഞാൻ ആലോചിച്ചു. ഏഴു കൊല്ലം പിടിച്ചു നിന്ന ഞാൻ ഒടുവിൽ സാറയാവാൻ കഴിയാതെ , വാ തുറക്കാൻ മടിച്ച് രണ്ടാമതും അമ്മയായി.

ഇപ്പോൾ മക്കൾക്ക് അസുഖം വരുന്ന സമയത്ത് എന്താണ്ട് ഫോബിയ പിടിച്ച പോലെ പെരുമാറുന്ന എന്നെ പകച്ചു നോക്കുന്ന അമ്മയോട് ഞാൻ പറയും" "നിങ്ങളോട് ഞാൻ അപ്പോഴേ പറഞ്ഞതാണ്..എനിക്കീ പണി പറ്റില്ലന്ന്".. അപ്പോഴും അമ്മ " ഞാൻ അങ്ങനെ വിചാരിച്ചാൽ നീ ഉണ്ടാകുവോടി" എന്നു ചോദിച്ച് എന്നെ തോല്പിക്കുന്നുണ്ട്...

ഇതിനൊപ്പം എനിക്ക് കിട്ടുന്ന പ്രിവിലെജുകൾ കൂടി ചേർത്ത് വയ്ക്കണം. എന്റെ ഒപ്പം എന്റെ 'അമ്മ ഉണ്ടായിരുന്നു എന്തിനും. എന്നാൽ അതുമില്ലാത്തവർ ഈ അവസ്‌ഥയിൽ എന്ത് ചെയ്യുമെന്ന് പലപ്പോഴും ഞാനോർക്കാറുണ്ട്. പിന്നെ മക്കൾ..., ജനിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാവർക്കുമെന്ന പോലെ എനിക്കുമവർ ജീവന്റെ അംശമാണ്. പക്ഷെ "അവരുടെ ചിരിയിൽ എന്റെ ഫോബിയ മാറും" എന്നൊന്നും കല്പനികത കലർത്തി പറയാനാവില്ല.

ദൈവം തരുന്നതെന്നും പറഞ്ഞ് ഏറ്റെടുക്കാൻ ആരേലും പറഞ്ഞാൽ ,അവരോട് ദേ ഇങ്ങനെ പറഞ്ഞാൽ മതി- "അബോർഷൻ അല്ല പാപം..വളർത്താനിഷ്ടമില്ലാതെ, വളർത്താനാറിയതെ ,ഒരു കുഞ്ഞിനെ വളർത്തി, അവനെ/അവളെ മാനസികാരോഗ്യമില്ലാത്തവരായി ,സമൂഹത്തിന് ഉപദ്രവമായി മാറ്റുന്നതാണ് പാപം.. You can enjoy your womanhood even without enjoying motherhood"

മക്കളെ ഉഷാറായി വളർത്തിക്കൊണ്ട് ഉഗ്രൻ കാരിയർ ട്രാക്ക് ഉണ്ടാക്കിയെടുത്ത എന്റെ അമ്മയെയും ഭർത്താവിന്റെ മമ്മിയെയും കണ്ടു മുന്നോട്ട് പോകുമ്പോൾ ഉറപ്പിച്ചു പറയാം.."ഞാൻ ഒരു നല്ല അമ്മയല്ല!". പലപ്പോഴും ഞാൻ ആദ്യമേ മനസിലാക്കിയത് പോലെതന്നെ , അത്ര വലിയ ഉത്തരവാദിത്തമെടുക്കാൻ ഞാൻ പ്രാപ്തയല്ല..പിള്ളേരെ സംബന്ധിച്ച എന്തു വന്നാലും എല്ലാവരും അമ്മയിലേക്ക് ഒരു നോട്ടമാണ്. 'അമ്മ വളർത്തിയത്തിന്റെ, 'അമ്മ ചെയ്യാത്തതിന്റെ , അമ്മയുടെ പാരന്റിങ് സ്കില്ലിന്റെ കീറിമുറിച്ചുള്ള പരിശോധനകൾ ആണ് പിന്നീട് നടക്കുക.

ഞാൻ പിന്നെ പണ്ടേ ഉത്തമ മകൾ, ഉത്തമ ഭാര്യ, ഉത്തമ മരുമകൾ, ഉത്തമ 'അമ്മ ഈ പോസ്റ്റുകൾക്ക് വേണ്ടി മത്സരിക്കാത്തത് കൊണ്ട് സമനില തെറ്റാതെ എന്റെ മക്കളെയും കൊണ്ട് ഒരുവിധം ഓടുന്നു..ഓടിക്കുന്നു.. എന്ന് പറയാം.

എന്റെ കഥ ഇത്രയും വിശദമായി എഴുതിയത് എങ്ങനെയാണ് ഒരു പെണ്ണ് സമൂഹ്യബോധങ്ങളുമായി കണ്ടിഷൻ ചെയ്യപ്പെടുക എന്ന് അറിയിക്കാനാണ്..സ്വന്തം ശരീരത്തെ സംബന്ധിക്കുന്ന തീരുമാനങ്ങളെടുക്കാൻ, അതിപ്പോൾ പ്രസവം വേണ്ടെന്നു വയ്ക്കാനായാലും എത്ര പ്രസവിക്കണം എന്ന് തീരുമാനിക്കാനായാലും ഉള്ള അവകാശം സ്ത്രീക്ക് മാത്രമാണ്. കരിയർ എന്നതിനപ്പുറം സൈക്കോളജിക്കളായ, ബയോളജിക്കളായ പല കാരണങ്ങളും തങ്ങളുടെ തീരുമാനത്തിന് പിന്നിൽ ഒരു സ്ത്രീക്ക് നിരത്താനുണ്ടാകും. അത് അംഗീകരിക്കുക എന്നത് നിങ്ങൾ അവളോട് കാണിക്കുന്ന ഔദ്യാര്യമല്ല, മറിച്ച് നിങ്ങളുടെ കടമ മാത്രമാണ്.

ഉറച്ചു പറയാം പെണ്ണുങ്ങളെ ...

1.നിങ്ങൾക്ക് തോന്നുമ്പോൾ പ്രസവിച്ചാൽ മതി. നിങ്ങളെ പിന്നോട്ട് വലിക്കുന്നത് പലതാകാം. കരിയർ,ഗർഭധാരണതൊടുള്ള ഭയം, അമ്മയെന്ന വലിയ ഉത്തരവാദിത്തത്തോടുള്ള ഭയം, അങ്ങനെ എന്തുമാവാം. അതിൽ നിന്ന് പുറത്തുകടക്കാൻ ആകുന്നില്ലങ്കിൽ അബോർഷൻ തെരഞ്ഞെടുക്കാം.

2. 20 ആഴ്ച വരെ അബോർഷൻ ലീഗൽ ആണ്.സംശയം തോന്നിയാൽ എത്രയും നേരത്തെ ടെസ്റ്റ് ചെയ്യുക. കിറ്റ് വാങ്ങി നോക്കാം...ബ്ലഡിലെ ബീറ്റ എച്ച്സിജി നോക്കിയാൽ അതിലും നേരത്തെ അറിയാം.

3.അബോർഷൻ ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ നാണക്കേടോ സദാചാരമോ ഭയമോ കാരണം അശാസ്ത്രീയമായ രീതിയിൽ അബോർട്ട് ചെയ്യാൻ ശ്രമിക്കുകയോ, തനിയെ മരുന്നു വാങ്ങികഴിക്കുകയോ ചെയ്യരുത്. നല്ല ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുക.

4.ഭർത്താവിനെ കൂട്ടി ചെന്നാൽ മാത്രമെ അബോർഷൻ ചെയ്ത് തരൂ എന്നൊരു മിഥ്യാധാരണയുണ്ട്..അങ്ങനെയൊന്നില്ല.നിങ്ങൾക്ക് തനിച്ചും പോകാം. ഡി ആൻഡ് സി തുടങ്ങിയ പ്രോസസ് ചെയ്യണമെങ്കിൽ ആശുപത്രിയിലെ കാര്യങ്ങൾ നോക്കാനായി കൂട്ടിന് ഒരു സുഹൃത്തിനെ വേണമെങ്കിൽ കൊണ്ടുപോകാം.

5.നിങ്ങൾക്ക് വേണ്ടി മറ്റുള്ളവർ തീരുമാനമെടുക്കുന്ന പരിപാടി ഒരു വിധം ബോധം വീഴുന്ന കാലം മുതൽ കുറച്ചുകൊണ്ടു വരുന്നതാണ് നല്ലത്. സ്വന്തമായി തീരുമാനിക്കാനും അത് നടപ്പിലാക്കാനുമുള്ള ആർജവം പെണ്ണിന് പെട്ടെന്നൊരു ദിവസം ലഭിക്കുന്നതല്ല. അതിനായി ശ്രമിക്കേണ്ടതുണ്ട്. അത്രയ്ക്ക് സങ്കുചിതമാണ് പെണ്ണിന്റെ കാര്യത്തിൽ നമ്മുടെ ലോകം.ഇത്‌ അബോർഷന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാത്തിലും പ്രതിഫലിക്കേണ്ട ഒന്നാണ്.

6.ദൈവം തരുന്നതെന്നും പറഞ്ഞ് ഏറ്റെടുക്കാൻ ആരേലും പറഞ്ഞാൽ ,അവരോട് ദേ ഇങ്ങനെ പറഞ്ഞാൽ മതി- "അബോർഷൻ അല്ല പാപം..വളർത്താനിഷ്ടമില്ലാതെ, വളർത്താനാറിയതെ ,ഒരു കുഞ്ഞിനെ വളർത്തി, അവനെ/അവളെ മാനസികാരോഗ്യമില്ലാത്തവരായി ,സമൂഹത്തിന് ഉപദ്രവമായി മാറ്റുന്നതാണ് പാപം.. You can enjoy your womanhood even without enjoying motherhood"

യൂണിക് മെന്റേഴ്സ് എംഡി ആയ ദീപ സെയ്‌റ, ന്യൂറോളജിയിൽ ഗവേഷണം ചെയ്യുന്നു