Jan 24 • 10M

വീട്ടമ്മമാരെ കർഷകരാക്കി, വരുമാനവും കണ്ടെത്തി; ഇത് കോക്കൂരിന്റെ പെൺമിത്ര

എന്താ ജോലി എന്ന് ചോദിച്ചാൽ ഹൗസ് വൈഫാണെന്ന് ഇനി കോക്കൂരിലെ പെണ്ണുങ്ങൾ പറയില്ല. വരുമാനമില്ലാതിരുന്ന കോക്കൂരിലെ സ്ത്രീകൾക്ക് കൃഷിയിലൂടെ വരുമാനമാർഗം കണ്ടെത്തി നൽകിയിരിക്കുകയാണ് പെൺകൂട്ടായ്മയായ പെൺമിത്ര

Lakshmi Narayanan
Comment
Share
 
1.0×
0:00
-10:06
Open in playerListen on);
Episode details
Comments

പാടത്ത് കൊയ്യാൻ മാത്രമല്ല, വിത്തെറിയാനും, പതിര് മാറ്റി കൊയ്ത് അരിയാക്കാനും ആ അരി വിപണിയിൽ എത്തിക്കാനും വളയിട്ട കൈകൾ തന്നെ ധാരാളമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ കോക്കൂർ ആസ്ഥാനമായ പെൺകൂട്ടായ്മ. പെൺമിത്ര എന്ന പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്ത്രീകളെ ഒന്നിച്ചുകൂടി കൃഷിയില്ലാത്ത ഭൂമിയിൽ കൃഷിയിറജ്ക്കി വരുമാനം കണ്ടെത്തുകയാണ്.

കാർഷികരംഗത്ത് മാത്രമല്ല, ക്ഷീരോല്‍പ്പാദനത്തിലും കരകൗശലവസ്തുക്കളുടെ നിര്‍മാണത്തിലും ഇവര്‍ മുന്നില്‍ തന്നെ. മാസത്തിലെ ആദ്യത്തെ ഞായറാഴ്ച സംഘടിപ്പിക്കുന്ന നാട്ടുചന്തയിലൂടെ മലപ്പുറം കോക്കൂരിലെ ഈ പെണ്‍കൂട്ടായ്മ നേടുന്നത് മികച്ച വരുമാനം. വീട്ടില്‍ തുടങ്ങി ഒരു നാടിനെയൊട്ടാകെ സംരംഭകത്വം പഠിപ്പിച്ച കഥയാണ് പെണ്‍മിത്ര എന്ന സംഘടനക്കും സാരഥി സീനത്ത് കോക്കൂരിനും പറയാനുള്ളത്.

സംരംഭകത്വവും കാര്‍ഷികവൃത്തിയും ഒരു നാടിന്റെ നട്ടെല്ലായി മാറിയ കഥയാണ് പെണ്‍മിത്ര പറയുന്നത്.നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോക്കൂര്‍ സ്വദേശിയായ സീനത്ത് വരുമാനമില്ലാത്ത സ്ത്രീകൾകൾക്കായി എന്തെങ്കിലുമൊരു വരുമാനമാർഗം കണ്ടെത്തണം എന്ന് ചിന്തിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തയായ സീനത്തിനെ എന്നും വേദനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു വീട്ടുജോലികള്‍ ചെയ്ത് വീട്ടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുന്ന തന്റെ നാട്ടിലെ വനിതകള്‍.

വിഷം ചേർക്കാത്ത നല്ല പച്ചക്കറികൾക്ക് വിപണി ഉണ്ടെന്നു മനസിലായതോടെ, കൂടുതൽ സ്ത്രീകൾ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു.അതോടെ കോക്കൂർ എന്ന പ്രദേശത്തെ മികച്ച ഒരു പെൺകൂട്ടായ്മയായി പെൺമിത്ര മാറി

പലപ്പോഴും സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പോലും അവര്‍ക്ക് ഭർത്താവിന്റെയും മക്കളുടേയും സഹായം ചോദിക്കേണ്ടി വരുന്നു. എന്നാൽ ചോദിച്ചാലോ, വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് എന്തിനാ ഇത്ര പണം എന്നാകും മറുപടി. അതിനാൽ തന്നെ ചെലവ് ചുരുക്കി, ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കാനായിരിക്കും പല സ്ത്രീകളും ശ്രമിക്കുക. ഇതിനെല്ലാം ഒരു വ്യത്യാസം വരണമെങ്കിൽ സ്ത്രീകളുടെ കയ്യിൽ പണം ഉണ്ടാകണം. വീട്ടിലിരുന്നു എങ്ങനെ വരുമാനം കണ്ടെത്താനാകും എന്ന ചിന്തയിൽ നിന്നുമാണ് കൃഷിയിലേക്ക് സീനത്തിന്റെ ചിന്ത എത്തുന്നത്.

''മറ്റുള്ളവരോട് കൃഷി ചെയ്യാൻ പറയും മുൻപ് ഞാൻ ഒരു മാതൃകയാകണമല്ലോ. വലിയ രീതിയില്‍ അല്ലെങ്കിലും ഒരു മാറ്റം സാമൂഹ്യസ്ഥിതിയില്‍ കൊണ്ടുവരണം എന്ന ഉദ്ദേശത്തോടെയാണ് ഞാന്‍ കൃഷിയിലേക്ക് തിരിയുന്നത്. തുടക്കത്തില്‍ കാര്‍ഷികവൃത്തിയെപ്പറ്റി വലിയധാരണയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കൃഷി ഓഫീസ് മുഖാന്തരം കാര്യങ്ങള്‍ പഠിച്ചെടുത്തു.ഗ്രോ ബാഗില്‍ പച്ചക്കറികള്‍ നട്ടുകൊണ്ടായിരുന്നു തുടക്കം. അതില്‍ നിന്നും മികച്ച വിളവ് ലഭിച്ചതോടെ അയല്‍വാസികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.സാവധാനം അവരിലും കൃഷി ചെയ്യാനുള്ള താല്‍പര്യം വര്‍ധിച്ചു.

ഗ്രോ ബാഗില്‍ വിളഞ്ഞ തക്കാളിയും വെണ്ടയും വഴുതനയും ഉള്‍പ്പെടുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികള്‍ക്ക് വിപണിയുണ്ടെന്ന് മനസിലാക്കുന്നത് അങ്ങനെയാണ്. കൂടുതല്‍ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടപ്പോള്‍ കര്‍ഷകര്‍ ഒരിടത്ത് ഒരുമിച്ചു കൂടിയായി വില്‍പന. നാട്ടുചന്ത എന്ന ആശയം ആരംഭിക്കുന്നത് ഇത്തരത്തിലാണ്'' സീനത്ത് പറയുന്നു.

വിഷം ചേർക്കാത്ത നല്ല പച്ചക്കറികൾക്ക് വിപണി ഉണ്ടെന്നു മനസിലായതോടെ, കൂടുതൽ സ്ത്രീകൾ പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു.അതോടെ കോക്കൂർ എന്ന പ്രദേശത്തെ മികച്ച ഒരു പെൺകൂട്ടായ്മയായി പെൺമിത്ര മാറി. വീടുകളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ മാസംതോറും നടക്കുന്ന വില്പനച്ചന്തയിലെത്തിച്ച് മികച്ച വരുമാനം കണ്ടെത്താൻ സ്ത്രീകൾക്കായി.

പെണ്‍മിത്ര അഥവാ സ്ത്രീകളുടെ മിത്രം

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്ത്രീകളുടെ ഉത്തമമിത്രമാണ് പെൺമിത്ര. കഴിഞ്ഞ അഞ്ചു വർഷമായി നാടിന്റെ പ്രതീക്ഷയും സ്ത്രീകളുടെ വരുമാനമാർഗവുമായി പെൺമിത്ര മാറിക്കഴിഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് മട്ടുപ്പാവുകൃഷിയിലൂടെയാണ് പെണ്‍മിത്ര ഫാര്‍മേഴ്‌സ് ക്ലബ് പിറവിയെടുത്തത്. വനിതകള്‍ മാത്രമുള്ള കൂട്ടായ്മയില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ടെത്തിയ എല്ലാ സ്ത്രീകളെയും സീനത്ത് കൂടെ കൂട്ടി. എന്നാൽ വിപ്ലവാത്മകമായ ഒരു മാറ്റത്തിന്റെ തുടക്കമാകുമതെന്നു ആരും പ്രതീക്ഷിച്ചിരുന്നില്ല.

വരുമാനത്തിലുള്ള വക ലഭിച്ചു തുടങ്ങിയതോടെ, കൃഷിഭൂമിയില്‍ തന്നെ വിത്ത് വിതച്ചാല്‍ എന്താ എന്നായി ചിന്ത. ആ ചിന്തയുടെ അവസാനം കൈകോട്ടും മണ്‍വെട്ടിയുമായി പെണ്‍മിത്രയിലെ താരങ്ങള്‍ വയലിലേക്ക് ഇറങ്ങി. തരിശായിക്കിടന്ന പത്തേക്കർ ഭൂമി ഉഴുത് മറിച്ച് വിത്ത് വിതച്ചുകൊണ്ടായിരുന്നു തുടക്കം. എന്നാൽ നാടിനെ ഞെട്ടിച്ച് ആ വർഷം പത്തേക്കർ പാടത്ത് നൂറുമേനി കൊയ്യാൻ പെൺമിത്രയ്ക്ക് കഴിഞ്ഞു. അതോടെ നാടിന്റെ ശ്രദ്ധാകേന്ദ്രമായി പെൺമിത്ര.

ഇന്ന് വിവിധ വിഭാഗങ്ങളിലായി അമ്പതോളം അംഗങ്ങളുള്ള സ്ത്രീകളുടെ മാത്രം ക്ലബ്ബാണ് പെണ്‍മിത്ര. ഒറ്റയാൾ പട്ടാളം എന്ന പോലെ ആരംഭിച്ച കാർഷിക മുന്നേറ്റം ഇന്ന് കോക്കൂരെന്ന പ്രദേശത്തിന്റെ തന്നെ ജീവശ്വാസമായി മാറിയിരിക്കുന്നു.കഴിഞ്ഞ 5 വർഷമായി കോക്കൂരിലെ മികച്ച നെൽകർഷകർ കൂടിയാണിവർ. താൻ ഒരു കർഷക കുടുംബത്തിലെ അംഗമാണ് എന്ന ആത്മവിശ്വാസമാണ് സീനത്തിന്റെ കൃഷിപാതയിലൂടെ നടക്കാൻ പ്രേരിപ്പിച്ചത്.

വരുമാനത്തിലുള്ള വക ലഭിച്ചു തുടങ്ങിയതോടെ, കൃഷിഭൂമിയില്‍ തന്നെ വിത്ത് വിതച്ചാല്‍ എന്താ എന്നായി ചിന്ത. ആ ചിന്തയുടെ അവസാനം കൈകോട്ടും മണ്‍വെട്ടിയുമായി പെണ്‍മിത്രയിലെ താരങ്ങള്‍ വയലിലേക്ക് ഇറങ്ങി

''എന്റെ ഉപ്പയും ഉമ്മയും മാത്രമല്ല ഭര്‍ത്താവും കര്‍ഷകരായിരുന്നു. എന്നാല്‍ അവര്‍ കൃഷിയെ സ്‌നേഹിച്ചിരുന്ന കാലത്ത് ഞാന്‍ ആ ഭാഗത്തേക്ക് ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് കൃഷിയില്‍ താല്‍പര്യം വര്‍ധിച്ചപ്പോള്‍ കൃഷിഭവന്‍ നല്‍കുന്ന ഉപദേശത്തിനൊപ്പം അവരുടെ വാക്കുകളും പ്രചോദനമായി.

ഇതിനൊക്കെ ഒപ്പം ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന മഞ്ജു വാര്യര്‍ ചിത്രം കണ്ടപ്പോള്‍ കിട്ടിയ എനര്‍ജിയാണ് എന്നെ യഥാര്‍ത്ഥത്തില്‍ കൃഷിയിലേക്കെത്തിച്ചത്. ചുറ്റുപാടും നടക്കുന്നതും കാണുന്നതുമായ കാര്യങ്ങളില്‍ നിന്നും പോസറ്റിവ് ആയത് സ്വീകരിക്കുക എന്നതാണ് എന്റെ രീതി. കൃഷിയിലും സംരംഭകത്വത്തിലും ആ രീതി തന്നെയാണ് എന്റെ ശക്തി '' സീനത്ത് പറയുന്നു.

വിപണി വലുതാകുന്നു, സാധ്യത വർധിക്കുന്നു

നൂറുകണക്കിന് ആളുകള്‍ കാർഷിക രംഗത്തേക്ക് എത്തിയതോടെ ഉല്‍പ്പാദനം വര്‍ധിച്ചു. തുടക്കത്തിൽ വില്പന അയൽവാസികൾക്ക് ഇടയിൽ മാത്രമായിരുന്നു. എന്നാൽ ഉൽപ്പന്നം വർധിച്ചതോടെ അയൽക്കാർക്കിടയിൽ മാത്രം വിറ്റു തീര്‍ക്കാന്‍ കഴിയാതെ വന്നു. അപ്പോഴാണ് വ്യത്യസ്തമായ വിപണന തന്ത്രം ആവിഷ്കരിച്ചത്.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന നാട്ടുചന്തകളായിരുന്നു പുതിയ മാർഗം.കോക്കൂരിലെ കെഎഎംഎഎല്‍പി സ്‌കൂളില്‍ വച്ചാണ് നാട്ടുചന്ത ആരംഭിച്ചത്.മാസത്തില്‍ ഒരു ദിവസം മാത്രമാണ് ചന്ത സംഘടിപ്പിക്കുന്നത്. ആദ്യമായി നാട്ടുചന്ത പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പേര് ‘വേറിട്ടൊരു നാട്ടുചന്ത’ എന്നായിരുന്നു.

എന്നാല്‍ കൂടുതല്‍ വനിതകള്‍ ഈ രംഗത്തേക്ക് വരന്‍ തുടങ്ങുകയും പൂര്‍ണമായും വനിതകളുടെ കൂട്ടായ്മയായി മാറുകയും ചെയ്തതോടെ, വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന വനിതകള്‍ക്ക് ഒരു പ്രചോദനം എന്ന നിലക്കാണ് പെണ്‍മിത്ര എന്ന പേര് സ്വീകരിച്ചത്.

മാസത്തില്‍ ഒരു ദിവസം മാത്രമാണ് ചന്ത സംഘടിപ്പിക്കുന്നത്. ആദ്യമായി നാട്ടുചന്ത പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ പേര് ‘വേറിട്ടൊരു നാട്ടുചന്ത’ എന്നായിരുന്നു

ഒരു ദിവസം മാത്രമുള്ള നാട്ടുചന്തയില്‍ നിരവധി പരിപാടികള്‍ ഉള്‍ക്കൊള്ളിക്കാനാണ് പെണ്‍മിത്ര ശ്രമിച്ചിട്ടുള്ളത്. തുടക്കത്തിൽ പെണ്‍മിത്രയുടെ അംഗങ്ങളെ മുന്‍നിര്‍ത്തിയാണ് നാട്ടുചന്ത എന്ന ആശയം ഉടലെടുത്തതെങ്കിലും അംഗങ്ങളല്ലാത്തവരില്‍നിന്നും കുട്ടികളില്‍നിന്നും മികച്ച പിന്തുണ ലഭിച്ചു. കൂണ്‍കൃഷി, അക്വാപോണിക്‌സ്, തേനീച്ചവളര്‍ത്തല്‍, മൈക്രോഗ്രീന്‍സ്, തിരിനന തുടങ്ങിയവയില്‍ പരിശീലനക്ലാസുകളും കൃഷി, പരിസ്ഥിതി, ആരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും നാട്ടുചന്തയുടെ ഭാഗമായി ലഭിക്കും.

ഒപ്പം യോഗ പഠന ക്ലാസും നടത്തുന്നുണ്ട്.നിലവില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ, വീട്ടമ്മമാരും കുടുംബശ്രീ യൂണിറ്റുകളും തയാറാക്കിയ മസാലകള്‍, അച്ചാറുകള്‍, കുട്ടികള്‍ക്കുള്ള കായപ്പൊടികള്‍, പുഡ്ഡിങ്, ചമ്മന്തിപ്പൊടി, ഔഷധക്കഞ്ഞി, പായസം, ബിരിയാണി, ബിരിയാണി കഞ്ഞി, പലഹാരങ്ങള്‍ തുടങ്ങിയവയും ബാഗ്, ചവിട്ടി മുതലായവയും വില്‍പനക്കായി എത്തുന്നുണ്ട്. വിപണി വിലയില്‍ നിന്നും കുറഞ്ഞ വിലക്കാണ് ഇവ വില്‍ക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഇടനിലക്കാരുടെ ചൂഷണവും ഒഴിവാക്കാം.

പച്ചക്കറിയും നെല്ലും ഒരുപോലെ കൃഷി ചെയ്‌തെങ്കിലും ഏറെ ശ്രദ്ധേയമായത് നെൽക്കൃഷിയായിരുന്നു . കാരണം മഴകിട്ടാതെ വരള്‍ച്ചയെ നേരിട്ട കാലത്ത് പോലും പെണ്‍മിത്ര വയലില്‍ വിത്തെറിഞ്ഞു. പമ്പ് വച്ച് വെള്ളമടിച്ചായിരുന്നു കൃഷി. അക്കുറിയും കിട്ടി മികച്ച വിളവ്. ഓരോ കൊയ്ത്തും കൊയ്ത്തുത്സവമായാണ് ആഘോഷിക്കുന്നത്. വന്ന് വന്ന് കോക്കൂരിന്റെ മുഴുവന്‍ ആഘോഷമായി പെണ്‍മിത്രയുടെ കൊയ്ത്തുത്സവം മാറിക്കഴിഞ്ഞു.

ചിരട്ടയും പാളയും വരെ താരങ്ങൾ

കാർഷിക ഉൽപ്പന്നങ്ങൾക്ക് പുറമെ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമാണ വിപണനത്തിലും പെൺമിത്ര ശ്രദ്ധിക്കുന്നുണ്ട്. പാളയും ഓലയും ഉപയോഗിച്ച് വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന വിഭാഗം പെൺമിത്രയുടെ കരുത്താണ്.ചിരട്ടകൊണ്ട് നിര്‍മിക്കുന്ന വിവിധ കരകൗശല വസ്തുക്കളിലാണ് ഇപ്പോള്‍ പെണ്‍മിത്ര കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. വിളക്ക്, പത്രങ്ങള്‍, തവികള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ ഇത്തരത്തില്‍ വിപണിയില്‍ എത്തുന്നു.

ചിരട്ട കൊണ്ടുള്ള കരകൗശല വസ്തുക്കള്‍ക്ക് വിപണിയുണ്ടെന്നതിനാല്‍ ഇവയുടെ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ പതിപ്പിക്കാനാണ് പെണ്‍മിത്ര തീരുമാനിച്ചിരിക്കുന്നത്.ഈ വിഭാഗത്തിൽ ആളുകൾക്ക് പരിശീലനവും നൽകുന്നുണ്ട്..കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേക്കെത്തിക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ വിജയമാണ് പെൺമിത്ര നേടുന്ന വരുമാനം. ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനായി പെൺമിത്ര എക്കോഫ്രണ്ട്ലി ഷോപ്പുകളും ആരംഭിച്ചിട്ടുണ്ട്. പെൺമിത്രയ്ക്ക് കീഴിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

ജൈവ കൃഷിയും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്റെയും മികച്ച മാതൃകയാണ് ഈ കൂട്ടായ്മ. കാർഷിക രംഗത്ത് കൂടുതൽ ശക്തമായി തുടരാനാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. അതിനാൽ തന്നെ സ്വന്തമായൊരു ബ്രാന്‍ഡ് എന്ന സ്വപ്നം പെണ്‍മിത്രയിലെ താരങ്ങള്‍ക്ക് വിദൂരമല്ല. സ്വന്തമായി വരുമാനം നേടുന്നതിന്റെയും കുടുംബത്തെ പിന്തുണയ്ക്കുന്നതിന്റെയും സന്തോഷം കോക്കൂരിലെ സ്ത്രീകൾ ഒളിച്ചുവയ്ക്കുന്നില്ല. മണ്ണിൽ പണിയെടുത്ത് നേടുന്ന വരുമാനത്തിന് പവർ അല്പം കൂടുതലാണെന്നാണ് ഇവരുടെ ഭാഷ്യം.