Mar 7 • 9M

ചേട്ടച്ഛൻ ഒന്നും വിചാരിക്കരുത്; നിർമ്മല ആയിരുന്നു ശരി

അനിയത്തിക്ക് ഒരേ സമയം ചേട്ടനും അച്ഛനും ആയ കഥാപാത്രം - ഉണ്ണി. മോഹൻലാൽ തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കണ്ണുകളെ ഈറൻ അണിയിച്ച പ്രകടനം. പവിത്രം ഒരു സ്ത്രീപക്ഷ വായന

Anagha Jayan E
Comment1
Share
 
1.0×
0:00
-9:11
Open in playerListen on);
Episode details
1 comment

തൊണ്ണൂറുകളിലെ വസന്തം മലയാളസിനിമയ്ക്ക് സമ്മാനിച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് പവിത്രം. പി ബാലചന്ദ്രൻ രചിച്ച്, ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത മോഹൻലാൽ - ശോഭന ചിത്രം. ഒരുപിടി നിത്യഹരിത ഗാനങ്ങളും മലയാളികൾ നെഞ്ചിലേറ്റിയ കുടുംബ മുഹൂർത്തങ്ങളും ഒത്തിണങ്ങിയ സൂപ്പർഹിറ്റ് മൂവി. 'ചേട്ടച്ഛൻ' എന്ന അഭിസംബോധന മലയാളികൾ കൗതുകത്തോടെ കേട്ടത് ഈ ചിത്രത്തിൽ ആണ്. അനിയത്തിക്ക് ഒരേ സമയം ചേട്ടനും അച്ഛനും ആയ കഥാപാത്രം - ഉണ്ണി.

മോഹൻലാൽ തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ കണ്ണുകളെ ഈറൻ അണിയിച്ച പ്രകടനം. വിന്ദുജ മേനോൻ, ശ്രീനിവാസൻ, കെ പി എ സി ലളിത, ശ്രീവിദ്യ, തിലകൻ, ഇന്നസെന്റ്, സി ഐ പോൾ തുടങ്ങി വമ്പൻ താരനിര. കുടുംബ ബന്ധങ്ങളുടെ സൗന്ദര്യവും മൂല്യങ്ങളും വിളിച്ചോതുന്ന ചിത്രം ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം ഇന്നും മലയാളികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം തന്നെ അലങ്കരിക്കുന്നു.

കാലം മാറി, സമൂഹത്തിന്റെ മൂല്യസങ്കല്പങ്ങൾ മാറി. ബന്ധങ്ങളുടെ ഛായ മാറി, കടമകളും ചുമതലകളും മാറി. എല്ലാം മാറിയ ഈ കാലത്ത് ഇരുപത്തിയേഴ് വർഷങ്ങൾക്ക് മുൻപുള്ള ഒരു ചിത്രത്തെ ഇഴ കീറി പരിശോധിക്കേണ്ട ആവശ്യം ഉണ്ടോ എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷെ എത്ര കാലം ഈ ചിത്രം, അതിന്റെ സംവിധായകൻ കൈമാറുന്ന മൂല്യങ്ങളോടെ തന്നെ സമൂഹം ആസ്വദിക്കുകയും നെഞ്ചിലേറ്റുകയും ചെയ്യുന്നുവോ, അത്ര കാലം ഇത്തരം വിമർശനാത്മക നിരൂപണങ്ങളും വന്നുകൊണ്ടിരിക്കണം.

വരുന്ന തലമുറകൾക്ക് എങ്കിലും, ബന്ധങ്ങൾ അധികാരം സ്ഥാപിക്കാനുള്ള ഉപകരണങ്ങൾ അല്ല എന്നും മറ്റൊരാൾക്ക് മേൽ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത് സ്നേഹം അല്ല എന്നും മനസ്സിലാകണം. സമൂഹം കൈമാറുന്ന 'കുടുംബ മൂല്യങ്ങൾ' എത്ര കണ്ട ലിംഗവിവേചനം നിറഞ്ഞത് ആണെന്നും പുരുഷ കേന്ദ്രീകൃതം ആണെന്നും തിരിച്ചറിയണം. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, മലയാളികൾ നെഞ്ചിലേറ്റിയ ഗതകാല ക്ലാസിക്കുകളെ നിരന്തരം പുനർവായനയ്ക്ക് വിധേയം ആക്കുന്നത്.

എന്തായിരുന്നു നിർമ്മല ചെയ്ത തെറ്റ്?

ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ശ്രീനിവാസൻ അവതരിപ്പിച്ച ഡോ. രാമകൃഷ്ണൻ എന്ന കഥാപാത്രത്തെ സ്വന്തം ഭാര്യയുടെ അടിമ ആയാണ് ചിത്രീകരിക്കുന്നത്. രേണുക അവതരിപ്പിച്ച നിർമ്മല എന്ന കഥാപാത്രം, കാശിന്റെ തള്ളിച്ച കൊണ്ട് തന്റെ ഭർത്താവിനെ വരച്ച വരയിൽ നിർത്തുന്ന 'കൊച്ചമ്മ' ആയാണ് അവതരിപ്പിക്കപ്പെടുന്നത്. കൂട്ടുകുടുംബത്തിൽ നിന്ന് മാറി, ടൗണിലെ ആഡംബര വീട്ടിൽ താമസിക്കുന്നു എന്നത് ആദ്യത്തെ കുറ്റം. താൻ ജനിച്ച് വളർന്ന ചുറ്റുപാടുകളിൽ നിന്ന് വ്യത്യസ്തമായ, പഴയ രീതിയിൽ ഉള്ള വീടും പരിസരവും അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് രണ്ടാമത്തെ കൊടും കുറ്റം. അതിലും രസം വിവാഹം കഴിക്കുമ്പോൾ തന്നെ രാമകൃഷ്ണനും കുടുംബത്തിനും നിർമ്മലയുടെ കുടുംബ പശ്ചാത്തലം അറിയാം എന്നതാണ്. പക്ഷെ കുറ്റം നിർമ്മലയ്ക്ക് മാത്രം!

വെറും നാല് വർഷം പിന്നിട്ടപ്പോഴേക്ക് രാമകൃഷ്ണൻ - നിർമ്മല ദമ്പതികളെ 'ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഇല്ലാത്തവർ' എന്ന് മുദ്ര കുത്തിയ തറവാട്ട് വീട്ടിലേക്ക് അവർ വിരുന്ന് പാർക്കാൻ പോലും കടന്നു വരാത്തതിനെ കുറ്റം പറയാൻ ഒരു സ്ത്രീക്കും തോന്നില്ല

നാല് വർഷത്തിൽ അധികമായി കുട്ടികൾ ഇല്ലാതിരിക്കുന്ന നിർമ്മലയുടെ ഫ്രസ്ട്രേഷൻസ് മനസ്സിലാക്കാൻ കേരളത്തിൽ മക്കൾ ഇല്ലാത്ത ഏതെങ്കിലും സ്ത്രീയോട് ചോദിച്ചാൽ മതി. വെറും നാല് വർഷം പിന്നിട്ടപ്പോഴേക്ക് രാമകൃഷ്ണൻ - നിർമ്മല ദമ്പതികളെ 'ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഇല്ലാത്തവർ' എന്ന് മുദ്ര കുത്തിയ തറവാട്ട് വീട്ടിലേക്ക് അവർ വിരുന്ന് പാർക്കാൻ പോലും കടന്നു വരാത്തതിനെ കുറ്റം പറയാൻ ഒരു സ്ത്രീക്കും തോന്നില്ല. കാരണം അത്തരം ഭയാനകം ആണ് 'വിശേഷം ഒന്നും ആയില്ലേ' എന്ന ചോദ്യം കൊണ്ട് ബന്ധുക്കൾ നടത്തുന്ന മാനസിക ആക്രമണം.

യൗവ്വനയുക്തയായ തനിക്ക് കുഞ്ഞ് ഉണ്ടാകാതിരിക്കുമ്പോൾ അമ്മായിയമ്മ ഗർഭിണി ആകുന്നത് അറിഞ്ഞ് നിർമ്മല പൊട്ടിക്കരയുകയോ ആത്മഹത്യ ചെയ്യാൻ ഒരുങ്ങുകയോ അല്ല ചെയ്യുന്നത്; മറിച്ച് തീർത്തും യുക്തിസഹം ആയ ഒരു പ്രതിവിധി മുന്നോട്ട് വയ്ക്കുകയാണ് - ദേവകി, അതായത് തന്റെ അമ്മായിയമ്മ, ഈ ഗർഭം അലസിപ്പിക്കണം. ആദ്യ മാത്രയിൽ ക്രൂരം എന്ന് തോന്നുമെങ്കിലും നിർമ്മലയുടെ ഈ നിർദ്ദേശം ശരിയായിരുന്നു എന്ന് സിനിമയിൽ ഉടനീളം പിന്നീട് തെളിയുകയാണ്.

നിർമ്മലയെ ദുഷ്ടയായി മുദ്ര കുത്തിയ ശേഷം പിന്നീട് എന്താണ് ചിത്രത്തിൽ നടക്കുന്നത്? പ്രസവത്തിൽ ദേവകി മരിക്കുന്നു, അവരുടെ ഭർത്താവ് ഈശ്വരപിള്ള നാട് വിടുന്നു, ഉണ്ണി വിവാഹം വേണ്ടെന്ന് വയ്ക്കുന്നു, അനിയത്തിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വയ്ക്കുന്നു, അവളെ ഇടം വലം തിരിയാൻ സമ്മതിക്കാതെ പിടിച്ച് വച്ച്, ഒടുക്കം അവളുടെ തീർത്തും ചെറിയ ഒരു വീഴ്ചയിൽ അയാൾക്ക് മനസ്സ് കൈവിട്ട് പോകുന്നു. ഒരു കുടുംബം തന്നെ തകർന്നു. ഇതൊന്നും കൂടാതെ കഴിയാൻ അന്ന് നിർമ്മലയുടെ വാക്ക് കേട്ടാൽ മാത്രം മതിയായിരുന്നു! ഇരുപത്തിയേഴ് വർഷം കഴിഞ്ഞിട്ടും ഈ പോയിന്റ് മലയാളികൾക്ക് പിടി കിട്ടിയിട്ടില്ല എന്നത് ഖേദകരമാണ്.

ഉണ്ണി അമിതമായി ലാളിച്ച്, നഗരത്തിന്റെ സങ്കീർണ്ണതകൾ ഒന്നും പഠിപ്പിക്കാതെ, വളർത്തി കൊണ്ടുവന്ന മീനാക്ഷി ഒരു സുപ്രഭാതത്തിൽ നഗരത്തിൽ എത്തുമ്പോൾ ഉണ്ണിക്ക് സ്വാഭാവികം ആയും ചെയ്യാവുന്ന ഒന്നായിരുന്നു ജ്യേഷ്ഠൻ രാമകൃഷ്ണനെ അനിയത്തിയുടെ സംരക്ഷണ ചുമതല ഏല്പിക്കൽ അയാളുടെ സ്വാർത്ഥത അതിന് സമ്മതിക്കുന്നില്ല. പിന്നീട് മീനാക്ഷി സ്വയം നിർമ്മലയെ പരിചയപ്പെട്ട് അവർ തമ്മിൽ സുന്ദരം ആയൊരു ബന്ധം രൂപപ്പെടുന്നുണ്ട്.

നിർമ്മല മീനാക്ഷിയെ സ്വന്തം മകളെ പോലെ കണ്ട് അവർക്ക് തൃപ്തിയായ രീതിയിൽ വസ്ത്ര ധാരണവും ഹെയർ സ്റ്റൈലും എല്ലാം ചെയ്യിക്കുന്നുണ്ട്. ഉണ്ണിയ്ക്ക് അനിയത്തിയുടെ മേൽ ഉള്ള അതേ അധികാരം ആണ് രാമകൃഷ്ണനും നിർമ്മലയ്ക്കും ഉള്ളത്. പക്ഷെ നിർമ്മല ചെയ്യുന്നത് മാത്രം എന്തോ വലിയ കുറ്റം ആയിട്ടാണ് ചിത്രത്തിൽ ഉടനീളം കാണിച്ചിരിക്കുന്നത്.

താൻ വളർത്തി കൊണ്ടുവരുന്ന കുട്ടി - അത് ആണായാലും പെണ്ണായാലും അനിയത്തി ആയാലും മകൾ ആയാലും - സ്വന്തമായി വികാരങ്ങളും വിചാരങ്ങളും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്ള മറ്റൊരു വ്യക്തി ആണ് എന്ന ബോധ്യം കേരളത്തിലെ മാതാപിതാക്കൾക്ക് നന്നേ കുറവാണ്. തന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും കുട്ടിക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ശരാശരി ടോക്സിക് പാരന്റ് തന്നെയാണ് ഉണ്ണി. ഉണ്ണി എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നതോ ഉണ്ണി എത്രകണ്ട് മീനാക്ഷിയെ സ്നേഹിക്കുന്നു എന്നതോ മീനാക്ഷിക്ക് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കാൻ ഉള്ള കാരണങ്ങൾ അല്ല.

താൻ വളർത്തി കൊണ്ടുവരുന്ന കുട്ടി - അത് ആണായാലും പെണ്ണായാലും അനിയത്തി ആയാലും മകൾ ആയാലും - സ്വന്തമായി വികാരങ്ങളും വിചാരങ്ങളും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്ള മറ്റൊരു വ്യക്തി ആണ് എന്ന ബോധ്യം കേരളത്തിലെ മാതാപിതാക്കൾക്ക് നന്നേ കുറവാണ്

കുഞ്ഞുങ്ങളെ അമിതമായി ലാളിച്ച്, അവരുടെ ചെറിയ പാളിച്ചകളിൽ പോലും മനസ്സിടറി, അവരെ തങ്ങളുടെ ചിറകിന് കീഴിൽ മാത്രം ഇരുത്തി കൊണ്ടുനടക്കുന്ന ഒരു രക്ഷിതാവിനെ - അത് അച്ഛൻ ആയാലും ജ്യേഷ്ഠൻ ആയാലും അത് രണ്ടിന്റെയും കോമ്പിനേഷൻ ആയാലും - യഥാർത്ഥ ജീവിതത്തിൽ ഒരു പെൺകുട്ടി എന്നല്ല, ആൺകുട്ടികൾ പോലും ആഗ്രഹിക്കുന്നില്ല.

ഉണ്ണി എന്ന ടോക്സിക് കാമുകൻ

ഉണ്ണിയ്ക്ക് മീരയോടുള്ള പ്രണയം യാഥാർത്ഥമായിരുന്നോ? അത് പൂർണ്ണം ആയും സംശയിക്കേണ്ട കാര്യമാണ്. കാരണം, ഉണ്ണിയുടെ കുടുംബത്തിൽ സന്തോഷം ഉള്ളപ്പോൾ കൂടെ കൂട്ടാം എന്ന് കരുതി മീരയ്ക്ക് സ്വപ്‌നങ്ങൾ നൽകുകയും, പിന്നീട് കുടുംബം തകർച്ച നേരിട്ടപ്പോൾ സ്വാർത്ഥം ആയി സ്വന്തം കാര്യം മാത്രം നോക്കുകയും, അവസാനം എല്ലാം കൈവിട്ടപ്പോൾ മധ്യവയസ്സിൽ അവളെ തന്റെ ജീവിതത്തിലേക്ക് തിരികെ വിളിക്കുകയും ചെയ്യുകയാണ് ചിത്രത്തിൽ ഉണ്ണി. ഇങ്ങനെ അവസരോചിതമായി, സ്വാർത്ഥം ആയി തട്ടിക്കളിക്കാൻ ഉള്ളത് ആണോ പ്രണയം? ഉണ്ണിയെ പോലൊരു സ്വാർത്ഥനായ പുരുഷനെ മലയാള സിനിമാ ചരിത്രത്തിൽ പോലും കാണാൻ കഴിയില്ല.

ജീവിതത്തിന്റെ സായം സന്ധ്യയിൽ ഉണ്ണി മീരയെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന രംഗങ്ങൾ ഒന്നുകൂടെ കണ്ടു നോക്കൂ.. കുടുംബബന്ധങ്ങളും പാട്രിയാർക്കിയും ബാധ്യത ആകുന്ന അവസ്ഥ നേരിൽ കാണാം. അച്ഛൻ രോഗശയ്യയിൽ ആയതിനാൽ ഉണ്ണിയോടൊപ്പം പോകാൻ തനിക്ക് കഴിയില്ല എന്നാണ് മീര പറയുന്നത്.

അതെന്താ, ഇത്ര വർഷം തന്നോടുള്ള പ്രണയം നെഞ്ചോട് ചേർത്ത് കാത്തിരുന്ന കാമുകിക്ക് വേണ്ടി യാതൊരു ബാധ്യതകളും ഇല്ലാത്ത ഉണ്ണിക്ക് അച്ഛന്റെ കാലം കഴിയുന്ന വരെയെങ്കിലും അവളുടെ വീട്ടിൽ താമസിച്ചുകൂടെ? അതല്ലെങ്കിൽ നാലുകെട്ടും മാളികയും ഉള്ള തന്റെ വീട്ടിൽ ഒരു വൃദ്ധനെ കൂടി പരിപാലിച്ച് കൂടെ? സോറി, ഭാര്യവീട്ടിൽ കഴിയാൻ ഒന്നും ഉണ്ണിയെ കിട്ടില്ല. ഉണ്ണി ദുരഭിമാനിയാണ്.

മീനാക്ഷിയുടെ വിധി

മലയാള സിനിമയിലെ ഏറ്റവും ഭാഗ്യം കേട്ട നായികമാരിൽ ഒരാൾ ആണ് പവിത്രത്തിലെ മീനാക്ഷി. ഇത്ര ടോക്സിക് ആയൊരു ചേട്ടച്ഛൻ ഉണ്ടായി എന്നത് തന്നെയാണ് അതിന് കാരണം. ഇത്ര സങ്കീർണ്ണമായ ഒരു കുടുംബ സാഹചര്യത്തിലേക്ക് പിറന്ന് വീഴാതിരുന്നെങ്കിൽ എന്നേ ഏതൊരു പെൺകുട്ടിയും കരുതൂ. സ്നേഹം കൊണ്ട് സ്വയം കുളിക്കാൻ പോലും സമ്മതിക്കാത്ത ചേട്ടച്ഛൻ. അയാളുടെ സ്നേഹത്തെയും മീനാക്ഷിക്ക് അയാളോട് ഉണ്ടാകേണ്ട കടപ്പാടിനെയും നിരന്തരം വാഴ്ത്തുന്ന ബന്ധുക്കൾ.

മലയാള സിനിമയിലെ ഏറ്റവും ഭാഗ്യം കേട്ട നായികമാരിൽ ഒരാൾ ആണ് പവിത്രത്തിലെ മീനാക്ഷി. ഇത്ര ടോക്സിക് ആയൊരു ചേട്ടച്ഛൻ ഉണ്ടായി എന്നത് തന്നെയാണ് അതിന് കാരണം. ഇത്ര സങ്കീർണ്ണമായ ഒരു കുടുംബ സാഹചര്യത്തിലേക്ക് പിറന്ന് വീഴാതിരുന്നെങ്കിൽ എന്നേ ഏതൊരു പെൺകുട്ടിയും കരുതൂ

ഒരു വിധത്തിൽ അയാളുടെ നിയന്ത്രണതിൽ നിന്ന് തെന്നി മാറി സ്വന്തമായി ഒരു ലോകവും ഭാവിയും പടുക്കുന്നതിനിടെ അറിയാതെ സംഭവിച്ച ഒരു ചെറിയ അപകടത്തെ തുടർന്ന് മനസ്സ് കൈവിട്ട ചേട്ടച്ഛനെ ചൊല്ലി ചുറ്റും ഉള്ളവരുടെ ഇമോഷണൽ ബ്ളാക്ക്മെയിലിങ്. ശേഷം തന്റെ ജീവിതം തന്നെ വേണ്ടെന്ന് വച്ച് ചേട്ടച്ഛനെ ശുശ്രൂഷിക്കാൻ തറവാട്ടിലേക്ക് ഉള്ള മടക്കം. നിർമ്മല ആദ്യമേ പറഞ്ഞ പോലെ മീനാക്ഷി ജനിക്കാതിരുന്നെങ്കിൽ ഈ ദുരിതം ഒന്നും ആ കുട്ടിക്ക് ഉണ്ടാകില്ലായിരുന്നു..