Nov 8, 2021 • 8M

മാതാപിതാക്കൾ പിരിയുമ്പോൾ കുട്ടികളുടെ ഉത്തരവാദിത്വം ആർക്ക്?

വിവാഹമോചനത്തിന്റെ പേരിൽ ജീവനാംശമായി മാസാമാസം മുൻഭർത്താവ് നൽകുന്ന തുച്ഛമായ തുക ഒരു കുഞ്ഞിനെ അതർഹിക്കുന്ന എല്ലാ അവകാശങ്ങളോടും കൂടി വളർത്താൻ പര്യാപ്തമാണോ എന്ന് ആരും ചിന്തിക്കുന്നില്ല

She's equal
Comment
Share
 
1.0×
0:00
-8:19
Open in playerListen on);
Episode details
Comments

വിവാഹമോചനത്തിനു ശേഷം പങ്കാളികൾ രണ്ടു വഴികൾ തേടുമ്പോൾ കുട്ടികളുടെ ഉത്തരവാദിത്തം ഈ രണ്ടിൽ ഒരാളുടേത് മാത്രമാകുന്നു. ഈ രണ്ടിൽ ഒരാൾ മിക്കപ്പോഴും സ്ത്രീകളായിരിക്കുകയും ചെയ്യും. ബന്ധം പിരിഞ്ഞതിനുശേഷം പുരുഷൻ മറ്റൊരു വിവാഹം കഴിക്കുന്നതോ സ്വന്തം കാര്യം നോക്കിപ്പോകുന്നതോ സമൂഹത്തിൽ വലിയ ചർച്ചയാകാറില്ല.

തികച്ചും സാധാരണം എന്ന സമീപനമാണ് മറ്റുള്ളവരിൽ നിന്നും ഉണ്ടാകുക. എന്നാൽ കുഞ്ഞിൻ്റെ ഉത്തരവാദിത്തം എടുക്കാൻ സാധിക്കില്ല എന്നു പറയുന്ന, കുട്ടി ഭർത്താവിൻ്റെ കൂടെ നിൽക്കട്ടെ എന്നു തീരുമാനിക്കുന്ന, മറ്റൊരു വിവാഹം കഴിക്കുന്ന സ്ത്രീയെ സമൂഹം പരമ ദുഷ്ടയായിട്ടാണ് കാണുന്നത്. സത്യത്തിൽ ഇത്തരം വേർതിരിവിൻ്റെ ആവശ്യമെന്താണ്.

തുണയില്ലാതെ നീയും കുഞ്ഞും എങ്ങനെ ജീവിക്കും?

വിവാഹമോചനം ആവശ്യപ്പെടുന്നത് സ്ത്രീയാണെങ്കിൽ അവൾക്ക് സമൂഹത്തിൽ നിന്നു നിരന്തരമായ വിചാരണകൾ നേരിടേണ്ടി വരും. ഭർത്താവ് വീണ്ടും വിവാഹിതനാകുമ്പോളും കുട്ടികൾ അവളുടെ മാത്രം ഉത്തരവാദിത്തമാകുന്നു. വിവാഹമോചിതയായ സ്ത്രീ നേരിടുന്ന ചോദ്യങ്ങൾ, കുറ്റപ്പെടുത്തലുകൾ, വിചാരണകൾ, മറ്റു പുരുഷന്മാരുടെ മോശം സമീപനങ്ങൾ ഇതെല്ലാം വളരെ കൂടുതലാണ്.

വിവാഹം കഴിക്കാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുക്കുക. അത് അറേഞ്ച്ഡ് ആയാലും പ്രണയം ആയാലും. കാരണം വിവാഹ ജീവിതം എന്നു പറയുന്നത്തന്നെ ഒരു ടാസ്ക്കാണ്. ഇനി ഈ വിവാഹ ബന്ധത്തിൽ കുഞ്ഞു വേണമോ എന്ന് വളരെ വളരെ ആലോചിച്ച് തീരുമാനിക്കുക

ഒറ്റയ്ക്കു ജീവിക്കാനുള്ള സ്ത്രീകളുടെ മനോധൈര്യം തന്നെ തകർത്തു കളയാനായിരിക്കും സമൂഹം ശ്രമിക്കുക. എന്നാൽ ഇത്തരം ചോദ്യങ്ങളൊന്നും പുരുഷന്മാരെ ബാധിക്കറേയില്ല. അവളു പോകുന്നെങ്കിൽ പോട്ടേ, നിനക്ക് ഇതിലും നല്ല പെണ്ണിനെ കിട്ടുമെന്ന് സമാധാനിപ്പിക്കാനായിരിക്കും ആളു കൂടുക. അതിന് ഏറ്റവും നല്ല ഉദാഹരണമായി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ഏറെ ചർച്ചാ വിഷയമായ സിനിമയുടെ ക്ളൈമാക്സിൽ തന്നെയുണ്ട്.

ഡിവോഴ്സ് എന്ന തീരുമാനം ഭാര്യ എടുത്താലും ഭർത്താവ് എടുത്താലും കുട്ടികൾക്ക് അമ്മയുടെ സംരക്ഷണമാണ് കൂടുതൽ വേണ്ടതന്ന സാമാന്യ ധാരണയിൽ കുട്ടി അമ്മയുടെ കൂടെ പോകും. അതു വലിയ സൌകര്യമായിക്കണ്ട് പുരുഷൻ സ്വതന്ത്രനുമാകുന്നു. അങ്ങനെ സിംഗിൾ പാരെൻ്റ് എന്ന വലിയ ഉത്തരവാദിത്തം സ്ത്രീയുടേതാകുന്നു.

സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കുന്ന ദുഷ്ടയാണോ സ്ത്രീ?

പലപ്പോഴും കുട്ടികളുടെ പേരിലാണ് അത്രയും ടോക്സിക് ആയ വിവാഹബന്ധം പോലും സ്ത്രീകൾ സഹിക്കുന്നത്. സ്വന്തം കുട്ടിയുടെ പിതാവെന്ന പരിഗണന, തന്നോടു സ്നേഹമോ പരിഗണനയോ ഇല്ലെങ്കിലും കുട്ടിയോടു സ്നേഹമാണല്ലോ എന്ന ചിന്തയെല്ലാം ബന്ധം തുടരാൻ സ്ത്രീയെ പ്രേരിപ്പിക്കും. പണ്ട് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലായിരുന്നു.

സ്വയം തീരുമാനമെടുത്താൽ പെരുവഴിയാകും സ്വന്തം വീട്ടുകാർ പോലും തള്ളിപ്പറയും സമൂഹത്തിൻ്റെ പരമാവധി അവഹേളനവും ചുഷണവും എന്നൊക്കെ ഓർക്കുമ്പോൾ പേടിച്ചു സഹിക്കുമായിരുന്നു. എന്നാൽ വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും സ്വന്തം തീരുമാനങ്ങളുമുള്ള പെൺകുട്ടികളെ സർവം സഹകളായി വിലയിരുത്തുന്നത് അബദ്ധമായിരിക്കും.

സദാസമയവും കണ്ണീരും സഹനത്തിൻ്റെ പ്രതിരൂപവുമായി ചിത്രീകരിച്ചിരിക്കുന്ന പെണ്ണ് ഭർത്താവ് നോക്കിയില്ലെങ്കിൽ പോടോ പുല്ലേ എന്നു പറയുന്നതും നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണം, കുട്ടിയുടെ ഉത്തരവാദിത്തം ഞാനൊറ്റയ്ക്ക് എടുക്കില്ല എന്നു പറയുകയും ചെയ്താൽ അതിൽ തെറ്റു പറയാനാകില്ല. കുട്ടികളുടെ ഉത്തരവാദിത്തത്തിൽ ഭാര്യയ്ക്കും ഭർത്താവിനും രണ്ടു നീതി ഒരിക്കലും അംഗീകരിക്കേണ്ടതില്ല.

പലപ്പോഴും കുട്ടികളുടെ പേരിലാണ് അത്രയും ടോക്സിക് ആയ വിവാഹബന്ധം പോലും സ്ത്രീകൾ സഹിക്കുന്നത്. സ്വന്തം കുട്ടിയുടെ പിതാവെന്ന പരിഗണന, തന്നോടു സ്നേഹമോ പരിഗണനയോ ഇല്ലെങ്കിലും കുട്ടിയോടു സ്നേഹമാണല്ലോ എന്ന ചിന്തയെല്ലാം ബന്ധം തുടരാൻ സ്ത്രീയെ പ്രേരിപ്പിക്കും

നാളിതുവരെയുള്ള വിവാഹമോചനങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ കോടതി പോലും വിധിച്ചിരിക്കുന്നത് കുട്ടികൾ അമ്മക്ക് ഒപ്പം പോകട്ടെ എന്നാണ്. മക്കളെ തള്ളിപ്പറഞ്ഞാൽ നല്ല അമ്മയാകില്ല എന്ന തരത്തിലുള്ള മുൻവിധികൾ ഏറ്റുവാങ്ങിയിട്ടുള്ള സ്ത്രീകൾ ഒരു വാക്ക് പോലും മിണ്ടാതെ കുഞ്ഞിനെ കൂടെ നിർത്താൻ തയ്യാറാകുന്നു. പലപ്പോഴും തൊഴിൽരഹിതയായ അമ്മയായിരിക്കും ഇത്തരത്തിൽ കുഞ്ഞിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.

വിവാഹമോചനത്തിന്റെ പേരിൽ ജീവനാംശമായി മാസാമാസം മുൻഭർത്താവ് നൽകുന്ന തുച്ഛമായ തുക ഒരു കുഞ്ഞിനെ അതർഹിക്കുന്ന എല്ലാ അവകാശങ്ങളോടും കൂടി വളർത്താൻ പര്യാപ്തമാണോ എന്ന് ആരും ചിന്തിക്കുന്നില്ല. വിവാഹമോചിതയായ സ്ത്രീ ജീവനാംശത്തെ മാത്രം ആശ്രയിക്കാൻ സ്വന്തം കാലിൽ നിന്ന് വരുമാനം കണ്ടെത്തണം എന്നതാണ് പ്രധാനം.എന്നാൽ അവിടെയും ഒരു സിംഗിൾ പാരന്റ് ആയ സ്ത്രീ എന്ന നിലക്ക് സമൂഹം വിവിധതരത്തിലുള്ള ചൂഷണങ്ങൾ ഇവർക്കായി മാറ്റിവച്ചിട്ടുണ്ട് എന്ന് പറയാതെ വയ്യ.

കുഞ്ഞിനുമുണ്ട് അവകാശങ്ങൾ

ഭാര്യയും ഭ‍ർത്താവും വേർപിരിയുന്നത് എന്തുകാരണം കൊണ്ടാണെങ്കിലും കുട്ടികളെ അരക്ഷിതാവസ്ഥ ബാധിക്കുന്നത് കഷ്ടം തന്നെയാണ്. ത‍ർക്കമില്ല. അതിൽ പരിഹാരം കണ്ടെത്തേണ്ടതും ദമ്പതികൾ തന്നെയാണ്.

ഡിവോഴ്സിനുശേഷം വീണ്ടും വിവാഹിതയായ യുവതി മുൻഭർത്താവിനൊപ്പമുള്ള കുഞ്ഞിന് അമ്മയുടെ കുറവ് അറിയാതിരിക്കാൻ അതിരാവിലെ അവ‍ർ താമസിക്കുന്ന വീട്ടിലെത്തി കുഞ്ഞിൻറെ കാര്യങ്ങൾ നോക്കി സ്കൂളിൽ അയച്ചതിനുശേഷം തിരികെ പോകുന്നത് എവിടെയോ വായിച്ചതോർക്കുന്നു. മകനു തിരിച്ചറിവായാൽ അവനുമായി ആലോചിച്ച് വേർപിരിയുന്ന തീരുമാനമെടുക്കുമെന്നു പറഞ്ഞ സ്ത്രീകളെയും അറിയാം.

കുഞ്ഞുങ്ങളെ ബാധിക്കാതെ തീരുമാനമെടുക്കാൻ മാതാപിതാക്കൾക്കു സാധിക്കണം. അവർ ജനിച്ചുപോയത് അവരുടെ തെറ്റല്ല. ചെളിവാരിയെറിയാതെ മാന്യമായി പിരിയുക. തീരെ ചെറിയ കുട്ടികൾ ഭൂരിഭാഗവും അമ്മമാരെ ആശ്രയിച്ചാവും ജീവിക്കുക. അതാണ് ഭർത്താക്കൻമാർ പലപ്പോഴും മുതലെടുക്കുന്നത്. അമ്മ നോക്കിയാലേ ശരിയാകൂ എന്ന സമൂഹത്തിൻ്റെ മുൻവിധിയും. അച്ഛനും അമ്മയും ഒരു പോലെ കുഞ്ഞിനായി സമയം നിക്ഷേപിക്കേണ്ടത് കുഞ്ഞിൻ്റെ അവകാശമാണ്.

ടോക്സിക്ക് റിലേഷനിലുള്ള വേർപിരിയലിൽ, മോശം മാനസികാവസ്ഥയുള്ള ആളുടെ അടുത്ത് കുഞ്ഞിൻ്റെ ഉത്തരവാദിത്തം എൽപ്പികുന്നത് കുഞ്ഞിനു തന്നെ ദോഷമായിരിക്കും.

It's better not be a parent than a bad parent

പാരൻ്റിങ് എന്നാൽ അത്രയും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒന്നാണ്. പഴയകാലമല്ല. കുറേ കുട്ടികളെ പ്രസവിച്ച് അവർ എങ്ങനെയങ്കിലും വളർന്നോളും എന്നു ചിന്തിക്കാനാകില്ല. പരിപൂർണ വ്യക്തിയെ ഒന്നും വാർത്തെടുക്കാൻ സാധിച്ചില്ലെങ്കിലും ഏതവസ്ഥയിലും ആത്മവിശ്വാസത്തോടെ പിടിച്ചുനിൽക്കാനുള്ള പ്രാപ്തിയോടെയെങ്കിലും കുഞ്ഞിനെ വളർത്തിയെടുക്കാനാകണം. അത്രയും നീതിയെങ്കിലും സ്വന്തം കുഞ്ഞിനോടു കാണിക്കാൻ സാധിക്കാത്തവർ ഈ പരിപാടിക്കു നിൽക്കാതിരിക്കുക.

നിങ്ങൾക്കെന്ത് ചെയ്യാം?

വിവാഹം കഴിക്കാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുക്കുക. അത് അറേഞ്ച്ഡ് ആയാലും പ്രണയം ആയാലും. കാരണം വിവാഹ ജീവിതം എന്നു പറയുന്നത്തന്നെ ഒരു ടാസ്ക്കാണ്. ഇനി ഈ വിവാഹ ബന്ധത്തിൽ കുഞ്ഞു വേണമോ എന്ന് വളരെ വളരെ ആലോചിച്ച് തീരുമാനിക്കുക. അബദ്ധത്തിൽ ജനിച്ചു പോകേണ്ടതല്ല ഒരു കുഞ്ഞും. അച്ഛനും അമ്മയും ഒരുപോലെ ആഗ്രഹിച്ചും സ്നേഹിച്ചും വേണം ഓരോ കുഞ്ഞും ജനിക്കാൻ.

വിവാഹം കഴിഞ്ഞാൽ പത്താംമാസം കൈയിലൊരു കുഞ്ഞ് എന്ന ചടങ്ങ് മാറ്റുക. പങ്കാളികളുടെ വ്യക്തി താത്പര്യങ്ങൾ മാനിക്കുക.

ഒരു കുഞ്ഞിനെ ഒന്നിച്ചു നോക്കി വളർത്താനുള്ള പ്രാപ്തിയായി എന്നു സ്വയം തോന്നുന്നവരെ ദമ്പതികൾ കാത്തിരിക്കുന്നതും അതു പ്ലാൻ ചെയ്യുന്നതുമാണു നല്ലത്. സിനിമകളിൽ ഒരു പാട്ടുസീനിൽ ഒതുക്കുന്ന വിവാഹവും ആദ്യരാത്രിയും ഛർദ്ദിയും ഗർഭവും പ്രസവവും അടുത്ത സെക്കൻഡിൽ കാണിക്കുന്ന മൂന്നുവയസ്സുള്ള കുഞ്ഞിനെ ബൈക്കിൽ ഇരുത്തി കൊണ്ടുപോകുന്ന മാതാപിതാക്കളുമല്ല യഥാർഥ ജീവിതമെന്നു മനസ്സിലാക്കുക.

വിവാഹം കഴിഞ്ഞാൽ പത്താംമാസം കൈയിലൊരു കുഞ്ഞ് എന്ന ചടങ്ങ് മാറ്റുക. പങ്കാളികളുടെ വ്യക്തി താത്പര്യങ്ങൾ മാനിക്കുക. പുരുഷനെന്ന പോലെ സ്ത്രീക്കും ആഗ്രഹങ്ങളും താത്പര്യങ്ങളും തീരുമാനങ്ങളുമുണ്ട്. കരിയർ സ്വപ്നങ്ങളുണ്ട്. ഒന്നിനുവേണ്ടി മറ്റൊന്നിനെ ഉപേക്ഷിക്കാൻ പരസ്പരം സമർദ്ദത്തിലാക്കാതിരിക്കുക. പങ്കാളിയുടെ കൂടെ നിൽക്കുക.

ഇനി ഞങ്ങളും ഇതൊക്കെ കഴിഞ്ഞതാണ്, ഇതെല്ലാം ജീവിതത്തിൻ്റെ ഭാഗമാണ്, കല്യാണം കഴിഞ്ഞാൽ കുട്ടി വേണം ഒരു കുട്ടിയായാൽ അടുത്ത കുട്ടിവേണം എന്ന സമൂഹത്തിൻ്റെ പതിവു പല്ലവികൾ മറന്നേക്കുക. നിങ്ങളുടെ ജീവിതം നിങ്ങൾ തീരുമാനിക്കുക. ഇതൊക്കെ പറയുന്ന വീട്ടുകാരോടും നാട്ടുകാരോടും പോയി പണിനോക്കാൻ പറയുക.