Nov 1, 2021 • 6M

തിരിച്ചുപിടിക്കണം അവളുടെ ശബ്ദം, കൂടെയുണ്ട് 'ഷി ഈസ് ഈക്വൽ'

കേരളപ്പിറവി ദിനത്തിൽ വനിതകൾക്കുള്ള ആദരമെന്ന നിലക്കാണ് സംസ്ഥാനത്തെ ആദ്യ സ്ത്രീപക്ഷ പോഡ്കാസ്റ്റ് മാധ്യമമായി ഷി ഈസ് ഈക്വൽ എത്തുന്നത്

Lakshmi Narayanan
Comment
Share
 
1.0×
0:00
-6:14
Open in playerListen on);
Episode details
Comments

കേരളപ്പിറവിയുടെ 65ാം വാര്‍ഷിക ദിനത്തിൽ മലയാളികൾക്കായി സമത്വ ചിന്തയുടെ, സമഭാവനയുടെ, ഫെമിനിസത്തിന്റെ, അടിയുറച്ച സ്ത്രീപക്ഷ ചിന്തകളുടെ, നിലപാടുകളുടെ മാധ്യമമായി സ്റ്റോറിയോ സ്റ്റുഡിയോസിൽ നിന്നും ഷി ഈസ് ഈക്വൽ എത്തുന്നു. കേരളപ്പിറവി ദിനത്തിൽ വനിതകൾക്കുള്ള ആദരമെന്ന നിലക്കാണ് സംസ്ഥാനത്തെ ആദ്യ സ്ത്രീപക്ഷ പോഡ്കാസ്റ്റ് മാധ്യമമായി ഷി ഈസ് ഈക്വൽ എത്തുന്നത്.

സമത്വം വാക്കുകളിലൊതുക്കാതെ എങ്ങനെ പ്രാവർത്തികമാക്കണം, എന്താണ് സ്ത്രീസമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ?, എന്താകണം പരിഹാര മാർഗങ്ങൾ? സാമൂഹ്യവികസനത്തെ മുൻനിർത്തി സ്ത്രീപക്ഷ ചിന്തകളെ പ്രവർത്തിപദത്തിൽ കൊണ്ട് വരേണ്ടതെങ്ങനെ?, കൂടുതൽ വനിതാ സാരഥികളെ സമൂഹത്തിന്റെ ഓരോ മേഖലകളിലും എങ്ങനെ സൃഷ്ടിച്ചെടുക്കാം തുടങ്ങി സമസ്ത മേഖലകളിലും സമത്വ ചിന്ത ഊട്ടിയുറപ്പിക്കുന്ന ചിന്തകൾക്കും പ്രവർത്തികൾക്കുമാണ് 'ഷി ഈസ് ഈക്വൽ' മുൻ‌തൂക്കം നൽകുന്നത്.

സംസ്ഥാനത്ത് ഫെമിനിസം ചർച്ചയാക്കുന്ന ആദ്യ മാധ്യമം എന്ന നിലയിൽ കൂടിയാണ് ഷി ഈസ് ഈക്വൽ ശ്രദ്ധേയമാകുന്നത്

മൂന്നരക്കോടിയോളം വരുന്ന ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനം, അതിൽ ഒരുകോടി എൺപത് ലക്ഷത്തോളം പേർ സ്ത്രീകളാണ്. എന്നിട്ടും ദൈവത്തിന്റെ സ്വന്തം നാടെന്നറിയപ്പെടുന്ന കേരളത്തിൽ വനിതാവികസന ഇൻഡക്സിൽ കാര്യമായ മുന്നേറ്റമൊന്നും കാണുന്നില്ല. പകുതിയിലേറെ വരുന്ന ജനസംഖ്യയും സ്ത്രീകളായിട്ടും സംസ്ഥാനത്തിന്റെ മുൻനിര നേതൃത്വങ്ങളിൽ ഈ സ്ത്രീപക്ഷ മികവോ സാന്നിധ്യമോ നമ്മൾ കാണുന്നില്ല. ഇത് എന്ത്കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ചിന്തിച്ചു തുടങ്ങണം.

ഒരു അധ്യയനവർഷത്തിന്റെ ആരംഭത്തിൽ സ്‌കൂളിലേക്കെത്തുന്ന പുതിയ കുട്ടികളിൽ ഭൂരിഭാഗവും പെൺകുട്ടികളായിരിക്കും. കോളേജ് തലത്തിലേക്ക് തിരിയുമ്പോഴും അവസ്ഥ സമാനമാണ്. എന്നാൽ പിന്നീട്, തൊഴിൽമേഖലയിൽ വനിതാസാന്നിധ്യം പരിശോധിക്കുകയാണെങ്കിൽ ഭൂരിപക്ഷം വരുന്ന വനിതകൾ ന്യൂനപക്ഷമായതായി മനസിലാക്കാം. വിദ്യാസമ്പന്നരായിട്ടും സ്വന്തമായി വരുമാനം കണ്ടെത്താൻ കഴിയാതെ സാമ്പത്തിക പാരതന്ത്ര്യം അനുഭവിക്കേണ്ടി വരുന്ന വനിതകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയിലേക്കാണ് ഇത്തരം സംഭവങ്ങൾ വെളിച്ചം വീശുന്നത്.

സാമ്പത്തിക സ്വാതന്ത്ര്യമില്ലായ്മ മാത്രമല്ല കേരളത്തിലെ വനിതകൾ നേരിടുന്ന പ്രശ്നം. ഇവിടെ പ്രധാന പ്രശ്നം അസമത്വത്തിന്റേതാണ്. സ്ത്രീ- പുരുഷ വ്യത്യസമില്ലാത്തത് നിയമത്തിനു മുന്നിൽ മാത്രമാണ്. വീടിനകത്തും പുറത്തും സമൂഹത്തിലും തൊഴിലിടങ്ങളിലുമെല്ലാം സ്ത്രീകൾ നേരിടുന്നത് കടുത്ത ലിംഗ വിവേചനമാണ്. തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നതിൽ തുടങ്ങി സ്ത്രീധന പീഡനങ്ങളും അതേത്തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളും വരെ പലതും സ്ത്രീകളോട് ഈ സമൂഹം കാണിക്കുന്ന കടുത്ത ലിംഗ വിവേചനത്തിന്റെ മുഖങ്ങളാണ്.

പലപ്പോഴും ചർച്ച ചെയ്യപ്പെടാതെ പോകുന്ന, അർഹിക്കുന്ന പ്രാധാന്യം ലഭിക്കാതെ പോകുന്ന സ്ത്രീകളുടെ പ്രശ്നങ്ങളെ സമൂഹമധ്യത്തിൽ ചർച്ചയാക്കുക , അതിലൂടെ യഥാർത്ഥ ഫെമിനിസത്തിന്റെ അന്തഃസത്ത ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണ് 'ഷി ഈസ് ഈക്വൽ' എന്ന ഈ നവ മാധ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.

സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്.ഭരണഘടനയിലെ 243-ാം അനുഛേദം സ്ത്രീകളുടെ അവകാശങ്ങൾ തദ്ദേശഭരണസമിതികളിൽ സ്ത്രീസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്നു. തുല്യതയ്ക്കപ്പുറം, നിയമനിർമ്മാണങ്ങൾ നടത്തണമെന്നും, സ്ത്രീകൾക്ക് ദോഷകരമായി നിലനിൽക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവുമായ വിവേചനം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയുമാണു ഭരണഘടന ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

തദ്ദേശഭരണസ്ഥാപനങ്ങളിലെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ 73, 74 ഭേദഗതികളിലൂടെ അധികാരഘടനയിലേക്ക് കടന്നുനിൽക്കാൻ ഭരണഘടന സ്ത്രീകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഭരണഘടനാ മുന്നോട്ട് വയ്ക്കുന്ന ഈ ഉദ്ദേശ ലക്ഷ്യങ്ങളെയെല്ലാം പിന്താങ്ങുന്നതായിരിക്കും 'ഷി ഈസ് ഈക്വൽ' മുന്നോട്ട് വയ്ക്കുന്ന മാധ്യമധർമം.

നിയമ പരിരക്ഷയില്ലാത്ത സമൂഹത്തിൽ സ്ത്രീ സുരക്ഷിതയാവില്ല. നമ്മുടെ രാജ്യത്ത് സ്ത്രീസുരക്ഷ ഉറപ്പു വരുത്തുന്ന പല നിയമങ്ങളുമുണ്ട്.സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് നിയമനിർമ്മാണം നടത്താൻ തന്നെയുള്ള അധികാരം നമ്മുടെ ഭരണഘടന, ഭരണകൂടത്തിന് അധികാരം നൽകിയിട്ടുണ്ട്. ഭരണഘടന സ്ത്രീ പുരുഷ സമത്വം ഉറപ്പുതരുന്നുണ്ട്. സ്ത്രീയുടെ പൊതു അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും ലിംഗവിവേചനത്തിനും ഭരണഘടനയിൽ വകുപ്പുകൾ ഉണ്ട്.

സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും കൽപ്പിച്ചു നൽകേണ്ട ഒന്നല്ല. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് സമത്വവും സ്വാതന്ത്ര്യവും. അതിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സമത്വങ്ങൾ ഉൾപ്പെടുന്നു

നിയമപരമായി തന്റെ രാജ്യം തനിക്ക് തരുന്ന അവകാശങ്ങളെയും ആനുകൂല്യങ്ങളേയും പറ്റി ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതുണ്ട്.ഇത്തരത്തിൽ ഒരു അവബോധമുണ്ടായാൽ മാത്രമേ ചൂഷണത്തിൽ നിന്നും സ്ത്രീകൾ മോചിതരായി ശാക്തീകരണാവകാശങ്ങളിലേക്ക് പറക്കാൻ അവൾക്ക് സാധിക്കുകയുള്ളു. ഇത്തരമൊരു വലിയലക്ഷ്യത്തിലേക്ക് സ്ത്രീകളെ നയിക്കുക എന്നത് കൂടിയാണ് 'ഷി ഈസ് ഈക്വൽ' ലക്ഷ്യമിടുന്നത്.

സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും കൽപ്പിച്ചു നൽകേണ്ട ഒന്നല്ല. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് സമത്വവും സ്വാതന്ത്ര്യവും. അതിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സമത്വങ്ങൾ ഉൾപ്പെടുന്നു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. പ്രസ്തുത ആശയം ജനങ്ങളിലേക്ക് എത്തിക്കാൻ 'ഷി ഈസ് ഈക്വൽ' ശ്രദ്ധിക്കും. അതിനാൽ തന്നെ സ്ത്രീ പുരുഷ സമത്വത്തിന് നേരെ, സ്വാതന്ത്ര്യത്തിന് നേരെ തിരിച്ചു പിടിച്ച കണ്ണാടിയാണ് 'ഷി ഈസ് ഈക്വൽ' എന്ന ഈ നവമാധ്യമം.

സംസ്ഥാനത്ത് ഫെമിനിസം ചർച്ചയാക്കുന്ന ആദ്യ മാധ്യമം എന്ന നിലയിൽ കൂടിയാണ് ഷി ഈസ് ഈക്വൽ ശ്രദ്ധേയമാകുന്നത്. സ്ത്രീകളുടെ തുല്യാവകാശവും നിയമപരിരക്ഷയും ലക്ഷ്യമിടുന്ന ചിന്താശാസ്ത്രമായ ഫെമിനിസം ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പദമായി മാറിക്കഴിഞ്ഞു. എന്താണ് ഫെമിനിസത്തിന്റെ യഥാർത്ഥ സത്ത്? ഇത് സംബന്ധിച്ച സമൂഹത്തിലെ തെറ്റിദ്ധാരണ എങ്ങനെ മാറ്റം? സാമൂഹികമായ ഉന്നമനത്തിനായി ഫെമിനിസം എങ്ങനെ നടപ്പിലാക്കാം ? തുടങ്ങി നിരവധിക്കാര്യങ്ങൾ 'ഷി ഈസ് ഈക്വൽ' ചർച്ച ചെയ്യുന്നു.

A guest post by
Managing Editor, She's Equal
Subscribe to Lakshmi