Jan 3 • 9M

'മിന്നൽ മുരളി'യിലെ നാല് പെണ്ണുങ്ങൾ: ഫെമിനിസം വെറുതേ പറയാൻ ഉള്ളതല്ല!

ലിംഗം, കക്ഷി രാഷ്ട്രീയം, ലൈംഗികത, ടോക്സിക് പ്രണയം, നായക സങ്കൽപം തുടങ്ങിയ നിരവധി വിഷയങ്ങളിൽ മിന്നൽ മുരളി കൃത്യമായ നിലപാടുകൾ മുന്നോട്ട് വയ്ക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെ വേണം പറയാൻ

2
2
 
1.0×
0:00
-8:55
Open in playerListen on);
Episode details
2 comments

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ ചിത്രം മിന്നൽ മുരളി മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സുകളിൽ വൻ വിജയ കുതിപ്പാണ് നടത്തികൊണ്ട് ഇരിക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കേരളത്തിൽ പിറന്ന എണ്ണം പറഞ്ഞ സൂപ്പർ ഹീറോ മൂവി എന്നാണ് വിമർശകർ പോലും വിധി എഴുതുന്നത്. തന്റെ മൂന്നാമത്തെ സംവിധാന സംരംഭത്തിലൂടെ തന്നെ പരിചയ സമ്പന്നർ ആയ സംവിധായകർ പോലും തൊടാൻ മടിക്കുന്ന അന്താരാഷ്ട്ര ആശയം മലയാളത്തിൽ പ്രാവർത്തികം ആക്കിയ ബേസിൽ ജോസഫ് പൂർണ്ണമായും പ്രശംസ അർഹിക്കുന്നു.

തീർത്തും പ്രാദേശികം ആയ ചുറ്റുപാടിൽ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങിയിരിക്കുന്നത്. കുറുക്കൻ മൂല എന്ന ഉൾഗ്രാമത്തിൽ ജനിച്ച് ജീവിക്കുന്ന കുറച്ച് അതിസാധാരണക്കാർ ആയ മനുഷ്യർ മാത്രമാണ് ചിത്രത്തിൽ ഉടനീളം ഉള്ളത്. 'ഒരേ മിന്നൽ' ഏറ്റ് അമാനുഷികത ലഭിച്ച രണ്ട് മനുഷ്യർക്ക് ഉള്ളിലെ നന്മയുടെയും തിന്മയുടെയും ഏറ്റുമുട്ടൽ. ഇത് മാത്രമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മറ്റേത് സൂപ്പർഹീറോ ചിത്രത്തിന്റെയും പോലെ അവസാനം നന്മ വിജയിക്കുന്നു.

ഇനി, ഇതിൽ എന്താണ് ചർച്ച ചെയ്യാൻ ഉള്ളത്? ഒരു സൂപ്പർഹീറോ ചിത്രം എന്നതിൽ ഉപരി മിന്നൽ മുരളി എന്തെങ്കിലും രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുണ്ടോ? സമൂഹത്തിലെ കത്തി നിൽക്കുന്ന ചർച്ചാവിഷയങ്ങൾ - ലിംഗം, കക്ഷി രാഷ്ട്രീയം, ലൈംഗികത, ടോക്സിക് പ്രണയം, നായക സങ്കൽപം തുടങ്ങിയ നിരവധി വിഷയങ്ങളിൽ മിന്നൽ മുരളി കൃത്യമായ നിലപാടുകൾ മുന്നോട്ട് വയ്ക്കുന്നുണ്ടോ? ഉണ്ട് എന്ന് തന്നെ വേണം പറയാൻ. മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിച്ച ഈ സൂപ്പർഹീറോ ചിത്രത്തിന്റെ സ്ത്രീപക്ഷ വിശകലനം ആണ് ഇനി.

അമാനുഷികത പുരുഷന് മാത്രം ഉള്ളതാണോ?

ലോക സിനിമാ ചരിത്രത്തിൽ നിരവധി സൂപ്പർ ഹ്യൂമൻ കഥാപാത്രങ്ങളെ സ്ത്രീകൾ അവതരിപ്പിച്ചിട്ടുണ്ട്. വണ്ടർ വുമൺ, ബാറ്റ് ഗേൾ, ബ്ലാക്ക് വിഡോ തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി അമാനുഷികമാർ വെള്ളിത്തിരയിൽ പിറന്നിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സിനിമയിൽ ഇത് വരെ നായകന് പകരം വയ്ക്കാവുന്ന, അല്ലെങ്കിൽ നായക കഥാപാത്രത്തെ കവച്ച് വയ്ക്കുന്ന ഒരു സൂപ്പർ വുമൺ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. മാത്രമല്ല, സൂപ്പർ ഹീറോ ചിത്രങ്ങളിൽ എല്ലാം നായകന് ഒരു അബലയും പരാശ്രയിയും ആയ നായിക കൂട്ട് ഉണ്ടാകുകയും, അവരെ ആപത്തിൽ നിന്ന് രക്ഷിക്കേണ്ടത് നായകന്റെ ചുമതലയും ആയാണ് കാണുക പതിവ്.

ബോളിവുഡ് സൂപ്പർഹിറ്റ് കൃഷ് പരിശോധിച്ചാൽ തന്നെ ഇത് തിരിച്ചറിയാം. ഇവിടെ ആണ് മിന്നൽ മുരളി വ്യത്യസ്തം ആകുന്നത്. മിന്നൽ മുരളിയിൽ നായകൻ ജെയ്സണ് ഒരു പ്രണയമില്ല. പ്രണയം ഉള്ളത് വില്ലൻ ഷിബുവിന് ആണ്. അതും സ്വാർത്ഥത ഒട്ടും കലരാത്ത നിഷ്‍കളങ്കം ആയ പ്രണയം! ജെയ്സണ് പ്രണയം തോന്നിയേക്കാവുന്ന 'ബ്രൂസ് ലീ ബിജി' എന്ന കഥാപാത്രം ആവട്ടെ, യഥാർത്ഥത്തിൽ ജെയ്സണെക്കാൾ ശക്തയും കരുത്തയും ആണ് താനും.

വണ്ടർ വുമൺ, ബാറ്റ് ഗേൾ, ബ്ലാക്ക് വിഡോ തുടങ്ങി പ്രേക്ഷകർ നെഞ്ചിലേറ്റിയ നിരവധി അമാനുഷികമാർ വെള്ളിത്തിരയിൽ പിറന്നിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സിനിമയിൽ ഇത് വരെ നായകന് പകരം വയ്ക്കാവുന്ന, അല്ലെങ്കിൽ നായക കഥാപാത്രത്തെ കവച്ച് വയ്ക്കുന്ന ഒരു സൂപ്പർ വുമൺ ഉണ്ടായിട്ടില്ല എന്നതാണ് സത്യം

യാതൊരു മിന്നലും ഏൽക്കാതെ തന്നെ ബ്രൂസ് ലീ കിക്ക് ചെയ്യുന്ന, സ്വന്തമായി സംരംഭങ്ങൾ നടത്തി ജീവിക്കുന്ന, നാട്ടുകാർ അടുക്കാൻ മടിക്കുന്ന ബിജി സ്വയം ഒരു സൂപ്പർ ഫീമെയിൽ തന്നെ ആണ്. അതിൽ നിന്നെല്ലാം ചിത്രം വ്യത്യസ്തം ആകുന്നത് മറ്റൊരു കാര്യത്തിലാണ്. ഒടുക്കം ഷിബു ഒരുക്കിയ കെണിയിൽ പെട്ട് ബിജി മരണം മുന്നിൽ കണ്ട് നിമിഷങ്ങൾ തള്ളി നീക്കുമ്പോഴും, ഷിബുവിനെ നേർക്കുനേർ പോരാടി ജെയ്‌സൺ കീഴ്പ്പെടുത്തുമ്പോഴും എല്ലാം, ബിജിയെ രക്ഷിക്കാൻ ജെയ്‌സൺ പാഞ്ഞെത്തും എന്നും അങ്ങനെ അവർ പ്രണയത്തിൽ ആകും എന്നും എല്ലാം ഉള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ ആസ്ഥാനത്ത് ആക്കി ബിജി സ്വന്തം ജീവൻ രക്ഷിക്കാനുള്ള വഴി സ്വയം കണ്ടെത്തുന്നത് ആണ്.

ഓരോ മനുഷ്യരുടെ ഉള്ളിലും ഒരു സൂപ്പർ ഹീറോ ഉണ്ടെന്നും നായികയെ രക്ഷിക്കേണ്ടത് അവർ സ്വയം തന്നെ ആണെന്നും യാതൊരു ബഹളവും കൂടാതെ 'മിന്നൽ മുരളി' പറഞ്ഞ് വയ്ക്കുന്നു.

ഷിബുമാർ ആഘോഷിക്കപ്പെടുമ്പോൾ..

ചിത്രത്തിൽ നായകൻ ആയ ജെയ്സന്റെ വികാരങ്ങളെക്കാൾ പ്രേക്ഷകരുടെ മനസ്സിൽ തറച്ച് കയറുന്നത് ഷിബുവിന്റെ നിസ്സഹായതയും പ്രണയവും നൈരാശ്യവും എല്ലാമാണ്. 28 വർഷം തന്റെ പ്രണയം ഉള്ളിൽ ഒതുക്കി ഉഷയെ മാത്രം സ്വപ്നം കണ്ട് നടന്ന ഷിബു ഒരു പക്ഷെ മലയാള സിനിമയിലെ പ്രണയിതാക്കളിൽ വച്ച് തന്നെ ഏറ്റവും മികവുറ്റ കഥാപാത്രവുമാണ്. മറ്റൊരു അഭിനേതാവിനും ചിന്തിക്കാൻ പോലും സാധിക്കാത്ത അത്ര തീവ്രതയോടെ, കൃത്യതയോടെ, മികവോടെ ഗുരു സോമസുന്ദരം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പക്ഷെ ജെയ്‌സൺ ഒരു സൂപ്പർഹീറോ ആയിരുന്നിട്ട് പോലും അയാളേക്കാൾ പ്രേക്ഷകരുടെ മനസ്സ് സ്പർശിച്ചത് ഷിബു തന്നെയാണ് എന്ന് സംശയം ഇല്ലാതെ പറയാം. സ്നേഹത്തിന്റെ വെളിച്ചം എന്തെന്ന് അറിയാതെ ജീവിതം മുഴുവൻ തള്ളി നീക്കിയ ഷിബു, ആദ്യമായി തന്റെ മുന്നിൽ ഒരു തരി വെളിച്ചം കണ്ടപ്പോൾ ആർത്തിയോടെ, നന്മ-തിന്മകൾ ചിന്തിക്കാതെ അതിന് പിറകെ ഭ്രാന്തമായി ഓടിയ കാഴ്ചയാണ് ചിത്രത്തിൽ നാം കണ്ടത്. അയാൾക്ക് മുന്നിൽ ഉഷയുടെ സ്നേഹം അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഷിബുവിന് ഒപ്പമാണ് ഭൂരിഭാഗം പ്രേക്ഷക മനസ്സുകളും.

28 വർഷം തന്റെ പ്രണയം ഉള്ളിൽ ഒതുക്കി ഉഷയെ മാത്രം സ്വപ്നം കണ്ട് നടന്ന ഷിബു ഒരു പക്ഷെ മലയാള സിനിമയിലെ പ്രണയിതാക്കളിൽ വച്ച് തന്നെ ഏറ്റവും മികവുറ്റ കഥാപാത്രവുമാണ്

എന്നാൽ ഒരു സ്ത്രീയെ ഇഷ്ടപ്പെട്ടാൽ അവൾക്ക് പിന്നാലെ ഒളിഞ്ഞും തെളിഞ്ഞും നോക്കി നടന്ന്, അവളുടെ കാര്യങ്ങളിൽ ഇടപെട്ട്, അവളിലേക്ക് എത്താനുള്ള തടസ്സങ്ങൾ കൊന്നും തല്ലിയും നീക്കി ഒടുക്കം എന്ത് വില കൊടുത്തും തന്റെ ഇഷ്ടം സാധിക്കുന്ന ഒരു ടിപ്പിക്കൽ ടോക്സിക് മെയിൽ മാത്രം ആണ് ഷിബു. ഷിബു ആരാധിക്കപ്പെടുമ്പോൾ ഒപ്പം സ്വീകരിക്കപ്പെടുന്നത് കാമുകിയെ സ്വന്തം ആക്കാൻ വേണ്ടി കുറ്റകൃത്യങ്ങൾ ചെയ്യുന്ന, പ്രണയിക്കുന്ന പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ പുറകെ നടക്കുകയും ഒളിഞ്ഞു നോക്കുകയും ചെയുന്ന, പ്രണയത്തിനായി കൊലപാതകങ്ങൾ വരെ നടത്തുന്ന ഈ നാട്ടിലെ ടോക്സിക് കാമുകന്മാർ ആണ്. അവരുടെ പ്രണയത്തിന് കാല്പനികതയെക്കാൾ കൂടുതൽ അധീശത്വ ഭാവം ആണ് ഉള്ളത്. പക്ഷെ ഈ കാരണം പറഞ്ഞ് നമ്മൾ ഷിബുവിനെ തള്ളി കളഞ്ഞാൽ പിന്നെ നമുക്ക് കൊള്ളാൻ ഉള്ളത് എന്താണ്?

പൂവാലന്മാരുടെ സ്നേഹത്തെ പുകഴ്ത്തുന്ന, ഇഷ്ടപ്പെട്ട പെണ്ണിനെ പുറകെ നടന്ന് 'വളയ്ക്കുന്ന,' പ്രണയം സഫലം ആക്കാൻ വേണ്ടി എണ്ണമറ്റ ഗുണ്ടകളെ, നായികയുടെ ബന്ധുക്കളെ വരെ കൊന്ന് തള്ളി ഹീറോയിസം കാണിക്കുന്ന നായകന്മാർ ആണ് ഈ നാട്ടിലെ പുരുഷസങ്കല്പം ഡിഫൈൻ ചെയ്യുന്നത്. നമ്മൾ കൈയടിച്ച് സ്വീകരിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പലതിലും ഷിബുവിനെക്കാൾ സൈക്കോ സ്വഭാവം ഉള്ള നായകന്മാരെ കാണാം.

രണ്ട് പേർ ജീവിതത്തിൽ ഒന്നാകാൻ വേണ്ടി ചുറ്റും ചോരപ്പുഴ ഒഴുകുന്ന കാഴ്ചയും കാണാം. അതിനെല്ലാം ഒടുക്കം, നിരവധി പേരുടെ അറ്റ് വീണ തലയ്ക്ക് മുകളിൽ ചവിട്ടി നിന്നു കൊണ്ട് 'പ്രണയം പൂവണിയുന്ന' അസുലഭ കാഴ്ചയും കാണാം! അതെല്ലാം നോക്കുമ്പോൾ തിന്മയുടെ നേടുന്ന പ്രണയം വാഴില്ല എന്ന കാവ്യനീതി അർത്ഥവത്ത് ആക്കിയ 'മിന്നൽ മുരളി' വിമർശിക്കപ്പെടേണ്ടതേ അല്ല.

'മിന്നൽ മുരളി'യിലെ നാല് പെണ്ണുങ്ങൾ ആ ചിത്രത്തിന്റെ രാഷ്ട്രീയം പറഞ്ഞ് വയ്ക്കുന്നുണ്ട്. ഒന്ന്, ബ്രൂസ് ലീ ബിജി. പെണ്ണിന് സ്വയം രക്ഷയ്ക്ക് ആയി പ്രണയമോ നായകനോ വേണ്ട എന്നും ഉൾക്കരുത്തും കൈക്കരുത്തും നെടിയാം മതി എന്നും ബിജി പ്രഖ്യാപിക്കുന്നു. രണ്ട്, ഉഷ. ജീവിതത്തിൽ എന്തെല്ലാം നഷ്ടപ്പെട്ടാലും പ്രണയം മുറുകെ പിടിക്കുന്നവരെ എന്ത് വില കൊടുത്തും ചേർത്ത് നിർത്തണം എന്ന് ഉഷ തെളിയിക്കുന്നു.

ജീവിക്കാൻ ഗതി ഇല്ലാത്തപ്പോഴും സമ്പത്ത് മുന്നിൽ വന്നപ്പോഴും മനസ്സിൽ തന്നോട് ഭ്രാന്തമായ പ്രണയം ഉള്ള ഷിബുവിനെ ഉഷ കൈവിടാതെ നോക്കുന്നു. മൂന്ന്, ബിൻസി. ബിന്സിയെ 'തേപ്പുകാരി' ആയി ചിത്രത്തിൽ എവിടെയും കാണിച്ചിട്ടില്ല. നായകന്റെ പ്രണയം നിരസിച്ച നായിക ജീവിതത്തിൽ തോൾവി ഏറ്റുവാങ്ങുന്ന സ്ഥിരം ആചാരം ഈ ചിത്രത്തിൽ ഇല്ല താനും.

ബിൻസി സ്വന്തം തീരുമാനങ്ങളിൽ തൃപ്തയാണ്. നാല്, ജെയ്സന്റെ പെങ്ങൾ. പി.സി. പോത്തൻ എന്ന അരസികന്റെ ഭാര്യ, നായകന്റെ സ്നേഹമായി ആയ പെങ്ങൾ തുടങ്ങിയ സിമ്പതെറ്റിക് ഇമേജുകൾ ഒന്നും അവർക്ക് വേണ്ട! വളരെ പരുഷമായി, റിയലിസ്റ്റിക് ആയി, ബോൾഡ് ആയി അവർ ജീവിതത്തെ സ്വീകരിക്കുന്നു.

മിന്നൽ മുരളിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. പുരുഷപക്ഷത്ത് മാത്രം നിൽക്കുന്ന ഒരു മെയിൻസ്ട്രീം സൂപ്പർ ഹ്യൂമൻ ചിത്രമായി അതിനെ വിധി എഴുതാൻ വരട്ടെ, ബേസിൽ ജോസഫ് എന്ന യുവ സംവിധായകൻ തന്റെ പുരോഗമന കാഴ്ചപ്പാടുകൾ യാതൊരു ബഹളവും ഉണ്ടാക്കാതെ, അത്യന്തം പ്രാദേശികം ആയ ചുറ്റുപാടിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്ൻമെന്റ് പാക്കേജ് തന്നെയാണ് മിന്നൽ മുരളി. ലിംഗ സമത്വത്തെ കുറിച്ച് ചർച്ചകൾ നടക്കുന്ന കാലത്ത്, ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കപ്പെട്ട ഈ ആശയങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകരുത്, അത്ര മാത്രം.