Nov 18, 2021 • 11M

'അവർക്ക് ഡൈനിംഗ് ടേബിളിൽ, എനിക്ക് ഭക്ഷണം തറയിൽ, മുറിയിലും വിലക്ക്...'

വസ്ത്രങ്ങൾ വച്ച അലമാരയും ചന്ദനവും ഒന്നും തൊട്ടുകൂടാ. അടുക്കളയിലേക്ക് കയറിക്കൂടാ. പൂജാമുറിക്ക് മുന്നിലൂടെ നടന്നുകൂടാ മലയാളികൾക്ക് ഇടയിൽ ഇന്നും നിലനിൽക്കുന്ന ആർത്തവ അയിത്തത്തിലേക്ക് ഒരു എത്തിനോട്ടം..

8
1
 
1.0×
0:00
-10:36
Open in playerListen on);
Episode details
1 comment

സ്ത്രീകളുടെ സ്വാഭാവികമായ ജീവപ്രക്രിയയുടെ പേരിൽ സമരവും രാഷ്ട്രീയ മുന്നേറ്റവും നടന്ന, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരേയൊരു സമൂഹമാണ് നമ്മുടെ 'പ്രബുദ്ധ കേരളം.' വിദ്യാഭ്യാസത്തിന്റെയും ലോകപരിജ്ഞാനത്തിന്റെയും സാക്ഷരതയുടെയും കാര്യത്തിൽ ലോകജനതയോട് തന്നെ മാറ്റുരയ്ക്കുന്ന കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും ആർത്തവം എന്തെന്നോ ആർത്തവത്തെ എങ്ങനെ സമീപിക്കണമെന്നോ ആത്മീയമായും രാഷ്ട്രീയമായും അതിനെ എങ്ങനെ നോക്കി കാണണമെന്നു ഒരു രൂപവും ഇല്ലെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആകില്ല. മലയാളികൾക്ക് ഇടയിൽ ഇന്നും നിലനിൽക്കുന്ന ആർത്തവ അയിത്തത്തിലേക്ക് ഒരു എത്തിനോട്ടം..

അടുക്കള, തുണിത്തരങ്ങൾ, വിളക്ക്... എല്ലാം പ്രശ്നമാണ്!

ആർത്തവത്തോട് ഉള്ള ഒരു ശരാശരി മലയാളി കുടുംബത്തിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാൻ കേരളത്തിലെ ഒരു മധ്യവർഗ്ഗ കുടുംബത്തോട് ചോദിക്കാം. ബാങ്ക് ജോലിയിൽ നിന്ന് വിരമിച്ച ശ്രീദേവി. ഭർത്താവ് ഗവണ്മെന്റ് സർവീസിൽ നിന്ന് വിരമിച്ച നാരായണൻ.

ഒരേയൊരു മകൾ ഇടത് ആഭിമുഖ്യത്തോടെ പത്രപ്രവർത്തന രംഗത്ത് തിളങ്ങുന്ന അശ്വതി. മകളെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് സ്വതന്ത്രയായി ജീവിതത്തിലും തൊഴിൽ മേഖലയിലും വിദ്യാഭ്യാസ രംഗത്തും ചിറക് വിരിക്കാൻ പ്രോത്സാഹിപ്പിച്ച 'മോഡേൺ' കുടുംബം. പക്ഷെ വീട്ടിൽ എത്തിയാൽ മാസത്തിൽ മൂന്ന് ദിവസം മാറിയിരിക്കണം! മൂക്കത്ത് വിരൽ വയ്‌ക്കേണ്ട, അശ്വതിയുടെ വാക്കുകൾ കേൾക്കാം:

"വീട്ടിൽ അമ്പലം ഒന്നുമില്ല. ഇനി ഉണ്ടെങ്കിലും എനിക്കത് പ്രശ്നവുമല്ല. 25 വയസ്സ് വരെ ആർത്തവ ദിവസങ്ങളിൽ മറ്റൊരു മുറിയിൽ ആണ് കിടന്നിരുന്നത്. വസ്ത്രങ്ങൾ വച്ചിരിക്കുന്ന അലമാരയും ചന്ദനവും ഒന്നും തൊട്ടുകൂടാ. അടുക്കളയിലേക്ക് കയറിക്കൂടാ. പൂജാമുറിക്ക് മുന്നിലൂടെ നടന്നുകൂടാ. എല്ലാവരും ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ എനിക്കായി മാറ്റിവച്ച പാത്രത്തിൽ നിലത്ത് ഇരുത്തി ആണ് എനിക്ക് ഭക്ഷണം നൽകുക! ഇതിനെ ചോദ്യം ചെയ്‌താൽ മുത്തശ്ശനും മുത്തശ്ശിയും ഉള്ള കാലം വരെ ഇങ്ങനെ ഒക്കെയേ നടക്കൂ എന്നാണ് അമ്മ പോലും പറഞ്ഞിരുന്നത്.

ആർത്തവ അയിത്തം കേരള സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെങ്കിൽ ആദ്യം ആർത്തവത്തെയും സ്ത്രീ ശരീരത്തെയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും മതപരവുമായ മുൻവിധികൾ മാറണം

ഞാൻ അത് വിശ്വസിച്ച് ജീവിച്ചു. വല്ലപ്പോഴും അല്ലെ വീട്ടിൽ വരുന്നുള്ളൂ. മുത്തശ്ശൻ മരിച്ച് കഴിഞ്ഞപ്പോൾ ആണ് അച്ഛനമ്മമാരുടെ ഭാവം മാറിയത്. ഇനി പഴയ ചിട്ടകൾ ഒക്കെ നില നിർത്തേണ്ടത് നമ്മൾ ആണ് എന്ന മട്ടായിരുന്നു. ധിക്കരിച്ച് കൂട്ടിത്തൊട്ടപ്പോൾ 'ഞങ്ങളെ ഒക്കെ ശാപം വാങ്ങി തന്ന് കൊല്ലുമോടി അസത്തെ!' എന്നായിരുന്നു അമ്മയുടെ ശകാരം! എനിക്ക് അമ്മയാണ് അത് പറഞ്ഞത് എന്ന് വിശ്വസിക്കാൻ പോലും പറ്റിയില്ല.."

ഇതേ സംഭവത്തെ കുറിച്ച് അമ്മ ശ്രീദേവി പറയുന്നത് ഇങ്ങനെ: "പഴയ കാലമൊക്കെ മാറിയില്ലേ.. പാവം കുട്ടികൾ ഒന്ന് പുറത്ത് (ആർത്തവം) ആയെന്ന് കരുതി മുങ്ങി കുളിക്കണം എന്നോ തിടപ്പായയിൽ ഉറങ്ങണമെന്നോ ഒന്നും പറയുന്നത് ശരിയല്ല.

പിന്നെ ആ ദിവസങ്ങളിൽ വിളക്ക് കത്തിക്കാതിരിക്കുക. മറ്റുള്ളവരുടെ ഭക്ഷണവും തുണിയും ഒന്നും തൊടാതെ സ്വന്തം കാര്യം നോക്കി നടക്കുക. അവനവൻ തൊട്ട വസ്ത്രങ്ങൾ നാലിന്റെ അന്ന് ഒന്ന് നനച്ച് ഇട്ടേക്കുക. പുണ്യാഹം ഒന്നും തളിക്കുന്നില്ലല്ലോ.. അത് കഴിഞ്ഞാലും നമുക്ക് വിളക്ക് വച്ച് പ്രാർത്ഥിക്കേണ്ടതല്ലേ.."

നോക്കൂ, ആർത്തവം ഒരു സ്വാഭാവിക പ്രക്രിയ ആണ് എന്ന ഉത്തമ ബോധ്യം ഉള്ളപ്പോഴും അതിൽ അയിത്തം കൽപ്പിക്കാൻ എന്തോ ഉണ്ട് എന്ന തോന്നൽ എത്ര ആഴത്തിലാണ് സ്ത്രീകളുടെ മനസ്സിൽ പോലും പതിഞ്ഞിരിക്കുന്നത് എന്ന്!! ആ വീട്ടിലെ ഒരേയൊരു പുരുഷന്റെ അഭിപ്രായം ആണ് ഇതിനെയെല്ലാം തോൽപ്പിച്ച് കളഞ്ഞത്. നാരായണൻ പറയുന്നത് ഇങ്ങനെ: "എനിക്ക് ഇതിൽ ഒന്നും വിശ്വാസമില്ല. മോൾ ആദ്യമായി പിരീഡ്‌സ് ആയപ്പോൾ തന്നെ തെരണ്ടുകല്യാണം ഒന്നും നടത്താൻ പറ്റില്ലെന്ന് പറഞ്ഞത് ഞാനാണ്. പക്ഷെ എനിക്ക് ഉള്ളത് പോലെ വിശ്വാസം ഉള്ളവർക്കും ഇല്ലേ അവകാശങ്ങൾ. സ്വന്തം വീട്ടിൽ കുറ്റബോധത്തോടെ കഴിയേണ്ട ആവശ്യം എന്റെ ഭാര്യക്കും അമ്മയ്ക്കും ഇല്ലല്ലോ. അത് സംരക്ഷിക്കേണ്ടത് ഞാനും മോളും അല്ലെ.."

സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച ദൈവം സ്ത്രീകൾക്ക് മാത്രമായി അശുദ്ധി കല്പിക്കില്ല എന്ന് സ്ത്രീകൾ തന്നെ തുറന്നുപറയുന്ന കാലത്തെ ആർത്തവ അയിത്തം കേരളം സമൂഹത്തിൽ നിന്ന് വിട്ട് മാറൂ

ഈ ഒരു പോയന്റിലാണ് ശബരിമല പ്രക്ഷോഭത്തിന്റെ ജനകീയത പ്രസക്തമാകുന്നത്. രാഷ്ട്രീയമായി ഇടത് ആഭിമുഖ്യം ഉള്ളവർ പോലും ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിക്കുന്ന കോടതിവിധി അനാവശ്യം ആയിരുന്നു എന്ന് ഉറക്കെ പറയുന്ന നാടാണ് കേരളം.

യൗവ്വനയുക്തയായ സ്ത്രീ ആർത്തവം ഉള്ളവർ ആയതുകൊണ്ട് ദൈവത്തിന് പോലും കണ്ടുകൂടാത്തവൾ ആണെന്ന യമണ്ടൻ ന്യായം നിരത്തി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തെരുവിൽ ഇറങ്ങിയ മനുഷ്യർ. അവരെ ഇന്നും പിന്തുണയ്ക്കുന്ന ജനത. ശരിയാണ്, ആർത്തവ അയിത്തം കേരളത്തിൽ ഇന്നും യാഥാർഥ്യം തന്നെയാണ്.

ആർത്തവം രാഷ്ട്രീയ പ്രശ്നമായ നാട്!

ആർത്തവ ശുചിത്വത്തെ പറ്റിയും ആർത്തവത്തോട് ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ അപ്രസക്തിയെ കുറിച്ചും ജനങ്ങൾക്കിടയിൽ ഇറങ്ങി ബോധവത്കരണം നടത്തുന്ന ഒരു എൻജിഓയുടെ പ്രവർത്തകർ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ തോറ്റുപോയി. "രാജസ്ഥാനിലും ഗുജറാത്തിലും ബോംബെയിലും ഒക്കെ ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.

അവിടുത്തെ ഗ്രാമവാസികളുടെ പ്രശ്നം വിദ്യാഭ്യാസക്കുറവ് ആണ്. അവർക്ക് സാക്ഷരതയോ ലോകപരിചയമോ ഇല്ല. അതുകൊണ്ട് ദിവസങ്ങളോളം ക്ലാസുകൾ അറ്റൻഡ് ചെയ്‌താൽ, ആർത്തവത്തിന്റെ ജീവശാസ്ത്ര വശങ്ങളും സാമൂഹ്യ വശങ്ങളും പറഞ്ഞ് മനസ്സിലാക്കിയാൽ അവർ ഒരു പരിധി വരെ മാറാൻ തയ്യാറാകും. പക്ഷെ കേരളത്തിലെ ജനങ്ങളുടെ പ്രശ്നം വിദ്യാഭ്യാസം നേടി എന്നുള്ളതാണ്. അവർക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അറിയാനോ അതിനെ സ്വീകരിക്കാനോ താല്പര്യമില്ല.

മലയാളികൾക്ക് ആർത്തവം ഒരു രാഷ്ട്രീയ പ്രശ്നമാണ്. എല്ലാ കാര്യങ്ങളെയും രാഷ്ട്രീയമായി നോക്കി കാണുന്ന ജനതയാണ് മലയാളികൾ. ജാതി - വർഗ്ഗ ഭേദമെന്യേ വീടുകളിൽ എത്തി ആർത്തവ അയിത്തം എന്ന വാക്ക് ഉച്ചരിച്ചാൽ, നിങ്ങൾ ആക്ടിവിസ്റ്റ് ആണോ എന്നാണ് അവർ തിരിച്ച് ചോദിക്കുന്നത്.

"എനിക്ക് ആർത്തവമാണ്" എന്ന് ഉറക്കെ പറയാൻ പോലും മടിക്കുന്ന സ്ത്രീകളാണ് ഈ നാട്ടിലുള്ളത്. ആർത്തവം എന്നാൽ വെറുക്കപ്പെടേണ്ട, ജുഗുപ്സ ഉളവാക്കുന്ന, പുറമെ പറയാൻ മടിക്കേണ്ട എന്തോ പ്രശ്നമാണ് എന്ന ചിന്താഗതിയാണ് മാറേണ്ടത്

സോഷ്യൽ ആക്ടിവിസ്റ്റ് എന്നത് കേരളത്തിൽ ഒരു മോശം പദമായി മാറിയിരിക്കുന്നു! രാജ റാം മോഹൻ റോയ്, ഗാന്ധിജി തുടങ്ങി എത്രയെത്ര സോഷ്യൽ ആക്ടിവിസ്റ്റുകൾ ഉണ്ടായിരുന്നത് കൊണ്ടാണ് നമ്മുടെ നാട് ഇപ്പോൾ ഇങ്ങനെ നില നിൽക്കുന്നത്! കേരളത്തിലെ ജനങ്ങൾക്കിടയിൽ ആർത്തവ വിഷയങ്ങളിൽ സംസാരം പോലും സാധ്യമല്ലാത്ത ആക്കാൻ ശബരിമല പ്രക്ഷോഭത്തിന് സാധിച്ചിട്ടുണ്ട്," അവർ പറയുന്നു.

ദൈവത്തിന് പോലും രക്ഷയില്ല!

മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടെന്ന് അവകാശപ്പെടുന്ന ഹിന്ദു മതത്തിൽ മനുഷ്യർ നിത്യം വിളക്ക് വച്ച് പൂജിക്കുന്ന ദേവിമാർക്കും ആർത്തവമില്ലേ എന്നതാണ് പുറമെ ഉള്ളവരുടെ ന്യായമായ സംശയം. എന്നാൽ മാസമുറ തെറ്റാത്ത ഒരു 'ദേവി'യോട് മലയാളികൾ ചെയ്യുന്നത് കേട്ടാൽ ആ സംശയം മാറിക്കിട്ടും. ചെങ്ങന്നൂർ ശ്രീമഹാദേവ ക്ഷേത്രം കേരളത്തിലെ ചിരപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. ഈ ക്ഷേത്രത്തിന്റെ പ്രത്യേകത, ഇവിടെ കുടിയിരിക്കുന്ന ദേവി ശ്രീപാർവ്വതിയ്ക്ക് തെറ്റാതെ മാസമുറ വരും എന്നതാണ്!

വിഗ്രഹത്തെ ഉടുപ്പിച്ചിരിക്കുന്ന പട്ടുടയാടയിൽ രക്തക്കറ ഉണ്ടോ എന്ന് ശ്രദ്ധിക്കൽ ഇവിടത്തെ മേൽശാന്തിയുടെ പ്രധാന ജോലികളിൽ ഒന്നാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് വരെ എല്ലാ മാസവും ദേവിക്ക് ആർത്തവം വരാറുണ്ടായിരുന്നു എന്നാണ് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നത്. എന്നാൽ കുറച്ച് വർഷങ്ങളായി രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കലേ ഈ പ്രതിഭാസം സംഭവിക്കുന്നുള്ളൂ.

'തൃപ്പൂത്ത്' എന്നാണ് ദേവിയുടെ ആർത്തവത്തിന് ഈ നാട്ടിൽ പറയുന്നത്. തൃപ്പൂത്ത് ആയാൽ താന്ത്രികുടുംബത്തിലെ മുതിർന്ന സ്ത്രീയെ പ്രതിഭാസം സാക്ഷ്യപ്പെടുത്താൻ ക്ഷണിച്ച് വരുത്തും. ഉറപ്പായാൽ വിഗ്രഹത്തെ ശ്രീകോവിലിന് പിറകിലുള്ള ഒരു മുറിയിലേക്ക് മാറ്റും. നാല് ദിവസം കഴിഞ്ഞേ പിന്നീട് വിഗ്രഹം പുറത്തെടുക്കൂ. നാലാം ദിവസം പമ്പയാറിൽ ആറാട്ട് കഴിഞ്ഞ് പാർവതീ ദേവി വരുമ്പോൾ എതിരേൽക്കാൻ മഹാദേവന്റെ വിഗ്രഹം വാതിൽക്കൽ വയ്ക്കുമത്രേ.

ഞങ്ങളുടെ ആർത്തവം അശുദ്ധിയല്ല മറിച്ച് ഞങ്ങളുടെ യൗവനത്തിന്റെ പ്രൗഢമായ കൈയൊപ്പ് ആണെന്ന് സ്ത്രീകൾ ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു കാലം കേരളത്തിലും വരും എന്ന് നമുക്ക് പ്രത്യാശിക്കാം

ഒരു വിഗ്രഹം എങ്ങനെയാണ് ആർത്തവം ആകുന്നത് എന്നൊക്കെയുള്ള സംശയങ്ങളും അതിന്റെ ശാസ്ത്രീയവും മതപരവും ആയ വിശദീകരണങ്ങളും അവിടെ നിൽക്കട്ടെ, ആർത്തവനാളുകളിൽ ഈശ്വരിയെ വരെ ശ്രീകോവിൽ കാണിക്കാതെ അടുത്തുള്ള മുറിയിൽ അടച്ചിരുത്തുന്ന കേരളം സമൂഹത്തിൽ നിന്ന് മനുഷ്യർ അതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്!!

അയിത്തം കെട്ടുകഥയല്ല, പക്ഷെ ആകേണ്ടത് അനിവാര്യമാണ്

ആർത്തവ അയിത്തം കേരള സമൂഹത്തിൽ നിന്ന് ഉന്മൂലനം ചെയ്യണമെങ്കിൽ ആദ്യം ആർത്തവത്തെയും സ്ത്രീ ശരീരത്തെയും ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും മതപരവുമായ മുൻവിധികൾ മാറണം. സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ച ദൈവം സ്ത്രീകൾക്ക് മാത്രമായി അശുദ്ധി കല്പിക്കില്ല എന്ന് സ്ത്രീകൾ തന്നെ തുറന്നുപറയുന്ന കാലത്തെ ആർത്തവ അയിത്തം കേരളം സമൂഹത്തിൽ നിന്ന് വിട്ട് മാറൂ. ഇതിനെ കുറിച്ച് അവിശ്വാസിയായ തൃശൂർ സ്വദേശി സിജോയ് ജോൺ പറയുന്നത് കേൾക്കാം: "എനിക്ക് ഇതിന്റെ അന്ധവിശ്വാസവും ഒന്നും അറിയില്ല. എന്റെ അമ്മ ഈ അടുത്ത കാലം വരെ പിരീഡ്‌സ് ആയിരുന്നു.

എന്റെ പെങ്ങളും ഇപ്പോൾ പെങ്ങളുടെ മകളും പിരീഡ്‌സ് ആകുന്നുണ്ട്. അവർ ആർത്തവ ദിനങ്ങളിൽ പ്രത്യേക പരിഗണന അർഹിക്കുന്നത് കൊണ്ട് തന്നെ പാചകം അടക്കമുള്ള ജോലികൾ മുഴുവനായും ഞാനും പപ്പയും അളിയനും എല്ലാം ഏറ്റെടുക്കും. ലോകത്ത് അതിസാധാരണമായി നടക്കുന്ന ഒരു ജീവശാസ്ത്ര പ്രക്രിയയുടെ പേരിൽ സ്ത്രീകൾ ദിവസങ്ങളോളം എന്തോ അപകർഷതാ ബോധം സഹിക്കുക എന്നൊക്കെ പറഞ്ഞാൽ കഷ്ടമാണ്. ഒരു സമൂഹത്തിന്റെ മൊത്തത്തിൽ ഉള്ള ചിന്താഗതിയെ തന്നെ ബാധിക്കുന്നത്ര മോശം കാര്യമാണ് അത്."

ശരിയാണ്. "എനിക്ക് ആർത്തവമാണ്" എന്ന് ഉറക്കെ പറയാൻ പോലും മടിക്കുന്ന സ്ത്രീകളാണ് ഈ നാട്ടിലുള്ളത്. ആർത്തവം എന്നാൽ വെറുക്കപ്പെടേണ്ട, ജുഗുപ്സ ഉളവാക്കുന്ന, പുറമെ പറയാൻ മടിക്കേണ്ട എന്തോ പ്രശ്നമാണ് എന്ന ചിന്താഗതിയാണ് മാറേണ്ടത്. ഞങ്ങളുടെ ആർത്തവം അശുദ്ധിയല്ല മറിച്ച് ഞങ്ങളുടെ യൗവനത്തിന്റെ പ്രൗഢമായ കൈയൊപ്പ് ആണെന്ന് സ്ത്രീകൾ ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു കാലം കേരളത്തിലും വരും എന്ന് നമുക്ക് പ്രത്യാശിക്കാം.. അന്ന് മതവെറിയും രാഷ്ട്രീയ ചേരിപ്പോരുകളും ലിംഗവിവേചനങ്ങളും മറന്ന് മനുഷ്യത്വം മുൻനിർത്തി പുരുഷനും അവളുടെ അവകാശങ്ങൾക്ക് കൂട്ടുനിൽക്കും എന്നും മോഹിക്കാം.