Feb 7 • 9M

കേരളത്തിന്റെ കളരിമുത്തശ്ശി: എൺപത്തിരണ്ട്‌ വയസ്സിലും കളരിപ്പയറ്റ് കൈവിടാതെ പത്മശ്രീ മീനാക്ഷിയമ്മ

വാൾപയറ്റിൽ ആണ് മീനാക്ഷിയമ്മയ്ക്ക് വൈദഗ്ധ്യം. ഏഴാം വയസ്സിൽ കരണവന്മാരിൽ നിന്ന് അഭ്യസിച്ച് തുടങ്ങിയ കല എൺപത്തിരണ്ടാം വയസ്സിലും അതേ ഊർജ്ജത്തോടെ മീനാക്ഷിയമ്മ പരിപാലിക്കുന്നു

She's equal
Comment
Share
 
1.0×
0:00
-9:00
Open in playerListen on);
Episode details
Comments

എൺപത്തിരണ്ട്‍ വയസ്സിന്റെ നിറവിൽ മീനാക്ഷിയമ്മ വിശ്രമിക്കുകയല്ല; കൈകളിൽ വാളും കുറുവടിയും ഏന്തി പുത്തൻ തലമുറയെ ആയോധന കലകളുടെ ലോകത്തേക്ക് കൈ പിടിച്ച് കയറ്റുകയാണ്. 2017-ൽ രാജ്യം നാലാമത്തെ പരമോന്നത ബഹുമതി ആയ പത്മശ്രീ നൽകി ആദരിച്ച ഈ മുതുമുത്തശ്ശി ഇന്നും കളരിപ്പയറ്റ് എന്ന പരമ്പരാഗത ആയോധനകലയ്ക്ക് ഇന്നും തളരാതെ ഓജസ്സ് പകരുന്നു.

വാൾപയറ്റിൽ ആണ് മീനാക്ഷിയമ്മയ്ക്ക് വൈദഗ്ധ്യം. ഏഴാം വയസ്സിൽ കരണവന്മാരിൽ നിന്ന് അഭ്യസിച്ച് തുടങ്ങിയ കല എൺപത്തിരണ്ടാം വയസ്സിലും അതേ ഊർജ്ജത്തോടെ മീനാക്ഷിയമ്മ പരിപാലിക്കുന്നു. മറ്റേത് ആയോധന കലയിലും വിട്ട് കൈവഴക്കവും മെയ്വഴക്കവും വേണ്ടുന്ന കലയാണ് കളരി. പലപ്പോഴും ചാടി ഉയർന്നും വായുവിൽ തിരിഞ്ഞും മറ്റും ആയുധങ്ങൾ പ്രയോഗിക്കേണ്ട കല. കൈയും മെയ്യും മനസ്സും ഒരേ ലക്ഷ്യത്തോടെ ചടുലമായി പ്രവർത്തിക്കാൻ പ്രായം ഒരു തടസ്സമല്ല എന്നതാണ് മീനാക്ഷിയമ്മ ചൂണ്ടി കാട്ടുന്നത്.

എണ്ണം പറഞ്ഞ സ്ത്രീകൾ മാത്രമേ കളരിപ്പയറ്റ് പരിശീലിക്കുകയും അത് ജീവിതമാർഗ്ഗമായി, തപസ്യ ആയി സ്വീകരിക്കുയും ചെയ്തിട്ടുള്ളൂ. സ്ത്രീകളുടെ സ്വയം സുരക്ഷയ്ക്ക് വേണ്ടി സർക്കാരും പൊതുജനവും ആവുന്നത്ര പദ്ധതികൾ ആസൂത്രണം ചെയ്യുന്ന കാലത്ത് മീനാക്ഷിയമ്മ സ്വന്തം ജീവിതം കൊണ്ട് നൽകുന്ന സന്ദേശം ഏറെ പ്രസക്തമാണ്: "പത്രം തുറന്നാൽ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് മാത്രമേ വാർത്തകൾ ഉള്ളൂ.

സ്ത്രീകൾ ആയോധന കലകൾ അഭ്യസിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. മാനസികമായും ശാരീരികം ആയും അവർ കരുത്ത് ആർജിച്ചാൽ മാത്രമേ അവരുടെ ഈ നിസ്സഹായാവസ്ഥയ്ക്ക് വ്യത്യാസം വരൂ." കളരിമുത്തശ്ശിയുടെ വാക്കുകളിൽ ഇനി വരാനിരിക്കുന്ന തലമുറകൾക്ക് കൂടി ഊർജ്ജം പകരുന്ന ദീർഘവീക്ഷണം ഒളിഞ്ഞിരിപ്പുണ്ട്.

ഏഴ് വയസ്സിൽ രാഘവൻ മാസ്റ്ററുടെ കളരിയിൽ അടവുകൾ പഠിച്ച് തുടങ്ങിയ മീനാക്ഷിയമ്മ, പത്ത് വർഷങ്ങൾക്ക് അപ്പുറം പതിനേഴ് വയസ്സിൽ അതേ മാസ്റ്ററെ ജീവന്റെ പാതിയാക്കി

ഓരോ വർഷവും നൂറ്റി അറുപതോളം വിദ്യാർത്ഥികൾ ആണ് മീനാക്ഷിയമ്മയുടെ കളരിയിൽ നിന്നും പഠിച്ച് തെളിഞ്ഞ് ഇറങ്ങുന്നത്. കടത്തനാടൻ പാരമ്പര്യമുള്ള മീനാക്ഷിയമ്മയുടെ കളരി സ്ഥാപിച്ചത് അവരുടെ മരിച്ചുപോയ ഭർത്താവ് വി.പി രാഘവൻ മാസ്റ്റർ തന്നെയായിരുന്നു. സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കടന്ന് വരാൻ വിപ്ലവം നടത്തിയിരുന്ന കാലത്ത് കളരിയിൽ പതിനെട്ട് അടവും പയറ്റി തെളിഞ്ഞ മീനാക്ഷിയമ്മ കേരളത്തിൽ ഒരു വിപ്ലവ വനിത തന്നെ ആണ്. ഏഴ് വയസ്സിൽ രാഘവൻ മാസ്റ്ററുടെ കളരിയിൽ അടവുകൾ പഠിച്ച് തുടങ്ങിയ മീനാക്ഷിയമ്മ, പത്ത് വർഷങ്ങൾക്ക് അപ്പുറം പതിനേഴ് വയസ്സിൽ അതേ മാസ്റ്ററെ ജീവന്റെ പാതിയാക്കി. കളരിയിൽ മൊട്ടിട്ട് തളിർത്ത് ചുവടുറച്ച് ആകാശത്തോളം ഉയർന്ന് പൊങ്ങിയ പ്രണയം..!

മൂവായിരത്തോളം വർഷം പഴക്കം ഉള്ള കളരിപ്പയറ്റ് എന്ന ആയോധന കല ബ്രിട്ടീഷ് ഭരണകൂടം പതിറ്റാണ്ടുകളോളം നിരോധിച്ചിരുന്നു. വടക്കൻ കേരളത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന കളരി പാരമ്പര്യം വർഷങ്ങൾക്ക് ശേഷം ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പൂർവാധികം ശക്തിയോടെ ഉയിർത്ത് എഴുന്നേൽക്കുകയായിരുന്നു. ഇന്ന്, ലക്ഷണം ഒത്ത കായിക ഇനങ്ങളിൽ ഒന്നായി ദേശീയ തലത്തിൽ കളരിപ്പയറ്റ് അംഗീകരിക്കപ്പെടുന്നു.

മീനാക്ഷിയമ്മയുടെ മക്കളിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ ഏവരും കളരി അഭ്യാസിമാർ ആണ്. സഞ്ജീവ്കുമാർ എന്ന മകൻ പയറ്റിത്തെളിഞ്ഞ കളരി ഗുരുക്കൾ കൂടിയാണ്. കളരിയിൽ ഉപയോഗിക്കുന്ന എണ്ണയ്ക്കും തുച്ഛമായ ദക്ഷിണയ്ക്കും പുറമെ യാതൊരു ഫീസും ഈ വിദ്യാഭ്യാസ സ്ഥാപനം കുട്ടികളിൽ നിന്ന് ഈടാക്കുന്നില്ല എന്നതാണ് രസകരമായ വസ്തുത.

കളരിപ്പയറ്റ് പരിശീലനം ഒരു സാമൂഹ്യ സേവനം തന്നെ ആയി കണ്ടാണ് മീനാക്ഷിയമ്മയും കുടുംബവും ഇന്നും അത് പിന്തുടർന്ന് പോരുന്നത്. ഇന്ന് മക്കൾക്ക് പുറമെ മീനാക്ഷിയമ്മയുടെ എട്ട് പേരക്കുട്ടികളും ഇതേ കളരിയിൽ പയറ്റ് അഭ്യസിക്കുന്നുണ്ട്.

കുറുവടി മുതൽ ഉറുമി വരെ ഉള്ള ആയുധങ്ങൾ എല്ലാം മീനാക്ഷിയമ്മയ്ക്ക് സ്വന്തം ശരീരാവയവങ്ങൾ പോലെ വഴങ്ങും. അഞ്ചാം വയസ്സിൽ അയൽപക്കത്ത് നടന്ന കളരിപ്പയറ്റ് കാണാൻ അച്ഛന്റെ കൈ പിടിച്ച് പോയ മീനാക്ഷി തിരിച്ചെത്തിയത് മനസ്സിൽ മുഴുക്കെ കളരിമോഹവും ആയാണ്.

കൊച്ച് പെണ്ണിന്റെ വ്യാമോഹം എന്ന് ചിന്തിച്ച് അതിനെ തള്ളി കളഞ്ഞില്ല എന്നതാണ് മീനാക്ഷിയമ്മയുടെ അച്ഛൻ അക്കാലത്ത് ചെയ്ത ഏറ്റവും മഹത്തരമായ കാര്യം. മീനാക്ഷിയോടൊപ്പം സഹോദരിയെയും കളരിപ്പയറ്റ് അഭ്യസിപ്പിക്കാൻ അച്ഛൻ താത്പര്യം കാട്ടി. അന്ന് ആ അച്ഛൻ കാണിച്ച ധീരതയുടെ ഫലമാണ് ഇന്ന് വടകര ദേശത്തിന് സ്വന്തമായ പത്മശ്രീ പുരസ്കാരം!

മണ്ണ് പൊതിയ ചുവരുകളും ഓടും ഓലയും മേഞ്ഞ മച്ചും ഉള്ള, പരമ്പരാഗത രീതിയിൽ പണി കഴിപ്പിച്ചിരിക്കുന്ന കളരിപ്പുരയിൽ നഗ്നപാദർ ആയാണ് വിദ്യാർഥികൾ പരിശീലനം നേടുന്നത്. ഭർത്താവ് സ്ഥാപിച്ച കളരിയുടെ മേൽനോട്ടം മാത്രം നടത്തി പോന്നിരുന്ന മീനാക്ഷിയമ്മ, 2009-ൽ രാഘവൻ മാസ്റ്റർ മരിച്ചതോടെയാണ് കളരി സ്വന്തമായി ഏറ്റെടുത്ത് നടത്താൻ തുടങ്ങിയത്. കളരിയുടെ അറുപതാം വാർഷികം കെങ്കേമം ആയി ആഘോഷിക്കാൻ കാത്തിരുന്ന മാസ്റ്റർക്ക് ആ കാഴ്ച കാണാനുള്ള ഭാഗ്യം സിദ്ധിച്ചില്ല.

കളരിപ്പയറ്റ് ഒരു കച്ചവടം ആകില്ല എന്ന ഉറച്ച തീരുമാനത്തോടെ ആണ് ഇന്നും ഫീസോ ഡൊണേഷനോ കൂടാതെ ദക്ഷിണയുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്

പക്ഷെ മാസ്റ്റർ മരിച്ച് നാല്പത്തിമൂന്നാം ദിവസം അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ഗംഭീരമായി മീനാക്ഷിയമ്മ ആ ആഘോഷം നടത്തി. അതോട് കൂടി അവർ കടത്തനാട്ട് പാരമ്പര്യമുള്ള ഈ കളരി കുടുംബത്തിന്റെ കാരണവരും ആയി. ആറ് മുതൽ 27 വയസ്സ് വരെ പ്രായം ഉള്ള നൂറ്റി അറുപതോളം കുട്ടികൾ ആണ് ഇന്ന് മീനാക്ഷിയമ്മയുടെ കളരിയിൽ വിദ്യ അഭ്യസിക്കുന്നത്. ഒരു വർഷം നാല്പതോളം അന്യരാജ്യക്കാരും ഈ കളരിയിൽ വിദ്യ അഭ്യസിക്കാൻ എത്തും. കളരിപ്പയറ്റ് ഒരു കച്ചവടം ആകില്ല എന്ന ഉറച്ച തീരുമാനത്തോടെ ആണ് ഇന്നും ഫീസോ ഡൊണേഷനോ കൂടാതെ ദക്ഷിണയുടെ അടിസ്ഥാനത്തിൽ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ദിനവും വെളുപ്പിന് അഞ്ചരയോട് കൂടി മീനാക്ഷിയമ്മയുടെ കളരി ഉണരും. മനസ്സും ശരീരവും ഒന്നായി, ഏകാഗ്രതയോടെ കളരിപ്പയറ്റ് പരിശീലിച്ചാൽ മുന്നിൽ നിൽക്കുന്ന എതിരാളി പോലും ഒരു നിമിഷം അപ്രത്യക്ഷം ആകും എന്നാണ് മീനാക്ഷിയമ്മയുടെ തത്വശാസ്ത്രം.

വിവാഹത്തിന് ശേഷം വീട്ടകങ്ങളിൽ മാത്രം ചുവട് മറക്കാതിരിക്കാൻ വേണ്ടി കളരി അഭ്യസിച്ച് തൃപ്തിപ്പെട്ട ഒരു കാലഘട്ടം അവർക്കും ഉണ്ടായിരുന്നു

കേൾക്കുന്ന പോലെ അത്ര എളുപ്പം ആയിരുന്നില്ല ഒരു കളരി ഗുരുക്കൾ എന്ന നിലയിലേക്ക് ഉള്ള മീനാക്ഷിയമ്മയുടെ വളർച്ച. വിവാഹത്തിന് ശേഷം വീട്ടകങ്ങളിൽ മാത്രം ചുവട് മറക്കാതിരിക്കാൻ വേണ്ടി കളരി അഭ്യസിച്ച് തൃപ്തിപ്പെട്ട ഒരു കാലഘട്ടം അവർക്കും ഉണ്ടായിരുന്നു. "ഒരു സ്ത്രീ ആയോധനകല അഭ്യസിക്കുന്നു എന്ന് പറഞ്ഞാൽ അക്കാലത്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ര ദഹിക്കുമായിരുന്നില്ല. സ്വജനങ്ങളുടെ അതൃപ്തി നേടാതിരിക്കാൻ ഞാൻ എന്റെ ജീവൻ ആയ കലയെ ഏറെ നാൾ മാറ്റി നിർത്തി എന്ന് പറഞ്ഞാൽ ഇന്നത്തെ തലമുറ വിശ്വസിക്കില്ല," അവർ പറയുന്നു.

കാലം മാറി, ഇന്ന് പെൺകുട്ടികൾ ആണ് മീനാക്ഷിയമ്മയുടെ കളരിയിൽ ആൺകുട്ടികളേക്കാൾ കൂടുതൽ. മുറിപ്പെട്ടും മുറിപ്പാടുകൾ സൂക്ഷിച്ചും മാത്രമേ ആർക്കും കളരിയിൽ പയറ്റി തെളിയാൻ കഴിയൂ. ഇടത്തെ കണ്ണിന് താഴെ ആഴത്തിൽ ഉള്ള മുറിപ്പാട് ചൂണ്ടിക്കാട്ടി മീനാക്ഷിയമ്മ അനുഭവങ്ങൾ പങ്കിടുമ്പോൾ രോമാഞ്ചം കൊള്ളുന്നത് ആ വാക്കുകൾക്ക് ചെവി കൊടുക്കുന്നവർക്ക് തന്നെയാകും. "മുറിയും. ദേഹം മുറിയാതെ, നോവാതെ കളരി പഠിച്ച ആരുമില്ല," അവർ ഉറച്ച ശബ്ദത്തോടെ പറയുന്നു.

കളരിപ്പയറ്റ് ജാതിമതലിംഗ ഭേദമെന്യേ എല്ലാ മനുഷ്യർക്കും അഭ്യസിക്കാൻ അവസരം ഒരുക്കുക എന്നത് ആണ് മീനാക്ഷിയമ്മയുടെ ജീവിത ലക്‌ഷ്യം. "എന്റെ ഭർത്താവിന്റെയും ഏറ്റവും വലിയ സ്വപ്നം അത് തന്നെ ആയിരുന്നു. സമൂഹതിന്റെ പല തട്ടുകളിലും പെട്ടവർക്ക് കളരി പരിശീലനം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇതൊരു ആയോധന കലയാണ്. ആത്മസുരക്ഷയ്ക്ക് വേണ്ടി ഉള്ളതാണ്. ഇതിന് ജാതിയോ ലിംഗമോ ഒന്നുമില്ല. ഇത് പഠിക്കുന്നവർക്കും അതൊന്നും ബാധകം ആകരുത്," മീനാക്ഷിയമ്മയുടെ വാക്കുകൾ ഇങ്ങനെ.

പെൺകുട്ടികളെ ആത്മരക്ഷയ്ക്ക് ആയി മോട്ടിവേഷൻ ക്ലാസുകളും സെല്ഫ് ഡിഫൻസ് ടെക്ക്നിക്കുകളും അഭ്യസിപ്പിക്കുന്ന ഈ കാലത്ത്, പതിറ്റാണ്ടുകൾക്ക് മുൻപേ മുതൽ ആത്മരക്ഷയുടെ സ്വന്തം മോഡൽ ജീവിച്ച് കാണിച്ച മീനാക്ഷിയമ്മ ലിംഗ സമത്വത്തിന്റെ വലിയ സന്ദേശം ആണ് മുന്നോട്ട് വയ്ക്കുന്നത്

പെൺകുട്ടികളെ ആത്മരക്ഷയ്ക്ക് ആയി മോട്ടിവേഷൻ ക്ലാസുകളും സെല്ഫ് ഡിഫൻസ് ടെക്ക്നിക്കുകളും അഭ്യസിപ്പിക്കുന്ന ഈ കാലത്ത്, പതിറ്റാണ്ടുകൾക്ക് മുൻപേ മുതൽ ആത്മരക്ഷയുടെ സ്വന്തം മോഡൽ ജീവിച്ച് കാണിച്ച മീനാക്ഷിയമ്മ ലിംഗ സമത്വത്തിന്റെ വലിയ സന്ദേശം ആണ് മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീകളെ ശാരീരികം ആയും മാനസികം ആയും ഏത് അക്രമത്തെയും ചെറുക്കാൻ തെയ്യാർ എടുപ്പിക്കുന്ന ഈ കളരിമുത്തശ്ശി തീർച്ചയായും ആധുനിക കേരളത്തിന് ഒരു റോൾ മോഡൽ തന്നെയാണ്..