Jan 20 • 9M

സ്ത്രീകൾ ശാസ്ത്രം പഠിക്കരുത് എന്ന് പറഞ്ഞ ഭരണകൂടത്തെ ഒറ്റക്കെതിർത്ത ഡോ.മേരി പൂനൻ ലൂക്കോസ്

മെഡിക്കൽ മേഖലയിൽ സ്ത്രീകൾക്കായി വലിയ പാതകൾ വെട്ടി തുറന്ന ഒരു ധീര വനിതയാണ് മേരി പൂനൻ ലൂക്കോസ്. കേരളത്തിലെ ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റ്. ഇന്ത്യയിൽ ആദ്യത്തെ വനിതാ സർജൻ!

Anagha Jayan E
Comment
Share
 
1.0×
0:00
-9:27
Open in playerListen on);
Episode details
Comments

'പഠിച്ച് ഡോക്ടർ ആകുക' എന്നത് ആൺപെൺ വ്യത്യാസം ഇല്ലാത്ത ജീവിത ലക്‌ഷ്യം ആയിട്ടാണ് സമൂഹം കാണുന്നത്. സ്ത്രീകൾക്ക് 'സുരക്ഷിതമായി' ചെയ്യാൻ കഴിയുന്ന ജോലികൾ ആയി അധ്യാപനവും മെഡിസിനും അംഗീകരിക്കപ്പെട്ടിട്ടുണ്ട്, ഈ സുരക്ഷയുടെ മാനദണ്ഡങ്ങൾ പരിശോധിക്കപ്പെടേണ്ടത് ഉണ്ടെങ്കിലും.

എന്നാൽ ഈ വൈദ്യശാസ്ത്ര രംഗത്ത് സ്ത്രീകൾക്ക് കടന്ന് ചെല്ലാൻ പോലും സാധിക്കാതിരുന്ന ഒരു കാലത്തെ കുറിച്ച് നിങ്ങൾ ഓർത്തിട്ടുണ്ടോ? മെഡിക്കൽ മേഖലയിൽ സ്ത്രീകൾക്കായി വലിയ പാതകൾ വെട്ടി തുറന്ന ഒരു ധീര വനിതയുടെ ജീവിത കഥയാണ് ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് - മേരി പൂനൻ ലൂക്കോസ്. കേരളത്തിലെ ആദ്യത്തെ വനിതാ ഗൈനക്കോളജിസ്റ്റ്. ഇന്ത്യയിൽ ആദ്യത്തെ വനിതാ സർജൻ!

135 വർഷങ്ങൾക്ക് മുൻപ്, അതായത് 1886-ൽ കോട്ടയം ജില്ലയിലെ അയ്മനത്ത് സാമാന്യം സാമ്പത്തികമായി ഭേദപ്പെട്ട ഒരു സുറിയാനി കുടുംബത്തിൽ ആയിരുന്നു മേരിയുടെ ജനനം, അതും മാതാപിതാക്കളുടെ ഒറ്റമകൾ ആയി. വിദ്യാഭ്യാസപരം ആയും സാമൂഹികം ആയും പുരോഗമന ചിന്തകൾ പുലർത്തിയിരുന്ന തിരുവിതാംകൂറിലെ സുറിയാനി ക്രിസ്റ്റിയാനികളിൽ നിന്നും കേരളത്തിന് നിരവധി ചരിത്ര വനിതകളെ ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

തിരുവിതാംകൂറിലെ ആദ്യ മെഡിക്കൽ ഡോക്ടറും രാജകുടുംബത്തിന്റെ ആസ്ഥാന ചികിത്സകനും ആയിരുന്ന ടി ഇ പൂനൻ ആണ് മേരിയുടെ അച്ഛൻ. അച്ഛന്റെ പ്രഭാവം ജീവിതത്തിലും സ്വപ്നങ്ങളിലും ചെലുത്തിയ സ്വാധീനം കൊണ്ടും, തികഞ്ഞ ബുദ്ധിശക്തി കൊണ്ടും മേരിക്ക് പഠനകാര്യത്തിൽ മെഡിസിൻ അല്ലാതെ മറ്റൊരു മേഖലയെ കുറിച്ച് ചിന്തിക്കേണ്ടി വന്നതേ ഇല്ല. കൂടാതെ, ഓർമ്മ വച്ച പ്രായം മുതൽ രോഗി ആയ അമ്മയെയും അവരുടെ നിരന്തരമായ ചികിത്സകളും കണ്ട് വളർന്ന മേരി ഏറെ ചെറുപ്പത്തിലേ മനസ്സിൽ കുറിച്ചു - താൻ അച്ഛനെ പോലെ ഒരു ഡോക്ടർ തന്നെ ആകും!

പഠനത്തിൽ തത്പരർ ആയ കുട്ടികൾക്ക് ഹോം-ട്യൂഷൻ എടുക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് ഏർപ്പെടുത്തിയിരുന്ന ഗവർണസുമാർ - ടീച്ചർമാർ - ആണ് മേരിക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയത്. അയ്മനത്തെ ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് ഹൈസ്‌കൂളിൽ ആണ് മേരി മെട്രിക്കുലേഷൻ എഴുതിയത്. സ്‌കൂളിലെ ചരിത്രപരമായ റെക്കോർഡ് വിജയം ആയിരുന്നു മേരിയുടെ മാർക്ക് ലിസ്റ്റ്. ശാസ്ത്ര വിഷയങ്ങളിൽ ബിരുദം കരസ്ഥം ആക്കുക എന്നതായിരുന്നു മേരിയുടെ ലക്‌ഷ്യം.

അതിനായി ഇന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്ന് അറിയപ്പെടുന്ന പഴയ 'തിരുവിതാംകൂർ മഹാരാജാ'സിൽ അവർ അപേക്ഷ സമർപ്പിച്ചു. എന്നാൽ സ്ത്രീകൾ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്നതിനെ സർവകലാശാല അധികൃതർ നഖശിഖാന്തം എതിർത്തു. അങ്ങനെ ഗത്യന്തരം ഇല്ലാതെ അവർ അതേ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി.

ലണ്ടൻ സർവകലാശാലയിൽ നിന്ന് എംബിബിഎസ് നേടിയ മേരി പൂനൻ ലൂക്കോസ് തുടർപഠനത്തിൽ അയർലൻഡിൽ നിന്ന് ഗൈനക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്തു

എന്നാൽ ഈ സംഭവം മേരിയുടെ സ്വപ്നങ്ങൾക്ക് തടയിടുക അല്ല ചെയ്തത് - മറിച്ച് അവളുടെ സ്വപ്നങ്ങളെ ആളി കത്തിക്കുകയാണ്. ഒട്ടേറെ അന്വേഷണങ്ങൾക്ക് ശേഷം മേരി ആ സത്യം അറിഞ്ഞു: ഇന്ത്യൻ സർവ്വകലാശാലകൾ ഒന്നും സ്ത്രീകൾക്ക് വൈദ്യശാസ്ത്ര ബിരുദത്തിന് പ്രവേശനം നൽകുന്നില്ല! അങ്ങനെ ഉപരി പഠനാർത്ഥം മേരി ലണ്ടനിലേക്ക് ചേക്കേറി.

ലണ്ടൻ സർവകലാശാലയിൽ നിന്ന് എംബിബിഎസ് നേടിയ മേരി പൂനൻ ലൂക്കോസ് തുടർപഠനത്തിൽ അയർലൻഡിൽ നിന്ന് ഗൈനക്കോളജിയിൽ സ്പെഷ്യലൈസ് ചെയ്തു. കടൽ കടന്ന് സ്വപ്നം പൂർത്തിയാക്കിയ മേരി, അങ്ങനെ കേരളത്തിലെ ആദ്യത്തെ വനിതാ ഡോക്ടർ ആയി മാറി. പഠനത്തിന് ശേഷം മേരി ലൂക്കോസ് ലണ്ടനിൽ തന്നെ തുടർന്നു. അവിടെ പ്രസിദ്ധമായ പല ആശുപത്രികളിലും പ്രവർത്തിക്കുകയും ഒപ്പം സംഗീതത്തിൽ ബിരുദം നേടുകയും ചെയ്തു.

അധികനാൾ മേരി തന്റെ ഇംഗ്ലണ്ട് ജീവിതം തുടർന്നില്ല. തന്റെ പ്രിയപ്പെട്ട അച്ഛന്റെ മരണവാർത്ത കേട്ടതിനെ തുടർന്ന് ഡോ മേരി പൂനൻ ലൂക്കോസ് തന്റെ ജന്മനാടായ അയ്മനത്ത് തിരിച്ചെത്തി. അവരുടെ ഉയർന്ന വിദ്യാഭ്യാസവും ലോകപരിചയവും കണക്കിലെടുത്ത് തിരുവനന്തപുരം വിമെൻ ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ആയി മേരിയെ സർക്കാർ നിയമിച്ചു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ മണ്ണിൽ ഒരു വനിതാ ഡോക്ടർ പ്രാക്ടീസ് ആരംഭിച്ചു.

പിന്നീട് അതേ ആശുപത്രിയുടെ സൂപ്രണ്ട് ആയും മേരി ചുമതല ഏറ്റു. അക്കാലത്താണ് തിരുവനന്തപുരത്തെ തിരക്കുള്ള ഒരു യുവ അഭിഭാഷകന് - കെ.കെ. ലൂക്കോസിന് മേരിയെ വിവാഹം ചെയ്യണം എന്ന് ആഗ്രഹം ഉദിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കും സർവോപരി മനുഷ്യാവകാശത്തിനും വേണ്ടി ശബ്ദം ഉയർത്തുന്ന ആ ചെറുപ്പക്കാരനെ ജീവിതത്തിൽ കൂടെ കൂട്ടാൻ മേരിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.

ശാസ്ത്രവും ശാസ്ത്ര പഠനവും സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളത് അല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച ഭരണകൂടത്തിന് മുന്നിൽ, സംസ്ഥാനത്തെ ആദ്യ വനിതാ ഡോക്ടർ ആയി, രാജ്യത്തെ തന്നെ ആദ്യത്തെ വനിതാ സർജൻ ആയി, സംസ്ഥാനത്തെ ആദ്യ വനിതാ നിയമസഭാംഗമായി പേരെടുത്ത് മധുര പ്രതികാരം ചെയ്ത ധീര വനിത

കേരളത്തിലെ സൂതികർമ്മിണിമാർക്കും അവരുടെ പിന്തലമുറക്കാർക്കും വേണ്ടി മേരി നടത്തിയ മെഡിക്കൽ ട്രെയ്നിങ് വലിയ വിപ്ലവം തന്നെ ആ രംഗത്ത് വരുത്തി. തിരുവിതാംകൂറിലെ ആ ആശുപത്രിയിൽ ജനിച്ച ആദ്യ കുഞ്ഞിനെ ഭൂമിയിലേക്ക് എടുത്തതും ഡോ മേരി തന്നെയാണ്.

ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ എന്ന നിയമസഭയിലേക്കും പിന്നീട് മേരി നാമനിർദ്ദേശം ചെയ്യപ്പെട്ടു. വമ്പിച്ച ജന പിന്തുണയോടെ നിയമസഭയിൽ എത്തിയ ഡോ മേരി ലൂക്കോസ്, കേരളത്തിലെ ആദ്യത്തെ വനിതാ നിയമസഭാംഗം എന്ന ചരിത്ര സ്ഥാനവും കൈവരിച്ചു. ശേഷം 1924-ൽ തിരുവിതാംകൂറിന്റെ ജനറൽ സർജൻ ആയി ഡോ. മേരി സ്ഥാനമേറ്റു. തിരുവിതാംകൂറിലെ 32 സർക്കാർ ആശുപത്രികളുടെയും 40 ഡിസ്പെൻസറികളുടെയും 20 സ്വകാര്യ ക്ലിനിക്കുകളുടെയും അധികാരിയായി ഒരൊറ്റ വനിത!

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഫെഡറേഷൻ ഓഫ് ഒബ്സ്ട്രേറ്റിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ്, വൈ.ഡബ്ലിയു.സി.എ തുടങ്ങി നിരവധി സംഘടനകളുടെ സ്ഥാപക അംഗം കൂടിയാണ് ഡോ. മേരി പൂനൻ ലൂക്കോസ്. ഇന്ന് കന്യാകുമാരി മെഡിക്കൽ കോളേജ് എന്ന് അറിയപ്പെടുന്ന 'നാഗർകോവിൽ ട്യൂബർകുലോസിസ് സാങ്റ്റോറിയം, തിരുവനന്തപുരത്തെ ആദ്യ എക്സ്-റേ, റേഡിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്കും ഡോ.മേരി തറക്കല്ല് ഇട്ടിട്ടുണ്ട്.

സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കാനും അവ ഉറപ്പ് വരുത്താനായി ഏതറ്റം വരെയും പോകാനും ഡോ. മേരി ലൂക്കോസ് എന്നും തയ്യാർ ആയിരുന്നു. ഉറച്ച നിശ്ചയദാർഢ്യം കൊണ്ടും സ്ഥിര പ്രയത്നം കൊണ്ടും ഒരു നൂറ്റാണ്ട് മുൻപ് സാമൂഹ്യ ചട്ടക്കൂടുകൾ മറികടന്നു കൊണ്ട് മേരി നേടിയെടുത്ത സ്ഥാനമാനങ്ങൾ ഈ തലമുറയ്ക്ക് പോലും ഊർജ്ജം പകരുന്നതാണ്.

സാമൂഹ്യ രംഗത്തും രാഷ്ട്രീയ രംഗത്തും തന്റേതായ ഇടം സ്ഥാപിച്ച്, ഇരു രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ മേരി പൂനൻ ലൂക്കോസിനെ 1975-ൽ രാജ്യം പദ്മ ശ്രീ നൽകി ആദരിച്ചു. കൃത്യം ഒരു വർഷം കഴിഞ്ഞ് തൊണ്ണൂറാം വയസ്സിൽ നിരവധി ചരിത്രങ്ങൾ തിരുത്തി കുറിച്ച കേരളത്തിൻെറ സ്വന്തം മേരി ഡോക്ടർ ഈ ലോകത്തോട് വിട പറഞ്ഞു. അവരുടെ മകൾ ഗ്രെയ്‌സി രാജ്യം കണ്ട മികച്ച ഡോക്ടറും, മകൻ കെ.പി ലൂക്കോസ് ലോകം കണ്ട മികവുറ്റ നയതന്ത്രജ്ഞനും ആയിരുന്നു.

"ഞാനൊരു രാജകുമാരിയെ പോലെയാണ് ലണ്ടനിലേക്ക് പോയത്. തിരിച്ച് വന്നത് ആകട്ടെ,ഒരു അനാഥക്കുട്ടി ആയും.." - ഡോ മേരി തന്റെ ജീവചരിത്രത്തിൽ പറഞ്ഞു

ഈ വിജയഗാഥയ്ക്ക് പിറകിൽ ആരും അറിയാത്ത കണ്ണീരിന്റെ കഥ കൂടിയുണ്ട്. ബിരുദ പഠനം കഴിഞ്ഞ് സ്വപ്‌നങ്ങൾ കൈമുതലാക്കി ലണ്ടനിലേക്ക് ഉപരിപഠനത്തിന് യാത്ര തിരിച്ച മേരി, പക്ഷെ തിരിച്ചെത്തിയത് താൻ കണ്ട് ശീലിച്ച സൗഭാഗ്യങ്ങളുടെ നടുവിലേക്ക് ആയിരുന്നില്ല. ഒന്നാം ലോക മഹായുദ്ധം കൊടികുത്തി വാണിരുന്ന കാലം. അച്ഛൻ ഡോ പൂനന്റെ മരണത്തോടെ ക്ഷയിച്ച തറവാട്ടിൽ ചായ കുടിക്കാൻ നല്ലൊരു കപ്പ് പോലും ബാക്കി ഉണ്ടായിരുന്നില്ലത്രേ..

"ഞാനൊരു രാജകുമാരിയെ പോലെയാണ് ലണ്ടനിലേക്ക് പോയത്. തിരിച്ച് വന്നത് ആകട്ടെ,ഒരു അനാഥക്കുട്ടി ആയും.." - ഡോ മേരി തന്റെ ജീവചരിത്രത്തിൽ പറഞ്ഞു. അന്ന്, ഡോ പൂനൻ തന്റെ മരണം വരെ ആത്മാർത്ഥമായി ചികിത്സിച്ചിരുന്ന ശ്രീമൂലം തിരുന്നാൾ മഹാരാജാവ് മേരിയെ അരികിൽ വിളിച്ച് ഇങ്ങനെ പറഞ്ഞു: "നീയൊരു മിടുക്കിയാണ്. ഇന്ന് നിന്റെ അച്ഛനില്ല. ആ സ്ഥാനം ഞാൻ ഏറ്റെടുക്കുന്നു." അവിടെ നിന്നായിരുന്നു മേരിയുടെ തിരിച്ചുവരവിന്റെ തുടക്കവും.

മാനവികതയ്ക്ക് നിസ്വാർത്ഥമായ സേവനം ചെയ്യുന്നത് ആവണം തന്റെ മകളുടെ കർമ്മപഥം എന്ന് ഡോ പൂനൻ അതിയായി ആഗ്രഹിച്ചിരുന്നു. ആ അച്ഛന്റെ ആഗ്രഹം പോലെ, രാജ്യത്തിന് തന്നെ ഉറ്റുനോക്കാവുന്ന ഒരു നാമം ആയി ഡോ മേരി പൂനൻ ലൂക്കോസ് പിൽക്കാലത്ത് മാറി. കേരളത്തിൽ വൈദ്യശാസ്ത്ര രംഗം സ്വപ്നം കാണുന്ന ഓരോ പെൺകുട്ടിക്കും വേണ്ടി വലിയ വാതിലുകൾ തന്നെ തുറന്ന് ഇട്ടുകൊണ്ടാണ് ഡോ മേരി ഈ ലോകത്ത് നിന്നും യാത്രയായത്.

ശാസ്ത്രവും ശാസ്ത്ര പഠനവും സ്ത്രീകൾക്ക് പറഞ്ഞിട്ടുള്ളത് അല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച ഭരണകൂടത്തിന് മുന്നിൽ, സംസ്ഥാനത്തെ ആദ്യ വനിതാ ഡോക്ടർ ആയി, രാജ്യത്തെ തന്നെ ആദ്യത്തെ വനിതാ സർജൻ ആയി, സംസ്ഥാനത്തെ ആദ്യ വനിതാ നിയമസഭാംഗമായി പേരെടുത്ത് മധുര പ്രതികാരം ചെയ്ത ധീര വനിത! കേരള ചരിത്രത്തിൽ ഡോ മേരി പൂനൻ ലൂക്കോസിന്റെ നാമം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.