Feb 8 • 9M

പൂജ്യത്തിൽ നിന്ന് സ്വപ്നം മാത്രം കൈമുതൽ ആക്കി തുടങ്ങിയ സംരംഭം - മാനസി ബുട്ടീക്കിന്റെ ജൈത്രയാത്ര ഇങ്ങനെ

കണ്ണൂർ ജില്ലയിലെ ശിവപുരത്ത് ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന മാനസി, ഇന്ന് കോഴിക്കോട് അടിസ്ഥാനമാക്കിയ ട്രെൻഡിങ് ബുട്ടീക്കിനെ മാസ്റ്റർമൈൻഡ് ആയത് അധികം ആർക്കും അറിയാത്ത ജീവിത സമരങ്ങളിലൂടെ ആണ്

Anagha Jayan E
Comment
Share
 
1.0×
0:00
-8:37
Open in playerListen on);
Episode details
Comments

ഓൺലൈൻ ബുട്ടീക്കുകളുടെ കാലം ആണിത്. സോഷ്യൽ മീഡിയ തുറന്നാൽ ഫാഷൻ ലോകത്തേക്ക് യൂസർമാരെ മാടി വിളിക്കുന്ന ഓൺലൈൻ ബിസിനസ്സുകളുടെ നീണ്ട നിരയാണ്. മത്സരം മുറ്റി നിൽക്കുന്ന ഈ മേഖലയിൽ പുതിയതായി ഒരു സംരംഭം തുടങ്ങാൻ ചില്ലറ ധൈര്യം തന്നെ വേണം. എന്നാൽ തുടക്കം മുതൽ സ്വന്തം കൈയൊപ്പ് പതിപ്പിച്ച വിപണന രീതിയിലൂടെ സൈബർ മലയാളികളുടെ പ്രിയങ്കരി ആയി മാറിയ ഒരു യുവസംരംഭകയെ നിങ്ങൾക്ക് പരിചയപ്പെടണോ? മാനസി പി കെ.യുടെ ജീവിതയാത്രയിലേക്ക്..

കണ്ണൂർ ജില്ലയിലെ ശിവപുരത്ത് ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന മാനസി, ഇന്ന് കോഴിക്കോട് അടിസ്ഥാനമാക്കിയ ട്രെൻഡിങ് ബുട്ടീക്കിനെ മാസ്റ്റർമൈൻഡ് ആയത് അധികം ആർക്കും അറിയാത്ത ജീവിത സമരങ്ങളിലൂടെ ആണ്. ഭക്ഷണം കഴിക്കാൻ പോലും പണം തികയാതെ കലാലയത്തിൽ വിശന്നിരുന്ന പഴയ തോറ്റാവാടിയിൽ നിന്ന് ഇന്നത്തെ സംരംഭക രൂപം കൊണ്ട കഥ അവർ തന്നെ പറയുന്നു.

"ബാല്യത്തെ കുറിച്ച് ആദ്യം മനസ്സിൽ വരിക ദാരിദ്ര്യം തന്നെയാണ്. വിശപ്പും ദുരിതവും നിറഞ്ഞതായിരുന്നു സ്‌കൂൾ കാലഘട്ടം. പ്ലസ് ടൂ കഴിഞ്ഞ് ഒരു സർക്കാർ എജുക്കേഷൻ പ്രോഗ്രാം ആണ് ചെയ്തത്. അത് കഴിഞ്ഞ് മൾട്ടിമീഡിയ കോഴ്സ് ചെയ്തു. പഠനകാലത്ത് ഓരോ ദിവസവും തള്ളി നീക്കിയത് ഒട്ടേറെ കഷ്ടപ്പാടുകൾ താണ്ടിയാണ്. ആകെ പറയാനുള്ളത് അക്കാലത്ത് ഞാൻ എഴുതിക്കൂട്ടിയ രചനകൾ ആണ്. പ്രബന്ധങ്ങൾ എഴുതാനും പ്രസംഗിക്കാനും സാഹിത്യ രചന നടത്താനും എല്ലാം എനിക്ക് ചെറുപ്പത്തിലേ വലിയ ഇഷ്ടം ആയിരുന്നു. ഇസ്ലാം കുടുംബത്തിൽ പിറന്ന എനിക്ക് സ്വന്തം പേരിൽ എഴുതാനും പ്രസിദ്ധീകരിക്കാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് കുറച്ച് നാൾ മാനസി എന്ന പേരിൽ രചന നടത്തി. പിന്നെ ജീവിതത്തിന്റെ തിരക്കിൽ പെട്ട് അതെല്ലാം കൈവിട്ടുപോയി.."

ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് കുഞ്ഞിക്കൈയിൽ കശുവണ്ടികളുമായി അങ്ങാടിയിലെ കടയിൽ വരി നിന്ന് വളർന്ന മാനസി, പ്ലസ്-ടൂവിന് ചേരാൻ ആയിരം രൂപ വീട്ടിൽ ഇല്ലാതെ വന്നപ്പോൾ മുറ്റത്തെ മാവ് തന്നെ മുറിച്ച് വിറ്റു - അതും ഉമ്മയുടെ പൂർണ്ണ പിന്തുണയോടെ

കളിച്ച് നടക്കുന്ന പ്രായത്തിൽ കശുവണ്ടി പെറുക്കി വിറ്റുകൊണ്ട് ആയിരിക്കണം കേരളത്തിൽ ഒരുവിധം കുട്ടികൾ എല്ലാം സ്വയം പര്യാപ്തതയുടെ ബാലപാഠങ്ങൾ പഠിച്ചിട്ടുണ്ടാകുക. ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് കുഞ്ഞിക്കൈയിൽ കശുവണ്ടികളുമായി അങ്ങാടിയിലെ കടയിൽ വരി നിന്ന് വളർന്ന മാനസി, പ്ലസ്-ടൂവിന് ചേരാൻ ആയിരം രൂപ വീട്ടിൽ ഇല്ലാതെ വന്നപ്പോൾ മുറ്റത്തെ മാവ് തന്നെ മുറിച്ച് വിറ്റു - അതും ഉമ്മയുടെ പൂർണ്ണ പിന്തുണയോടെ! പിന്നീട് ഒരിക്കലും വീട്ടിലെ ദാരിദ്ര്യം ഈ ചുണക്കുട്ടിയുടെ പഠനത്തെ ബാധിച്ചിട്ടില്ല. ടിടിസി കഴിയുന്നതിന് മുൻപേ തന്നെ സ്‌കൂളിൽ ടീച്ചർ ആയി ജോലി ചെയ്തും മൾട്ടി മീഡിയ പഠിക്കുമ്പോൾ അതിനൊപ്പം പ്രൈവറ്റ് ബാങ്കിൽ അഡ്വൈസ് പാർട്ടണർ ആയി ജോലി ചെയ്തുമെല്ലാം തനിക്ക് പണിക്കാനുള്ള പണം മാനസി സ്വയം കണ്ടെത്തി.

"പത്താം ക്ലാസിൽ നല്ല മാർക്ക് ഉണ്ടായിരുന്നു. പക്ഷെ എന്താകണം എന്നൊന്നും എനിക്ക് ഊഹം ഉണ്ടായില്ല. ഇനി അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ തന്നെ അത് നടക്കുമോ എന്നും ഉറപ്പുണ്ടായിരുന്നില്ല. ജീവിക്കാൻ പണം വേണം എന്ന് മാത്രമാണ് എന്റെ മനസ്സിൽ പതിരിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ സ്‌കൂളിൽ എഴുത്തും പ്രസംഗവും സ്കൗട്ടും ഒക്കെ ആയി ആക്റ്റീവ് ആയിരുന്നിട്ട് കൂടി അതെല്ലാം ഉപേക്ഷിച്ച് സ്വപ്‌നങ്ങൾ ഒന്നുമില്ലാതെ കിട്ടിയ ജോലി ചെയ്തുകൊണ്ട് പഠിക്കാൻ എനിക്ക് മടിയും ഉണ്ടായിരുന്നില്ല" - അവർ പറയുന്നു.

കൂടെ കളിച്ച് നടന്നവർ പതിനാറും പതിനേഴും വയസ്സിൽ വിവാഹം കഴിഞ്ഞ് പോയി. ജോലിയും പഠനവും മറ്റുമായി മാനസി ഇരുപത്തിയൊന്ന് വയസ്സ് വരെ നിന്നു. ഇരുപത്തിയൊന്ന് വയസ്സ് കണ്ണൂരിലെ ഉൾഗ്രാമങ്ങളിൽ ഉള്ള മുസ്ലിം യുവതികളെ സംബന്ധിച്ച് വലിയൊരു പ്രായമാണ് എന്ന് ആരറിഞ്ഞു! പഠനത്തിന് വകയുണ്ടോ, പട്ടിണി മാറിയോ എന്ന് പോലും അന്വേഷിക്കാതെ നാട്ടുകാർ ഇരുപത്തിയൊന്ന് വയസ്സ് ആയിട്ടും വിവാഹം കഴിക്കാത്ത പെണ്ണ് ആരോടെല്ലാം മിണ്ടുന്നു, ആണുങ്ങളോട് ചിരിക്കുന്നോ എന്നെല്ലാം നോക്കി നടന്നാൽ കേരളത്തിലെ യാഥാർഥ്യങ്ങൾ അനുസരിച്ച് അത്ഭുതമില്ല.

പഠനം കഴിയുന്നതിന് മുൻപേ മാനസി വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയി. അധികം വൈകാതെ കുഞ്ഞും പിറന്നു. ഗർഭിണി ആയിരിക്കുമ്പോൾ ഡോക്ടർ വിധിച്ച ബെഡ് റെസ്റ്റ് വായിക്കാനും എഴുത്ത് പുനരാരംഭിക്കാനും ആണ് മാനസി പ്രയോജനപ്പെടുത്തിയത്. ഫെയ്‌സ്ബുക്കിൽ മാനസി എന്ന പേരിൽ അക്കൗണ്ട് തുടങ്ങി.

എഴുത്തിന്റെ ലോകത്ത് നിന്ന് മാൻസി പരസ്യ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത് വീണ്ടും മൂന്ന് വർഷം കഴിഞ്ഞാണ്. കോഴിക്കോട് ഒരു സ്വകാര്യ പരസ്യ സ്ഥാപനത്തിൽ ജോലി തേടി എങ്കിലും പ്രളയത്തെ തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടു

കഥകളും കവിതകളും ലേഖനങ്ങളും തുറന്ന അഭിപ്രായങ്ങളും എല്ലാം മാനസി മടി കൂടാതെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. അതോടൊപ്പം സ്വന്തന്ത്രമായി പുസ്തകങ്ങൾ എഡിറ്റ് ചെയ്യാനും ആരംഭിച്ചു. കഷ്ടപ്പാട് നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്ന് വന്ന യുവതി എന്ന നിലയ്ക്ക് ഫെയ്‌സ്ബുക്ക് മാനസിക്ക് സമ്മാനിച്ചത് ഏറെ ആഗ്രഹിച്ച ഒരു ഉയിർത്തെഴുന്നേൽപ്പ് ആണ്.

എഴുത്തിന്റെ ലോകത്ത് നിന്ന് മാൻസി പരസ്യ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത് വീണ്ടും മൂന്ന് വർഷം കഴിഞ്ഞാണ്. കോഴിക്കോട് ഒരു സ്വകാര്യ പരസ്യ സ്ഥാപനത്തിൽ ജോലി തേടി എങ്കിലും പ്രളയത്തെ തുടർന്ന് ആ ജോലിയും നഷ്ടപ്പെട്ടു. വ്യക്തിജീവിതത്തിലും തൊഴിൽരംഗത്തും പ്രതിസന്ധികൾ മാത്രം നേരിട്ട് കൊണ്ടിരുന്ന സമയം. ആ സമയത്തെ കുറിച്ച് മാനസി പറയുന്നത് ഇങ്ങനെ:

"കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് കണ്ട് നിസ്സഹായ ആയി നിന്ന സമയമാണ് അത്. മോന് മൂന്ന് വയസ്സ് പ്രായം. പല ജോലികൾ ചെയ്ത് ജീവിതം ഒരു കരയ്ക്ക് അടുപ്പിച്ച് തുടങ്ങിയ കാലത്താണ് കോവിഡ് വന്നത്. അതുവരെ സ്വരുക്കൂട്ടിയത് എല്ലാം ലോക്ക്ഡൗൺ കാലത്ത് നഷ്ടപ്പെട്ടു. എന്തെങ്കിലും ചെയ്യണം. എഡിറ്റിങ് വർക്ക് ചെയ്ത് കിട്ടുന്ന പണം കൊണ്ട് മാത്രം പിടിച്ച് നിൽക്കാൻ കഴിയില്ല. അങ്ങനെ, ഒരു എക്സ്ട്രാ വരുമാനം എന്ന നിലയ്ക്ക് കുറച്ച് സാരികൾ കൊണ്ട് വച്ച് മാർക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. പക്ഷെ വെറുതെ മാർക്കറ്റ് ചെയ്‌താൽ പോരല്ലോ.. അതിലൊരു കൈയൊപ്പ് വേണ്ടേ?"

സ്വന്തം വസ്ത്രധാരണത്തിൽ മാനസി എന്നും ശ്രദ്ധ ചെലുത്തിയിരുന്നു. വളരെ കുറച്ച് വസ്ത്രങ്ങൾ ഉള്ള കാലത്തും ഉള്ള വസ്ത്രങ്ങൾ വ്യത്യസ്തമാണ് എന്ന് മാനസി ഉറപ്പ് വരുത്തിയിരുന്നു. വർണ്ണങ്ങൾ ഒന്നുമില്ലാത്ത കോട്ടൺ വസ്ത്രങ്ങൾ ആയാലും മാനസി ധരിച്ച് കണ്ടാൽ 'ഇത് എവിടെ നിന്നാണ്?' എന്ന് സുഹൃത്തുക്കൾ പോലും ആശ്ചര്യത്തോടെ ചോദിക്കുമായിരുന്നു. ഈ ചോദ്യങ്ങളിൽ നിന്നാണ് തനിക്ക് വസ്ത്രങ്ങളുടെ കാര്യത്തിൽ യുണീക്ക് ആയ ചോയ്‌സ് ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞത്. അങ്ങനെ താൻ വിപണിയിൽ എത്തിക്കാൻ പോകുന്ന സാരികൾ തന്റെ സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാനസി ഹാൻഡ്പിക്ക് ചെയ്തു.

ഫെയ്‌സ്ബുക്ക് സൗഹൃദത്തിന്റെ പുറത്ത് അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിഷാന്ത് അടക്കം നിരവധി പേർ നൽകിയ ക്രിയേറ്റിവ് വർക്കുകൾ ചെയ്താണ് അക്കാലത്ത് മാനസി പിടിച്ച് നിന്നത്

ഉടുക്കാൻ നല്ല വസ്ത്രം, ജീവിക്കാൻ വൃത്തിയുള്ള ഇടം, ദാരിദ്ര്യത്തിൽ നിന്നൊരു കരകയറ്റം. - ഇത്രയും മാത്രമായിരുന്നു മനസിയുടെ ലക്‌ഷ്യം. "പിടിച്ച് നിൽക്കാനായി ഞാൻ കോഴിക്കോട് ഒരു ലേഡീസ് ഹോസ്റ്റൽ വരെ തുടങ്ങി. പക്ഷെ അതും അവസാനിപ്പിക്കേണ്ടി വന്നു. മാനസിക നില തന്നെ തകർന്ന സമയം. എന്തെല്ലാമോ നേടി എന്ന ചിന്തയിൽ നിന്ന് പൂജ്യത്തിലേക്ക് എത്തുന്ന അവസ്ഥ പറഞ്ഞ് അറിയിക്കാൻ കഴിയില്ല. മൂന്ന് ലക്ഷം രൂപയോളം നഷ്ടം വന്നു. ഉമ്മയുടെ സ്വർണ്ണം പോലും നഷ്ടമായി."

ഫെയ്‌സ്ബുക്ക് സൗഹൃദത്തിന്റെ പുറത്ത് അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിഷാന്ത് അടക്കം നിരവധി പേർ നൽകിയ ക്രിയേറ്റിവ് വർക്കുകൾ ചെയ്താണ് അക്കാലത്ത് മാനസി പിടിച്ച് നിന്നത്.

തനിക്ക് ഇഷ്ടപെട്ട വസ്ത്രങ്ങളുടെ വിപണനം എന്ന നിലയ്ക്ക് മാനസി തുടങ്ങിയ ബുട്ടീക്ക് ശ്രദ്ധ ആകർഷിക്കാൻ തുടങ്ങിയത് കൊറോണക്കാലത്ത് തന്നെയാണ്. വെസ്റ്റേൺ വസ്ത്രങ്ങളും സാരികളും എല്ലാമുള്ള കളക്ഷൻ ആയിരുന്നു ആദ്യം. പിന്നീട് ഡിമാൻഡ് അനുസരിച്ച് സാരികൾ മാത്രമായി. മാനസിയുടെ സാരി കളക്ഷൻ മലയാളികളെ ഒന്നടങ്കം വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അത്ര നാൾ എങ്ങനെ ജീവിക്കും എന്ന് അമ്പരന്ന് നിന്ന ഒരാൾ തിരക്കുള്ള ഡിസൈനറും ബിസിനസ്സുകാരിയും ആയി ഉയിർത്തെഴുന്നേറ്റു! കോട്ടൺ സാരികളുടെ കളക്ഷൻ കൊണ്ട് ഏവരെയും ഞെട്ടിച്ച മാനസി, പതിയെ പതിയെ തന്റെ ബുട്ടീക്ക് പച്ച പിടിപ്പിച്ചു.

പൂജ്യത്തിൽ നിന്ന് ജീവിതം പുനരാരംഭിച്ച ഒരു ചുണക്കുട്ടിയുടെ നിശ്ചയദാർഢ്യം ആയിരുന്നു അത്. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥകൾ കണ്ട ഒരു വ്യക്തിക്ക് പിന്നെ എന്തിനെ തരണം ചെയ്യാൻ ആണ് മടി കാണുക! ഇപ്പോൾ മാനസി ബുട്ടീക്ക് ഒരു വിജയകരമായ സംരംഭമാണ്. അതിലുപരി ഒരു യുവസംരംഭകയുടെ ജീവിതമണമുള്ള കൈയൊപ്പ് ആണ്. "കുഞ്ഞ് ഉണ്ടായ ശേഷം ഞാൻ വെറുതെ ഇരുന്നിട്ടില്ല. എന്റെ പണം ഞാൻ തന്നെ കണ്ടെത്തും. വിവാഹം അതിനൊരു മാറ്റവും വരുത്തിയിട്ടില്ല. മനക്കരുത്ത് ഉണ്ടെങ്കിൽ ജീവിതത്തിൽ ഏത് പ്രതിസന്ധിയും തരണം ചെയ്യാം. എന്നാണെങ്കിലും നമുക്ക് എല്ലാവര്ക്കും ഒരു നല്ല നാളെ ഉണ്ട്. അതിന് ഞാൻ ഉദാഹരണമാണ്," മാനസി പറഞ്ഞ് നിർത്തി.