Jan 14 • 10M

മലയാള സിനിമയിലെ ഏറ്റവും ഭാഗ്യം കെട്ട അഞ്ച് നായികമാർ!

കഥാപാത്ര സൃഷ്ടിയിലെ കടുത്ത സ്ത്രീ വിരുദ്ധതയാണ് സല്ലാപം എന്ന സിനിമയിലെ രാധ എന്ന കഥാപാത്രം മുതൽ ചന്ദ്രോത്സവത്തിലെ ഇന്ദുലേഖവരെയുള്ള കഥാപാത്രങ്ങളിൽ നിഴലിക്കുന്നത്. അനിവാര്യമായ ഒരു സ്ത്രീപക്ഷ വായന

 
1.0×
0:00
-9:32
Open in playerListen on);
Episode details
Comments

പുരുഷമേധാവിത്വം കൊടി കുത്തി വാഴുന്ന ഒരു സമൂഹത്തിൽ കലയിലും സാംസ്കാരിക രംഗത്തും രാഷ്ട്രീയത്തിലും എല്ലാം പ്രതിഫലനങ്ങൾ കണ്ടെത്താൻ ആകും. സ്ത്രീവിരുദ്ധത തളം കെട്ടി നിൽക്കുന്ന ചാലുകൾ ആയിരുന്നു കാലങ്ങൾ ഏറെ ആയി മലയാള സിനിമ. സൂപ്പർഹിറ്റുകൾ എന്നുപറഞ്ഞ് കാണികൾ കൈയടിച്ച് വാഴ്ത്തുന്ന പല ചിത്രങ്ങളും നായകനെയും അയാളുടെ പ്രണയ സങ്കൽപങ്ങളെയും അയാളുടെ ജീവിതത്തെയും മാത്രം ചുറ്റിപ്പറ്റി വികസിപ്പിച്ചിട്ടുള്ളത് ആയിരുന്നു എന്ന് പുനർവായനയിലൂടെ കണ്ടെത്താം.

മാറിയ കാലത്ത്, അത്യന്തം നീതിപൂർണ്ണം ആയ സിനിമകൾ ഇറങ്ങുമ്പോൾ എന്തിന് പഴയ സിനിമകൾ ഇഴ കീറി പരിശോധിക്കുന്നു എന്ന് സ്വാഭാവികം ആയും സംശയം ഉയരാം. ഉത്തരം ഒന്നേ ഉള്ളൂ: ഏത് കാലത്ത് ഇറങ്ങിയ സിനിമ ആണ് എന്നല്ല, ഇക്കാലത്തും നമ്മുടെ സമൂഹം ആ സിനിമ ഉയർത്തിപ്പിടിക്കുന്ന ചിന്താഗതി ശരി വയ്ക്കുന്നുണ്ടോ, ആ സിനിമ ആസ്വദിക്കുന്നുണ്ടോ എന്നതിൽ ഒക്കെയാണ് കാര്യം. എന്തായാലും നായകൻറെ പുരുഷത്വ പ്രഭാവത്തിന് മുന്നിൽ തീർത്തും വിലയില്ലാതെ, ഭാഗ്യം കെട്ട് പോയ അഞ്ച് നായികമാരെ ആണ് ഇനി എടുത്ത് കാണിക്കുന്നത്. ഇവരെ പോലെ ജീവിക്കുന്നതിലും ഭേദം മരണം തന്നെയായിരുന്നു എന്ന് ഇന്നത്തെ കാലത്തെ പെൺകുട്ടികൾ തുറന്നുപറയും.

5. ചന്ദ്രോത്സവത്തിലെ ഇന്ദുലേഖ

ബാല്യം മുതൽ ഉറ്റ ചങ്ങാതിമാർ ആയ വളർന്ന നാല് പേര് - ഒരു പെൺകുട്ടിയും മൂന്ന് ആൺകുട്ടികളും. ഇന്ദുവിന്റെ പ്രണയകഥ ലളിതവും എന്നാൽ അത്യന്തം നിരാശാജനകവും ആണ്. തന്റെ മൂന്ന് കളിക്കൂട്ടുകാരിൽ ഒരാളെ പ്രണയിക്കുന്ന ഇന്ദു. ഇന്ദുവിനെ പ്രണയിക്കുന്ന രണ്ടാമൻ. ഇതെല്ലാം കണ്ട് നിൽക്കുന്ന മൂന്നാമൻ. വിധിയുടെ കുത്തൊഴുക്കിൽ മൂന്നാമനെ വിവാഹം ചെയ്യാൻ ഇന്ദു നിർബന്ധിതയാകുന്നു. ഇന്ദുവിനെ പ്രണയിക്കുന്ന രണ്ടാമൻ ഇന്ദുവിന്റെ ഭർത്താവിനെ ആക്രമിച്ച് ശയ്യാവലംബനാക്കി ആ കുറ്റം ഇന്ദു പ്രണയിക്കുന്ന ഒന്നാമന്റെ തലയിൽ കെട്ടി വയ്ക്കുന്നു. ആ ഒന്നാമൻ ആണ് മോഹൻലാൽ അവതരിപ്പിച്ച തൃക്കൂർ ചിറയ്ക്കൽ ശ്രീഹരി. ശ്രീഹരിയോട് ഇന്ദുവിന് സ്വാഭാവികം ആയും വെറുപ്പാണ്. തന്റെ നിഷ്കളങ്കത അയാൾ തുറന്ന് പറഞ്ഞിട്ടും അത് വിശ്വസിക്കാൻ ഇന്ദു തയ്യാർ ആകുന്നുമില്ല.

നല്ല പ്രായം മുഴുവൻ രോഗിയായ ഭർത്താവിനെ ശുശ്രൂഷിച്ച് തീ തിന്ന് കഴിഞ്ഞ ഇന്ദു ഇനിയുള്ള കാലം മുൻ കാമുകനെ ശുശ്രൂഷിച്ച് തീ തിന്ന് കഴിയട്ടെ - തിരക്കഥാകൃത്ത് നിരുപാധികമായി വിധിച്ചു

ഏതായാലും സ്വാർത്ഥൻ ആയ രണ്ടാമൻ ഇന്ദുവിന്റെ ഭർത്താവിനെ കൊല ചെയ്ത് കളം ഒഴിയുന്നതോടെ ഇന്ദു ശ്രീഹരിയുടെ സംരക്ഷണയിൽ ആകുന്നു. ഗത്യന്തരം ഇല്ലാതെ പഴയ കാമുകനോട് ഉള്ള പ്രണയം ഇന്ദു വീണ്ടെടുക്കുന്നു. എപ്പോഴെങ്കിലും ഒരു തരി സന്തോഷം അവൾക്ക് വേണ്ടി മാറ്റി വയ്ക്കാൻ സംവിധായകൻ ശ്രമിക്കുന്നില്ല - ശ്രീഹരിക്ക് ക്യാൻസർ ആണ് പോലും! നല്ല പ്രായം മുഴുവൻ രോഗിയായ ഭർത്താവിനെ ശുശ്രൂഷിച്ച് തീ തിന്ന് കഴിഞ്ഞ ഇന്ദു ഇനിയുള്ള കാലം മുൻ കാമുകനെ ശുശ്രൂഷിച്ച് തീ തിന്ന് കഴിയട്ടെ - തിരക്കഥാകൃത്ത് നിരുപാധികമായി വിധിച്ചു. എന്തായാലും ഇത്രകണ്ട് നിരാശാജനകം ആയ ജീവിത യാഥാർഥ്യങ്ങൾക്ക് നടുവിലും ഭാരതപ്പുഴയുടെ തീരത്ത് സിന്ദൂരവും ചാന്തും തൊട്ട് അതിശയിപ്പിക്കുന്ന വശ്യതയോടെ ഇടയ്ക്കിടെ ചിന്താമഗ്ന ആയി ഇരിക്കാൻ ഇന്ദുമറന്നില്ല.

4. ഗീതു സഞ്ജീവൻ, ഞങ്ങൾ സന്തുഷ്ടരാണ്

സ്ത്രീപക്ഷ വായകനാക്കാർ ഒട്ടനവധി തവണ ഇഴകീറി പരിശോധിച്ചിട്ടുള്ള ഒരു ജയറാം ചിത്രമാണ് 'ഞങ്ങൾ സന്തുഷ്ടരാണ്.' ഒരു സ്ത്രീ, അറിഞ്ഞോ അറിയാതെയോ രൂപപ്പെട്ട തന്റെ സ്വഭാവ സവിശേഷതകൾ എല്ലാം വിവാഹത്തോടെ മാറ്റി വയ്ക്കണം എന്നും പിന്നീടുള്ള ജീവിതം വിവാഹം കഴിഞ്ഞ് എത്തുന്ന വീട്ടിലെ ചുറ്റുപാടുകൾക്ക് അനുസരിച്ച് മാറ്റി മറിക്കണം എന്നുമാണ് ചിത്രം പറയുന്നത്. നായികയായ ഗീതുവിനെ പാചകം അറിയാത്തതിന്റെ പേരിൽ, പേരിൽ, ഇംഗ്ലീഷ് പറയുന്നതിന്റെ പേരിൽ, സ്വന്തം ഭർത്താവിനോട് ഒത്ത് സ്വകാര്യ നിമിഷങ്ങൾ ആഗ്രഹിക്കുന്നതിന്റെ പേരിൽ എല്ലാം ചിത്രത്തിൽ പരിഹസിക്കുന്നുണ്ട്.

അവളെ അങ്ങനെയെല്ലാം വളർത്തി വലുതാക്കിയ മാതാപിതാക്കൾ പോലും അതിന് കൂട്ട് നിൽക്കുന്നുണ്ട് എന്നതാണ് അതിലും ക്രൂരമായ സത്യം. ഉത്തമ ഭാര്യ എന്ന പുരുഷ സങ്കല്പം എങ്ങനെ ആണോ, ഗീതു അങ്ങനെ ആകുന്നത് വരെ കടുത്ത ക്രൂരതകളും അധിക്ഷേപങ്ങളും ആണ് നായിക നേരിടുന്നത്. എല്ലാത്തിനും ഒടുവിൽ അവളുടെ ആത്മവിശ്വാസം തന്നെ ചോർത്തി കളഞ്ഞുകൊണ്ട് അവളെ ഒരു അനാഥയാക്കി പൂർണ്ണം ആയും നായകന്റെ അധീനതയിൽ വരുത്തിക്കൊണ്ട് ആണ് ചിത്രം അവസാനിക്കുന്നത്.

അല്ല, ഈ ടൈറ്റിൽ കൊണ്ട് എന്താണ് സംവിധായകൻ രാജസേനൻ ഉദ്ദേശിക്കുന്നത്? പുരുഷന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് തന്റെ വ്യക്തിത്വം തന്നെ പണയം വച്ച് സ്ത്രീ ജീവിക്കാൻ തുടങ്ങുമ്പോൾ കുടുംബം സന്തുഷ്ടം ആകുന്നു എന്നോ? നല്ല അസ്സൽ പ്രബുദ്ധത!

3. പവിത്രത്തിലെ മീനാക്ഷി

സംശയിച്ച് നോക്കണ്ട, ഒരു തലമുറയിലെ മലയാളികൾ മുഴുവൻ 'ഭാഗ്യം ചെയ്ത കുട്ടി' എന്ന് പുകഴ്ത്തിയ മീനാക്ഷി തന്നെ. ഇത്ര 'സ്നേഹസമ്പന്നൻ' ആയ ഒരു ചേട്ടച്ഛൻ ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെന്ത് വേണം എന്നാണു അക്കാലത്ത് പലരും ചിന്തിച്ചിരുന്നത്. ഇന്നും ഈ ചിത്രം ടിവിയിൽ വന്നാൽ ആർത്തിയോടെ ഇരുന്ന് മുഴുവൻ കാണുന്നവരും കഥാപാത്രങ്ങൾക്ക് ഒപ്പം പറയുന്നവരും ഏറെയാണ്. എന്നാൽ ചേട്ടച്ഛനോളം ടോക്സിക് ആയ ഒരു സഹോദരൻ ഇനി ഭൂമിയിൽ ജനിക്കാൻ ഇല്ലെന്നതാണ് സത്യം.

വിവാഹം ചെയ്യാൻ കാമുകി അടക്കം എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അനിയത്തിക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചു എന്നതാണ് ഉണ്ണി ചെയ്ത ആദ്യ തെറ്റ്. അവിടെ നിന്ന് തുടങ്ങി ഓവർ പ്രൊട്ടക്ടീവ് ആയ ജ്യേഷ്ഠനും അച്ഛനും എല്ലാം ആയി മീനാക്ഷിയെ ഇടം വലം തിരിയാൻ സമ്മതിക്കാതെ അയാൾ ശ്വാസം മുട്ടിക്കുന്നത് കാണാം. കോളേജിൽ എത്തിയപ്പോൾ സ്വന്തം കൂട്ടുകെട്ടുകളും സ്വാതന്ത്ര്യങ്ങളും എല്ലാമായി ജീവിതം വർണശബളം ആക്കിയ മീനാക്ഷിയെ അയാൾ ശാസിക്കുന്നുണ്ട്. അതിനെല്ലാം പുറമെ തന്നോളം തന്നെ സ്വാതന്ത്ര്യം ഉള്ള മറ്റൊരു സഹോദരനെയും അയാളുടെ ഭാര്യയെയും മീനാക്ഷിയിൽ നിന്നും അകറ്റി നിർത്താനും ശ്രമിക്കുന്നുണ്ട്. ഒടുക്കം മീനാക്ഷിക്ക് ഒരു അപകടം പറ്റി എന്നറിഞ്ഞ് സമനില തെറ്റുകയാണ് ഉണ്ണിക്ക്.

വിവാഹം ചെയ്യാൻ കാമുകി അടക്കം എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അനിയത്തിക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചു എന്നതാണ് ഉണ്ണി ചെയ്ത ആദ്യ തെറ്റ്. അവിടെ നിന്ന് തുടങ്ങി ഓവർ പ്രൊട്ടക്ടീവ് ആയ ജ്യേഷ്ഠനും അച്ഛനും എല്ലാം ആയി മീനാക്ഷിയെ ഇടം വലം തിരിയാൻ സമ്മതിക്കാതെ അയാൾ ശ്വാസം മുട്ടിക്കുന്നത് കാണാം

ചുറ്റും ഉള്ളവരുടെ വൈകാരിക ബ്ലാക്ക്‌മെയിലിങ്, കുറ്റബോധം എന്നിവ കൊണ്ട് തന്റെ ഭാവി തന്നെ ഉപേക്ഷിച്ച് ചേട്ടച്ഛന്റെ വീട്ടിലേക്ക് മടങ്ങുകയാണ് മീനാക്ഷി. ശരിക്കും ഉണ്ണി എന്തിനാണ് പെങ്ങളെ വളർത്തിയത്, ആ കുഗ്രാമത്തിൽ വളർന്ന്, അയാളെ മാത്രം ശുശ്രൂഷിച്ച് അയാൾ പറയുന്ന പുരുഷനെ വിവാഹം കഴിച്ച് അങ്ങനെ ഒതുങ്ങിക്കൂടാനോ? ഇത്ര ടോക്സിക് ആയ, സ്വാർത്ഥൻ ആയ ഒരു സഹോദരൻ ഉണ്ടാക്കുന്നതിലും നല്ലത് ഇല്ലാതിരിക്കുന്നതാണ്, തീർച്ച!

2. ഉണ്ണിമായ, ആറാം തമ്പുരാൻ

ഉണ്ണിമായ നിരപരാധിയായ ഒരു ഇരയാണ് - അവരെ വളർത്തി വലുതാക്കിയ സാമൂഹ്യ പൊതുബോധത്തിന്റെ ഇര. ജഗന്നാഥന്റെ വ്യക്തിപ്രഭാവത്തിന് മുന്നിൽ അയാൾക്ക് അപ്പുറം ലോകം തന്നെയില്ല എന്ന് വിശ്വസിച്ച സാധു. സമൂഹം പുലർത്തുന്ന കപട സദാചാര ബോധ്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന, തന്റെ കുലവും വിലാസവും തന്നെ 'സ്പെഷ്യൽ' ആക്കുന്നു എന്ന് വിശ്വസിച്ച ഒരു മണ്ടി. പക്ഷെ ജഗന്നാഥന്റെ സമീപനം ആണ് അവരെ പൊട്ടക്കിണറ്റിലെ തവള ആക്കി കളഞ്ഞത്.

ലോകം എമ്പാടും സഞ്ചരിച്ച്, വിദ്യാഭ്യാസവും സാമൂഹ്യ ബന്ധങ്ങളും നേടി തിരികെ തന്റെ ഗ്രാമത്തിൽ എത്തിയ ജഗന്നാഥൻ സ്വാർത്ഥരിൽ സ്വാർത്ഥൻ ആണ്. തന്നെക്കാൾ എന്തുകൊണ്ടും താഴെ നിൽക്കുന്ന, തന്റെ ആശ്രിതയായ ഒരു പെൺകുട്ടിയെ ജീവിതസഖി ആക്കുന്നത് പോലും അയാളുടെ സുപ്പീരിയോറിറ്റി നിലനിർത്താൻ ആണെന്ന് കരുതണം. കാരണം, ചിത്രത്തിന്റെ ഒടുക്കം ലോകത്തിന്റെ ഏത് കോണിൽ വേണം മധുവിധു എന്ന് നന്ദൻ ചോദിക്കുമ്പോൾ കണിമംഗലത്തിന് പുറത്ത് ലോകം കണ്ടിട്ടില്ലാത്ത ഉണ്ണിമായയുടെ ഭാഗം തീർത്തും ചിന്തിക്കാതെ തനിക്ക് എങ്ങും പോകണ്ട എന്ന് കട്ടായം പറഞ്ഞ 'തമ്പുരാൻ' ആണയാൾ. തനിക്ക് ലഭിച്ചത് സ്വർഗ്ഗം ആണെന്ന് കരുതി മൂഢസ്വർഗ്ഗത്തിൽ അഭിരമിക്കുന്ന ഒരു നിർഭാഗ്യവതി തന്നെയാണ് ഉണ്ണിമായ.

1. രാധ, സല്ലാപം

മലയാള സിനിമയിലെ ഏറ്റവും ഭാഗ്യം കേട്ട നായികമാരിൽ മുൻപന്തിയിൽ ഉള്ളത് ലോഹിതദാസ് ചിത്രം ആയ സല്ലാപത്തിലെ രാധ ആണ്. സ്ത്രീ ആരെ പ്രണയിക്കുന്നു, വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്നു എന്നതിന് ഒന്നും ജീവിതത്തിൽ യാതൊരു പ്രസക്തിയും ഇല്ല എന്നാണു സംവിധായകൻ ചിത്രത്തിലൂടെ പറഞ്ഞ് വയ്ക്കുന്നത്. ദിവാകരൻ എന്ന മനോജ് കെ ജയൻ കഥാപാത്രം രാധയെ പ്രണയിക്കുന്നുണ്ട്, സത്യം തന്നെ. എന്നാൽ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ രാധയ്ക്ക് ആ പ്രണയത്തോട് താത്പര്യമില്ല എന്ന് വ്യക്തമാണ്.

രാധയ്ക്ക് ശശി എന്ന ദിലീപ് കഥാപാത്രത്തോട് പ്രണയം ഉണ്ടായി, പിന്നീട് പ്രണയ നഷ്ടവും ഉണ്ടായി. അതുകൊണ്ട് രാധ ദിവാകരനെ വിവാഹം ചെയ്യണം എന്നുണ്ടോ? താൻ പ്രണയിച്ച ആൾ തന്നെ വഞ്ചിച്ചു എന്നത് കൊണ്ട് തനിക്കിഷ്ടമല്ലാത്ത മറ്റൊരാളെ വിവാഹം കഴിക്കണം എന്നത് എന്ത് ലോജിക്ക് ആണ്?

രാധയ്ക്ക് ശശി എന്ന ദിലീപ് കഥാപാത്രത്തോട് പ്രണയം ഉണ്ടായി, പിന്നീട് പ്രണയ നഷ്ടവും ഉണ്ടായി. അതുകൊണ്ട് രാധ ദിവാകരനെ വിവാഹം ചെയ്യണം എന്നുണ്ടോ? താൻ പ്രണയിച്ച ആൾ തന്നെ വഞ്ചിച്ചു എന്നത് കൊണ്ട് തനിക്കിഷ്ടമല്ലാത്ത മറ്റൊരാളെ വിവാഹം കഴിക്കണം എന്നത് എന്ത് ലോജിക്ക് ആണ്?! പക്ഷെ ചിത്രത്തിന്റെ അവസാനം ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്ന രാധയെ തന്റെ ജീവിതത്തിലേക്ക് തിരിച്ച് വിളിക്കുകയാണ് ദിവാകരൻ. അവിടെ രാധയ്ക്ക് അയാളെ സ്വീകരിക്കുക എന്നത് അല്ലാതെ മറ്റൊരു ഓപ്‌ഷനും മുന്നിൽ ഇല്ല! തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം കഴിക്കുക എന്നതല്ലാതെ മറ്റൊരു ഓപ്‌ഷനും മുന്നിൽ ഇല്ലാതിരിക്കുക അത്യന്തം ഭയാനകം ആയ അവസ്ഥയാണ്.

ഇനി, ദിവാകരൻ എന്നൊരാൾ ഈ കഥയിലേ ഇല്ലായിരുന്നെങ്കിലോ? ശശി രാധയെ വഞ്ചിച്ച ശേഷം ഒന്നുകിൽ രാധ ജീവൻ ഒടുക്കിയേനെ. അല്ലെങ്കിൽ ഭയം കൂടാതെ ഏതെങ്കിലും വീട്ടിൽ വേലയെടുത്ത് പിന്നീട് ഒരു പ്രണയം സംഭവിക്കുമ്പോൾ വിവാഹം കഴിച്ചോ കഴിക്കാതെയോ ആത്മാഭിമാനത്തോടെ ജീവിച്ചേനെ. ഇത് രണ്ടായാലും ഇഷ്ടമില്ലാത്ത മുറച്ചെറുക്കനെ വിവാഹം ചെയ്യുന്നതിലും ഭേദമാണ്.