Nov 12, 2021 • 13M

സുലോചന മുതൽ കുട്ടിയമ്മ വരെ: സ്ത്രീപക്ഷ ചിന്തയിൽ പുരോഗമനമില്ലാതെ മലയാള സിനിമ!

ഇഴകീറി പരിശോധിച്ചാൽ കാണാം സമത്വത്തിന്റെ ചിന്ത ലവലേശം തീണ്ടാത്ത, കുടുംബത്തിനും പ്രണയത്തിനുമൊക്കെയായി തന്റെ ഇഷ്ടങ്ങൾ ബലികൊടുത്ത് ജീവിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളായ സ്ത്രീകളുടെ നീണ്ട നിര

Anagha Jayan E
Comment
Share
 
1.0×
0:00
-12:43
Open in playerListen on);
Episode details
Comments

സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കിക്കൽ ചിന്തയുടെ പ്രതിഫലനമാണ് മലയാള സിനിമയിലും കണ്ടു വരുന്നത് എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഉണ്ടാകില്ല. മാറ്റത്തിന് കാരണമാകുന്ന, സമത്വത്തിന്റെ ആശയം പേറുന്ന ഏതാനും ചില ചിത്രങ്ങൾ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ഇഴകീറി പരിശോധിച്ചാൽ കാണാം സമത്വത്തിന്റെ ചിന്ത ലവലേശം തീണ്ടാത്ത, കുടുംബത്തിനും പ്രണയത്തിനുമൊക്കെയായി തന്റെ ഇഷ്ടങ്ങൾ ബലികൊടുത്ത് ജീവിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളായ സ്ത്രീകളുടെ നീണ്ട നിര. വലിയൊരു വിഭാഗം ജനത്തെ ചെറിയ സമയത്തിനുള്ളിൽ സ്വാധീനിക്കാൻ കഴിവുള്ള മാധ്യമമെന്ന നിലക്ക് സിനിമയിലെ ഈ അസമത്വ ചിന്ത ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

Home is where mother is. കേൾക്കാൻ എത്ര സുഖമുള്ള വാചകം. മലയാളികളുടെ വീട്ടകങ്ങളിൽ സ്ത്രീയ്ക്കുള്ള സ്ഥാനം സമൂഹത്തിന്റെ പ്രതിബിംബം എന്നപോലെ അടയാളപ്പെടുത്തിയിട്ടുള്ളത് സിനിമയിലാണ്. യാതൊരു മുൻവിധികളും കൂടാതെ മൂന്ന് വ്യത്യസ്ത കാലങ്ങളിലെ സൂപ്പർഹിറ്റ് കുടുംബചിത്രങ്ങൾ അപഗ്രഥിച്ചുകൊണ്ട് മലയാളസിനിമയിലെ സ്ത്രീയുടെ പ്രതിതിനിധ്യം ചർച്ച ചെയ്യുകയാണ് ഇവിടെ.

ഹോം - ബഹുമാനം 'extra-ordinary' പപ്പമാർക്ക്

റോജിൻ തോമസ് സംവിധാനം ചെയ്ത് ഇന്ദ്രൻസ് നായകനായ ഹോം എന്ന മലയാളചിത്രം, ഒരു ഇടവേളയ്ക്ക് ശേഷം കുടുംബപ്രേക്ഷകരെ ഒന്നാകെ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. ഇന്റർനെറ്റും സോഷ്യൽ നെറ്റ്‌വർക്കിങ്ങും കുടുംബബന്ധങ്ങളിൽ ഉണ്ടാക്കിയ വിള്ളൽ ആണ് പ്രധാന പ്രമേയം. ആ വിള്ളൽ നികത്തുമ്പോൾ അച്ഛനോളം പ്രാധാന്യം അമ്മയ്ക്ക് ലഭിക്കാത്തത് മലയാളികൾക്ക് ഒരു പ്രശ്നമായി തോന്നിയേ ഇല്ല! 'പപ്പയുടെ ജീവിതത്തിൽ അസാധാരണമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ?' ഈ ചോദ്യത്തിന് ഉത്തരം തേടി ഒരു ദിവസം മുഴുവൻ ഉറക്കമിളച്ച അച്ഛൻ, താൻ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ചെയ്ത അതിസാഹസികമായ ഒരു പ്രവൃത്തിയെ ഓർത്തെടുക്കുന്നു. ആദ്യം തിരസ്കരിക്കപ്പെട്ടെങ്കിലും പിന്നീട് അർഹിക്കുന്ന ബഹുമാനം അയാൾ കുടുംബത്തിൽ നേടിയെടുക്കുന്നു.

എന്തൊരു തൃപ്തിദായകമായ കഥ! എന്നാൽ ഇതിന്റെ പശ്ചാത്തലത്തിൽ ഭർത്താവിനെ മക്കൾ വഴക്ക് പറയുമ്പോൾ കരഞ്ഞും അയാളെ മക്കൾ ബഹുമാനിക്കുമ്പോൾ സന്തോഷിച്ചും കഴിയുന്ന ഒരമ്മയുണ്ട് - കുട്ടിയമ്മ. മഞ്ജു പിള്ളയുടെ കരിയറിലെ തന്നെ ഏറ്റവും മികവുറ്റത് എന്ന് നിസ്സംശയം പറയാവുന്ന കഥാപാത്രം. ഒരുപക്ഷെ 'നിങ്ങളുടെ ജീവിതത്തിൽ അസാധാരണമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ?' എന്ന ചോദ്യം കുട്ടിയമ്മയോടാണ് ചോദിച്ചിരുന്നത് എങ്കിൽ അവർക്ക് ഉത്തരം പറയാൻ ഒരു രാത്രി മുഴുവൻ ആലോചിക്കേണ്ടി വരില്ലായിരുന്നു - കാരണം അവർ ഒരു നേഴ്സായിരുന്നു. ജീവൻ രക്ഷിക്കൽ അവരുടെ നിത്യജോലിയും!

മുഖ്യധാരാ സിനിമകളിലെ സ്ത്രീകളുടെ ചിത്രീകരണത്തെ കുറിച്ച് അത്ര എടുത്ത് പറയാനൊന്നുമില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ വ്യവസ്ഥിതിയുടെ അടിമകളാണ് എന്ന് നിസ്സംശയം പറയാം

നായകൻ, നായകന്റെ മകൻ, നായകന്റെ അച്ഛൻ, നായകന്റെ മകൻന്റെ അമ്മായിയച്ഛൻ - ഇത്രയും ആണുങ്ങളുടെ കഥയാണ് ഹോം. ഒരു കുടുംബത്തിനുള്ളിൽ രണ്ട് തലമുറയിലെ ആണുങ്ങൾ തമ്മിലുള്ള അധികാരകൈമാറ്റം ഹോം കൃത്യമായി വരച്ച് കാണിക്കുന്നുണ്ട്. ഇതിനിടയിൽ ആണ്മക്കളുടെ ഭാവം നോക്കിയും അവർക്ക് വച്ച് വിളമ്പിയും അവർ പറയുന്നിടത്തേക്ക് വയ്യാത്ത കാൽ വച്ച് ഏന്തിവലിഞ്ഞ് നടന്നെത്തിയും മറ്റും ജീവിതം തീർക്കുന്ന കുട്ടിയമ്മയുമുണ്ട്. ഭർത്താവിനോ മക്കൾക്കോ വിഷമം വന്നാൽ അവർ കരയും. അവർ സന്തോഷിച്ചാൽ കുട്ടിയമ്മയും സന്തോഷിക്കും. മലയാളക്കര ഒന്നടങ്കം കൈയടിച്ച് പറഞ്ഞു - ഞങ്ങളുടെയെല്ലാം വീട്ടിൽ ഇതുപോലൊരു അമ്മയുണ്ട് എന്ന്!!

മിഥുനം - ഒരു വീട്ടമ്മയുടെ പേടിസ്വപ്നം

ഇത്രമാത്രം പുരുഷകേന്ദ്രീകൃതമായി തയ്യാറാക്കപ്പെട്ട ഒരു തിരക്കഥ മലയാള സിനിമയിൽ തന്നെ കുറവായിരിക്കും. ആ സ്റ്റാൻഡേർഡിൽ നിന്ന് മിഥുനത്തോട് മത്സരിക്കാനാകുക ചിലപ്പോൾ ജയറാം നായകനായ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് മാത്രമായിരിക്കും. പ്രണയത്തിൽ പോലും പൊയ്മുഖം കാണിക്കുന്നവനാണ് പുരുഷനെന്നും വിവാഹത്തിന് ശേഷം പ്രണയകാലത്തെ യാതൊന്നും സ്ത്രീപുരുഷ ബന്ധത്തിൽ വേണ്ടതില്ല എന്നും മടിയ്ക്കാതെ വിളിച്ചുപറയുന്ന ചിത്രമാണ് മിഥുനം.

ചിത്രത്തിലെ നായികയും പ്രതിനായികയും സുലോചന തന്നെയാണ് - മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർസ്റ്റാർ ഉർവ്വശി അവതരിപ്പിച്ച മികച്ച കഥാപാത്രം. സുലോചന ചെയ്ത തെറ്റുകൾ എന്തൊക്കെയാണ്? പ്രണയകാലത്തെ സേതുവിൻറെ വ്യക്തിത്വത്തെ അളവറ്റ് സ്നേഹിച്ചു. വിവാഹശേഷം അയാൾ മറ്റൊരു മുഖം കാണിച്ചപ്പോൾ അത് ഉൾക്കൊള്ളാൻ വിസമ്മതിച്ചു. പ്രണയകാലത്ത് അയാൾ പറഞ്ഞ വാക്കുകൾ എല്ലാം ഓർത്തുവച്ചു. സൗകര്യപൂർവം സേതു അതെല്ലാം മറന്നുകളഞ്ഞപ്പോൾ അതിൽ പരിഭവിച്ചു. കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് തന്നെ പരിഹസിച്ച ഭർത്താവിനോട് തന്നെ പുകഴ്ത്തിയില്ലെങ്കിലും അപമാനിക്കരുതെന്ന് മുഖത്ത് നോക്കി പറഞ്ഞു. ഭർത്താവിനൊപ്പം മധുവിധു കാലത്തെങ്കിലും സ്വകാര്യനിമിഷങ്ങൾ ആഗ്രഹിച്ചു. അതൊന്നും നടക്കാതെ വന്നപ്പോൾ അവളുടെ പരിമിതമായ ലോകപരിചയവും വിശ്വാസങ്ങളും മുൻനിർത്തി ഒരു പരിഹാരത്തിന് ശ്രമിച്ചു. ഹോ! കൊടും പാതകം..!

സ്ത്രീപക്ഷവീക്ഷണത്തോടെ സിനിമകളെ അപഗ്രഥിക്കുമ്പോൾ സാധാരണമായി ഉയരുന്ന ഒരു ചോദ്യം ഇതാണ് - 'നമ്മുടെ എല്ലാം വീടുകളിൽ അമ്മമാരും ഭാര്യമാരും ഇങ്ങനെ തന്നെയല്ലേ

ഇനി ഇതിനെല്ലാം സുലോചനയ്ക്ക് ലഭിച്ച 'ശിക്ഷ' കൊലപാതകത്തിന് തുല്യമാണ്. അവളെ അപമാനിച്ച, അവളെ നിന്ദിച്ച അതേ വീട്ടിലേക്ക് മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി കൊടും കുറ്റബോധത്തോടെ ക്ഷമ യാചിച്ചുകൊണ്ട് കയറിച്ചെല്ലേണ്ടി വരിക എന്നത് ! ലോകത്ത് ഒരു സ്ത്രീക്കും ഈ ഗതി വരരുതേ എന്നേ സിനിമ കാണുന്ന ഏതൊരു വനിതയ്ക്കും തോന്നൂ. സുലോചനയുടെ കാഴ്ചപ്പാടിൽ മിഥുനം ഒന്നുകൂടി ചിത്രീകരിച്ചാൽ മലയാളികൾ ആരാധിക്കുന്ന നായകസങ്കല്പങ്ങൾ ചീട്ടുകൊട്ടാരം പോലെ ഇടിഞ്ഞുവീഴും, തീർച്ച.

ആൾക്കൂട്ടത്തിൽ തനിയെ നളിനി

എംടി എഴുതി, ഐവി ശശി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ആൾക്കൂട്ടത്തിൽ തനിയെ.' മമ്മൂട്ടി, സീമ, ഉണ്ണിമേരി തുടങ്ങി വമ്പൻ താരനിര. ക്ലാസ്സിക് ചിത്രമെന്ന് പേരുകേട്ട, ഒരു തലമുറയുടെ ഗൃഹാതുരത്വങ്ങൾക്ക് വളമിടുന്ന ഓൾടൈം വാച്ച് ചിത്രം.

ഇതിവൃത്തമാണ് രസകരം - ഭാര്യയ്ക്ക് ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനം നടത്താൻ ഫെല്ലോഷിപ്പ് ലഭിക്കുന്നതോടെ തകരുന്ന ഒരു കുടുംബം! ചിത്രം നായകനായ രാജന്റെയും അയാളുടെ നിസ്വാർത്ഥയായ മുൻകാമുകി അമ്മുവിന്റെയും കൂടെയാണ്. തന്റെ സമ്പാദ്യം മുഴുവൻ ചെലവിട്ട് മുറച്ചെറുക്കനെ പഠിപ്പിച്ച ശേഷം അയാൾ മറ്റൊരു വിവാഹം കഴിട്ടും ജീവിതം അയാൾക്ക് വേണ്ടി മാത്രം ഉഴിഞ്ഞുവച്ച പാട്രിയാർക്കൽ മ്യൂസ്!

സ്വാഭാവികമായും ചിത്രത്തിലെ പ്രതിനായിക നളിനിയാണ്. വിവാഹത്തിന് മുൻപ് തന്നെ കാമുകിയുടെ പണം കൊണ്ട് എംബിഎ പൂർത്തിയാക്കിയ നായകൻ, സ്വന്തം പ്രയത്നം കൊണ്ട് ലോകത്തെ തന്നെ മികവുറ്റ സർവകലാശാലയിൽ പഠിക്കാൻ അവസരം ലഭിച്ച ഭാര്യയെ മാനസികമായി തളർത്തി, തന്റെ ഭൂതകാലം പറഞ്ഞ് അരക്ഷിതാവസ്ഥയിലാക്കി, കുറ്റബോധപ്പെടുത്തി, വീട്ടിൽ ഇരുത്തുന്ന ഭയാനകമായ കാഴ്ച! സ്ത്രീയുടെ വിദ്യാഭ്യാസത്തിനും സ്വപ്നങ്ങൾക്കും ഒന്നും പുരുഷമേധാവിത്വ കുടുംബവ്യവസ്ഥിതിയുടെ വിലയില്ല എന്ന് ഊന്നിപ്പറയുന്ന ചിത്രം.. ആശ്ചര്യമില്ല, ചിത്രം സൂപ്പർഹിറ്റ് തന്നെ.

സമൂഹം ആരുടെ കൂടെയാണ്?

സംശയമില്ല, സമൂഹം കുടുംബങ്ങളുടെ കൂടെയാണ്. എത്ര തന്നെ ഉയർന്നാലും ഒരു സ്ത്രീ കുടുംബത്തിൽ 'ഒതുങ്ങുന്നു' എങ്കിൽ സമൂഹം അവളെ പുകഴ്ത്തും. മലയാള സിനിമയിലെ സ്ത്രീവിരുദ്ധത ഈ മൂന്ന് ചിത്രങ്ങളിൽ ഒതുങ്ങുന്നില്ല. സ്ത്രീപക്ഷ വിസ്മയം എന്ന് വീട്ടമ്മമാർ പോലും പുകഴ്ത്തിയ ജയറാം - ഗോപിക വിജയചിത്രം 'വെറുതെ ഒരു ഭാര്യ' തന്നെ കാലാകാലങ്ങളായി സമൂഹം സൃഷ്‌ടിച്ച് നിലനിർത്തുന്ന 'വീട്ടമ്മ' എന്ന സങ്കല്പത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.

മിഥുനത്തിലെ നായികയും പ്രതിനായികയും സുലോചന തന്നെയാണ് - മലയാളത്തിലെ എക്കാലത്തെയും ലേഡി സൂപ്പർസ്റ്റാർ ഉർവ്വശി അവതരിപ്പിച്ച മികച്ച കഥാപാത്രം. സുലോചന ചെയ്ത തെറ്റുകൾ എന്തൊക്കെയാണ്?

ദാമ്പത്യത്തിനുള്ളിലെ ക്രൂരമായ ലൈംഗികചൂഷണത്തെ വെള്ളപൂശി കാണിച്ച ആസിഫ് അലി - വീണ നന്ദകുമാർ ചിത്രം 'കെട്ട്യോൾ ആണെന്റെ മാലാഖ' ആയിനത്തിലെ മറ്റൊരു പ്രധാനചിത്രമാണ്. 'സ്ത്രീയില്ലാത്ത വീട് സ്വർഗ്ഗമല്ല' എന്ന സന്ദേശത്തോടെ വരുന്ന ന്യൂജെൻ ചിത്രങ്ങളും നൽകുന്ന സന്ദേശം മറ്റൊന്നല്ല.

സ്ത്രീകഥാപാത്രങ്ങളുടെ പേടിസ്വപ്നമായ തിരക്കഥാകൃത്ത്

ഹിറ്റ്‌മേക്കർ രഞ്ജിത്ത് എഴുതുകയോ സംവിധാനം ചെയ്യുകയോ ചെയ്ത ചിത്രങ്ങളിലെ സ്ത്രീകൾ മലയാളികളുടെ സങ്കല്പത്തിന് ഉതകുന്ന, തനിമ മുറ്റിനിൽക്കുന്ന കഥാപാത്രങ്ങളാണ്. നായകന്മാർ തങ്ങളോട് എത്രതന്നെ ക്രൂരത കാട്ടിയാലും അവരുടെ പുരുഷത്വത്തെ - ആൽഫാ മെയിൽ വ്യക്തിത്വത്തെ - ഗാഢമായി ആരാധിച്ച് അവരുടെ 'ഭാര്യ'യാകാൻ കൊതിക്കുന്ന നായികമാർ! ദേവാസുരത്തിലെ ഭാനുമതി മുതൽ 'ലീല'യിലെ ലീല വരെ ഇതിൽ പെടുന്നു. നായകനാൽ വഞ്ചിക്കപ്പെട്ട് ജീവിതം തുലയ്ക്കപ്പെട്ടിട്ടും അയാളെ ഒടുക്കം ശുശ്രൂഷിക്കാൻ തയ്യാറാകുന്ന ചന്ദ്രോത്സവത്തിലെ നായികയാണ് അവരിലെ ഷൈനിങ് സ്റ്റാർ.

നൈരാശ്യത്തിന്റെ പരമോന്നതിയിൽ ജീവിതം കൈവിട്ടുപോകുന്ന അവസ്ഥയിൽ പോലും ഭാരതപ്പുഴയുടെ തീരത്തെ ചുട്ടുപൊള്ളുന്ന മണൽത്തട്ടിൽ മുണ്ടും നേരിയതും ഉടുത്ത് ചുവന്ന വട്ടപ്പൊട്ടുമായി ആരും കൊതിക്കുന്ന അഴകോടെ ചിന്താമഗ്നയായി ഇരിക്കുന്ന അവരുടെ മുഖം മലയാളിപ്രേക്ഷകർ ഒരിക്കലും മറക്കില്ല! സ്ത്രീശരീരത്തിന്റെ വസ്തുവത്കരണം എടുത്ത് പറയാൻ ഇതിലും നല്ലൊരു ഉദാഹരണം എന്ത് വേണ്ടൂ?

ഇതൊക്കെ ഇത്ര എടുത്ത് പറയാനുണ്ടോ?

മുഖ്യധാരാ സിനിമകളിലെ സ്ത്രീകളുടെ ചിത്രീകരണത്തെ കുറിച്ച് അത്ര എടുത്ത് പറയാനൊന്നുമില്ല എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ വ്യവസ്ഥിതിയുടെ അടിമകളാണ് എന്ന് നിസ്സംശയം പറയാം. സ്ത്രീപക്ഷവീക്ഷണത്തോടെ സിനിമകളെ അപഗ്രഥിക്കുമ്പോൾ സാധാരണമായി ഉയരുന്ന ഒരു ചോദ്യം ഇതാണ് - 'നമ്മുടെ എല്ലാം വീടുകളിൽ അമ്മമാരും ഭാര്യമാരും ഇങ്ങനെ തന്നെയല്ലേ..

പിന്നെ സിനിമയിൽ കാണുമ്പോൾ നെറ്റി ചുളിക്കാൻ എന്തിരിക്കുന്നു?!' അവർക്കുള്ള ഉത്തരം ഒന്നേ ഉള്ളൂ: അങ്ങനെ നായകനും നമ്മുടെ വീടുകളിൽ കാണുന്ന സാധാരണ ആണുങ്ങൾ ആയിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാകില്ലായിരുന്നല്ലോ. പുരുഷന്മാർ അസാധാരണക്കാരും സ്ത്രീകൾ അത്യന്തം സാധാരണക്കാരുമായ ചിത്രങ്ങളിൽ എവിടെയാണ് തുല്യനീതി?

ഒരു മാറ്റം എങ്ങനെ വരുത്താം?

സ്ത്രീകളുടെ ജീവിതയാഥാർഥ്യങ്ങളെ സ്‌ക്രീനിൽ കാണിക്കുന്നത് തീർച്ചയായും പുരോഗമനപരമായ സമീപനം തന്നെയാണ്. അത് പോലും ഇല്ലാത്ത കാലത്തുനിന്ന് മലയാളസിനിമ വളർന്നു എന്ന് അടയാളപ്പെടുത്താൻ അവ ധാരാളം. 'ഹോം' സിനിമയിൽ സ്വന്തം അച്ഛന്റെ മൂത്രം തുടയ്ക്കാൻ ഭാര്യയെ ആശ്രയിക്കാതെ ഒലിവർ ട്വിസ്റ്റ് അങ്ങനെ ഒരു മാറ്റം വലിയ ഒച്ചപ്പാടുകളില്ലാതെ തന്നെ നടത്തി എന്നത് ശ്രദ്ധേയവുമാണ്.

പക്ഷെ സ്ക്രീനിലെ ജീവൻ തുടിക്കുന്ന സ്ത്രീകഥാപാത്രങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നത് എപ്പോഴാണ്? കഥാവസാനം അവരുടെ സന്തോഷം അവർക്ക് ചുറ്റുമുള്ള പുരുഷകഥാപാത്രങ്ങളിലേക്ക് ഒതുങ്ങുമ്പോൾ. ഹോമിൽ കുട്ടിയമ്മയ്ക്ക് സംഭവിച്ചതും അതാണ്. ആ കാഴ്ചപ്പാടിൽ, കുട്ടിയമ്മയുടെ എഴുതപ്പെടാത്ത പോയ ജീവിതകഥയുടെ നേർക്കാഴ്ച കൂടിയാണ് ഹോം. അവസാനമെങ്കിലും, ഒരൊറ്റ സംഭാഷണശകാലത്തിലൂടെയെങ്കിലും, അവരുടെ ഭാഗം പറയപ്പെട്ടാൽ തന്നെയേ സിനിമയിൽ രാഷ്ട്രീയ ശരി പൂർണമാകുകയുള്ളൂ.

പ്രതീക്ഷാവഹമായ മാറ്റങ്ങൾ

പ്രഖ്യാപനങ്ങളോ വിളംബരങ്ങളോ ഇല്ലാതെ സ്ത്രീകൾക്ക് സ്‌ക്രീനിൽ തുല്യനീതി ഉറപ്പുവരുത്തിയ ചില ചിത്രങ്ങൾ അടുത്തിടെ മലയാളത്തിൽ പിറക്കുകയുണ്ടായി. ബിജു മേനോൻ, പാർവതി, ശറഫുദ്ദീൻ തുടങ്ങിയവർ അഭിനയിച്ച 'ആർക്കറിയാം' അതിൽ ശ്രദ്ധേയമായ ഒന്നാണ്. സ്ത്രീപുരുഷബന്ധങ്ങൾ എങ്ങനെ അധികാരത്തിന്റെ കടന്നുകയറ്റം ഇല്ലാതെ പരസ്പര പൂരകമാകാം എന്ന് ചിത്രം കാട്ടിത്തരുന്നു. എങ്കിലും ഇക്കാലത്തും സർവംസഹയായ അമ്മയ്ക്കും ടോക്സിക് നായകനെ സഹിക്കുന്ന കാമുകിമാർക്കും മാർക്കറ്റ് ഉണ്ടെന്നത് തീർത്തും നിരാശാജനകമാണ്.