Feb 23 • 8M

മധുരം അതിമധുരം; പക്ഷെ ഇടയ്ക്കുള്ള ചവർപ്പ് കാണാതെ പോകരുത്!

ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ എന്നിവർ നായികാ നായകന്മാരായ മധുരം എന്ന ചിത്രത്തിന്റെ സ്ത്രീപക്ഷ വായന

Anagha Jayan E
Comment
Share
 
1.0×
0:00
-8:22
Open in playerListen on);
Episode details
Comments

അഹമ്മദ് കബീർ എഴുതി സംവിധാനം ചെയ്ത് ജോജു ജോർജ്ജ് നായകൻ ആയ 'മധുരം' മലയാളികൾക്ക് പ്രണയത്തിന്റെ പുത്തൻ അനുഭവം ആണ് സമ്മാനിക്കുന്നത്. ഇന്ദ്രൻസ്, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ജാഫർ ഇടുക്കി തുടങ്ങി മികച്ച അഭിനേതാക്കളുടെ ഒരു നീണ്ട നിര തന്നെ ഒന്നിച്ച ചിത്രം, എറണാകുളം ജനറൽ ആശുപത്രിയുടെ പശ്ചാത്തലത്തിൽ മനുഷ്യ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അതിതീവ്രം ആയ ആവിഷ്കാരം ആണ് ഒരുക്കിയിരിക്കുന്നത്.

നായകൻ സാബുവിന് ചിത്രയോടുള്ള പ്രണയം കണ്ട് കണ്ണ് നിറഞ്ഞ പ്രേക്ഷകർ ഒന്നും നോക്കാതെ വിധി എഴുതി: മറക്കുന്നത് വരെ പ്രണയിക്കുന്നത് അല്ല, മരിക്കുന്നത് വരെ പ്രണയിക്കുന്നത് ആണ് യഥാർത്ഥ പ്രണയം.

ഇതെല്ലാം നില നിൽക്കുമ്പോഴും ചിത്രം കാണികളോടും കഥാപാത്രങ്ങളോടും സിനിമയോട് മൊത്തത്തിലും നീതി പുലർത്തിയിട്ടുണ്ടോ എന്ന് വിലയിരുത്താൻ ചില വിശകലനങ്ങൾ കൂടിയേ തീരൂ.

ചിത്ര എങ്ങനെയാണ് കിടപ്പിലായത്?

ഉത്തരം ലളിതം ആണ്, സാബുവിന്റെ അശ്രദ്ധ കൊണ്ട്. അടുക്കള ഭാഗത്ത് 'ഒന്ന് വെറുതേ തെന്നി വീണ' ചിത്രയെ നടത്തിക്കൊണ്ട് ആണ് സാബു ആശുപത്രിയിൽ എത്തിക്കുന്നത്. പിന്നീട് സ്കാനിങ്ങിനും എക്സ്-റേ എടുക്കാനും എല്ലാം ദമ്പതിമാർ ഒന്നിച്ച് നടന്നാണ് പോയിട്ടുള്ളത്. അതിന് ശേഷം ആണ് ചിത്ര നടക്കാനും മിണ്ടാനും കഴിയാത്ത വിധത്തിൽ കിടപ്പിൽ ആകുന്നതും. ഹൈസ്‌കൂൾ തലത്തിൽ 'ഫസ്റ്റ് എയ്ഡ്' കൊടുക്കാൻ പഠിക്കുമ്പോൾ മുതൽ കേട്ടിട്ടുള്ള അടിസ്ഥാന കാര്യമാണ്, നടു തല്ലി വീണ ഒരാളെ പരന്ന പ്രതലത്തിൽ നേരെ കിടത്തി മാത്രമേ ആശുപത്രിയിൽ എത്തിക്കാവൂ എന്ന്.

ചിത്രയ്ക്ക് സ്‌പൈനൽ ഇഞ്ചുറി സംഭവിച്ചു. സാബു ഇതൊന്നും അറിയാതെ ഭാര്യയെ നടത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ചിത്രം കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകരോട് സംവിധായകന് കാണിക്കാവുന്ന ബേസിക്ക് ആയ എത്തിക്സ് ആണ് എന്തുകൊണ്ട് ചിത്രയ്ക്ക് ഈ ഗതി വന്നു എന്നത് ഒരു വാരിയിലൂടെ എങ്കിലും പറഞ്ഞ് വയ്ക്കുക എന്നത്

സ്‌പൈനൽ ഇഞ്ചുറി പറ്റി തളർന്ന് പോയ പല മനുഷ്യർക്കും പരുക്കിനേക്കാൾ ദോഷം ചെയ്തിട്ടുണ്ടാകുക ചികിത്സ വൈകിയതും ട്രാൻസ്പോർട്ടേഷനിലെ പാളിച്ചയും ആയിരിക്കും. അപകടം പറ്റിയ വ്യക്തിയെ ഉടനെ ആശുപത്രിയിൽ എത്തിക്കാനുള്ള തത്രപ്പാടിൽ പലപ്പോഴും അവരെ എടുത്തും തിരുത്തിയും ഓട്ടോറിക്ഷയിൽ കയറ്റിയും എല്ലാം ചുറ്റും നിൽക്കുന്നവർ ആശുപത്രിയിലേക്ക് ഓടും. ഈ ഘട്ടത്തിൽ ആണ് സ്‌പൈനൽ ഇഞ്ചുറി പറ്റിയതിനേക്കാൾ മോശം ആകുന്നത്.

ശരി, ചിത്രയ്ക്ക് സ്‌പൈനൽ ഇഞ്ചുറി സംഭവിച്ചു. സാബു ഇതൊന്നും അറിയാതെ ഭാര്യയെ നടത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ചിത്രം കണ്ട് കൊണ്ടിരിക്കുന്ന പ്രേക്ഷകരോട് സംവിധായകന് കാണിക്കാവുന്ന ബേസിക്ക് ആയ എത്തിക്സ് ആണ് എന്തുകൊണ്ട് ചിത്രയ്ക്ക് ഈ ഗതി വന്നു എന്നത് ഒരു വാരിയിലൂടെ എങ്കിലും പറഞ്ഞ് വയ്ക്കുക എന്നത്. ഡോക്ടർ രാജാ എന്ന കഥാപാത്രത്തിന് അത് ചെയ്യാവുന്നതും ആയിരുന്നു. സിനിമ കഴിയുമ്പോഴും സാബുവിന് സംഭവിച്ച വലിയ അബദ്ധം കാണികൾ മനസ്സിലാക്കുന്നില്ല എന്നത് തീർത്തും നിർഭാഗ്യകരം ആണ്.

ചെറി ഇതിലും മികച്ച ജീവിതം അർഹിക്കുന്നു

ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന സാബു ആണ് ചിത്രത്തിലെ നായകൻ. ശരിക്കും കേട്ടാൽ അറയ്ക്കേണ്ട, ഹാലിളകേണ്ട ഒരു വാക്ക് ആണോ ഡിവോഴ്സ്? ആത്മാഭിമാനത്തിന് വില കൊടുക്കുന്ന വയ്ക്തിയുടെ ഏറ്റവും മികച്ച സെല്ഫ് കെയർ മെക്കാനിസം ആണ് ഡിവോഴ്സ്.

എന്ത് വിട്ടുവീഴ്ച ചെയ്തും ബന്ധങ്ങൾ നില നിർത്തുക എന്നത് ഒട്ടും ആശാസ്യം ആയ രീതിയല്ല. ഒത്ത് പോകാൻ സാധിക്കാത്തവർക്ക് വേണ്ടി വ്യക്തിത്വം പണയം വച്ച് മനുഷ്യർ കഷ്ടപ്പെടുന്ന കാഴ്ചയേക്കാൾ സങ്കടകരം മറ്റൊന്നല്ല. അതിന് ഉത്തമ ഉദാഹരണം ആണ് നിഖില വിമൽ അവതരിപ്പിച്ച ചെറി എന്ന കഥാപാത്രം. ഒട്ടും യോജിച്ച് പോകാത്ത മനുഷ്യർക്ക് വേണ്ടി താത്പര്യമില്ലാത്ത കാര്യങ്ങൾ ചെയ്ത് ബന്ധം നിലനിർത്താൻ ശ്രമിക്കുന്ന ചെറി ഉത്തമ ഭാര്യ ആയിട്ടാണ് ചിത്രത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഒന്നിച്ച് ഇരുന്നുള്ള സംഭാഷണത്തിൽ സാബു കെവിനോട് പറയുന്നുമുണ്ട്: 'അവൾ നല്ല കുട്ടിയല്ലേ..' എന്ന്. അതേ സാബുവിനോട് ആണ് ചെറി പിന്നീട് പറയുന്നത് 'എനിക്ക് കുക്കിങ് തീരെ താത്പര്യം ഇല്ല, അമ്മയെ ഇമ്പ്രസ് ചെയ്യാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്ത് കൂട്ടുന്നത്' എന്ന്. ജീവിതത്തിൽ താൻ ഇഷ്ടപ്പെടുന്ന ക്രിയേറ്റിവ് ആയ ഇത്രയേറെ കാര്യങ്ങൾ ചെയ്യാവുന്ന ക്വാളിറ്റി ടൈം ആണ് ആ പെൺകുട്ടി അമ്മായിയമ്മയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെലവഴിക്കുന്നത് എന്നോർത്താൽ ഒരു കാര്യം മനസ്സിലാകും: ചെറി ഇതിലും നല്ലൊരു ജീവിതം അർഹിക്കുന്നുണ്ട്.

രവി വെഡ്സ് സുലേഖ - കാണാമറയത്തെ സൗന്ദര്യം

'കണ്ടത് മധുരം; കാണാത്തത് അതിമധുരം' എന്നാണല്ലോ. ഒരേ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടുന്ന മൂന്ന് ദമ്പതിമാരിൽ ഒന്നിനെ മാത്രം പാതി വഴിയിൽ ഉപേക്ഷിച്ചത് പ്രേക്ഷകർക്ക് ചില്ലറ സങ്കടം ഉണ്ടാക്കി എന്ന് പറയാതെ വയ്യ. ഇന്ദ്രൻസിന്റെ ഇതുവരെ കാണാത്ത പ്രണയ ഭാവം മനോഹരം ആയി ഒപ്പിയെടുത്തു എങ്കിലും അതിന് പാത്രം ആയ സുലേഖയെ ഒരു നോക്ക് കാണാൻ പോലും പ്രേക്ഷകർക്ക് ഭാഗ്യം ലഭിച്ചില്ല. അതിൽ ഉപരി അവരുടെ ആരോഗ്യ വിവരം പോലും പ്രേക്ഷകർക്ക് അറിയാൻ ആയില്ല എന്നത് തീർത്തും സങ്കടകരം ആയിപ്പോയി. ഒരു കൂട്ടം മനുഷ്യരുടെ സിനിമ ആയി തുടങ്ങി ഏതാനും ഒന്നോ രണ്ടോ കഥാപാത്രങ്ങളിലേക്ക് ചുരുങ്ങുമ്പോൾ സംഭവിക്കുന്ന അപൂർണ്ണതയാണ് ഇവിടെ മുഴച്ച് നിൽക്കുന്നത്.

ഭക്ഷണം, ലിംഗം, രാഷ്ട്രീയം

ചിത്രത്തിൽ ഉടനീളം ഭക്ഷണത്തിന് ഉയർന്ന പ്രാധാന്യം നൽകി പോരുന്നുണ്ട്. 'എല്ലാ ദിവസവും ചിക്കൻ ബിരിയാണി കഴിക്കാൻ ഹോട്ടലിൽ എത്തുന്ന ശുദ്ധ വെജിറ്റേറിയൻ പെൺകുട്ടി' എന്ന അതിശയോക്തി അവിടെ നിൽക്കട്ടെ, ഭക്ഷണത്തിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന വികാരങ്ങളും പ്രണയവും ചിത്രത്തിൽ കാണാം. സാബു ചിത്രയ്ക്ക് തന്റെ ഹൃദയം കൈമാറുന്നത് ഭക്ഷണത്തിലൂടെ, ചെറി തന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മനസ്സ് കീഴടക്കാൻ നോക്കുന്നത് ഭക്ഷണത്തിലൂടെ, കുഞ്ഞിക്ക നാട്ടുകാരെ മുഴുവൻ സന്തോഷമായി ഇരുത്തുന്നത് ഭക്ഷണത്തിലൂടെ.. എല്ലാം നല്ലത് തന്നെ, അതിൽ ജൻഡർ റോൾസ് കലരാത്തിടത്തോളം മാത്രം.

ചിത്രയ്ക്ക് വേണ്ടി വീട്ടുജോലികൾ മുഴുവൻ ചെയ്ത് കുടുംബസ്ഥൻ ആകാൻ സാബു ഒരുക്കം ആണ് എന്ന് പറയുന്ന അതേ ചിത്രത്തിൽ ആണ് വീട്ടുജോലിയും ഓഫീസ് ജോലിയും എല്ലാം ഒരുമിച്ച് ചെയ്ത് വീട്ടുകാരെ കൈയിൽ എടുക്കാൻ ശ്രമിക്കുന്നത് ന്യായീകരിക്കപ്പെടുന്നത്. അതും അമ്മയ്ക്ക് ഇഷ്ടം ഇല്ലാത്തത് കൊണ്ട് ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഭർത്താവിന് വേണ്ടി! പാചകത്തിലൂടെ പ്രണയവും സ്‌ട്രെസ് റിലീഫും സന്തോഷവും കണ്ടെത്തുന്നത് ന്യായം, അത് ഉത്തരവാദിത്വം ആകുന്നത് ശുദ്ധ അന്യായമാണ്.

ഫുഡ് ഷെയ്മിങ് എന്ന കൺസെപ്റ്റ് കേരളത്തിൽ പലർക്കും പരിചിതം അല്ല. ചിലർ തുടർന്ന് പോരുന്ന ഭക്ഷണരീതിയെ, തത്വശാസ്ത്രത്തെ, ശീലത്തെ അടച്ച് ആക്ഷേപിക്കുന്ന തീർത്തും മോശം ആയ പ്രവണത ആണ് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരോട് 'ജീവികളെ കൊന്ന് തിന്നാൻ മനസ്സാക്ഷിക്കുത്ത് ഇല്ലേ' എന്ന് ചോദിക്കുന്നത് പോലെ തന്നെ അനീതി ആണ് വെജിറ്റേറിയൻ മനുഷ്യരോട് നിങ്ങൾ കഴിക്കുന്നത് ഭക്ഷണം തന്നെ ആണോ എന്ന് ആക്ഷേപിക്കുന്നതും.

പക്ഷെ രണ്ടാമത് പറഞ്ഞത് നമ്മുടെ സമൂഹത്തിൽ അല്പം പോപ്പുലർ ആണ്. അതിൽ നിന്ന് ഉടലെടുത്തത് ആണ് 'വെജ് ബിരിയാണി ബിരിയാണി അല്ല, പുലാവ് മാത്രമാണ്' എന്ന പരിഹാസവും. ഏത് ഭക്ഷണത്തിന്റെയും ക്രോസ് കുസീൻ വകഭേദങ്ങൾ മാനിക്കപ്പെടുന്ന ലോകത്താണ് ആരും തിരിച്ചറിയപ്പെടാതെ ഫുഡ് ഷെയ്മിങ് മുഖ്യധാരാ മാധ്യമത്തിൽ പോലും നടന്ന് പോരുന്നത്.

മധുരം ജീവിതം

ഇതൊക്കെ ആയിരുന്നാലും ഒരുപിടി പച്ചയായ ജീവിതങ്ങൾ വെള്ളിത്തിരയിൽ ഒപ്പി എടുക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കൂട്ടം ജീവിതങ്ങളെ തികഞ്ഞ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിച്ചിട്ടും ഉണ്ട്. എല്ലാ വ്യക്തിബന്ധങ്ങൾക്കും അതീതമായി സ്നേഹം എന്ന വികാരത്തിന്റെ അധീശത്വം കൃത്യമായി സ്ഥാപിച്ചിട്ടുണ്ട്. ചിത്രം കണ്ട് കഴിയുമ്പോൾ ഓരോ കാണിയും തന്റെ വരങ്ങൾ എണ്ണി തിട്ടപ്പെടുത്തി പ്രപഞ്ചത്തോട് നന്ദി പറയുകയും ചെയ്യും. മധുരം നൽകുന്ന സന്ദേശത്തിൽ ഒരൊറ്റ തിരുത്ത് മാത്രമേ ആവശ്യം ഉള്ളൂ: 'ജീവിതാവസാനം വരെ നീണ്ട് നിൽക്കുന്നത് മാത്രം അല്ല പ്രണയം. മരണം വരെ എന്തും സഹിച്ച് പേറേണ്ടത് അല്ല ബന്ധങ്ങൾ. വിവാഹ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടത് സ്ത്രീയുടെ കടമ അല്ല.

മധുരം നൽകുന്ന സന്ദേശത്തിൽ ഒരൊറ്റ തിരുത്ത് മാത്രമേ ആവശ്യം ഉള്ളൂ: 'ജീവിതാവസാനം വരെ നീണ്ട് നിൽക്കുന്നത് മാത്രം അല്ല പ്രണയം. മരണം വരെ എന്തും സഹിച്ച് പേറേണ്ടത് അല്ല ബന്ധങ്ങൾ. വിവാഹ ജീവിതത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ടത് സ്ത്രീയുടെ കടമ അല്ല

പാചകം എല്ലാവരുടെയും ഹൃദയത്തിലേക്ക് ഉള്ള വഴിയും അല്ല. മനുഷ്യർക്ക് വലുത് സന്തോഷം തന്നെയാണ്. സന്തോഷം നൽകുന്ന ബന്ധങ്ങൾ മാത്രമേ മുന്നോട്ട് കൊണ്ട് പോകേണ്ടത് ഉള്ളൂ. ആത്യന്തികം ആയി ജീവിതത്തിൽ വേണ്ടത് തൃപ്തിയും സമാധാനവും മാത്രം ആണ്. ചുറ്റും ഒരുപാട് ബന്ധങ്ങൾ ഉണ്ടാകുന്നതും അവയെല്ലാം നില നിർത്തുന്നതും അല്ല ജീവിത വിജയം, മറിച്ച് ഒന്നോ രണ്ടോ ബന്ധങ്ങളെ ഉള്ളൂ എങ്കിലും അവ സന്തോഷകരവും തൃപ്തി ദായകവും ആയിരിക്കുക എന്നതാണ്.

വിട്ടുവീഴ്ചകൾ നടത്തി കുടുംബ ബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകണം എന്ന ക്ലിഷേ ആശയത്തിൽ നിന്നും മലയാളം സിനിമ ഏറെ ദൂരം മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.