Jan 7 • 9M

ജീവൻ എടുത്ത്, രക്തം വീഴ്ത്തി, തഴച്ച് വളരുന്ന 'കുടുംബ മഹിമ'

ആരാണ് പ്രണയത്തിന്റെയും വിവാഹത്തിന്റെയും അതോറിറ്റി? രണ്ട് പേര് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ അതിന് ആരുടെ അംഗീകാരം ആണ് വേണ്ടത്?

4
 
1.0×
0:00
-8:46
Open in playerListen on);
Episode details
Comments

പ്രണയം, വിവാഹം - ഇവ രണ്ടിനോളം വലിയ വിവാദങ്ങൾ സമൂഹത്തിൽ ഉണ്ടായിട്ടില്ല തന്നെ! ജാതി, മതം, കുടുംബ വ്യവസ്ഥ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ നില നിൽക്കുന്നതും തകരുന്നതും മനുഷ്യ ജീവിതത്തിൽ ആഴത്തിൽ ഉള്ള രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതും എല്ലാം ഈ രണ്ട് പ്രസ്ഥാനങ്ങളെ ആശ്രയിച്ചു കൊണ്ടാണ്.

രണ്ട് മനുഷ്യർ പരസ്പരം ഇഷ്ടപ്പെടുക, ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുക, ആ തീരുമാനം പ്രാവർത്തികം ആക്കുക - ഇത്ര ലളിതം ആയ ഒരു സങ്കല്പത്തിൽ നിന്ന് നിരവധി ജീവിതങ്ങളും ജീവനുകൾ തന്നെയും ഇറുത്ത് വീഴ്ത്താൻ പാകത്തിൽ ഉള്ള വിനാശകാരികൾ ആയി പ്രണയത്തെയും വിവാഹത്തെയും മാറ്റി എടുത്തത് ആരാണ്?

ജീവൻ എടുക്കുന്ന ദുരഭിമാനം

കേരളത്തിന്റെ ആരോഗ്യമന്ത്രി ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം 2021 ആഗസ്ത് വരെയുള്ള ഒരു വർഷം കേരളത്തിൽ പ്രണയം, വിവാഹം എന്നിവയെ തുടർന്ന് മരണപ്പെട്ടത് 350 സ്ത്രീകൾ ആണ് എന്നാണ്. ഇതിൽ 340 പേർ ആത്മഹത്യ ചെയ്തവരും ബാക്കി 10 പേര് കൊല്ലപ്പെട്ടവരും ആണ്. 2019-ൽ ആകട്ടെ, 98 സ്ത്രീകൾ ആണ് ഇതേ കാരണങ്ങൾ കൊണ്ട് മരണപ്പെട്ടത്.

96 ആത്മഹത്യകളും 2 കൊലപാതകങ്ങളും. 2018-ൽ ഈ കണക്ക് 76 ആണ്. 2017-ൽ 83-ഉം. പ്രബുദ്ധ കേരളത്തിൽ ഓരോ വർഷവും പ്രണയത്തിന്റെയും വിവാഹത്തിന്റെയും പേരിൽ ജീവൻ വെടിയുന്നു സ്ത്രീകളുടെ എണ്ണം ഇരട്ടിയോളം ആയി വർദ്ധിക്കുന്നു എന്നത് തീർത്തും ആശങ്കാ ജനകം ആയ വസ്തുത ആണ്.

പ്രണയത്തിന്റെ കസ്റ്റോഡിയൻ

ആരാണ് പ്രണയത്തിന്റെയും വിവാഹത്തിന്റെയും അതോറിറ്റി? രണ്ട് പേര് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ അതിന് ആരുടെ അംഗീകാരം ആണ് വേണ്ടത്? 'നിയമത്തിന്റെ' എന്നാണു ഉത്തരം എങ്കിൽ അത് ഈ നാട്ടിൽ സുലഭം ആണ്. പ്രായപൂർത്തി ആയ രണ്ട് വ്യക്തികൾക്ക് വിവാഹ ജീവിതം നയിക്കാൻ നിയമം ഒരു തടസ്സമേ അല്ല. പിന്നെ സമൂഹം ആണോ? ആരാണ് സമൂഹത്തിന്റെ അംഗീകാരം നിശ്ചയിക്കുന്നത്? അത് കുടുംബം ആണ്.

എത്ര തന്നെ ഗാഢം ആയി രണ്ട് പേര് പ്രണയിച്ചാലും, നിയമം എത്ര തന്നെ അവർക്ക് ഒത്താശ ചെയ്താലും അവരുടെ കുടുംബങ്ങൾ അംഗീകരിക്കാത്തിടത്തോളം കാലം അവരുടെ വിവാഹം പരാജയം ആയെ ഈ സമൂഹം കാണുകയുള്ളൂ എന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞർ പറയുന്നത്. കാരണം സമൂഹത്തിന്റെ അടിസ്ഥാനം ഇന്നും കുടുംബം തന്നെയാണ്. നമ്മുടെ നാട്ടിൽ നില നിൽക്കുന്ന പുരുഷാധിപത്യ വ്യവസ്ഥിതി, കുടുംബം എന്ന സങ്കൽപം തന്നെ സ്ത്രീകൾക്ക് നരകം ആക്കി മാറ്റുകയും ചെയ്യുന്നു.

കനേഡിയൻ സർക്കാരിന്റെ ഔദോഗിക പഠന റിപ്പോർട്ട് പ്രകാരം പാട്രിയാർക്കി നില നിൽക്കുന്ന സമൂഹങ്ങളിൽ ആണ് ദുരഭിമാന അതിക്രമങ്ങളും കൂടുതൽ അരങ്ങേറുന്നത്. സ്ത്രീയെ സ്വന്തം ആയി വികാരങ്ങളും തീരുമാനങ്ങളും ഉള്ള ഒരു വ്യക്തി എന്നതിൽ കുറഞ്ഞ്, തങ്ങളുടെ കുടുംബം നില നിർത്താൻ കുട്ടികളെ പെറ്റ് പോറ്റേണ്ട യന്ത്രം ആയി മാത്രം കാണുകയാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ജാതി, മതം എന്നിവ നില നിൽക്കുന്നത് തന്നെ വിവാത്തിന്റെ പുറത്ത് ആണ്.

അതുകൊണ്ട് തന്നെ സ്ത്രീകളെ ഇതര വിഭാഗങ്ങൾ ആകര്ഷിക്കാതിരിക്കുക എന്നത് അവരുടെ ആവശ്യവും ആണ്. അന്യ ജാതിയിൽ ഉള്പെട്ട ഒരാളുമായി ഒരു സ്ത്രീ പ്രണയത്തിൽ ആകുമ്പോൾ, അവളെ അതിൽ നിന്ന് തടയുക വഴി അവളുടെ കുടുംബാംഗങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് ഭാവിയിൽ അവളെ സ്വജാതിയിൽ പെട്ട ഒരാളുമായി വിവാഹം ചെയ്യിക്കാനുള്ള സാധ്യത, അത് വഴി തങ്ങളുടെ കുടുംബ പാരമ്പര്യം, ഉപജാതി, ജാതി, മതം, സാമൂഹ്യ വിഭാഗം എന്നിവ സംരക്ഷിക്കുക എന്നതാണ് എന്നർത്ഥം.

അപ്പോൾ, ലോകോത്തര തലത്തിൽ നമ്മൾ ഉറക്കെ ഊറ്റം കൊള്ളുന്ന ഈ കുടുംബ വ്യവസ്ഥിതിയും ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതിയും തന്നെയാണ് ഇതര ജാതി / ഇതര മത വിവാഹങ്ങളിൽ നിന്നും ജനങ്ങളെ പിന്നോട്ട് വലിക്കുന്നത്.

പ്രണയം കൊണ്ട് മൊട്ടിടുന്ന ബന്ധങ്ങളെ ബ്ലാക്ക്‌മെയിലിങ് കൊണ്ടും ദേഹോപദ്രവം കൊണ്ടും ആക്രമണങ്ങൾ കൊണ്ടും കൊലപാതകങ്ങൾ കൊണ്ടും അറുത്ത് മാറ്റിക്കൊണ്ടാണ് ഈ പറഞ്ഞ വ്യവസ്ഥിതികൾ എല്ലാം ഇത്ര കാലവും നിലനിന്നത്. ഇനി ചിന്തിക്കേണ്ടത് നമ്മൾ ആണ്, കുടുംബ മഹിമ നിലനിർത്തേണ്ടത് സ്നേഹം കൊണ്ടോ അതോ ദുരഭിമാനം കൊണ്ടോ? ദുരഭിമാനത്തിൽ എന്താണ് മഹിമ?!

ഈ ചോദ്യം മാതാപിതാക്കളോട് ആണ്

സ്വന്തം മക്കളുടെ കാര്യത്തിൽ എന്താണ് മാതാപിതാക്കൾക്ക് അഭിമാനം? തങ്ങൾ ലോകോത്തര നിലവാരത്തിൽ ഉള്ള വിദ്യാഭ്യാസം നൽകി, ഉയർന്ന ഉദ്യോഗം ഉറപ്പ് വരുത്തി വളർത്തുന്ന നാളത്തെ തലമുറ സ്വന്തം ജീവിത പങ്കാളി ആരാകണം എന്ന അടിസ്ഥാന വിഷയത്തിൽ പോലും തീരുമാനം എടുക്കാൻ പ്രാപ്തി ഇല്ലാത്ത വ്യക്തികൾ ആയിരിക്കുന്നത് ആണോ മാതാപിതാക്കൾക്ക് അഭിമാനം? എത്ര തന്നെ ഉയർന്ന ചിന്താഗതി കൈവരിച്ചാലും സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനങ്ങൾ എടുക്കാൻ മാതാപിതാക്കളെ ആശ്രയിക്കുന്ന ഒരു തലമുറ ആണോ നിങ്ങളുടെ അഭിമാനം? ഈ ചോദ്യം മാതാപിതാക്കളോട് ആണ്.

വെട്ടും കുത്തും കൊല്ലും കൊലയും നടത്തി നില നിർത്തേണ്ടത് അല്ല സാമൂഹ്യ വ്യവസ്ഥിതി. അത് തനിയെ പരിണമിച്ച് വരേണ്ടതാണ്. ജനങ്ങളുടെ കൂട്ടായ താത്പര്യങ്ങളിൽ നിന്ന് ഉടലെടുക്കുന്നത് ആയിരിക്കണം സാമൂഹ്യസ്ഥിതി. അല്ലാതെ അത് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കേണ്ടത് അല്ല.

ബാങ്ക് ഉദ്യോഗസ്ഥ ആയ ലത സ്വന്തം മകളെ കുറിച്ച് പറയുന്നത് ഇങ്ങനെ: "മോള് നല്ലോണം പഠിച്ചിരുന്നു. മെറിറ്റിൽ ആണ് പിജി വരെ പഠിച്ചത്. അതിന് ശേഷം കുറച്ച് നാൾ വീട്ടിൽ ഇരുന്ന് പ്രിപ്പെയർ ചെയ്ത് നല്ല ജോലിയും നേടി. പക്ഷെ കൂടെ പഠിച്ച ഒരു ചെറുക്കനുമായി പ്രേമം. ഞങ്ങളുടെ ജാതി പോലും അല്ല. അത്ര നാൾ മോളെ കുറിച്ച് അഭിമാനത്തോടെ അല്ലാതെ ഞങ്ങൾ സംസാരിച്ചിട്ടില്ല. വീട്ടിലെ അന്തരീക്ഷം തന്നെ മാറി.

അങ്ങനെ അവൾ അവനെ തന്നെ വിവാഹവും കഴിച്ചു. ഇപ്പോൾ നാട്ടുകാർ ഓരോന്ന് ചോദിക്കുമ്പോൾ ഞങ്ങൾ തല കുനിക്കുകയാണ്. കല്യാണം കഴിഞ്ഞ ശേഷം പല തവണ അവൾ വിളിച്ചെങ്കിലും ഞങ്ങൾ ആരും സംസാരിക്കാൻ തയ്യാർ ആയില്ല. ഇനി അങ്ങനെ ഒരു മോള് ഞങ്ങൾക്ക് ഇല്ല. പഠിച്ചത് കൊണ്ട് മാത്രം കാര്യം ഉണ്ടോ, കുടുംബ സ്നേഹം വേണ്ടേ..?!"

ഈ അനുഭവത്തെ വെറുതെ ഒന്ന് അപഗ്രഥിക്കാം. നല്ലവണ്ണം പഠിക്കുന്ന, തങ്ങളുടെ അഭിമാനം ഉയർത്തി പിടിക്കുന്ന, തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം ജീവിക്കുന്ന മകളെ ആയിരുന്നു ലതയ്ക്കും കുടുംബത്തിനും ആവശ്യം. വിവാഹം കഴിക്കുന്നത് വരെ ആ കുട്ടി അതെല്ലാം സംരക്ഷിക്കുകയും ചെയ്തു. എന്നാൽ താൻ ആർജിച്ച വിദ്യാഭ്യാസത്തിനും ലോക പരിചയത്തിനും ഉതകുന്ന വിധം സ്വയം ഒരു ജീവിത പങ്കാളിയെ കണ്ട് പിടിച്ചപ്പോൾ ഇതേ കുടുംബത്തിന് അവളോട് ഉള്ള സ്നേഹം നഷ്ടപ്പെട്ടു.

അത്ര നാൾ അഭിമാനം ആയിരുന്ന കുട്ടി ഒരു സുപ്രഭാതത്തിൽ അപമാനം ആയി. വിവാഹ ശേഷം അവൾ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കുടുംബം തയ്യാർ ആകുന്നില്ല എന്ന് മാത്രമല്ല, മകൾക്ക് കുടുംബ സ്നേഹം ഇല്ല എന്ന് വിലപിക്കുകയും ചെയ്യുന്നു. ശരിക്കും ആർക്കാണ് സ്നേഹം ഇല്ലാത്തത്? അത് മാതാപിതാക്കൾക്ക് തന്നെയാണ്. തങ്ങളുടെ കുട്ടിയെ തങ്ങളിൽ നിന്ന് വ്യത്യസ്ത ആയ ഒരു വ്യക്തി എന്ന നിലയിൽ കാണാൻ സാധിക്കാത്തത് കൊണ്ടാണ് അവളുടെ ഇഷ്ടങ്ങളും തീരുമാനങ്ങളും ബഹുമാനിക്കാനും കഴിയാത്തത്.

ദുരഭിമാനത്തിന്റെ മനശ്ശാസ്ത്രം

ഓരോ കൊലയാളിയുടെയും അക്രമ കാരിയുടെയും വ്യക്തി ജീവിതം പഠിച്ച് അയാളുടെ അക്രമ വാസന അളക്കാം എന്നല്ലാതെ ദുരഭിമാന കൊലകൾക്ക് കൂട്ടായി ഒരു മനഃശാസ്ത്രം ഇല്ലെന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്. സ്ഥാപനങ്ങൾ സമൂഹത്തിന്റെയും സമൂഹം വ്യക്തികളുടെയും മനസ്സുകളിൽ ആഴത്തിൽ പതിപ്പിച്ച ചില ധാരണകൾ ആണ് അതിലേക്ക് നയിക്കുന്നത്.

ജാതി, മതം, പുരുഷാധിപത്യം, കുടുംബ വ്യവസ്ഥ തുടങ്ങിയവ എല്ലാം ആഴത്തിൽ വേരോടുന്ന ഒരു സമൂഹം തന്നെയാണ് ഇന്നും കേരളം. ദുരഭിമാനകൊല എന്ന് കേൾക്കുമ്പോൾ തന്നെ ഉത്തരേന്ത്യ എന്ന് ഓർത്ത് പറയുന്ന നാട്ടിൽ ഓരോ വർഷവും ഇതേ ദുരഭിമാനത്തിന്റെ പേരിൽ നടക്കുന്ന ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും പലതും റിപ്പോർട്ട് പോലും ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം.

സമഗ്രം ആയ മാറ്റം ഈ വിഷയത്തിൽ കൊണ്ട് വരാൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാത്രമേ സാധിക്കൂ. ഇനിയുള്ള തലമുറയിലെ രക്ഷിതാക്കൾ എങ്കിലും ലിംഗം, ലൈംഗികത, ജാതി, മതം, സാമൂഹ്യ വിഭാഗം എന്നീ രീതിയിൽ മനുഷ്യരെ തരം തിരിക്കാതെ മനുഷ്യ ബന്ധങ്ങൾക്ക് വില കൊടുത്ത് ജീവിക്കുന്ന ഒരു കാലത്തെ ഇതിന് ഒരു മാറ്റം ഉണ്ടാകൂ. ആ മാറ്റം കൊണ്ട് വരേണ്ടത് നമ്മൾ ഓരോരുത്തരും ആണ്.