Dec 24, 2021 • 9M

കോവിഡ് കാലവും ലോക്ക് ഡൗണും സ്ത്രീകളോട് ചെയ്തത് എന്താണ്?

പാചകവും കരകൗശല വസ്തുക്കളുടെ നിർമ്മാണവും പൂന്തോട്ട പരിപാലനവും ഒക്കെയായി മറക്കാൻ കഴിയാത്ത ദിനങ്ങൾ തന്നെയായിരുന്നു 2020-ലെ ആദ്യ ലോക്ക്ഡൗൺ. എന്നാൽ പിന്നീടോ?

Anagha Jayan E
Comment
Share
 
1.0×
0:00
-9:26
Open in playerListen on);
Episode details
Comments

ഉത്തരവാദിത്വം ഇരട്ടിയായി, വർക്ക് ഫ്രം ഹോം ആയതിന്റെ പേരിൽ വീട്ടിലെ എല്ലാക്കാര്യത്തിനും ഞാൻ മാത്രമായി ഓടേണ്ടി വന്നു. വീട്ടിൽ എല്ലാവരും ഒരുമിച്ചുണ്ടാകുക എന്ന സന്തോഷത്തേക്കാൾ ഏറെ, എല്ലാവരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്യാൻ 24 മണിക്കൂറും സ്ത്രീകൾ തയ്യാറായിരിക്കുക എന്നത് കൂടെയായിരുന്നു ലോക്ക് ഡൗണിന്റെ രണ്ടാം ഭാഗം പഠിപ്പിച്ചത്.

വീട്ടിലെ സമ്മർദ്ദം, കുഞ്ഞുങ്ങളുടെ ഓൺലൈൻ പഠനം, ജോലി ഇവ മൂന്നും ബാലൻസ് ചെയ്യാനാവാതെ ഇഷ്ടപ്പെട്ട പ്രൊഫഷനിൽ നിന്നും പടിയിറങ്ങേണ്ടി വന്നവർ നിരവധിയാണ്. എന്താണ് കോവിഡ് കാലവും ലോക്ക് ഡൗണും സ്ത്രീകളോട് ചെയ്തത്? നേർചിത്രം നോക്കാം....

ലോകമെമ്പാടും മനുഷ്യർ വീടുകൾക്ക് ഉള്ളിൽ അടച്ചിരിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളം ആകുന്നു. കോവിഡ് 19 എന്ന സൂക്ഷ്മ രാക്ഷസൻ ലോകത്തിന്റെ ഒഴുക്കിനെ തന്നെ മാറ്റി മറിച്ച് മുന്നോട്ട് കുതിക്കുകയാണ്. പ്രതിരോധ കുത്തിവെയ്പ്പും കർശനമായ പെരുമാറ്റച്ചട്ടങ്ങളും നിർബന്ധമാക്കി ലോകം വീണ്ടും അടച്ചിട്ട വാതിലുകൾ തുറക്കുമ്പോൾ പുറത്തിറങ്ങുന്നത് രണ്ട് വർഷം മുൻപുള്ള അതേ മനുഷ്യർ തന്നെയാണോ?

ഒരു സാമൂഹ്യ ജീവിയായ മനുഷ്യന് ഒരു വീട്ടകം പോലെ പരിമിതമായ ഒരു അന്തരീക്ഷത്തിൽ എത്ര നാൾ അടച്ചിരിക്കാൻ കഴിയും? മനുഷ്യരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വല്ലാതെ പിടിച്ച് ഉലച്ചിരിക്കുകയാണ് കോവിഡ് 19. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നമ്മൾ കോവിഡ് മരണങ്ങളോളം തന്നെ ആത്മഹത്യാ വാർത്തകളും കേട്ടിട്ടുണ്ട്.

കടക്കെണിയിൽ പെട്ട്, കോവിഡ് ബാധിച്ചാലോ എന്ന ഭയം കൊണ്ട്, കോവിഡ് രോഗിയായ ശേഷം വന്ന ഉത്കണ്ഠ കൊണ്ട്, വരുമാന മാർഗ്ഗം നിലച്ചത് കൊണ്ട്, നിരാശ കൊണ്ട്.. അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് സ്വയം ഇല്ലാതാക്കുന്ന മനുഷ്യർ! ഒന്ന് പറഞ്ഞ് തീർക്കാനോ കരഞ്ഞ് തീർക്കാനോ വിദഗ്ധ സഹായം തേടാനോ സാധിക്കാതെ അതി ദാരുണമായി മരണത്തെ വരുന്നവർ.

ഏത് പ്രതിസന്ധിയെയും പോലെ കോവിഡ് 19-ഉം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് സ്ത്രീകളെയും കുട്ടികളെയും തന്നെയാണ്. കുടുംബത്തിലെ പ്രശ്നങ്ങൾ കൊണ്ടും ചുറ്റും നടക്കുന്ന മരണങ്ങൾ കൊണ്ടും അനാഥത്വം കൊണ്ടും ഒറ്റപ്പെടൽ കൊണ്ടുമെല്ലാം കുട്ടികൾ കഷ്ടപ്പെടുമ്പോൾ, സ്ത്രീകൾ വിവരിക്കാൻ പോലും കഴിയാത്ത സങ്കീർണ്ണമായ മാനസികാവസ്ഥകളിലൂടെയാണ് കടന്ന് പോകുന്നത്. പല മേഖലകളിൽ നിന്നുള്ള മൂന്ന് സ്ത്രീകളുടെ ലോക്ക്-ഡൗൺ കാല അനുഭവങ്ങളിലൂടെ കോവിഡ് കാലം സ്ത്രീകളെ എങ്ങനെ ബാധിച്ചു എന്നത് നോക്കാം.. ഈ മൂന്ന് സ്ത്രീകളുടെ കഥ കോവിഡ് കാലത്തെ ബഹുഭൂരിപക്ഷം സ്ത്രീകളുടെയും പരിച്ഛേദമാണ്.

ആദ്യമെല്ലാം രസമായിരുന്നു; പിന്നെ..

സ്ഥിര വരുമാനം ഉള്ള കുടുംബങ്ങളിൽ കോവിഡ് ലോക്ക് ഡൗൺ തുടങ്ങിയത് അത്യന്തം ആഘോഷപൂർവ്വമായി തന്നെയാണ്. കാലങ്ങൾക്ക് ശേഷം മാസങ്ങളോളം വീടിനകത്ത് തന്നെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടുക എന്നത് മലയാളികൾ ഒരു സുവർണ്ണാവസരമായി തന്നെ കണ്ടു. പാചകവും കരകൗശല വസ്തുക്കളുടെ നിർമ്മാണവും പൂന്തോട്ട പരിപാലനവും ഒക്കെയായി മറക്കാൻ കഴിയാത്ത ദിനങ്ങൾ തന്നെയായിരുന്നു 2020-ലെ ആദ്യ ലോക്ക്ഡൗൺ. എന്നാൽ പിന്നീടോ?

സ്വകാര്യ സ്‌കൂളിൽ ഹിന്ദി ടീച്ചർ ആണ് 45-കാരിയായ ബിന്ദു. ഭർത്താവ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. ബിന്ദുവിന്റെ വാക്കുകൾ ഇങ്ങനെ: "ലോട്ടറി അടിച്ചത് പോലെയായിരുന്നു ആദ്യ ലോക്ക്ഡൗണിനെ വീട്ടിൽ എല്ലാവരും വരവേറ്റത്. ചക്കയും മാങ്ങയും പപ്പായയും എല്ലാം കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾക്ക് ഒരു കണക്കുമില്ല. വീട്ടിൽ ആദ്യമായി ഒരു പൂന്തോട്ടം ഉണ്ടാക്കി. എല്ലാവരും ഒന്നിച്ച് സംസാരിച്ച് ഇരിക്കാനും ഭക്ഷണം കഴിക്കാനും ടിവിയിൽ പഴയ സിനിമകൾ കാണാനും ഒക്കെ തുടങ്ങി.

ഒരിക്കലും മറക്കാത്ത ദിവസങ്ങൾ ആയിരുന്നു അത്. എന്നാൽ മാസങ്ങൾ കഴിഞ്ഞതോടെ എന്റെ അധ്വാനത്തിന് ഒരു അന്ത്യമില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി. കുട്ടികൾ പതിയെ ദിവസം മുഴുവൻ അവരുടെ മുറികളിലേക്ക് ഒതുങ്ങാൻ തുടങ്ങി. വെബ് സീരീസ് കാണലും ഗെയിമിങ്ങും എല്ലാമായി അവർ തിരക്കിലായി. ഭർത്താവ് സ്ഥിരം വീട്ടിൽ ഉള്ള കാരണം ഭക്ഷണം ഉണ്ടാക്കാൻ ഒരു ഊർജ്ജം ഉണ്ടായിരുന്നു. പക്ഷെ പതിയെ അടുക്കളയിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയായി.

പഴയ താളത്തിലേക്ക് പതിയെ വീഴാൻ തുടങ്ങിയപ്പോൾ മക്കൾ അടക്കം കളിയാക്കാൻ തുടങ്ങി: 'എന്തായിരുന്നു.. ചക്കക്കുരു ഷെയ്ക്ക്, മംഗോ കെയ്ക്ക്.. ഇപ്പോൾ വീണ്ടും കാലിച്ചായ ആയല്ലേ? പറ്റുന്ന പണിക്ക് പോയാൽ പോരെ അമ്മേ?' എന്റെ വീട്ടിൽ മാത്രമല്ല, സോഷ്യൽ മീഡിയയിൽ അടക്കം സ്ത്രീകളെ കുറിച്ച് അത്തരം ട്രോളുകൾ നിറഞ്ഞ് തുടങ്ങി. നമ്മൾ പിന്നെ അതെല്ലാം ചിരിച്ച് തള്ളി. അതാണല്ലോ ശീലം.

പക്ഷെ കാര്യങ്ങൾ കൈവിട്ടത് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയപ്പോൾ ആയിരുന്നു. ഒന്നാമത് ഇതുവരെ ചെയ്ത് ശീലമില്ലാത്ത പുതിയ മേഖല. കുട്ടികളെ പോലെ നമുക്ക് ഇത്തരം ടെക്നോളജികൾ എളുപ്പം വഴങ്ങുമോ?! കുട്ടികളുടെ ഉഴപ്പലും മാതാപിതാക്കളുടെ അശ്രദ്ധയും സഹിക്കാൻ പറ്റില്ല! അതിനൊപ്പം സ്‌കൂളിൽ നിന്നുള്ള സമ്മർദ്ദം വേറെ. സ്ഥിരം സ്‌കൂളിൽ പോയിരുന്നപ്പോൾ രാവിലെ 4 മണിക്ക് എഴുന്നേറ്റ് പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കി 8 മണിക്ക് സ്‌കൂൾ വണ്ടി പിടിച്ചിരുന്ന ആളാണ് ഞാൻ.

ഇന്നത് ഓർക്കാൻ കൂടി വയ്യ. നാഴികയ്ക്ക് നാല്പത് വട്ടം പല മുറികളിൽ നിന്ന് ചായക്കും മറ്റ് ആവശ്യങ്ങൾക്കുമായി നീട്ടിയുള്ള വിളികൾ ആണ് ഇന്ന് സ്‌കൂൾ മാനേജ്‌മെന്റിനേക്കാൾ എനിക്ക് സമ്മർദ്ദം തരുന്നത്. ഒരിക്കലും കഴിയാത്ത വീട്ടുജോലികൾ.രാത്രി വൈകിയാലും അടയ്ക്കാൻ കഴിയാതെ അടുക്കള.

എല്ലാവരും വീട്ടിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ കഴിപ്പൊക്കെ പല നേരത്തായി. എപ്പോഴും അലങ്കോലമായി കിടക്കുന്ന ഊണുമേശയും മറ്റും കണ്ടാൽ തന്നെ ദേഷ്യം വരും. ഒപ്പം തുടങ്ങി വച്ച പൂന്തോട്ടവും മറ്റ് ഹോബികളും. ചെടികൾ ഉണങ്ങി നിൽക്കുന്നത് കണ്ടാൽ 'അല്ലെങ്കിലും അവൾക്ക് തുടങ്ങി വയ്ക്കാൻ മാത്രമേ ഉത്സാഹം ഉള്ളൂ' എന്ന കുറ്റപ്പെടുത്തലാണ്."

ഇത് ഒരു ഒറ്റപ്പെട്ട അനുഭവം അല്ല, ലോക്ക്ഡൗൺ തുടങ്ങിയ ശേഷം സ്ത്രീകൾക്ക് ഏറ്റവും സമ്മർദ്ദം നൽകുന്ന ഇടങ്ങളായി നമ്മുടെ വീട്ടകങ്ങൾ പരിണമിച്ചിരിക്കുന്നു.

അതെന്താ സ്ത്രീകളുടെ ജോലി ജോലിയല്ലേ?

മുപ്പത്തിരണ്ട് കാരിയായ അഞ്ജുവും ഭർത്താവും ഐടി പ്രഫഷനുകൾ ആണ്. ലോക്ക് ഡൗൺ തുടങ്ങിയതോടെ ഇരുവർക്കും വർക്ക് ഫ്രം ഹോം തുടങ്ങി. ആദ്യമെല്ലാം ഗംഭീരമായ ടൈം മാനേജ്‌മെന്റ് ആയിരുന്നു. പിന്നെപ്പിന്നെ നടന്നത് അഞ്ജു തന്നെ പറയുന്നു:

"പതിയെ പതിയ ഷിഫ്റ്റുകൾ എല്ലാം റിലാക്സ് ആകാൻ തുടങ്ങി. ഓരോ ഡിപ്പാർട്ട്മെന്റും ചെയ്യുന്ന ജോലികൾ വൈകുന്നത് അനുസരിച്ച് നമുക്ക് ലോഗ് ഔട്ട് ചെയ്യാൻ സമയം കിട്ടാതെയായി. കൃത്യം സമയത്ത് ലോഗ് ഇൻ ചെയ്യണമെങ്കിലും ലോഗ് ഔട്ട് ചെയ്യാൻ അങ്ങനെ നിശ്ചിത സമയമില്ല. എന്റെ മാത്രമല്ല, ഏട്ടന്റെ ജോലിയും അങ്ങനെ തന്നെ. വീട്ടിൽ ഏട്ടന്റെ അമ്മയും അച്ഛനും ഉള്ളതുകൊണ്ട് ആദ്യമെല്ലാം കുഴപ്പമില്ലാതെ പോയി. പക്ഷെ രാത്രി ഏറെ വൈകിയുള്ള ജോലിയും രാവിലെ ഉറക്കച്ചടവും എല്ലാം ആയപ്പോൾ അടുക്കളയിലേക്കും കുഞ്ഞിന്റെ കാര്യങ്ങളിലേക്കും ഉള്ള എന്റെ ശ്രദ്ധ കുറഞ്ഞു. അത് പതിയെ പരാതികൾക്ക് വഴി തെളിച്ചു.

ഏട്ടൻ പറഞ്ഞു: 'നീ കൂടുതൽ ഒന്നും ചെയ്യണ്ട, സ്ഥിരമായി ചെയ്തിരുന്ന കാര്യങ്ങൾ എങ്കിലും ചെയ്യാൻ നോക്ക്.' ആദ്യമൊന്നും ഈ പറഞ്ഞതിലെ വേർതിരിവ് ഞാൻ മനസ്സിലാക്കിയില്ല. ഓഫീസിൽ പോയിരുന്നപ്പോൾ അതിരാവിലെ കഴിഞ്ഞിരുന്ന പാചക പരിപാടി ഉച്ച വരെ നീളാൻ തുടങ്ങി. ചോദ്യം ചെയ്‌താൽ അമ്മ പറയും: 'തിരക്കിട്ട് തീർക്കാൻ ആർക്കും ഓഫീസിൽ ഒന്നും പോകേണ്ടതില്ലല്ലോ. കഴിക്കാറാകുമ്പോഴേക്ക് പാകമായാൽ പോരെ..?' ഞാൻ ഓരോ മണിക്കൂർ ഇടവിട്ട് അടുക്കള സന്ദർശിക്കാൻ തുടങ്ങി.

എന്റെ ജോലിയിലെ ശ്രദ്ധ കുറഞ്ഞ് വന്നു. അതിനൊപ്പം ഞാൻ മുറിയിൽ ഉണ്ടെന്ന് മനസ്സിലായി തുടങ്ങിയ കുഞ്ഞ് ഇടയ്ക്കിടെ വാശിപിടിച്ച് ഓടിവരാൻ തുടങ്ങി. എന്റെ സമയനിഷ്ഠയില്ലാത്ത ജോലി കണ്ട് അമ്മ അയൽക്കാരോട് ഇങ്ങനെ പറഞ്ഞു: 'കുഞ്ഞിന് പിന്നെ ഇടക്കെങ്കിലും അതിന്റെ അമ്മയെ കാണണ്ടേ.. അതിനെ പറഞ്ഞിട്ട് കാര്യമുണ്ടോ?' കാണുമ്പോഴെല്ലാം കുഞ്ഞിനെ ആട്ടിയോടിക്കുന്നതിന്റെ സങ്കടം ഒരു വശത്ത്.

അമ്മയുടെ കുറ്റപ്പെടുത്തൽ മറുവശത്ത്. എനിക്ക് ജോലിയിൽ തീരെ താത്പര്യമില്ലാതെ ആയി. അതിനൊപ്പം ഏട്ടന് ഓരോ മണിക്കൂർ ഇടവിട്ട് ചായ വേണം എന്ന നിർബന്ധവും! 'നിങ്ങളുടെ ജോലി പോലെ തന്നെയാണ് എന്റെ ജോലിയും' എന്നുപറഞ്ഞ് ഞാൻ മടുത്തു. നിശ്ചിതമായ ഒരു ഷിഫ്റ്റ് ലഭിക്കാൻ ഓഫീസിൽ പറഞ്ഞിട്ടും കാര്യമില്ലാതെയായി. പെർഫോമൻസ് കുറഞ്ഞ് പരാതികൾ കേൾക്കാൻ തുടങ്ങിയപ്പോൾ എന്റെ മാനസികനില തന്നെ തെറ്റുന്നതായി തോന്നി. ഒടുക്കം ഏറെ വിഷമത്തോടെ ഞാൻ പഠിച്ച് നേടിയ ജോലി ഞാൻ രാജി വച്ചു. ഇപ്പോൾ വീട്ടിൽ വലിയ സമാധാനമാണ്.

കുഞ്ഞ് വളരെ ഹാപ്പിയാണ്. പക്ഷെ എന്നെ അസ്വസ്ഥമാക്കുന്ന മറ്റൊരു സത്യമുണ്ട്: ഇതൊന്നും ഒരു തരത്തിലും ബാധിക്കാതെ, കുഞ്ഞിന്റെ കാര്യത്തിലും വീട്ടുകാര്യങ്ങളിലും എന്നോളം തന്നെ ഉത്തരവാദിത്വം ഉള്ള ഒരാൾ - എന്റെ ഭർത്താവ് - പെർഫോമൻസ് അവാർഡുകൾ വാരിക്കൂട്ടി രാപ്പകലില്ലാതെ ആ മുറിയിൽ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. അതെന്താ ഈ നാട്ടിൽ സ്ത്രീകളുടെ ഉദ്യോഗത്തിന് ഒരു വിലയുമില്ലേ?!'

അഞ്ജുവിന്റെ ചോദ്യം വളരെ പ്രസക്തമാണ്. കുടുംബത്തിനും കുഞ്ഞുങ്ങൾക്കുമായി വിട്ടുവീഴ്ചകൾ ചെയ്യാൻ എന്നും ബാധ്യസ്ഥർ സ്ത്രീകൾ തന്നെയാണ്. അതുകൊണ്ട് തന്നെ കോവിഡ് ലോക്ക്ഡൗണും തുടർന്നുള്ള ജീവിതമാറ്റവും ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെ തന്നെയാണ്.

ഗതിമുട്ടിയ ജീവിതങ്ങൾ...

സ്ഥിരവരുമാനമുള്ള ഇടത്തരം കുടുംബങ്ങളിലെ അനുഭവങ്ങൾ മാത്രമാണ് ഇതുവരെ നമ്മൾ കേട്ടത്. ഇനി തന്റെ അനുഭവങ്ങൾ പറയുന്നത് 47-കാരിയായ കല്യാണിയാണ്. വീട്ടുജോലികൾ ചെയ്തും കുറി വച്ചും മറ്റും കുടുംബം നോക്കുന്ന കുടുംബിനി.

"കോവിഡ് വന്നതോടെ പണി ഇല്ലാതെയായി. കോളനിയിൽ പല സ്ഥലങ്ങളിലേക്കും ജോലിക്ക് പോകുന്നവർ ഉണ്ടെന്ന് പറഞ്ഞ് ഞാൻ ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ വീട്ടുകാർ എന്നെ പറഞ്ഞുവിട്ടു. മോൻ പത്തിലാണ്. നല്ലവണ്ണം പഠിക്കുന്ന കോച്ചായിരുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസ് തുടങ്ങിയതിൽ പിന്നെ പഠിത്തം ഒക്കെ കണക്കാണ്. പത്ത് പാസാവുമോ എന്നുതന്നെ സംശയമാണ്.

ചേട്ടൻ ടാക്സി ഡ്രൈവർ ആയിരുന്നു. ഇപ്പോൾ ഓട്ടം ഒന്നുമില്ല. അങ്ങേർക്ക് കള്ളും കുടിച്ച് ബോധമില്ലാതെ കിടക്കാം. നമുക്കത് പറ്റുമോ? കടക്കാരോടും പലിശക്കാരോടും ഉത്തരം പറയേണ്ടത് ഞാനല്ലേ? എനിക്ക് മടുത്തു. സർക്കാരിന്റെ കിറ്റ് ഉള്ളതുകൊണ്ട് ചോറുണ്ട് ജീവിക്കുന്നുണ്ട്. പക്ഷെ ജീവിക്കാൻ വഴിയില്ല. ആത്മഹത്യ ചെയ്യുന്നവരെ കുറ്റം പറയാൻ ഒന്നും പറ്റില്ലെന്ന് തോന്നി തുടങ്ങി. പക്ഷെ ചെക്കൻ ഒന്ന് നന്നായി കാണാനല്ലേ നമ്മൾ ഇത്ര നാൾ ജീവിച്ചത്? അതും നടക്കുന്ന ലക്ഷണമില്ല.."

വീട്ടുകാര്യങ്ങളിൽ ഇടപെടാതിരിക്കാനുള്ള പ്രിവിലേജ് പുരുഷന്മാർക്ക് ഉണ്ട് എന്നതാണ് ഇത്തരം അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. എത്ര തന്നെ അഭ്യസ്തവിദ്യർ ആയാലും, ഉദ്യോഗസ്ഥർ ആയാലും വീട്ടുജോലികളും ശിശുപരിപാലനവും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വം ആണെന്ന് ധരിച്ച് വച്ചിരിക്കുകയാണ് സമൂഹം. അതേ സമയം ഭാര്യമാരുടെ നിത്യജീവിതം സ്ഥിരമായി കണ്ട് തുടങ്ങിയപ്പോൾ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിൽ തന്നെ മാറ്റം വരുത്തിയ പുരുഷന്മാരും സമൂഹത്തിൽ ഉണ്ട്. വീട്ടുകാര്യങ്ങളിലും പാചകത്തിലും എന്നുവേണ്ട, പങ്കാളി ഇടപെടുന്ന എല്ലാ മേഖലകളിലും തന്റെ സഹായഹസ്തങ്ങൾ നീട്ടി അവരെ പിന്തുണയ്ക്കുന്ന ഭർത്താക്കന്മാരുടെ പിറവി കൂടി ഈ കോവിഡ് കാലം കാണുകയുണ്ടായി.