Dec 6, 2021 • 9M

'മകൾ ജനിച്ചാൽ ഞാൻ വീട് വിടും' - ഒരു നൂറ്റാണ്ട് മുൻപ് മകളെ പുരുഷന് തുല്യയായി കാണാൻ ആഗ്രഹിച്ച ഒരു പിതാവ് !

വിവാഹിതയായ ഒരു സ്ത്രീ സാഹിത്യ ലോകത്തേക്ക് കാൽ വെയ്ക്കുമ്പോൾ നേരിടേണ്ടി വരുന്ന സകല പ്രതിസന്ധികളും ലളിതാംബികയും നേരിട്ടിട്ടുണ്ട്

Anagha Jayan E
Comment1
Share
 
1.0×
0:00
-9:15
Open in playerListen on);
Episode details
1 comment

കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സാമൂഹ്യ വിമോചനത്തിനായി ചുക്കാൻ പിടിച്ച സാഹിത്യകാരി ലളിതാംബിക അന്തർജ്ജനം ജനിച്ചപ്പോൾ അവരുടെ 'പുരോഗമന വാദിയായ അച്ഛൻ' വലിയ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞത്രേ: "ഇനി ഒരു നിമിഷം പോലും ഞാൻ ഇവിടെ നിൽക്കില്ല! ഇത് ഞാൻ സമ്മതിക്കില്ല. ഞാൻ മദ്രാസിലേക്ക് താമസം മാറ്റാൻ പോകുന്നു. ഞാൻ ക്രിസ്ത്യാനി ആയി മതം മാറും. അവിടെ ഏതെങ്കിലും ക്രിസ്ത്യാനി പെണ്ണിനെ വിവാഹം ചെയ്ത് ജീവിക്കും!!"

അത് കേട്ട് കുഞ്ഞിന്റെ അമ്മ, അയാളുടെ ഭാര്യ ചോദിച്ചു: "ആ കുട്ടിക്കും പെൺകുഞ്ഞ് പിറന്നാലോ?"

ആ അച്ഛൻ നിസ്സഹായനായി പറഞ്ഞു: "ഒന്നും ഇല്ലെങ്കിലും എനിക്ക് അവളെ ഒരു മനുഷ്യജീവി ആയി വളർത്താമല്ലോ. അവളെ സ്വതന്ത്രയാക്കി, വിദ്യാഭ്യാസം നൽകി, അവളുടെ ഇച്ഛയ്ക്ക് ഒത്ത ഒരു മര്യാദക്കാരനെ കൊണ്ട് വിവാഹം ചെയ്യിക്കാമല്ലോ.."

എന്തായാലും ആ അച്ഛൻ സ്വന്തം മകളെ ആഗ്രഹിച്ച രീതിയിൽ തന്നെ വളർത്തി - ആവോളം പുസ്തകങ്ങൾ വാങ്ങി നൽകി, വിദ്യാധനം പകർന്ന്, എഴുതാനും വായിക്കാനും പ്രോത്സാഹിപ്പിച്ച്, ഒരു യഥാർത്ഥ മനുഷ്യജീവി ആയി തന്നെ. എങ്കിലും ആ അച്ഛന്റെ വാക്കുകളിൽ നിന്ന് കേരളത്തിലെ നമ്പൂതിരി സ്ത്രീകൾ ആ കാലഘട്ടത്തിൽ അനുഭവിച്ചിരുന്ന മനുഷ്യാവകാശ നിഷേധങ്ങൾ വ്യക്തമാണ്.

മലയാള സാഹിത്യത്തിലെ സ്ത്രീപക്ഷ രചനകൾക്ക് തുടക്കമിട്ട സാഹിത്യകാരിൽ ഒരാളാണ് ലളിതാംബിക അന്തർജ്ജനം. സമ്പത്തിനും ജാതീയ മേൽക്കോയ്മയ്ക്കും ഒന്നും രക്ഷിക്കാൻ കഴിയാതെ പോയ നമ്പൂതിരി സ്ത്രീകളുടെ ദുരവസ്ഥയും സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ള സ്ത്രീജനങ്ങൾ നേരിട്ടിരുന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളും ലളിതാംബികയുടെ കൃതികൾക്ക് ഇതിവൃത്തം ആയിട്ടുണ്ട്. സ്വന്തം കുടുംബത്തിൽ നിന്ന് ആർജിച്ച സമത്വ ബോധവും പുരോഗമന ചിന്താഗതിയും വിവാഹ ശേഷം കണ്മുന്നിൽ കണ്ട ജീവിത യാഥാർഥ്യങ്ങളും അവരിലെ സാഹിത്യകാരിയെ പുറത്ത് കൊണ്ടുവന്നു.

മലയാള സാഹിത്യത്തിലെ സ്ത്രീപക്ഷ രചനകൾക്ക് തുടക്കമിട്ട സാഹിത്യകാരിൽ ഒരാളാണ് ലളിതാംബിക അന്തർജ്ജനം. സമ്പത്തിനും ജാതീയ മേൽക്കോയ്മയ്ക്കും ഒന്നും രക്ഷിക്കാൻ കഴിയാതെ പോയ നമ്പൂതിരി സ്ത്രീകളുടെ ദുരവസ്ഥയും സമൂഹത്തിന്റെ താഴെക്കിടയിൽ ഉള്ള സ്ത്രീജനങ്ങൾ നേരിട്ടിരുന്ന കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങളും ലളിതാംബികയുടെ കൃതികൾക്ക് ഇതിവൃത്തം ആയിട്ടുണ്ട്

ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഗാന്ധിയൻ ആശയങ്ങളും അവരുടെ മനസ്സിൽ ആഴത്തിൽ മുദ്ര പതിപ്പിച്ചിരുന്നു. ഒരു ദേശത്തിന്റെ മുഴുവൻ സ്വാതന്ത്ര്യത്തിനായി വെമ്പുന്ന മനസ്സ്, ഒരു വീടിനുള്ളിൽ സ്വാതന്ത്ര്യം ഇല്ലാതെ കഴിയുന്ന സ്ത്രീജനങ്ങളെ കണ്ടറിഞ്ഞപ്പോൾ സ്വാഭാവികം ആയും രോഷം കൊണ്ടു. അത് തന്നെയാണ് ലളിതാംബിക അന്തർജനത്തിന്റെ കൃതികളുടെ അടിസ്ഥാന സ്വഭാവവും. സ്വന്തം ജീവിത ചുറ്റുപാടുകളിൽ നിന്ന് കഥകളും ജീവിതങ്ങളും അനുഭവങ്ങളും പറയുക എന്നതായിരുന്നു അവരുടെ രീതി.

കവിതകൾ ആയും ചെറുകഥകൾ ആയും തിരക്കഥകൾ ആയും നോവൽ ആയുമെല്ലാം അവ വഴിഞ്ഞ് ഒഴുകി. തൂലിക ആയിരുന്നു ലളിതാംബികയുടെ പടവാൾ. അവർ തീർച്ചയായും ഒരു നവോത്ഥാന നായികാ തന്നെയാണ്. എഴുത്തിലൂടെ വായനക്കാരുടെ മനസ്സിൽ ഇത്രയേറെ പരിവർത്തനം നടത്താൻ സാധിച്ച സ്ത്രീകൾ മലയാള സാഹിത്യലോകത്ത് ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം..

നമ്പൂതിരി സമുദായത്തിൽ നില നിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങളും ഒരു പരിധി വരെ കുറയ്ക്കാൻ ലളിതാംബികയുടെ രചനകൾക്ക് സാധിച്ചിട്ടുണ്ട്. 1923-ൽ ശാരദ എന്ന പ്രസിദ്ധീകരണത്തിൽ മഹാത്മാ ഗാന്ധിയെ കുറിച്ച് 'അഭിനവ പാർത്ഥസാരഥി' എന്ന ലേഖനം എഴുതിക്കൊണ്ട് ആണ് ലളിതാംബിക എഴുത്തിന്റെ ലോകത്തേക്ക് ചുവട് വയ്ക്കുന്നത്. 'ഉണ്ണി നമ്പൂതിരി,' 'യോഗക്ഷേമം' തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കൊച്ച് ലളിതാംബികയുടെ രചനകൾ സ്ഥിരമായി അച്ചടിച്ച് വരാൻ തുടങ്ങി.

ലളിതാംബിക അന്തർജ്ജനം ആദ്യമായി എഴുതിയ കഥ, 'യാത്രാവസാനം' എന്നൊന്നായിരുന്നു. സീത ചാതോപാധ്യായ് എന്ന ഉത്തരേന്ത്യൻ എഴുത്തുകാരിയുടെ പ്രസിദ്ധമായ ഒരു കഥയുടെ സ്വതന്ത്ര ആവിഷ്കാരം ആയിരുന്നു അത്. നമ്പൂതിരി കുടുംബങ്ങൾക്ക് ഉള്ളിൽ നീറി പുകയുന്ന അവകാശ നിഷേധങ്ങൾ വെളിച്ചത്ത് കൊണ്ടുവന്ന ആ കൃതി ചെറുത് അല്ലാത്ത സാമൂഹ്യ ചലനങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്തു. 'ആചാര നീതി' അഥവാ നാട്ടുനടപ്പ് കൊണ്ട് ഇല്ലങ്ങളുടെ അകത്തളങ്ങളിൽ തളച്ച് ഇടപെടുന്ന അന്തർജ്ജനങ്ങളുടെ ദുരിതപൂർണ്ണമായ ജീവിതം ആയിരുന്നു ആ കഥയുടെ ഇതിവൃത്തം.

'വിധിബലം,' 'പ്രതിധ്വനി,' 'മനുഷ്യൻ മാത്രം' തുടങ്ങിയ കൃതികളും ലളിതാംബിക പിന്നീട് രചിച്ചു. ചരിത്ര പ്രസിദ്ധമായ കുറിയേടത്ത് താത്രിയുടെ സ്മാർത്ഥവിചാരത്തെ ആധാരം ആക്കി ലളിതാംബിക രചിച്ച 'പ്രതികാര ദേവത' എന്ന കഥ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സമൂഹവും കുടുംബവും എല്ലാം തെറ്റുകാരി ആയി മാത്രം മുദ്ര കുത്തിയ ഒരു സ്ത്രീയുടെ നിസ്സഹായതയും ദൈന്യവും ഒപ്പിയെടുത്തിരിക്കുകയാണ് 'പ്രതികാര ദേവത.' തികഞ്ഞ സ്വാതന്ത്ര്യ മോഹിയും സ്ത്രീ വിമോചന ആശയങ്ങളുടെ വക്താവും ആയിരുന്നു ലളിതാംബിക അന്തർജ്ജനം. സ്വാതന്ത്ര്യം ആണ് കലയുടെ അടിസ്ഥാനം എന്ന് അവർ സ്വന്തം ആത്മകഥയിൽ പോലും ആവർത്തിച്ച് പറഞ്ഞു.

വിവാഹിതയായ ഒരു സ്ത്രീ സാഹിത്യ ലോകത്തേക്ക് കാൽ വെയ്ക്കുമ്പോൾ നേരിടേണ്ടി വരുന്ന സകല പ്രതിസന്ധികളും ലളിതാംബികയും നേരിട്ടിട്ടുണ്ട്. തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് ലളിതാംബിക ഒരിക്കൽ പറഞ്ഞു: ‘സാഹിത്യവും കുടുംബജീവിതവും തമ്മില്‍ എങ്ങനെ മത്സരമില്ലാതെ വരും? രണ്ടും പൂര്‍ണ്ണമായ ആത്മസമര്‍പ്പണം ആവശ്യപ്പെടുന്നു.

ഭര്‍ത്താവിന്റെയും കുട്ടികളുടെയും കുടുംബവലയത്തില്‍പ്പെട്ട മറ്റെല്ലാവരുടെയും യോഗക്ഷേമങ്ങള്‍ ഒരു ഗൃഹിണി നിരന്തരം അന്വേഷിച്ചുകൊണ്ടിരിക്കേണ്ടതാണല്ലോ. കൂടാതെ അടുക്കള, പശുക്കള്‍, പരിചാരകര്‍- കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച അമ്മയുടെ കൈയിലല്ലേ?… മറുഭാഗത്ത് കലയോ? നിരന്തരമായ വായനയും മനനവും നിരീക്ഷണവും പരിശീലനവും അതിനാവശ്യമായുണ്ട്. ഏകാഗ്രത, സമയം, പരിശോധനയ്ക്കും തിരുത്തലിനുമുള്ള സാവകാശം, ഋഷിതുല്യമായ ധ്യാനനിലീനത- ഇങ്ങനെയെന്തെല്ലാം നല്ല കലാസൃഷ്ടികളുടെ രചനയ്ക്കുണ്ടാകണം?!'

സമൂഹത്തിൽ വേരാഴ്ത്തിയ പുരുഷാധിപത്യ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലേക്കും വെളിച്ചം വീശാൻ ലളിതാംബികയുടെ കൃതികൾക്ക് കഴിഞ്ഞു. 'ഓർമ്മയിലെ നിധികൾ' എന്ന തന്റെ ബാല്യകാല സ്മരണകളിൽ ലളിതാംബിക പറയുന്നത് തന്നെ അച്ഛൻ വളർത്തുന്ന രീതിയെ സമുദായത്തിന് അകത്തും പുറത്തും ഉള്ളവർ നഖ ശിഖാന്തം എതിർത്തിരുന്നു എന്നാണ്

അവരുടെ വാക്കുകൾ പൂർണ്ണമായി ശരി തന്നെയാണ്. ഏകാഗ്രത വേണ്ടുന്ന രണ്ട് കർത്തവ്യങ്ങൾ ഒരുപോലെ ഭംഗിയായി നിർവഹിച്ചു എന്നത് ലളിതാംബികയുടെ വിജയം തന്നെയാണ് - ഒപ്പം ഈ നാട്ടിൽ ഓരോ സ്ത്രീയുടെയും. കേരള സമൂഹത്തെ സ്ത്രീ വിമോചനത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച ലളിതാംബിക, പക്ഷെ ഒരു സാധാരണ വീട്ടമ്മ തന്നെ ആയിരുന്നു.

അവരുടെ അഭിമുഖങ്ങളിൽ അവർ മടി കൂടാതെ പറഞ്ഞു: "ഞാനിന്നോളം രാത്രിയിലേ വല്ലതും എഴുതിയിട്ടുള്ളൂ. രണ്ടു കുട്ടികളെ തൊട്ടിലിലിട്ടാട്ടിക്കൊണ്ട് ചുവട്ടിലിരുന്ന് എഴുതിയിട്ടുണ്ട്. അടുക്കളപ്പടിമേല്‍വെച്ച് കവിത കുറിക്കാറുണ്ട്. കഥ അങ്ങനെ പറ്റില്ല.രാത്രി പത്തു മണി കഴിഞ്ഞ് സമസ്ത ജീവജാലങ്ങളും ഉറങ്ങുന്ന സമയം ഉണര്‍ന്നിരുന്ന് ഞാന്‍ എഴുതും- പലപ്പോഴും നേരം വെളുക്കുന്നതു വരെ. അതാണെന്നെ രോഗിണിയാക്കിയതെന്നു പറയുന്നു."

1977-ൽ 'അഗ്നിസാക്ഷി' എന്ന നോവലിന് വയലാർ അവാർഡും ഓടക്കുഴൽ പുരസ്കാരവും ലഭിച്ചു. 'ഗോസായി പറഞ്ഞ കഥ' എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. ഇതിനെല്ലാം പുറമെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനും അന്തർജ്ജനം യോഗ്യ ആയിട്ടുണ്ട്. സ്ത്രീക്ക് വ്യക്തിത്വവും സ്വയം പര്യാപ്തതയും ഉറപ്പ് വരുത്തുക എന്നതായിരുന്നു അന്തർജനത്തിന്റെ മുഖ്യ ലക്‌ഷ്യം. ഈ നാട്ടിലെ സ്ത്രീകളെ കുറിച്ച് അന്തർജ്ജനം ഒരിക്കൽ പറഞ്ഞു: "സ്വന്തമായി വീടും സുഹൃത്തുക്കളും സ്നേഹവും മറ്റും ലഭിച്ചില്ലെങ്കിൽ നമ്മൾ എന്തായി തീരുന്നു?" അത് തന്നെ.

സമൂഹത്തിൽ വേരാഴ്ത്തിയ പുരുഷാധിപത്യ വ്യവസ്ഥയുടെ എല്ലാ തലങ്ങളിലേക്കും വെളിച്ചം വീശാൻ ലളിതാംബികയുടെ കൃതികൾക്ക് കഴിഞ്ഞു. 'ഓർമ്മയിലെ നിധികൾ' എന്ന തന്റെ ബാല്യകാല സ്മരണകളിൽ ലളിതാംബിക പറയുന്നത് തന്നെ അച്ഛൻ വളർത്തുന്ന രീതിയെ സമുദായത്തിന് അകത്തും പുറത്തും ഉള്ളവർ നഖ ശിഖാന്തം എതിർത്തിരുന്നു എന്നാണ്.

പുരോഗമന വാദിയായ അച്ഛൻ ദാമോദരൻ നമ്പൂതിരി, ലളിതാംബികയ്ക്ക് സഹോദരന്മാർക്ക് ഒപ്പം തന്നെ വിദ്യാഭ്യാസം നൽകി. കല, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ മേഖലകളിൽ വീട്ടകങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. കുടുംബ സങ്കല്പത്തെ പറ്റിയും രാജ്യ ഭരണത്തെ പറ്റിയും വ്യക്തി സ്വാതന്ത്ര്യത്തെ പറ്റിയും എല്ലാം കൃത്യമായ നിലപാടുകൾ രൂപപ്പെടുത്താൻ ആ അച്ഛൻ മകളെ പ്രേരിപ്പിച്ചു.

അതുകൊണ്ട് തന്നെ ബംഗാൾ വിഭജനവും പഞ്ചാബ് വിഭജനവും സ്വാതന്ത്ര്യ സമരവും എല്ലാം തന്നെ അവരുടെ കഥകൾക്ക് ഇതിവൃത്തം ആയി. കേരളത്തിനും നമ്പൂതിരിമാർക്കും അപ്പുറത്തേക്ക് തന്റെ ഭാവനയെ വികസിപ്പിച്ച്, ദേശീയ തലത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് എതിരെ അവർ പ്രതികരിച്ചു. ചുരുക്കി പറഞ്ഞാൽ, ലളിതാംബിക അന്തർജ്ജനം സ്വയം ഒരു മാറ്റം തന്നെ ആയിരുന്നു.

പിൽക്കാലത്ത് കേരളം മുഴുവൻ പിന്തുടരുവാൻ വെമ്പിയ, പ്രൗഢ ഗംഭീരമായ ഒരു മാറ്റം. സ്ത്രീജന്മങ്ങളുടെ നിലനിൽപ് പുരുഷന്മാരെ കേന്ദ്രീകരിച്ചാണ് എന്ന് വിശ്വസിച്ചിരുന്ന സമൂഹത്തിൽ നിന്ന് സ്ത്രീകളുടെ ജോലിയും വിദ്യാഭ്യാസവും സ്വാതന്ത്ര്യവും എല്ലാം സമൂഹം ചർച്ച ചെയ്യാൻ തുടങ്ങി എങ്കിൽ, അതിൽ ലളിതാംബിക അന്തർജനത്തിന്റെ പങ്ക് ചെറുതല്ല.

പുരോഗമന വാദിയായ അച്ഛൻ ദാമോദരൻ നമ്പൂതിരി, ലളിതാംബികയ്ക്ക് സഹോദരന്മാർക്ക് ഒപ്പം തന്നെ വിദ്യാഭ്യാസം നൽകി. കല, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ മേഖലകളിൽ വീട്ടകങ്ങളിൽ ചർച്ചകൾ സംഘടിപ്പിച്ചു. കുടുംബ സങ്കല്പത്തെ പറ്റിയും രാജ്യ ഭരണത്തെ പറ്റിയും വ്യക്തി സ്വാതന്ത്ര്യത്തെ പറ്റിയും എല്ലാം കൃത്യമായ നിലപാടുകൾ രൂപപ്പെടുത്താൻ ആ അച്ഛൻ മകളെ പ്രേരിപ്പിച്ചു

ഇന്നും മലയാളികളുടെ മനസ്സിൽ അന്തർജ്ജനത്തിന്റെ കവിതകളും കഥകളും നോവലുകളും ആത്മകഥയും എല്ലാം ആഴത്തിൽ തന്നെ പതിഞ്ഞിരിക്കുന്നു.