Nov 24, 2021 • 9M

കോവിഡ് അച്ഛനെ തളർത്തി, കുടുംബം പോറ്റാൻ ലോട്ടറി വില്പനക്കിറങ്ങി പ്ലസ്-ടൂക്കാരി

കോവിഡിന്റെ അനന്തര ഫലമായി സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയ അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ദിനരാത്രം പരിശ്രമിക്കുന്ന മിടുക്കി.. കൃഷ്ണപ്രിയയുടെ ജീവിതം ഇങ്ങനെ..

Anagha Jayan E
Comment
Share
 
1.0×
0:00
-9:11
Open in playerListen on);
Episode details
Comments

കോവിഡ് കാലം ആശങ്കകളുടേത് മാത്രമല്ല; അതിജീവനത്തിന്റേത് കൂടിയാണ്. ഒരൊറ്റ നിമിഷം കൊണ്ട് ജീവിതം തകർന്നവർ മുതൽ ചാരത്തിൽ നിന്ന് പ്രതീക്ഷ ഊർജ്ജമാക്കി പറന്നുയരുന്നവർ വരെ നമുക്ക് കണ്മുന്നിൽ ഉണ്ട്. ഈ പോരാട്ട ചരിത്രത്തിൽ ഒരു നുറുങ്ങുവെട്ടം ആകുകയാണ് എറണാകുളം പുളിഞ്ചോട് സ്വദേശിനി കൃഷ്ണപ്രിയയുടെ ജീവിതം. സ്വന്തം അച്ഛന് ജീവിതത്തിൽ കാലിടറിയപ്പോൾ താങ്ങായി നിൽക്കുന്ന മിടുക്കി..

പ്രശസ്ത സെലിബ്രിറ്റി മെയ്ക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ഫെയ്‌സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രവും കുറിപ്പാണ് കൃഷ്ണപ്രിയയെ കേരളക്കരയ്ക്ക് പ്രിയങ്കരി ആക്കിയത്. രാത്രി എട്ടര മണിയായിട്ടും എറണാകുളത്തെ തിരക്കേറിയ പുളിഞ്ചോട് ജങ്ഷനിൽ ലോട്ടറി കച്ചവടം ചെയ്യുന്ന പതിനേഴുകാരി! കോവിഡിന്റെ അനന്തര ഫലമായി സ്ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയ അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ദിനരാത്രം പരിശ്രമിക്കുന്ന മിടുക്കി.. കൃഷ്ണപ്രിയയുടെ ജീവിതം ഇങ്ങനെ..

സന്തുഷ്ടമായിരുന്നു ബാല്യം..

ടൂറിസ്റ്റ് ടാക്സി ഡ്രൈവർ ആയിരുന്നു രമേഷ്. ടൂറിസ്റ്റ് ബസ്സുകളും കാറുകളും ഓടിച്ചിരുന്ന രമേഷ് ആലുവയിൽ ആയിരുന്നു ആദ്യം താമസിച്ചിരുന്നത്. ഭാര്യ കവിതയും രണ്ട് പെൺമക്കളും അടങ്ങിയ സന്തുഷ്ട കുടുംബം. മക്കൾക്ക് തന്റെ സ്വപ്നങ്ങൾക്ക് അനുസരിച്ച് ഉയർന്ന വിദ്യാഭ്യാസം നൽകണം എന്ന ചിന്തയോടെ രമേഷ് കരിഷ്മയെയും കൃഷ്ണപ്രിയയെയും ആലുവ നസ്രത്ത് സ്‌കൂളിൽ ചേർത്തു. നേഴ്‌സറി മുതൽ നാലാം ക്ലാസ് വരെ ഈ സഹോദരിമാർ പഠിച്ചിരുന്നത് അവിടെയായിരുന്നു. പിന്നീട് ആലുവ സെന്റ് ജോൺസ് സ്‌കൂളിലേക്ക് മാറ്റി. പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കോടെ കരിഷ്മയും കൃഷ്ണപ്രിയയും പഠിച്ചിറങ്ങിയത് അവിടെ നിന്നായിരുന്നു. പിന്നീടാണ് ഇവരുടെ ജീവിതം താളം തെറ്റിയത്. കൃഷ്ണപ്രിയയുടെ വാക്കുകൾ ഇങ്ങനെ:

"കോവിഡ് പടരുന്നത് വരെ അച്ഛന് എന്നും വണ്ടി ഓട്ടം ഉണ്ടായിരുന്നു. പിന്നെ അത് കുറഞ്ഞു. ഞങ്ങൾ പ്ലസ് ടൂ പഠിച്ചത് ആലുവ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിലാണ്. ആ സമയത്താണ് കുടുംബത്തിൽ മൂന്ന് പേര് കോവിഡ് പോസിറ്റിവ് ആയത്. എനിക്കും അമ്മയ്ക്കും അച്ഛനും കൊറോണ. ചേച്ചിക്ക് മാത്രം കുഴപ്പമില്ല. ചേച്ചി അന്ന് ഡിഗ്രി രണ്ടാം വർഷം ആയിരുന്നു. കോവിഡ് വന്നത് ഞങ്ങൾ കാര്യമാക്കിയില്ല. എത്ര പേർക്ക് ഇതിനകം കോവിഡ് വന്ന് മാറി. അതുപോലെ ഞങ്ങൾക്കും മാറി.

ചെറുപ്പത്തിലേ രണ്ടാളും സ്മാർട്ട് ആണ്. ആൺകുട്ടികൾ ഇല്ല എന്ന് എനിക്കൊരു വിഷമവുമില്ല. എന്റെ പെണ്മക്കൾ ആണ് എന്നും എന്റെ അഭിമാനം. അവരെ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഞാൻ എന്നും പ്രേരിപ്പിച്ചിട്ടുണ്ട്

പക്ഷെ അതെല്ലാം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അച്ഛന് സ്ട്രോക്ക് വന്നു. ഉടനടി ആശുപത്രിയിൽ എത്തിച്ചു. പക്ഷെ അപ്പോഴേക്ക് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയി. അതോടെ ജീവിതം മാറി. വാടകവീടാണ്. വാടക കൊടുക്കാൻ പൈസയില്ലാതെയായി. ആദ്യം ഒന്നും ഉടമസ്ഥർ ഒന്നും പറഞ്ഞില്ല. പക്ഷെ മെല്ലെ ആ വീട് വിൽക്കേണ്ടി വന്നു. അച്ഛന്റെ ചികിത്സ കൂടി കണക്കിലെടുത്ത് എറണാകുളത്തേക്ക് താമസം മാറി. ഏഴായിരം രൂപയാണ് വീട്ടുവാടക. അതിലും കുറഞ്ഞ വാടകയ്ക്ക് എറണാകുളത്ത് ഒരു നല്ല വീട് കിട്ടാനില്ല. ഞങ്ങൾ നാല് പേരില്ലേ..

ചേച്ചിയ്ക്ക് ഓൺലൈൻ ക്ലാസ് തുടങ്ങിയപ്പോൾ ഇവിടെ അടുത്തുള്ള ഒരു കാർ ഷോറൂമിൽ റിസപ്‌ഷനിൽ ജോലിയ്ക്ക് പോകാൻ തുടങ്ങി. അവളാണ് വീട്ടുവാടക അടയ്ക്കുന്നത്. പക്ഷെ ചെലവ് ഇനിയുമില്ലേ.. എന്റെ പഠനം, വീട്ടുചെലവ്.. അതിനേക്കാൾ ഉപരി അച്ഛന്റെ ചികിത്സ.. അങ്ങനെയാണ് ലോട്ടറി കച്ചവടത്തിലേക്ക് ഇറങ്ങിയത്. എന്നെ ഒറ്റയ്ക്ക് വിടാൻ മടിച്ച് ഇപ്പോൾ അച്ഛനും കൂടെ വരുന്നുണ്ട്. ഈ ഒരു പുതിയ പ്രതീക്ഷ വന്നതോടെ അച്ഛൻ പതിയെ നടക്കാൻ തുടങ്ങി.."

കൃഷ്ണപ്രിയയുടെ വാക്കുകളിൽ ഒരു പതിനേഴുകാരിയുടെ കുട്ടിത്തമല്ല; മറിച്ച് ജീവിതാനുഭവങ്ങൾ കൊണ്ട് തഴമ്പിച്ച ഒരു യുവതിയുടെ പക്വതയാണ്. മക്കളുടെ സ്നേഹത്തെ കുറിച്ച് പറയാൻ രമേഷിന് വാക്കുകളില്ല. മക്കളെ കുറിച്ച് ഓർത്ത് അഭിമാനം തന്നെയാണ് ഈ പിതാവിന്.

"ചെറുപ്പത്തിലേ രണ്ടാളും സ്മാർട്ട് ആണ്. ആൺകുട്ടികൾ ഇല്ല എന്ന് എനിക്കൊരു വിഷമവുമില്ല. എന്റെ പെണ്മക്കൾ ആണ് എന്നും എന്റെ അഭിമാനം. അവരെ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഞാൻ എന്നും പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് ഒരു കാലത്ത് എന്നെ താങ്ങി നിർത്താൻ തന്നെ ഉപകരിക്കും എന്ന് ചിന്തിച്ചിരുന്നതേ ഇല്ല. ഇപ്പോൾ ഭാര്യ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോകുന്നുണ്ട്. മൂത്ത മകൾ വീട്ടുവാടക അടയ്ക്കുന്നു. ഇളയവർ ലോട്ടറി വിറ്റ് കുടുംബം നോക്കുന്നു. ആരാണ് പറഞ്ഞത് സ്ത്രീകൾക്ക് മിടുക്കില്ലെന്ന്?!" - രമേശ് അഭിമാനത്തോടെ ചോദിക്കുന്നു.

എറണാകുളം ഭാരതമാതാ കോളേജിൽ മൂന്നാം വർഷ ബിഎസ്സി ബോട്ടണി വിദ്യാർത്ഥിനിയാണ് കരിഷ്മ. കൃഷ്ണപ്രിയ ആകട്ടെ, ചെറുപ്പം മുതലേ നേഴ്സ് ആകാൻ കൊതിച്ച് വളർന്ന പെൺകുട്ടിയും. പക്ഷെ ഈ ദുരിതക്കയത്തിൽ പെട്ട് തന്റെ സ്വപ്‌നങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമോ എന്ന പേടിയാണ് ഇന്ന് കൃഷ്ണപ്രിയയ്ക്ക്. "പ്ലസ് ടൂവിന് തൊണ്ണൂറ് ശതമാനം മാർക്ക് ഉണ്ടായിരുന്നു. ബയോമാത്‌സ്‌ ആണ് പഠിച്ചത്. അതുകൊണ്ട് ആയില്ലല്ലോ.. മെറിറ്റ് ലിസ്റ്റിൽ എവിടെയെങ്കിലും പേര് വരണ്ടെ? അപേക്ഷിച്ചിട്ടുണ്ട്. ആ പ്രാർത്ഥനയിലാണ് ഇപ്പോൾ. അല്ലെങ്കിൽ മാനേജ്‌മെന്റ് ക്വോട്ടയിൽ പഠിക്കണം. അതിന് കുറേ പണം വേണ്ടിവരും. ഈശ്വരൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടാകും," - കൃഷ്ണപ്രിയ കൂട്ടിച്ചേർത്തു.

കൊച്ചി പഴയ കൊച്ചിയല്ല!

സന്ധ്യ മയങ്ങി രാത്രി എട്ടര മണി വരെ ഒരു പതിനേഴുകാരി ലോട്ടറി ടിക്കറ്റുകളുമായി തിരക്കേറിയ ഒരു ജങ്ഷനിൽ നിന്നാൽ നമ്മുടെ നാട്ടിൽ ഉണ്ടായേക്കാവുന്ന സദാചാര ആക്രമണങ്ങൾ ഏതൊരു മലയാളിക്കും ആലോചിക്കാവുന്നതാണ്. എന്നാൽ കൃഷ്ണപ്രിയയുടെ അനുഭവം മറ്റൊന്നാണ്. സദാചാര ആക്രമണം പോയിട്ട് ഒരു തുറിച്ചുനോട്ടം പോലും ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ഈ മിടുക്കി പറയുന്നത്. അല്ലെങ്കിലും ജീവിക്കാനായി തത്രപ്പാട് പെടുന്നവരുടെ മനസ്സ് വായിക്കാൻ മലയാളികൾക്ക് ഒരു പ്രത്യേക കഴിവാണ്..

"ഒരു മാസമായി ഞാൻ പുളിഞ്ചോട് ജങ്ഷനിൽ ലോട്ടറി വിൽക്കുന്നു. മിക്കവാറും എനിക്ക് കണ്ണെത്തും ദൂരത്ത് അച്ഛനും ഉണ്ടാകും. നൂറ്റിപ്പത്ത് ടിക്കറ്റുകളാണ് ഒരു ദിവസം എടുക്കുക. ആശ്ചര്യമെന്ന് പറയട്ടെ, രാത്രി വീട്ടിലെത്തുമ്പോൾ ഒരെണ്ണം പോലും ബാക്കിയുണ്ടാകില്ല! മാളുകളിലും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലും മറ്റും വരുന്നവർ ഇങ്ങോട്ട് വന്ന് ടിക്കറ്റ് ചോദിച്ച് വാങ്ങും. രാത്രി എട്ടര മണി വരെ ഞങ്ങൾ വില്പന തുടരും. അതിന് ശേഷം വീട്ടിലേക്ക് പോകും." - കൃഷ്ണപ്രിയയുടെ ഈ വാക്കുകൾ കേരളത്തിലെ സ്ത്രീകൾക്ക് പുത്തൻ ഊർജ്ജം തന്നെയാണ് പകർന്ന് നൽകുന്നത്.

കുടുംബം നോക്കുക പുരുഷന്മാരുടെ മാത്രം ഉത്തരവാദിത്വമായിരുന്ന ഒരു കാലത്ത് നിന്നും ചങ്കുറപ്പുള്ള സ്ത്രീകളുടെ കൂടി കുത്തകയാകുന്ന ഒരു കാലത്തേക്കാണ് സമൂഹം നീങ്ങുന്നത്. അച്ഛനമ്മമാരെ സംരക്ഷിക്കാനും അവർക്ക് താങ്ങാകാനും രണ്ട് പെൺകുട്ടികൾ കാണിക്കുന്ന ആത്മാർത്ഥത കേരളത്തിൽ മാറിമറിയുന്ന ജൻഡർ റോളുകളിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രളയവും മഹാമാരിയും മനുഷ്യരെ ജീവിതത്തിന്റെ ഇരുണ്ട യാഥാർഥ്യങ്ങൾ തിരിച്ചറിയിച്ചപ്പോൾ മുതൽ ജീവിതത്തോട് പൊരുതുന്ന മനുഷ്യരോട് സമൂഹത്തിനുള്ള അനുകമ്പ കൂടുക തന്നെ ചെയ്തു. കൃഷ്ണപ്രിയയുടെയും അച്ഛൻ രമേഷിന്റെയും പക്കൽ നിന്ന് സ്ഥിരമായി ലോട്ടറി വാങ്ങുന്ന ഒരാൾ ഫെയ്‌സ്ബുക്കിൽ കുറിച്ചു:

"ഞാൻ രണ്ട് ദിവസം കൂടുമ്പോൾ എങ്കിലും ഇവരിൽ നിന്നും ടിക്കറ്റ് വാങ്ങാറുണ്ട്. ആവശ്യമുണ്ടായിട്ടല്ല; ആ പെൺകുട്ടിയുടെ കണ്ണിൽ ഒരു നിശ്ചയദാർഢ്യമുണ്ട്. ആ കാണുന്നത് ഒരു കുടുംബത്തിന്റെ ചെറുത്തുനിൽപാണ്. അവർക്ക് ഒരു കൈത്താങ്ങ് നൽകിയില്ലെങ്കിൽ പിന്നെ നമ്മളൊക്കെ മനുഷ്യരാണോ.." - ഈ മറുപടിയിൽ ഉണ്ട് എല്ലാം..

സഹായഹസ്തങ്ങൾ കാത്ത്..

രഞ്ജു രഞ്ജിമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ശേഷം ഒട്ടേറെ ഫോൺ കോളുകളും സഹായ വാഗ്ദാനങ്ങളുമാണ് ഈ കുടുംബം ഏറ്റുവാങ്ങുന്നത്. പോസ്റ്റിൽ ചേർത്തിട്ടുള്ള രമേഷിന്റെ ഫോൺ നമ്പറിലെ ഗൂഗിൾ പേയിലേക്ക് പണവും വന്നെത്തുന്നുണ്ട്. ഈ കുടുംബത്തിന് അത്യാവശ്യം ഒരു വീടാണ്. വാടക ചോദിക്കുന്ന വീട്ടുടമസ്ഥരെ ഭയക്കാതെ തല ചായ്ക്കാൻ ഒരു അടച്ചുറപ്പുള്ള വീട്.

"വീട് ഇല്ലാത്തത് വലിയ സങ്കടമാണ്. അച്ഛന്റെ ചികിത്സാചെലവ് കൂടിയാലോ, അപ്രതീക്ഷിതമായി മറ്റെന്തെങ്കിലും ചെലവ് വന്നാലോ സാധനങ്ങൾ എടുത്ത് തെരുവിൽ ഇറങ്ങേണ്ടി വരുന്ന അവസ്ഥയാണ്. കഷ്ടപ്പെട്ട് കുറച്ച് പണം ലോണെടുത്ത് വീട് പണിതാൽ തന്നെ എന്റെ പഠനം അതോടെ നിൽക്കും. മെറിറ്റ് ലിസ്റ്റിൽ പേര് വന്നില്ലെങ്കിൽ വിദ്യാഭ്യാസ വായ്പ എടുത്ത് പഠിക്കണം എന്നാണ് എന്റെ ആഗ്രഹം. ചേച്ചി പരമാവധി കഷ്ടപ്പെടുന്നുണ്ട്. അവൾക്കുമില്ലേ സ്വപ്‌നങ്ങൾ.." - കൃഷ്ണപ്രിയ പറയുന്നു.

മക്കളുടെ പഠനവും ഭാവിയും ഓർത്ത് രമേഷിനും ഉണ്ട് ആശങ്കകൾ. "കൃഷ്ണയെ മെഡിസിന് അയക്കണം എന്നായിരുന്നു നല്ല ജോലിയും മറ്റും ഉള്ള കാലത്ത് എന്റെ സ്വപ്നം. ഇപ്പോൾ കോവിഡ് പടർന്നപ്പോൾ തന്നെ അറിഞ്ഞില്ലേ ആരോഗ്യപ്രവർത്തകരുടെ വില.. എന്റെ ജീവൻ തന്നെ നിലനിർത്തുന്നത് ഡോക്ടർമാരാണ്. പക്ഷെ അവളെ ഒരു നേഴ്സ് എങ്കിലും ആക്കണം എന്നാണു ഇപ്പോൾ എന്റെ ആഗ്രഹം." - രമേശ് തുറന്ന് പറഞ്ഞു. സുമനസ്സുകളുടെ സ്പോൺസർഷിപ്പോ സഹായഹസ്തങ്ങളോ തേടുകയാണ് ഈ സഹോദരിമാർ ഇന്ന്.

മാറിമറിയുന്ന ജൻഡർ റോൾസ്

കുടുംബം നോക്കുക പുരുഷന്മാരുടെ മാത്രം ഉത്തരവാദിത്വമായിരുന്ന ഒരു കാലത്ത് നിന്നും ചങ്കുറപ്പുള്ള സ്ത്രീകളുടെ കൂടി കുത്തകയാകുന്ന ഒരു കാലത്തേക്കാണ് സമൂഹം നീങ്ങുന്നത്. അച്ഛനമ്മമാരെ സംരക്ഷിക്കാനും അവർക്ക് താങ്ങാകാനും രണ്ട് പെൺകുട്ടികൾ കാണിക്കുന്ന ആത്മാർത്ഥത കേരളത്തിൽ മാറിമറിയുന്ന ജൻഡർ റോളുകളിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. രാപ്പകലില്ലാതെ അധ്വാനിക്കാനും കുടുംബം പോറ്റാനും സ്വന്തം ഭാവി സ്വയം കെട്ടിപ്പടുക്കാനും കെട്ടുപാടുകൾ ഇല്ലാതെ ചിറക് വിരിയിക്കുന്ന സ്ത്രീകളുടേത് ആകട്ടെ, ഇനിയുള്ള കാലത്തെ കേരളം!