
ഗാന്ധിജി പോലും ഭയന്ന പടവാൾ നാവുള്ള പ്രാസംഗിക; രാജ്യത്തെ ആദ്യ വനിതാ എംപി ആനി മസ്കരീൻ
കേരളത്തിന്റെ സ്ത്രീ വിമോചന, സ്വാതന്ത്ര്യ, നവോത്ഥാന ചരിത്രങ്ങളിലെ ശക്തയായ പോരാളി ആനി മസ്കരീന്റെ പേര് സ്കൂൾ സിലബസിലെ ചരിത്ര പാഠങ്ങളിൽ നിന്ന് പോലും എടുത്ത് മാറ്റപ്പെട്ടു. എന്ത്കൊണ്ട് ?
കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ വഴുതക്കാട് ജങ്ഷനിൽ തല ഉയർത്തി നിൽക്കുന്ന ഒരു പ്രതിമയുണ്ട്. തിരക്കേറിയ ആ റോഡുകളിലൂടെ കടന്ന് പോയവർക്കാർക്കും ആ പ്രതിമ ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല. അത് മറ്റാരുടേതും അല്ല - കേരളത്തിന്റെ സ്ത്രീ വിമോചന, സ്വാതന്ത്ര്യ, നവോത്ഥാന ചരിത്രങ്ങളിലെ ശക്തയായ പോരാളി ആനി മസ്കരിന്റെ ആണ്. ഈ പേര് കേട്ടാൽ തന്നെ പുതു തലമുറയിൽ ഉള്ളവർ നെറ്റി ചുളിക്കും.
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ പഠിച്ച കൂട്ടത്തിൽ ഒന്നും ഇങ്ങനെ ഒരു പേര് കേട്ടുപരിചയം പോലും ഇല്ലല്ലോ എന്ന് സംശയിക്കും. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായി പട പൊരുതാൻ വാർധ, സബർമതി എന്നീ ആശ്രമങ്ങളിലേക്ക് സഞ്ചരിച്ച് മഹാത്മാ ഗാന്ധിയോട് ഒപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ കൈകോർത്ത ഈ വിപ്ലവ നായിക അറിയെപ്പെടേണ്ട വ്യക്തിത്വം തന്നെയാണ്.
1902-ൽ തിരുവനന്തപുരത്തെ ഒരു ലത്തീൻ കത്തോലിക്കൻ കുടുംബത്തിലാണ് ആനി മസ്കരീന്റെ ജനനം. അച്ഛൻ ഗബ്രിയേൽ മസ്കരീൻ ഒരു സർക്കാർ ജീവനക്കാരൻ ആയിരുന്നു. സ്വാഭാവികമായും മക്കളുടെ വിദ്യാഭ്യാസത്തിലും തുടര്പഠനത്തിലും ഗബ്രിയേൽ ശ്രദ്ധ പുലർത്തി.
തിരുവിതാംകൂർ മഹാരാജാസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം കരസ്ഥം ആക്കിയ ആനി, പഠനത്തിന് ശേഷം കുറച്ച് നാൾ സീലോണിൽ അധ്യാപികയായി ജോലി നോക്കി. അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാൻ കഴിയാതെ സ്ത്രീകൾ അടിച്ചമർത്തലുകൾ ഏറ്റുവാങ്ങുന്ന കാലത്ത് തന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ഉന്നത വിദ്യാഭ്യാസം നേടി എന്നതാണ് ആനി മസ്കരീന്റെ ജീവിതത്തിലെ സുപ്രധാന നേട്ടം.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം കത്തിയാളുന്ന സമയമാണ് അത്. തന്റെ സ്വന്തം നാട്ടിൽ മനുഷ്യർ കൊളോണിയൽ ഭരണത്തിന് കീഴെ കഷ്ടപ്പെടുമ്പോൾ ആനിയ്ക്ക് അധികനാൾ അന്യനാട്ടിൽ തുടരാൻ മനസ്സ് വന്നില്ല. അവർ തിരുവനന്തപുരത്ത് തിരിച്ചെത്തി കോൺഗ്രസ് നേതാക്കൾ ആയ അക്കമ്മ ചെറിയാന്റെയും പട്ടം താണു പിള്ളയുടെയും കൂടെ തോളോട് തോൾ ചേർന്ന് സ്വാതന്ത്ര്യ സമരത്തിൽ ഭാഗഭാക്ക് ആയി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തിനായി പട പൊരുതാൻ വാർധ, സബർമതി എന്നീ ആശ്രമങ്ങളിലേക്ക് സഞ്ചരിച്ച് മഹാത്മാ ഗാന്ധിയോട് ഒപ്പം സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ കൈകോർത്ത ഈ വിപ്ലവ നായിക അറിയെപ്പെടേണ്ട വ്യക്തിത്വം തന്നെയാണ്
പ്രിൻസ്ലി സ്റ്റേറ്റുകളെ ഇന്ത്യൻ ഫെഡറൽ ഭരണകൂടത്തിന് കീഴിൽ കൊണ്ടുവരാൻ ആയുള്ള പ്രയത്നങ്ങൾ നടക്കുന്ന കാലം. തിരുവിതാംകൂറിൽ ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യവുമായി 1938-ൽ ട്രാവൻകോർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടു. പട്ടം താണു പിള്ള, കെ ടി തോമസ്, പി എസ് നടരാജ പിള്ള എന്നിവർ ആയിരുന്നു സെക്രട്ടറിമാർ. അവർക്കൊപ്പം ഒരു വർക്കിങ് കമ്മിറ്റി അംഗം ആയി ആനി മസ്കരീനും ചുമതലയേറ്റു. ഒരു തരത്തിൽ പറഞ്ഞാൽ ആനി മസ്കരീന്റെ പൊതുജീവിതത്തിലെ ആദ്യ ചുവട് വയ്പ്പ് ആയിരുന്നു ആ സ്റ്റേറ്റ് കോൺഗ്രസ് സ്ഥാനം.
ഇക്കാലത്ത് ആണ് ആനി മസ്കരീൻ വിവാദമായ പല പ്രസംഗങ്ങളും നടത്തിയത്. പൊതുവേദിയിൽ ആനി മസ്കരീൻ പ്രസംഗിക്കുന്നു എന്നത് ദിവാൻ സി പി രാമസ്വാമി അയ്യർ അടക്കം ഉള്ള ഭരണകർത്താക്കൾക്ക് പേടിസ്വപ്നം ആയി മാറി.
നിരുത്തരവാദിത്വപരമായ സമീപനങ്ങൾ ജനങ്ങളോട് സ്വീകരിക്കുന്ന ദിവാൻ സ്ഥാനം ഒഴിയണം എന്ന ആവശ്യം ഉന്നയിച്ച് ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ് ഒരു മെമ്മോറാണ്ടം പുറപ്പെടുവിച്ചത് ആ കാലഘട്ടത്തിൽ ആണ്. ഈ വിഷയത്തിൽ ജനങ്ങളെ ഏകോപിപ്പിക്കാൻ ആയി ആനി മസ്കരീൻ ഒരു കൂട്ടം പ്രസംഗങ്ങൾ തന്നെ നടത്തി.
ദിവാനും അദ്ദേഹത്തെ പിന്താങ്ങുന്ന സർക്കാരിനും എതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ച ആനി മസ്കരീൻ ഭരണകർത്താക്കളുടെ നോട്ടപ്പുള്ളി ആയി മാറി. അവരുടെ പ്രസ്താവനകളിൽ രോഷം കൊണ്ട് ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ അവരെ പൊതുവിടത്തിൽ വച്ച് കൈയേറ്റം ചെയ്യുക പോലും ചെയ്തു. ദിവാൻ സി പി രാമസ്വാമി അയ്യർ മഹാരാജാവിന്റെ പക്കൽ ആനി മസ്കരിനെ കുറിച്ച് വലിയ പരാതി തന്നെ ഉണർത്തിച്ചു.
രാജകുടുംബത്തിന് തന്നെ പേരുദോഷം വരുത്തുന്ന പ്രസംഗങ്ങളാണ് ഈ സ്ത്രീ പൊതുനിരത്തുകളിൽ നടത്തുന്നത് എന്ന് ദിവാൻ മഹാരാജാവിനെ വിശ്വസിപ്പിച്ചു. അതിന്റെ ഭാഗമായി ആനി മസ്കരീന്റെ ഭവനം അടിച്ച് തകർക്കപ്പെട്ടു. അവരുടെ മുതലുകൾ കൊള്ളയടിക്കപ്പെട്ടു. കൂടാതെ ഒരു സ്ത്രീ എന്ന പരിഗണന പോലും നൽകാതെ ആനിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കി.
നിശ്ചയദാർഢ്യത്തോടെ സ്ത്രീകൾ ഇറങ്ങി തിരിച്ചാൽ ചരിത്രം തന്നെ വഴിമാറും എന്നതിന് തെളിവാണ് ആനി മസ്കരീന്റെ ജീവിതം. അത്രയേറെ നേതൃത്വ പാടവവും അർപ്പണ ബോധവുമുള്ള ഒരു നായിക കേരളത്തിന് പിന്നീട് ഉണ്ടായിട്ടില്ല തന്നെ!
ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പിലാക്കാത്ത സർക്കാരിന് വേണ്ടി നികുതിപ്പണം നൽകരുതെന്നും ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരിന്റെയും ദിവാന്റേയും മുഖംമൂടി അഴിച്ച് മാറ്റുക തന്നെ വേണം എന്നും ആനി മസ്കരീൻ ജനമധ്യത്തിൽ പ്രസംഗിച്ചു കൊണ്ടിരുന്നു.
രാജ്യത്തിന് തന്നെ ആനി മസ്കരീൻ ആപത്ത് ആണെന്ന് ആക്ഷേപിച്ച് അവരെ ആവർത്തിച്ച് സർക്കാർ തടവിൽ ആക്കി. 1939 മുതൽ 1947 വരെയുള്ള കാലഘട്ടം ആനി മസ്കരീന്റെ ജീവിതത്തിൽ തുടർച്ച ആയ അറസ്റ്റുകളുടെ കാലം തന്നെ ആയിരുന്നു.
ഇതിനെല്ലാം ഇടയിൽ തന്റെ വിദ്യാഭ്യാസവും ലോക പരിചയവും കൈമുതൽ ആക്കി തിരുവിതാംകൂർ സാമ്പത്തിക വികസന ബോർഡിന്റെ ചെയർപ്പേർഴ്സൺ ആയി ആനി മസ്കരീൻ പ്രവർത്തിച്ചു. അക്കാലത്ത്, സംസ്ഥാനത്തിന്റെ സാമ്പത്തിക നയങ്ങൾ മുഴുവൻ ജനാധിപത്യപരമായി പൊളിച്ചെഴുതുന്നതിന് കേരളം സാക്ഷ്യം വഹിച്ചു.
പോളിസി മേക്കിങ് ഇത്രകണ്ട് ആസ്വദിച്ച് നിറവേറ്റിയ മറ്റൊരു നേതാവ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. 1942-ൽ ഭരണത്തിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് സ്വയം വിമുക്തയാക്കി ആനി മസ്കരീൻ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ ഭാഗമായി. സ്വാതന്ത്ര്യ സമരം കത്തിയാളുന്ന കാലം. ഗാന്ധിജിയുടെ തത്വങ്ങൾ ആപ്തവാക്യം ആക്കി ഒരു രാജ്യം ഒറ്റക്കെട്ടായി മുന്നേറുകയാണ്. അക്കാലത്താണ് ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് സെക്രട്ടറി ആയി ആനിയെ പാർട്ടി തെരഞ്ഞെടുക്കുന്നത്.
ആനിയുടെ വാക്കുകൾ സ്വാതന്ത്ര്യപൂർവ്വ ഭാരതത്തിൽ തീയായി ആളി പടർന്നു. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വിവാദപൂർണ്ണം ആയ വർഷങ്ങൾ ആയിരുന്നു അത്. ഒരു സ്ത്രീയുടെ നേതൃത്വത്തിൽ പാർട്ടി അത്രകണ്ട് ഇളകിമറിഞ്ഞ കാലം അതിന് മുൻപോ പിന്നീടോ ഉണ്ടായിട്ടില്ല. സാക്ഷാൽ മഹാത്മാ ഗാന്ധി പോലും ഒരു ഘട്ടത്തിൽ ആനി മസ്കരീന്റെ രോഷം കുറയ്ക്കാൻ നിർദ്ദേശിച്ച് അവർക്ക് നേരിട്ടും കോൺഗ്രസ് നേതാവ് പട്ടം താണു പിള്ളയ്ക്കും കത്ത് അയക്കുകയുണ്ടായി.
പക്ഷെ അതൊന്നും അവരെ തളർത്തിയില്ല. 1946-ൽ ആനി മസ്കരീൻ, 299 അംഗങ്ങൾ ഉള്ള ഇന്ത്യൻ കോൺസ്റിറ്റുവന്റ് അസംബ്ലിയിലെ 15 വനിതകളിൽ ഒരാൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു കോഡ് ബിൽ നിർമാണത്തിന് മേൽനോട്ടം വഹിച്ച കമ്മിറ്റിയിൽ ആയിരുന്നു അവർ പ്രവർത്തിച്ചത്. ഇന്ത്യയുടെ നിയമനിർമ്മാണം നടത്തിയ ചരിത്ര പ്രസിദ്ധമായ അസംബ്ലിയിലെ 15 ചരിത്ര വനിതകളിൽ ഒരാൾ! കേരളത്തിന്റെ അഭിമാനം വാനോളം ഉയർന്ന കാലം ആയിരുന്നു അത്..
ഇന്ത്യൻ സ്വാതന്ത്ര്യ ബിൽ ബ്രിട്ടീഷ് ഭരണകൂടം പാസ് ആക്കിയപ്പോൾ ഈ 299 അംഗ കോൺസ്റിറ്റുവന്റ് അസംബ്ലി പാർലമെന്റ് ആയി മാറി. ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ഭരണാധികാരിയായി ആനി മസ്കരീൻ തുടർന്നും പ്രവർത്തിച്ചു. അപ്പോഴേക്കും മറ്റൊരു നേട്ടം കൂടി അവർ കൈവരിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഒരു സംസ്ഥാനത്തിന്റെ മന്ത്രി പദവി അലങ്കരിച്ച ആദ്യ വനിത! പറൂർ ടി കെ നാരായണ പിള്ള മന്ത്രിസഭയിൽ ആരോഗ്യം, ഊർജ്ജ സ്രോതസ്സുകൾ എന്നീ ഹൗസുകളുടെ മന്ത്രിയായി അവർ സേവനം ചെയ്തു.
രാഷ്ട്ര നന്മയ്ക്കും സാമൂഹ്യ സേവനത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം. തന്റെ പൊതു പ്രവർത്തനം അല്ലാതെ വ്യക്തിജീവിതത്തിന് വേണ്ടി ആനി മസ്കരീൻ ഒന്നും തന്നെ ചെയ്തിട്ടില്ലായിരുന്നു
അധികം വൈകാതെ അവർ സ്വതന്ത്ര ഭാരതത്തിലെ ആദ്യ എം.പി ആയി.നിശ്ചയദാർഢ്യത്തോടെ സ്ത്രീകൾ ഇറങ്ങി തിരിച്ചാൽ ചരിത്രം തന്നെ വഴിമാറും എന്നതിന് തെളിവാണ് ആനി മസ്കരീന്റെ ജീവിതം. അത്രയേറെ നേതൃത്വ പാടവവും അർപ്പണ ബോധവുമുള്ള ഒരു നായിക കേരളത്തിന് പിന്നീട് ഉണ്ടായിട്ടില്ല തന്നെ! രാഷ്ട്ര നന്മയ്ക്കും സാമൂഹ്യ സേവനത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതം.
തന്റെ പൊതു പ്രവർത്തനം അല്ലാതെ വ്യക്തിജീവിതത്തിന് വേണ്ടി ആനി മസ്കരീൻ ഒന്നും തന്നെ ചെയ്തിട്ടില്ലായിരുന്നു. 61 വയസ്സിൽ, കുറെയേറെ ഉത്തരവാദിത്വങ്ങൾ മാറ്റി വച്ച് ആനി മസ്കരീൻ ഈ ലോകത്ത് നിന്നും യാത്രയായി. ഗാന്ധിജി പോലും ഭയന്ന പടവാൾ പോലുള്ള നാവിൻ ഉടമയായ പ്രസിദ്ധ പ്രാസംഗിക! തന്റെ നാക്ക് കൊണ്ട് തിരുവിതാംകൂർ ദിവാന്റെയും മഹാരാജാവിന്റെയും പോലും ഉറക്കം കെടുത്തിയ വിപ്ലവ നായിക.. അഭിനവ കേരളത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കരുതാത്ത പേരുകളിൽ ഒന്നാണ് ആനി മസ്കരീൻ.
എന്നാൽ അടുത്ത കാലത്ത് വന്ന പത്ര റിപ്പോർട്ടുകൾ പ്രകാരം, ആനി മസ്കരീന്റെ പേര് സ്കൂൾ സിലബസിലെ ചരിത്ര പാഠങ്ങളിൽ നിന്ന് പോലും എടുത്ത് മാറ്റപ്പെട്ടു. തിരുവനന്തപുരം വഴുതക്കാട് ഉള്ള ആനി മസ്കരീൻ പ്രതിമ പോലും അവരുടെ കുടുംബാംഗങ്ങൾ ആണ് നോക്കി നടക്കുന്നത്. ആധുനിക ഭാരതം മറന്നുകളഞ്ഞ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിലേക്ക് ആനി മസ്കരീൻ നടന്ന് കയറുകയാണോ? സ്ത്രീ ശാക്തീകരണ പ്രസ്ഥാനത്തിലെ തന്നെ കരുത്തയായ ഈ നേത്രിക്ക് അങ്ങനെ ഒരു ഗതി വരാതെ നോക്കേണ്ടത് നമ്മൾ ഓരോരുത്തരും ആണ്.