Jan 18 • 11M

അക്കമ്മ ചെറിയാൻ ; തിരുവിതാംകൂറിന്റെ ഝാൻസി റാണി

അന്ന് അക്കമ്മ തോക്കിൻ കുഴലിന് മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് പറഞ്ഞു: "ഞാനാണ് നേതാവ്; ആദ്യം എന്നെ വെടി വയ്ക്കൂ!!"

Anagha Jayan E
Comment
Share
 
1.0×
0:00
-11:22
Open in playerListen on);
Episode details
Comments

അക്രമാസക്തമായ ജനക്കൂട്ടത്തിന് നേരെ നിറയൊഴിക്കാൻ നിൽക്കുന്ന ബ്രിട്ടീഷ് പോലീസ്. ആർത്തിരമ്പുന്ന ജനക്കൂട്ടത്തിന് ഇടയിൽ നിന്നും ഉറച്ച ശബ്ദത്തിൽ ആരോ പറഞ്ഞു: "ആദ്യം എന്നെ വെടിവയ്‌ക്കൂ! ഞാനാണ് ഇവരുടെ നേതാവ്!" അത് കേട്ട് പോലീസ് തോക്കുകൾ താഴ്ത്തി. വെടിവെയ്പ്പ് നിർത്തിവച്ചു. കാരണം അതൊരു പെൺശബ്ദമായിരുന്നു. തിരുവിതാംകൂറിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഗർജ്ജിക്കുന്ന പെൺസിംഹമായ അക്കമ്മ ചെറിയാൻ. ഈ വാർത്ത കേട്ട മഹാത്മാ ഗാന്ധി അന്ന് പറഞ്ഞു: "തിരുവിതാംകൂറിന് ഝാൻസി റാണിയായി ഇനി ഇവളുണ്ട്."

1909 ഫെബ്രുവരി 14-ന് കാഞ്ഞിരപ്പള്ളിയിലെ കരിപ്പപ്പറമ്പിൽ എന്ന നസ്രാണി കുടുംബത്തിലാണ് അക്കമ്മ ചെറിയാന്റെ ജനനം. കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേൾസ് ഹൈസ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം.ശേഷം എളങ്കര സെന്റ് മേരീസ് സ്‌കൂളിൽ അധ്യാപികയായി തുടക്കം.

ഇക്കാലത്ത് നിന്നും ഒരു നൂറ്റാണ്ടും ഒരു ദശകവും മുൻപേ ജീവിച്ചിട്ടും തന്റെ പെൺകുഞ്ഞിനെ ലിംഗത്തിന്റെയോ രാഷ്ട്രീയ ആഭിമുഖ്യത്തിന്റെയോ പേരിൽ വീടിനുള്ളിൽ തളച്ചിടാതിരുന്ന മാതാപിതാക്കൾ തൊമ്മൻ ചെറിയാനും അന്നമ്മയ്ക്കും തന്നെയാണ് അക്കമ്മ ചെറിയാന്റെ വളർച്ചയുടെ കീർത്തി.

1938-ൽ താൻ പഠിപ്പിക്കുന്ന എളങ്കര സെന്റ് മേരീസ് സ്‌കൂളിൽ പ്രധാന അധ്യാപിക ആയിരിക്കവേ ആണ് അക്കമ്മ ചെറിയാൻ, അതേ വർഷം രൂപം കൊണ്ട തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമാകുന്നത്. ഉത്തരവാദിത്വമുള്ള ഭരണകൂടത്തിന് വേണ്ടി തിരുവിതാംകൂർ രാജ്യത്തെ മഹാജനങ്ങൾ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ തന്നെ നിരത്തിൽ ഇറങ്ങാൻ തീരുമാനിച്ച കാലം.

ബ്രിട്ടീഷ് പോലീസ് ഫോഴ്‌സിലെ കരുത്തനായ കേണൽ വാട്സന്റെ തോക്കിൻ കുഴലിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന്, 'ധൈര്യമുണ്ടെങ്കിൽ തന്നെ വെടി വയ്ക്കൂ' എന്ന് വെല്ലുവിളിച്ച അക്കമ്മ ചെറിയാൻ എല്ലാ തലമുറകളിലെയും കേരളീയരുടെ സ്വകാര്യ അഹങ്കാരമാണ്

പട്ടം താണുപിള്ള തുടങ്ങി അക്കാലത്തെ പേരുകേട്ട കോൺഗ്രസ് നേതാക്കൾ അന്ന് തടവിലായിരുന്നു. തിരുവിതാംകൂർ ദിവാൻ സി. പി. രാമസ്വാമി അയ്യർ ജനകീയ മുന്നേറ്റത്തെ അടിച്ചമർത്താൻ ആവുന്നതെല്ലാം ചെയ്തിരുന്നു. അതിന്റെ ഭാഗമായി 1938 ഓഗസ്റ്റ് 26-ന് അയ്യർ, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ വിവേചനാധികാരങ്ങൾ എടുത്ത് കളഞ്ഞു. കോൺഗ്രസ് സംസ്ഥാനതല വർക്കിങ് കമ്മിറ്റി പിരിച്ചുവിട്ടു.

അങ്ങനെ കേരളത്തിൽ ആദ്യത്തെ 'സിവിൽ ഡിസൊബീഡിയൻസ് മൂവ്മെന്റ്' ആഹ്വാനം ചെയ്യപ്പെട്ടു. താണുപിള്ളയ്ക്ക് ശേഷം സ്ഥാനം സ്വീകരിച്ച പതിനൊന്ന് കോൺഗ്രസ് പ്രസിഡന്റുമാരെ ഒന്നിന് പിറകെ ഒന്നായി ദിവാൻ തടവിലാക്കി. പതിനൊന്നാമത്തെ പ്രസിഡന്റ് കുട്ടനാട് രാമകൃഷ്ണപിള്ള അറസ്റ്റിലായപ്പോൾ തന്റെ തുടർഭരണ അവകാശിയായി അക്കമ്മ ചെറിയാന്റെ പേര് നിർദ്ദേശിച്ചു. കേരളം രാഷ്ട്രീയ ചരിത്രം അതുവരെ കാണാത്ത പല മാറ്റങ്ങളുടെയും വിപ്ലവങ്ങളുടെയും തുടക്കമായിരുന്നു അത്!

അധ്യാപനവൃത്തി ഉപേക്ഷിച്ച് സ്വാതന്ത്ര്യസമര സേനാനിയായി

അക്കമ്മ, തന്റെ അധ്യാപനവൃത്തി ഉപേക്ഷിച്ച് മുഴുവൻ സമയ സ്വാതന്ത്ര്യ സമര സേനാനിയായി മാറി. വെറും 29 വയസ്സായിരുന്നു അവർക്ക് അന്ന് പ്രായം.അധികാരത്തിൽ എത്തിയ ശേഷം അക്കമ്മ ആദ്യം ചെയ്തത്, കേരളം കോൺഗ്രസ്സിന് മേലുള്ള വിലക്ക് പിൻവലിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബൃഹത്തായ ഒരു റാലി ആഹ്വാനം ചെയ്യുക എന്നതായിരുന്നു.

തമ്പാനൂർ മുതൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ കവടിയാർ കൊട്ടാരം വരെ നീളുന്ന സത്യാഗ്രഹ ജാഥ പല കാരണങ്ങളെ കൊണ്ടും അനിതര സാധാരണമായിരുന്നു. തിരുവിതാംകൂറിന്റെ തലസ്ഥാന നഗരി ഇളക്കിമറിച്ചുകൊണ്ട് അക്കമ്മ നയിച്ച പ്രക്ഷോഭ ജനാവലി കവടിയാർ കൊട്ടാരം ലക്ഷ്യമാക്കി മുന്നേറി.

കേരളം കോൺഗ്രസ് നേതാക്കളെ തെരഞ്ഞ് പിടിച്ച് തടവിലിട്ട ദിവാൻ സി പി രാമസ്വാമി അയ്യരെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണം. കോൺഗ്രസ്സിന് മേലുള്ള ദേശീയ വിലക്ക് പിൻവലിക്കണം. ഇത് രണ്ടുമായിരുന്നു പ്രക്ഷോഭകരുടെ ആവശ്യങ്ങൾ. പ്രക്ഷോഭം നിയന്ത്രണാതീതമായപ്പോൾ ബ്രിട്ടീഷ് പോലീസ് മേധാവികൾ ജനാവലിയിൽ അണിനിരന്ന ഇരുപതിനായിരത്തോളം മനുഷ്യർക്ക് നേരെ നിറയൊഴിക്കാൻ ഉത്തരവിട്ടു. പരിഭ്രാന്തരായ ജനക്കൂട്ടത്തെ നിശ്ശബ്ദമാക്കിക്കൊണ്ട് മുൻനിരയിൽ നിന്നും അക്കമ്മ ആക്രോശിച്ചു: "ഞാനാണ് ഇവരുടെ നേതാവ്. എന്റെ അണികളെ കോല ചെയ്യുന്നതിന് മുൻപ് എന്നെ വെടി വയ്ക്കൂ!!" അക്കമ്മയുടെ സമരവീര്യത്തിന് മുന്നിൽ ബ്രിട്ടീഷ് പോലീസ് തോക്ക് താഴ്ത്തി.

കേരള ചരിത്രത്തിലെ നാഴികക്കല്ലായ ഈ സംഭവത്തെ കുറിച്ച് അക്കമ്മ ചെറിയാൻ തന്റെ ആത്മകഥ ആയ 'ജീവിതം ഒരു സമരം' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ: "എന്റെ മേൽ നിക്ഷിപ്തമായ ഭാരിച്ച ഉത്തരവാദിത്വത്തെ കുറിച്ചും അതിന്റെ ഗൗരവത്തെ കുറിച്ചും എനിക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു; ഒപ്പം പ്രത്യാഘാതങ്ങളെ കുറിച്ചും."

അക്കമ്മയുടെ സമര മുറകൾ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല. അക്കാമ്മയുടെ പദ്ധതി പ്രകാരം വടക്കൻ പറവൂർ മുതൽ കന്യാകുമാരി വരെ നീളുന്ന തിരുവിതാംകൂർ മഹാരാജ്യത്തിന്റെ ഓരോ മൂലയിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് യുവാക്കളെ ചേർത്തു. എണ്ണമറ്റ യുവ പ്രവർത്തകരെ ചെറിയ കൂട്ടങ്ങളായി തിരിച്ച് അവരെ നയിക്കാൻ ഓരോ സമര നായകരെയും ഏർപ്പാടാക്കി.

അതേ വർഷം ഒക്ടോബർ 23-ന് തിരുവനന്തപുരത്ത് നടക്കുന്ന, ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ പിറന്നാൾ ആഘോഷത്തിനിടെ തമ്പാനൂർ നഗരം കൈയേറാൻ ആയിരുന്നു യുവപ്രവർത്തകർക്ക് അക്കമ്മ കൊടുത്ത നിർദ്ദേശം. അതിശയം എന്ന് പറയട്ടെ, അന്നേദിവസം നേരം വെളുക്കുമ്പോൾ മുതൽ തമ്പാനൂർ നഗരത്തിലെ ഇടവഴികൾ പോലും ഖദർ ധാരികളായ ധീര പ്രവർത്തകരെ കൊണ്ട് നിറഞ്ഞു. 'ഭാരത് മാതാ കീ ജയ്,' 'മഹാത്മാ ഗാന്ധി കീ ജയ്,' സ്റ്റേറ്റ് കോൺഗ്രസ് കീ ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങളെ കൊണ്ട് അന്തരീക്ഷം സമര മുഖരിതമായി.

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, കോൺഗ്രസ് പ്രക്ഷോഭകരുടെ ഒരു കടൽ സമുദ്രത്തിന് തന്നെ സാക്ഷിയായി! തിരുവിതാംകൂർ മഹാരാജാവിന്റെ സ്വേച്ഛാധിപത്യത്തിന് എതിരെ ഒരു ദേശം മുഴുവൻ രാഷ്ട്രീയ മുന്നേറ്റം നടത്തുന്ന ചരിത്ര ദൃശ്യമായിരുന്നു അത്! അതിന് തലപ്പത്ത്, പ്രൗഢമായ കൽപനാശേഷിയോടെ ഒരു സ്ത്രീ - അക്കമ്മ ചെറിയാൻ!

ചരിത്രകാരൻ ഇ എം കോവൂർ ആ ദൃശ്യത്തെ വാക്കുകളാൽ വരച്ച് കാണിക്കുന്നത് ഇങ്ങനെ: "നൂറ് കണക്കിന് എന്നല്ല, ആയിരക്കണക്കിന് ഖദർ ധാരികളാണ് ഗാന്ധിയൻ തൊപ്പി ധരിച്ച് അന്ന് നഗരത്തിൽ അണിനിരന്നത്. ഒരു ശുഭ്രസാഗരം! അതിനെ നയിച്ചുകൊണ്ട്, തിന്മയെ കാൽച്ചുവട്ടിൽ ചവിട്ടി മെതിച്ച് നിൽക്കുന്ന ദുർഗ്ഗാദേവിയെ പോലെ, വിപ്ലവ കൊടുങ്കാറ്റിൽ മുടിയിഴകൾ പറത്തി നിൽക്കുന്ന തീക്ഷ്ണമായ സ്ത്രീ സാന്നിധ്യം - അക്കമ്മ ചെറിയാൻ!"

"നൂറ് കണക്കിന് എന്നല്ല, ആയിരക്കണക്കിന് ഖദർ ധാരികളാണ് ഗാന്ധിയൻ തൊപ്പി ധരിച്ച് അന്ന് നഗരത്തിൽ അണിനിരന്നത്. ഒരു ശുഭ്രസാഗരം! അതിനെ നയിച്ചുകൊണ്ട്, തിന്മയെ കാൽച്ചുവട്ടിൽ ചവിട്ടി മെതിച്ച് നിൽക്കുന്ന ദുർഗ്ഗാദേവിയെ പോലെ, വിപ്ലവ കൊടുങ്കാറ്റിൽ മുടിയിഴകൾ പറത്തി നിൽക്കുന്ന തീക്ഷ്ണമായ സ്ത്രീ സാന്നിധ്യം - അക്കമ്മ ചെറിയാൻ!"

തന്റെ പുറകിൽ ഇരമ്പുന്ന ജനസാഗരത്തെ നയിച്ചുകൊണ്ട് അക്കമ്മ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് നടന്നു. നിലയ്ക്കാത്ത പ്രക്ഷോഭത്തിന് ഒടുവിൽ അക്കമ്മയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ബ്രിട്ടീഷ് ഭരണകൂടം മുട്ട് മടക്കി. തടവിൽ പാർപ്പിച്ചിരുന്ന കോൺഗ്രസ് നേതാക്കളെ ഉപാധികൾ ഇല്ലാതെ വിട്ടയച്ചു. കേരളം കോൺഗ്രസ്സിന് മേൽ ഏർപ്പെടുത്തിയ വിലക്ക് നിരുപാധികമായി നീക്കം ചെയ്തു. അങ്ങനെ, കേരളം കണ്ട എക്കാലത്തെയും മികച്ച ബൃഹദ് ജനകീയ മുന്നേറ്റം ചരിത്രത്തിൽ ഇടം പിടിച്ചു.

എന്നിട്ടും അക്കമ്മ ചെറിയാൻ വിശ്രമിച്ചില്ല. അതേ വർഷം തന്നെ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ കേരള സ്ത്രീകളുടെ കൈയൊപ്പ് ചാർത്താൻ 'ദേശസേവികാ സംഘ്' എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. കേരളത്തിൽ ഉടനീളം സഞ്ചരിച്ച്, ഓരോ ഗ്രാമത്തിലെയും സ്ത്രീകളെ അഭിസംബോധന ചെയ്ത്, കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും അതുവഴി സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമാകാൻ ആഹ്വനം ചെയ്തു. അതുവഴി ഓരോ ഗ്രാമത്തിൽ നിന്നും കോൺഗ്രസിൽ സ്ത്രീ പോരാളികളുടെ ഒരു കൂട്ടായ്മ തന്നെ രൂപപ്പെട്ടു.

ജയിൽ വാസകാലത്തെ കൊടും പീഡനങ്ങൾ

1939 ഡിസംബർ 24-ന് അക്കമ്മ ചെറിയാനെയും സഹോദരി റോസമ്മ പുന്നൂസിനെയും ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. കേരള സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യത്തെ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് പ്രസംഗിച്ചതിനുള്ള പ്രതികാര നടപടി ആയിരുന്നു അത്. വെറും ജയിൽ വാസം എന്നതിൽ ഉപരി ഒരു മുപ്പത് കാരിയുടെ ജീവിതത്തിലെ ഇരുണ്ട നാളുകൾ കൂടിയായിരുന്നു അത്. അത്ര കൊടിയ പീഡനങ്ങളും അധിക്ഷേപങ്ങളും അപമാനങ്ങളുമാണ് അക്കമ്മ ജയിൽ അനുഭവിച്ചത്. മാനസികമായും ശാരീരികമായും തളർന്ന അക്കമ്മ പക്ഷെ പിന്മാറാൻ തയ്യാർ അല്ലായിരുന്നു.

ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം കേരള കോൺഗ്രസ്സിൽ തിരിച്ചെത്തിയ അക്കമ്മ ഒട്ടും മടിക്കാതെ സംഘടനയുടെ പ്രസിഡന്റ് ആയി വീണ്ടും സ്ഥാനം ഏറ്റു. അക്കാലത്ത് ആയിരുന്നു ദേശീയ തലത്തിൽ മഹാത്മാ ഗാന്ധി 'ക്വിറ്റ് ഇന്ത്യ' പ്രതിജ്ഞയ്ക്ക് ആഹ്വനം ചെയ്തത്. അക്കമ്മ ഈ ആഹ്വാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതിന്റെ പേരിൽ നിരവധി തവണ അക്കമ്മ അറസ്റ്റ് സ്വീകരിച്ചു. വീണ്ടും പിന്മാറാതെ പോരാടി. ജയിൽ വാസ കാലത്ത് അക്കമ്മ നേരിട്ട മനുഷ്യാവകാശ നിഷേധങ്ങളെ കുറിച്ച് കോൺഗ്രസ് നേതാവ് പട്ടം താണുപിള്ള മഹാത്മാ ഗാന്ധിയെ നേരിൽ കണ്ട് ധരിപ്പിക്കുകയുണ്ടായി.

ഏതാനും വർഷങ്ങൾക്കുള്ളിൽ അക്കമ്മയുടെയും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെയും പ്രവർത്തനങ്ങൾക്ക് ഫലമുണ്ടായി - ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായി!

സ്വതന്ത്ര ഭാരതത്തിൽ അക്കമ്മയുടെ സാന്നിധ്യം

1951-ൽ അക്കമ്മ ചെറിയാൻ മറ്റൊരു സ്വാതന്ത്ര്യ സമര സേനാനിയായ ചിറക്കടവുകാരൻ വി വി വർക്കിയെ ജീവിത പങ്കാളിയാക്കി. അവർക്ക് ജോർജ്ജ് എന്നൊരു മകനും പിറന്നു. പക്ഷെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും അത്ര നല്ല സമീപനം അല്ല അക്കമ്മ നേരിട്ടത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉള്ള അക്കമ്മയുടെ ആഗ്രഹത്തിന് പാർട്ടി തടസ്സം വച്ചു.

ഇതിൽ പ്രതിഷേധിച്ച് അക്കമ്മ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജി വച്ചു. മാറിയ കാലത്തെ പാർട്ടിയുടെ മാറിമറിഞ്ഞ തത്വശാസ്ത്രത്തോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ല എന്ന് അക്കമ്മ തന്റെ ആത്മകഥയിൽ തുറന്നുപറയുന്നു. പിന്നീട് 1967-ൽ അക്കമ്മ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മത്സരാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു.

വാർധക്യത്തിൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ അഡ്വൈസറി ബോർഡ് ചെയർപേഴ്‌സൺ ആയി സേവനം ചെയ്ത അക്കമ്മ ചെറിയാൻ 1982 മെയ് 5-ന് ഈ ലോകത്തോട് വിട പറഞ്ഞു.

ബ്രിട്ടീഷ് പോലീസ് ഫോഴ്‌സിലെ കരുത്തനായ കേണൽ വാട്സന്റെ തോക്കിൻ കുഴലിന് മുന്നിൽ നെഞ്ചുവിരിച്ച് നിന്ന്, 'ധൈര്യമുണ്ടെങ്കിൽ തന്നെ വെടി വയ്ക്കൂ' എന്ന് വെല്ലുവിളിച്ച അക്കമ്മ ചെറിയാൻ എല്ലാ തലമുറകളിലെയും കേരളീയരുടെ സ്വകാര്യ അഹങ്കാരമാണ്. കേരള രാഷ്ട്രീയ ചരിത്രത്തിലെ പകരം വയ്ക്കാനില്ലാത്ത സ്ത്രീ സാന്നിധ്യമായ അക്കമ്മ ചെറിയാൻ എക്കാലത്തെയും സ്ത്രീകൾക്ക് നിലയ്ക്കാത്ത ഊർജ്ജത്തിന്റെ ഉറവിടം തന്നെയാണ്.