Dec 14, 2021 • 8M

സർക്കാരും സ്ത്രീവിരുദ്ധ നയങ്ങളും ഒരൊറ്റ പെണ്ണിന് വേണ്ടി വഴിമാറിയപ്പോൾ: ജസ്റ്റിസ് അന്ന ചാണ്ടിയുടെ ജീവിതം

നിയമ പരിപാലനം പോലെ തന്നെ സഹജീവികളുടെ അവകാശ സംരക്ഷണത്തിലും സ്ത്രീ സമത്വത്തിലും എല്ലാം അന്നയ്ക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു

Anagha Jayan E
Comment
Share
 
1.0×
0:00
-7:51
Open in playerListen on);
Episode details
Comments

സമൂഹം നിയമങ്ങളുടെ ചട്ടക്കൂടിൽ സ്ത്രീയെ നിർത്തിയിരുന്ന കാലത്ത് അതേ സമൂഹത്തിന് മേൽ നിയമം നടപ്പിലാക്കിയിരുന്ന ഒരു സ്ത്രീയുണ്ട്. ഭാരതത്തിലെ ആദ്യത്തെ വനിതാ ന്യായാധിപ - ജസ്റ്റിസ് അന്ന ചാണ്ടി. കൊളോണിയൽ ഭരണകൂടം പുരുഷാധിപത്യ സമ്പ്രദായത്തെ കൂട്ട് പിടിച്ച് സ്ത്രീകളെ അടിമകൾ ആക്കിയിരുന്ന കാലത്ത് സ്വന്തം നിശ്ചയദാർഢ്യം കൊണ്ടും സാമൂഹ്യ ബോധം കൊണ്ടും ചുറ്റും ഉയർന്ന പ്രതിബന്ധങ്ങളെ ചവിട്ടി താഴ്ത്തി ചരിത്രം തിരുത്തി കുറിച്ച ധീര മലയാളി വനിത. അന്ന ചാണ്ടി എന്ന പേര് എന്നും സുവർണ്ണ ലിപികളിൽ ഇന്ത്യൻ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു പോരാട്ടത്തിന്റെ തന്നെ വീര ഗാഥയുണ്ട്.

1905-ൽ തിരുവിതാംകൂറിലാണ് അന്ന ചാണ്ടിയുടെ ജനനം. ആംഗ്ലിക്കൻ സുറിയാനി കുടുംബത്തിൽ ജനിച്ച അന്ന, പഠനത്തിൽ അതീവ തത്പര ആയിരുന്നു. 1926-ൽ നിയമ പഠനത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ അന്ന കേരളത്തിലെ ആദ്യത്തെ വനിതാ നിയമ ബിരുദധാരി ആയി മാറി. കേരള ഹൈക്കോടതിയിൽ ബാരിസ്റ്റർ ആയി ഉദ്യോഗം ആരംഭിച്ച അന്ന പക്ഷെ തന്റെ ജോലിയിലേക്ക് മാത്രം ചുരുങ്ങിയില്ല.

നിയമ പരിപാലനം പോലെ തന്നെ സഹജീവികളുടെ അവകാശ സംരക്ഷണത്തിലും സ്ത്രീ സമത്വത്തിലും എല്ലാം അന്നയ്ക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു. കേരള ഹൈക്കോടതിയിൽ മുഴങ്ങിയ സ്ത്രീശബ്ദം വെറും കേസുവിസ്താരം കഴിയുമ്പോൾ അവസാനിക്കുന്നത് ആയിരുന്നില്ല.

വിധവകളുടെ പുനർവിവാഹം, വിധവകളുടെ ആത്മാഭിമാനം, മനുഷ്യാവകാശം, വിവാഹവും വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത യാതനകൾ, ഗാർഹിക പീഡനം തുടങ്ങി സമൂഹത്തിൽ സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അന്ന ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

താൻ അടങ്ങുന്ന സ്ത്രീ സമൂഹത്തിന്, ഈ നാട്ടിൽ ഭേദപ്പെട്ട ജീവിത സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യണം എന്നത് അന്ന ചാണ്ടിയുടെ ലക്ഷ്യം ആയിരുന്നു. അതിനായി 1930-ൽ 'ശ്രീമതി' എന്നൊരു മാസിക തന്നെ സ്വയം സ്ഥാപിച്ച് അതിന്റെ പത്രാധിപരായി അന്ന സ്ഥാനം വഹിച്ചു. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളും സ്ത്രീവിരുദ്ധമായ സാമൂഹ്യ നിയമങ്ങളും ആചാരങ്ങളും എല്ലാം എന്ന തുറന്ന് ആക്ഷേപിച്ചു.

തന്റെ സ്വന്തം പ്രസിദ്ധീകരണത്തിൽ എഴുതുന്നതിന് പുറമെ സ്വതന്ത്ര ലേഖികയായി അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളിലും അന്ന ലേഖനങ്ങൾ എഴുതി. വിധവകളുടെ പുനർവിവാഹം, വിധവകളുടെ ആത്മാഭിമാനം, മനുഷ്യാവകാശം, വിവാഹവും വിവാഹ ജീവിതവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനുഭവിക്കുന്ന കടുത്ത യാതനകൾ, ഗാർഹിക പീഡനം തുടങ്ങി സമൂഹത്തിൽ സ്ത്രീകളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും അന്ന ശക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

അന്നയുടെ അഭിപ്രായങ്ങൾക്ക് ഒപ്പം നിയമവശവും ഓരോ കുറ്റത്തിനും ലഭിക്കാവുന്ന ശിക്ഷകളും ഇനിയും സ്ത്രീകൾക്കായി പുനർവിചിന്തനം ചെയ്യപ്പെട്ടിട്ടില്ലാത്ത നിയമ സംവിധാനത്തിലെ പോരായ്മകളും കൂടി ലേഖനങ്ങൾക്ക് വിഷയങ്ങൾ ആയപ്പോൾ അന്നയുടെ ലേഖനങ്ങൾക്കായി കേരള സമൂഹം കാതോർക്കുന്ന നാളുകൾ പിറന്നു.

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനം ആയിരുന്നു അന്ന ചാണ്ടിയെ രോഷാകുല ആക്കിയ മറ്റൊരു വിഷയം. ആണും പെണ്ണും ഒരുപോലെ ജോലി ചെയ്യുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് കുറഞ്ഞ വേതനവും പുരുഷന്മാർക്ക് കൂടിയ വേതനവും നൽകുന്ന വ്യവസ്ഥിതിയെ അന്ന തുറന്ന് ചോദ്യം ചെയ്തു.

സ്ത്രീകളെ വിവാഹ കമ്പോളത്തിലേക്ക് ഉള്ള ചരക്കുകൾ മാത്രമായി കണ്ട് വിദ്യാഭ്യാസം നിഷേധിക്കുന്ന നാട്ടുനടപ്പിനെയും എന്ന നിശിതമായി വിമർശിച്ചു. ഈ വിഷയങ്ങളിൽ എല്ലാം കൃത്യവും വ്യക്തവുമായ വിമോചന നിലപാടുകൾ സ്വീകരിച്ചത് കൊണ്ട് തന്നെ കേരളത്തിലെ ഫസ്റ്റ് ജെനറേഷൻ ഫെമിനിസ്റ്റ് ആയാണ് അന്ന ചാണ്ടി അറിയപ്പെടുന്നത്.

അന്ന ചാണ്ടി പൊതുസമൂഹത്തിൽ നടത്തുന്ന ഇടപെടലുകൾ ചർച്ച ആയതോടെ ഈ ഒറ്റയാൾ പട്ടാളം രാഷ്ട്രീയത്തിൽ സജീവം ആകാൻ തീരുമാനിച്ചു. അങ്ങനെ 1931-ൽ ശ്രീമൂലം പോപ്പുലർ അസംബ്ലിയിലേക്ക് അവർ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചു. ഈ ആധുനിക സമൂഹത്തിൽ തന്നെ രാഷ്ട്രീയത്തിൽ സ്വതന്ത്ര സാന്നിധ്യങ്ങൾ ആകുന്ന സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ നമുക്ക് പറയാതെ അറിയാം.

എണ്ണമറ്റ സ്ത്രീകൾക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിച്ച് സമൂഹത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച യഥാർത്ഥ സ്ത്രീപക്ഷ വാദി! കേരളത്തിന്റെ ചരിത്ര വനിത എന്ന് തന്നെ ജസ്റ്റിസ് അന്ന ചാണ്ടിയെ അക്ഷരം തെറ്റാതെ വിളിക്കാം

അപ്പോൾ നൂറ്റി പത്തോളം വർഷങ്ങൾക്ക് മുൻപ് അത്തരത്തിൽ ധീരമായ ഒരു തീരുമാനം എടുത്ത സ്ത്രീയുടെ കാര്യം പ്രത്യേകം പറയണോ?! ശത്രുക്കളും വിമർശകരും അന്ന ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയ്ക്കാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത്. അതിന് പുറമെ യാഥാസ്ഥിക പത്രങ്ങളും മാസികകളും വരെ അന്ന ചാണ്ടിക്ക് എതിരായി പ്രചരണങ്ങൾ നടത്തി. തിരുവിതാംകൂർ ദിവാനുമായി അന്ന ചാണ്ടിക്ക് രഹസ്യ ബന്ധം ഉണ്ടെന്ന് വരെ ശ്രുതി പടർന്നു.

ഇത് അന്ന ചാണ്ടിയുടെ സാമൂഹ്യ ഇമേജിനെ വല്ലാതെ ബാധിക്കുക തന്നെ ചെയ്തു. അതിന്റെ ഭാഗമായി അവർ തെരഞ്ഞെടുപ്പിൽ ഭീമമായ പരാജയം ഏറ്റുവാങ്ങി. ഒരു തരത്തിൽ പറഞ്ഞാൽ കേരളത്തിൽ ഫെമിനിസത്തിന് നേരിടേണ്ടി വന്ന ആദ്യത്തെ തിരിച്ചടിയാണ് അന്ന ചാണ്ടിക്ക് നേരെ നടന്ന നുണ പ്രചരണം. സ്ത്രീ, സ്ത്രീക്ക് വേണ്ടി ശബ്ദം ഉയർത്തുന്നതിന് യാഥാസ്ഥിക സമൂഹം എത്ര മാത്രം ഭയക്കുന്നു എന്നതിന്റെ നേർക്കാഴ്ച ആയിരുന്നു അത്. കൂടാതെ ഒരു സ്ത്രീയെ തളർത്താൻ അവളുടെ സ്വഭാവത്തെയും ചാരിത്ര്യത്തെയും ചോദ്യം ചെയ്യുക എന്ന ചീഞ്ഞളിഞ്ഞ നയം തന്നെ എതിരാളികൾ അന്നും ഉപയോഗിച്ചു.

എന്നാൽ, വിദ്യാഭ്യാസം കൊണ്ടും സാമൂഹ്യ ബോധം കൊണ്ടും സമത്വ ചിന്ത കൊണ്ടും ഔന്നത്യം വരിച്ച, തീയിൽ കുരുത്ത ഒരു നേത്രി ഇതുകൊണ്ട് എല്ലാം തളർന്ന് പോകും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? തൊട്ടടുത്ത വർഷം - 1931-ൽ അതേ അസംബ്ലിയിലേക്ക് അതെ സ്ഥാനത്തേക്ക് വേണ്ടി അന്ന ചാണ്ടി വീണ്ടും മത്സരിച്ചു. ആദ്യ തവണയെക്കാൾ കടുത്ത കുപ്രചരണങ്ങൾ ആയിരുന്നു ആ വട്ടം നടന്നത്. ഒരിക്കൽ കൂടി അന്ന ചാണ്ടി പരാജയത്തിന്റെ കയ്പ്പ് നുകർന്നു.

എന്നാൽ ഒട്ടുമേ തളരാതെ അവർ വീണ്ടും അടുത്ത വർഷം അതേ സ്ഥാനത്തേക്ക് മത്സരിച്ചു. ആശ്ചര്യം എന്ന് പറയട്ടെ, അവരുടെ പോരാട്ട വീര്യത്തിന് മുന്നിൽ എതിരാളികൾ മുട്ട് മടക്കി. അങ്ങനെ, തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പ്രതിനിധിയായി ശ്രീമൂലം പോപ്പുലർ അസംബ്ലിയിൽ അവർ തെരഞ്ഞെടുക്കപ്പെട്ടു. ഒരു സ്ത്രീക്ക് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ജനപ്രതിനിധി ആയി എത്താൻ എത്ര യുദ്ധങ്ങൾ നേരിടേണ്ടി വരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അന്ന ചാണ്ടിയുടെ ഈ പോരാട്ടം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, പിന്നീട് രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യം ആയി മാറിയ ഒട്ടനേകം സ്ത്രീകൾക്കും വേണ്ടി അന്ന ചാണ്ടി വെട്ടിയ പാതയാണ് ആ പൊതു പ്രാതിനിധ്യം.

തിരുഃവിതാംകൂർ സ്റ്റേറ്റിന്റെ പ്രതിനിധിയായി ശ്രീമൂലം പോപ്പുലർ അസംബ്ലിയിൽ രണ്ട് വർഷം അന്ന ചാണ്ടി അധികാരത്തിൽ ഇരുന്നു. അക്കാലത്താണ് അന്നയുടെ നേതൃ പാടവവും സാമൂഹ്യ ഇടപെടലുകളും കണ്ട് ആകൃഷ്ടൻ ആയ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യർ അവരെ തിരുവിതാംകൂർ മുൻസിഫ് ആയി നിയമിച്ചത്. അങ്ങനെ രാജ്യത്ത് തന്നെ ആദ്യമായി ഒരു വനിതാ ജഡ്ജി സ്ഥാനം ഏറ്റു.

അടങ്ങാത്ത സാമൂഹ്യ ആഭിമുഖ്യവും തളരാത്ത പോരാട്ട വീര്യവും ആണ് അന്ന ചാണ്ടിയെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. പിന്നീട് 1948-ൽ അവരെ ജില്ലാ ജഡ്ജി ആയി സ്റ്റേറ്റ് അവരോധിച്ചു. ശേഷം 1957-ൽ അവർ സംസ്ഥാനത്തെ ഹൈക്കോടതി ജഡ്ജി ആയും സ്ഥാനം ഏറ്റു. 1967 വരെ അന്ന ചാണ്ടി ആ സ്ഥാനത്ത് തുടർന്നു. കേരളത്തിന്റെ സ്ത്രീ വിമോചന ചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായം ആണ് അതോടെ ജസ്റ്റിസ് അന്ന ചാണ്ടി എഴുതി ചേർത്തത്.

ലിഖിതവും അലിഖിത ആയ നിരവധി നിയമങ്ങളുടെ പേരിൽ സ്ത്രീകളെ തളച്ചിടുന്ന ഈ സമൂഹത്തിന് മേൽ നിയമം നടപ്പിലാക്കാൻ ഒരു വനിത എന്നത് അക്കാലത്ത് വിപ്ലവാത്മകം ആയ ഒരു നേട്ടം തന്നെ ആയിരുന്നു. സ്ത്രീകൾക്ക് ഭാരിച്ച സ്ഥാനമാനങ്ങൾ ചേരില്ല എന്ന് മുൻവിധി കുറിച്ച സമൂഹത്തിന് മുന്നിൽ അഭിമാനത്തോടെ തന്റെ ഉത്തരവാദിത്വങ്ങൾ ചെയ്തു കാണിച്ച അന്ന, സ്ത്രീ സമൂഹത്തിന് തന്നെ തിലകക്കുറി ആണ്.

സംഭവ ബഹുലമായ ഒരു സാമൂഹ്യ ജീവിതം ആയിരുന്നു ജസ്റ്റിസ് അന്ന ചാണ്ടിയുടേത്. സമൂഹത്തിന് വേണ്ടി വ്യക്തിജീവിതം പോലും ഉഴിഞ്ഞുവച്ച അന്ന ചാണ്ടി, വിരമിച്ച ശേഷവും സാമൂഹ്യ ഉത്തരവാദിത്വങ്ങളിൽ നിന്ന് പിന്മാറാൻ തയ്യാർ ആയില്ല. ശേഷിച്ച കാലം ഇന്ത്യൻ ലോ കമ്മീഷന്റെ ചെയർപേഴ്‌സൺ ആയി അന്ന ചാണ്ടി സ്ഥാനം ഏറ്റു. വാർധക്യത്തിൽ, ഇനിയുള്ള തലമുറകൾക്ക് ഊർജ്ജം പകരാൻ ആയി 'ആത്മകഥ' എന്ന പേരിൽ തന്റെ ജീവിതവും സമരങ്ങളും പോരാട്ടവും രാഷ്ട്രീയ ജീവിതവും എല്ലാം ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു പുസ്തകം അന്ന ചാണ്ടി എഴുതി പ്രസിദ്ധീകരിച്ചു.

സ്ത്രീകൾക്ക് ഭാരിച്ച സ്ഥാനമാനങ്ങൾ ചേരില്ല എന്ന് മുൻവിധി കുറിച്ച സമൂഹത്തിന് മുന്നിൽ അഭിമാനത്തോടെ തന്റെ ഉത്തരവാദിത്വങ്ങൾ ചെയ്തു കാണിച്ച അന്ന, സ്ത്രീ സമൂഹത്തിന് തന്നെ തിലകക്കുറി ആണ്

രാജ്യത്തിൻറെ നിയമ പരിപാലന ചരിത്രത്തിൽ എന്നും തല ഉയർത്തി നിൽക്കുന്ന ഒരു കെടാവിളക്ക് തന്നെയാണ് അന്ന ചാണ്ടി. പുറകെ വന്ന എണ്ണമറ്റ സ്ത്രീകൾക്ക് വേണ്ടി സ്വന്തം ജീവിതം തന്നെ ഹോമിച്ച് സമൂഹത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ച യഥാർത്ഥ സ്ത്രീപക്ഷ വാദി! കേരളത്തിന്റെ ചരിത്ര വനിത എന്ന് തന്നെ ജസ്റ്റിസ് അന്ന ചാണ്ടിയെ അക്ഷരം തെറ്റാതെ വിളിക്കാം.